Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

പ്രതിരോധ രാഷ്ട്രീയത്തിലെ വൈജ്ഞാനിക ഇടപെടല്‍

സമദ് കുന്നക്കാവ്

കേരളത്തിന്റെ വൈജ്ഞാനിക സാഹിത്യ ശാഖക്ക് ഐ.പി.എച്ച് നല്‍കിയ ബൃഹത്തായ സംഭാവനയാണ് ഇസ്‌ലാമിക വിജ്ഞാനകോശം. 1995 ഡിസംബറില്‍ ഒന്നാം വാല്യം പുറത്തിറങ്ങിയ ഇസ്‌ലാമിക വിജ്ഞാനകോശം ഇപ്പോള്‍ 13-ാം വാല്യത്തിലെത്തി നി ല്‍ക്കുന്നു. വൈജ്ഞാനിക ഉള്ളടക്കത്തിലും ആധികാരിക റഫറന്‍സ് എന്ന നിലയിലും മുമ്പുള്ള വാല്യങ്ങളോട് കിടപിടിക്കുന്നതു തന്നെയാണ് താഅ് മുതല്‍ ദാഹിസ് വരെ 1120 ശീര്‍ഷകങ്ങള്‍ ഉള്‍ക്കൊള്ളുന്ന 13-ാം വാല്യം.
ചരിത്രം, കഴിഞ്ഞുപോയ കാലത്തിന്റെ വിശദീകരണം മാത്രമല്ല, നടപ്പുകാലത്തിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുന്ന ഒന്നുമാണ്. ഭരണകൂടങ്ങളുടെ അധികാര പ്രയോഗങ്ങളിലൂടെയും വൈജ്ഞാനിക ഇടപെടലുകളിലൂടെയും ഇസ്‌ലാമിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളും ചിഹ്നങ്ങളും കുടിയിറക്കപ്പെടുന്നതിന്റെ പൊള്ളുന്ന നേരറിവുകളാണ് നിലവിലുള്ളത്. ചരിത്രത്തെ അതിന്റെ ശാസ്ത്രീയമായ വഴിയില്‍നിന്ന് അടര്‍ത്തിമാറ്റി മിത്തുകള്‍ കൊണ്ടും ഇതിഹാസങ്ങള്‍ കൊണ്ടും പകരംവെക്കാനുള്ള ശ്രമം ഇന്ന് തകൃതിയാണ്. ചരിത്രം വികൃതവല്‍ക്കരിക്കപ്പെടുന്നു എന്ന് പറയുന്നതിനര്‍ഥം മരിച്ചവര്‍ക്ക് പോലും രക്ഷയില്ല എന്നാണ്. ഇന്ത്യന്‍ ദേശീയതയുടെ ചരിത്രത്തിലും കേരളത്തിന്റെ സാമൂഹിക രൂപീകരണത്തിലുമെല്ലാം ഉജ്ജ്വല പാരമ്പര്യമുള്ള മുസ്‌ലിം ചരിത്രത്തെ അസന്നിഹിതമാക്കാനും തമസ്‌കരിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.  
ഇന്ത്യയുടെ സാമൂഹിക മണ്ഡലത്തില്‍ രൂപപ്പെട്ട അപകടകരമായ ഇത്തരം പ്രവണതകളെ തിരിച്ചറിയേണ്ടതും വിമര്‍ശനപരമായി വിശകലനം ചെയ്യേണ്ടതും വ്യവസ്ഥാപിത ദേശീയ ചരിത്രകാരന്മാരായിരുന്നു. എന്നാല്‍, സംഭവിച്ചത് സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമൊപ്പം ചുവടുവെച്ചുകൊണ്ട് അധീശ വിഭാഗത്തിന്റെ ജ്ഞാനമണ്ഡലമായി ചരിത്രം വഴിമാറിപ്പോയി എന്നതാണ്. ഭരണകൂടത്തിന്റെ അധികാര ഉപകരണങ്ങളുടെ സഹായത്തോടെ വര്‍ഗീയ ചരിത്രകാരന്മാര്‍ വരച്ചെടുത്ത ദേശീയ ഭൂപടത്തില്‍നിന്ന് മുസ്‌ലിം സമൂഹം തമസ്‌കരിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. അങ്ങനെ, 11-ാം നൂറ്റാണ്ട് മുതല്‍ തുടങ്ങുന്ന ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെ സാമ്രാജ്യത്വ-പൗരസ്ത്യ-തദ്ദേശീയ ചരിത്രകാരന്മാരടങ്ങുന്ന മുക്കൂട്ടു മുന്നണി വികലമാക്കി രൂപപ്പെടുത്തി മുഖ്യധാരാ മണ്ഡലത്തിനകത്തു പ്രതിഷ്ഠിച്ചതോടെ ഉടലെടുത്തതാണ് മുസ്‌ലിമിനെക്കുറിച്ചുള്ള ശത്രു, അക്രമി, അപരന്‍ എന്നീ പ്രതിഛായകള്‍.
ദേശീയതയുടെ ഭാവനാഭൂപടങ്ങളില്‍നിന്ന് ബോധപൂര്‍വം വെട്ടിമാറ്റപ്പെട്ട മുസ്‌ലിം ഇന്നലകളെയും അതിന്റെ ആശയപരിസരങ്ങളെയും തികവാര്‍ന്ന രൂപത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്, ഇസ്‌ലാമിക വിജ്ഞാനകോശം. ചരിത്രം വിസ്മരിക്കപ്പെടുകയും ശാസക-മര്‍ദക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അത് പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന സമകാലിക ലോകത്ത് മുസ്‌ലിം ജനതയുടെ ചരിത്രപരമായ ഇടം സ്ഥാപിച്ചെടുക്കുന്നതില്‍ വിജ്ഞാനകോശം വിജയിച്ചിരിക്കുന്നു. പ്രമാണവല്‍ക്കരിക്കപ്പെട്ട അറിവധികാരങ്ങളെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് മുസ്‌ലിം സമൂഹത്തിന് ഇന്ത്യയില്‍ പൊതുവായൊരു പൈതൃകമുണ്ടെന്ന് ഈ ആഖ്യാനങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വാസ്തുശില്‍പ വിസ്മയവും ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നുമായ താജ്മഹല്‍, ഇന്ത്യയിലെ പ്രധാന പള്ളികളിലൊന്നായ ഭോപാല്‍ താജുല്‍ മസാജിദ്, ഇന്ത്യയിലെ ആദ്യത്തെ വ്യവസ്ഥാപിത ഭരണകൂടമായ ദല്‍ഹി സല്‍ത്വനത്ത്, പ്രമുഖ മുസ്‌ലിം പഠന കേന്ദ്രമായ ദയൂബന്ദ് ദാറുല്‍ ഉലൂം മുതലായ വിഷയങ്ങള്‍ പതിമൂന്നാം വാല്യം ഉള്‍ക്കൊണ്ടിരിക്കുന്നു.
അറിവ് എന്നത് യൂറോപ്പില്‍ പിറവിയെടുത്ത് യൂറോപ്പില്‍ ചരമമടഞ്ഞ് യൂറോപ്പില്‍ തന്നെ പുനര്‍ജനിക്കുന്നു എന്നതാണ് യൂറോപ്യന്‍ നവോത്ഥാന വാദികളുടെ  അവകാശവാദം. വിജ്ഞാനത്തിന്റെ പാരമ്പര്യത്തില്‍നിന്ന് അറേബ്യയെ അറുത്തുമാറ്റി അതിനെ യൂറോ കേന്ദ്രീകൃതമാക്കാന്‍ കൊളോണിയലിസം കണ്ടുപിടിച്ച മാര്‍ഗമായിരുന്നു, ജ്ഞാനോദയം എന്ന സംജ്ഞ. ഇസ്‌ലാമിനെയും ഇസ്‌ലാമിക സംസ്‌കാരത്തെയും എത്രമാത്രം അധമവല്‍ക്കരിക്കാന്‍ യൂറോപ്പിന് സാധിക്കുന്നുവോ അതിനനുസൃതമായിക്കൊണ്ടായിരുന്നു നവോത്ഥാന പാഠങ്ങള്‍ക്ക് നിലനില്‍പ്പ് സാധ്യമായത്. ആധുനികതയുടെ പാശ്ചാത്യ പരിസരത്തില്‍നിന്ന് തുടങ്ങി ഇന്ത്യയിലെ പ്രാദേശിക ബോധങ്ങളില്‍ വരെ എത്തിനില്‍ക്കുന്ന ചരിത്ര പാഠങ്ങളില്‍ ഇസ്‌ലാം അപരമതമായി നിലകൊള്ളുന്നതിന്റെ തുടക്കം യൂറോപ്പിന്റെ നവോത്ഥാന പാഠങ്ങളില്‍ തന്നെയാണ്. ആധുനിക യൂറോപ്യന്‍ നവോത്ഥാനം വികസിപ്പിച്ചെടുത്ത ഇസ്‌ലാമിനെക്കുറിച്ച ഈ വികല ധാരണകളെ ആധികാരികമായും ചരിത്രത്തെളിവുകളുദ്ധരിച്ചും വിജ്ഞാനകോശം പൊളിച്ചെഴുതുന്നു. ഇസ്‌ലാമിക വൈജ്ഞാനിക ചരിത്രത്തില്‍ സവിശേഷ പ്രാധാന്യമുള്ള നിരവധി ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്ന വിജ്ഞാനകോശം, ഇസ്‌ലാമിന്റെ പുഷ്‌കലമായ ഇന്നലകളെ അരങ്ങിലേക്ക് കൊണ്ടുവരുന്നു. പ്രാകൃതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്‌ലിം ഭൂതകാലത്തിലെ ശോഭന മാതൃകകളെ അതിന്റെ മുഴുവന്‍ ലാവണ്യത്തോടെയും ചിത്രപ്പെടുത്തുന്നു.  
വിജ്ഞാനകോശം പതിമൂന്നാം വാല്യത്തിലെ പ്രധാന ശീര്‍ഷകങ്ങളിലൊന്ന് തുര്‍ക്കിയാണ്. മധ്യ പൗരസ്ത്യ ദേശത്തെ വന്‍ശക്തിയും ഉസ്മാനി സാമ്രാജ്യത്തിന്റെ സമ്പന്ന പൈതൃകം പേറുന്നതുമായ തുര്‍ക്കി റിപ്പബ്ലിക്കിനെ കുറിച്ച് സാമാന്യം വിശദവും സമഗ്രവുമായ വിവരണമുണ്ട്. മധ്യേഷ്യന്‍ മുസ്‌ലിം റിപ്പബ്ലിക്കായ താജികിസ്താന്‍, അറബ് വസന്തത്തിന്റെ ഈറ്റില്ലവും ഉത്തരാഫ്രിക്കന്‍ രാഷ്ട്രവുമായ തുനീഷ്യ, മധ്യേഷ്യന്‍ സ്വയംഭരണ പ്രദേശങ്ങളായ തുര്‍കുമാനിസ്താന്‍, ദാഗിസ്താന്‍ എന്നിവയും പ്രധാന ശീര്‍ഷകങ്ങളാണ്. തായ്‌ലന്‍ഡ്, തായ്‌വാന്‍, തിബത്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷത്തെയും ഈ വാല്യം പരിചയപ്പെടുത്തുന്നു. താശ്ഖന്ദ്, തിഫ്‌ലീസ്, തിബ്‌രീസ്, തിര്‍മിദ്, തിലിംസാന്‍, തുര്‍കിസ്താന്‍, തൂനിസ്, തെഹ്‌റാന്‍, ത്വന്‍ത്വാ, ത്വബരിസ്താന്‍, ത്വാഇഫ്, ത്വൂസ്, ദമ്മാജ്, ദമ്മാം, ദര്‍ബന്ദ്, ദാറുസ്സലാം, ദാര്‍ഫൂര്‍, ദല്‍ഹി, തിരുവിതാംകൂര്‍, തിരുവിതാംകോട്, തേങ്ങാപട്ടണം തുടങ്ങിയവയാണ് മറ്റു പ്രധാന സ്ഥലനാമ ശീര്‍ഷകങ്ങള്‍. താത്തൂര്‍, താനൂര്‍, താമരശ്ശേരി, തായിക്കാട്ടുകര, താഴത്തങ്ങാടി, താഴെക്കോട്, തിക്കോടി, തിരുവനന്തപുരം, തിരൂരങ്ങാടി, തിരൂര്‍, തുവ്വൂര്‍, തൃക്കരിപ്പൂര്‍, തൃത്താല, തൃപ്പനച്ചി, തൃശൂര്‍, തൊടുപുഴ, തോട്ടുമുഖം എന്നിവയാണ് കേരളത്തിലെ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട് ഈ വാല്യത്തില്‍ വന്ന മറ്റു ശീര്‍ഷകങ്ങള്‍.
പ്രവാചക അനുചരന്മാരുടെ അനന്തര തലമുറയായ താബിഈകള്‍, ഇസ്‌ലാമിക ചരിത്രത്തെയും കൃതികളെയും പരിചയപ്പെടുത്തുന്ന താരീഖ്, മനുഷ്യര്‍ക്കു രോഗശമനവും പാനീയവുമായി പ്രയോജനപ്പെടുന്ന തേനും തേനീച്ചയും, പശ്ചാത്താപ പ്രവൃത്തിയെ സൂചിപ്പിക്കുന്ന തൗബഃ, മൂസാ നബിക്ക് അവതീര്‍ണമായ വേദം തൗറാത്ത്, ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായ തൗഹീദ്, ക്രിസ്തുമത ദൈവസങ്കല്‍പത്തിന്റെ മര്‍മമായ ത്രിയേകത്വം, ആധുനിക കര്‍മശാസ്ത്ര പ്രശ്‌നങ്ങളില്‍ മുഖ്യമായ ദയാവധം, അന്ത്യനാളിന്റെ അടയാളങ്ങളായ ദജ്ജാല്‍, ദാബ്ബതുല്‍ അര്‍ദ്, ഇസ്‌ലാമിക രാഷ്ട്രമീമാംസാ സംജ്ഞകളായ ദാറുല്‍ അഹ്ദ്, ദാറുല്‍ ഇസ്‌ലാം, ദാറുല്‍ കുഫ്‌റ്, ദാറുല്‍ ബഗ്‌യ്, സ്വൂഫിസത്തിന്റെ ഭാഗമായ ത്വരീഖത്ത്,  ഇസ്‌ലാമിക കര്‍മശാസ്ത്ര സംജ്ഞകളായ ത്വഹാറത്ത്, ത്വഹൂര്‍, ദറൂറത്ത്, ത്വവാഫ്, ദക്ഷിണേന്ത്യയിലെ ദക്കാന്‍, ദക്‌നികള്‍ തുടങ്ങിയവയാണ് ഈ വാല്യത്തിലെ മറ്റു പ്രധാന ശീര്‍ഷകങ്ങള്‍. 
തീവ്രവാദം, ത്വലാഖ്, തൊഴില്‍ എന്നിവയെക്കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് വിവരിക്കുന്ന ശീര്‍ഷകങ്ങള്‍ ഈ വാല്യത്തിലെ മികച്ച പഠനങ്ങളാണ്. ദക്ഷിണ കേരളത്തിലെ പ്രമുഖ മുസ്‌ലിം മത സംഘടനയായ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായെയും പോഷക ഘടകങ്ങളെയും കുറിച്ച് ഈ വാല്യത്തില്‍ വായിക്കാം. പ്രവാചകന്‍ നിര്‍ദേശിച്ച ആരോഗ്യ പാഠങ്ങളും ചികിത്സാ രീതികളും പ്രതിപാദിക്കുന്ന ശീര്‍ഷകമാണ് ത്വിബ്ബുന്നബി. കേരളീയ മതസാമൂഹിക മണ്ഡലത്തില്‍ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയ തിരുശേഷിപ്പ്, അഹ്മദി വിഭാഗമായ തിമാര്‍പൂരികള്‍, ഇസ്മാഈലി വിഭാഗമായ ദാവൂദി ബോറകള്‍, അഫ്ഗാനിസ്താനിലെ യാഥാസ്ഥിതിക സംഘമായ ത്വാലിബാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നാശംവിതച്ച ഭീകരസംഘമായ ദാഇശ്, രാജവംശങ്ങളായ തുഗ്‌ലഖുകള്‍, ത്വാഹിരികള്‍, ത്വൂലൂനികള്‍, തിമൂരികള്‍, ദാനിശ്മന്ദികള്‍, മധ്യേഷ്യന്‍ ജനവിഭാഗങ്ങളായ തുര്‍ക്കികള്‍, താതാരികള്‍, തുര്‍കുമാനികള്‍, താജികുകള്‍, സമൂദ് ജനത, അദ്ദഹ്‌രിയ്യഃ എന്നിവയെക്കുറിച്ചും ഈ വാല്യത്തില്‍ വിവരണമുണ്ട്. 
ചരിത്രകൃതികളിലും പഠനങ്ങളിലും പതിവായുള്ള ശൈലി കണക്കെ വിവരണം, വിശകലനം, സിദ്ധാന്തീകരണം എന്നിവയെല്ലാം വിജ്ഞാനകോശത്തിലുമുമുണ്ട്. എന്നാല്‍, ഇതിനെയെല്ലാം ആദര്‍ശപരമായ ഒന്നിലേക്ക് കണ്ണിചേര്‍ക്കുന്നു എന്നതാണ് ഈ പരമ്പരയുടെ സവിശേഷത. അതിനാല്‍, കേവലമായ വൈജ്ഞാനിക ഇടപെടലുകളല്ല, രാഷ്ട്രീയ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമെന്ന നിലയിലാണ് വിജ്ഞാനകോശം വ്യതിരിക്തമാകുന്നത്. ലോകത്തിന്റെയും ദേശത്തിന്റെയും സാമൂഹിക ചരിത്ര പഥത്തില്‍ തങ്ങളുടെ കാലടികള്‍ തെളിഞ്ഞു കിടപ്പുണ്ട് എന്ന് സമര്‍ഥിക്കുംവരെ മുസ്‌ലിംകള്‍ അപരവല്‍ക്കരിക്കപ്പെട്ടവരായിരിക്കും എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള വൈജ്ഞാനിക പ്രതിരോധമാണ് തങ്ങളുടേതെന്ന് വിജ്ഞാനകോശത്തിന്റെ അണിയറ ശില്‍പികള്‍ക്ക് അഭിമാനിക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍