Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

പുതുനിര്‍മിതികളിലെ തെറ്റും ശരിയും

പി.കെ ജമാല്‍

കുലീനമായ ഇസ്‌ലാമിക പൈതൃകത്തിന് അന്യമായ നൂതനപ്രവണതകള്‍ സമൂഹത്തില്‍ ഒരു ചെറിയ വിഭാഗത്തിലെങ്കിലും കാണപ്പെടുന്നത് പ്രതിവിധി തേടുന്ന ഗുരുതര പ്രശ്‌നമാണ്. തീവ്രചിന്തകളുടെയും ജീവിതരീതിയുടെയും വക്താക്കളും പ്രയോക്താക്കളുമായി രംഗത്തുവരുന്ന ആ വിഭാഗത്തില്‍നിന്ന് ഉദിച്ചുയരുന്ന ആശയങ്ങള്‍ സമൂഹത്തില്‍ കാട്ടുതീപോലെ കത്തിപ്പടരാന്‍ ഏറെ സമയം വേണ്ടിവരില്ല. ഇസ്‌ലാമിക സമൂഹത്തിന്റെ ചലനശേഷിയെ ക്ഷയിപ്പിക്കാനും മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതിവേഗം തടസ്സപ്പെടുത്താനും വിവിധ കാലങ്ങളില്‍ വിവിധ ദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചില ആശയധാരകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് ചരിത്രയാഥാര്‍ഥ്യമാണ്. അതിലൊന്നാണ് ഇന്ന് സമൂഹത്തില്‍ തലപൊക്കിത്തുടങ്ങിയ തീവ്രചിന്തകളും സന്ന്യാസ മനസ്സും. സമൂഹമധ്യത്തില്‍ നിലയുറപ്പിച്ച്, അത്യാചാരങ്ങളോടും അതിക്രമങ്ങളോടും അരുതായ്മകളോടും പടവെട്ടി ജീവിച്ച് ചരിത്രത്തിന്റെ സ്രഷ്ടാക്കളായി മാറിയ പൂര്‍വികരുടെ വിശിഷ്ട പാരമ്പര്യം പൂര്‍ണമായി തള്ളിപ്പറഞ്ഞു മാത്രമേ സന്ന്യാസത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. മിഅ്‌റാജില്‍ ലബ്ധമായ അനുഭൂതികളില്‍ വിലയം പ്രാപിച്ച് വാനലോകത്ത് അധിവാസം ഉറപ്പിക്കുകയായിരുന്നില്ല നബി (സ)യെന്നും മണ്ണില്‍ കാലൂന്നി വിണ്ണിലേക്ക് മിഴിയുയര്‍ത്തുന്ന പച്ച മനുഷ്യന്റെ ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു പ്രവാചകനെന്നും അല്ലാമാ ഇഖ്ബാല്‍ നിരീക്ഷിച്ചിട്ടുണ്ട്. തിര്‍മിദി ഉദ്ധരിക്കുകയും ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി സ്വഹീഹെന്ന് രേഖപ്പെടുത്തുകയും ചെയ്ത ഒരു സംഭവം അനുസ്മരിക്കാം: നബി(സ)യുടെ അനുചരന്മാരില്‍ ഒരാള്‍ തെളിനീര്‍ തടാകമുള്ള മലഞ്ചെരിവിലൂടെ കടന്നുപോകവെ സ്ഫടികസമാനമായ ജലാശയത്തിന്റെ മനോഹാരിതയില്‍ കൗതുകം കൊണ്ട് ഇങ്ങനെ ആത്മഗതം ചെയ്തു: 'ജനങ്ങളില്‍നിന്നെല്ലാം അകന്നുമാറി ഈ മലഞ്ചെരിവില്‍ താമസം ഉറപ്പിച്ചാലോ'. നബി(സ)യോട് അനുവാദം ചോദിക്കാതെ താനങ്ങനെ ചെയ്യില്ലെന്നുറച്ച അയാള്‍ പ്രവാചകനെ സമീപിച്ച് തന്റെ ഇംഗിതമറിയിച്ചു. നബി(സ)യുടെ മറുപടി: 'അങ്ങനെ ചെയ്യരുത്. ദൈവമാര്‍ഗത്തിലുള്ള നിങ്ങളുടെ നിലയും നിലപാടും തന്റെ വീട്ടില്‍ എഴുപത് സംവത്സരങ്ങള്‍ നമസ്‌കരിച്ച് കഴിച്ചുകൂട്ടുന്നതിനേക്കാള്‍ മഹത്തരമാണ്. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്നും നിങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണമെന്നും നിങ്ങള്‍ അഭിലഷിക്കുന്നില്ലേ?'' 

സമൂഹജീവിതത്തില്‍നിന്ന് അകന്ന് വനവാസത്തിന് കൊതിക്കുന്നവരും അതിന് പ്രമാണം ചമയ്ക്കുന്നവരും ഓര്‍ത്തിരിക്കേണ്ട സംഭവമാണിത്. ഇമാം അഹ്മദ് (റ) ഉദ്ധരിച്ച മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം: 'ആരാധനാകര്‍മങ്ങളില്‍ അത്യുത്സാഹം പ്രദര്‍ശിപ്പിക്കുന്ന ചിലരെക്കുറിച്ച് നബി(സ)യുടെ ശ്രദ്ധയില്‍ പെടുത്തി. നബി(സ) പറഞ്ഞു: 'അത് ഇസ്‌ലാമിന്റെ ഉച്ചസ്ഥായിയിലുള്ള ഉത്സാഹത്തിമര്‍പ്പാണ്. ഓരോ തിമര്‍പ്പിനുമുണ്ട് ഒരു ക്ഷീണത്തിന്റെ ഇടവേള. ആ ഇടവേളകള്‍ മിതത്വദീക്ഷയോടെ എന്റെ ചര്യക്കനുസൃതമായാണെങ്കില്‍ തീര്‍ച്ചയായും മാതൃകാപരമാണ് ആ നിലപാട്. ഇനി ആ ഇടവേള ഒരാളെ തെറ്റുകളിലേക്കാണ് നയിക്കുന്നതെങ്കില്‍ അയാള്‍ നശിച്ചതുതന്നെ.'' 

മിതത്വത്തിന്റെയും മധ്യമസമീപനത്തിന്റെയും നന്മകളെക്കുറിച്ച് അനുചരന്മാരെ അനുനിമിഷം ഉണര്‍ത്തുന്ന പ്രവാചകന്റെ ജീവിതചരിത്രത്തില്‍ ഇതിന് വിപരീതമായ ഒരു സംഭവം പോലും ചൂണ്ടിക്കാട്ടാന്‍ സാധ്യമല്ല. കര്‍ക്കശ സമീപനങ്ങളുടെയും തീവ്രവാദത്തിന്റെയും പരകോടിയില്‍ എത്തിനില്‍ക്കുന്നവരാണ് തങ്ങള്‍ക്ക് അനഭിമതരായവരെ കുഫ്‌റിന്റെ ചാപ്പകുത്തി തെമ്മാടിക്കുഴികളില്‍ അടക്കുന്നത്. മുന്‍കാലങ്ങളില്‍ ഖവാരിജ് വിഭാഗത്തിന് സംഭവിച്ച വിശ്വാസപരവും ചിന്താപരവുമായ വ്യതിയാനങ്ങള്‍ സമീപകാലചരിത്രത്തില്‍ രംഗപ്രവേശം ചെയ്ത 'ജമാഅത്തുത്തക്ഫീരി വല്‍ഹിജ്‌റ' പോലുള്ള സംഘടനകളില്‍ കാണാനാവും. തെറ്റുകള്‍ ചെയ്യുകയും പശ്ചാത്തപിക്കാതെ തെറ്റില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവരെ അവര്‍ അവിശ്വാസികളായി മുദ്രകുത്തി. ദൈവിക നിയമങ്ങളനുസരിച്ച് ഭരിക്കാത്ത ഭരണാധികാരികള്‍ അവരുടെ ദൃഷ്ടിയില്‍ അവിശ്വാസികളാണ്. അത്തരം ഭരണവ്യവസ്ഥയില്‍ സംപ്രീതരായി കഴിയുന്ന ഭരണീയരും അവരുടെ കണക്കില്‍ അവിശ്വാസികള്‍ തന്നെ. ഭരണാധികാരികളെയും ഭരണീയരെയും അവിശ്വാസികളായി ഗണിക്കാത്ത പണ്ഡിതന്മാരും അവരുടെ കാഴ്ചപ്പാടില്‍ അവിശ്വാസികളാണ്. തങ്ങളുടെ തീവ്രവാദപരമായ സമീപനം സ്വീകരിച്ചാല്‍പോലും തങ്ങളുടെ സംഘടനയില്‍ ഉള്‍പ്പെടാതിരിക്കുകയും തങ്ങളുടെ ഇമാമിന് 'ബൈഅത്ത്' ചെയ്യാതിരിക്കുകയും ചെയ്യുന്നവരും അവിശ്വാസികളാണ്. തങ്ങളുടെ ഇമാമിന് ബൈഅത്ത് ചെയ്ത് തങ്ങളുടെ സംഘത്തില്‍ ചേരുകയും പിന്നീട് ഏതെങ്കിലും കാരണത്താല്‍ പുറത്തുപോവുകയും ചെയ്തവര്‍ വധിക്കപ്പെടേണ്ട മതപരിത്യാഗികളാണ്. തങ്ങളുടെ ക്ഷണം ലഭിച്ചിട്ടും തങ്ങളോടൊപ്പം ചേരാതെയും ഇമാമിന് 'ബൈഅത്ത്' ചെയ്യാതെയും മാറിനില്‍ക്കുന്നവര്‍ കൊടിയ അവിശ്വാസികളാണ് അവരുടെ വീക്ഷണത്തില്‍. ഇമാമുമാരുടെ അഭിപ്രായങ്ങളോ ഇജ്മാഓ ഖിയാസോ മസ്വ്‌ലഹ മുര്‍സലയോ ഇസ്തിഹ്‌സാനോ സ്വീകരിക്കുന്നവരും അവിശ്വാസികളും ബഹുദൈവാരാധകരുമാണ്. ഹിജ്‌റ നാലാം നൂറ്റാണ്ടിനു ശേഷമുള്ള കാലഘട്ടങ്ങളെല്ലാം കുഫ്‌റിന്റെയും ജാഹിലിയ്യത്തിന്റെയും കാലഘട്ടങ്ങളാണ്. അല്ലാഹുവിനെക്കൂടാതെ ആരാധ്യനായി സങ്കല്‍പ്പിക്കുന്ന തഖ്‌ലീദ് എന്ന വിഗ്രഹത്തെ മഹത്വവല്‍ക്കരിക്കുന്നു എന്നതാണ് ആ കാലഘട്ടത്തിന്റെ കുറ്റം (ദിക്‌റയാത്തി മഅ ജമാഅത്തില്‍ മുസ്‌ലിമീന്‍-അത്തക്ഫീരി വല്‍ ഹിജ്‌റ-അബ്ദുര്‍റഹ്മാന്‍ അബുല്‍ഖൈര്‍). 

ഈജിപ്തില്‍ ജന്മംകൊണ്ട 'ജമാഅത്തുത്തക്ഫീരി വല്‍ ഹിജ്‌റ' മുസ്‌ലിം സമൂഹത്തില്‍ വരുത്തിവെച്ച വിപത്തുകള്‍ വിവരണാതീതമാണ്. തീവ്ര മതോന്മാദത്തിന്റെ അഭിശപ്തമായ ഫലങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ ഇത്തരം വഴിവിട്ട ചിന്താഗതികളും നമ്മുടെ പഠനത്തിന് വിഷയമാകേണ്ടവയാണ്. ഇസ്‌ലാമിക ശരീഅത്തിനെ അവിഭാജ്യ ഏകകമായി കാണാന്‍ കഴിഞ്ഞില്ലെന്നതാണ് അവരുടെ കുറ്റം. ശരീഅത്തിന്റെ വിശാലമായ താല്‍പര്യങ്ങള്‍ സാകല്യത്തില്‍ ഗ്രഹിക്കാതെ അന്ധന്മാര്‍ ആനയെ കണ്ടതു പോലെ ഇസ്‌ലാമിനെ മനസ്സിലാക്കിയാല്‍ പിണയുന്ന അബദ്ധങ്ങളാണ് എല്ലാ വിശ്വാസ വ്യതിയാനങ്ങളും. ഇജ്തിഹാദിന് അനിവാര്യമായ നിബന്ധനകള്‍ എണ്ണിയപ്പോള്‍ ഇമാം ശാത്വിബി അടിവരയിട്ടു പറഞ്ഞത് കാലാന്തരത്തില്‍ സംഭവിക്കുന്ന വ്യതിചലനങ്ങളെ ഓര്‍ത്താവണം: 'ഇസ്‌ലാമിനെ അതിന്റെ സമഗ്രതയോടെ, ശരീഅത്തിനെ അതിന്റെ വിശാലതാല്‍പര്യങ്ങളെക്കുറിച്ച ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കണം. മുജ്തഹിദിന് രണ്ട് ഗുണങ്ങള്‍ ഉണ്ടായേ പറ്റൂ. ഒന്ന്, ശരീഅത്തിന്റെ വിശാല താല്‍പര്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കുക. ര്, ഈ അവബോധത്തിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍ധാരണത്തിന് കഴിവ് നേടുക'' (അല്‍മുവാഫഖാത്ത്). 

മുസ്‌ലിം സമൂഹത്തില്‍ ഇന്ന് കാണപ്പെടുന്ന വിശ്വാസ-കര്‍മവ്യതിയാനങ്ങളെ നബിവചനങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. അബൂദാവൂദും തിര്‍മിദിയും ഉദ്ധരിച്ച ഇര്‍ബാദുബ്‌നു സാരിയ നിവേദനം ചെയ്ത പ്രസിദ്ധമായ ഹദീസ് അവസാനിക്കുന്നതിങ്ങനെ: 'എനിക്കു ശേഷം ജീവിക്കുന്നവര്‍ നിരവധി അഭിപ്രായഭിന്നതകള്‍ കാണാന്‍ ഇടവരും. അപ്പോള്‍ നിങ്ങള്‍ എന്റെ സുന്നത്തും സന്മാര്‍ഗം പ്രാപിച്ച ഖുലഫാഉര്‍റാശിദുകളുടെ സുന്നത്തും പിന്തുടരുക. അവ നിങ്ങള്‍ അണപ്പല്ലുകൊണ്ട് കടിച്ചുപിടിക്കുക. നവനിര്‍മിതമായ കാര്യങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കണം. നൂതന നിര്‍മിതികളെല്ലാം ബിദ്അത്താണ്. എല്ലാ ബിദ്അത്തും ദുര്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന വ്യതിയാനമാണ്.'' 

നബി(സ)യോ സച്ചരിതരായ ഖലീഫമാരോ കാണിച്ചുതരാത്ത മാതൃകകള്‍ പുതുതായി പടച്ചുണ്ടാക്കി ജനങ്ങളുടെ ചിന്താഗതിയിലും കര്‍മരീതികളിലും അപകടകരമായ ഇടപെടലുകള്‍ നടത്തുന്നവരെല്ലാം ബിദ്അത്തിന്റെ വിശാലാര്‍ഥത്തില്‍ മുബ്തദിഉകളാകുന്നു. ജനങ്ങള്‍ നൂതനമായി രൂപം കൊടുത്ത വിശ്വാസങ്ങളും ആചാരങ്ങളും പുതുതായി നിര്‍മിച്ചെടുത്ത അനുഷ്ഠാനങ്ങളും ആരാധനാകര്‍മങ്ങളും അവര്‍ പടച്ചുണ്ടാക്കിയ ചിട്ടവട്ടങ്ങളും കീഴ്‌വഴക്കങ്ങളുമെല്ലാം അല്ലാഹു അനുശാസിച്ച മതത്തില്‍ അടിസ്ഥാനമില്ലാത്ത ജല്‍പനങ്ങളാണ് എന്ന ഒറ്റക്കാരണത്താല്‍തന്നെ തിരസ്‌കരിക്കപ്പെടേണ്ടതാണ്. നബി (സ) അസന്ദിഗ്ധമായി പ്രഖ്യാപിച്ചു: 'നമ്മുടെ ഈ (മത)കാര്യങ്ങളില്‍ അതിലില്ലാത്തത് ആരെങ്കിലും നൂതനമായി നിര്‍മിച്ചാല്‍ അത് അസാധുവും തിരസ്‌കരിക്കപ്പെടേണ്ടതുമാകുന്നു'' (ബുഖാരി). അസ്വീകാര്യമായ അത്തരം നൂതനനിര്‍മിതികള്‍ മതശാസനകളായി കൊണ്ടുനടക്കുന്നത് വിശ്വാസിക്ക് ഭൂഷണമല്ല എന്നാണ് പ്രവാചകന്‍ വ്യക്തമാക്കിയത്. 

ഭൗതികജീവിതം സുഖസമ്പൂര്‍ണമാക്കാന്‍ സഹായകമായ സംവിധാനങ്ങള്‍ എത്രവേണമെങ്കിലും ആളുകള്‍ കണ്ടുപിടിക്കട്ടെ, അതിനാവശ്യമായ ഗവേഷണങ്ങള്‍ നടത്തട്ടെ, പുതിയ പുതിയ ചിന്തകളുടെയും വീക്ഷണങ്ങളുടെയും കാറ്റുകടക്കാന്‍ ജീവിതത്തിന്റെ വാതായനങ്ങള്‍ തുറന്നിടട്ടെ. അതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. അസ്വീകാര്യമായ ബിദ്അത്ത് എന്ന് വിശേഷിപ്പിക്കുന്നത് നബി(സ)യും ഖുലഫാഉര്‍റാശിദുകളും കാണിച്ചുതന്ന ചിന്താ-കര്‍മസരണിയില്‍നിന്നുള്ള വ്യതിയാനങ്ങളെയാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ ഒരു വചനമുണ്ട്: 'ഇസ്‌ലാമിന്റെ സര്‍ഗാത്മകതയിലാണ് ഇപ്പോള്‍ നിങ്ങള്‍. മേലില്‍ നിങ്ങള്‍ പുതുതായി പലതും നിര്‍മിച്ചെടുക്കും, അല്ലെങ്കില്‍ നിങ്ങള്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ടേക്കും. അതായത് നിങ്ങള്‍ നൂതനമായി ചിലത് ആവിഷ്‌കരിക്കും. അല്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കും. അപ്പോള്‍ നിങ്ങള്‍ ആദ്യകാലത്തെ അവലംബിക്കുക'' (ദാരിമി).  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി