Prabodhanm Weekly

Pages

Search

2011 നവംബര്‍ 26

ഇ.വി ആലിക്കുട്ടി മൗലവി പഠിച്ചറിഞ്ഞ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത്

സദ്‌റുദ്ദീന്‍ വാഴക്കാട്


2007-2008 കാലം, കേരളത്തിന്റെ പലഭാഗങ്ങളിലും ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകരെ കണ്ട് സംസാരിക്കാനായി ഊരുചുറ്റുന്ന സന്ദര്‍ഭം. പ്രബോധനം പത്രാധിപര്‍ ടി.കെ ഉബൈദ് സാഹിബാണ് പൊന്നാനി മാറഞ്ചേരിയിലെ ഇ.വി ആലിക്കുട്ടി മൗലവിയെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ മകനും ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ഇ.എം അമീന്‍ സാഹിബിനൊപ്പമായിരുന്നു മാറഞ്ചേരിയിലെക്കുള്ള യാത്ര. വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നതിനാല്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കാന്‍ പ്രയാസമുണ്ടായില്ല. പക്ഷേ, വാര്‍ധക്യവും രോഗങ്ങളും അദ്ദേഹത്തെ തളര്‍ത്തിക്കഴിഞ്ഞിരുന്നു. ഓര്‍മകള്‍ ഏറക്കുറെ മാഞ്ഞുപോയിട്ടുണ്ട്. ചിതറിയ ചില സ്മൃതി ചിത്രങ്ങള്‍ പ്രയാസപ്പെട്ട് അദ്ദേഹം വരക്കാന്‍ ശ്രമിച്ചെങ്കിലും, പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച് വരുന്ന പരമ്പരയുടെ സ്വഭാവമനുസരിച്ച് ഒരു ലേഖനം തയാറാക്കാന്‍ അത് ഒട്ടും മതിയാകുമായിരുന്നില്ല. ഏറെ പണിപ്പെട്ട് അത്തരമൊന്ന് ഉണ്ടാക്കിയെടുക്കാന്‍ കൃത്യാന്തരബാഹുല്യം അനുവദിച്ചതുമില്ല.
2011 ഒക്‌ടോബര്‍ 16നു ഇ.വി ആലിക്കുട്ടി മൗലവിയുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ മനസില്‍ തെളിഞ്ഞത് അന്നത്തെ ആ കൂടിക്കാഴ്ചയാണ്. അന്ന് വരമൊഴിയായി രൂപാന്തരപ്പെടാതിരുന്ന അദ്ദേഹത്തിന്റെ വാമൊഴികള്‍ കൂടി മുമ്പില്‍വെച്ച് ഇത്തരമൊരു കുറിപ്പ് തയാറാക്കാനുള്ള ഉത്തരവാദിത്വം വന്നുചേര്‍ന്നതും ഒരു നിയോഗമാകാം.

കുടുംബം, വിദ്യാഭ്യാസം
മാറഞ്ചേരിയിലെ പ്രസിദ്ധമായ എളേടത്ത് കുടുംബത്തില്‍ സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മര്‍ഹൂം ഇ. മൊയ്തുമൗലവിയുടെ അനന്തരവനായാണ് ആലിക്കുട്ടി മൗലവി ജനിച്ചത്. പുരോഗമന ചിന്തകള്‍ വേരുറപ്പിച്ച പണ്ഡിത കുടുംബമായിരുന്നു എളേടത്ത്. വല്യുപ്പ മൊയ്തീന്‍കുട്ടി മുസ്‌ലിയാരും അമ്മാവന്‍മാരായ മൊയ്തുണ്ണി മൗലവിയും ഇബ്‌റാഹീം മുസ്‌ലിയാരും അറിയപ്പെടുന്ന പണ്ഡിതര്‍. മുജാഹിദ് പ്രസ്ഥാനം സജീവമാകുന്നതിന് മുമ്പു തന്നെ മലയാളത്തില്‍ ഖുത്വ്ബ നിര്‍വഹിച്ചിരുന്നു ഇബ്‌റാഹീം മുസ്‌ലിയാര്‍.
രണ്ടാം വയസില്‍ ഉമ്മയും 8ാം വയസില്‍ ഉപ്പയും മരണപ്പെട്ടതോടെ അമ്മാവന്‍മാരുടെ സംരക്ഷണത്തിലാണ് ആലിക്കുട്ടി മൗലവി വളര്‍ന്നത്. മൊയ്തുണ്ണി മൗലവിയുടെ കീഴില്‍ മാറഞ്ചേരി, മന്ദലാംകുന്ന്, ആലുവയിലെ മാറമ്പിള്ളി ദര്‍സുകളില്‍ പഠിച്ച ശേഷമാണ്, 1946ല്‍ പതിനാലാമത്തെ വയസില്‍ തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം അറബി കോളേജിലെ വിദ്യാര്‍ഥിയായത്. രണ്ടുവര്‍ഷം അവിടെ പഠിച്ചു. ഇക്കാലത്താണ്, വാഴക്കാട് ദാറുല്‍ ഉലൂം വിട്ട എം.സി.സി സഹോദരന്മാര്‍ തിരൂരങ്ങാടിയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. ജമാഅത്ത് നേതാവായിരുന്ന വി.കെ ഇസ്സുദ്ദീന്‍ മൗലവിയെ ക്ഷണിച്ചു വരുത്തിയാണ് എം.സി.സി സഹോദരന്മാര്‍ പുതിയ സ്ഥാപനത്തിനു വേണ്ട പദ്ധതികള്‍ തയാറാക്കിയത്. വാഴക്കാട് 'ദാറുല്‍ ഉലൂ'മിന് പകരം 'മദീനത്തുല്‍ ഉലൂം' എന്ന പേരും അവര്‍ സ്വീകരിച്ചു. തിരൂരങ്ങാടി മദീനത്തുല്‍ ഉലൂമിലെ ചില അധ്യാപകര്‍ നൂറുല്‍ ഇസ്‌ലാം അറബിക് കോളേജിലും പഠിപ്പിച്ചിരുന്നു. മദീനത്തുല്‍ ഉലൂം പുളിക്കലേക്ക് പറിച്ചുനട്ടതിനുശേഷം, 1948ല്‍ ഇ.വി അവിടെ വിദ്യാര്‍ഥിയായി ചേര്‍ന്നു.
പ്രമുഖ മുജാഹിദ് നേതാക്കളായിരുന്ന കെ.എം മൗലവി, കെ.പി മുഹമ്മദ് മൗലവി, പി.വി മുഹമ്മദ് മൗലവി, ലത്വീഫ് മൗലവി, കെ.സി അബൂബക്കര്‍ മൗലവി, ഇ.കെ മൗലവി തുടങ്ങിയവര്‍ ഇ.വിയുടെ അധ്യാപകരായിരുന്നു. പി.വി മുഹമ്മദ് മൗലവിയുടെ ശിഷ്യോത്തമനായിരുന്ന ഇ.വി, അദ്ദേഹത്തിന്റെ കവിതകളുടെ എഴുത്തുകാരനും(കാതിബ്) ആയിരുന്നു. അബ്ദുസ്സമദ് അല്‍ കാതിബും എന്‍.കെ അബ്ദുല്‍ഖാദിര്‍ മൗലവിയും പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ഇ.വിയുടെ സതീര്‍ഥ്യരായിരുന്നു. കെ. അബ്ദുസ്സലാം മൗലവി, മൂസാ വാണിമേല്‍, ടി.കെ അബ്ദുല്ല സാഹിബ്, ടി. ഇസ്ഹാഖലി മൗലവി, കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍ തുടങ്ങിയവര്‍ അക്കാലത്ത് മദീനത്തുല്‍ ഉലൂമിലെ വിദ്യാര്‍ഥികളാണ്.
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജിലായിരുന്നു പഠനം. അഫ്ദലുല്‍ ഉലമാ പ്രിലിമിനറി പൂര്‍ത്തിയാക്കിയത് അവിടെനിന്നാണ്. പിന്നീട്, എടവനക്കാട് അല്‍ മദ്‌റസത്തുല്‍ ഇര്‍ശാദിയില്‍ അധ്യാപകനായിരിക്കെ അഫ്ദലുല്‍ ഉലമാ ഫൈനല്‍ പരീക്ഷ പാസായി. ഗവണ്‍മെന്റ് സര്‍വീസില്‍ പ്രവേശിച്ചു.
ജമാഅത്തെ ഇസ്‌ലാമിയിലേക്ക്
മുജാഹിദ് പണ്ഡിത കുടുംബത്തില്‍ ജനിച്ച്, കേരളത്തിലെ പ്രമുഖ മുജാഹിദ് നേതാക്കളുടെ ശിഷ്യനായി വളര്‍ന്ന ആലിക്കുട്ടി മൗലവി ചെറുപ്പത്തില്‍ തന്നെ ജമാഅത്തില്‍ ആകൃഷ്ടനായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തോടുള്ള അടുപ്പത്തിന്റെ പേരില്‍ മുജാഹിദ് സ്ഥാപനത്തിന്റെ 'അച്ചടക്ക നടപടി'ക്ക് വിധേയനായി അദ്ദേഹം. ആ ചരിത്രം ഇ.വിയുടെ തന്നെ വാക്കുകളില്‍ ഇങ്ങനെ വായിക്കാം: ''ഞാന്‍ തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ പഠിച്ചിരുന്ന കാലം. കോളേജിന് തൊട്ടടുത്തുള്ള ചെനക്കലെ പള്ളിയിലാണ് ഞങ്ങള്‍ രാത്രി ഉറങ്ങിയിരുന്നതും ഒഴിവ് സമയങ്ങളില്‍ വായിച്ചിരുന്നതും. ഒരു ദിവസം പള്ളിയില്‍ ചെന്നപ്പോള്‍ അപരിചിതരായ രണ്ട് പേര്‍ അവിടെ ഇരിക്കുന്നത് കണ്ടു. ഞങ്ങളുടെ കൂട്ടത്തില്‍ കൂടുതല്‍ പ്രായവും ലോകവിവരവുമുള്ളവന്‍ തൃപ്പനച്ചിക്കാരന്‍ മുഹമ്മദായിരുന്നു. അദ്ദേഹം അവരുമായി പലതും സംസാരിക്കുന്നത് കണ്ടു. അടുത്ത് ചെന്ന് ശ്രദ്ധിച്ചെങ്കിലും ഒന്നും മനസ്സിലായില്ല. ജമാഅത്തെ ഇസ്‌ലാമി എന്നെല്ലാം അവര്‍ പറയുന്നത് കേട്ടു. പക്ഷേ, അതിലൊന്നും അത്ര താല്‍പര്യം തോന്നിയില്ല. ഞാനാദ്യമായാണ് അങ്ങനെയൊന്ന് കേള്‍ക്കുന്നത്. അവര്‍ പിരിഞ്ഞ് പോയതിന് ശേഷമാണ് മൗദൂദികളുടെ കേരള നേതാവ് മുഹമ്മദലി ഹാജിയും കൂട്ടുകാരന്‍ താജുദ്ദീന്‍ സാഹിബുമായിരുന്നു ആ അപരിചിതരെന്ന് അറിയാന്‍ കഴിഞ്ഞത്. എന്തോ അവ്യക്തമായൊരു വശ്യശക്തി മുഹമ്മദലി ഹാജിയുടെ മുഖത്ത് ദൃശ്യമായിരുന്നു. അത്, അദ്ദേഹത്തെക്കുറിച്ച ഒരു മതിപ്പ് എന്റെ മനസ്സില്‍ സൃഷ്ടിച്ചു. അന്നെനിക്ക് 15 വയസ്സ് പ്രായമായിരുന്നു.
അതിന് അടുത്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്. സ്വാതന്ത്ര്യാനന്തരം സത്താര്‍ സേട്ട് തുടങ്ങിയ ലീഗ് നേതാക്കള്‍ പാകിസ്താനിലേക്ക് പോയതിനെ കോണ്‍ഗ്രസുകാര്‍ ആക്ഷേപിക്കുന്നത് ഞാന്‍ കേട്ടിരുന്നു. പൊതുവെ എന്റെ കുടുംബം കോണ്‍ഗ്രസ് മനസ്ഥിതിയുള്ളവരായിരുന്നു. അതുകൊണ്ട് ലീഗിനോട് വലിയ അനിഷ്ടം എനിക്കുണ്ടായിരുന്നു.
കോളേജിലെ അടുത്ത സാഹിത്യസമാജ യോഗത്തില്‍ ലീഗ് നേതാക്കളെ ആക്ഷേപിച്ചും ജമാഅത്തെ ഇസ്‌ലാമിയെ പ്രശംസിച്ചും ഞാന്‍ സംസാരിച്ചു. (ഐദിദ് തങ്ങള്‍ എന്ന ഒരു വിദ്യാര്‍ഥി മുഖേന ജമാഅത്തിനെക്കുറിച്ച് ചിലതെല്ലാം ഞാനപ്പോഴേക്ക് മനസ്സിലാക്കി വെച്ചിരുന്നു). എന്നെ തുടര്‍ന്ന് കെ.എം മൗലവിയുടെ മകന്‍ ടി. അബ്ദുസ്സമദും ജമാഅത്തിനെ അനുകൂലിച്ചു സംസാരിച്ചു. വിവരം അധ്യാപകര്‍ അറിഞ്ഞു. അന്ന് സന്ധ്യക്ക് ശേഷം കെ.എം മൗലവി എന്നെ വീട്ടിലേക്കു വിളിപ്പിച്ചു. വളരെ നേരം ഉപദേശിച്ച് എന്റെ അഭിപ്രായങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തി. മറുത്ത് ഒന്നും പറയാന്‍ എനിക്കറിയുകയില്ലായിരുന്നു. അബ്ദുസ്സമദിനോടും എന്നോടും പശ്ചാതപിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അപ്രകാരം ചെയ്തു. അടുത്താഴ്ച സാഹിത്യസമാജ യോഗത്തില്‍ അസാധാരണമായി ഉസ്താദുമാര്‍ എല്ലാവരും നേരത്തെ തന്നെ സ്ഥലം പിടിച്ചു. കെ.എം മൗലവിയായിരുന്നു അധ്യക്ഷന്‍. ആമുഖപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: ''മൗദൂദി സാഹിബിന്റെ ലേഖനങ്ങള്‍ ഞാന്‍ ധാരാളമായി വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തര്‍ജുമാന്‍, അല്‍മുര്‍ശിദിന് പകരം വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ഞങ്ങള്‍ അഭിമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ചില ഉര്‍ദു ലേഖനങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് ഞാന്‍ അല്‍മുര്‍ശിദില്‍ ചേര്‍ത്തിട്ടുണ്ട്. പിന്നീടാണ് ഈ ഇരിക്കുന്ന പി.വി മുഹമ്മദ് മൗലവി പറഞ്ഞത്, 'അദ്ദേഹം മീര്‍സാ ആയേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു' എന്ന്. അത് മുതല്‍ ഞാനദ്ദേഹത്തെ ശ്രദ്ധിച്ചുവരികയാണ്. ഇപ്പോള്‍ എനിക്കും തോന്നുന്നുണ്ട്, പി.വി പറഞ്ഞത് സംഭവിച്ചേക്കുമെന്ന്.'' തുടര്‍ന്ന് ഓരോ അധ്യാപകരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. അവസാനമായി എന്റെയും അബ്ദുസ്സമദിന്റെയും പരസ്യമായ തൗബയോടു കൂടി ആ രംഗം പര്യവസാനിച്ചു...........
തിരൂരങ്ങാടി പഠനത്തിന് ശേഷം മദീനത്തുല്‍ ഉലൂമില്‍ ചെന്നപ്പോള്‍ അവിടെ എന്നെ ചേര്‍ക്കുന്നതില്‍ ചില അധ്യാപകര്‍ക്ക് ആശങ്കയുള്ളതായി പ്രമുഖ അധ്യാപകനായിരുന്ന ആലിക്കുട്ടി മൗലവി എന്നോടു പറഞ്ഞു. ഒന്ന്, ഞാന്‍ ജമാഅത്തുകാരനായി ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നതും, രണ്ടാമത്തേത്, തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സഹന സമരത്തിന്റെ നേതൃത്വം എനിക്കായിരുന്നു എന്നതും. എങ്കിലും അതൊക്കെ കഴിഞ്ഞകാലസംഭവങ്ങള്‍ എന്ന നിലക്ക് വിട്ടുവീഴ്ച നല്‍കി എന്നെ അവിടെ ചേര്‍ത്തു. പിന്നീട് കുറെ കാലത്തേക്ക് ജമാഅത്തിനെ സംബന്ധിച്ച് ഒന്നും തന്നെ ഞാന്‍ സംസാരിക്കാറില്ല. ആര്‍ക്കും എന്നെ കുറിച്ച് ഒരു സംശയവുമില്ല. ആയിടക്കാണ് കെ. മൊയ്തു മൗലവി അഞ്ച് വിദ്യാര്‍ഥികളെ അവിടെ കൊണ്ടുവന്ന് ചേര്‍ത്തത്. കെ. അബ്ദുസ്സലാം, വാണിമേല്‍ മൂസ തുടങ്ങി അഞ്ചുപേര്‍. ഈ വിദ്യാര്‍ഥികള്‍ ജമാഅത്ത് അനുഭാവികളാണെന്ന് രഹസ്യമായി എനിക്കറിയാന്‍ കഴിഞ്ഞു. അത് കൊണ്ടാവണം അവരുമായി ഞാന്‍ കൂടുതല്‍ അടുത്തു. ഈ അഞ്ചുപേരെയും അധികം കഴിയുന്നതിനുമുമ്പ് കോളേജില്‍നിന്ന് പുറത്താക്കി. അവരെ സാന്ത്വനിപ്പിക്കുന്ന ഒരു അറബി കാവ്യം ഞാന്‍ അവര്‍ക്കെഴുതി കൊടുത്തു. അതില്‍ ഈ കടും കൃത്യം ചെയ്ത കോളേജധികൃതരെ ആക്ഷേപിച്ചിരുന്നു. എന്തോ കാരണത്താല്‍ അത് അവിടെത്തന്നെ ഇട്ട് കൊണ്ടാണ് അവര്‍ പോയത്. രാവിലെ ആദ്യം പള്ളിയിലെത്തിയ അധ്യാപകന്റെ കൈയില്‍ തന്നെ അത് കിട്ടി. തകൃതിയായി അന്വേഷണവും വിചാരണയും മറ്റും നടന്നു. ഒരു കവിത എന്നതിലുപരി അതില്‍ യാതൊരു കഴമ്പുമില്ല എന്ന് പറഞ്ഞ് ഞാന്‍ രക്ഷപ്പെട്ടു...........
ജമാഅത്ത് അനുകൂലികളായ വിദ്യാര്‍ഥികള്‍ അവിടെ നിന്ന് പോയപ്പോഴാണ് എന്റെ ഉള്ളിന്റെ ഉള്ളില്‍ സ്ഥലം പിടിച്ചിരുന്ന ജമാഅത്ത് പുറത്തു വന്നത്. അങ്ങനെ ഞാന്‍ ജമാഅത്തിനെക്കുറിച്ച് പഠിക്കുകയും ജമാഅത്ത് നേതാക്കളുമായി ബന്ധപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. അതിന് എന്നെ പുറത്ത് നിന്ന് സഹായിച്ചിരുന്നത് മര്‍ഹൂം പി.വി കുഞ്ഞിമൊയ്തീന്‍ മൗലവിയായിരുന്നു. അദ്ദേഹം അന്ന് റൗദത്തുല്‍ ഉലൂമില്‍ പഠിപ്പിക്കുകയായിരുന്നു.''
1952ല്‍ ശാന്തപുരത്ത് നടന്ന ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തില്‍ പി.വിയോടൊപ്പം ആലിക്കുട്ടി മൗലവിയും പങ്കെടുക്കുകയുണ്ടായി. പുളിക്കല്‍ നിന്ന് ശാന്തപുരം വരെയും തിരിച്ചും കാല്‍നടയായിട്ടായിരുന്നു യാത്ര. സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന ശേഷം അദ്ദേഹം താടിവളര്‍ത്താന്‍ തുടങ്ങി. പിന്നീട് സംഭവിച്ചത് ആലിക്കുട്ടി മൗലവി ഇങ്ങനെ ഓര്‍ക്കുന്നു: ''താടി വളര്‍ത്താന്‍ തുടങ്ങിയതാണ് ജമാഅത്തിന്റെ ലേബലായി അവരന്ന് കണ്ടത്. പിന്നീട് പരിഹാസവും കുത്തുവാക്കുകളുമായിരുന്നു എവിടെയും. ക്ലാസില്‍പോലും ഇത് വളരെ പ്രകടമായിരുന്നു. ആയിടെയാണ് എന്‍.കെ അബ്ദുല്‍ഖാദിര്‍ മൗലവി അവിടെ വിദ്യാര്‍ഥിയായി ചേര്‍ന്നത്. വിദ്യാര്‍ഥികളില്‍ തൊണ്ണൂറ്റഞ്ചു ശതമാനവും ജമാഅത്ത് വിരുദ്ധരായിരുന്നു. ബാക്കിയുള്ളവര്‍ ജമാഅത്തിന്റെ അനുഭാവികളോ നിഷ്പക്ഷരോ ആയിരുന്നു. ഫൈനല്‍ ക്ലാസിലായിരുന്നു എന്‍.കെയും കെ.പി അഹ്മദ് കുട്ടിയും ഞാനും. അതുകൊണ്ട് വിജ്ഞാനരംഗത്ത് ഞങ്ങള്‍ക്ക് വലിയ പരാജയം നേരിട്ടില്ല. 11 പേരാണ് ജമാഅത്തിനെ അനുകൂലിക്കുന്നവരായി ഉണ്ടായിരുന്നത്. സാഹിത്യ സമാജത്തിലൂടെയാണ് മത്സരം അധികവും പ്രകടമാവുക. സാഹിത്യസമാജത്തില്‍ ഏതെങ്കിലും ഒരധ്യാപകനാണ് അധ്യക്ഷനായിരിക്കുക. സമാജത്തിന്റെ ഒരു യോഗത്തില്‍ 'ഇസ്‌ലാമിക പ്രബോധനവും മുസ്‌ലിം സംഘടനകളും' എന്ന വിഷയം ചര്‍ച്ചക്ക് നിശ്ചയിച്ചു. ഉപന്യാസം ഏറ്റിരുന്നത് ഞാനാണ്. യോഗത്തോടുകൂടി എന്തോ സംഭവിക്കാന്‍ പോകുന്ന പ്രതീതി അവിടെയെല്ലാം പരന്നു. എവിടെയും കുശുകുശുക്കല്‍. എന്തു വന്നാലും നേരിടുക തന്നെ എന്ന ഭാവത്തിലായിരുന്നു ഞങ്ങളും. യോഗാധ്യക്ഷന്‍ പ്രിന്‍സിപ്പല്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കു തന്നെയും അദ്ദേഹത്തെ വളരെ പേടിയായിരുന്നു. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഒരു യോഗത്തില്‍ പോലും അദ്ദേഹത്തെ അധ്യക്ഷനായി കണ്ടിട്ടില്ല. ഉപന്യാസത്തില്‍ ഞാന്‍ സമര്‍ഥിച്ച ഒരു കാര്യം, മുസ്‌ലിംകള്‍ മതപരം/രാഷ്ട്രീയം എന്നിങ്ങനെ ജീവിതത്തെ രണ്ടായി വിഭജിക്കുകയും മതപരമായി ഒരേ ആശയത്തില്‍ ജീവിക്കുന്നവര്‍ തന്നെ രാഷ്ട്രീയമായി വിവിധ പാര്‍ട്ടികളില്‍ അണിനിരക്കുകയും ചെയ്താല്‍ അവര്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല എന്നായിരുന്നു. ഉദാഹരണത്തിന് ഇ. മൊയ്തു മൗലവി, കെ.എം മൗലവി എന്നീ കേരളീയ നേതാക്കളെയും മൗലാനാ ആസാദ്, ശബീര്‍ അഹ്മദ് ഉസ്മാനി എന്നീ അഖിലേന്ത്യാ നേതാക്കളെയും എടുത്തുകാട്ടി.
പ്രബന്ധാവതരണം കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ എഴുന്നേറ്റ് നേരെ ഓഫീസിലേക്ക് പോയി. ഒരാള്‍ വന്ന് എന്നെ വിളിക്കുന്നതായി അറിയിച്ചു. എന്നെ കണ്ടപ്പോള്‍ ദേഷ്യഭാവത്തില്‍, എന്തിനാണ് മുനാഫിഖായി ഇവിടെ നില്‍ക്കുന്നത്, നിങ്ങള്‍ക്ക് നിങ്ങളുടേതായ കോളേജുകളുണ്ടല്ലോ എന്നാണദ്ദേഹം പറഞ്ഞത്. വളരെ വിനയത്തോടും താഴ്മയോടും കൂടി ഞാന്‍ പറഞ്ഞു: ''നിഫാഖൊന്നും ഇതിലില്ല. ഖുര്‍ആനും ഹദീസുമാണ് ഇവിടെ പഠിപ്പിക്കുന്നത്. അത് തന്നെയാണ് എനിക്ക് പഠിക്കേണ്ടതും.'' വീണ്ടും അദ്ദേഹം ചോദിച്ചു: ''ഇത് കേരള ജംഇയ്യത്തുല്‍ ഉലമ നടത്തുന്ന സ്ഥാപനമാണെന്നറിയില്ലേ? അതിന്റെ ആദര്‍ശം പഠിപ്പിക്കാനുള്ളതാണ്.'' ഉടനെ ഞാന്‍ പ്രതികരിച്ചു: ''ആ ആദര്‍ശമാണല്ലോ ഖുര്‍ആനും ഹദീസും പഠിപ്പിക്കുക എന്നത്.'' ഇവിടത്തെ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചു നില്‍ക്കാന്‍ പറ്റുമോ എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. ''തീര്‍ച്ചയായും ഞാന്‍ ഒരിക്കലും അത് ലംഘിച്ചിട്ടില്ല'' എന്ന് ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം: ''നീ കൊണ്ടോട്ടിയില്‍ ക്ലാസെടുത്തില്ലേ?'' ഞാന്‍: ''അതും ഇവിടെ നിന്ന് അനുവാദം വാങ്ങിച്ച് മാത്രം. ഖുര്‍ആന്‍ ക്ലാസെടുക്കുന്നത് എങ്ങനെയാണ് കോളേജ് വ്യവസ്ഥക്ക് എതിരാവുന്നത്?''
പിന്നീടദ്ദേഹം ഒന്നും പറഞ്ഞില്ല. നേരെ യോഗസ്ഥലത്തേക്ക് നടന്നു. ഞാന്‍ പുറകിലും. ഉപന്യാസത്തെ അധികരിച്ചുള്ള ചര്‍ച്ച നടക്കുകയായിരുന്നു. ആവേശത്തോടും അമര്‍ഷത്തോടും കൂടിയ നിരൂപണങ്ങള്‍. എല്ലാം കേട്ടു ഉപന്യാസ കര്‍ത്താവെന്ന നിലക്ക് ശക്തിയായ ഭാഷയില്‍ തന്നെ മറുപടിയും പറഞ്ഞു. യോഗം പിരിഞ്ഞു. അടുത്ത ദിവസം കാലത്ത് 8 മണി മുതല്‍ 4 മണിവരെ നീണ്ടു നിന്ന ഒരു ക്ലാസ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമായി പ്രിന്‍സിപ്പല്‍ നടത്തുകയുണ്ടായി. ജമാഅത്ത് തന്നെയായിരുന്നു വിഷയം. ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കിയിരുന്നു. പലരും ചോദിച്ചു. അദ്ദേഹം മറുപടിയും പറഞ്ഞു. ഞാന്‍ ഒന്നും ചോദിച്ചില്ല. എന്നോടു ചോദിക്കാന്‍ പല വിദ്യാര്‍ഥികളും ആവശ്യപ്പെട്ടു. ഞാന്‍ ഒന്നും മിണ്ടിയില്ല. യോഗം കഴിഞ്ഞപ്പോള്‍ ജമാഅത്ത് അനുകൂലികളായ വിദ്യാര്‍ഥികളോടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി: ''അദ്ദേഹം വലിയ പണ്ഡിതനാണ്. പ്രിന്‍സിപ്പലാണ്. അറിവും അധികാരവും അദ്ദേഹത്തില്‍ സമ്മേളിച്ചിരിക്കുന്നു. ആ നിലക്ക് ഒരു പൊതു സദസ്സില്‍ വെച്ച് ചോദിക്കുന്നത് നിഷ്പ്രയോജനമാണ്. എന്നെ പുറത്താക്കാനുള്ള ഒരു ന്യായീകരണം നേടലായിരിക്കും അതിന്റെ അന്തിമ ഫലം.'' ഇതായിരുന്നു എന്റെ വീക്ഷണം.
ഇതിനു ശേഷം ജമാഅത്തിനു നേരെയുള്ള എതിര്‍പ്പു പതിന്മടങ്ങു ശക്തിപ്പെട്ടു. എന്നെയും ചില സുഹൃത്തുക്കളെയും പുറത്താക്കലാണ് അതിന്റെ ഉദ്ദേശ്യമെന്ന് ബോധ്യപ്പെട്ടു. ഫൈനല്‍ പരീക്ഷ അടുത്തു കഴിഞ്ഞിരുന്നു. പരീക്ഷാഫീസ് വാങ്ങി ഫോം പൂരിപ്പിച്ചു. പിറ്റേന്ന് രാവിലെ 8 മണിക്ക് നോട്ടീസ് ബോര്‍ഡില്‍ റിപ്പയര്‍ ആവശ്യാര്‍ഥം കോളേജ് 15 ദിവസത്തിന് പൂട്ടിയിരിക്കുന്നു എന്ന നോട്ടീസ് പ്രത്യക്ഷപ്പെട്ടു. എല്ലാ വിദ്യാര്‍ഥികളും വീട്ടിലേക്ക് പോയി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് (എനിക്കും എന്‍.കെ അബ്ദുല്‍ ഖാദിര്‍ മൗലവിക്കും മാലി ദ്വീപുകാരന്‍ അബ്ദുല്ല സഈദിനും) ഓരോ കാര്‍ഡ് കിട്ടി: 'കോളേജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയും വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്ത കാരണം, 12.11.1952 മുതല്‍ താങ്കളെ കോളേജില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.' വേറെ അഞ്ചെട്ടു പേര്‍ക്ക് ഒന്നും രണ്ടും മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായും കത്ത് കിട്ടിയിരുന്നു. കോളേജ് തുറന്ന ശേഷം ഞാനും എന്‍.കെയും ഓഫീസില്‍ ചെന്നു വിവരങ്ങളന്വേഷിച്ചു. പ്രിന്‍സിപ്പലിനെ കാണാന്‍ പോലും ഞങ്ങളെ അനുവദിച്ചില്ല. അപ്പോഴാണ് മനസ്സിലാകുന്നത് എന്റെ പരീക്ഷാഫീസ് അടച്ചിട്ടില്ലെന്ന്. സമയം കഴിയുകയും ചെയ്തിരുന്നു.''
മദീനത്തുല്‍ ഉലൂമില്‍നിന്ന് പുറത്താക്കപ്പെട്ട ഇ.വിക്ക് പക്ഷേ, മഹാനുഭാവനായ അബുസ്വബാഹ് അഹ്മദലി മൗലവി ഫറൂഖ് റൗദത്തുല്‍ ഉലൂമിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു. ജമാഅത്ത് ബന്ധത്തിന്റെ പേരില്‍ നടപടിക്ക് വിധേയനായ ഒരാള്‍ക്ക് അഡ്മിഷന്‍ നല്‍കിയതിന്റെ പേരില്‍ മുജാഹിദ് സഹയാത്രികനായി അറിയപ്പെട്ടിരുന്ന അബുസ്വബാഹ് മൗലവിയെ എം.സി.സി സഹോദരന്മാരും മറ്റു നേതാക്കളും വിമര്‍ശിക്കുകയുണ്ടായി.
മൗലികമായ അഭിപ്രായഭിന്നതയുടെ പേരിലായിരുന്നില്ല കെ.എം മൗലവി സാഹിബ് ജമാഅത്തിനെ തള്ളിപ്പറഞ്ഞത്. 'മൗദൂദി പ്രവാചകത്വം വാദിച്ചെങ്കിലോ' എന്ന ഒരു ആശങ്കമാത്രമാണ് കെ.എം മൗലവിക്കുണ്ടായിരുന്നത്. ജമാഅത്തിനെക്കുറിച്ച് അടിസ്ഥാന സ്വഭാവമുള്ള ആശയപരമായ വിയോജിപ്പുകളൊന്നും കെ.എം മൗലവി തന്നോട് പ്രകടിപ്പിച്ചിരുന്നില്ലെന്ന് ഇ.വി പറയാറുണ്ടായിരുന്നു.
കര്‍മരംഗത്ത്
കേരളത്തിന്റെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള എടവനക്കാടായിരുന്നു ഇ.വി ആലിക്കുട്ടി മൗലവിയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം. അല്‍ മദ്‌റസത്തുല്‍ ഇര്‍ശാദിയയില്‍ അധ്യാപകനായാണ് തുടക്കം. വാഴക്കാട് എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവി, കെ. അബ്ദുസലാം മൗലവി, ടി. ഇസ്ഹാഖലി മൗലവി തുടങ്ങിയവരോടൊപ്പം എടവനക്കാട് പ്രവര്‍ത്തിക്കാന്‍ ഇ.വിക്കും ഭാഗ്യമുണ്ടായി. മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബ്, എന്‍.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ. യൂസുഫ് ഉമരി, അബുല്‍ ബശാഇര്‍ ശര്‍ഖി തുടങ്ങിയവരും എടവനക്കാട്ട് ആലിക്കുട്ടി മൗലവിയുടെ സഹപ്രവര്‍ത്തകരായിരുന്നു.
എടവനക്കാട്ടെ ദീനീ സംരംഭങ്ങളുടെ വേദിയായ നജാത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ സ്ഥാപകാംഗമാണ് ഇ.വി. ഇര്‍ശാദിയ മദ്‌റസയിലും കെ.പി.എം.എച്ച് സ്‌കൂളിലുമായി നിരവധി ശിഷ്യന്മാര്‍ ഇ.വിയുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്നു. എം. ഇബ്‌റാഹീം മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'അറബിക് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോഴ്‌സില്‍' ഇ.വി അധ്യാപകനായിരുന്നു. നിരവധി പേര്‍ക്ക് ജോലി നേടാന്‍ ഈ കോഴ്‌സ് സഹായകമായി.
പ്രസ്ഥാനത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട ധാരാളം പേര്‍ എടവനക്കാട് ഭാഗത്തുണ്ടായിരുന്നെങ്കിലും ജമാഅത്തിന്റെ ഘടനയില്‍ ഏറെ പേര്‍ പ്രവേശിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഇ.വിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ഹംദര്‍ദ് ഹല്‍ഖ രൂപവത്കരിച്ചത്. എറണാകുളം, കൊച്ചി മേഖലയില്‍ പ്രസ്ഥാനത്തെ വേരുപിടിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ ഇ.വിക്ക് സാധിച്ചിട്ടുണ്ട്. വൈപ്പിന്‍, പറവൂര്‍, പൊന്നാനി ഏരിയാ ഓര്‍ഗനൈസറായിരുന്ന അദ്ദേഹം, പിന്നീട് ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് എടപ്പാളിലെ എ.കെ അബ്ദുര്‍റഹ്മാന്‍ സാഹിബിനൊപ്പം ജയിലില്‍ അടക്കപ്പെടുകയുണ്ടായി.
സ്‌കൂള്‍ അധ്യാപനത്തില്‍നിന്ന് വിരമിച്ച ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ കൂടുതല്‍ സജീവമായി. മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇ.വി, മജ്‌ലിസിന് വ്യവസ്ഥാപിതമായ സിലബസും അധ്യാപകര്‍ക്ക് സേവന വേതന വ്യവസ്ഥയും ക്രമപ്പെടുത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. പൊന്നാനി ഐ.എസ്.എസ് പ്രിന്‍സിപ്പല്‍, മാറഞ്ചേരി മുനവ്വിറുല്‍ ഇസ്‌ലാം ട്രസ്റ്റ് ചെയര്‍മാന്‍, പെരുവഴിക്കുളം ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചു. ഇടക്ക് പെരുമ്പിലാവ് അന്‍സാറിലും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി.
മനോഹരമായ അറബിക്കവിതകള്‍ ഇ.വി രചിക്കുകയുണ്ടായി. ഫലകി, എന്‍.കെ, അബൂലൈല എന്നിവരോടൊപ്പം കവിതാ രചനയിലും ചര്‍ച്ചകളിലും അദ്ദേഹവും പങ്കാളിയായിരുന്നു. മുജാഹിദ് നേതാവ് കെ. ഉമര്‍മൗലവി മാറഞ്ചേരിയില്‍ ജമാഅത്തിനെതിരെ നടത്തിയ വിമര്‍ശന പ്രസംഗത്തിന് മറുപടി പറഞ്ഞുകൊണ്ട് ഇ.വി നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. അതിനു ശേഷം അവിടെ ഉമര്‍മൗലവി വിമര്‍ശന പ്രസംഗം നടത്തുകയുണ്ടായില്ല.
ബഹുമുഖ മേഖലകളില്‍ തന്റെ ഭാഗധേയം പൂര്‍ത്തിയാക്കി ആലിക്കുട്ടി മൗലവി യാത്രയായി. പ്രസ്ഥാന വഴികളില്‍ വിളക്കുമാടങ്ങളായി നിന്ന, പ്രതിസന്ധികള്‍ നിറഞ്ഞ ആദ്യകാലങ്ങളില്‍ പരീക്ഷണങ്ങളെ ത്യാഗപൂര്‍വം അതിജയിച്ച ആ തലമുറയുടെ പൈതൃകം അനന്തരമെടുക്കുമ്പോഴാണ് നമുക്ക് ചരിത്രത്തിന്റെ പിന്തുടര്‍ച്ചക്കാരാകാന്‍ സാധിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം