Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 29

3095

1440 റജബ് 21

നെടുകെയും കുറുകെയും കീറി മുറിവുണങ്ങാതെ

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[യാത്ര-3 ]

സരയാവോ നഗരം വിട്ട് ബോസ്‌നിയന്‍ ഗ്രാമങ്ങളിലേക്കാണ് ഞങ്ങളുടെ യാത്ര. ജനല്‍പ്പുറക്കാഴ്ചയില്‍നിന്ന് ബഹുനില കെട്ടിടങ്ങളും വാണിജ്യ കേന്ദ്രങ്ങളും നിയോണ്‍ പരസ്യപ്പലകകളും മാഞ്ഞ് കൃഷിഭൂമികളും പച്ചിലക്കാടുകളും പുല്‍മേടുകളും തെളിഞ്ഞുവന്നു. ഏറെ ദൂരം പോകും മുമ്പേ പാതയോരത്തെ ഒരു ബോര്‍ഡില്‍ 'റിപ്പബ്ലിക് ഓഫ് സ്‌റബ്‌സകയിലേക്ക് സ്വാഗതം' (Welcome to Republic of Srpska) എന്ന് ലാറ്റിന്‍ ലിപിയിലും സിറിലിച്ച് ലിപിയിലും എഴുതിവെച്ചിരിക്കുന്നു. കൈയില്‍ കരുതിയ ബോസ്‌നിയന്‍ ഭൂപടം നിവര്‍ത്തി ഞാനതില്‍ അതിര്‍ത്തികള്‍ പരതി. ഭൂപടത്തില്‍ രാഷ്ട്ര അതിരുകള്‍ അടയാളപ്പെടുത്തിയ കട്ടികൂടിയ കറുത്ത രേഖകള്‍ കൂടാതെ ബോസ്‌നിയയെ അകമേ പങ്കുവെക്കുന്ന കനം കുറഞ്ഞ രേഖകളും വരച്ചുവെച്ചിരിക്കുന്നു. അവക്കിരു പുറങ്ങളിലായി 'ഫെഡറേഷന്‍ ഓഫ് ബോസ്‌നിയ ഹെര്‍സഗോവിന'യും 'റിപ്പബ്ലിക് ഓഫ് സ്‌റബ്‌സ്‌ക'യും. മൂന്നര വര്‍ഷക്കാലം നീണ്ടുനിന്ന കൂട്ടക്കുരുതികള്‍ക്ക് ബോസ്‌നിയന്‍ മണ്ണില്‍ തീയടങ്ങുമ്പോള്‍ രാഷ്ട്രദേഹം മുഴുവന്‍ കീറിമുറിക്കപ്പെട്ടിരുന്നു. യൂറോ-അമേരിക്കന്‍ ശക്തികള്‍ തയാറാക്കിയ സമാധാന കുറിപ്പടി, രാജ്യത്തെ നെടുകയും കുറുകെയും കീറി  ഒരിക്കലും ഉണങ്ങാത്ത മുറിവില്‍ ഒരല്‍പം ശമനതൈലം പോലും പുരട്ടാതെ നേര്‍ത്തൊരു നൂലില്‍ തുന്നി ആഗോള അതിജീവനത്തിന്റെ മത്സരക്കളത്തിലേക്ക് സ്വതന്ത്ര ബോസ്‌നിയയെ എടുത്തെറിഞ്ഞു. രാഷ്ട്രഭൂമിയുടെ 51 ശതമാനം ഭാഗം ബോസ്‌നിയാക്കുകള്‍ക്കും ക്രോട്ടുകള്‍ക്കും സംയുക്താധികാരമുള്ള ഫെഡറേഷനായും, ബാക്കി സെര്‍ബ് വംശജരുടെ അധികാര പരിധിയില്‍ വരുന്ന റിപ്പബ്ലിക്കായും, അതിലൊന്നും പെടാത്തൊരു കൊച്ചു ദേശമായ 'ബ്‌റഷ്‌ക' സ്വയംഭരണാധികാര പ്രദേശമായും ബോസ്‌നിയ അകമേ വിഭജിക്കപ്പെട്ടു. രാജ്യത്തിന് മൂന്ന് പ്രസിഡന്റുമാരും; ഒരാള്‍ ബോസ്‌നിയാക്, മറ്റൊരാള്‍ ക്രോട്ട്. മൂന്നാമതൊരാള്‍ സെര്‍ബ്. മൂന്നു പേര്‍ക്കും വീറ്റോ അധികാരമുള്ള പ്രസിഡന്‍സി കൗണ്‍സിലിന് ഓരോ എട്ട് മാസക്കാലത്തേക്ക് ഒരാള്‍ ചെയര്‍മാന്‍. നാലു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വംശം തിരിഞ്ഞ് മത്സരിക്കുന്ന സ്ഥാനാര്‍ഥികളും പോരടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും. 

ഭരണസഭകളിലെ വംശപ്രാതിനിധ്യത്തിന്റെ അനുപാതക്കണക്കുകളോ ഭരണനിര്‍വഹണത്തിന്റെ സങ്കീര്‍ണതകളോ ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കുന്ന നടപടിക്രമങ്ങളോ ഒന്നും സാധാരണ ബോസ്‌നിയക്കാര്‍ക്ക് ഇന്നും ഏറെയൊന്നും ഗ്രാഹ്യമായിട്ടില്ല. അവര്‍ക്കറിയാവുന്നത് സെര്‍ബിയയിലേക്ക് നോക്കി നില്‍ക്കുന്നൊരാളും ക്രൊയേഷ്യയിലേക്ക് തിരിഞ്ഞിരിക്കുന്ന മറ്റൊരാളും എങ്ങുമേ നോക്കാനില്ലാത്ത വേറൊരാളും തുഴയുന്ന വഞ്ചിയില്‍ ജീവിതാഗ്രഹങ്ങള്‍ നിവര്‍ത്തിക്കാനുള്ള സങ്കടപ്പാടുകള്‍ മാത്രം. 

'യൂഗോസ്ലാവ്യ പടിഞ്ഞാറന്‍ താല്‍പര്യങ്ങള്‍ക്കു വേണ്ടി തകര്‍ക്കപ്പെടുകയായിരുന്നു എന്ന് കേള്‍ക്കുന്നുണ്ടല്ലോ'- ഞാന്‍ ഡാനിയെ ചരിത്രത്തിലേക്ക് ക്ഷണിച്ചു.

'പൂര്‍ണമായും ശരിയാവണമെന്നില്ല. എങ്കിലും ചില സത്യങ്ങളുണ്ട്. കമ്യൂണിസം യൂറോപ്പില്‍ ക്ഷീണിച്ചുതുടങ്ങിയിരുന്നു. ടിറ്റോയുടെ ഭരണനൈപുണ്യത്തില്‍ മാത്രം അതിജയിച്ച യൂഗോസ്ലാവ്യക്ക് അദ്ദേഹത്തിനു ശേഷം ശൈഥില്യം അനിവാര്യവുമായിരുന്നു. ആ കലങ്ങിയ കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു പടിഞ്ഞാറന്‍ മുതലാളിത്തം. അതിനവര്‍ക്ക് കൃത്യമായ അജണ്ടകളുമുണ്ടായിരുന്നു.'

ഡാനിയുടെ മാതാപിതാക്കള്‍ കമ്യൂണിസ്റ്റുകാരായിരുന്നു. സാമൂഹിക ബന്ധങ്ങളെ മാറോട് ചേര്‍ത്തുപിടിച്ച് ജീവിച്ചവര്‍. പാര്‍ട്ടിയുടെ  നേതൃസ്ഥാനങ്ങളില്‍ വരെയെത്തിയെങ്കിലും പിന്നീട് പാര്‍ട്ടിയില്‍ വളര്‍ന്നുവന്ന ഏകാധിപത്യ പ്രവണതകളിലും സ്വജനപക്ഷപാതിത്വത്തിലും മനംനൊന്ത് സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. അക്കാലത്ത് നിരാശരും  നിശ്ശബ്ദരുമായ അനേകം കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം അവരും പാര്‍ട്ടിയുടെ മുഖ്യധാരയില്‍നിന്ന് ഓരങ്ങളിലേക്ക് തുരത്തപ്പെട്ടു.

ഹരിതസുന്ദരമായ ഭൂപ്രകൃതി ആസ്വദിച്ചും ബോസ്‌നിയയുടെ ഭൂതവര്‍ത്തമാന വിശേഷങ്ങള്‍ വിസ്തരിച്ചും ഞങ്ങള്‍ ഗ്രാമവീഥികളിലൂടെ യാത്ര തുടര്‍ന്നു. ദൂരെ മലമുകളിലൊരു ഗ്രാമത്തില്‍ 'സയോ' ഞങ്ങളെയും കാത്തിരിപ്പുണ്ട്. കാടുമൂടിയ മലകളും പുല്‍മെത്ത വിരിച്ച മലഞ്ചെരിവുകളും സ്ഫടിക സമാനമായ കാട്ടാറുകളും കടന്ന് ഞാന്‍ 'സയോ'യുടെ ഗ്രാമത്തിലെത്തി. കൊണിയിച്ച് പ്രവിശ്യയിലെ 'ബോര്‍ഷി'. കൃഷിയിടങ്ങളും ഫലവൃക്ഷത്തോട്ടങ്ങളും മേച്ചില്‍പ്പുറങ്ങളും ചുറ്റി നീളുന്ന ഗ്രാമപാതയില്‍നിന്ന് ഞങ്ങള്‍ മലഞ്ചെരിവിലൊരു തോട്ടത്തിലേക്ക് കയറി. കായ്ച്ചുനില്‍ക്കുന്ന പ്ലം മരങ്ങളുടെ നിര അതിര്‍ത്തി തിരിച്ച കൃഷിഭൂമിയില്‍ തേച്ചുമിനുക്കാത്ത ഇഷ്ടികക്കല്ലുകള്‍ കൊണ്ട് ചുമരുകള്‍ കെട്ടിയ വീട്. ഗൃഹനാഥന്‍ സയോയും ഭാര്യ അനീസയും ഞങ്ങളെ സ്വീകരിക്കാനെത്തി. പന്തലിച്ചുനില്‍ക്കുന്ന വാല്‍നെട്ട് മരങ്ങളും പ്ലം മരങ്ങളും തണല്‍വിരിച്ച വീട്ടുമുറ്റത്തെ ഒരു കോണിലെ പഴകിയ കസേരകളിലിരുന്ന്് ഞങ്ങള്‍ പൂര്‍വ പരിചിതരെ പോലെ സംസാരിച്ചുതുടങ്ങി. പദശൈലീസാമ്യതകള്‍ ഒട്ടുമില്ലാത്ത രണ്ടു ഭാഷകളിലുള്ള വര്‍ത്തമാനങ്ങള്‍ പലപ്പോഴും ഡാനിയുടെ പരിഭാഷക്ക് കാത്തുനില്‍ക്കാതെ ഞങ്ങളുടെ ശരീരഭാഷകള്‍ തന്നെ ഭാഷാന്തരം ചെയ്തു. മധ്യവയസ്‌കരെങ്കിലും ജീവിത പ്രാരാബ്ധങ്ങളില്‍ ചുളുങ്ങിപ്പോയ മുഖപേശികള്‍ ആ ദമ്പതികള്‍ക്ക് ഉള്ളതിലേറെ പ്രായം തോന്നിച്ചിരുന്നെങ്കിലും അവരുടെ കണ്ണുകളില്‍ യുവത്വത്തിന്റെ പ്രസരിപ്പ് കാണാമായിരുന്നു. യുദ്ധകാലത്ത് സയോ ലിബിയയിലായിരുന്നു. അനീസയും പറക്കമുറ്റാത്ത ഒരു പിഞ്ചു കുഞ്ഞും മാത്രമായിരുന്നു ഗ്രാമവീട്ടില്‍ താമസം. വംശീയ അധിനിവേശത്തിന്റെ ആദ്യകാലത്തു തന്നെ കൊണിയിച്ച് പ്രവിശ്യയിലും ബോര്‍ഷിലും സെര്‍ബ് ഷെല്ലുകള്‍ ഇടമുറിയാതെ വര്‍ഷിച്ചുതുടങ്ങി. തീയും പുകയും വെടിയൊച്ചകളും പൊട്ടിത്തെറികളും. ഗ്രാമം എരിഞ്ഞുതുടങ്ങിയതോടെ അനീസ കുഞ്ഞിനെയും കൊണ്ട് ബോര്‍ഷില്‍നിന്ന് ദൂരെ ഒരു ബന്ധുവീട്ടിലേക്ക് ഒളിച്ചുകടന്നു. മരണം പതിയിരുന്ന തീവഴികളിലൂടെ തന്റെ ജീവിതപ്രതീക്ഷകള്‍ അണയാതെ പിടിച്ച് അവര്‍ നടത്തിയ പലായനവിശേഷങ്ങള്‍ ദുഃസ്വപ്‌നങ്ങളായെത്തി ഇന്നും അവരെ വിളിച്ചുണര്‍ത്താത്ത രാത്രികളില്ല. ഭാര്യയുടെയും മകളുടെയും വിവരങ്ങളറിയാതെ, നാട്ടിലേക്ക് മടങ്ങാനാവാതെ യുദ്ധാന്ത്യം വരെ സയോ ലിബിയന്‍ മരുഭൂമിയില്‍ ഓടിനടന്നു. യുദ്ധാനന്തര ബോസ്‌നിയയില്‍ ബോര്‍ഷി, മുസ്‌ലിംകളുടെയും ക്രോട്ടുകളുടെയും അധികാര പരിധിയിലുള്ള ഫെഡറേഷനില്‍ വന്നുപെട്ടു. അഗ്നി പെയ്‌തൊഴിഞ്ഞ ഗ്രാമത്തിലേക്ക് തിരികെയെത്തിയ ഗ്രാമവാസികളെ എതിരേറ്റത് എരിഞ്ഞടങ്ങിയ കൃഷിയിടങ്ങളും പൊളിഞ്ഞുവീണ വീടുകളും ചത്തൊടുങ്ങിയ കന്നുകാലികളും മാത്രം.

സയോ തന്റെ ലിബിയന്‍സമ്പാദ്യങ്ങള്‍ ഒക്കെയും പെറുക്കി പുതിയൊരു ഭൂമി വാങ്ങി എല്ലാം ഒന്നില്‍നിന്ന് തുടങ്ങി.

'ഇനിയൊരിക്കലും ഇവരെ വിട്ടുപോകില്ലെന്ന് ഞാന്‍ അന്ന് ശപഥം ചെയ്തതാണ്'- സയോ അനീസയെയും മക്കളെയും നോക്കി.

'ഈ ഭൂമി ഒരു സെര്‍ബ് വംശജനില്‍നിന്ന് ഞങ്ങള്‍ വാങ്ങിയതാണ്'- അനീസ വിവരിച്ചു. യുദ്ധകാലത്ത് ബോസ്‌നിയയുടെ സിംഹഭാഗവും സെര്‍ബ് അധിനിവേശത്തിനു കീഴിലായിരുന്നു. ജനസംഖ്യയുടെ മുപ്പതു ശതമാനം മാത്രമുള്ളവര്‍ രാജ്യത്തിന്റെ എഴുപതു ശതമാനം ഭൂമിയും കൈപ്പിടിയിലാക്കി. അന്നവര്‍ കടന്നുകയറിയ മണ്ണിലെ മുസ്‌ലിം വംശജരെയൊക്കെ തുരത്തിയോടിക്കുകയോ കൊന്നൊടുക്കുകയോ പീഡന ക്യാമ്പുകളിലെ കൊടും ക്രൂരതകളിലേക്ക് തള്ളിവിടുകയോ ചെയ്തു. പള്ളികള്‍ തകര്‍ത്തു, മുസ്‌ലിംകളുടെ ഭൂമിയും സമ്പത്തുമെല്ലാം തങ്ങളുടേതായി സ്വയം പ്രഖ്യാപിച്ച് കൈവശം വെച്ചു. സെര്‍ബ് പട്ടാളക്കാര്‍ക്കൊപ്പം മഹാ ഭൂരിപക്ഷം സെര്‍ബ് സാധാരണക്കാരും ഈ കൊടും ക്രൂരതക്കായി കൈകോര്‍ത്തു. യുദ്ധാനന്തര കരാറനുസരിച്ച് പുതിയ അതിര്‍ത്തികള്‍ വരക്കപ്പെട്ടതോടെ ഫെഡറേഷന്റെ അധികാരപരിധിയിലുള്ള ഭൂമിയില്‍നിന്ന് പ്രതിക്രിയ പേടിച്ച് സെര്‍ബുകള്‍ റിപ്പബ്ലിക് പ്രദേശത്തേക്ക് ഒഴിച്ചുപോക്ക് തുടങ്ങി. റിപ്പബ്ലിക് ഭാഗത്തേക്ക് ഓടിപ്പോയ ഒരു സെര്‍ബ് വംശജന്റെ കൃഷിഭൂമിയാണ് സയോ മാന്യമായ വില നല്‍കി സ്വന്തമാക്കിയത്.

'ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഈ ഭൂമിയൊക്കെ കൈയേറി സ്വന്തമാക്കാമായിരുന്നു. പക്ഷേ ഞങ്ങള്‍ അവര്‍ക്ക് ചോദിച്ച പണം നല്‍കി. നമുക്കവകാശപ്പെടാത്തത് ഉപയോഗിക്കാന്‍ അല്ലാഹു അനുവാദം തന്നിട്ടില്ലല്ലോ'- സയോ മുകളിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി, കരങ്ങളും. 

'അവരിടക്കിടെ ഇവിടെ വരാറു്. ഞങ്ങള്‍ കാപ്പി കുടിച്ച് വര്‍ത്തമാനം പറഞ്ഞിരിക്കും'- അനീസ കൂട്ടിച്ചേര്‍ത്തു. 

'പഴയ സംഭവങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടോ?'

'ഇല്ല. ഞങ്ങള്‍ക്ക് പങ്കുവെക്കാന്‍ പുതിയകാല പ്രശ്‌നങ്ങള്‍ തന്നെ ധാരാളമുണ്ടല്ലോ'. യുദ്ധാനന്തര ബോസ്‌നിയന്‍ ജനത വംശവ്യത്യാസമില്ലാതെ അനുഭവിക്കുന്ന ജീവിതപ്രശ്‌നങ്ങള്‍.

വെള്ളിയാഴ്ചയാണ്. ജുമുഅ നമസ്‌കാരത്തിന് അയല്‍ഗ്രാമത്തിലെ 'ജാമിഅ'യിലേക്ക് പോകാനുള്ള ഒരുക്കത്തിനായി ഞങ്ങള്‍ വീട്ടിലേക്കു കയറി. ചെറുതെങ്കിലും വൃത്തിയായി സൂക്ഷിച്ച വീടിന്റെ താഴെ നിലയില്‍ ഒരു കുഞ്ഞു സ്വീകരണമുറിയും അടുക്കളയും കുളിമുറിയും. മുകളില്‍ രണ്ട് കിടപ്പു മുറികള്‍. ഭൂമിയുടെ ചെരിവ് ഉപയോഗപ്പെടുത്തി അടുക്കളയുടെ താഴെ പണിത മുറിയില്‍ കൃഷി ഉപകരണങ്ങളും വിറകും സൂക്ഷിച്ചിരിക്കുന്നു. മലഞ്ചെരിവുകള്‍ ഇടിച്ചുനിരപ്പാക്കാതെ ഭൂമിയുടെ പ്രതല വക്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിര്‍മിതികളാണ് ബോസ്‌നിയന്‍ മലയോരങ്ങളില്‍ ഏറെയും.

അനീസ ഉച്ചഭക്ഷണമൊരുക്കാനുള്ള തയാറെടുപ്പിലാണ്. വലിയ കഷ്ണങ്ങളായി മുറിച്ച മാട്ടിറച്ചി അടുക്കളയില്‍ വേവിക്കാനിട്ട് 'പിത്ത'യുണ്ടാക്കാനുള്ള മാവും ഉരുളക്കിഴങ്ങുമായി അവര്‍ മുറ്റത്തേക്കിറങ്ങി. മരത്തണലിലെ കസേരയിലിരുന്ന് മക്കളോടൊപ്പം ഉരുളക്കിഴങ്ങും പച്ചക്കറികളും കൊത്തിനുറുക്കി തുടങ്ങി.

'നമുക്ക് പള്ളിയിലേക്കു പോകാം.' ഇസ്തിരിയിടാത്ത ചുളുങ്ങിയ മുറികൈയന്‍ കുപ്പായവും നീളന്‍ പാന്റ്‌സുമിട്ട് സയോ എന്നെ വിളിച്ചു. മലയടിവാരത്തിലുള്ള 'ഗ്ലവാറ്റിഷേവോ' ഗ്രാമത്തിലെ ജുമാ മസ്ജിദിലേക്ക് ഞങ്ങള്‍ ബോര്‍ഷില്‍നിന്ന് ചുരമിറങ്ങി. ഓക്കും  പൈനും നിറഞ്ഞ കാട്ടിലൂടെ വളഞ്ഞു തിരിഞ്ഞ് താഴോട്ടു നീളുന്ന പാതയില്‍ ഇളകിനില്‍ക്കുന്ന ഉരുളന്‍ കല്ലുകളും വീണുകിടക്കുന്ന മരക്കമ്പുകളും വെട്ടിച്ച് ഒരഭ്യാസിയെപ്പോലെ മിരാളം ഞങ്ങളുടെ വാഹനം നിയന്ത്രിച്ചു. വഴിയരികില്‍ പളുങ്കുമണികള്‍ ചിതറി ചിലങ്കകള്‍ കൊട്ടി താഴ്‌വരയിലേക്കൊഴുകുന്ന 'നെരെത്‌വ' നദി. ആഴം കുറഞ്ഞ തെളിനീരൊഴുക്കില്‍ പുഴക്കടിയിലെ കറുപ്പും വെളുപ്പും ചുവപ്പും വര്‍ണങ്ങളിലുള്ള ഉരുളന്‍കല്ലുകള്‍ ഒരു ചില്ലുപാളിയുടെയെന്ന പോല്‍ തെളിഞ്ഞുകാണാമായിരുന്നു. താഴെ നദിക്കരയില്‍ കായ്ച്ചുനില്‍ക്കുന്ന ബെറിച്ചെടികള്‍ക്കും ആപ്പിള്‍ മരങ്ങള്‍ക്കും ചാരെ ആകാശം നോക്കിനില്‍ക്കുന്ന മിനാരവുമായി ഒരു കൊച്ചുപള്ളി.

'ഇത് ഈ പള്ളിയുടെ മൂന്നാം ജന്മമാണ്'- ഡാനി പള്ളിയുടെ ജീവചരിത്രം പറഞ്ഞു. ഉസ്മാനിയ രാജാക്കന്മാരുടെ നിര്‍മിതിയായിരുന്നു ആദ്യം. ആ പ്രൗഢിയാര്‍ന്ന വാസ്തുഭംഗി പക്ഷേ ആസ്‌ത്രോ- ഹംഗേറിയന്‍ കാലത്ത് തകര്‍ക്കപ്പെട്ടു. പിന്നീട് പുനര്‍നിര്‍മിക്കപ്പെട്ട പള്ളി ബോസ്‌നിയന്‍ യുദ്ധകാലത്ത് സെര്‍ബ് മിസൈലുകളും തകര്‍ത്തിട്ടു. മേല്‍ക്കൂരയും മിനാരവും തകര്‍ന്നുകിടന്ന പള്ളിക്കെട്ടിടം തീയിട്ടും മൈന്‍ വിതറിയും സെര്‍ബ് ഭീകരര്‍ പൂര്‍ണമായി നശിപ്പിച്ചു. യുദ്ധാനന്തരം ചാരത്തില്‍നിന്ന് ഒരിക്കല്‍കൂടി ഉയിര്‍ത്തെഴുന്നേറ്റുനില്‍ക്കുന്ന ദൈവഭവനമാണ് ഇപ്പോള്‍ എന്റെ മുന്നില്‍. മലയും പുഴയും പൂക്കളും പുല്ലും ഫലവൃക്ഷങ്ങളുമൊരുക്കുന്ന പ്രകൃതിസുന്ദരദൃശ്യങ്ങള്‍ പള്ളിമുറ്റത്തുനിന്ന് ആസ്വദിച്ചുകൊണ്ടിരുന്ന എന്നെ അലോസരപ്പെടുത്തിക്കൊണ്ട് ഡാനി ദൂരെ മലഞ്ചെരിവിലൊരിടത്തേക്ക് ചൂണ്ടി.

'അവിടെ ആ മലമറിയിലായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മുസ്‌ലിംകളുടെ ഒരു കൂട്ടക്കുഴിമാടം കണ്ടെത്തിയത്.' യുദ്ധകാലത്ത് സെര്‍ബുകള്‍ കൊന്നുതള്ളിയ നിരപരാധികളുടെ മൃതദേഹക്കൂട്ടങ്ങള്‍ മണ്ണിനടിയില്‍ ഇനിയുമെവിടെയൊക്കെ ബാക്കിനില്‍പ്പുണ്ടെന്നാര്‍ക്കറിയാം! ഈ വിശ്വപ്രകൃതിയുടെ ദിവ്യസൗന്ദര്യം സാക്ഷിനില്‍ക്കെ മനുഷ്യനെങ്ങനെ ഇത്രയും ക്രൂരനാവാന്‍ കഴിഞ്ഞു! ഒന്നും ഒരു നിമിഷം കൊണ്ട് സംഭവിച്ചതല്ല. കാലങ്ങളായി കാതില്‍ ചൊല്ലിക്കൊടുത്ത വംശവിദ്വേഷത്തിന്റെ ദുര്‍മന്ത്രങ്ങളും വിശുദ്ധ കര്‍മമെന്ന് പഠിപ്പിച്ചെടുത്ത വംശവിശുദ്ധിക്കായുള്ള ഉന്മൂലന തന്ത്രങ്ങളും വിശ്വരൂപം പൂണ്ട് താണ്ഡവമാടുകയായിരുന്നു ഈ മണ്ണിലന്ന്.

പള്ളിമുറ്റത്ത് കൂടിനിന്ന് സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീകളും പുരുഷന്മാരും ബാങ്ക് വിളിച്ചതോടെ പള്ളിയിലേക്ക് കയറി. അകത്ത് താഴത്തെ നിലയില്‍ പുരുഷന്മാര്‍ക്കും മുകളിലെ തുറന്ന ബാല്‍ക്കണിയില്‍ സ്ത്രീകള്‍ക്കും പ്രാര്‍ഥനാസ്ഥലമൊരുക്കിയിരിക്കുന്നു. പച്ചപ്പരവതാനി വിരിച്ച പ്രാര്‍ഥനാ മുറിയിലെ ഒരു കോണില്‍ തുര്‍ക്കിഷ് മാതൃകയില്‍ കുത്തനെയുള്ള പടവുകളില്‍ തീര്‍ത്ത പ്രസംഗപീഠം. കറുത്ത മേലങ്കിയും വെളുത്ത തൊപ്പിയും ധരിച്ച ഖത്വീബ് മിമ്പറിന്റെ ഓരോ ചവിട്ടുപടിയിലും അല്‍പനേരം നിന്ന് പ്രാര്‍ഥനയോടെ മുകളിലേക്ക് കയറി ഖുത്വ്ബ തുടങ്ങി. ബോസ്‌നിയന്‍ ഭാഷയിലുള്ള ഖുത്വ്ബയുടെ രൂപഘടന പരിചിതമെങ്കിലും അയാളുടെ ചലന-പാരായണക്രമങ്ങള്‍ എനിക്കപരിചിതമായ ഏതോ കര്‍മനിയമങ്ങള്‍ പ്രകാരം ചിട്ടപ്പെടുത്തിയതായി അനുഭവപ്പെട്ടു. പ്രഭാഷണം കഴിഞ്ഞ് ഖത്വീബ് മിമ്പറിന്റെ താഴെ പിടിയിലേക്കിറങ്ങി. കഅ്ബക്കു നേരെ തിരിഞ്ഞുനിന്ന് പ്രാര്‍ഥന തുടങ്ങി. ഖത്വീബിനെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന വിശ്വാസികള്‍ ഭക്തിനിര്‍ഭരമായി ആമീന്‍ വിൡു.

ദുഷ്ജന്മങ്ങള്‍ ആവര്‍ത്തിച്ച് നിഗ്രഹിച്ചിട്ടും ദൈവഹിതം പോലെ പുനര്‍ജനിച്ചു വന്ന് ആകാശത്തേക്ക് ചൂണ്ടിനില്‍ക്കുന്ന പള്ളിമിനാരവും പിന്നെ താഴ്‌വരയില്‍നിന്ന് രക്തപുഷ്പങ്ങളുമായി സ്വര്‍ഗവാതില്‍ കടന്നുപോയ അനേകം ആത്മാക്കളും വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ ഞങ്ങളോട് കൂട്ടുചേര്‍ന്നിരിക്കാം.

നമസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ പള്ളിമുറ്റത്തേക്കിറങ്ങി. അവിടെ പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ വിശ്വാസികള്‍ക്ക് ഹസ്തദാനം ചെയ്തും ചിരിച്ചും കുശലം പറഞ്ഞും ഓടിനടക്കുന്ന ഒരു മധ്യവയസ്‌കനെയും അയാള്‍ക്കൊപ്പമുള്ള സ്ത്രീയെയും ഞാന്‍ ശ്രദ്ധിച്ചു. എന്നോടൊപ്പം പള്ളിവിട്ടിറങ്ങിയ സയോയുടെ അരികിലും അവരെത്തി എന്തൊക്കെയോ സംസാരിച്ചു പിരിഞ്ഞുപോയി.

'അവരാരാണ്?'

മറുപടിയൊന്നും പറയാതെ സയോ എന്റെ കൈപിടിച്ച് മിരാളമിന്റെയടുത്തെത്തി ബോസ്‌നിയന്‍ ഭാഷയിലെന്തോ പറഞ്ഞ് ഉറക്കെ ചിരിച്ചു.

'തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചു വന്നവരാണ്.' പള്ളിമുറ്റത്തെ അതിഥികളെക്കുറിച്ച് പറയുമ്പോള്‍ മിരാളമിന്റെയും സയോയുടെയും മുഖത്തെ ചിരി മാഞ്ഞുപോയിരുന്നില്ല.

'കഴിഞ്ഞ തവണ വോട്ട്‌വാങ്ങാന്‍ ആടുമായി വന്നവരുണ്ടായിരുന്നു. ഇത്തവണ പശുവിനെ കൊടുക്കുന്നവരുാേ എന്ന് അന്വേഷിക്കണമെന്നു പറഞ്ഞ് ചിരിച്ചതാണ്' മിരാളം അവരുടെ ചിരിയുടെ പിന്നാമ്പുറം വിശദീകരിച്ചു. ബോസ്‌നിയയില്‍ പൊതു തെരഞ്ഞെടുപ്പാണ്; പ്രസിഡന്‍സി കൗണ്‍സിലിലേക്കും ജനസഭയിലേക്കും പ്രതിനിധിസഭകളിലേക്കും ഫെഡറേഷന്റെയും റിപ്പബ്ലിക്കിന്റെയും ഭരണസഭകളിലേക്കുമൊക്കെ പല അടരുകളിലായി മൂന്ന് വംശം തിരിഞ്ഞ് നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പ്. ഭൂമുഖത്തെ ഏറ്റവും സങ്കീര്‍ണമായ തെരഞ്ഞെടുപ്പുപ്രക്രിയയും ഭരണസംവിധാനവും ബോസ്‌നിയ ഹെര്‍സഗോവിന എന്ന ഈ കൊച്ചുരാജ്യത്തിന് സ്വന്തം. ബോസ്‌നിയയില്‍ ഒരിക്കലും ഒരു ഭരണവും സംഭവിക്കരുതെന്ന് ഉടമ്പടിയെഴുതിയ കൗശലക്കാര്‍ക്ക് നിര്‍ബന്ധമുായിരിക്കാം.

യുദ്ധാനന്തരം ബോസ്‌നിയയില്‍ അരങ്ങേറിയ പ്രഥമ പൊതുതെരഞ്ഞെടുപ്പില്‍ എണ്‍പത് ശതമാനത്തോളം പേരും പോളിംഗ് ബൂത്തിലെത്തിയിരുന്നു. അന്ന്, അലിയാ ഇസ്സത്ത് ബെഗോവിച്ച് ബോസ്‌നിയാക്കുകളുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് എണ്‍പത്താറു ശതമാനം വോട്ട് നേടിയായിരുന്നു.

കാലം കടന്ന് രായിരത്തി പതിനാറിലെത്തിയപ്പോള്‍ പൊതു തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം അമ്പത്തിനാലിലേക്ക് താണു. അലിയായുടെ മകന്‍ ബാഖിര്‍ ബോസ്‌നിയാക്കുകളുടെ പ്രസിഡന്റ്സ്ഥാനമേറ്റതാകട്ടെ മുപ്പത്തിനാലു ശതമാനം വോട്ട് മാത്രം നേടിയും. പുതിയ തെരഞ്ഞെടുപ്പിലും ബോസ്‌നിയാക്കുകള്‍ പ്രത്യേകിച്ച് മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല.* കഴിഞ്ഞ രണ്ട് ദശാബ്ധക്കാലം ബോസ്‌നിയയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം നാള്‍തോറും വര്‍ധിച്ചുവന്നതല്ലാതെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളിലൊന്നു പോലും പരിഹരിക്കപ്പെട്ടില്ല. കടുത്ത സാമ്പത്തിക മാന്ദ്യവും ജനസംഖ്യയുടെ പകുതിയോളം വരുന്ന തൊഴില്‍രഹിതരും ഇനിയുമുണങ്ങാത്ത വംശവ്രണങ്ങളിലെ നീറ്റലും പിടിച്ചുലക്കുന്ന മണ്ണില്‍ നിവര്‍ന്നു നില്‍ക്കാന്‍ പാടുപെടുന്ന സാധു മനുഷ്യര്‍.

ഞങ്ങള്‍ താഴ്‌വരയില്‍നിന്ന് മലകയറി സയോയുടെ വീട്ടില്‍ തിരിച്ചെത്തി. മരച്ചുവട്ടിലെ മേശപ്പുറത്ത് വേവിച്ച മാട്ടിറച്ചിയും നുറുക്കിയിട്ട പച്ചക്കറികളും ഉരുളക്കിഴങ്ങും പാല്‍ക്കട്ടിയും നിറച്ച പിത്തയും കട്ടിത്തൈരും നിരത്തിവെച്ച് അനീസ കാത്തിരിപ്പുണ്ടായിരുന്നു. വിഭവങ്ങളിലെ ചേരുവകളേറെയും വന്നത് അവരുടെ കൃഷിയിടത്തില്‍നിന്ന്. ഉച്ചക്കാറ്റില്‍ ഇളകിയാടുന്ന പ്ലം മരച്ചില്ലകള്‍ക്ക് താഴെ ബോസ്‌നിയന്‍ ഗ്രാമീണ രുചിക്കൂട്ടുകള്‍ ആസ്വദിച്ചിരിക്കെ വലിയൊരു സഞ്ചി നിറയെ ആക്രോട്ട് പഴക്കുരുവുമായി അനീസയുടെ ഉമ്മ കടന്നുവന്നു. ഏറെദൂരെ മലഞ്ചെരിവിനപ്പുറത്തുള്ള വീട്ടില്‍നിന്ന് ഭാരമുള്ള സഞ്ചിയുമായി എണ്‍പതു കഴിഞ്ഞ ആ വയോധിക മകളെ കാണാന്‍ മലകയറി വന്നിരിക്കുന്നു. ഭക്ഷണമേശക്കരികിലെത്തി ഞങ്ങളോട് സലാം ചൊല്ലി അവര്‍ വലിയൊരു പാത്രത്തില്‍ വെള്ളം നിറച്ച് പഴക്കുരുകള്‍ കഴുകിയെടുക്കാന്‍ തുടങ്ങി. ദീര്‍ഘയാത്രയുടെ ക്ഷീണമോ പ്രായത്തിന്റെ അവശതകളോ ഒന്നും അവരുടെ കര്‍മനൈരന്തര്യത്തിന് തടസ്സമായിരുന്നില്ല.

ബോസ്‌നിയന്‍ സ്ത്രീകള്‍ പൊതുവെ തന്റേടികളും കഠിനാധ്വാനികളുമാണ്. കുടുംബങ്ങളുടെ നെടുംതൂണുകളും. തീന്‍മേശപ്പുറത്തെ ഒഴിഞ്ഞ ഭക്ഷണപാത്രങ്ങള്‍ അടുക്കിവെച്ച് സയോ ഞങ്ങളെ കൃഷിയിടം കാണാന്‍ ക്ഷണിച്ചു. നാനാതരം പച്ചക്കറികളും ഫലവൃക്ഷങ്ങളും നിറഞ്ഞുനില്‍ക്കുന്ന മലഞ്ചെരിവിലൊരു ഭാഗത്ത് പച്ചപ്പുല്ല് വളര്‍ന്നുനില്‍ക്കുന്ന പുല്‍പാടം. അനീസയാണ് വഴിതെളിച്ച് മുന്നില്‍ നടക്കുന്നത്. ഇലകളും പൂക്കളും കായ്കളും തൊട്ടുതലോടി വിളവുകളെയൊക്കെ വിസ്തരിച്ച് പരിചയപ്പെടുത്തി അവര്‍ ഞങ്ങളെ ആ മലഞ്ചെരിവ് മുഴുവന്‍ കൊണ്ടുനടന്നു. പറമ്പിലൊരു കോണില്‍ അടച്ചു ഭദ്രമാക്കിയ കാലിത്തൊഴുത്ത്. ആടുമാടുകളെയൊക്കെ മേയാന്‍ വിട്ടതാണ്. അവക്ക് സുഭിക്ഷമായുണ്ണാന്‍ മലഞ്ചെരിവില്‍ പ്രകൃതിയുടെ ഭക്ഷണം നിറഞ്ഞുനില്‍ക്കുന്നു. പിടിയുള്ള ഒരു നീണ്ട ഇരുമ്പുവടിയുടെ അറ്റത്ത് ഉറപ്പിച്ച വളഞ്ഞ കത്തി കൊണ്ട് കുനിയാതെ പുല്ല് വെട്ടിയെടുക്കുന്ന വിദ്യ സയോ ഞങ്ങളെ പഠിപ്പിച്ചു.

പുല്‍മേടിന് മുകള്‍ഭാഗത്തുനിന്ന് നോക്കിയാല്‍ താഴ്‌വരയില്‍ അലിയുന്ന മലഞ്ചെരിവിന്റെ സുന്ദരദൃശ്യം കാണാം. പച്ചമൂടിയ ഭൂമിക്കു മേല്‍ പുഴയും വഴികളും കോറിയിട്ട വര്‍ണവരകളും. ഈ മരതകസൗന്ദര്യം പക്ഷേ ഏറെ നാള്‍ നീണ്ടുനില്‍ക്കില്ല. ഹേമന്തത്തില്‍ മങ്ങിത്തുടങ്ങുന്ന ഹരിതശോഭ ശിശിരകാലത്തെ മഞ്ഞുവീഴ്ചയില്‍ മുഴുവനായും കെട്ടുപോകും. 

'മഞ്ഞുകാലത്തേക്ക് വേണ്ടതൊക്കെ ഞങ്ങള്‍ നേരത്തേ ഒരുക്കിവെക്കും'- അനീസ വിവരിച്ചു.

കൊടും ശീതത്തില്‍ ഈ മലകളൊക്കെ മഞ്ഞില്‍മൂടി നോക്കെത്താദൂരം വിസ്തൃതമായ മഞ്ഞുപാടമായി മാറും. മഞ്ഞ് പൊതിഞ്ഞ മലഞ്ചെരിവില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവിതം അവരുടെ വാസഗൃഹങ്ങളില്‍ പരിമിതപ്പെടും. ഗ്രാമജീവിതം നിശ്ചലമാവുന്ന ആ ശൈത്യനാളുകളിലേക്ക് ഭക്ഷണവും വിറകും ഒരുക്കിവെക്കണം. ഉണക്കിപ്പൊടിച്ച ധാന്യങ്ങളും ശീതീകരിച്ച പഴച്ചാറുകളും മാംസവും ഉപ്പും വിനാഗരിയും കൂട്ടിക്കുഴച്ച പച്ചക്കറിക്കഷ്ണങ്ങളും കാലികള്‍ക്ക് വേണ്ട ഉണക്കപ്പുല്ലും ഒക്കെ കൃഷിഭൂമികളിലെ പച്ചനിറം മായുംമുമ്പേ ഒരുക്കിവെക്കുന്ന തിരക്കിലാണ് ഗ്രാമം.

'ഈ കൃഷിഭൂമിയിലെ വിളവുകള്‍ മതിയാകുമോ താങ്കളുടെ കുടുംബത്തിന്റെ ജീവിതച്ചെലവുകള്‍ക്ക്?'

'ഞങ്ങളുടെ ആവശ്യങ്ങള്‍ ഈ ഭൂമിയിലെ വരുമാനത്തിലേക്ക് ചുരുക്കാറാണ് പതിവ്' - ഉത്തരം പറഞ്ഞത് അനീസയായിരുന്നു.

ഭക്ഷണം ഭൂമിയില്‍നിന്ന് വിളയിച്ചെടുക്കും. ബാക്കി വീട്ടുവളപ്പിനു പുറത്ത് പൊതുവഴിയോരത്ത് മരക്കഷ്ണങ്ങള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡില്‍ വഴിയാത്രക്കാര്‍ക്കായി വില്‍പനക്കു വെക്കും. ചിലപ്പോഴൊക്കെ ദൂരെ പട്ടണത്തില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പച്ചക്കറികള്‍ അന്വേഷിച്ച് കച്ചവടക്കാരെത്തും. അവിടെനിന്നൊക്കെ പെറുക്കിക്കൂട്ടുന്ന നാണയത്തുട്ടുകളില്‍ ജീവിതസ്വപ്‌നങ്ങള്‍ അതിരു കെട്ടി നിര്‍ത്തും.

'ഞങ്ങള്‍ സന്തുഷ്ടരാണ്'- അനീസ പറഞ്ഞു.

'യുദ്ധകാലത്ത് ഞങ്ങള്‍ ജീവനു വേണ്ടി മാത്രമായിരുന്നു അല്ലാഹുവിനോ

ട് പ്രാര്‍ഥിച്ചത്. ഞങ്ങള്‍ക്കുത്തരം നല്‍കി, ഈ സന്ദരമായ ഭൂമിയില്‍ അവന്‍ ഞങ്ങളെ സ്‌നേഹത്തോടെ ഒരുമിച്ചു ജീവിപ്പിച്ചില്ലേ. അതിനപ്പുറം എന്തു നേടാന്‍! അല്‍ഹംദു ലില്ലാഹ്.' അനീസ മൂന്നു വട്ടം ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി...

യുദ്ധത്തിനു മുമ്പ് ഈ ഗ്രാമങ്ങള്‍ക്കൊക്കെ സുരക്ഷിതവും സുഭിക്ഷവുമായ ഒരു കാലമുണ്ടായിരുന്നു. അവരുടെ വിളവുകള്‍ സംഭരിക്കാനും മാന്യമായ വിലയ്ക്ക് വിപണനം  ചെയ്യാനുമുള്ള പൊതു സംവിധാനങ്ങളുണ്ടായിരുന്നു. പൊന്ന് വിളയിക്കുന്ന കൃഷിഭൂമികള്‍ മാത്രമായിരുന്നില്ല, വികസിത രാജ്യങ്ങളിലേതെന്ന പോലെ ലോഹവ്യവസായശാലകളും ആയുധ നിര്‍മാണ കേന്ദ്രങ്ങളും ബോസ്‌നിയയില്‍ നിറഞ്ഞുനിന്നിരുന്നു. തൊഴിലിടങ്ങള്‍ തൊഴിലാളികളെ തേടിയ കാലം. ബിരുദധാരികള്‍ക്കു വേണ്ടി ഉദ്യോഗസ്ഥക്കസേരകള്‍ കാത്തിരുന്ന കാലം... കണ്ണടച്ച് തുറന്ന നേരം കൊണ്ട് ഈ രാജ്യത്തിന്റെ സമ്പത്തൊക്കെയും എങ്ങ് പോയ്മറഞ്ഞു? വംശവെറിയുടെ തീക്കനലുകളില്‍നിന്നുയര്‍ന്ന പുകമറക്കുള്ളിലൂടെ രാജ്യഖജനാവ് ചോര്‍ന്നുപോയതെങ്ങോട്ടായിരിക്കാം? ചോര്‍ത്തിയെടുത്തത് ഏത് കൗശലക്കാരായിരിക്കും?

മലഞ്ചെരിവിലലഞ്ഞും മരത്തണലില്‍ സംസാരിച്ചിരുന്നും വേലിയിലെ പ്ലം മരത്തില്‍നിന്ന് പഴങ്ങള്‍ പറിച്ച് സഞ്ചിയിലാക്കിയും ഞങ്ങള്‍ ഏറെ നേരം സയോ കുടുംബത്തോടൊപ്പം കൂടി. ഒടുവില്‍ യാത്ര പറഞ്ഞിറങ്ങാനൊരുങ്ങിയപ്പോഴാണ് ഞങ്ങളുടെ ഒരു ദിവസത്തെ പരിചയത്തിന് ഒരായുസ്സിന്റെ ദൈര്‍ഘ്യമായിരുന്നുവെന്നറിഞ്ഞത്. സയോയോടും അനീസയോടും മക്കളോടും അവരുടെ കൃഷിയിടത്തോടും യാത്ര പറഞ്ഞ് നന്മക്കായി പ്രാര്‍ഥിച്ച് വെയിലാറുംമുമ്പ് ഞങ്ങള്‍ ബോര്‍ഷില്‍നിന്ന് ചുരമിറങ്ങി. 

(തുടരും)

* 2018 ഒക്‌ടോബറില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു. പോളിംഗ് 53 ശതമാനം. ബോസ്‌നിയാക്കളുടെ പ്രസിഡന്റായി ബാഖിര്‍ ബെഗോവിച്ചിനു പകരം ശഫീഖ് ജഫ്‌റോവിച്ച് 36 ശതമാനം വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ടു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (13-13)
എ.വൈ.ആര്‍

ഹദീസ്‌

സത്യപാതയിലെത്തിയവരുടെ ഒന്നാമത്തെ ബാധ്യത
ഇ.എം അര്‍ഫദ് അലി, അല്‍ജാമിഅ