Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

പടച്ചവന്‍ തന്നതെല്ലാം പങ്കുവെക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്

ബഷീര്‍ തൃപ്പനച്ചി

''ഒന്നും നമ്മള്‍ കൊണ്ടുവന്നതല്ല. ഒന്നും കൂടെ കൊണ്ടുപോവുകയുമില്ല. കട കാലിയാവുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. ഇനിയും മറ്റുള്ളവര്‍ക്ക് കഴിയുന്നത്ര ഉപകാരം ചെയ്യണം. ഇനി ചോദിച്ചാല്‍ ഇനിയും കൊടുക്കും. കൊടുക്കുന്നതിന്റെ കൂലി പടച്ചവന്‍ തരും. എനിക്കത് മതി.'' പ്രളയകാലത്തെ നന്മമരം നൗഷാദ്ക്ക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തന്റെ കടയിലുള്ളതെല്ലാം നല്‍കുമ്പോള്‍ പറഞ്ഞ വാക്കുകള്‍ യൂട്യൂബില്‍ ഇപ്പോഴും ലഭ്യമാണ്.
പടച്ചവന്റെ കൂലി പ്രതീക്ഷിച്ച് ഒരു ദുരിതകാലത്ത് തന്റെ കച്ചവടച്ചരക്ക് മുഴുവനായും നാട്ടുകാര്‍ക്കിടയില്‍ വിതരണം ചെയ്ത ഉസ്മാനുബ്‌നു അഫ്ഫാന്റെ ചരിത്രം കുട്ടിയായിരിക്കെ നൗഷാദ്ക്കയും കേട്ടിരിക്കണം. ഖലീഫ അബൂബക്ര്‍ സിദ്ദീഖിന്റെ ഭരണകാലം. മദീനയില്‍ കടുത്ത ക്ഷാമം പടര്‍ന്നു. അപ്പോഴാണ് ശാമില്‍നിന്ന് ഭക്ഷ്യധാന്യങ്ങളുമായി ഉസ്മാനുബ്‌നു അഫ്ഫാന്റെ കച്ചവടസംഘം മദീനയിലെത്തുന്നത്. ഇരട്ടിക്കിരട്ടി വിലകൊടുത്ത് അവ വാങ്ങാന്‍ മദീനയിലെ കച്ചവടക്കാര്‍ ചുറ്റും കൂടി. 'ഇരട്ടി പണം തരാം' എന്നൊരാള്‍. അതിലേറെ തരാമെന്ന് മറ്റൊരാള്‍ പറഞ്ഞിട്ടുണ്ടെന്ന് ഉസ്മാനുബ്‌നു അഫ്ഫാന്‍ മറുപടി കൊടുത്തു. 'എന്നാല്‍ രണ്ടിരട്ടി.' അതിലേറെയാണ് വാഗ്ദാനമെന്നായി ഉസ്മാന്‍(റ). 'എന്നാല്‍ അഞ്ചിരട്ടി തരാം.' അതിലുമധികമാണ് തനിക്ക് ലഭിച്ച ഓഫര്‍ എന്ന് മറുപടി. 'എന്നാല്‍ പത്തിരട്ടിയിലേറെ തരാം' എന്നായി ചിലര്‍. 'അതിലുമെത്രയോ ഏറെയുണ്ടല്ലോ എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്' എന്ന മറുപടി മദീനയിലെ കച്ചവടക്കാരെ അത്ഭുതപ്പെടുത്തി. അത്രയും തുകകൊടുത്ത് കച്ചവടച്ചരക്ക് വാങ്ങാന്‍ അറേബ്യയില്‍ ആരാണ് എന്ന ചര്‍ച്ച നടക്കവെ ആ കച്ചവടസംഘം കൊണ്ടുവന്ന മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും ക്ഷാമം അനുഭവിക്കുന്ന തന്റെ നാട്ടുകാര്‍ക്ക് ഉസ്മാന്‍(റ) സൗജന്യമായി വിതരണം ചെയ്തു. ദാനധര്‍മങ്ങള്‍ക്ക് എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം തരാമെന്ന അല്ലാഹുവിന്റെ വാഗ്ദാനമായിരുന്നു ഉസ്മാന്റെ(റ) മനസ്സിലപ്പോള്‍ (ഖുര്‍ആന്‍ 2:245).
തന്റെ സമ്പത്തെല്ലാം തന്റെത് മാത്രമാണെന്നാണ് ഭൗതിക മതം. അതെന്ത് ചെയ്യണമെന്ന് അന്തിമമായി തീരുമാനിക്കുന്നതും അവന്‍ മാത്രമാണ്. എന്നാല്‍ മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ സമ്പത്തും ദൈവത്തിന്റേതാണെന്നാണ് ഇസ്‌ലാമിക പാഠം. ദൈവത്തിന്റെ പ്രതിനിധിയെന്ന നിലക്ക് താല്‍ക്കാലികമായി ധനം കൈകാര്യം ചെയ്യാനുള്ള അവകാശം മാത്രമേ മനുഷ്യനുള്ളൂ. അതാവട്ടെ ദൈവം നിര്‍ദേശിച്ച മാര്‍ഗത്തിലാവുകയും വേണം. സ്വന്തം കാര്യങ്ങള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കു വേണ്ടിയും സ്വന്തം ധനം ചെലവഴിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. പരസ്പരാശ്രിതത്വത്തിലാണ് മനുഷ്യജീവിതമെന്ന സാമൂഹികക്രമം നിലനില്‍ക്കുന്നത്. ഈ സാമൂഹിക വ്യവസ്ഥയില്‍ സമ്പത്തില്ലാത്തവര്‍ക്കും ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടതു്. അവര്‍ക്കും ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, വിദ്യാഭ്യാസം എന്നിവ ലഭിക്കണം. അതിനാല്‍ സമ്പന്നര്‍ നിര്‍ബന്ധമായും അവരുടെ ധനം ഇതിനായി ചെലവഴിക്കേണ്ടതുണ്ട്. മനുഷ്യജീവിതക്രമത്തിന്റെ ഈ അനിവാര്യതക്കാണ് ഇസ്‌ലാം സകാത്ത് നിര്‍ബന്ധമാക്കിയത്. സമൂഹത്തിലെ ദുര്‍ബലരുടെ ശാക്തീകരണത്തിനായി ഒഴിവാക്കാനാവാത്ത ആരാധനാകര്‍മമായി നിര്‍ബന്ധദാനം ഏര്‍പ്പെടുത്തിയ ഏക മതം ഇസ്‌ലാമാണ്.
ഇസ്‌ലാം ധനികരില്‍നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ തുകയാണ് സകാത്ത്. സകാത്ത് നല്‍കിയാല്‍ നിര്‍ബന്ധ ബാധ്യത മാത്രമേ പൂര്‍ത്തിയാകൂ. പുണ്യങ്ങളേറെ വാഗ്ദാനം ചെയ്യപ്പെട്ട സ്വദഖയെന്ന ദാനധര്‍മത്തിന്റെ വാതിലുകള്‍ അപ്പോഴുമവരെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. അതാവട്ടെ സമ്പന്നര്‍ മാത്രം നിര്‍വഹിക്കേണ്ടതുമല്ല. അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാത്ത ഒരു വ്യക്തിയോ കുടുംബമോ തന്റെ ചുറ്റുപാടുമുണ്ടെങ്കില്‍ സ്വന്തം ആവശ്യം കഴിച്ച് മിച്ചമുള്ളവരെല്ലാം ഈ സ്വദഖ നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്. 'ഒരു സമൂഹത്തിലൊരാള്‍ പട്ടിണി കിടക്കാനിടവന്നാല്‍ ആ സമൂഹത്തെ സംരക്ഷിക്കാന്‍ അല്ലാഹുവിന് ബാധ്യതയില്ല' എന്ന നബിവചനം മുസ്‌ലിമിന്റെ സാമൂഹിക ജീവിതത്തെ നിര്‍ണയിക്കുന്ന വിശ്വാസം കൂടിയാണ്. ഒരു വ്യക്തി വിശ്വാസിയാവാന്‍ രണ്ട് ബന്ധങ്ങള്‍ ദൃഢമാവണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നുണ്ട്. ദൈവവുമായും മനുഷ്യരുമായുള്ള ശരിയായ ബന്ധം ജീവിതത്തിലുടനീളം നിലനിര്‍ത്തലാണത്. ദൈവവുമായുള്ള ബന്ധത്തിന്റെ മുഖ്യവഴി നമസ്‌കാരമാണ്. മനുഷ്യരുമായുള്ള ബന്ധത്തിന്റെ പ്രധാന വഴി സകാത്തും. ഈ രണ്ട് ബന്ധങ്ങളും വിശ്വാസിയുടെ ജീവിതത്തില്‍ നിര്‍ണായകമായതിനാലാണ് നമസ്‌കാരത്തെയും സകാത്തിനെയും ഖുര്‍ആന്‍ മിക്കപ്പോഴും ഒരുമിച്ച് പരാമര്‍ശിക്കുന്നത്. സ്രഷ്ടാവിനെ സ്‌നേഹിക്കുന്നവന്‍ സൃഷ്ടികളെയും സ്‌നേഹിച്ചേ മതിയാകൂ. ഒന്ന് മാത്രം നിലനിര്‍ത്തുന്നവന്റെ വിശ്വാസം പൂര്‍ണമാകില്ല. മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ പ്രത്യക്ഷ ലക്ഷണം അവര്‍ക്കു വേണ്ടി സമ്പത്ത് ചെലവഴിക്കലാണ്. ഇങ്ങനെ ദാനശീലത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും മേല്‍ പടുത്തുയര്‍ത്തപ്പെട്ട ജീവിതവ്യവസ്ഥയാണ് ഇസ്‌ലാം.
ചെലവഴിക്കുമ്പോള്‍ സമ്പത്ത് കുറയുമെന്ന മുതലാളിത്ത പാഠം ഇസ്‌ലാം അംഗീകരിക്കുന്നില്ല. എത്ര വെള്ളം കോരുന്നുവോ അത്രയും വീണ്ടും ഊറിവരുന്ന കിണറിലെ സമൃദ്ധമായ ഉറവപോലെയാണ് ഇസ്‌ലാം സമ്പത്തിനെ കാണുന്നത്. പടച്ചവന്റെ പ്രീതി ഉദ്ദേശിച്ച് സമ്പത്ത് ദാനം ചെയ്താല്‍ ഇരട്ടിയിലധികമായി ലഭിക്കുമെന്നത് പടച്ചവന്റെ വാഗ്ദാനമാണ്: ''അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കാന്‍ ആരുണ്ട്? അതിനെയവന്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്. കുറച്ചു നല്‍കുന്നതും കൂടുതല്‍ കൊടുക്കുന്നതും അല്ലാഹുവത്രെ'' (അല്‍ബഖറ: 245). ഈ ഖുര്‍ആനിക ആയത്ത് അവതരിച്ചപ്പോള്‍ അബുദുഹ്ദാഹ് (റ) നബിയോട് ചോദിച്ചു: 'അല്ലാഹു മനുഷ്യരില്‍നിന്ന് കടം സ്വീകരിക്കുകയോ?' അതേയെന്ന് നബി മറുപടി പറഞ്ഞു. ഉടനെ അബുദുഹ്ദാഹ്(റ) തന്റെ എഴുന്നൂറ് ഈന്തപ്പനകള്‍ കായ്ക്കുന്ന തോട്ടം ദൈവികമാര്‍ഗത്തില്‍ ദാനം ചെയ്തതായി പ്രഖ്യാപിച്ചു. പിന്നീടദ്ദേഹം ഭാര്യയോടും കുട്ടികളോടും ഈ വിവരം പങ്കുവെച്ചു. അവരെല്ലാവരും ആ തോട്ടത്തിലാണുണ്ടായിരുന്നത്. ഉടനെ ആ സഹധര്‍മിണി പ്രിയതമനോട് പറഞ്ഞു: 'അല്ലാഹു താങ്കളുടെ കച്ചവടം ലാഭകരമാകട്ടെ.' ജനസേവന മാര്‍ഗത്തില്‍ കൊടുക്കുന്നത് മാത്രമാണ് നാളെ പരലോകത്ത് തനിക്ക് ഉപകാരപ്പെടുകയുള്ളൂവെന്നത് മുസ്‌ലിമിന്റെ വിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നതാണ്. അത് വ്യക്തമാക്കുന്ന ഹദീസാവട്ടെ സാധാരണ മുസ്‌ലിമിനു പോലും സുപരിചിതവുമാണ്; 'മനുഷ്യന്റെ സമ്പത്ത് മൂന്ന് തരമാണ്. തിന്നുന്നതും കുടിക്കുന്നതും തീര്‍ന്നു പോകുന്നു. ധരിക്കുന്നത് ജീര്‍ണിച്ചു പോകുന്നു. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നത് മാത്രമാണ് പരലോകത്തേക്ക് കരുതിവെക്കപ്പെടുന്നത്. ബാക്കിയെല്ലാം അവന്‍ ഇട്ടേച്ചുപോകുന്നു. ഒന്നും അവന് ഉപകാരപ്പെടുകയില്ല' (മുസ്‌ലിം).
മുസ്‌ലിംകള്‍ക്കിടയിലെ വര്‍ധിച്ച ദാനധര്‍മങ്ങളുടെയും ജനസേവന പ്രവര്‍ത്തനങ്ങളുടെയും യഥാര്‍ഥ പ്രചോദനമെന്തെന്ന് തിരിച്ചറിയാത്ത ചിലര്‍ ഇപ്പോഴുമുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വര്‍ധിച്ച ജനസേവന പ്രവര്‍ത്തനങ്ങളെ ഗള്‍ഫ് വിദേശ ഫണ്ടുകളുടെ പിന്‍ബലമുള്ള ഗൂഢാലോചനാ പദ്ധതികളായി അവരിപ്പോഴും സിദ്ധാന്തം എഴുതാറുണ്ട്. സോഷ്യല്‍ മീഡിയ വഴി പണം പിരിച്ച് അത്ഭുതകരമായ രീതിയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ചിലരെ കാണുമ്പോള്‍ ചില ഇടതു ലിബറലുകള്‍ക്ക് പോലും മനോനിയന്ത്രണം നഷ്ടപ്പെടുന്നത് കാണാം. വാക്കിലെയോ പ്രവൃത്തിയിലെയോ ചെറിയ വീഴ്ചകളില്‍ കുരുക്കി ഇത്തരം സേവനതല്‍പരരെ വേരോടെ പിഴുതെറിയാന്‍ അവര്‍ കൂട്ടായ ശ്രമം നടത്തുന്നത് തങ്ങള്‍ക്ക് അപ്രാപ്യമായ ഈ ധനാകര്‍ഷണ മാജിക്കിനു പിന്നിലെ ലോജിക് അറിയാത്തതുകൊണ്ടുകൂടിയാണ്. തനിക്കുള്ളതെല്ലാം പടച്ചവന്‍ തന്നതാണെന്നും അത് അത്യാവശ്യക്കാര്‍ക്ക് നല്‍കല്‍ തന്റെ നിര്‍ബന്ധ ബാധ്യതയാണെന്നും വിശ്വസിക്കുന്ന ഒരു ദര്‍ശനത്തിന്റെ അനുയായികളാണ് ഈ നന്മമരങ്ങളുടെ മുഖ്യ ഫണ്ടിംഗ് സോഴ്‌സ്. മതരഹിതര്‍ക്കും യുക്തിവാദികള്‍ക്കും ഇത്തരമൊരു ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്ത് നിരന്തരം മുന്നോട്ടു പോകാനാവില്ലെന്നത് ഏറ്റവും നന്നായി  അറിയുക അവര്‍ക്ക് തന്നെയായിരിക്കും.
വിശ്വാസത്തില്‍ തന്നെ ഉള്‍ച്ചേര്‍ത്ത ദാനധര്‍മങ്ങളുടെ ഇസ്‌ലാമിക പാഠങ്ങള്‍ മദ്‌റസാ പഠനകാലം മുതല്‍ മുസ്‌ലിം സമുദായത്തിലെ കുട്ടികള്‍ പോലും കേട്ടുപോരുന്നതാണ്. ദാനധര്‍മങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന നബിവചനങ്ങളും അവ നിര്‍വഹിച്ച സ്വഹാബികളുടെ ചരിത്രവും കേട്ടുകൊണ്ടാണ് ഓരോ വിശ്വാസിയും വളരുന്നത്. തലമുറതലമുറകളായി ഈ പാഠവും ചരിത്രവും അവര്‍ കൈമാറുന്നതിനാലാണ് ദാനധര്‍മങ്ങളും ജനസേവന പ്രവര്‍ത്തനങ്ങളും മുസ്‌ലിം സമൂഹത്തിന്റെ ലോകമംഗീകരിച്ച സാമൂഹികാടയാളമായി മാറിയത്. ഒരു സമൂഹത്തില്‍ രൂപപ്പെടുന്ന എല്ലാ ജനസേവന പ്രവര്‍ത്തനങ്ങളുടെയും താക്കോലാണ് ദാനധര്‍മങ്ങള്‍. അതുപയോഗിച്ചാണ് കാരുണ്യ പ്രവര്‍ത്തനങ്ങളും പെയ്ന്‍ ആന്റ് പാലിയേറ്റീവ് സംവിധാനങ്ങളും ഭവനനിര്‍മാണ പദ്ധതികളും മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങളുമെല്ലാം സജീവമാകുന്നത്. മലബാര്‍ മേഖലയിലെ മിക്ക പഞ്ചായത്തുകളിലും ജനകീയവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കുന്ന പെയ്ന്‍ ആന്റ് പാലിയേറ്റീവുകളുടെ വാര്‍ഷിക ബജറ്റ് 25 മുതല്‍ 50 ലക്ഷം വരെയാണ്. ഓരോ പഞ്ചായത്തിന്റെ പരിധിക്കകത്തു നിന്ന് ഓരോ വര്‍ഷവും ഈ സംഖ്യ കണ്ടെത്തേണ്ടതുണ്ട്. തൊട്ടടുത്ത പഞ്ചായത്തുകൡലെല്ലാം മറ്റൊരു പാലിയേറ്റീവുള്ളതിനാല്‍ അതത് പഞ്ചായത്തിനകത്തു മാത്രമേ കലക്ഷന്‍ നടത്തൂവെന്നത് പരസ്പര ധാരണയുള്ള അലിഖിത നിയമമാണ്. അര കോടിയോളം ഇങ്ങനെ ഓരോ വര്‍ഷവും ഒരു പഞ്ചായത്തിലെ കുഗ്രാമങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്നുണ്ട്. പാലിയേറ്റീവ് ഡേയായ ജനുവരി 15-ലെ ജനകീയ കലക്ഷന് പുറമെ മുസ്‌ലിംകളുടെ പുണ്യമാസമായ റമദാനില്‍ നടത്തുന്ന സ്‌പെഷ്യല്‍ കലക്ഷനില്‍ കൂടിയാണ് ഈ വലിയ സംഖ്യ കണ്ടെത്തുന്നത്. മലബാറിലെ ജനകീയ സംരംഭങ്ങളും മുസ്‌ലിംകളുടെ പങ്കുവെക്കാനുള്ള വിശ്വാസ മനസ്സിനെ മൂലധനമാക്കിയാണ് മുന്നോട്ടു പോകുന്നതെന്നത് അനുഭവയാഥാര്‍ഥ്യമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌