Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

ഫലസ്ത്വീന്റെ മണ്ണില്‍

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-19)

2015 ജൂണില്‍ ഈജിപ്തിലെത്തിയത് ഫലസ്ത്വീനില്‍നിന്നാണ്. മെയ് 25-നാണ് രാവിലെ 10.45-ന് ഞങ്ങളുടെ കാരവന്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വിമാനമിറങ്ങുന്നത്. അസാധാരണത്വമൊന്നും അവകാശപ്പെടാനില്ലാത്ത അമ്മാന്‍ എയര്‍പോര്‍ട്ടില്‍നിന്ന് നേരെ ചരിത്രസ്മാരകങ്ങള്‍ കാണാന്‍ പുറപ്പെട്ടു. ആദ്യമായി സന്ദര്‍ശിച്ചത് പെട്രയിലെ ഐതിഹാസിക ഗുഹയാണ്. ഖുര്‍ആനിന്റെ വിവരണപ്രകാരം ഏകദൈവ വിശ്വാസികളായ ഏഴ് യുവാക്കളും അവരെ അനുഗമിച്ച നായയും വിഗ്രഹാരാധകനായ രാജാവിന്റെ പീഡനം ഭയന്ന് ഓടിരക്ഷപ്പെട്ട ഗുഹയാണതെന്ന് വിശ്വസിക്കപ്പെടുന്നു. ഏഴ് അഭയാര്‍ഥികള്‍ക്കും കിടന്നുറങ്ങാനുള്ള വിശാലത ഗുഹക്കുള്ളിലുണ്ട്. 300-ല്‍പരം വര്‍ഷങ്ങള്‍ ഉറങ്ങിയശേഷം അവരുണര്‍ന്ന്, അതിനകം  നടന്ന സംഭവങ്ങളില്‍ അമ്പരന്ന് അവിടെത്തന്നെ അന്ത്യവിശ്രമം കൊണ്ടു എന്നാണ് ചരിത്രം. എന്നാല്‍ സമാനമായ ഗുഹ തുര്‍ക്കിയിലും ഒരെണ്ണമുണ്ടെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. അമ്മാനില്‍നിന്ന് 50 കി.മീറ്റര്‍ അകലെയാണ് ചരിത്രപ്രധാനമായ യര്‍മൂക് സ്ഥിതിചെയ്യുന്നത്. ഇസ്‌ലാമിക സൈന്യവും റോമന്‍ പടയും ഏറ്റുമുട്ടിയ ഐതിഹാസിക യുദ്ധക്കളവും റോമിനെ മുട്ടുകുത്തിച്ച ധീരയോദ്ധാക്കളില്‍ ചിലരുടെ ഖബ്‌റിടങ്ങളും ചരിത്ര സ്മൃതികള്‍ ഉണര്‍ത്തി. യുദ്ധക്കളത്തില്‍ വെട്ടേറ്റുകിടന്ന മൂന്ന് പോരാളികള്‍ വെള്ളം ചോദിച്ചപ്പോള്‍, ആദ്യത്തെയാള്‍ വെള്ളത്തിന് നിലവിളിച്ച രണ്ടാമന്റെ അടുത്തേക്കയച്ചതും രണ്ടാമന്‍ മൂന്നാമന് കൊടുക്കാന്‍ നിര്‍ദേശിച്ചതും അയാള്‍ വെള്ളം അരികെയെത്തും മുേമ്പ വിടപറഞ്ഞതും രണ്ടാമനും തുടര്‍ന്ന് ഒന്നാമനും തൊണ്ട നനയാതെ അന്ത്യശ്വാസം വലിച്ചതും യര്‍മൂക് ബാക്കിവെച്ച ആത്മത്യാഗത്തിന്റെ മഹനീയ മാതൃകകളായിരുന്നല്ലോ. ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയിലെ ത്വബരിയാസ് തടാകവും 1967-ലെ യുദ്ധത്തില്‍ ഇസ്രയേല്‍ സിറിയയില്‍നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളും കണ്ടാണ് മടങ്ങിയത്. 

പിറ്റേ ദിവസമായിരുന്നു ജോര്‍ദാന്‍ നദി കടന്ന്, ഇസ്രയേല്‍ രാഷ്ട്രം കൃത്രിമമായി സ്ഥാപിക്കപ്പെട്ട ഫലസ്ത്വീനിലേക്കുള്ള യാത്ര. ജീവിതത്തില്‍ ഏറ്റവുമധികം എഴുതിയ ഒറ്റ വിഷയം എന്താണെന്ന് ചോദിച്ചാല്‍ ഫലസ്ത്വീന്‍ എന്നായിരിക്കും മറുപടി. 1967-ലെ അറബ്-ഇസ്രയേല്‍ യുദ്ധം മുതല്‍ ആരംഭിച്ചതാണ് ഫലസ്ത്വീനുവേണ്ടിയുള്ള തൂലികായുദ്ധം. അതിപ്പോഴും തുടരുന്നു. അന്ന് ജൂതരാഷ്ട്രവും അമേരിക്കയുമായിരുന്നു ഉന്നമെങ്കില്‍ ഇന്ന് സ്വന്തക്കാര്‍ തന്നെയാണ് ടാര്‍ജറ്റ് ചെയ്യപ്പെടേണ്ടത് എന്നതാണവസ്ഥ. സാക്ഷാല്‍ അറബികളെത്തന്നെ ഫലസ്ത്വീന്റെ ശത്രുക്കളും ഒറ്റുകാരുമാക്കുന്നതില്‍ സയണിസ്റ്റുകള്‍ വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ചരിത്രം പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ജോര്‍ദാന്‍ നദിയെക്കുറിച്ച്. അതിന്റെ പടിഞ്ഞാറേകര ജോര്‍ദാന്റെ നിയന്ത്രണത്തിലായിരുന്നു 1967 ജൂണിലെ യുദ്ധം വരെ. യുദ്ധത്തില്‍ ജമാല്‍ അബ്ദുന്നാസിറിന്റെ ഈജിപ്ഷ്യന്‍ പടയും വടക്ക് സിറിയന്‍ സേനയും സര്‍വസ്വം നഷ്ടപ്പെട്ട് ദയനീയമായി പിന്മാറിയപ്പോള്‍ വെസ്റ്റ് ബാങ്കിനും ജറൂസലമിനും വേണ്ടി, വ്യോമസേനയുടെ പിന്‍ബലമോ അത്യാധുനികായുധങ്ങളോ ഇല്ലാതെ ധീരോദാത്തം പൊരുതിയ ജോര്‍ദാന്‍ സൈന്യം ഏതാണ്ടൊക്കെ മരിച്ചുവീണപ്പോഴാണ് കിഴക്കന്‍ ജറൂസലമില്‍ കാലുകുത്താനും ബൈത്തുല്‍ മഖ്ദിസ് പിടിച്ചെടുക്കാനും ജൂതപ്പടക്ക് സാധിച്ചത്. അതൊക്കെ വേദനയോടെ ഓര്‍ത്തുകൊണ്ടാണ് ജോര്‍ദാന്‍ നദിയുടെ മീതെക്കൂടി പാലം കടന്നത്. ബൈബിളിലടക്കം ഇടംപിടിച്ചതാണ് ജോര്‍ദാന്‍ നദി. നിരവധി പദ്ധതികള്‍ക്കായി ഇസ്രയേല്‍ ജലം ഊറ്റിയതിനാലാണ് ജോര്‍ദാന്‍ നദി ഇവ്വിധം മെലിഞ്ഞതെന്ന് വിവരമുള്ളവര്‍ പറഞ്ഞു. ഭാഗ്യത്തിന് വെള്ളിയാഴ്ചയായിരുന്നു ഞങ്ങള്‍ ഖുദ്‌സിലെത്തിയത്. ആദ്യമായി ഫലസ്ത്വീന്‍കാരെ പുറംലോകത്ത് തടയുന്ന മതിലിനരികിലെത്തി. സങ്കടകരമാണ് അവരുടെ സ്ഥിതി. പുണ്യപുരാതന ദേവാലയമായ അല്‍ അഖ്‌സ്വാ മസ്ജിദില്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ പോലും അനുമതിയില്ല. പിന്നെ പോയത് വിലപിക്കുന്ന മതില്‍ (Wailing Wall)  എന്ന് ജൂതര്‍ പേരിട്ട മതിലിനടുത്തേക്കാണ്. അവിടെ നൂറുകണക്കില്‍ യഹൂദര്‍ മതിലിന്നഭിമുഖമായി നിന്ന് ഒരു പ്രത്യേക രീതിയില്‍ തലയിട്ടടിച്ച് എന്തൊക്കെയോ പറയുന്നു. ഹീബ്രുവാണ് ഭാഷ. അവിടെവെച്ച വേദഗ്രന്ഥങ്ങളും ഹീബ്രുവില്‍. സംസ്‌കൃതംപോലെ മൃതഭാഷയായി ഗണിക്കപ്പെട്ടിരുന്ന ഹീബ്രു പുനര്‍ജീവിപ്പിച്ച് ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയാക്കാനും പത്രങ്ങളും യൂനിവേഴ്‌സിറ്റി ബോധന മാധ്യമങ്ങളുമടക്കം ആ ഭാഷയിലേക്ക് മാറ്റാനും സയണിസ്റ്റുകള്‍ക്ക് കഴിഞ്ഞു. 

ചരിത്രത്തില്‍ അതിബുദ്ധിമാനും സാമ്രാജ്യാധിപനുമായി അറിയപ്പെടുന്ന ശലമോന്‍ അഥവാ സോളമന്‍ (അറബിയില്‍ സുലൈമാന്‍) സ്ഥാപിച്ച ഹൈക്കന്‍ സുലൈമാനി എന്ന ദേവാലയം പില്‍ക്കാലത്ത് റോമന്‍ അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകള്‍ക്കുശേഷം മേഖല ഭരിച്ച മുസ്‌ലിം രാജാവായ സലീം പാഷയാണ് തകര്‍ക്കപ്പെട്ട ദേവാലയത്തിന്റെ അവശേഷിച്ച മതില്‍ കണ്ടെത്തിയതെന്ന് 'ന്യൂസ് ഫ്രം ഇസ്രയേലി'ല്‍ മുെമ്പന്നോ വായിച്ചത് ഓര്‍മവന്നു. ക്രിസ്ത്യന്‍ വീട്ടമ്മമാര്‍ സ്ഥിരമായി ഒരു സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ അതിന്റെ കാരണം ചോദിച്ചവരോട്, ഇവിടെ പണ്ടൊരു ജൂതദേവാലയം നിലനിന്നിരുന്നു എന്ന പരമ്പരാഗത അറിവാണ് യേശുവിനെ കുരിശിലേറ്റിയ പാതകത്തിന്റെ പേരില്‍ ജൂതരെ കഠിനമായി വെറുത്ത ക്രൈസ്തവരില്‍നിന്ന് കേള്‍ക്കാനിടവന്നത്. ജിജ്ഞാസഭരിതനായ രാജാവ് അവിടെ ഖനനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കുറേ കുഴിച്ചപ്പോള്‍ തകര്‍ക്കപ്പെട്ട ദേവാലയത്തിന്റെ മതില്‍ കണ്ടെത്തി. മുസ്‌ലിം രാജാവ് അതിനെ സംരക്ഷിക്കാന്‍ ഏര്‍പ്പാടും ചെയ്തു. ജൂതന്മാരുടെ വിശ്വാസപ്രകാരം അന്ത്യനാളിനടുത്ത് ആഗതനാവുന്ന അവരുടെ രക്ഷകനായ മിശിഹ വന്നതിനു ശേഷമേ ദേവാലയം പുനര്‍നിര്‍മിക്കാനാവൂ. അതുവരെ മതിലിനടുത്ത് ചെന്ന് മിശിഹായുടെ ആഗമനത്തിനുവേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കുകയാണ് യഹൂദര്‍. അങ്ങനെ അത് വിലപിക്കുന്ന മതിലായി. യഥാര്‍ഥത്തില്‍ യഹൂദര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട മിശിഹ യേശു ആയിരുന്നു. ആ പുണ്യാത്മാവിനെ പക്ഷേ, ജൂതപുരോഹിതര്‍ തള്ളിപ്പറഞ്ഞു. ഒടുവില്‍ കുരിശിലേറ്റാനും ഉദ്യുക്തരായി. യേശു അന്ത്യനാളിനോടടുത്ത് പുനരാഗമനം ചെയ്യുമെന്ന് ക്രൈസ്തവരും മുസ്‌ലിംകളില്‍ വലിയൊരു വിഭാഗവും വിശ്വസിക്കുന്നു. യേശുവിന്റെ പുനരാഗമനത്തിനു മുമ്പ് ലോകത്താകെ നാശം വിതച്ചുകൊണ്ട് സഞ്ചരിക്കുന്ന അന്തിക്രിസ്തു, അഥവാ ദജ്ജാലാണ് യഹൂദര്‍ പ്രതീക്ഷിക്കുന്ന മിശിഹാ. ഈ പെരും കള്ളന്റെ (ദജ്ജാല്‍ എന്ന അറബി പദത്തിന്റെ അര്‍ഥമതാണ്) കഥകഴിക്കുകയാണ് വീണ്ടും ഭൂമിയിലെത്തുന്ന യേശുവിന്റെ പ്രധാന ദൗത്യം എന്നാണ് മുസ്‌ലിം വിശ്വാസം. പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഒരു മാര്‍പാപ്പ യേശുവിനെ കുരിശിലേറ്റിയ പാപത്തില്‍നിന്ന് ജൂതരെ മുക്തരാക്കിക്കൊടുത്തു! അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ വന്‍ശക്തികളുടെ മേല്‍ സയണിസ്റ്റുകള്‍ക്കുള്ള സ്വാധീനമാണ് വത്തിക്കാനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. എന്നാല്‍, മിശിഹായെ അനന്തമായി കാത്തിരിക്കാന്‍ ക്ഷമയോ നേരമോ ഇല്ലാത്ത ജൂതര്‍ ഇപ്പോള്‍തന്നെ അവസാനത്തെ ഫലസ്ത്വീന്‍കാരനെയും ജറൂസലമില്‍നിന്ന് പുറംതള്ളി, മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയും മൂന്ന് പുണ്യ ആരാധനാലയങ്ങളിലൊന്നുമായ മസ്ജിദുല്‍ അഖ്‌സ്വാ തകര്‍ത്ത് തദ്സ്ഥാനത്ത് പുരാതന ദേവാലയം പുനര്‍നിര്‍മിക്കാനുള്ള പുറപ്പാടിലാണ്.

ജുമുഅ നമസ്‌കാരത്തിന്  മുമ്പായി ഞങ്ങള്‍ അല്‍ അഖ്‌സ്വാ പള്ളിയിലെത്തി. എന്തെന്നില്ലാത്ത ഒരനുഭൂതിയായിരുന്നു, നബി തിരുമേനിയുടെയും ഖലീഫ ഉമര്‍ മുതല്‍ക്കുള്ള ഖലീഫമാരുടെയും പാദസ്പര്‍ശംകൊണ്ട് അനുഗൃഹീതമായ അല്‍ അഖ്‌സ്വാ പരിസരത്ത് കാലെടുത്തുവെക്കുേമ്പാള്‍. ഞങ്ങളെത്തുന്നതിന്റെ തലേ വെള്ളിയാഴ്ചയും അതിനു മുമ്പത്തെ ആഴ്ചയും ജുമുഅ മുടങ്ങിയിരുന്നു. ഇസ്രയേല്‍ പോലീസിന്റെ നിരോധനാജ്ഞയായിരുന്നു കാരണം. അതിനാല്‍ നല്ല തിരക്കനുഭവപ്പെട്ടു. ടൂറിസ്റ്റുകളായിരുന്നു വലിയൊരു വിഭാഗം. തദ്ദേശീയര്‍ക്കുള്ള വിലക്ക് നടേ സൂചിപ്പിച്ചുവല്ലോ. ഖത്വീബ് ഇസ്രയേല്‍ ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരെ ആഞ്ഞടിച്ചു. നിരന്തരമായ പോലീസ് വിലക്കോ ക്രൂരകൃത്യങ്ങളോ ഒന്നും അദ്ദേഹത്തെ തരിമ്പും കുലുക്കിയതായി തോന്നിയില്ല. ജുമുആനന്തരം അദ്ദേഹത്തെ ഹസ്തദാനം ചെയ്ത് കുശലം പറഞ്ഞു. ഉച്ചക്കുശേഷം യേശു പിറവിയെടുത്തതായി വിശ്വസിക്കപ്പെടുന്ന ബെത്‌ലഹേം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ മാതാവ് മഹതി മര്‍യമിന്റേതെന്ന് കരുതപ്പെടുന്ന കുടീരവും കണ്ടു. 

അല്‍ അഖ്‌സ്വാ പള്ളിക്ക് സമീപമുള്ള മഖ്ബറകളിലൊന്നിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര  നായകന്‍ മൗലാനാ മുഹമ്മദലി ജൗഹര്‍ അടക്കം ചെയ്യപ്പെട്ടത്. ലണ്ടനില്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കവെ സ്വതന്ത്ര ഇന്ത്യയിലേക്കല്ലാതെ താന്‍ മടങ്ങില്ലെന്നും അതിനുമുമ്പ് മരണപ്പെട്ടാല്‍ ബൈത്തുല്‍ മഖ്ദിസില്‍ ഖബ്‌റടക്കണമെന്നും ആ ധീര സമരസേനാനി വസ്വിയ്യത്ത് ചെയ്തിരുന്നു. അന്ന് ബ്രിട്ടന്റെ അധീനതയിലായിരുന്ന ഖുദ്‌സില്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കപ്പെട്ടത് അങ്ങനെയാണ്. ഇബ്‌റാഹീം നബിയുടെ പേരില്‍ അറിയപ്പെടുന്ന അല്‍ഖലീല്‍ -അവിടെയാണ് ഫലസ്ത്വീന്‍ അതോറിറ്റിയുടെ ആസ്ഥാനം- കൂടി സന്ദര്‍ശിച്ചശേഷം യേശുവിന്റെ തിരുപ്പിറവി നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന ബെത്‌ലഹേം (ബൈതുല്ലഹം) നടന്നുകണ്ടു. പിന്നെ ശവക്കടല്‍ കാണാന്‍ പോയി. ഉപ്പുവെള്ളത്തിനും ശുദ്ധജലത്തിനും പകരം ഫോസ്‌ഫേറ്റിന്റെ അംശം വളരെ കൂടിയ ഒരു തടാകം പോലെയാണ് ഡെഡ് സീ. സ്വവര്‍ഗഭോഗികളായ സോദോം നിവാസികളെ നേര്‍വഴിക്ക് നയിക്കാന്‍ നിയുക്തനായ ലോത്ത് പ്രവാചകന്‍ രാപ്പകല്‍ ഉപദേശിച്ചിട്ടും പരസ്യമായ ദുഷ്‌കൃത്യങ്ങളില്‍നിന്ന് സോദോംകാര്‍ വിരമിക്കാന്‍ തയാറില്ലാത്തതിനാല്‍ ദൈവം നിയോഗിച്ചയച്ച മാലാഖമാര്‍ അടിമേല്‍ അട്ടിമറിച്ചതാണ് സോദോം ഇങ്ങനെയാവാന്‍ കാരണമെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും വിശ്വസിക്കുന്നു. ഇംഗ്ലീഷില്‍ Sodomy എന്ന് സ്വവര്‍ഗരതിക്ക് പേര്‍ വീഴാന്‍ കാരണവും അതത്രെ. വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണിവിടം. ധാരാളം പേര്‍ കടലില്‍ മുങ്ങാതെ മലര്‍ന്നുകിടക്കുന്നത് കണ്ടു. ഞങ്ങളുടെ കൂട്ടത്തിലും ചിലര്‍ പരീക്ഷണത്തിനിറങ്ങി. ഇസ്രയേലിന്റെ തലസ്ഥാനമായ തെല്‍അവീവ് വരെ യാത്ര തുടര്‍ന്നു. വഴിയില്‍ തുറമുഖ നഗരമായ യാഫയും കണ്ടു. മധ്യധരണ്യാഴിയുടെ തീരത്താണ് യാഫ. റോഡിനിരുവശവും വിശാലമായ കൃഷിയിടങ്ങളാണ്. ഒലീവാണ് മുഖ്യ കൃഷി. കാര്‍ഷിക രംഗത്ത് ഏറെ മുന്നോട്ടുപോയ രാജ്യമാണ് ഇസ്രയേല്‍.

ഈജിപ്തിനെ ലക്ഷ്യംവെച്ചായിരുന്നു തുടര്‍യാത്ര. സീനായ് വഴിവേണം സൂയസ് കനാലിലും തുടര്‍ന്ന് ഈജിപ്തിലുമെത്താന്‍. സീനായില്‍ പലേടങ്ങളിലായി ആള്‍പ്പാര്‍പ്പുണ്ടെങ്കിലും വലിയൊരു ഭാഗം മരുഭൂമിയാണ്. മൂസായും ഹാറൂനും പന്ത്രണ്ടു ഗോത്രങ്ങളടങ്ങിയ ഇസ്രയേല്‍ സന്തതികളെ ഫറോവയുടെ പീഡനത്തില്‍നിന്ന് രക്ഷപ്പെടുത്തിയത് സീനായിലേക്കായിരുന്നു. ജന്മദേശമായ ഫലസ്ത്വീനായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും അവിടെ വാസമുറപ്പിച്ചിരുന്ന അസീറിയക്കാരോട് യുദ്ധം ചെയ്യാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് പറഞ്ഞുടക്കിയ ഇസ്രായേല്യരെ നാല്‍പത് കൊല്ലക്കാലം സീനായില്‍തന്നെ കഴിയാന്‍ ദൈവം ശപിക്കുകയായിരുന്നു എന്നാണ് വേദങ്ങളില്‍ പറയുന്നത്. അതിനിടയില്‍ ദൈവത്തിന്റെ വിളികേട്ട് തൗറാത്ത് വാങ്ങാന്‍ മൂസാ ത്വൂര്‍സീനാ പര്‍വത താഴ്‌വരയിലെത്തിയതും അദ്ദേഹം അവിടെവെച്ച് പത്തുകല്‍പനകള്‍ ഉള്‍പ്പെടുന്ന തൗറാത്ത് ഏറ്റുവാങ്ങിയതും വിശുദ്ധ ഖുര്‍ആനും പാഠഭേദത്തോടെ ബൈബിളും പ്രതിപാദിച്ചിട്ടുണ്ട്. നേരത്തേ പത്തു വര്‍ഷത്തോളം മദ്‌യനില്‍  പ്രവാസിയായി കഴിഞ്ഞ മൂസാ കുടുംബസമേതം ഈജിപ്തിലേക്ക് മടങ്ങവെ അതിശൈത്യമുള്ള രാത്രിയില്‍ വെളിച്ചം കണ്ട ദിക്ക് ലാക്കാക്കി പോയതും അവിടെവെച്ച് ദിവ്യബോധനം ലഭിച്ചതുമുണ്ട് സവിസ്തരം ഖുര്‍ആനില്‍. സീനായില്‍ ഇപ്പോഴും ആ ചരിത്രപ്രദേശം സംരക്ഷിക്കപ്പെടുന്നു. പക്ഷേ, ഏതാനും ഇടയന്മാരല്ലാതെ പരിസരത്താരെയും കണ്ടില്ല. മൂസാ ദിവ്യശബ്ദം കേട്ട മരത്തിന്റെ സ്ഥാനത്ത് ഒരു മരവും കാണാം. സീനായ് വഴി സൂയസ് കനാലിലെത്തുമ്പോള്‍ രാത്രിയായി. ചെക്ക്‌പോസ്റ്റ് കടന്നുവേണം തുരങ്കംവഴി അക്കരെയെത്താന്‍. വലിയ പ്രയാസങ്ങളൊന്നുമില്ലാതെ കയ്‌റോയിലേക്കുള്ള പാതയിലെത്തി. ഇസ്രയേലിലൂടെയുള്ള യാത്ര താരതമ്യേന പ്രയാസരഹിതമായിരുന്നു. ഞങ്ങള്‍ ഇന്ത്യക്കാരായതുകൊണ്ടാവാം ചെക്ക്‌പോസ്റ്റുകളിലെ ജീവനക്കാര്‍ സൗഹൃദപൂര്‍വം പെരുമാറി. 

1993 ജൂണില്‍ ബംഗ്ലാദേശും 2007 ഫെബ്രുവരിയില്‍ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചതാണ് മറ്റ് യാത്രാനുഭവങ്ങള്‍. ഇതിനവസരമൊരുക്കിയത് കുവൈത്ത് സകാത്ത് ഹൗസാണ്. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ മുഖേന അനാഥശാലകള്‍ ഉള്‍പ്പെടെ ചില സേവന പദ്ധതികള്‍ സകാത്ത് ഹൗസ് നടപ്പാക്കിയിരുന്നു (ഇപ്പോഴുമത് ഭാഗികമായി തുടരുന്നുണ്ട്). പദ്ധതി നടത്തിപ്പുകാരുടെ പ്രാദേശിക വര്‍ക്‌ഷോപ്പുകളില്‍ പങ്കെടുക്കാനാണ് മേല്‍പറഞ്ഞ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിടവന്നത്. കണ്ടതില്‍ ഏറ്റവും ശുചിത്വമുള്ള മനോഹര നഗരം സിംഗപ്പൂര്‍ തന്നെ. മലേഷ്യയും താരതമ്യേന ഭേദമാണ്. ബംഗ്ലാദേശും ഇന്തോനേഷ്യയുമാകട്ടെ ജനത്തിരക്കും ദാരിദ്ര്യവുംമൂലം വീര്‍പ്പുമുട്ടുന്ന നാടുകളും. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍