Prabodhanm Weekly

Pages

Search

2020 മെയ് 01

3150

1441 റമദാന്‍ 08

ഖുര്‍ആന്‍ വിചിന്തനത്തിനൊരു ഗൈഡ്

ഹഫീദ് നദ്‌വി കൊച്ചി

'പരിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെ ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മാര്‍ഗദര്‍ശനമാണ്. ഒരു കാലഘട്ടത്തില്‍ ജനങ്ങള്‍ മനസ്സിലാക്കിയ ആശയത്തില്‍ അതിനെ തളച്ചിടുന്നത് ശരിയല്ല.' മലയാളത്തില്‍ കഴിഞ്ഞ കൊല്ലം പ്രസിദ്ധീകൃതമായ ഒരു വിവര്‍ത്തന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ എം. വി മുഹമ്മദ് സലീം മൗലവി കുറിച്ചിട്ട വരികളാണിത്. വിചിന്തനാധിഷ്ഠിത പഠനമാണ് ഖുര്‍ആന്‍ വിശ്വാസിയോട് ആവശ്യപ്പെടടുന്നത്. ഇതൊരു പ്രശസ്ത ഖുര്‍ആനിക ചിന്താധാരയാണ്. ശറഹീ സ്‌കൂള്‍ ഓഫ് തോട്ട്, തദബ്ബുര്‍ സ്‌കൂള്‍ ഓഫ് തോട്ട് എന്നൊക്കെയാണ്  ഈ ധാര അറിയപ്പെടുന്നത്. തദബ്ബുര്‍, തദക്കുര്‍, അഖ്ല്‍ എന്നീ ഖുര്‍ആനിക സംജ്ഞകള്‍ തലച്ചോര്‍ പൂട്ടിയിട്ട കേവല പാരായകരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ആ ചിന്താധാരയുടെ വക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
അറബിയിലും ഉര്‍ദുവിലും ഇംഗ്ലീഷിലുമെല്ലാമായി ഇറങ്ങിയിട്ടുള്ള ഖുര്‍ആന്‍ പരിഭാഷകളെല്ലാം മാതൃഭാഷയില്‍ വായിക്കാന്‍ കഴിയുന്ന ഭാഗ്യം ഒരുപക്ഷേ മലയാളിക്ക് മാത്രമാവും സ്വന്തം. ഖുര്‍ആന്‍ പരിഭാഷാ -  വ്യാഖ്യാനങ്ങള്‍ മൗലികമായി നമ്മുടെ ഭാഷയില്‍ പരിമിതമാണെങ്കിലും ഉപരിസൂചിത വിവര്‍ത്തനങ്ങള്‍ ആ വിടവ് നികത്തുന്നുണ്ട്. ഖുര്‍ആന്റ ആശയലോകത്തേക്ക് മനന - വിചിന്തനങ്ങളോടെ പ്രവേശിക്കാനാഗ്രഹിക്കുന്ന മലയാളി വായനക്കാര്‍ക്ക് മൗലാനാ അമീന്‍ അഹ്സന്‍ ഇസ്‌ലാഹിയുടെ 'തദബ്ബുറെ ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാന കൃതിയുടെ മലയാള പരിഭാഷ (ഒന്നാം വാള്യമാണ് ഇപ്പോള്‍ ഇറങ്ങിയത്) നല്ലൊരു വഴികാട്ടി തന്നെയായിരിക്കും.
'തദബ്ബുര്‍' ഉര്‍ദുവില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് കെ. ടി അബ്ദുര്‍റഹ്മാന്‍ നദ്‌വിയാണ്. ഈ വ്യാഖ്യാന കൃതിയുടെ ചില ഭാഗങ്ങള്‍ ഈ കുറിപ്പുകാരന്‍ വിവര്‍ത്തനം ചെയ്യുകയും അത് 'ബോധന'ത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.  അന്നുണ്ടായ 'തദബ്ബുര്‍ പ്രേമം'  തുടര്‍ന്ന് എന്നെ അതിന്റെ നിത്യവായനക്കാരനാക്കിമാറ്റി. ഇസ്‌ലാമിക വിജ്ഞാനകോശത്തില്‍ തദബ്ബുറെ ഖുര്‍ആനെ കുറിച്ച് ലേഖനമെഴുതാനും അത് നിമിത്തമായി.
ഖുര്‍ആന്‍ സൂക്തങ്ങള്‍ പരസ്പരം വ്യാഖ്യാനിക്കുന്നു  എന്ന തത്ത്വത്തിന്റെ പ്രയോഗവത്കരണമാണ് തദബ്ബുറിന്റെ ആദ്യ മേന്മ. ഖുര്‍ആനിക വിഷയങ്ങളിലെ പാരസ്പര്യവും പൂര്‍വാപര പൊരുത്തവും പ്രത്യേക വിജ്ഞാനശാഖയാണെന്ന് വായനക്കാരനെ ബോധ്യപ്പെടുത്തുന്നു തദബ്ബുര്‍. ഇല്‍മുല്‍ മുനാസബത്ത്, നിളാമുല്‍ ഖുര്‍ആന്‍ എന്നീ സംജ്ഞകള്‍ ഒരുപക്ഷേ, ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ചര്‍ച്ചയാവുന്നത് മൗലാനാ ഹമീദുദ്ദീന്‍ ഫറാഹി(1863-1930)യിലൂടെയാണ്. അദ്ദേഹത്തിന്റെ ശിഷ്യത്വം ലഭിച്ചവരാണ് അഅ്‌സംഗഢ് മദ്‌റസത്തുല്‍ ഇസ്‌ലാഹിന്റെ ആദ്യകാല ഉല്‍പന്നങ്ങളില്‍ പ്രമുഖരായ മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി, ഡോ. ഇനായത്തുല്ലാ സുബ്ഹാനി എന്നിവര്‍. അവരിലെ പ്രസ്ഥാന-മനന കാര്യങ്ങളില്‍ ഒന്നാമനായിരുന്നു അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി (1904-'97). ഖുര്‍ആനിക സംജ്ഞകളുടെ കെട്ടഴിക്കാന്‍ ഉര്‍ദുവില്‍ ലഭ്യമായ മുഖ്യ അവലംബം തദബ്ബുറാണ്. മാര്‍ജിനില്‍ തന്നെ റഫറന്‍സ് നല്‍കുകയും അവയുടെ ക്രോസ് റഫറന്‍സ് അതത് വാള്യത്തിന്റെ അവസാനത്തില്‍ പേജ് നമ്പറിട്ട് നല്‍കുകയും ചെയ്യുന്നു എന്നത് ഉര്‍ദുവിലെ തദബ്ബുറിന്റെ പ്ലസ് പോയിന്റാണ്.
ഉദാ: ഖൗം / ഉമ്മത്ത് സംജ്ഞകളുടെ പരാമര്‍ശം (തദബ്ബുര്‍ 3/708).
കേവലാക്ഷരങ്ങള്‍ എത്രയാണെന്നും അതിന്റെ മദ്ദ് (നീട്ടല്‍) എത്ര വേണമെന്നുമാണ് സാമ്പ്രദായിക തഫ്‌സീറുകള്‍ കൈകാര്യം ചെയ്യുന്ന പൊതുവെയുള്ള രീതി. അവസാനം 'അല്ലാഹു അഅ്‌ലം' എന്ന ഒരു തുറന്നുപറച്ചിലും. എന്നാല്‍ തോറ, ഇഞ്ചീല്‍, സങ്കീര്‍ത്തനങ്ങള്‍, ഹീബ്രു, അരാമിക് ഭാഷകളുടെ താദാത്മ്യ പഠനങ്ങള്‍ എന്നിവയിലൂടെ പ്രസ്തുത കേവലാക്ഷരങ്ങളെ ബിംബങ്ങളും രൂപകങ്ങളുമായി കാണുന്ന രീതി ആധുനിക അക്കാദമിക പാഠപുസ്തകങ്ങളിലെ അധ്യാപന മാതൃകയായ ്വലൃീ ലേഃ,േ ൃേശഴഴലൃ എന്നിവയോട് സമാനപ്പെട്ടതാണെന്ന ബോധ്യം തദബ്ബുര്‍ നല്‍കുന്നു.
ഉദാ: നൂന്‍ (മത്സ്യത്തെക്കുറിച്ച് സൂചന), ത്വാഹാ (പാമ്പ് സംഭവത്തിലേക്ക് വെളിച്ചം). ഖുര്‍ആനിക വിഷയങ്ങള്‍, 'ക്രോസ് റഫറന്‍സുകളി'ലൂടെ മാര്‍ജിനുകളില്‍ സൂചന നല്‍കി പലയിടങ്ങളില്‍ വന്ന വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന റഫറന്‍സ് രീതി തദബ്ബുറിന്റെ മറ്റൊരു മേന്മയാണ്.
ഉദാ: ആലമീന്‍ 1: 42, തൗഹീദ് 1: 147, പ്രപഞ്ച ദൃഷ്ടാന്തങ്ങള്‍: 6: 38.
പഠിതാക്കള്‍ക്ക് കൗതുകവും ജിജ്ഞാസയും ഉണര്‍ത്തുന്ന ബോധന പ്രതിഭാസമാണ് 'ഇല്‍തിഫാത്ത്.' അദൃശ്യമായ സര്‍വനാമത്തെ അനുവാചകന്റെ മനസ്സിലേക്ക് പതുക്കെ പതുക്കെ ആവാഹിച്ച് കൊണ്ടുവന്ന് കൈകാര്യം ചെയ്യുന്ന സവിശേഷമായ സാഹിതീയ രീതിയാണത്.
ഉദാ: ഫാതിഹ സൂറയിലെ 'ഇയ്യാക്ക'യിലേക്കുള്ള ഒഴുക്ക് (1:44), നിന്റെ മുഖം നിങ്ങളുടെ മുഖങ്ങളിലേക്ക് വളരുന്നു (1: 369, 370).
'ആമനര്‍റസൂലു'വിലെ സര്‍വനാമം 'അവനി'ല്‍നിന്ന് 'നാമി'ലേക്ക് മാറുന്നത് (1: 649). വേദഗ്രന്ഥങ്ങളെ പരാമര്‍ശിക്കുമ്പോള്‍ നിലവിലുള്ള തോറാ-ഇഞ്ചീലുകളില്‍നിന്നും നിര്‍ലോഭം ഉദ്ധരിക്കുന്ന ശൈലി 'തഫ്ഹീമി'നേക്കാള്‍ കൂടിയ അളവില്‍ 'തദബ്ബുറി'ല്‍ കാണാം.
ഉദാ: പൂര്‍വ പ്രവാചകന്മാര്‍ (1/212  288).
'ആവര്‍ത്തിക്കപ്പെടുന്ന ഏഴ് ഘടകങ്ങള്‍' (അസ്സബ്ഇല്‍ മസാനി - 15:87) എന്ന് ഖുര്‍ആന്‍ പറയുന്നത് ഹദീസുകളില്‍ പറയുന്ന ഏഴു പാരായണങ്ങള്‍ (സബ്അത്തു അഹ്‌റുഫ്) ആണ് എന്നും അത് വ്യത്യസ്തങ്ങളായ പാരായണ രൂപങ്ങളല്ല,  പ്രത്യുത ഖുര്‍ആന്‍ ഊന്നുന്ന സപ്ത വിഷയങ്ങളുടെ മൊത്തത്തിലുള്ള നാമധേയമാണെന്നും തദബ്ബുര്‍ സമര്‍ഥിക്കുന്നു.
ഉദാ: സൂറ മുല്‍ക് മുതല്‍ നാസ് വരെയുള്ളത് 'തദബ്ബുറി'ല്‍ ഒറ്റ തീമാണ്. നിഷേധികള്‍ക്ക് മുന്നറിയിപ്പും ഇസ്‌ലാമിക സമൂഹത്തിന് സന്തോഷവാര്‍ത്തയും.
ഓരോ അധ്യായവും സൂക്തവും അവ തമ്മിലുള്ള പൂര്‍വാപര ബന്ധവും അനാവരണം ചെയ്ത് പരസ്പരപൂരകങ്ങളായ രത്‌നങ്ങള്‍ കൊണ്ട് നെയ്തുണ്ടാക്കിയ വിശിഷ്ടാഭരണമായി ബോധ്യപ്പെടുന്ന വായനാനുഭവമാണ് 'തദബ്ബുര്‍' നല്‍കുന്നത്. ആദ്യാവസാനം രസച്ചരട് പൊട്ടാതെ വായിക്കാന്‍ കഴിയുന്ന ഒരപൂര്‍വ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമെന്ന് അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാവുന്ന വായനാനുഭവമാണ് 'തദബ്ബുര്‍' നല്‍കുന്നത്.

ഫറാഹീ ചിന്താധാര: 'തദബ്ബുറി'ന്റെ അകക്കാമ്പ്
അവതരണ കാരണങ്ങള്‍ (അസ്ബാബുന്നുസൂല്‍), ഭേദഗതി (നസ്ഖ്), പാരായണ ഭേദങ്ങള്‍ (സബ്ഉ ഖിറാഅത്ത്), പാരായണ വിരാമം (വഖ്ഫ്) എന്നീ ഖുര്‍ആനിക സംജ്ഞകളെ പൊളിച്ചെഴുതിയ ചിന്താധാരയാണ് ഫറാഹീ ചിന്താധാര.
ഗുരുവായ ഹമീദുദ്ദീന്‍ ഫറാഹിയാണ് പ്രഥമ സ്രോതസ്സെങ്കിലും ചില വിഷയങ്ങളിലെങ്കിലും ബഹുമാനാദരപൂര്‍വം അവയെ യുക്ത്യാധിഷ്ഠിതമായി തിരുത്തുന്നത് നമുക്ക് 'തദബ്ബുറി'ല്‍ കാണാം. സ്വബ്ര്‍/ സ്വലാത്ത്, കിതാബ് / ഹിക്മത്ത്, നബി / റസൂല്‍ എന്നീ ദ്വന്ദങ്ങള്‍ക്ക് ഗുരുവിനെയോ ആ ധാരയിലുള്ള സഹചാരികളെയോ പേരെടുത്തു പറയാതെ ഗുണാത്മകമായി തിരുത്തുന്നതും ചിലരുടെ തുറന്നുപറച്ചിലുകളെ വ്യംഗ്യമായി ഗുണദോഷിക്കുന്നതും ഖുര്‍ആനിക സംവാദങ്ങളില്‍ പുലര്‍ത്തേണ്ട പ്രതിപക്ഷ ബഹുമാനവും ഭാഷയും ശീലിക്കാന്‍ പുതിയ തലമുറക്ക് തെളിച്ചമേകും.
പഴമയിലും പാരമ്പര്യങ്ങളിലും അഭിരമിക്കാന്‍ അഭിനിവേശമുള്ളവര്‍ക്ക് 'തദബ്ബുറി'നെ എത്രമാത്രം ഉള്‍ക്കൊള്ളാനാവുമെന്ന് സംശയമുണ്ട്. ഖുര്‍ആന്‍ സാര്‍വകാലികവും എന്നെന്നും പുതുമ നിലനിര്‍ത്തുന്നതുമാണെന്ന് മനസ്സിലാക്കുന്ന ചിന്തകള്‍ക്ക് ചൂടും ചൂട്ടുമാവാന്‍ 'തദബ്ബുറി'നാവുമെന്ന് ഉറപ്പിച്ചു പറയാം.
1350 രൂപ മുഖവില നിശ്ചയിച്ചിട്ടുള്ള 'തദബ്ബുറെ ഖുര്‍ആന്‍' പ്രഥമ വാള്യത്തിന്റെ മലയാള പരിഭാഷയോടൊപ്പം 'തദബ്ബുറി'ന്റെ ആമുഖമായ 'ഖുര്‍ആന്‍ പഠനത്തിന് ഒരാമുഖം' സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. തൂലിക പബ്ലിഷേഴ്‌സാണ് പ്രസാധകര്‍, വിതരണം തൃശൂര്‍ വിചാരം ബുക്‌സ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യ സംരക്ഷണവും ഒഴിവു സമയവും
ഫാത്വിമ കോയാകുട്ടി, ആലുവ