Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

ഖുര്‍ആന്‍ വായനയില്‍ കാണാതെ പോകുന്നത്

ഇബ്‌റാഹീം ശംനാട്

ഏതൊരു കൃതിക്കും പിന്നില്‍ മഹത്തായ ചില രചനാലക്ഷ്യങ്ങളുണ്ടാവുക അനിവാര്യമാണ്. ആ ലക്ഷ്യസാക്ഷാത്കാരം എത്രത്തോളമെന്നു നോക്കിയാണ് ആ കൃതിയുടെ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്. കൃതിയുടെ ലക്ഷ്യം നിര്‍ണയിക്കേണ്ടതും അത് ആരെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് വ്യക്തമാക്കേണ്ടതും അതിന്റെ കര്‍ത്താവ് തന്നെയാണ്. മുന്‍ധാരണകളും അബദ്ധജഡിലമായ ആശയങ്ങളും മനസ്സില്‍ സൂക്ഷിച്ച് ഖുര്‍ആനെന്നല്ല, ഏതു കൃതി വായിച്ചാലും അത് ഉദ്‌ഘോഷിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയില്ല. എന്നു മാത്രമല്ല, അതിന്റെ ബദ്ധവൈരികളായി വായനക്കാര്‍ മാറിയെന്നും വരാം. ഒരു കൃതി വായിക്കുന്നതിനു മുമ്പേ ആ കൃതി എന്താണ് ലക്ഷ്യം വെക്കുന്നതെന്നും ആരെയാണ് അഭിസംബോധന ചെയ്യുന്നതെന്നും അറിയുന്നത് വായന കൂടുതല്‍ പ്രയോജനകരമാവാന്‍ സഹായകമാവും.

ഖുര്‍ആന്‍ പഠനത്തിന് ഇന്ന് സംഭവിച്ച അപചയത്തിന്റെ യഥാര്‍ഥ കാരണം ലക്ഷ്യമറിയാതെയുള്ള പാരായണമാണ്. ഖുര്‍ആന്‍ അവതരണത്തിന്റെ മൗലിക ലക്ഷ്യം നാം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ അതിനെ ജീവവായുപോലെ കണക്കാക്കി, അതിന്റെ സാരാംശം ഗ്രഹിക്കാന്‍  കഠിനപ്രയത്‌നം ചെയ്യുമായിരുന്നു. ഇത് പാരമ്പര്യമായി ലഭിച്ചതാണെന്നും ഒരു പുണ്യമായി അതിനെ കൊണ്ടുനടക്കുന്നതിനപ്പുറം അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചിന്തിക്കേണ്ടത് അനിവാര്യമല്ലെന്നും സ്വന്തം അനുയായികള്‍ പോലും കരുതുമ്പോള്‍ ശത്രുക്കള്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച് വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക സ്വാഭാവികം.

 

മാര്‍ഗദര്‍ശനം മുഖ്യ അജണ്ട

ഖുര്‍ആന്‍ പഠിക്കുന്നതിന്റെ നിരവധി ലക്ഷ്യങ്ങള്‍  പല അധ്യായങ്ങളിലായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യജീവിതത്തിന്റെ സര്‍വ മേഖലകളിലേക്കും ആവശ്യമായ മാര്‍ഗദര്‍ശനമാണ് അതിന്റെ മുഖ്യ അജണ്ട എന്ന കാര്യത്തില്‍ സംശയമില്ല. അക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ വെളിപ്പെടുത്തുന്നു: ''ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു'' (17:9). മറ്റൊരിടത്ത്  ഇങ്ങനെ കാണാം: ''ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്ക് നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്'' (2:185). ഏകദൈവ വിശ്വാസം, പരലോക ജീവിതം, ആരാധനകള്‍, പ്രാര്‍ഥനകള്‍, സ്വഭാവം, ഇടപാടുകള്‍, കുടുംബം, സാമൂഹിക-രാഷ്ട്രീയ കാര്യങ്ങള്‍-ഇവയിലെല്ലാം കൃത്യമായ മര്‍ഗദര്‍ശനം നല്‍കുന്ന വെളിപാടാണ് വിശുദ്ധ ഖുര്‍ആന്‍. 

ഖുര്‍ആന്‍ പഠനത്തിന് മുതിരുന്നവര്‍ തങ്ങള്‍ക്ക് മാര്‍ഗദര്‍ശനം ലഭ്യമാവണം എന്ന ഉദ്ദേശ്യത്തോടെ ഖുര്‍ആന്‍ വായിക്കാന്‍ ബാധ്യസ്ഥരാണ്. 

 

ചിന്തിക്കാന്‍ ആഹ്വാനം 

ഖുര്‍ആന്‍ പഠനത്തിന്റെ മറ്റൊരു ലക്ഷ്യം പഠനവും ചിന്തയുമാണ്. അതിന്റെ ആദ്യ കല്‍പന 'വായിക്കുക' എന്നാണല്ലോ. ഇസ്‌ലാമിന്റെ ആരംഭം മുതല്‍ മനുഷ്യജീവിതത്തിന്റെ അടിസ്ഥാനം വായനയും അറിവുമാണെന്നതിലേക്കുള്ള സൂചനയാണിത്. പഠനത്തിനും ചിന്തക്കും പ്രചോദനം നല്‍കുന്ന ഒട്ടനവധി ഉദ്‌ബോധനങ്ങളുണ്ട് ഖുര്‍ആനില്‍. ഭാവി ഭാവനയില്‍ കണ്ട് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വിജയമുണ്ടാവൂ എന്നതിനാലാണ് ഖുര്‍ആന്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഏതാനും സൂക്തങ്ങള്‍:

''ഇതൊരു അനുഗൃഹീതമായ മഹദ് വേദമാകുന്നു. (പ്രവാചകാ) നാം ഇത് നിനക്ക് ഇറക്കിത്തന്നു. ഈ ജനം ഇതിലെ പ്രമാണങ്ങളില്‍ ചിന്തിക്കേണ്ടതിനും ബുദ്ധിയും വിവേകവുമുള്ളവര്‍ അതുവഴി പാഠമുള്‍ക്കൊള്ളേണ്ടതിനും'' (38:29).

''ബുദ്ധി പ്രയോജനപ്പെടുത്താത്ത ബധിരരും മൂകരുമായ മനുഷ്യരാകുന്നു അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഏറ്റവും നികൃഷ്ടമായ ജന്തുവര്‍ഗം'' (8:22).   

''ഇക്കൂട്ടര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ; അതോ, അവരുടെ മനസ്സുകള്‍ക്ക് പൂട്ടുകളിട്ടിട്ടുണ്ടോ?'' (47:24).     

ഖുര്‍ആന്‍ ചിന്തിക്കാന്‍ ഇത്രയധികം പ്രേരണ നല്‍കുന്നതിന്റെ കാരണമെന്താണ്? നമ്മുടെ വിശ്വാസം ദൃഢമാക്കാനും കര്‍മരംഗത്തേക്ക് കാലെടുത്തുവെക്കാനും ചിന്തയിലൂടെ സാധ്യമാവും എന്നതിനാല്‍തന്നെ. ഖുര്‍ആന്‍ കല്‍പിച്ച കാര്യങ്ങള്‍ ചെയ്യാനും നിരോധിച്ച കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും ഖുര്‍ആനിനെക്കുറിച്ച ചിന്തയിലൂടെ സാധിക്കും. ചിന്ത വാക്കുകളെയും വാക്കുകള്‍ പ്രവര്‍ത്തനങ്ങളെയും രൂപപ്പെടുത്തുന്നു.

 

സദ്‌സ്വഭാവികളാവാന്‍

സദ്ഗുണസമ്പന്നരെ സൃഷ്ടിക്കുകയാണ് ഖുര്‍ആന്‍ പഠനം ലക്ഷ്യംവെക്കുന്ന മറ്റൊരു സുപ്രധാന കാര്യം. അതിന് ആവശ്യമായ നിരവധി പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുടനീളം കാണാം. അധര്‍മികളായിരുന്ന അറബികളെ കുറഞ്ഞ കാലംകൊണ്ട്  ഉത്തമ സ്വഭാവത്തിന്റെ ഉടമകളാക്കാന്‍ സാധിച്ചതിന്റെ മുഖ്യ കാരണം ഖുര്‍ആനനുസരിച്ചുള്ള അവരുടെ ജീവിതവും പ്രവാചകന്റെ നേരിട്ടുള്ള ശിക്ഷണരീതിയുമായിരുന്നു. 

പ്രവാചകന്റെ (സ) സ്വഭാവത്തെക്കുറിച്ച് പ്രിയപത്‌നി ആഇശ(റ) ചോദിക്കപ്പെട്ടപ്പോള്‍ 'ഖുര്‍ആനായിരുന്നു അവിടത്തെ സ്വഭാവ'മെന്ന് അവര്‍ പറയു

കയുണ്ടായി. ഖുര്‍ആന്‍ കല്‍പിച്ച കാര്യങ്ങള്‍ ചെയ്യുകയും നിരോധിച്ചതില്‍നിന്ന് അകന്നുനില്‍ക്കുകയുമാണ് അതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത്. ഒരു വിശ്വാസിയുടെ മുദ്രാവാക്യം അല്ലാഹു ഞങ്ങളുടെ രക്ഷിതാവ്, ഖുര്‍ആന്‍ ഞങ്ങളുടെ ഭരണഘടന, മുഹമ്മദ് ഞങ്ങളുടെ പ്രവാചകന്‍ എന്നതാണ്. നമ്മുടെ ജീവിതം ഖുര്‍ആന്‍ പഠനത്തിനും അത് പ്രായോഗികമാക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടി നീക്കിവെക്കണമെന്നല്ലേ ഈ മുദ്രാവാക്യം നമ്മെ ഉണര്‍ത്തുന്നത്?

 

വിധി നല്‍കുന്ന ഗ്രന്ഥം 

മനുഷ്യര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ വിധി നല്‍കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആന്റെ വിധികളും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിക്കുന്ന ജനതക്ക് ഈ ലോകത്ത് മാത്രമല്ല പരലോകത്തും മഹത്തായ വിജയവും പുരോഗതിയും ലഭിക്കുന്നു. സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ ഉള്‍െപ്പടെ മനുഷ്യന്റെ വൈയക്തികവും സാമൂഹികവുമായ എല്ലാ വിഷയങ്ങളിലും ഖുര്‍ആന്റെ വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ കഴിയും. വിധികല്‍പനകളില്‍ വ്യക്തമായ മാര്‍ഗദര്‍ശനങ്ങള്‍ നല്‍കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക: ''നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കാന്‍ വേണ്ടിയാണിത്. നീ വഞ്ചകര്‍ക്കുവേണ്ടി വാദിക്കുന്നവനാകരുത്'' (4:105). 

 

പാഠം പഠിക്കാന്‍ 

പൂര്‍വ സമുദായങ്ങളില്‍നിന്ന് പാഠമുള്‍കൊള്ളുന്നതിനു വേണ്ടി നിരവധി ചരിത്രസംഭവങ്ങള്‍ ഖുര്‍ആന്‍ നമുക്ക് വിവരിച്ചുതരുന്നുണ്ട്. അക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നാം നിനക്ക് നല്ല ചരിത്രകഥകള്‍ വിവരിച്ചുതരികയാണ്. ഇതിനുമുമ്പ് നീ ഇതൊന്നുമറിയാത്തവരുടെ കൂട്ടത്തിലായിരുന്നു'' (12:3). സര്‍വോപരി സദുപദേശം നല്‍കുക, സ്വര്‍ഗത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക, നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക തുടങ്ങിയവ ഖുര്‍ആന്റെ ലക്ഷ്യങ്ങളാണ്. മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനായി ഇത്ര കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ മറ്റേതെങ്കിലും കൃതിയുണ്ടോ? 

 

രോഗശമനത്തിന്  

ഖുര്‍ആന്‍ രോഗങ്ങള്‍ക്കുള്ള ശമനൗഷധം കൂടിയാണ്. അതില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ച് പാരായണം ചെയ്യുന്നതും അത് ശ്രവിക്കുന്നതും  വലിയ ആശ്വാസമാണ് നല്‍കുന്നത്. ഖുര്‍ആനിന്റെ ആശയം മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കു പോലും ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ ശാന്തിയും സമാധാനവും അനുഭവപ്പെടുന്നു. ഒരു തരം ഭക്തിയും ഭയവും ഖുര്‍ആന്‍ മനുഷ്യഹൃദയങ്ങളില്‍ സൃഷ്ടിക്കുന്നു. രോഗങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ആധുനികസമൂഹത്തിന് ആശ്വാസത്തിന്റെ കുളിര്‍തെന്നലാവാന്‍ ഖുര്‍ആന് സാധിക്കും. ഖുര്‍ആന്‍ പറയുന്നു: 

''അല്ലയോ മനുഷ്യരേ, നിങ്ങള്‍ക്ക് റബ്ബിങ്കല്‍നിന്നുളള ഉപദേശം ലഭിച്ചുകഴിഞ്ഞു. അത് മനസ്സിലുളള രോഗങ്ങള്‍ക്ക് ശമനമാണ്. അത് സ്വീകരിക്കുന്നവര്‍ക്ക്, സന്മാര്‍ഗദര്‍ശകവും അനുഗ്രഹവുമാകുന്നു'' (10:57). 

 

പ്രചോദക ഗ്രന്ഥം 

മനുഷ്യനെ നന്മയിലേക്ക് പ്രചോദിപ്പിക്കുകയും അതുവഴി അവനെ നന്മയുടെ വക്താവാക്കുകയുമാണ് ഖുര്‍ആനിന്റെ മറ്റൊരു സുപ്രധാന ലക്ഷ്യം.  ഒരു കിലോഗ്രാം ഇരുമ്പിനെ കാന്തമാക്കി പരിവര്‍ത്തിപ്പിച്ചാല്‍ അതിന് പന്ത്രണ്ട് കിലോഗ്രാം ഭാരം വഹിക്കാനുള്ള ത്രാണി ഉണ്ടാവുമെന്ന് ശാസ്ത്രം പറയുന്നു. മനുഷ്യനെ പ്രചോദിപ്പിച്ചാല്‍ അവനില്‍നിന്നുണ്ടാവുന്ന കര്‍മചൈതന്യത്തെ ഒരു മാപിനികൊണ്ടും അളക്കുക സാധ്യമല്ല. 

മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ള ഏറ്റവും ഉചിത വഴി ശിക്ഷയോ ഭീഷണിയോ നിര്‍ബന്ധമോ ഒന്നുമല്ല. പ്രചോദനമെന്ന മാന്ത്രിക വടിയാണ്. ആ മാന്ത്രിക ശക്തി ഉപയോഗിച്ച് മനുഷ്യരാശിയെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയാണ് ഖുര്‍ആന്‍. ''ഇത് നാം നിനക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍; പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്'' (14:1). 

''നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്; ഞങ്ങളുടെ നാഥാ, മര്‍ദകരായ ജനം വിലസുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ'' (4:75).  മനുഷ്യനെ വിമോചന പോരാട്ടത്തിലേക്ക് എടുത്തുചാടാന്‍ പ്രേരിപ്പിക്കുന്ന ഇതിനേക്കാള്‍ മൂര്‍ച്ചയുളള വജ്രായുധ ശൈലി വേറെയുണ്ടാവില്ല.

ഇത്രയും ഉജ്ജ്വലമായ സൂക്തങ്ങള്‍ നമ്മെ സംബന്ധിച്ചേടത്തോളം തേനീച്ചയുടെ മൂളല്‍ മാത്രം. അതില്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന മധു നുകരാന്‍, അതിന്റെ ആശയം മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നില്ല. പഠനം പാരായണത്തിനപ്പുറം മുന്നോട്ടുപോവുന്നില്ല എന്നതാണതിന് കാരണം. ഈ അവസ്ഥക്ക് മാറ്റമുണ്ടാവാന്‍ ഖുര്‍ആന്റെ ലക്ഷ്യങ്ങള്‍ ഗ്രഹിക്കുകയും അതിലൂടെ സ്വയം പ്രചോദിതനായിത്തീരുകയും ചെയ്യുക എന്നതാണ് വഴി. ഐക്യം, സ്‌നേഹം, സഹകരണം ഇതെല്ലാമാണ് ഖുര്‍ആന്‍ മാനവരാശിയെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന മഹത്തായ ഉദ്‌ബോധനങ്ങള്‍. സ്വര്‍ഗത്തിലേക്ക് എത്തിച്ചേരാനുള്ള റോഡ് മാപ്പാണ് ഖുര്‍ആന്‍. ഒരു പുതിയ സ്ഥലം സന്ദര്‍ശിക്കുന്ന സഞ്ചാരി റോഡ് മാപ്പ് ഉപയോഗിക്കാതെ യാത്രചെയ്യുമ്പോള്‍ എത്രമാത്രം വഴിതെറ്റാന്‍ സാധ്യതയുണ്ടോ അതുപോലെയാണ് ഖുര്‍ആനെ അവഗണിച്ചുകൊണ്ടുള്ള യാത്രയും. 

വൈവിധ്യവും വ്യതിരിക്തതയുമുള്ള വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ഇതിലെവിടെയും യാതൊരു വൈരുധ്യവുമില്ലെന്നു മാത്രമല്ല അവയെല്ലാം ഒരേ ചരടില്‍ കോര്‍ത്തിണക്കിയ മുത്തുമണികള്‍ പോലെ ഒന്നിനോടൊന്ന് യോജിച്ചതും പരസ്പരം പൊരുത്തപ്പെടുന്നതുമാണ്. ഈ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും മുന്നില്‍വെച്ച് നമുക്ക് ഖുര്‍ആനിനെ വായിക്കാം. ധരിക്കുന്ന കണ്ണടയുടെ നിറം കാഴ്ചയെ സ്വാധീനിക്കുന്നതുപോലെ, വികല ധാരണകളും മുന്‍ധാരണകളും ഒരു ഗ്രന്ഥം വായിക്കുന്നതിനെ സ്വാധീനിക്കാനിടയുള്ളതിനാലാണ് ഖുര്‍ആന്‍ അതിന്റെ അവതരണലക്ഷ്യം വളരെ കൃത്യമായും ആവര്‍ത്തിച്ചും വ്യക്തമാക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി