Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

ഭീതിയുടെ നിഴലില്‍ ജര്‍മന്‍ മുസ്‌ലിംകളും അഭയാര്‍ഥികളും

അബൂസ്വാലിഹ

കഴിഞ്ഞ വര്‍ഷാവസാനം പോലെ ഈ വര്‍ഷാവസാനവും ജര്‍മനിയിലെ മുസ്‌ലിംകള്‍ക്കും സിറിയയില്‍നിന്നും മറ്റും അഭയാര്‍ഥികളായി എത്തിയവര്‍ക്കും ഭീതിയുടെയും ഉത്കണ്ഠയുടെയും നാളുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് കൊളോണിലെ പ്രധാന തീവണ്ടി സ്റ്റേഷനില്‍ വെച്ച് സ്ത്രീകള്‍ക്ക് നേരെ കൈയേറ്റമുണ്ടായത്. ലഹരിക്കടിപ്പെട്ട ആയിരത്തോളം പേരാണ് ക്രിസ്മസ് രാത്രി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. സിറിയയില്‍നിന്നും മറ്റും അഭയാര്‍ഥികളായി വന്നവരായിരുന്നുവത്രെ അക്രമികളില്‍ അധികപേരും. ആ സംഭവത്തിന്റെ വേദനിക്കുന്ന ഓര്‍മകള്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്താണ് ബര്‍ലിന്‍ നഗരത്തിന്റെ ഒത്ത നടുവില്‍ ക്രിസ്മസ് ചന്തയിലേക്ക് ഒരാള്‍ ട്രക്കോടിച്ചുകയറ്റി പന്ത്രണ്ട് പേരെ കൊലപ്പെടുത്തിയത്. അക്രമി പാകിസ്താന്‍ വംശജനാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും, അനീസ് അമാരി എന്ന തുനീഷ്യന്‍ അഭയാര്‍ഥിയിലേക്കാണ് പിന്നീട് അന്വേഷണങ്ങള്‍ നീത്. അയാള്‍ ദുരൂഹ സാഹചര്യത്തില്‍ ഇറ്റലിയില്‍ വെച്ച് പോലീസിന്റെ വെടിയേറ്റ് മരിക്കുകയും ചെയ്തു. 2016 ജൂലൈ 14-ന് ഫ്രഞ്ച് നഗരമായ നീസിലും ഇതുപോലെ നരനായാട്ട് നടന്നിട്ടുണ്ട്. അന്ന് തുനീഷ്യന്‍ വംശജന്‍ തന്നെയായ ഒരാള്‍ ജനങ്ങള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 84 പേരെയാണ് വകവരുത്തിയത്. 

ഈ മൂന്ന് സംഭവങ്ങള്‍ ജര്‍മന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കാന്‍ പോകുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. യൂറോപ്യന്‍ നേതാക്കളില്‍ പശ്ചിമേഷ്യന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ ഏറ്റവും ക്രിയാത്മകമായ സമീപനം സ്വീകരിച്ചിരുന്നത് ജര്‍മന്‍ ചാന്‍സ്‌ലറായ ആഞ്ചലാ മെര്‍ക്കല്‍ ആയിരുന്നു. കഴിയുന്നത്ര അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനാണ് അവര്‍ ശ്രമിച്ചിരുന്നത്. പക്ഷേ അഭയാര്‍ഥികള്‍ തന്നെ ഇത്തരം കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നു എന്നത് അവരുടെ അഭയാര്‍ഥി നയത്തിന് കനത്ത തിരിച്ചടിയാണ്. ഇത് മുതലെടുക്കുന്നതാകട്ടെ ജര്‍മനിയിലെ കടുത്ത കുടിയേറ്റവിരുദ്ധരായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി പോലുള്ള തീവ്ര വലതുപക്ഷ കക്ഷികളും. അവരുടെ ജനപിന്തുണ വലിയ തോതില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മധ്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ജര്‍മനിയില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ പോലുള്ള മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് ഇതുണ്ടാക്കുന്ന സമ്മര്‍ദം ചില്ലറയല്ല. ഉദാര അഭയാര്‍ഥി നയത്തില്‍നിന്ന് അവര്‍ പിന്മാറാനാണ് സാധ്യത. അമേരിക്കയില്‍ സംഭവിച്ച പോലെ വരുന്ന തെരഞ്ഞെടുപ്പില്‍ വംശീയവാദികള്‍ അധികാരത്തിലെത്തുമോ എന്നുപോലും ആശങ്കിക്കേണ്ടിയിരിക്കുന്നു. ഇത് ജര്‍മനിയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെയും അഭയാര്‍ഥികളായി എത്തിയവരുടെയും നില പരുങ്ങലിലാക്കും. ചില അതിക്രമികളുടെ ചെയ്തികള്‍ക്ക് ഒരു സമൂഹം ഒന്നടങ്കം നല്‍കേണ്ടിവരുന്ന വില. 

 

'യൂഫ്രട്ടീസ് പരിച'

 

സിറിയയില്‍ തുര്‍ക്കിയുടെ സൈനിക ഓപറേഷനാണ് 'യൂഫ്രട്ടീസ് പരിച' (Euphrates Shield) എന്ന പേരില്‍ അറിയപ്പെടുന്നത്. വടക്കന്‍ സിറിയയുടെ 1820 ച.കി ഭൂപ്രദേശം തുര്‍ക്കി സേനയുടെ നിയന്ത്രണത്തിലാണെന്നാണ് നിഗമനം. സൈനിക നീക്കത്തിന് മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന്, ഐ.എസ്, പി.കെ.കെ (കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി) പോലുള്ള തീവ്രവാദി വിഭാഗങ്ങളെ ഒതുക്കുക. ഐ.എസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ അല്‍ബാബിനെ തുര്‍ക്കി സൈന്യം വളഞ്ഞിരിക്കുകയാണ് ഇപ്പോള്‍. തുര്‍ക്കിയില്‍ സ്‌ഫോടനങ്ങളും അട്ടിമറികളും നടത്തുന്ന പി.കെ.കെയുടെ പ്രധാന താവളങ്ങള്‍ സിറിയയിലാണ്. ആ കേന്ദ്രങ്ങളില്‍ തുര്‍ക്കി സൈന്യം നിരന്തരം അക്രമണങ്ങള്‍ നടത്തുന്നു. രണ്ട്, കുര്‍ദിഷ് പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ് എന്ന കൂട്ടായ്മ വടക്കന്‍ സിറിയയില്‍ ഒരു കുര്‍ദ് സംരക്ഷിത മേഖല ഉണ്ടാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അത് തടയുക. തങ്ങളുടെ സുരക്ഷക്ക് അത് ഭീഷണിയാണെന്നാണ് തുര്‍ക്കിയുടെ വാദം. 

വൈദേശിക-ആഭ്യന്തര ശക്തികളുടെ ഈ ഭിന്നവിരുദ്ധ താല്‍പര്യങ്ങളാണ് സിറിയന്‍ പ്രശ്‌നത്തിന് ഒരു രാഷ്ട്രീയ പരിഹാരമുണ്ടാകുന്നതിന് ഏറ്റവും വലിയ തടസ്സം. അല്‍ബാബ് നഗരത്തിന്റെ കഥയെടുക്കുക. ഐ.എസിനെ നേരിടാന്‍ അങ്ങോട്ട് വരുന്നത് ഫ്രീ സിറിയന്‍ ആര്‍മി(എഫ്.എസ്.എ)യാണ്. ഫ്രീ സിറിയന്‍ ആര്‍മിക്ക് തുര്‍ക്കിയുമായി നല്ല ബന്ധമാണ്. അതിനാല്‍ കുര്‍ദ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാവും അവരുടെ നീക്കം. സ്വാഭാവികമായും തുര്‍ക്കി-എഫ്.എസ്.എ കൂട്ടുകെട്ടിനെ നേരിടാന്‍ കുര്‍ദ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ് രംഗത്തുവരും. ഇപ്പോള്‍തന്നെ പരസ്പരം പോരടിക്കുന്ന ശക്തികള്‍ മൂന്നായി. തൊട്ടപ്പുറത്ത് തക്കം പാര്‍ത്ത് ബശ്ശാറിന്റെ സൈന്യവും നില്‍പ്പുണ്ട്. അല്‍ബാബിന്റെ കാര്യം തീരുമാനമായാല്‍ മെന്‍ബിജ്, അഫ്രിന്‍ പോലുള്ള നഗരങ്ങളായിരിക്കും അടുത്ത ഉന്നം. ഇതില്‍ ആരൊക്കെ, എങ്ങനെയൊക്കെ കളിക്കും എന്ന് ഒന്നും തീര്‍ച്ചപറയാന്‍ വയ്യ. 

'യൂഫ്രട്ടീസ് പരിച' സിറിയയില്‍ ഓപ്പറേഷന്‍ തുടങ്ങിയിട്ട് നൂറു ദിവസം പിന്നിട്ടു. അലപ്പോ നഗരം തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് നിലകൊള്ളുന്നതെങ്കിലും അത് ബശ്ശാര്‍ പിടിച്ചെടുക്കുന്നത് തടയാന്‍ തുര്‍ക്കിക്ക് കഴിഞ്ഞില്ല. അവരവിടെ സൈനികമായി ഇടപെട്ടില്ല. തങ്ങളുടെ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന കുര്‍ദ്-ഐ.എസ് ഭീഷണികളെ മാത്രമേ തുര്‍ക്കി കാണുന്നുള്ളൂ എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

 

റൊമാനിയന്‍ പ്രധാനമന്ത്രിയായി മുസ്‌ലിം വനിത?

 

നാം കേള്‍ക്കാനിരിക്കുന്ന അത്ഭുതകരമായ വര്‍ത്തമാനങ്ങളിലൊന്നാവും ഇത്. കാര്യം ഏറക്കുറെ ഉറപ്പാണ്. റൊമാനിയയുടെ പ്രസിഡന്റ് ക്ലോസ് ഇഹോനിസിന്റെയും റൊമാനിയന്‍ പാര്‍ലമെന്റിന്റെയും അംഗീകാരമേ ഇനി വേണ്ടൂ. കഴിഞ്ഞ ഡിസംബര്‍ 11-നാണ് റൊമാനിയയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 45% വോട്ടുകള്‍ നേടി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഗംഭീര വിജയം നേടി. അതിന്റെ നേതാവ് ലിവിയു ഡ്രാഗ്‌നിയ പ്രധാനമന്ത്രിയാകാനിരുന്നതുമാണ്. പക്ഷേ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന് ശിക്ഷിക്കപ്പെട്ടയാളാണ് ഡ്രാഗ്‌നിയ. അങ്ങനെയൊരാളെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ക്ലോസ് ഉറപ്പിച്ചുപറഞ്ഞു. പിന്നെ ഡ്രാഗ്‌നിയയുടെ മുമ്പിലുള്ള ഏക പോംവഴി തന്റെ പാര്‍ട്ടിയിലെ മറ്റൊരു നേതാവിനെ നിര്‍ദേശിക്കുക എന്നതാണ്. പേര് നിര്‍ദേശിച്ചപ്പോഴാണ് എല്ലാവരും അമ്പരന്നു പോയത്. ഒട്ടേറെ പ്രമുഖരെ ഒഴിവാക്കി അധികമൊന്നും അറിയപ്പെടാത്ത ഒരാളെയാണ് അദ്ദേഹം നിര്‍ദേശിച്ചത്-സെവില്‍ ശാഹിദ. 52 വയസ്സുകാരി. കഴിഞ്ഞ സോഷ്യല്‍ ഡെമോക്രാറ്റ് ഭരണത്തില്‍ ആറു മാസം മേഖലാ വികസന മന്ത്രിയായിരുന്നിട്ടുണ്ട് എന്നത് മാത്രമാണ് കാര്യമായ ഭരണപരിചയം. സാമ്പത്തിക ശാസ്ത്രവിദഗ്ധയാണ്. ഒരു തര്‍ത്തരി മുസ്‌ലിം കുടുംബത്തിലാണ് ജനനം. റൊമാനിയന്‍ ജനസംഖ്യയില്‍ മുസ്‌ലിംകള്‍ ഒരു ശതമാനത്തിലും താഴെയാണ്. ഒരു സിറിയന്‍ ബിസിനസ്സുകാരനെയാണ് സെവില്‍ വിവാഹം കഴിച്ചിരിക്കുന്നത്. 

ആധുനിക യൂറോപ്പില്‍ ആകെ രണ്ട് മുസ്‌ലിം വനിതാ ഭരണാധികാരികളേ ഉണ്ടായിട്ടൂള്ളൂ. അതും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍. തുര്‍ക്കിയില്‍ പ്രധാനമന്ത്രിയായി താന്‍സു സില്ലറും (തൊള്ളായിരത്തി തൊണ്ണൂറുകളില്‍) കൊസോവയില്‍ പ്രസിഡന്റായി ആതിഫത് ജഹ്ജാഗ(2011-2016)യും. ഉപജാപക സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തീരുമാനം മാറ്റിയില്ലെങ്കില്‍ രാജ്യത്തിന്റെ ആദ്യ മുസ്‌ലിം വനിതാ പ്രധാനമന്ത്രിയായി സെവില്‍ ശാഹിദ സ്ഥാനമേല്‍ക്കും. യൂറോപ്പിന് ഇങ്ങനെയും ഒരു മുഖമുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി