Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

സേവന പ്രവര്‍ത്തനങ്ങള്‍ സുതാര്യതയും ലക്ഷ്യബോധവും

സി.പി ഹബീബ് റഹ്മാന്‍

ലോകത്താകമാനം ഏകദേശം 3.7 ദശലക്ഷം എന്‍.ജി.ഒകളുണ്ട്.  ഇന്ത്യയില്‍ ഓരോ 400 ആളുകള്‍ക്കും ഒരു എന്‍.ജി.ഒ ഉണ്ട് എന്നാണ്  കണക്ക്. എന്നിരുന്നാലും ഭൂരിഭാഗം എന്‍.ജി.ഒകളും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. ഇന്ത്യയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ വേഗത കുറഞ്ഞതും ആഗോള പട്ടിണി  സൂചികയില്‍ രാജ്യം 102-ാം സ്ഥാനത്തെത്തിയ കണക്കുകളും  പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്‍.ജി.ഒകള്‍ നല്‍കുന്ന സാമൂഹികക്ഷേമ സേവനങ്ങള്‍ രാജ്യത്ത് വളരെ അത്യാവശ്യമായിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇപ്പോഴും ശരിയായ സാമൂഹിക-സാമ്പത്തിക ഉയര്‍ച്ച ലഭിച്ചിട്ടില്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി വ്യത്യസ്ത ചാരിറ്റി സംഘടനകളും എന്‍.ജി.ഒകളും പ്രാദേശിക തലം മുതല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഭൂരിഭാഗം എന്‍.ജി.ഒകളും രജിസ്റ്റര്‍  ചെയ്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമുണ്ട്. വിപുലമായ രീതിയില്‍ സ്ഥിരസ്വഭാവത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നിയമപരമായ രജിസ്‌ട്രേഷനുകളും സംവിധാനങ്ങളും സന്നദ്ധ സംഘടനകള്‍ക്ക്  അനിവാര്യമാണ്. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട കനത്ത നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രിതമായി കരുക്കള്‍ നീക്കുന്ന നിലവിലെ സാഹചര്യത്തില്‍ വ്യവസ്ഥാപിതവും നിയമപരവുമായ രീതിയിലേക്ക് സന്നദ്ധ സംഘടനകള്‍ മാറേണ്ടതുണ്ട്. ഫലപ്രദവും സുതാര്യവുമായ പ്രവര്‍ത്തനത്തിനും ഇത് അനിവാര്യമാണ്.
ലോകത്ത് ഓരോ  വര്‍ഷവും 40 ദശലക്ഷം ആളുകള്‍ക്ക് സാന്ത്വന പരിചരണം ആവശ്യമാണെന്നാണ്  കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അവരില്‍ 78 ശതമാനമാളുകള്‍ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് താമസിക്കുന്നത്. ലോകമെമ്പാടും, പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ളവരില്‍ 14 ശതമാനം പേര്‍ക്ക്  മാത്രമാണ് നിലവില്‍ അതിന്റെ സേവനം ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ  ജനസംഖ്യയുടെ മൂന്ന് ശതമാനം  മാത്രമുള്ള കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ സേവനം ആവശ്യമുള്ളവരില്‍ 70 ശതമാനത്തിലധികം പേര്‍ക്കും അത് ലഭിക്കുന്നുണ്ട്. കേരളത്തില്‍ കെ.എം.സി.സിയുടെയും  പീപ്പ്ള്‍സ് ഫൗണ്ടേഷന്റെയും ബൈത്തുസ്സകാത്ത് കേരളയുടെയും  മറ്റു സേവന സംരംഭങ്ങളുടെയും നേതൃത്വത്തില്‍ പതിനായിരത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിയത് സാമൂഹിക സേവന ചരിത്രത്തിലെ തുല്യതയില്ലാത്ത പ്രവര്‍ത്തനമാണ്. സാമൂഹിക സേവന രംഗത്താണ് യഥാര്‍ഥത്തില്‍ കേരള മോഡല്‍  പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളത്. കേരളത്തിന്റെ  സാമൂഹിക സൗഹാര്‍ദവും ഉയര്‍ന്ന മാനവിക ബോധവും പുരോഗതിയുമൊക്കെ നിര്‍ണയിക്കുന്നതില്‍ കലര്‍പ്പില്ലാത്ത ഈ സേവന സംസ്‌കാരത്തിന് വലിയ പങ്കുണ്ട്. പ്രയാസപ്പെടുന്നവനെ സഹായിക്കുന്നതില്‍  മത്സരത്വരയുള്ള സമൂഹമാണ് കേരളീയരെന്ന് പറയാം. ക്രൗഡ് ഫണ്ടിംഗും സി.എസ്.ആറും പാട്ടപ്പിരിവും പള്ളിപ്പിരിവും തെരുവില്‍ പാട്ടുപാടി ഓപ്പറേഷന് ലക്ഷക്കണക്കിന് രൂപ സ്വരൂപിക്കുന്ന സാധാരണക്കാരനും സ്വന്തം പണക്കുടുക്ക പൊട്ടിച്ചു പ്രയാസപ്പെടുന്നവന് ആശ്വാസമേകുന്ന കുഞ്ഞുമക്കളുമെല്ലാം സേവന സംസ്‌കാരത്തെ കേരളത്തിന്റെ മണ്ണിലും മനസ്സിലും വിളക്കിച്ചേര്‍ത്ത കണ്ണികളാണ്.
ലോകത്ത് ഫിലാന്ത്രോപ്പി മേഖലയിലേക്ക് ഏറ്റവും കൂടുതല്‍ പണമൊഴുകുന്നത് മതാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്.  അതില്‍തന്നെ സകാത്ത് വഴിയാണ് ഏറ്റവും കൂടുതല്‍ ഫണ്ട് ലഭ്യമാവുന്നത്. 2012-ലെ ഗ്ലോബല്‍ ഇസ്‌ലാമിക് ഫിനാന്‍സ് റിപ്പോര്‍ട്ട് പ്രകാരം മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നു മാത്രം ഫിലാന്ത്രോപ്പി മേഖലയിലേക്ക് പ്രതിവര്‍ഷം ശരാശരി ഒരു ട്രില്യന്‍ യു.എസ് ഡോളര്‍ എത്തുന്നു എന്നാണ് കണക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം എന്‍.ജി.ഒകളുടെ പ്രവര്‍ത്തന മേഖലയും ബജറ്റും പരിശോധിച്ചാല്‍ അത് കൃത്യമാണെന്ന് മനസ്സിലാകും. അന്താരാഷ്ട്ര സകാത്ത്  റിലീഫ് സംവിധാനങ്ങളാണ് ലോകത്തെ ദരിദ്ര പിന്നാക്ക രാജ്യങ്ങളുടെ പട്ടിണി മാറ്റുന്നതിലും അഭയാര്‍ഥി പുനരധിവാസത്തിലും വിദ്യാഭ്യാസ തൊഴില്‍ പദ്ധതികളിലും വലിയ സംഭാവനകളര്‍പ്പിക്കുന്നത്.
വ്യക്തികളുടെയും സമൂഹത്തിന്റെയും ക്ഷേമവും രാഷ്ട്രത്തിന്റെ പുരോഗതിയും ലക്ഷ്യമാക്കി പദ്ധതികളാവിഷ്‌കരിച്ച് ലക്ഷ്യകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നവയാണ് സാമൂഹിക സേവന സംരംഭങ്ങള്‍. സുതാര്യവും ഫലപ്രദവുമായ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കപ്പെടണമെങ്കില്‍ മികച്ച സംഘാടന ശേഷിയും പ്രഫഷണല്‍ സംവിധാനവുമുള്ള സേവന സംരംഭങ്ങള്‍ അനിവാര്യമാണ്. വ്യത്യസ്ത മേഖലകളില്‍ പിന്നാക്കമായ വ്യക്തികള്‍ക്കും വിഭാഗങ്ങള്‍ക്കും സുസ്ഥിര പരിവര്‍ത്തനത്തിനും മാറ്റത്തിനും സഹായകമാകുന്ന രീതിയില്‍ വിഭവങ്ങള്‍ ലഭ്യമാവണം. 
സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നിര്‍വഹിക്കപ്പെടണമെങ്കില്‍  ലക്ഷ്യനിര്‍ണയം (Goal Setting), പദ്ധതിരൂപീകരണം  (Project Planning), വിഭവ സമാഹരണം (Resource Mobilization), നിരീക്ഷണവും  അവലോകനവും   (Assessment and Evaluation), പരിശീലനം (Training), മാര്‍ഗനിര്‍ദേശം (Guidance), ഗവേഷണം (Research), പൊതു സമ്പര്‍ക്കം (Public Relation), ലിഖിതപ്പെടുത്തല്‍ (Documentation)  തുടങ്ങിയവ വളരെ അനിവാര്യമാണ്.
ജനസേവനമേഖലയില്‍ കേരളീയ മുസ്ലിം  സമൂഹം രാജ്യത്തിനുതന്നെ മാതൃകയാവുന്ന രീതിയില്‍ മുന്നേറിയിട്ടുണ്ട്. എന്നാല്‍ ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ സമുദായം നേടിയെടുക്കേണ്ട  വളര്‍ച്ച ഇനിയും കൈവരിച്ചിട്ടില്ല എന്നതാണ് പ്രാഥമിക വിലയിരുത്തല്‍. സാമൂഹിക   ദീനീ വ്യവഹാരങ്ങളെ  അക്കാദമിക - ഗവേഷണ മനസ്സോടെ സമീപിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്ന കേരള മുസ്ലിം സമൂഹത്തില്‍ ചാരിറ്റിയുമായി  ബന്ധപ്പെട്ട അക്കാദമിക-ഗവേഷണ പ്രവര്‍ത്തനങ്ങള്‍  സന്നദ്ധ സംഘടനാ  സംവിധാനത്തെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കും. സേവന മേഖലയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന പങ്കാളിത്താധിഷ്ഠിത പദ്ധതികളും അക്കാദമിക് ലെവല്‍ അപ്രോച്ചും കൂടുതല്‍  പ്രതീക്ഷ നല്‍കുന്നതും സേവന മേഖലയിലെ വിഭവങ്ങളെ ക്രിയാത്മകമായും ശാസ്ത്രീയമായും വിനിയോഗിക്കുന്നതിന് മണ്ണൊരുക്കാന്‍  സഹായകവുമാണ്. സമൂഹ പുരോഗതിയുടെ മുന്‍ഗണന നിശ്ചയിച്ചുള്ള കൃത്യമായ പ്ലാനിംഗും പദ്ധതികളും  ഗൈഡന്‍സും സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും. 

ചാരിറ്റി - സവിശേഷതകള്‍,മുന്‍കരുതലുകള്‍

'സേവനതല്‍പരരാവുക' എന്നത് കേരളീയ യുവത്വത്തിന്റെ പ്രമാണ വാക്യമായി മാറി എന്നത് കേരളം നേടിയെടുത്ത ഏറ്റവും വലിയൊരു നന്മയാണ്. പാവപ്പെട്ട രോഗികള്‍ക്കുള്ള സഹായം, പാലിയേറ്റീവ് കെയര്‍, ദരിദ്രര്‍ക്കുള്ള ഭവന  നിര്‍മാണം, സ്‌കോളര്‍ഷിപ്പ്, കുടിവെള്ള പദ്ധതികള്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ട്രോമാകെയര്‍  തുടങ്ങിയവയാണ് പൊതുവെ സേവന മേഖലയിലെ പ്രധാന സംരംഭങ്ങള്‍. ജൈവ കൃഷിയും മാലിന്യ സംസ്‌കരണവുമൊക്കെ പുതിയ ഇനങ്ങളായി വന്നുകൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയ ഇത്തരം സംരംഭങ്ങളുടെ അഡ്മിനിസ്‌ട്രേഷന്‍ ഫലപ്രദവും എളുപ്പവുമാക്കി തീര്‍ക്കുന്നു. നാട്ടിലെ ഏതെങ്കിലുമൊരാളുടെ ആവശ്യങ്ങള്‍ക്കായി ആരംഭിക്കുന്ന സംരംഭങ്ങള്‍ പിന്നീട് വ്യത്യസ്ത  പദ്ധതികളുമായി മുന്നോട്ട്  പോകാറുണ്ട്. ഓരോ നാട്ടിലും യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മിക്ക പൊതുസേവന സംരംഭങ്ങളും ഇത്തരത്തില്‍ ആക്ഷന്‍ ഓറിയന്റേഷനില്‍ ശ്രദ്ധ പതിപ്പിക്കുന്നതായി കാണാം. കൃത്യമായ ദീര്‍ഘകാല വിഷന്‍ ഇല്ലാത്തതിനാല്‍ കാലക്രമേണ ഇവ പ്രവര്‍ത്തനരഹിതമായിത്തീരുന്നു. ഇത്തരം സംരംഭങ്ങളിലൂടെ ധാരാളം വ്യക്തികളുടെയും കുടുംബങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെങ്കിലും അവരെ  ഫോളോ ചെയ്യുന്നതിനോ സുസ്ഥിര വികസനത്തിനോ സാധ്യമാവുകയില്ല.
സാമ്പത്തിക സുസ്ഥിരതയുള്ള  വ്യക്തികളും  പൊതുസമ്മതി നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നവരും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി സ്വയംസേവന പ്രസ്ഥാനങ്ങളായി അവതരിക്കുന്ന കാലമാണിത്. ബിസിനസ് ഗ്രൂപ്പുകളും ഫാമിലികളും സ്വന്തം നിലക്ക് ചാരിറ്റബ്ള്‍ സംവിധാനങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ഓരോ സംവിധാനവും അവരുടെ ദൗത്യം നിര്‍വഹിക്കുന്നുവെന്ന് നമുക്ക് സമാധാനിക്കാം. എന്നാല്‍ ഇത്തരം വ്യക്തി കേന്ദ്രീകൃത സംവിധാനങ്ങളുടെ  ദീര്‍ഘകാല ലക്ഷ്യമില്ലായ്മയും  ഭാവിയും റിസള്‍ട്ടും സാമൂഹിക സേവന മേഖലക്ക് സുസ്ഥിരത നല്‍കുന്നതല്ല.
വ്യത്യസ്ത മേഖലകളില്‍ ജനസേവന സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍  മുസ്ലിം സംഘടനകള്‍ സജീവമാണ്. സേവന മേഖലയിലെ മുഴുവന്‍ വിഭവങ്ങളെയും ഏകീകൃത ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് ഉപയോഗപ്പെടുത്താന്‍ സന്നദ്ധ സംഘടനകള്‍ക്ക് സാധിക്കേണ്ടതുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്  വേണ്ടി നാം ശേഖരിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്ന വിഭവങ്ങള്‍ ഏറ്റവും ഉചിതമായ രീതിയില്‍ ചെലവഴിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. കേവലം സേവനത്തിനു വേണ്ടി സേവനം എന്ന മനഃസ്ഥിതി മാറ്റി സമൂഹത്തിലെ ആവശ്യങ്ങള്‍ മനസ്സിലാക്കി മുന്‍ഗണനാ ക്രമം തയാറാക്കി ഏറ്റവും അര്‍ഹരായവരെ സാമൂഹികമായി ഉയര്‍ത്തികൊണ്ട് വരിക എന്നതാണ് സന്നദ്ധ സംഘടനകള്‍ നിര്‍വഹിക്കേണ്ട സുപ്രധാന ദൗത്യം.  
വ്യക്തികളും  സമൂഹവും സുസ്ഥിര വികസനം കൈവരിക്കണമെന്നതാണ് ഇസ്ലാം സേവന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമായി നിര്‍ണയിച്ചിട്ടുള്ളത്. വിഭവങ്ങളുടെ സന്തുലിതവും ക്രിയാത്മകവുമായ വിതരണത്തിലൂടെ മാത്രമേ അത് സാധ്യമാവൂ. സേവന മേഖലയില്‍ ലഭ്യമാവുന്ന സാമ്പത്തിക വിഭവങ്ങള്‍ വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താതെ  എങ്ങനെയെങ്കിലും കൊടുത്തു തീര്‍ത്തു ബാധ്യത ഒഴിവാക്കണം എന്ന മനഃസ്ഥിതിയുള്ളവരില്‍ ആസൂത്രണങ്ങളും ലക്ഷ്യങ്ങളുമൊക്കെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നതാണ് കാണുന്നത്.  സുസ്ഥിരമായ തൊഴിലും മികച്ച വിദ്യാഭ്യാസവുമാണ് വ്യക്തികളെയും സമൂഹത്തെയും സുസ്ഥിര പുരോഗതിയിലേക്ക് നയിക്കുന്ന സുപ്രധാന ഘടകങ്ങള്‍.
വ്യക്തി കേന്ദ്രീകൃതമായ സേവന സംരംഭങ്ങള്‍ക്ക് വ്യക്തികളുടെയും സമൂഹത്തിന്റെയും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് സേവന സംരംഭങ്ങള്‍ പടുത്തുയര്‍ത്തല്‍ പ്രയാസകരമാണ്. തികച്ചും വൈകാരിക തലത്തില്‍ (ട്യാുമവേലശേര അുുൃീമരവ) നിന്നുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളേക്കാള്‍ ദീര്‍ഘ വീക്ഷണമുള്ള പദ്ധതികളാണ് സേവന മേഖലയില്‍ നിര്‍വഹിക്കേണ്ടത്. സര്‍ക്കാറുകള്‍ പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യം നേടിയെടുക്കേണ്ട നേട്ടങ്ങള്‍ നിര്‍ണയിച്ച് അവ നേടിയെടുക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അവ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഹരിത വിപ്ലവവും വ്യാവസായിക വളര്‍ച്ചയും പൊതുവിദ്യാഭ്യാസ പുരോഗതിയുമൊക്കെ ഇത്തരത്തില്‍ നാം നേടിയെടുത്തതാണ്. മുസ്ലിം  സമുദായത്തിന്റെ  പുരോഗതിയുമായി ബന്ധപ്പെട്ട് ഇനിയും മുന്നേറേണ്ട മേഖലകളെക്കുറിച്ച കൃത്യമായ കാഴ്ചപ്പാടുണ്ടാക്കി ആക്ഷന്‍ പ്ലാന്‍ തയാറാക്കി മുന്നോട്ടു പോയാലേ  പ്രതിസന്ധികളെ തരണം ചെയ്യാന്‍ സമുദായത്തിന് സാധിക്കൂ. സേവന മേഖലയില്‍ സമുദായത്തിന്  ലഭ്യമാകുന്ന വിഭവങ്ങളെ  ഇത്തരത്തില്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിര്‍ണയിച്ചു വിനിയോഗിക്കാന്‍ സമുദായ മുസ്ലിം  നേതൃത്വം ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഓരോ വര്‍ഷവും നിര്‍ബന്ധമായും  ലഭ്യമാവുന്ന സാമ്പത്തിക വിഭവമെന്ന നിലയില്‍  സകാത്ത് സംവിധാനം കാര്യക്ഷമമാക്കിയാല്‍ ഇത്തരത്തില്‍ ദീര്‍ഘകാല ലക്ഷ്യംവെച്ച്  പദ്ധതികളാവിഷ്‌കരിക്കാന്‍ സമുദായ നേതൃത്വത്തിന് സാധ്യമാവും. കേരളത്തിലെ മഹല്ലുകള്‍ ഇത്തരം ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ സുഗമമായും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ പര്യാപ്തമായ സംവിധാനമാണ്. വ്യക്തി  ട്രസ്റ്റുകളും കുടുംബ ട്രസ്റ്റുകളും ബിസിനസ്സ് സംരംഭങ്ങളുടെ കീഴിലുള്ള ട്രസ്റ്റുകളും ധാരാളമായി രൂപീകരിക്കപ്പെടുന്ന ഇക്കാലത്ത് മുന്‍ഗണനകള്‍ ശരിയായ രീതിയിലാണോ നിശ്ചയിക്കപ്പെടുന്നതെന്ന് വിലയിരുത്തേണ്ടതുണ്ട്..
കേരളത്തിലെ മുസ്ലിം  സാമൂഹികാവസ്ഥ വിലയിരുത്തുമ്പോള്‍, വിദ്യാഭ്യാസ  സാമ്പത്തിക സാമൂഹിക മേഖലകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ഒരു വിഭാഗത്തെയും വളരെ പിന്നാക്കമായി നില്‍ക്കുന്ന മറ്റൊരു വലിയ വിഭാഗത്തെയും കാണാന്‍ സാധിക്കും. ജോലി നൈപുണിയിലും അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതയിലും പിന്നാക്കം നില്‍ക്കുന്ന ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ട് വരികയെന്നത് കേരളത്തിലെ മുസ്‌ലിം നേതൃത്വത്തിന്റെ മുന്‍ഗണനയില്‍ വരേണ്ട ഗൗരവപ്പെട്ട വിഷയമാണ്. സുസ്ഥിര തൊഴില്‍ നേടിയിട്ടില്ലാത്ത സഹോദരങ്ങള്‍ക്ക് അത് നേടിയെടുക്കുന്നതിനുള്ള സ്‌കില്‍ ട്രെയിനിംഗും  വിശാലമായ പദ്ധതികളും  നാം തയാറാക്കേണ്ടതുണ്ട്. സമുദായം സേവന മേഖലയില്‍ ചെലവഴിക്കുന്ന പണം ഇത്തരത്തില്‍ പ്രൊഡക്റ്റീവ് മേഖലയിലേക്ക് മാറിയാലേ സമുദായത്തിന് സുസ്ഥിര പുരോഗതിയിലേക്ക് മുന്നേറാനാവൂ. നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളും മനുഷ്യ വിഭവങ്ങളുടെ ലഭ്യതയും തൊഴില്‍ സാഹചര്യങ്ങളും വിലയിരുത്തി പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ആഗോള തലത്തിലെ തൊഴില്‍ സാധ്യതകള്‍ ലഭ്യമാക്കുന്നതിനും സമുദായ നേതൃത്വത്തിന് കൃത്യമായ വിഷനും പദ്ധതികളും ഉണ്ടാവേണ്ടതുണ്ട്. സേവന മേഖലയിലെ നമ്മുടെ പദ്ധതികളും വിഭവങ്ങളും ഇത്തരം വിശാലമായ താല്‍പര്യങ്ങള്‍ ഉള്‍ക്കൊണ്ട് വിനിയോഗിക്കപ്പെടേണ്ടതാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍-ആഫ്രിക്കന്‍-അമേരിക്കന്‍ മേഖലകളിലെ പഠന-തൊഴില്‍ സാധ്യതകള്‍ അന്വേഷിക്കുന്നതിന്  നമ്മുടെ വിദ്യാര്‍ഥികളെയും യുവാക്കളെയും യോഗ്യരാക്കുകയെന്നതും മുസ്‌ലിം ചാരിറ്റികളുടെ  മുഖ്യമായ അജണ്ടയില്‍ വരേണ്ട വിഷയമാണ്.

സേവന മേഖല

സോഷ്യല്‍ വര്‍ക്കിന്റെ  വിവിധ തലങ്ങളെക്കുറിച്ച മികച്ച  ധാരണയും അറിവും  സാമൂഹിക സേവന മേഖലയില്‍ വളരെ അനിവാര്യമാണ്. സാമൂഹിക മാറ്റത്തിനും പുരോഗതിക്കുമനുസരിച്ച്  ചാരിറ്റി നയങ്ങളിലും   മാനേജ്‌മെന്റിലും സര്‍ഗാത്മകതയും  അപ്ഡേഷനും  വേണം. മാനേജ്‌മെന്റ്, സോഷ്യല്‍ വര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്സ്, സൈക്കോളജി, എക്കണോമിക്‌സ്, നരവംശശാസ്ത്രം, ബിഹേവിയര്‍ സയന്‍സ്, ഡാറ്റ  മാനേജ്‌മെന്റ്  തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സാമാന്യ ധാരണയെങ്കിലും ചാരിറ്റി മാനേജ്‌മെന്റ്ുകള്‍ക്ക് അനിവാര്യമാണ്. ആസൂത്രണം, സാമ്പത്തിക-മനുഷ്യ  വിഭവങ്ങള്‍, നിരീക്ഷണം, വിലയിരുത്തല്‍ എന്നിവക്കായി സാമൂഹിക  വികസന സംഘടനകള്‍, പ്രഫഷണലുകള്‍, കോര്‍പ്പറേറ്റുകള്‍, കമ്യൂണിറ്റി അംഗങ്ങള്‍ എന്നിവരുമായുള്ള പ്രോജക്ട്്  പങ്കാളിത്തം സന്നദ്ധ സംഘടനകള്‍ ഉറപ്പ് വരുത്തണം. വ്യക്തികളുടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക സാമ്പത്തിക പരിഹാരം നല്‍കല്‍  മാത്രമല്ല സോഷ്യല്‍ വര്‍ക്ക്. വ്യക്തികളുടെ പ്രശ്‌നങ്ങളും  ആവശ്യങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി അവരുടെ പ്രശ്നത്തെ നമ്മുടെ പ്രശ്നമായി മനസ്സിലാക്കി  അവരെ സഹായിക്കാന്‍ സാധിക്കുമ്പോഴാണ് സേവന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുക. വ്യക്തികള്‍ക്കാവശ്യം സാമ്പത്തിക സഹായം മാത്രമല്ല. വ്യത്യസ്ത മേഖലകളില്‍ ഗൈഡന്‍സും കൗണ്‍സലിംഗും പ്രശ്നപരിഹാരവും നിയമ സഹായവുമൊക്കെയാണ്.
ജനങ്ങളുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് നടത്തുക എന്നതല്ല മികച്ച സാമൂഹിക പ്രവര്‍ത്തനം, ജനങ്ങളെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്. ജനങ്ങളുടെ കൂടെ നിന്ന് ഓരോ ഘട്ടത്തിലും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും പ്രായോഗിക പരിശീലനങ്ങളും സഹായങ്ങളും നല്‍കി അവരെ സ്വയം പര്യാപ്തരാക്കുന്നതിലും അവരില്‍ ആത്മാഭിമാനം വളര്‍ത്തുന്നതിലുമാണ് സാമൂഹിക സേവന സംരംഭങ്ങളുടെ വിജയം. സാങ്കേതിക പരിജ്ഞാനവും പൊതുപദ്ധതികളെ കുറിച്ച അറിവും ജനസേവന പ്രവര്‍ത്തകര്‍ക്കും സന്നദ്ധ ഗ്രൂപ്പുകള്‍ക്കും  ഉണ്ടാവണം. പൊതുജനങ്ങള്‍ക്ക് ഏത് സമയത്തും ആശ്രയിക്കാവുന്ന രീതിയില്‍ അവ ലഭ്യമാക്കാന്‍ കഴിയുമ്പോഴാണ് സന്നദ്ധ സംഘടനകള്‍ക്ക് അവരുടെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയുക.
സേവന പ്രവര്‍ത്തനങ്ങളില്‍ ഗുണഭോക്താക്കളോടുള്ള സമീപനം   കൂടുതല്‍ ഹൃദ്യതയുള്ളതാവണം. അപേക്ഷകന്റെ ആവശ്യങ്ങള്‍ കൃത്യമായി വിലയിരുത്തുകയും ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങള്‍ അന്വേഷിക്കുകയും വേണം. ഗുണകാംക്ഷാ മനോഭാവത്തോടെയും ആത്മാഭിമാനം ഉയര്‍ത്തുന്ന രീതിയിലും  അവരോട്  ഇടപെടാന്‍ സാധിക്കണം. വ്യക്തികളുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള സംസാരങ്ങള്‍, സമീപനങ്ങള്‍, പെരുമാറ്റങ്ങള്‍ എന്നിവ ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സേവന സംരംഭങ്ങള്‍ എന്നത് വ്യക്തികളുടെയോ സംഘടനകളുടെയോ ഔദാര്യമാണ് എന്ന തലത്തില്‍നിന്നും സമൂഹത്തിലെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും അവകാശമാണെന്ന  പൊതുബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. പാവപ്പെട്ടവനെ സഹായിക്കുമെന്ന നമ്മുടെ ഉറപ്പിന്റെ  മേല്‍ സമൂഹമാണ് സേവന സംരംഭങ്ങളെ താങ്ങി നിര്‍ത്തുന്നത്. സേവന സംരംഭങ്ങള്‍ നടത്തുന്നവരുടെ ഔദാര്യമല്ല അത്. 
സാമൂഹിക സേവനം എല്ലാവര്‍ക്കും എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ഒന്നല്ല. പ്രയാസപ്പെടുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കലോ മറ്റു സഹായങ്ങള്‍ നല്‍കലോ മാത്രമല്ല സാമൂഹിക സേവനം. ജനങ്ങള്‍ക്ക് സുസ്ഥിരമായി ഉപകാരപ്പെടുന്ന രീതിയില്‍ സാമൂഹിക സേവന സംരംഭങ്ങള്‍ പടുത്തുയര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്നത്  വലിയ പ്രയത്‌നവും കഴിവും വേണ്ട കാര്യമാണ്. സാമൂഹിക പുരോഗതിയെക്കുറിച്ച മികച്ച കാഴ്ചപ്പാടും ലക്ഷ്യവുമുള്ളവര്‍ക്കേ പ്രതിസന്ധികളെ അതിജീവിച്ച് സാമൂഹിക സേവന മേഖലയില്‍ വിജയക്കൊടി നാട്ടാന്‍ സാധിക്കൂ. വ്യത്യസ്ത മേഖലകളിലെ വിവിധ സ്വഭാവക്കാരായ വ്യക്തികളുമായുള്ള ഫലപ്രദമായ ഇടപെടല്‍, നിയമങ്ങളെക്കുറിച്ച ധാരണ, സര്‍ക്കാര്‍ വകുപ്പുകളുമായുള്ള നിരന്തര ബന്ധം, സാമ്പത്തിക വിഭവ ശേഖരണം, ഉചിതമായ മനുഷ്യവിഭവങ്ങള്‍ കണ്ടെത്തല്‍, പ്രവര്‍ത്തനങ്ങളെക്കുറിച്ച നിരന്തര അവലോകനം, പബ്ലിക് റിലേഷന്‍, ഡോക്യുമെന്റെഷന്‍ തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും അവരുടെ സംരംഭങ്ങള്‍ക്കും സാധിക്കേണ്ടതുണ്ട്.
വ്യക്തികള്‍ സ്വയം പ്രസ്ഥാനങ്ങളായിത്തീരുന്ന കാഴ്ച സാമൂഹിക സേവന മേഖലയില്‍ ധാരാളമുണ്ട്. മറ്റു കെട്ടുപാടുകളൊന്നുമില്ലാതെ നിസ്വാര്‍ഥമായി സേവനതല്‍പരരാവുകയെന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ധാരാളം നിരാലംബര്‍ക്കും ആവശ്യക്കാര്‍ക്കും വലിയ ആശ്വാസമാണ്. ഈ മേഖലയില്‍ മുഴുസമയ സേവനം ചെയ്യുന്നവര്‍ വലിയ വ്യക്തിബന്ധ ശൃംഖലകള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഗുണഭോക്താക്കളെ മാര്‍ക്കറ്റ് ചെയ്ത് കുറഞ്ഞ സമയം കൊണ്ട് ആവശ്യത്തിലധികം ഫണ്ട് കണ്ടെത്താനും ഇത്തരം വ്യക്തികള്‍ക്ക് സാധ്യമാവുന്നുണ്ട്. തികഞ്ഞ വൈകാരികതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കാ
നും ചെയ്ത കാര്യങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ജനങ്ങളിലേക്കെത്തിക്കാനും  ഇവര്‍ക്ക് സാധ്യമാവുന്നുവെന്നതാണ് ഇത്തരം വ്യക്തികളുടെ വിജയം. സ്ഥാപനങ്ങളോ സംവിധാനങ്ങളോ ദീര്‍ഘകാല പ്ലാനോ ഇല്ലാതെ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വളരുന്ന ഇത്തരം സേവന വ്യക്തി പ്രസ്ഥാനങ്ങള്‍ക്ക് എത്രകാലം ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നത്  പ്രവചനാതീതമായ കാര്യമാണ്. സാമൂഹിക സമ്മര്‍ദങ്ങളും പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുമോ എന്നതും സംശയമാണ്. ഇത്തരക്കാര്‍ സമ്മര്‍ദത്തിലാവുന്ന ധാരാളം സംഭവങ്ങള്‍ക്ക് കേരളീയര്‍ സാക്ഷികളാണ്.
വ്യക്തികള്‍  സഹായങ്ങള്‍ക്കു വേണ്ടി സന്നദ്ധ സംഘടനകളെയും വ്യക്തികളെയും സമീപിക്കുന്ന രീതിയാണ്  കൂടുതലായും കണ്ട് വരുന്നത്. അത്തരം അപേക്ഷകള്‍ പരിഗണിക്കുന്നതോടൊപ്പം തന്നെ സമൂഹത്തിലിറങ്ങി ആവശ്യക്കാരെ കണ്ടെത്തുന്ന രീതി സന്നദ്ധ സംഘടനകള്‍ ബോധപൂര്‍വം നിര്‍വഹിക്കേണ്ടതുണ്ട്. സ്വന്തം പ്രയാസങ്ങള്‍ മറച്ചുവെക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍കൈ എടുക്കണം. ഓരോ സന്നദ്ധ സംഘടനയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും ഫലപ്രദവുമാക്കുന്ന രീതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഏരിയ മാപ്പ്, റിസോഴ്സ് മാപ്പ്, ഫീല്‍ഡ് സര്‍വേ, പ്രോജക്റ്റ് ഫീസിബിലിറ്റി സ്റ്റഡി, സമയ ബന്ധിത അവലോകന റിപ്പോര്‍ട്ട്, ട്രെയിനിംഗ്, ഡോക്യുമെന്റേഷന്‍ തുടങ്ങിയവ ഓരോ സന്നദ്ധ സംഘടനയുടെയും അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. സാമൂഹിക സാഹചര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്താനും സാമൂഹിക സാഹചര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കാനും സാധിക്കണം. നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ നിരന്തര അവലോകനമാണ് പുതിയ പദ്ധതികളുടെ പ്ലാനിംഗ് എളുപ്പമാക്കുക .
ചാരിറ്റി സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്ന ചെറിയൊരു വിഭാഗം ആളുകള്‍ സമൂഹത്തിലുണ്ട്  എന്നത് യാഥാര്‍ഥ്യമാണ്. വ്യക്തികള്‍ക്ക് പണം നല്‍കുകയെന്നതിനേക്കാള്‍ അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്ന രീതിയാണ് ഉചിതം. വ്യക്തികള്‍ക്കും കമ്യൂണിറ്റികള്‍ക്കും  അവര്‍ അര്‍ഹിക്കുന്ന അളവിലുള്ള സേവന പ്രവര്‍ത്തനമാണ് നാം നിര്‍വഹിച്ചു കൊടുക്കേണ്ടത്. ഗുണഭോക്താക്കളുടെ കര്‍മശേഷിയും ബുദ്ധിയും അവസരങ്ങളും സാഹചര്യങ്ങളും അവരുടെതന്നെ പുരോഗതിക്ക് ഉപയോഗപ്പെടുത്തുന്ന രീതിയില്‍ സേവന സംസ്‌കാരം വികസിക്കണം. സഹായമാവശ്യമുള്ളവരുടെ കൈവശമുള്ള വിഭവങ്ങള്‍ ഏതു രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്ന  നിര്‍ദേശങ്ങളും നിര്‍ണായകമാണ്. ഗൈഡന്‍സ് നല്‍കേണ്ടവര്‍ക്ക് അത് മാത്രമേ നല്‍കാവൂ. വളരെ അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമേ സാമ്പത്തിക സഹായത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.
പ്രവര്‍ത്തനത്തിലെ ഉദ്ദേശ്യശുദ്ധിക്കപ്പുറത്ത്, കൂടുതല്‍ ക്രിയാത്മകമായ രീതിയില്‍ വലിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സേവന പ്രവര്‍ത്തനങ്ങളെ സാമൂഹിക പുരോഗതിയുടെ മുഖ്യ ഘടകമാക്കുന്നതില്‍ രാജ്യത്തെ മുസ്‌ലിം ചാരിറ്റി സംവിധാനങ്ങള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. ക്രിയാത്മകമായ വിതരണ - വിനിമയ - വിശകലന സംവിധാനത്തിന്റെ  അപര്യാപ്തത പ്രതീക്ഷിച്ച നിലവാരത്തിലേക്ക് സേവന പ്രവര്‍ത്തനങ്ങളെ  ഉയര്‍ത്തുന്നില്ല. ഗുണനിലവാരമുള്ള സംരംഭങ്ങളും സ്ഥാപനങ്ങളും സാമൂഹിക പുരോഗതിയെ ത്വരിതപ്പെടുത്തുന്നു. ഗുണനിലവാരമില്ലാത്ത സ്ഥാപനങ്ങളും സംരംഭങ്ങളും സമുദായത്തിന്റെ  ആത്മവിശ്വാസം തകര്‍ക്കും. മുസ്ലിം സമുദായത്തിലെ സംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുറംമോടി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ശരിയായ മനുഷ്യവിഭവങ്ങളുടെ അപര്യാപ്തത ലക്ഷ്യസാക്ഷാത്കാരത്തിന് തടസ്സമാവുന്നു. സംഘടനാ കക്ഷി മാത്സര്യത്തില്‍ വ്യത്യസ്ത സംഘടനകള്‍ സേവന മേഖലയില്‍ ഒരേ സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയതും ആരംഭിച്ച സംരംഭങ്ങള്‍ ശരിയായ രീതിയില്‍ നയിക്കാന്‍ കഴിവുള്ള മനുഷ്യ വിഭവങ്ങള്‍ ഇല്ലാത്തതും മാറ്റങ്ങള്‍ക്കനുസരിച്ചു പരിശീലനങ്ങള്‍ നേടാത്തതും ചാരിറ്റി മേഖലയിലെ മുസ്‌ലിം കമ്യൂണിറ്റിയുടെ പോരായ്മകളാണ്. സാമ്പത്തിക ലാഭം മുന്‍നിര്‍ത്തി കഴിവ് കുറഞ്ഞ വ്യക്തികളെയാണ് ഭൂരിപക്ഷം ചാരിറ്റി പദ്ധതികള്‍ക്കും നാം പരിഗണിക്കുന്നത്. ഓരോ മേഖലയിലും കഴിവുറ്റ വ്യക്തികളെ അതത് മേഖലയില്‍ വിന്യസിക്കാത്തതിനാല്‍ കാഴ്ചപ്പാടോ കര്‍മശേഷിയോ പരമാവധി ഉപയോഗപ്പെടുത്താതെയാണ് മിക്ക പദ്ധതികളും മുന്നോട്ടു പോവുന്നത്.

ഡോക്യുമെന്റ് മാനേജ്‌മെന്റും എന്‍.ജി.ഒകളും

എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും നട്ടെല്ലാണ് ഫലപ്രദമായ ആശയവിനിമയം. സന്നദ്ധ സംഘടനയിലും  കമ്മ്യൂണിറ്റിയിലും  പ്രോജക്റ്റിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പുതിയ ഫണ്ടിംഗിനും  നിലവിലെ ഫണ്ട് തരുന്നവരെ നിലനിര്‍ത്തുന്നതിനും പുതിയ വ്യക്തികളെ ആകര്‍ഷിക്കുന്നതിനും നല്ല ഡോക്യുമെന്റേഷനും ആശയവിനിമയവും നിര്‍ണായകമാണ്. വിജയകരമായ പ്രവര്‍ത്തനങ്ങളുടെ വിവരണം, നൂതന പ്രവര്‍ത്തന പരീക്ഷണങ്ങള്‍, ഗൗരവമുള്ള പഠനം, പരിശീലനം, അഭിഭാഷണം , പ്രോഗ്രാം ആസൂത്രണം, പബ്ലിക് റിലേഷന്‍സ്, അവലോകനം, ലക്ഷ്യം നേടാനുള്ള കൃത്യമായ സ്ട്രാറ്റജികള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍  ഫലപ്രദമായ സംഘാടനത്തിനും ഓര്‍ഗനൈസേഷന്റെ വിജയത്തിനും സഹായകമാകുന്നു. 
ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്   ഉണ്ടാവേണ്ട  രേഖകളും പേപ്പര്‍ വര്‍ക്കുകളും റെക്കോര്‍ഡുകളും വളരെ കൂടുതലാണ്. വളന്റിയര്‍ വര്‍ക്ക് കൊണ്ട് മാത്രം ഒരു സംവിധാനത്തിന്റെ ഡോക്യുമെന്റേഷന്‍ ഫലപ്രദമായി  നിര്‍വഹിക്കാന്‍ സാധ്യമാവണമെന്നില്ല. ഡോക്യുമെന്റെഷന്‍ ഫലപ്രദമല്ലെങ്കില്‍  രേഖകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഫോണിലൂടെയും ഇമെയില്‍ വഴിയും  നേരിട്ടും അങ്ങോട്ടുമിങ്ങോട്ടും ചോദിക്കാന്‍ മാത്രമേ നേരം കാണൂ. 
ഡോക്യുമെന്റേഷന്‍  പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് എന്‍.ജി.ഒകള്‍ക്ക്  മികച്ച ഡോക്യുമെന്റ് ട്രാക്കിംഗ് രീതികളും ഓഫീസ് ഓട്ടോമേഷന്‍  സംവിധാനങ്ങളും  ആവശ്യമാണ്. ഓര്‍ഗനൈസേഷന്റെ  നേതൃത്വത്തിനും കൈകാര്യ കര്‍ത്താക്കള്‍ക്കും ജീവനക്കാര്‍ക്കും  അവര്‍ക്കാവശ്യമായ ഡാറ്റ ലഭ്യമാക്കാന്‍ കഴിയുന്ന ഒരു കേന്ദ്രീകൃത സ്ഥാനമായാണ് സോഫ്റ്റ്‌വെയറുകള്‍ സംവിധാനിക്കേണ്ടത്.  
ഫലപ്രദമായ ഡോക്യുമെന്റേഷന്‍ പലപ്പോഴും ഒരു ചിന്താവിഷയമായി ഭൂരിഭാഗം സന്നദ്ധ സംഘടനകളുടെയും പരിഗണനയില്‍ വരാറില്ലെന്നതാണ് യാഥാര്‍ഥ്യം. ഫലപ്രദമായ ഡോക്യുമെന്റേഷന്‍ ഇല്ലാത്തത് എല്ലാ രീതിയിലും സംവിധാനങ്ങളുടെ പുരോഗതിയെ ബാധിക്കുന്നുണ്ട്. പ്രശ്‌നങ്ങളോട് മന്ദഗതിയിലുള്ള പ്രതികരണം, ലക്ഷ്യബോധം നഷ്ടപ്പെടല്‍, അറിവ് നഷ്ടം, സമയത്തിന്റെയും  പണത്തിന്റെയും  പാഴ്‌ച്ചെലവ്, നിയമ ലംഘനം, പരസ്പര സഹകരണത്തിലെ വിള്ളല്‍, ഗുണഭോക്തൃ ബന്ധങ്ങളിലെ പരാജയം, ചട്ടങ്ങള്‍ പാലിക്കുന്നതിലും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുമുള്ള  പരാജയം, വിവരങ്ങളുടെ  സുരക്ഷിതത്വമില്ലായ്മ  തുടങ്ങിയവ ഫലപ്രദമല്ലാത്ത ഡോക്യുമെന്റേഷന്‍  മൂലം സാമൂഹിക സേവന സംരംഭങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്.
ഫലപ്രദമായ ഡോക്യുമെന്റേഷന്‍ സംവിധാനമില്ലാതെ ഒരു സന്നദ്ധ സംഘടനക്കും ഇനിയുള്ള കാലം മുന്നോട്ട് പോകാന്‍ സാധ്യമല്ല. സര്‍ക്കാറില്‍  നിന്നും ലഭ്യമാക്കേണ്ട രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഇന്‍കം ടാക്‌സ് വകുപ്പുമായി ബന്ധപ്പെട്ട്  നേടേണ്ട  രജിസ്‌ട്രേഷനുകള്‍, ഫണ്ട് നല്‍കുന്ന ഏജന്‍സികള്‍ക്ക് നല്‍കേണ്ട റിപ്പോര്‍ട്ടുകള്‍, പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍, അഡ്മിനിസ്‌ട്രേഷന്‍ രേഖകള്‍, പബ്ലിക് റിലേഷന്‍ മെറ്റീരിയലുകള്‍, ഗുണഭോക്താക്കളുടെ ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്താല്‍ മാത്രമേ സന്നദ്ധ സംഘടനകള്‍ക്ക് നിയമ പ്രശ്‌നങ്ങളില്‍നിന്ന്  ഒഴിവാകാനും  സുതാര്യമായി പ്രവര്‍ത്തിക്കാനും പ്രൊജക്ടുകള്‍ക്കാവശ്യമായ ഫണ്ടുകള്‍ നേടിയെടുക്കാനും സാധ്യമാവൂ.
സാമൂഹിക സേവന മേഖലയില്‍ പതിറ്റാണ്ടുകളായി രംഗത്തുള്ള ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സേവന സംരംഭങ്ങള്‍ ഇത്തരം കാര്യങ്ങള്‍ പരമാവധി ഫലപ്രദമായി നിര്‍വഹിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. പ്രസ്ഥാനത്തിന് കീഴിലുള്ള സേവന സംരംഭങ്ങളുടെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ അത് വ്യക്തമാണ്. സംഘടിത സകാത്ത് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബൈത്തുസ്സകാത്ത് കേരള, അയല്‍ക്കൂട്ട സംഘാടനത്തിനുള്ള ഇന്‍ഫാക് സൊസൈറ്റി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് മേഖലയിലെ ഐ.ആര്‍.ഡബ്ലിയൂ, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍, മാനവ്  ഫൗണ്ടേഷന്‍  തുടങ്ങിയ സംസ്ഥാനതല സേവന സംരംഭങ്ങളുടെ വളര്‍ച്ച തന്നെ അതിന്  സാക്ഷിയാണ്. സാമൂഹിക സേവന മേഖലയില്‍ സുസ്ഥിര പദ്ധതികളുമായി  കേരളത്തില്‍ ഇസ്ലാമിന്റെ  സേവന സംസ്‌കാരത്തെ  അടയാളപ്പെടുത്താന്‍ ഈ സംരംഭങ്ങള്‍ക്ക്  സാധിച്ചിട്ടുണ്ട്. ജില്ലാ- പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം സന്നദ്ധ സംഘടനകളും സമാനരീതിയില്‍ മികച്ച പ്രവര്‍ത്തനമാണ് നിര്‍വഹിക്കുന്നത്.

സന്നദ്ധ സംഘടനകള്‍; സുതാര്യത, വെല്ലുവിളികള്‍

പൊതുസമൂഹത്തില്‍നിന്നുള്ള സഹായവും  സര്‍ക്കാര്‍ ഫണ്ടുകളുമാണ് സന്നദ്ധ സംഘടനകള്‍ കാര്യമായും ലക്ഷ്യം വെക്കുന്നത്.  അതിനാല്‍ തന്നെ അത്തരം കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിന്  വിധേയമാക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയിലെ പല എന്‍.ജി.ഒകളും അവരുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും തുറന്നുപറയാന്‍ ഇഷ്ടപ്പെടുന്നില്ല. എന്‍.ജി.ഒകള്‍ക്ക് വിദേശ സംഭാവന ലഭിക്കുമ്പോള്‍ ഇത് കൂടുതല്‍ സംഭവിക്കുന്നു. രാജ്യത്തെ എന്‍.ജി.ഒകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും വിശ്വാസ്യതയും സ്വീകാര്യതയും വര്‍ധിപ്പിക്കുന്നതിനും എന്‍.ജി.ഒകള്‍ക്ക് റേറ്റിംഗ് സമ്പ്രദായം അനിവാര്യമാണ്. 
ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒ ശൃംഖലകളിലൊന്നാണ് ഇന്ത്യയിലുള്ളത്. ചില എന്‍.ജി.ഒകള്‍ക്കെതിരെ അഴിമതി ആരോപണങ്ങളും ഉയരുന്നുണ്ട്. ആയിരത്തിലധികം എന്‍.ജി.ഒകളെ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങളില്‍, എന്‍.ജി.ഒകള്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യത തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ നിയമ നിര്‍മാണം നടത്തി  സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതോടൊപ്പം  സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുകയും ആവശ്യമുള്ളിടത്ത് സാധ്യമായ പദ്ധതികളില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യണം.
എന്‍.ജി.ഒകളെയും സാമൂഹിക പ്രവര്‍ത്തകരെയും സംരക്ഷിക്കുകയെന്നത് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ജാതി-മത-സംഘടനാ ഭേദമന്യേ എന്‍.ജി.ഒകള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളേണ്ട സമയമായിരിക്കുന്നു. സര്‍ക്കാരുകളുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ ഒന്നിച്ച് പോരാടിയില്ലെങ്കില്‍ രാജ്യ പുരോഗതിയെ വലിയ രീതിയില്‍ സഹായിക്കുന്ന എന്‍.ജി.ഒ  മേഖലയുടെ തകര്‍ച്ചയിലേക്കാണത്  നയിക്കുക. 

പുതിയ വിഭവ മേഖലകള്‍ കണ്ടെത്തണം

ഡോക്യുമെന്റേഷനിലും നിയമപരമായ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലും  മുസ്‌ലിം സംഘടനകളും ഗ്രൂപ്പുകളും  നടത്തുന്ന ചാരിറ്റി ഇന്‍സ്റ്റിറ്റിയൂഷനുകള്‍ പൊതുവെ  പിറകിലാവുന്നതിന്  സ്വാഭാവികമായ ചില കാരണങ്ങളുണ്ട്. മുസ്‌ലിം എന്‍.ജി.ഒകള്‍  ദീനീപരമായ സാധ്യതകളെയാണ് പ്രധാനമായും  ഫണ്ട് ശേഖരണത്തിന്  ഉപയോഗപ്പെടുത്തുന്നത്. യാതൊരുപാധിയുമില്ലാതെ ദൈവപ്രീതി മാത്രം കാംക്ഷിച്ചു സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നവരെയാണ് മുസ്ലിം  സന്നദ്ധ സംഘടനകള്‍ പ്രധാനമായും ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ കൃത്യമായ ഡോക്യുമെന്റേഷനില്‍  ജാഗ്രതയില്ലെന്ന് പറയുന്നതില്‍ ശരിയുണ്ട്. എന്നാല്‍ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിലും ഗുണഭോക്താക്കളെ  പുരോഗതിയിലേക്ക് നയിക്കുന്നതിലും മതാധിഷ്ഠിതമായ ചാരിറ്റികള്‍ ജാഗ്രത്താണ്. പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഫണ്ടുകളോ മറ്റു പൊതുഫണ്ടുകളോ സ്വീകരിക്കാത്തവരോ  അതിനുവേണ്ടി ശ്രമിക്കാത്തവരോ ആണ്.
സര്‍ക്കാര്‍ ഫണ്ടുകളും പൊതു എന്‍.ജി.ഒ ഫണ്ടുകളും ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണത്തില്‍  കുറവാണെങ്കിലും ഫലപ്രദമായ ഡോക്യുമെന്റേഷന്‍ കാരണം വളരെ അപ്ഡേറ്റഡ് ആയിരിക്കുന്നതായി കാണാം. ഫണ്ട് ലഭ്യമാക്കുന്നതിനും രജിസ്ട്രേഷനും മറ്റും സ്വാഭാവികമായും ഇത്തരം കാര്യങ്ങള്‍ അനിവാര്യമായതു കൊണ്ടാണ് അവര്‍ ഡോക്യുമെന്റേഷന് അത്രയും പ്രാധാന്യം നല്‍കുന്നത്. എന്‍.ജി.ഒകളുടെ നിലനില്‍പിലും പുരോഗതിയിലും ഡോക്യുമെന്റേഷന്‍ വലിയ പങ്കുവഹിക്കുന്നതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌