Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 10

ടി.കെ കുഞ്ഞഹമ്മദ് മൌലവി പ്രസ്ഥാനത്തിന് സമര്‍പ്പിച്ച ജീവിതം

ടി.കെ ഇബ്റാഹീം

1940കളില്‍ യാഥാസ്ഥിതികത്വത്തിന്റെയും അജ്ഞതയുടെയും ഘനാന്ധകാരത്തില്‍ ദീര്‍ഘസുഷുപ്തികൊള്ളുന്ന ഒരു കുഗ്രാമം- അതായിരുന്നു കപ്പുറം(ശിവപുരം). ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ആ കുഗ്രാമത്തില്‍നിന്ന്, ഇന്ന് കേരള ജമാഅത്തെ ഇസ്ലാമിയുടെ പല ഉയര്‍ന്ന സ്ഥാനങ്ങളും വഹിക്കുന്നവരെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് എന്റെ ജ്യേഷ്ഠന്‍ ടി.കെ കുഞ്ഞഹമ്മദ് മൌലവിയുടെ ഏറ്റവും വലിയ നേട്ടം എന്നാണെനിക്ക് തോന്നുന്നത്. അദ്ദേഹം സ്ഥാപിച്ച അല്‍ മദ്റസത്തുല്‍ ഇസ്ലാമിയാ-അറബിക് കോളേജ് സ്ഥാപനങ്ങളില്‍ പഠിച്ചുയര്‍ന്നവരാണ് ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖ അസി. അമീര്‍ എം.കെ മുഹമ്മദലി, പ്രവാസി സെല്‍ സെക്രട്ടറി അബ്ദുല്ല മന്‍ഹാം, ഗള്‍ഫ് മാധ്യമം അബൂദബി ബ്യൂറോ ചീഫ് അബ്ദു ശിവപുരം, ജ.ഇ കോഴിക്കോട് ജില്ലാ സെക്രട്ടറി ഹബീബ് മസ്ഊദ്, പേരാമ്പ്ര ഏരിയാ മുന്‍ പ്രസിഡന്റ് എം.എം മുഹ്യിദ്ദീന്‍ തുടങ്ങിയവര്‍. കുട്ടിക്കാലത്ത്(1940കളില്‍) ഈ ലേഖകനും അല്‍-മദ്റസത്തുല്‍ ഇസ്ലാമിയയില്‍ പഠിച്ചിട്ടുണ്ട്.
ജ്യേഷ്ഠന്‍ വിടപറഞ്ഞപ്പോഴാണ് ഞാനദ്ദേഹത്തിന്റെ ജീവിതത്തെ അല്‍പം ആഴത്തില്‍ അവലോകനം ചെയ്ത് നോക്കിയത്. അദ്ദേഹം 90 വര്‍ഷത്തോളം ജീവിച്ചു. ജീവിതത്തിന്റെ സായംസന്ധ്യയില്‍ പോലും ഭൌതിക സൌകര്യങ്ങള്‍ അദ്ദേഹത്തിന് കരഗതമായിരുന്നില്ല. അദ്ദേഹമത് ആഗ്രഹിച്ചതുമില്ല. ദാരിദ്യ്രം, രോഗം, എതിര്‍പ്പ്, പീഡനം, മതഭ്രഷ്ട്, വധഭീഷണി, വധശ്രമം, പലായനം, ഒളിവില്‍ കഴിയല്‍ ഇതൊക്കെയായിരുന്നു ആ ജീവിതത്തിന്റെ ആകെത്തുക. പക്ഷേ, അതൊക്കെ സുസ്മേരവദനനായി, ആത്മനിര്‍വൃതിയോടെ അദ്ദേഹം നേരിട്ടു.
ജീവിതായോധനത്തിനുള്ള ഏക മാര്‍ഗം പോലും കൊട്ടിയടച്ച് പ്രതിയോഗികള്‍ അദ്ദേഹത്തെ വഴിയാധാരമാക്കിയപ്പോള്‍ അത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനും ആദര്‍ശ വീര്യത്തിനും ത്യാഗസന്നദ്ധതക്കും മാറ്റ് കൂട്ടിയതേ ഉള്ളൂ. ഒടുവില്‍ സ്കൂളില്‍ 79 രൂപ വേതനം ലഭിക്കുന്ന അറബി അധ്യാപക ജോലി ലഭിക്കുന്നത് വരെ (പ്രബോധനം 19 ജനുവരി 2008) സത്യമാര്‍ഗത്തിലെ ത്യാഗത്തില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി.
തികഞ്ഞ യാഥാസ്ഥിതിക പശ്ചാത്തലത്തിലണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. പഠനമൊക്കെ പള്ളി ദര്‍സുകളില്‍. ഉന്നത സുന്നി ഉലമാക്കളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തി. വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്ത് ആയിരുന്നു അന്ന് കേരളത്തിലെ സുന്നി പണ്ഡിതരുടെ ഉന്നത കേന്ദ്രം. അവിടെപ്പോയി പഠിക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. പക്ഷേ, സാമ്പത്തിക വിഷമതകള്‍ ആ ആഗ്രഹ സാഫല്യത്തിന് വിഘാതമായി നിന്നു. അതെക്കുറിച്ച് അദ്ദേഹം പിന്നീട് ഇങ്ങനെ പറഞ്ഞു: "വെല്ലൂരില്‍ പോവാന്‍ കഴിയാതിരുന്നത് ഒരു കണക്കിന് നന്നായി. വെല്ലൂരില്‍ പോയിരുന്നെങ്കില്‍ ഞാന്‍ വലിയ മുസ്ലിയാര്‍ ആവുകയും ചിലപ്പോള്‍ ജമാഅത്തിലേക്ക് എത്താന്‍ അത് തടസമാവുകയും ചെയ്തേനെ.''
ഒരു നല്ല പണ്ഡിതനായിരുന്നു അദ്ദേഹം. വിശിഷ്യാ ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, അറബി ഭാഷ എന്നീ വിഷയങ്ങളില്‍. ഫറാഇദ്(അനന്തരാവകാശ നിയമങ്ങള്‍) നന്നായി വശമുണ്ടായിരുന്നു. ധാരാളം ആളുകള്‍ സംശയം ചോദിക്കാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഖിബ്ല നിര്‍ണയമായിരുന്നു അദ്ദേഹം അവഗാഹം നേടിയ മറ്റൊരു വിഷയം.
കപ്പുറം പള്ളിയില്‍ അദ്ദേഹം കുറെക്കാലം ദര്‍സ് നടത്തിയിരുന്നു. അവിടുത്തെ ഫഅല, ഫഅലാ, ഫഅലൂ(മീസാന്‍)വിന്റെയും ഖുര്‍ആന്‍ ഓത്തിന്റെയും കര്‍ണമധുരമായ ആരവങ്ങള്‍ ഇപ്പോഴും കര്‍ണപുടത്തില്‍ മാറ്റൊലികൊള്ളുന്ന പോലെ. ഞാനും നാട്ടുകാരനായ കെ.ടി ഹുസൈനും ജ്യേഷ്ഠന്റെ പള്ളി ദര്‍സില്‍ പഠിച്ചിരുന്നു. സര്‍ഫും നഹ്വും (അറബി വ്യാകരണം) ഞങ്ങളവിടെ പഠിച്ചു. മീസാന്‍, സഞ്ചാന്‍, നൂറുല്‍ അബ്സാര്‍, ഖത്വ്റുന്നിദാ എന്നിവ ഞങ്ങള്‍ ഓതിപ്പഠിച്ചു. മറ്റൊരര്‍ഥത്തില്‍ ജ്യേഷ്ഠന്‍ എന്റെ ആദ്യ ഗുരുനാഥനായിരുന്നു. എന്റെ അറബി പഠനത്തിന് അടിത്തറ പാകിയത് അദ്ദേഹമാണ്.
എന്നെയും എന്റെ ഇരട്ട സഹോദരന്‍ മൊയ്തീന്‍കോയയെയും(മര്‍ഹൂം) ജ്യേഷ്ഠന്‍ ഉന്നത-സുന്നി പണ്ഡിതന്മാരുടെ വഅ്ളുകള്‍ക്ക് കൊണ്ടു പോകാറുണ്ടായിരുന്നു. ഒരിക്കല്‍ കുന്ദമംഗലത്ത് കൊണ്ടുപോയി. പ്രസിദ്ധ സുന്നി വാഗ്മിയായിരുന്ന പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ വഅ്ളായിരുന്നു. ഭൂപതി സഹോദരങ്ങള്‍ അവിടെ ജമാഅത്ത് ഹല്‍ഖ സ്ഥാപിച്ചിരുന്നു. പതി മുസ്ലിയാരുടെ കര്‍ശനമായ ശാസന ഇതായിരുന്നു: "സ്റഡി ക്ളാസ് ഉടനെ നിറുത്തണം.'' ബഹുജനം അവരുടെ കട ആക്രമിച്ചു നശിപ്പിച്ചേക്കുമെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഖുത്വ്ബാത്തില്‍നിന്ന് ഒരു ഉദ്ധരണി ഉദ്ധരിച്ച് പതി മൌദൂദിയെ വിമര്‍ശിച്ചു. ജ്യേഷ്ഠന്‍ ഖുത്വ്ബാത്ത് പരിശോധിച്ചപ്പോള്‍ അത് ശരിയല്ലെന്ന് കണ്ടു. യാഥാസ്ഥിതികത്വത്തിനെതിരെ ഇത് അദ്ദേഹത്തിന്റെ മനസ്സില്‍ ചോദ്യങ്ങളുയര്‍ത്തി.
വഹാബികളും സുന്നികളും തമ്മില്‍ നടന്ന ചരിത്രപ്രസിദ്ധമായ പൂനൂര്‍ വാദപ്രതിവാദത്തിനും ജ്യേഷ്ഠന്‍ ഞങ്ങളെ രണ്ടുപേരെയും കൊണ്ടുപോയി. വാദപ്രതിവാദ കോലാഹലങ്ങളുടെയും സംവാദങ്ങളുടെയും ചൂട് പിടിച്ച കാലമായിരുന്നു അത്. തവസ്സുലും ഇസ്തിഗാസയുമായിരുന്നു ചര്‍ച്ചാവിഷയം.
യാഥാസ്ഥിതിക പാതയില്‍ ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ സത്യാന്വേഷണ ചിന്ത ജ്യേഷ്ഠനെ പിടികൂടിയിരുന്നു. അദ്ദേഹം തന്നെ ആത്മഗതം ചെയ്യട്ടെ.
"ഞാന്‍ അറബി ക്ളാസ് എടുത്തിരുന്ന ശിവപുരം എല്‍.പി സ്കൂളിലെ അധ്യാപകനായിരുന്നു എന്‍.എ കോയ മാസ്റര്‍. നന്നായി വായിക്കുകയും ജമാഅത്തിനെ മനസ്സിലാക്കുകയും ചെയ്ത, ഈ പ്രദേശത്ത് ആദ്യമായി ജമാഅത്തിലേക്ക് കടന്നുവന്നവരില്‍ ഒരാളാണ് അദ്ദേഹം. എനിക്ക് വായനയില്‍ നല്ല താല്‍പര്യമുണ്ടായിരുന്നു. ഞാന്‍ കോയയോട് പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വാങ്ങി വായിക്കും. അഞ്ചാം ക്ളാസ് വരെ സ്കൂള്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നത് കൊണ്ട് മലയാളം അത്യാവശ്യം വായിക്കാനറിയുമായിരുന്നു. തുര്‍ക്കി വിപ്ളവം, അബലയുടെ പ്രതികാരം തുടങ്ങിയ പുസ്തകങ്ങളൊക്കെ വായിച്ചു. എന്‍.എ കോയ അപ്പോള്‍ ജമാഅത്തുകാരനായി കഴിഞ്ഞിരുന്നു. ഞാനാകട്ടെ ജമാഅത്ത് എന്താണെന്നറിയാത്ത ആളും. അങ്ങനെയാണ് ഖുത്വ്ബാത്ത് വായിക്കാന്‍ കിട്ടുന്നത്. പിന്നെ രക്ഷാസരണിയും വായിച്ചു. ഈ പുസ്തകങ്ങളില്‍ പറയുന്നതാണല്ലോ യഥാര്‍ഥ ഇസ്ലാം എന്ന ചിന്ത എന്റെ മനസ്സില്‍ വളരാന്‍ തുടങ്ങി. പള്ളി ദര്‍സില്‍ ഖുര്‍ആന്‍ ഓതുമ്പോഴും കിതാബുകള്‍ വായിക്കുമ്പോഴും ക്രിമിനല്‍ നിയമങ്ങളെകുറിച്ച ഇസ്ലാമിക കല്‍പനകളെപ്പറ്റി ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. നമസ്കരിക്കണം, സകാത്ത് കൊടുക്കണം, നോമ്പെടുക്കണം എന്നൊക്കെ പറയുന്നത് പോലെ തന്നെയല്ലേ ഖുര്‍ആനില്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതിനെക്കുറിച്ചും പറയുന്നത്? അതെല്ലാം എങ്ങനെ നടപ്പിലാക്കും എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. ആ ചിന്തകളെ പ്രേരിപ്പിക്കുന്നതായിരുന്നു മൌദൂദി സാഹിബിന്റെ പുസ്തകങ്ങളില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞ ആശയങ്ങള്‍.''
പ്രഖ്യാപിത ജമാഅത്തുകാരനാവാതെ കുറെ രഹസ്യമായും കുറച്ച് പരസ്യമായും ചില പ്രവര്‍ത്തനങ്ങളൊക്കെ നടത്താന്‍ തുടങ്ങി. പുസ്തകങ്ങള്‍ വായിക്കും, ആളുകളെകൊണ്ട് വായിപ്പിക്കും, ക്ളാസുകളില്‍ പങ്കെടുക്കും, സമ്മേളനങ്ങള്‍ക്ക് പോകും തുടങ്ങിയവയായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്തത്.
ഒരിക്കല്‍ കക്കോടിയില്‍നിന്ന് കുറച്ച് ജമാഅത്ത് പ്രവര്‍ത്തകര്‍ ഞങ്ങളെ കാണാന്‍ ശിവപുരത്ത് വന്നു. ശിവപുരത്ത് പ്രബോധനം വായിക്കുന്ന ആരോ ഉണ്ടെന്ന് പറഞ്ഞറിഞ്ഞാണ് അവര്‍ വന്നത്. അവര്‍ സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ 'മൌദൂദികള്‍' വന്നിരിക്കുന്നുവെന്ന് പറഞ്ഞു. അന്നൊന്നും ജമാഅത്ത് എന്ന് പറയാറുണ്ടായിരുന്നില്ല. പരിഹാസപൂര്‍വം മൌദൂദികള്‍ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങള്‍ ചെറിയ രൂപത്തില്‍ ഒരുയോഗം ചേര്‍ന്നു. വന്നവര്‍ക്ക് രാത്രി ഭക്ഷണം കൊടുക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരു കട തുറപ്പിച്ച് കുറച്ച് അരിവാങ്ങി. അത് വറുത്ത് ശര്‍ക്കരയിട്ട് അവര്‍ക്ക് കൊടുത്തു. രാത്രി പള്ളിയില്‍ കിടന്നുറങ്ങി. അപ്പോഴേക്കും ജമാഅത്തെ ഇസ്ലാമിയുടെ ആശയം ഒളിച്ചുവെക്കാന്‍ കഴിയാത്തവിധം മനസ്സില്‍ വളര്‍ന്നിരുന്നു.
ആ സമയത്താണ് എടയൂരില്‍ ജമാഅത്തെ ഇസ്ലാമിയുടെ കേരള സമ്മേളനം നടക്കുന്നത്. ഞങ്ങള്‍ കുറച്ചുപേര്‍ പോകാനൊരുങ്ങി. വളരെ പ്രയാസപ്പെട്ടാണ് പണം ഉണ്ടാക്കിയത്. വീട്ടുകാരും നാട്ടുകാരും അറിയാതെയായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത്. വളരെ ആവേശം നിറഞ്ഞതായിരുന്നു സമ്മേളനം. നമസ്കാരത്തിന് ഹാജിസാഹിബായിരുന്നു നേതൃത്വം കൊടുത്തത്. വല്ലാത്തൊരു അനുഭവമായിരുന്നു അത്.''
എന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ അതീവ തല്‍പരനായ അദ്ദേഹമാണെന്നെ 1953ല്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂമിലേക്കയച്ചത്. അവിടുത്തെ എന്റെ പഠനം അവിചാരിതമായി നിന്നുപോയപ്പോള്‍ എന്നെ ശാന്തപുരത്ത് ചേര്‍ത്തു. ഇതിനിടയില്‍ കപ്പുറത്ത് പലതും അരങ്ങേറുന്നുണ്ടായിരുന്നു. ഉറങ്ങിക്കിടന്ന കപ്പുറം സടകുടഞ്ഞെഴുന്നേറ്റു. ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുന്ന, ഇസ്സുദ്ദീന്‍ മൌലവിയുടെ പ്രസംഗപരമ്പര ഒരാഴ്ചയോളം.
തുടര്‍ന്ന് ഖണ്ഡനമണ്ഡനങ്ങളുടെ ഒരു പരമ്പരയായിരുന്നു. യാഥാസ്ഥിതിക വിഭാഗത്തിലെ 'വന്‍തോക്കുകള്‍' കപ്പുറം പാടത്ത് പാഞ്ഞെത്തി. 'മൌദൂദിസത്തിനെതിരെ' അനുയായികളെ 'സിറാത്തുല്‍ മുസ്തഖീമി'ല്‍ ഉറപ്പിച്ചുനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും ചെയ്തു.
ആ കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം: "ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണെന്ന് നാട്ടില്‍ അറിയപ്പെട്ടതോടെ വളരെ ശക്തമായ എതിര്‍പ്പുകളാണ് എനിക്കും സഹപ്രവര്‍ത്തകര്‍ക്കും അനുഭവിക്കേണ്ടി വന്നത്. വഴി നടക്കുന്നത് തടയുക, ഖുര്‍ആന്‍ ക്ളാസുകള്‍ മുടക്കുക, ബഹിഷ്കരിക്കുക തുടങ്ങി കൊല്ലാനുള്ള ശ്രമം വരെ നടന്നു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ചിലരുണ്ടായിരുന്നു. ചിലര്‍ എന്നെ കഷായം വെക്കും എന്ന് ഭീഷണിപ്പെടുത്തി. ഞങ്ങളുടെ കുടുംബത്തിലെ തന്നെ ചില കാരണവന്മാരും നാട്ടിലെ പ്രമാണിമാരുമായിരുന്നു എതിര്‍പ്പില്‍ മുമ്പില്‍ നിന്നിരുന്നത്. ഞാന്‍ പലതവണ ഇവിടെ ഖുര്‍ആന്‍ ക്ളാസ് എടുത്തിട്ടുണ്ട്. അതോടെ ഞാന്‍ ജമാഅത്തുകാരനായി അറിയപ്പെടുകയും എന്നെ പള്ളിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
'മൌദൂദി ന്യായം' ഇവിടെ പറയാനും നടത്താനും സമ്മതിക്കില്ല എന്ന് പറഞ്ഞാണ് പല ക്ളാസുകളും തടഞ്ഞത്: പള്ളിയിലും മദ്റസയിലും മാത്രമല്ല ഈ നാട്ടില്‍ തന്നെ ജമാഅത്തിന്റെ പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നായി ചില കാരണവന്മാര്‍. ജമാഅത്തിന്റെ ക്ളാസിന് വരുന്നവരെ തടയാനും ശ്രമിച്ചു. ബഹിഷ്കരണ ആഹ്വാനവും ഉണ്ടായി. തുടര്‍ന്നു നമസ്കരിക്കരുത്, വിവാഹം പാടില്ല, സലാം ചൊല്ലരുത്, വിവാഹത്തില്‍ പങ്കെടുക്കരുത് തുടങ്ങി 8 നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നാണ് ഓര്‍മ. ഒരിക്കല്‍ ഒരു വീട്ടിന്റെ മുറ്റത്ത് ഞങ്ങള്‍ ക്ളാസ് നടത്തുകയാണ്. ചിലര്‍ പറങ്കിമാവിന്റെ കൊമ്പ് പൊട്ടിച്ച് ഞങ്ങളെ അടിക്കാന്‍ വന്നു. ഞാനാണ് ക്ളാസ് എടുത്തിരുന്നത്. 'ഇന്നമല്‍ മുഅ്മിനൂനല്ലദീന ഇദാ ദുകിറല്ലാഹു.....' എന്നു തുടങ്ങുന്ന ആയത്ത് ഓതി ക്ളാസ് തുടരുമ്പോഴാണ് അവരുടെ വരവ്. ഖുര്‍ആന്‍ ആയത്ത് കേട്ടതോടെ അവരവിടെ നിന്നു. ആയത്ത് അവരില്‍ ഉള്‍ക്കിടിലമുണ്ടാക്കിക്കാണണം. "ഇതൊക്കെ വേണ്ടെന്നാണോ ആലിമീങ്ങള്‍ പറഞ്ഞത്?'' ഞാന്‍ ചോദിച്ചു. അവര്‍ വടിയെല്ലാം അവിടെ ഇട്ട് പോയി. 'മൌദൂദിസം' എന്നാല്‍ ഇസ്ലാമിനെതിരായ എന്തോ ആണെന്നായിരുന്നു മുസ്ലിയാക്കന്മാര്‍ അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഒരിക്കല്‍ ഞാന്‍ പള്ളിയില്‍ നമസ്കരിക്കുകയായിരുന്നു. എന്റെ പിന്നില്‍ കുറച്ചാളുകള്‍ തുടര്‍ന്നു നമസ്കരിക്കുന്നുണ്ട്. ഇത് കണ്ട ചില കാരണവന്മാര്‍ കലി തുള്ളി എന്നെ ചീത്ത പറഞ്ഞു.
ഒരിക്കല്‍ ഒരാള്‍ ഒരു വേലിത്തറി ഊരിയെടുത്ത് എന്നെ അടിക്കാന്‍ വന്നു. എന്നെക്കാള്‍ പ്രായമുള്ള ആളാണ്. എന്റെ തലക്ക് തന്നെ അടിക്കാനാണ് ശ്രമിച്ചത്. ഒഴിഞ്ഞുമാറിയതിനാല്‍ അടികൊണ്ടില്ല. എന്റെ മകന്‍ അബ്ദുര്‍റഹ്മാനും കൂടെയുണ്ടായിരുന്നു. അവന്റെ കൈയില്‍നിന്ന് ടോര്‍ച്ച് വാങ്ങി ഞാന്‍ അടി തടുത്തു. ഞാന്‍ ടോര്‍ച്ചുകൊണ്ട് അയാളെ അടിച്ചു എന്നായി നാട്ടില്‍ പ്രചാരണം. സത്യത്തില്‍ അയാളെ ഞാന്‍ ഒന്നും ചെയ്തിരുന്നില്ല. എന്നോട് പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചായി ചിലരുടെ ചിന്ത. ഒരിക്കല്‍ ഒരാള്‍ പകരം ചോദിക്കാന്‍ വന്നു. ഒരു പാടത്തിന്റെ വരമ്പില്‍ വെച്ചായിരുന്നു അത്. ഞാന്‍ ഉയരമുള്ള ഒരു വരമ്പില്‍ കയറി എന്തും നേരിടാന്‍ തയാറായി നിന്നു. അല്ലാഹു അപ്പോള്‍ എനിക്കങ്ങനെ തോന്നിപ്പിച്ചു. എന്റെ നില്‍പും ഭാവവും കണ്ടിട്ടാവണം, വന്നയാള്‍ പതുക്കെ പിന്മാറി.''
1964ല്‍ അദ്ദേഹം ഹജ്ജ് ചെയ്ത സന്ദര്‍ഭത്തില്‍ മക്കയില്‍ വെച്ച് ശൈഖ് സയ്യിദ് സാബിഖ്, ശൈഖുല്‍ അസ്ഹര്‍ അബ്ദുല്‍ ഹലീം മഹ്മൂദ്, ഡോ. സഈദ് റമദാന്‍, മൌലാനാ മൌദൂദിയുടെ സെക്രട്ടറിയും ദാറുല്‍ ഉറൂബയുടെ (പാകിസ്താന്‍) ഡയറക്ടറുമായ ഖലീല്‍ ഹാമിദി എന്നിവരെ കാണുകയുണ്ടായി. ഇഖ്വാന്റെ മുഖപത്രമായ അല്‍മുസ്ലിമൂന്‍ ജനീവയില്‍ നിന്ന് ഡോ. സഈദ് റമദാനാണ് പ്രസിദ്ധീകരിച്ചിരുന്നത്. മക്കയില്‍ വെച്ചദ്ദേഹത്തെ കണ്ടപ്പോള്‍ അതിന്റെ കോപ്പികള്‍ അയച്ചു കൊടുക്കാന്‍ ജ്യേഷ്ഠന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. അദ്ദേഹം അതയച്ചുകൊണ്ടിരുന്നു.
2011 ഒക്ടോബര്‍ 26നാണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രതിരിച്ചത്. രണ്ട് ഭാര്യമാരിലായി 10 കുട്ടികളാണദ്ദേഹത്തിന്.
വരും തലമുറ ഇസ്ലാമിക സേവനത്തിലും പ്രാസ്ഥാനിക പ്രതിബദ്ധതയിലും ത്യാഗസന്നദ്ധതയിലും അദ്ദേഹത്തെ ഒരു റോള്‍ മോഡലായി എടുക്കുമാറാകട്ടെ എന്നാണെന്റെ പ്രാര്‍ഥന. നാളെ അദ്ദേഹത്തോടൊപ്പം സോദരന്മാരായി മുഖാമുഖം സ്വര്‍ഗമഞ്ചങ്ങളില്‍ ഇരുന്നുല്ലസിക്കാന്‍ നമ്മെയെല്ലാം അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം