Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

'ട്രംപ് അമേരിക്ക'യിലെ ഇസ്‌ലാമും മുസ്‌ലിംകളും: വെല്ലുവിളികള്‍, സാധ്യതകള്‍

വി.പി അഹ്മദ് കുട്ടി ടോറോന്റോ

്45-ാം യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് യു.എസില്‍ ഇസ്‌ലാമോഫോബിയയും വംശീയവിദ്വേഷവും ശക്തമാക്കിയിട്ടുണ്ട്. മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍, കറുത്തവര്‍, ജൂതര്‍ തുടങ്ങിയവര്‍ക്കു നേരെ വംശീയാതിക്രമങ്ങള്‍ കുതിച്ചുയര്‍ന്നു. മുസ്‌ലിംകള്‍ക്കെതിരായ വംശീയാതിക്രമം 67 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. നിരവധി ഭീഷണികളാണ് മുസ്‌ലിംകള്‍ക്കെതിരെ ട്രംപ് മുഴക്കിയിരിക്കുന്നത്. യു.എസിലേക്ക് കടക്കുന്നതിന് മുസ്‌ലിംകള്‍ക്ക് വിലക്ക്, രാജ്യത്ത് പ്രവേശിക്കുന്ന മുസ്‌ലിംകളെ കുറിച്ച് പ്രത്യേക പട്ടിക തയാറാക്കല്‍, പള്ളികളെ നിരന്തര നിരീക്ഷണത്തിനു വിധേയമാക്കല്‍ തുടങ്ങിയവ അവയില്‍ പെടും. മെക്‌സിക്കോക്കും ചൈനക്കുമെതിരെ ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നും ഇസ്രയേലിന്റെ അനധികൃത കുടിയേറ്റത്തെ പിന്തുണക്കുമെന്നും ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്ത്രങ്ങള്‍ മാത്രമായി ഈ വാഗ്ദാനങ്ങളെ കണ്ടവരുണ്ട്. എന്നാല്‍, നിയുക്ത ഭരണകൂടത്തിലേക്ക് ട്രംപ് നിശ്ചയിച്ചിരിക്കുന്നവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍, മുമ്പ് പറഞ്ഞതൊന്നും വെറുതെയല്ലെന്ന തോന്നലാണുണ്ടാവുന്നത്. യു.എസിലെ ജനാധിപത്യവും ബഹുസ്വരതയും ട്രംപിന്റെ ഭരണത്തിനു കീഴില്‍ കനത്ത വെല്ലുവിളി നേരിടുമെന്ന് എല്ലാ രാഷ്ട്രീയ വിചക്ഷണരും ഒരുപോലെ കരുതുന്നു. രാഷ്ട്രീയത്തിലും ഭരണത്തിലും യാതൊരുവിധ മുന്‍പരിചയവുമില്ലാത്ത ഒരാള്‍ പൊടുന്നനെ യു.എസിന്റെ പരമാധികാര സ്ഥാനത്തേക്ക് ഉയര്‍ന്നതിന്റെ കാരണങ്ങള്‍ എങ്ങനെയാണ് നമ്മള്‍ വിശദീകരിക്കുക? ആത്മാനുരാഗമല്ലാതെ മറ്റൊരു ജീവിതദര്‍ശനവുമില്ലാത്ത ഒരാള്‍ക്കു കീഴില്‍ ലോകം എത്ര സുരക്ഷിതമാവും? അദ്ദേഹത്തിന്റെ നയങ്ങള്‍ അമേരിക്കയുടെ ബഹുസ്വരതയെ എങ്ങനെ ബാധിക്കും? അത് എങ്ങനെയാണ് ഇതര രാജ്യങ്ങളുമായുള്ള, പ്രത്യേകിച്ച് മുസ്‌ലിം നാടുകളുമായുള്ള ബന്ധത്തെ ബാധിക്കുക? യു.എസിലെ ഭാവി മുസ്‌ലിം പൗരന്മാരെ ട്രംപ് ഏതു വിധത്തിലായിരിക്കും സ്വാധീനിക്കുക?

ചോദ്യങ്ങളുടെയും ആശങ്കയുടെയും പട്ടിക അവസാനിക്കുന്നില്ല. എല്ലാറ്റിനും ഉത്തരം നല്‍കാന്‍ ഇനിയും സന്ദര്‍ഭമായിട്ടില്ല. നോം ചോംസ്‌കി എഴുതുന്നു: ''ട്രംപിനെ കുറിച്ച് എന്തെങ്കിലും പ്രവചിക്കാനാവുമെങ്കില്‍, അയാള്‍ പ്രവചനാതീതനാണെന്ന ഒരൊറ്റ കാര്യമാണത്.'' ചോംസ്‌കിയുടെ പ്രസ്താവന കേട്ട് ചങ്കിടിക്കാന്‍ വരട്ടെ. ട്രംപിന്റെ ജനസ്വീകാര്യതയെ കുറിച്ച് പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ പ്രതികരണമിങ്ങനെ: ''അയാള്‍ ഒരു കവല പ്രസംഗകനാണ്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ട് അയാള്‍ക്ക്.'' കാര്യങ്ങള്‍ അതിസങ്കീര്‍ണമാണെങ്കിലും ഏതാനും വിഷയങ്ങളെ പറ്റി മൂന്ന് ഭാഗങ്ങളിലായി വിശദീകരിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്:

ട്രംപിന്റെ തെരഞ്ഞെടുപ്പ് യു.എസിനെ സംബന്ധിച്ച് എത്രമാത്രം പ്രധാനമാണ്? അത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും എങ്ങനെ ബാധിക്കും? മുസ്‌ലിംകള്‍ സവിശേഷമായി നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്തൊക്കെ? ഈ വെല്ലുവിളികളോട് മുസ്‌ലിംകള്‍ എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നത്?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ട്രംപിന്റെ ജയം സാധ്യമാക്കിയ പ്രതിഭാസത്തിന്റെ ചരിത്രം അല്‍പം പരിശോധിക്കേണ്ടതുണ്ട്. അതിനുമുമ്പ്, ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നേക്കാവുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ആമുഖമായി പറയുന്നു:

ജനങ്ങള്‍ക്കിടയില്‍ വിധിതീര്‍പ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഖുര്‍ആന്റെ നിബന്ധന സുവ്യക്തമാണ്: ''നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പ്പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണെങ്കില്‍, നീതിപൂര്‍വം വിധിനടത്തുക.''

നിര്‍ഭാഗ്യവശാല്‍, മറ്റുള്ളവരെ പറ്റി വിധിപറയുമ്പോള്‍ നാം ഖുര്‍ആന്റെ ഈ അധ്യാപനം ലംഘിക്കുന്നു. മുസ്‌ലിംകളും പാശ്ചാത്യരും സൃഷ്ടിക്കുന്ന വാര്‍പ്പുമാതൃകകളുടെ അടിസ്ഥാനം അതാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കുന്നതിന് പാശ്ചാത്യരെ നാം വിമര്‍ശിക്കുമ്പോള്‍, പാശ്ചാത്യരെ കുറിച്ച് വിധി കല്‍പ്പിക്കുമ്പോള്‍ നമ്മളും അതേ തെറ്റാണ് ചെയ്യുന്നത്.

ഇപ്പോഴത്തെ പശ്ചാത്തലം കൃത്യമായി മനസ്സിലാക്കണമെങ്കില്‍, അമേരിക്കയെയും അമേരിക്കന്‍ മുസ്‌ലിംകളെയും അവരുടെ ഇന്നത്തെ അവസ്ഥയെയും നാം കൃത്യമായി അറിഞ്ഞിരിക്കണം. ആദ്യമായി നാം മനസ്സിലാക്കേണ്ടത് എന്താണ് അമേരിക്ക, അമേരിക്കകാരനാവുകയെന്നാല്‍ എന്താണ് എന്നാണ്.

യുദ്ധത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും വംശഹത്യയുടെയും അടിമത്തത്തിന്റെയും ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെയും ചരിത്രമാണ് അമേരിക്കയുടേത്. ആ സംഘര്‍ഷങ്ങളാണ് ഭരണഘടനയും അവകാശപത്രങ്ങളും അംഗീകരിച്ച അമേരിക്കന്‍ ഐക്യനാടുകളുടെ രൂപവത്കരണത്തിന് വഴിവെച്ചത്.

ഇംഗ്ലണ്ടില്‍നിന്നും യൂറോപ്പിന്റെ മറ്റു പല ഭാഗങ്ങളില്‍നിന്നും വന്നവര്‍, ആളില്ലാത്ത ഒരിടത്ത് വന്ന് പാര്‍പ്പുറപ്പിച്ചതല്ല. അവര്‍ അധിനിവേശകരും കോളനിക്കാരുമായിരുന്നു. അമേരിക്കയില്‍ തദ്ദേശീയരായ ദശലക്ഷണക്കിനാളുകള്‍ ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി അവര്‍ അവിടെ കഴിയുകയായിരുന്നു. വ്യത്യസ്ത ഗോത്രങ്ങളായിട്ടായിരുന്നു തദ്ദേശീയരുടെ ജീവിതമെങ്കിലും, സമാധാനവും സഹവര്‍ത്തിത്വവും അവര്‍ക്കിടയിലുണ്ടായിരുന്നു. വെള്ളകുടിയേറ്റക്കാരുടെ വരവോടെ ഇതെല്ലാം മാറിമറിഞ്ഞു. തുടര്‍ന്ന് കുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍, തദ്ദേശീയ ജനത വന്‍തോതില്‍ ഉന്മൂലനത്തിനിരയായി. 1492-ല്‍ കൊളംബസ് അമേരിക്കയിലെത്തുമ്പോള്‍ ഒരു കോടിയായിരുന്നു അവരുടെ ജനസംഖ്യ. 1900 ആയപ്പോഴേക്ക് അത് 3 ലക്ഷമായി കുറഞ്ഞു.

കുടിയേറ്റക്കാരുടെ എണ്ണം തദ്ദേശീയരുടേതിനേക്കാള്‍ കവിഞ്ഞപ്പോള്‍  അവര്‍ക്കിടയില്‍ തന്നെ പല വിഷയങ്ങളിലും രൂപപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കീഴടക്കിയ സ്ഥലത്ത് വാസമുറപ്പിക്കുക എന്നത് തങ്ങളുടെ അവകാശമായാണ് വെള്ളകുടിയേറ്റക്കാര്‍ കണ്ടത്. അതിനെ പുതിയ ജറൂസലമായും ലോകത്തിന്റെ കേന്ദ്രസ്ഥാനമായും മാറ്റണമെന്ന് അവര്‍ കരുതി. സ്വന്തം നാടുകളില്‍ ഒരു മതസമൂഹം എന്ന നിലയില്‍ പല രീതിയിലുള്ള പീഡനം നേരിട്ടവരാണ് മറ്റൊരു നാട്ടില്‍ ഇത്തരമൊരു അക്രമത്തിന് ചുക്കാന്‍ പിടിച്ചത്.

പ്രമുഖ നരവംശശാസ്ത്രഞജനായ അക്ബര്‍ അഹ്മദ് ഇന്നത്തെ അമേരിക്ക കടന്നുപോവുന്ന സംഘര്‍ഷങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ചയുള്ള ചില നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അമേരിക്കയുടെ ചരിത്രം സൂക്ഷ്മ വിശകലനം നടത്തിയ അദ്ദേഹം വെളുത്ത അമേരിക്കക്കാരന്റെ സ്വത്വത്തെ കുറിച്ചാണ് പറയുന്നത്. മൂന്ന് വ്യത്യസ്ത സ്വത്വങ്ങള്‍ക്കിടയിലെ സംഘര്‍ഷമാണ് അമേരിക്കയില്‍ തുടരുന്നതെന്ന് അദ്ദേഹം പറയുന്നു. ആദിമം(Primordial), ഹിംസാത്മകം(Predatory), ബഹുസ്വരം (Pluralistic) എന്നിങ്ങനെയാണ് ആ സ്വത്വങ്ങളുടെ വിഭജനം. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ഈ സ്വത്വസംഘര്‍ഷങ്ങള്‍ അമേരിക്കയില്‍ ഇന്നുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളിലും പ്രകടമാവുന്നുണ്ട്. ഈ വര്‍ഗീകരണം കുറ്റമറ്റതാണെന്ന വാദം തീര്‍ച്ചയായുമില്ല. ഇന്നത്തെ സങ്കീര്‍ണ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ലഘുവായ ഒരു മാര്‍ഗം മാത്രമാണത്. ഈ സ്വത്വങ്ങളെ ഇങ്ങനെ വിശദീകരിക്കാം:

ആദ്യത്തേത് ആദിമ സ്വത്വം. യു.എസിലെ പ്ലൈമൗത്തില്‍ 1620-ല്‍ ആദ്യമായെത്തിയ ഇംഗ്ലീഷ് കുടിയേറ്റക്കാരെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. മറ്റു രണ്ട് സ്വത്വങ്ങളുടെ വര്‍ഗീകരണത്തിനുള്ള അടിസ്ഥാനവും ഇതിലുണ്ട്. കുടിയേറിയ സ്ഥലത്ത് സ്ഥിരവാസമാക്കി അവിടെ ക്രൈസ്തവ സമൂഹം കെട്ടിപ്പടുക്കുകയെന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അവരുടെ ചെയ്തികളുടെ കാരണം പലപ്പോഴും മതപരമായിരുന്നെങ്കിലും, നിയമവാഴ്ചയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുകയെന്നതും അവരില്‍ ചിലരുടെ അഭിലാഷമായിരുന്നു. അതേയവസരം തന്നെ മറ്റൊരു വിഭാഗം ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. കുടിയേറ്റക്കാരില്‍ ഏറെ തീവ്രത പുലര്‍ത്തിയവര്‍. അവര്‍ കരുതിയത്, കീഴടക്കിയ പ്രദേശം ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയാണെന്നും, അത് കീഴടക്കാന്‍ തങ്ങള്‍ക്ക് ന്യായമായ അവകാശമുണ്ടെന്നുമായിരുന്നു. കാലക്രമേണ, കുടിയേറ്റക്കാര്‍ പെരുകി, അവരുടെ ആത്മവിശ്വാസവും. അവര്‍ പുതിയ ഇടങ്ങളില്‍ കുടിയേറുകയും തദ്ദേശീയരെ കീഴടക്കുകയും ചെയ്തു. 

ഇതാണ് ഹിംസാത്മക സ്വത്വത്തിന്റെ ഉദയത്തിന് പശ്ചാത്തലം. 1784-ല്‍ ഒരു ബ്രിട്ടീഷ് യാത്രികന്‍ കുറിച്ചു: ''വെളുത്ത അമേരിക്കക്കാര്‍ക്ക് തദ്ദേശീയരോട് കടുത്ത വിദ്വേഷമാണുള്ളത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം തദ്ദേശീയരായ എല്ലാവരെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുള്ള ആഗ്രഹത്തെ കുറിച്ച് പരസ്യമായി സംസാരിക്കുക പതിവാണ്.'' അങ്ങനെയാണ് കുടിയേറ്റക്കാര്‍ കീഴടക്കിയ സ്ഥലങ്ങളില്‍നിന്ന് തദ്ദേശീയര്‍ മുഴുവനായോ ഭാഗികമായോ തുടച്ചുനീക്കപ്പെട്ടത്.

എന്നാല്‍, ഈ സ്വത്വങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത് ആദിമ സ്വത്വമാണ്. ബഹുസ്വരതയുടെ സ്വത്വം രൂപം കൊള്ളുന്നത് ആദിമ സ്വത്വത്തില്‍നിന്നാണ്. എന്നാല്‍, ഇത് ഹിംസാത്മക സ്വത്വത്തിന് നേരെ എതിരുനില്‍ക്കുന്നതാണ്. ഓരോ സ്വത്വവും അവയുടേതായ രീതിയില്‍, ആധികാരികമാണ്. ഈ മൂന്ന് സ്വത്വങ്ങള്‍ ചേര്‍ന്നാണ് അമേരിക്കയുടെ ജൈവിക ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. അത്, അമേരിക്കയുടെ സ്വഭാവ സവിശേഷതകളും ചരിത്രവും പഠിക്കുന്നതിന് ഗുണകരമാണ്. അമേരിക്കന്‍ സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തുള്ള ഈ സംഘര്‍ഷങ്ങള്‍ പുതിയ സാഹചര്യത്തിലും സജീവമാണ്. അതത് സ്വത്വങ്ങളോട് കൂറു പ്രഖ്യാപിക്കുകയും അതിനോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്നവര്‍ സന്ദര്‍ഭത്തിനനുസരിച്ച് പല രീതിയില്‍ ആ സംഘര്‍ഷത്തെ വെളിപ്പെടുത്തുന്നു.

അമേരിക്കന്‍ ഭരണഘടനക്ക് രൂപം നല്‍കിയവര്‍ ബഹുസ്വര സ്വത്വത്തെയാണ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യവും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടനക്കാണ് അവര്‍ രൂപം നല്‍കിയത്. ഭരണഘടനയുടെ പ്രഖ്യാപനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു: 

''എല്ലാ മനുഷ്യരും സമന്മാരാണ്. അവര്‍ക്ക് സ്രഷ്ടാവ് വിഛേദിക്കാനാവാത്ത അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജീവന്‍, സ്വാതന്ത്ര്യം, സന്തോഷത്തിനായുള്ള തേട്ടം എന്നീ പ്രകൃതിസത്യങ്ങള്‍ സ്വയം പ്രഖ്യാപിതങ്ങളാണെന്ന് നാം കരുതുന്നു.''

''എല്ലാ ചരാചരങ്ങളെയും സൃഷ്ടിച്ചത് ദൈവമാകുന്നു. ആകയാല്‍ എല്ലാ മനുഷ്യരും തുല്യരീതിയില്‍ പരസ്പരാശ്രിതരാണ്. ദൈവത്തിനു മുന്നില്‍ എല്ലാവര്‍ക്കും തുല്യമായ ഉത്തരവാദിത്തമുണ്ട്.''

''എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടു. 1. ദൈവത്തിനു മുന്നില്‍ തുല്യത 2. നിയമത്തിനു മുന്നില്‍ തുല്യത. 3. അവകാശങ്ങളില്‍ തുല്യത.'' 

ഭരണം ശരിയായി നിര്‍വഹിക്കപ്പെടാന്‍, സര്‍ക്കാര്‍ സംവിധാനം ഭരണനിര്‍വഹണം, നിയമനിര്‍മാണം, നീതിന്യായം എന്നിങ്ങനെ മൂന്നായി തരം തിരിച്ചു. സര്‍ക്കാറിന്റെ ഭരണനിര്‍വഹണ വിഭാഗത്തിന്റെ നിര്‍വാഹകത്വം യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റിനായിരിക്കും.

ലോകത്തിന്റെ കേന്ദ്രമായി അമേരിക്ക വളര്‍ന്നതിനു കാരണം ഈ ബഹുസ്വര ദര്‍ശനമാണ്. ലോകത്തെങ്ങുമുള്ള ജനവിഭാഗത്തെ ആകര്‍ഷിച്ചതുവഴി ആ രാജ്യം അഭിവൃദ്ധിപ്പെട്ടു. അമേരിക്കയുടെ സ്ഥാപകര്‍ ഉള്‍ക്കൊിരുന്ന ചിന്തയും മൂല്യങ്ങളും സംബന്ധിച്ച് ചില കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് ഈ ഭാഗം അവസാനിപ്പിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. ആ മനുഷ്യര്‍ ധാര്‍മികമായി മാതൃകാപുരുഷന്മാരായിരുന്നില്ലെങ്കിലും, ഇതര മതാധ്യാപനങ്ങളെ അംഗീകരിക്കാന്‍ തുറന്ന മനസ്സുള്ളവരായിരുന്നു അവര്‍.

സോക്രട്ടീസ്, കണ്‍ഫ്യൂഷ്യസ് എന്നിവരെ പോലെ, ലോകം കണ്ട ഏറ്റവും വലിയ സത്യാന്വേഷികളില്‍ ഒരാളായിരുന്നു പ്രവാചകന്‍ മുഹമ്മദ് എന്ന് ജോണ്‍ ആഡംസ് (മ. 1826) പറയുകയുണ്ടായി. സഹാനുഭൂതിയുടെ പ്രതിരൂപമാണ് മുഹമ്മദ് എന്നാണ് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ (മ. 1790) പറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ നിയമനിര്‍മാതാക്കളുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന യു.എസ് സുപ്രീം കോടതിയുടെ തൂണുകളില്‍ മോസസ്, സോളമന്‍, കണ്‍ഫ്യൂഷ്യസ്, ഹമ്മുറാബി എന്നിവരോടൊപ്പം പ്രവാചകന്‍ മുഹമ്മദിന്റെ പേരും നല്‍കിയിരിക്കുന്നു. തോമസ് ജെഫേഴ്‌സന്റെ (മ. 1826) വായനാമുറിയില്‍ ഖുര്‍ആനുമുണ്ടായിരുന്നു. യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്‌ലിമായ കീത്ത് എല്ലിസന്‍, ജെഫേഴ്‌സണ്‍ കൈവശം വെച്ചിരുന്ന ഖുര്‍ആനിന്റെ പകര്‍പ്പില്‍ തൊട്ടാണ് സ്ഥാനാരോഹണ പ്രതിജ്ഞയെടുത്തത്. ദൈവം, യഹോവ, അല്ലാഹു, ബ്രഹ്മാവ് എന്നീ നാമങ്ങള്‍ എഴുതിയ, മതസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഫലകമാണ്, വെര്‍ജീനിയ സര്‍വകലാശാലക്കു പുറത്ത് സ്ഥാപിച്ചിരിക്കുന്ന തോമസ് ജെഫേഴ്‌സന്റെ പ്രതിമയുടെ കൈയിലുള്ളത്. 1805-ല്‍, യു.എസിലേക്ക് ആദ്യ മുസ്‌ലിം അംബാസഡറെ സ്വീകരിച്ചപ്പോള്‍, ജെഫേഴ്‌സണ്‍ ഇഫ്ത്വാര്‍ വിരുന്നും സംഘടിപ്പിച്ചിരുന്നു.

ക്രിസ്തുമതത്തിനും ജൂതവിശ്വാസത്തിനും ഇസ്‌ലാമിനും ഹൈന്ദവതക്കും ഒരുപോലെ സ്ഥാനമുള്ള, എല്ലാറ്റിനും വളരാന്‍ സാഹചര്യമുള്ള ബഹുസ്വര സമൂഹ സങ്കല്‍പമാണ് അമേരിക്കയുടെ സ്ഥാപകനേതാക്കള്‍ക്കുണ്ടായിരുന്നതെന്ന് ഇക്കാര്യങ്ങള്‍ തെളിയിക്കുന്നു. 

(തുടരും)

വിവ: അനീസ് ചാവക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി