Prabodhanam Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

കൗണ്‍സലിംഗ്: ജീവിതത്തിലേക്ക് ഒരു കൈത്താങ്ങ്

സി.ടി ഹാദിയ

ശരീരത്തെ ബാധിക്കുന്നതുപോലെ മനസ്സിനെയും പല രോഗങ്ങളും ബാധിക്കുന്നുണ്ട്. ബഹുവിധ മനോവിഭ്രാന്തികള്‍ക്ക് അടിപ്പെട്ടവനാണ് ആധുനിക മനുഷ്യന്‍. ജീവിതരീതികളും കുടുംബ- സാമൂഹിക സാഹചര്യങ്ങളും ഓരോ വ്യക്തിയിലും നിരവധി മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ 20-30 ശതമാനം പേര്‍ ഏതെങ്കിലും മാനസിക പ്രശ്‌നം ഉള്ളവരാണ്. ഇവരില്‍ 10 ശതമാനം ചികിത്സ ആവശ്യമുള്ളവരും ഒരു ശതമാനം ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരുമാണ്. ആറ് വയസ്സ് വരെയുള്ള കുട്ടികളില്‍ ഒരു ശതമാനത്തിന് മാനസിക വൈകല്യങ്ങളുണ്ട്. ആത്മഹത്യാ നിരക്കില്‍ മുമ്പ് ഒന്നാം സ്ഥാനത്ത് നിന്ന കേരളത്തെ ഇന്ന് പോണ്ടിച്ചേരിയും സിക്കിമും പിന്തള്ളിയിരിക്കുന്നു. കേരളത്തില്‍ പ്രതിവര്‍ഷം ലക്ഷത്തില്‍ 25 പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മാനസികാരോഗ്യ ചികിത്സക്ക് കേരളത്തില്‍ സൗകര്യങ്ങള്‍ താരതമ്യേന കുറവാണ്. വിദേശ രാജ്യങ്ങളില്‍ ഒരു ലക്ഷം രോഗികള്‍ക്ക് 10-20 എന്ന തോതില്‍ മനോരോഗ വിദഗ്ധര്‍ ഉള്ളപ്പോള്‍ കേരളത്തില്‍ ഈ അനുപാതം ലക്ഷം പേര്‍ക്ക് ഒരാള്‍ എന്ന തോതില്‍ മാത്രമാണ്. സര്‍ക്കാര്‍ തലത്തിലെ ചികിത്സാ കേന്ദ്രങ്ങളില്‍ ആകെക്കൂടി 3000-ത്തില്‍ താഴെ മാനസിക രോഗികളെ കിടത്തി ചികിത്സിക്കാനേ സൗകര്യമുള്ളൂ. 

ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചിട്ടില്ലാത്ത കാലത്ത് മാനസിക രോഗനിര്‍ണയത്തിനും ചികിത്സക്കും പരിമതികളുണ്ടായിരുന്നു. മാനസിക പിരിമുറുക്കങ്ങളും മനഃസംഘര്‍ഷങ്ങളും ഉളവാക്കുന്ന പ്രശ്‌നങ്ങളെ 'ഭ്രാന്ത്' എന്ന ഒറ്റ പേരില്‍ വിളിച്ച് ആശുപത്രികളിലേക്കും മെന്റല്‍ ഹോസ്പിറ്റലുകളിലേക്കും മനോരോഗ കേന്ദ്രങ്ങളിലേക്കും അയക്കുകയെന്നതായിരുന്നു പഴയ രീതി. മനുഷ്യമനസ്സിനെയും മസ്തിഷ്‌കത്തെയും സംബന്ധിച്ച് ഗവേഷണങ്ങളും പുതിയ അറിവുകളും മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന ഹതഭാഗ്യരെ ചങ്ങലകളില്‍നിന്നും കൂച്ചുവിലങ്ങുകളില്‍നിന്നും മോചിപ്പിച്ചു. പുതിയ ചികിത്സാ രീതികള്‍ നിലവില്‍വന്നു. ആവശ്യത്തിനു മാത്രം മരുന്ന് എന്ന നവീന ചിന്ത ഉടലെടുത്തതോടെ മനുഷ്യന്റെ മനസ്സിനോടും മസ്തിഷ്‌കത്തോടും സംസാരിച്ചും സംവദിച്ചും ഒട്ടനവധി ചികിത്സകള്‍ സാധ്യമാണ് എന്ന തിരിച്ചറിവുണ്ടായി. രോഗിയും ചികിത്സകരും തമ്മില്‍ സ്ഥാപിതമാകുന്ന ഹൃദയബന്ധത്തിലൂടെ വീണ്ടെടുപ്പും പുനരധിവാസവും സാധ്യമാണെന്ന സത്യം അംഗീകരിക്കപ്പെട്ടതോടെ ആ വഴിയിലൂടെ നീങ്ങി പുതിയ ചികിത്സാ രീതികള്‍. 

 

എന്താണ് കൗണ്‍സലിംഗ്? 

സംസാര-സംവേദന ചികിത്സ, അഥവാ 'ടാകിംഗ് തെറാപ്പി' എന്ന ഗണത്തിലാണ് കൗണ്‍സലിംഗ് ഉള്‍പ്പെടുന്നത്. സുരക്ഷിതവും വിശ്വാസയോഗ്യവുമായ പരിതഃസ്ഥിതിയില്‍ ഒരു വ്യക്തിക്ക് തന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉള്ളുതുറന്ന് സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള അവസരം സൃഷ്ടിക്കുകയാണ് കൗണ്‍സലിംഗ്. ഒരു വ്യക്തി തന്റെ ചിന്താരീതിയും ജീവിതവും മാറ്റണമെന്ന ഉറച്ച തീരുമാനത്തോടെ തന്റെ പ്രശ്‌നങ്ങളും മനോവ്യാപാരങ്ങളും ആഴത്തിലും പരപ്പിലും പുനഃപരിശോധനക്ക് വിധേയമാക്കാന്‍ തയാറാകുന്ന പ്രക്രിയയാണ് അന്തിമവിശകലനത്തില്‍ കൗണ്‍സലിംഗ്. നിങ്ങളെ ഒരിടത്ത് പിടിച്ചിരുത്തി നിങ്ങള്‍ എന്തു ചെയ്യണം എന്ന് നിര്‍ദേശിക്കുന്ന വ്യക്തിയല്ല കൗണ്‍സലര്‍. മറിച്ച്, നിങ്ങളെ അസ്വസ്ഥനാക്കുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന് തുറന്നുപറയാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി നിങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങളുടെ അടിവേരുകള്‍ കണ്ടെത്തി നിങ്ങള്‍ ഏതു വിധത്തില്‍ ചിന്തിക്കുന്നുവെന്ന് കൃത്യമായി നിര്‍ണയിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കൗണ്‍സലര്‍. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാന്‍ നിങ്ങള്‍ എന്തൊക്ക വേണമെന്ന് നിങ്ങളെ ഉണര്‍ത്തുകയുമാണ് കൗണ്‍സലര്‍ ചെയ്യുന്നത്. 

കൗണ്‍സലിംഗിന്റെ ഓരോ ഘട്ടവും ഓരോ സിറ്റിംഗും വ്യക്തിയെ ആശ്രയിച്ചാണ്. കൗണ്‍സലിംഗ് പലവിധത്തിലുണ്ട്. പ്രഫഷനല്‍ കൗണ്‍സലിംഗിന് നിര്‍വചനം നല്‍കിയ ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ കൗണ്‍സലിംഗ് (BACP) രേഖപ്പെടുത്തുന്നതിങ്ങനെ: 'ഒരു വ്യക്തിയുടെ കഴിവുകളും സര്‍ഗസിദ്ധികളും പരമാവധി പരിപോഷിപ്പിച്ച് സ്വയം തിരിച്ചറിയാനും യാഥാര്‍ഥ്യബോധത്തിലേക്ക് തിരിച്ചെത്താനും പ്രാപ്തനാക്കാനുള്ള സമര്‍ഥവും തത്ത്വാധിഷ്ടിതവുമായ ബന്ധങ്ങളും ഇടപെടലുകളുമാണ് കൗണ്‍സലിംഗ്. കൂടുതല്‍ സംതൃപ്തവും കാര്യക്ഷമവുമായ ഒരു ജീവിതം വ്യക്തിക്ക് സാധിച്ചുകൊടുക്കുകയാണ് അന്തിമലക്ഷ്യം. കൗണ്‍സലിംഗ് ബന്ധങ്ങള്‍ ആവശ്യവും സാഹചര്യവുമനുസരിച്ച് വ്യത്യസ്തമാവും. ഏതെങ്കിലും പ്രത്യേകമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയും പരിഹരിക്കുകയും ചെയ്യുക, തീരുമാനങ്ങള്‍ ഉണ്ടാക്കുക, പ്രതിസന്ധിയോട് പൊരുത്തപ്പെടുക, വ്യക്തിയുടെ ഉള്‍ക്കാഴ്ചയും അറിവും വികസിപ്പിക്കുക, ആന്തരസംഘര്‍ഷങ്ങള്‍ തിരിച്ചറിഞ്ഞ് യുക്തമായ നടപടി സ്വീകരിക്കുക, മറ്റുളളവരുമായുള്ള ബന്ധങ്ങള്‍ നന്നാക്കിയെടുക്കുക തുടങ്ങി നിരവധി മാനങ്ങള്‍ കൗണ്‍സലിംഗിനുണ്ട്. ഒരു കൗണ്‍സലറുടെ പങ്ക്, തന്റെ കക്ഷിയുടെ കഴിവുകളും സിദ്ധികളും ശരിയായി വിലയിരുത്തി ഉറച്ച തീരുമാനങ്ങള്‍ക്ക് അയാളെ പ്രാപ്തനാക്കിയെടുക്കുകയാണ്.' 

കൗണ്‍സലിംഗ് പല വിധത്തില്‍ നടക്കുന്നുണ്ട്. ചികിത്സക-രോഗി ബന്ധമാണ് പ്രധാനം. ഓരോരുത്തരും തങ്ങള്‍ക്ക് ഹിതകരമായി തോന്നുന്ന രീതി അവലംബിക്കുന്നു: 

* മുഖത്തോടു മുഖം കണ്ട് സംസാരിക്കുന്നതാണ് ഒരു രീതി. ഇതാണ് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത്. കൗണ്‍സലറുമായി മുന്‍കൂട്ടി അഭിമുഖം നിശ്ചയിച്ചുനടക്കുന്ന ഈ രീതി വളരെ ഫലപ്രദമാണ്. പ്രശ്‌നങ്ങളുമായി സമീപിക്കുന്ന വ്യക്തിയുടെ മുഖഭാവങ്ങള്‍ വായിച്ചെടുക്കാനും തദനുസാരം നിര്‍ദേശങ്ങള്‍ നല്‍കാനും തെറാപ്പിസ്റ്റിന് കഴിയുന്നു എന്നതാണ് ഇതിന് സ്വീകാര്യത നേടിക്കൊടുത്തത്. 

* കൗണ്‍സലറെ വ്യക്തിപരമായോ കൗണ്‍സലര്‍മാരുടെ ഒരു സംഘത്തെയോ തങ്ങളുടെ പ്രശ്‌നപരിഹാരത്തിന് സമീപിക്കുന്ന രീതി. തന്റേതുപോലുള്ള പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരെ നേരില്‍ കണ്ട് അനുഭവങ്ങള്‍ കൈമാറാന്‍ ഇത് സഹായിക്കും. ഒടുവില്‍ തന്റെ പ്രശ്‌നങ്ങളുമായി ഒരു കൗണ്‍സലറെ സ്വകാര്യമായി കാണാനും ഹൃദയം തുറക്കാനുമുള്ള അവസരങ്ങള്‍ കണ്ടെത്തുന്നതിലാണ് ഈ പ്രക്രിയ അവസാനിക്കുക. 

* ടെലഫോണ്‍ കൗണ്‍സലിംഗ്: തന്റെ സമയവും സൗകര്യവുമനുസരിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായി സംസാരിക്കാം. മുഖാമുഖം കാണാനോ ഗ്രൂപ്പ് കൗണ്‍സലിംഗില്‍ പങ്കുവഹിക്കാനോ തിരക്കുകള്‍ കാരണം സാധിക്കാത്തവര്‍ ഈ രീതി അവലംബിക്കുന്നു. 

* ഓണ്‍ലൈന്‍ കൗണ്‍സലിംഗ്: ചിലര്‍ കൗണ്‍സലറുമായി നേരിട്ട് ബന്ധപ്പെടാന്‍ ആഗ്രഹിക്കാത്തവരാണ്. അത്തരക്കാര്‍ നവീന മാധ്യമങ്ങളിലൂടെയോ ഇ-മെയിലിലൂടെയോ കൗണ്‍സലറുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരം തേടും. 

അടുത്ത കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ തുറന്നുപറയാനാവാത്ത വിഷയങ്ങള്‍ കൗണ്‍സലറോട് തുറന്നുപറയാന്‍ പൊതുവില്‍ ആരും മടി കാണിക്കാറില്ല. തന്റെ പ്രശ്‌നങ്ങളും മാനസികാസ്വാസ്ഥ്യങ്ങളും പിരിമുറുക്കങ്ങളും ശാസ്ത്രീയമായി വിശകലനം ചെയ്യപ്പെടുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്യുന്ന രീതിയാണ് പൊതുവില്‍ എല്ലാവര്‍ക്കും ഹിതകരമായി തോന്നാറുള്ളത്. 

 

തെറാപ്പിസ്റ്റ് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍

* മാനസിക പിരിമുറക്കം, മനഃസംഘര്‍ഷങ്ങള്‍, ഉല്‍കണ്ഠകള്‍, ഭയാശങ്കകള്‍ തുടങ്ങി ആധുനിക ജീവിതം സമ്മാനിച്ച നിരവധി വ്യാധികളുണ്ട്. ഇവയില്‍നിന്നുള്ള മോചനത്തിന് വഴികള്‍ നിര്‍ദേശിക്കാന്‍ ഒരു സൈക്കോതെറാപ്പിസ്റ്റിന് സാധിക്കും. 

* മനോവിഭ്രാന്തി, വിഷാദരോഗം മുതലായവക്ക് അടിപ്പെടുന്നവരുടെ ഒറ്റപ്പെടല്‍ ചിന്തകള്‍ ദൂരീകരിക്കാനും അന്യതാബോധം ഇല്ലാതാക്കി സമൂഹവുമായി ഇടപെടാന്‍ അവരെ പ്രാപ്തരാക്കാനും തെറാപ്പി/കൗണ്‍സലിംഗ് മുഖേന സാധിക്കും. 

* ചില സന്ദര്‍ഭങ്ങളില്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെയോ ചൂഷണങ്ങളെയോ ദുരുപയോഗങ്ങളെയോ സംബന്ധിച്ച ഓര്‍മകള്‍ അവബോധ മനസ്സില്‍ തളംകെട്ടി നില്‍ക്കുന്നതുമൂലം ഉണ്ടാകുന്ന മാനസികമായ പ്രതിഫലനങ്ങള്‍; കൗണ്‍സലറുടെ ബുദ്ധിപരമായ ഇടപെടലുകളിലൂടെ ഇവയുടെ വേര് കണ്ടെത്തി പരിഹരിക്കാനാകും. 

* വാഹനാപകടം, പ്രകൃതിവിപത്തുകള്‍ തുടങ്ങിയവ മനസ്സിനുണ്ടാക്കുന്ന ആഘാതങ്ങള്‍ കാലങ്ങളോളം നീണ്ടുനില്‍ക്കും. ഒരു കൗണ്‍സലറുടെ സേവനം ഇവിടെ ആവശ്യമുണ്ട്. 

* പ്രിയപ്പെട്ടവരുടെ വിയോഗം സാധാരണ വ്യക്തിയില്‍ രോഷവും സങ്കടവും വിഷാദവും ഉണ്ടാക്കിയേക്കാം. തങ്ങളുടെ മനസ്സിലെ തപ്തചിന്തകളും ദുഃഖങ്ങളും കൗണ്‍സിലറോട് തുറന്നുപറഞ്ഞ് ആശ്വാസം കണ്ടെത്തുന്ന നിരവധി പേരുണ്ട്. 

* കാന്‍സര്‍, സ്മൃതിനാശം തുടങ്ങിയ മാരക രോഗങ്ങളും മാറാവ്യാധികളും ജീവിതത്തിന്റെ താളം തെറ്റിക്കും. ഇതിനിരയാവുന്നവര്‍ക്ക് ആശ്വാസം പകരാനും സാന്ത്വന ചികിത്സ നല്‍കാനും മനോവീര്യം ഉയര്‍ത്താനും സാഹചര്യങ്ങളോടും യാഥാര്‍ഥ്യങ്ങളോടും പൊരുത്തപ്പെട്ടുപോകാനും സൈക്കോളജിസ്റ്റിന്റെ ഇടപെടല്‍ സഹായിക്കും. 

* പഠനവൈകല്യം കണ്ടെത്തി കുട്ടികളെ പ്രത്യേക പരിശീലനത്തിലൂടെ (Remedial Training)  യോഗ്യരാക്കി മാറ്റാനും സാധാരണ കുട്ടികളെ പോലെ പഠനകാര്യങ്ങളില്‍ മിടുക്കരാക്കാനും ഈ മേഖലയിലെ ബോധന വിദഗ്ധന് (Special Educator) സാധിക്കും. 

* മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ഥങ്ങള്‍ എന്നിവക്ക് അടിപ്പെടുന്നവരെ ഇത്തരം ദുശ്ശീലങ്ങളില്‍നിന്ന് പിന്തിരിപ്പിച്ച് യഥാര്‍ഥ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും അവരെ പുനരധിവസിപ്പിക്കാനും കൗണ്‍സലിംഗ് ഉപകാരപ്പെടുന്നു. 

പ്രശ്‌നപരിഹാരത്തിനുള്ള ഒറ്റമൂലി ചികിത്സയല്ല കൗണ്‍സലറുടെ കൈവശമുള്ളത്. അകക്കണ്ണ് തുറപ്പിച്ച് നേരിടുന്ന പ്രശ്‌നങ്ങളുടെ യാഥാര്‍ഥ്യം സ്വയം ബോധ്യപ്പെട്ട് മനസ്സിനെ മെരുക്കിയെടുക്കാന്‍ പ്രാപ്തമാക്കുന്ന സൂത്രങ്ങളും രീതികളും നിപുണതയും ഉണ്ടാക്കിത്തരാന്‍ സൈക്കോളജിസ്റ്റിന് കഴിയും. ഏതു പ്രതിസന്ധിഘട്ടങ്ങളെയും രചനാത്മകമായി സമീപിച്ച് സമാനമായ ഏത് സാഹചര്യവും ഭാവിയില്‍ നേരിടേണ്ടിവരുമ്പോള്‍ അഭിമുഖീകരിക്കാനുള്ള ത്രാണിയും കരുത്തും മനസ്സിന് പകര്‍ന്നുതരാന്‍ കൗണ്‍സലിംഗ് പ്രയോജനപ്പെടും. 

രോഗങ്ങളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും കയങ്ങളില്‍ പെട്ട വ്യക്തി, രക്ഷക്ക് ഉതകുന്ന ഒരു പുല്‍ത്തുമ്പെങ്കിലും കിട്ടിയെങ്കില്‍ എന്നാശിച്ചാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. ശാരീരികമായും മാനസികമായും പ്രശ്‌നസങ്കീര്‍ണതകളുടെ ചുഴിയില്‍ പെടുന്ന വ്യക്തി മോചനത്തിനും ആശ്വാസത്തിനും വേണ്ടി മുന്നില്‍ കാണുന്ന വാതിലുകളിലെല്ലാം മുട്ടിവിളിക്കുന്നു. ഈ നിസ്സഹായാവസ്ഥ മുതലെടുക്കുകയാണ് പല കേന്ദ്രങ്ങളും. ധ്യാനകേന്ദ്രങ്ങള്‍, മന്ത്രവാദചികിത്സകള്‍, വ്യാജചികിത്സകര്‍, ആത്മീയ കേന്ദ്രങ്ങള്‍, അങ്ങനെ നീളുന്നതാണ് പട്ടിക. രോഗികളുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് ധനസമ്പാദിക്കുകയാണ് പൊതുവില്‍ പലരുടെയും ലക്ഷ്യം. 

ഇന്ന് ഏറ്റവും കൂടുതല്‍ ചൂഷണം നടക്കുന്ന മേഖലയാണ് കൗണ്‍സലിംഗ്. ചികിത്സക്ക് പര്യാപ്തമല്ലാത്ത മനഃശാസ്ത്രബിരുദങ്ങള്‍ സമ്പാദിച്ചും വ്യാജ കോഴ്‌സുകളിലൂടെ 'യോഗ്യത' നേടിയും കൗണ്‍സലര്‍മാരായി വാഴുന്നവര്‍ നടത്തുന്ന സാമ്പത്തിക-ലൈംഗിക ചൂഷണങ്ങളുടെ കഥകള്‍ നിരവധിയുണ്ട്. ഏതെങ്കിലും വിഷയത്തില്‍ നാം ഒരാളുടെ സഹായം തേടുമ്പോള്‍ അയാളില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചുകൊണ്ടായിരിക്കുമത്. വിദഗ്ധരുടെ സഹായമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍, നമ്മുടെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും അവര്‍ എടുക്കുക എന്ന പൂര്‍ണവിശ്വാസം നമുക്കുണ്ടാവും. 

കൗണ്‍സലിംഗ് മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളില്‍ മുഖ്യം ലൈംഗികമാണ്. ഡോക്ടര്‍മാര്‍, തെറാപ്പിസ്റ്റുകള്‍, പ്രഫസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, നിയമജ്ഞര്‍, മതപുരോഹിതന്മാര്‍, നേതാക്കള്‍ തുടങ്ങി സേവന ദാതാക്കളായി രംഗത്തുള്ള ആരില്‍നിന്നും ഇത്തരം ചൂഷണങ്ങള്‍ ഉണ്ടാവാം. സേവനദാതാവും സ്വീകര്‍ത്താവും തമ്മില്‍ സ്വാഭാവികമായി സ്ഥാപിക്കപ്പെടുന്ന ബന്ധത്തില്‍ നിന്നാണ് ചൂഷണത്തിനുള്ള സാധ്യത ഉരുത്തിരിയുന്നത്. വിശ്വാസവഞ്ചന സംഭവിക്കുകയും അനഭിലഷണീയമായ തലങ്ങളിലേക്ക് ബന്ധങ്ങള്‍ വളരുകയും ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവിതം തകര്‍ക്കുന്നതിലാണ് ചെന്നെത്തുക. വിശ്വസിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ചതിയുടെയും വഞ്ചനയുടെയും അനുഭവങ്ങള്‍ സാധാരണഗതിയില്‍ ആരും തുറന്നുപറയില്ല. ഇതാണ് ഇത്തരം നീചപ്രവണതകള്‍ക്ക് വളമായിത്തീരുന്നത്. 

സേവനം അഭ്യര്‍ഥിച്ചെത്തുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പക്ഷേ അവരുടെ മുമ്പിലും ചില പരിഹാരമാര്‍ഗങ്ങളുണ്ട്. ഇത്തരം വ്യക്തികളെ നിയമിക്കുകയും അവരുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെടാം, പ്രഫഷനല്‍ അസോസിയേഷനുകളുടെ ലൈസന്‍സിംഗ് ബോര്‍ഡിനെ സമീപിക്കാം, നിയമനടപടികള്‍ സ്വീകരിക്കാം, നിയമപാലകരുമായി ആശയവിനിമയം നടത്താം എന്നിങ്ങനെ ഇത്തരം ചതിക്കുഴികള്‍ ഒരുക്കുന്നവരെ നേരിടാന്‍ സമൂഹം ശീലിക്കേണ്ടതുണ്ട്. 

തങ്ങളെ കൗണ്‍സലിംഗിന് സമീപിക്കുന്ന വ്യക്തികളുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിച്ച് അവ മറ്റുള്ളവരുമായി പങ്കുവെക്കുന്നവര്‍, പെണ്‍കുട്ടികളാണെങ്കില്‍ അവരുടെ നമ്പറുകള്‍ സമ്പാദിച്ച് നിരന്തരം ബന്ധപ്പെടുന്നവര്‍, ശേഖരിച്ച വിവരങ്ങള്‍ വെച്ച് ബ്ലാക്ക്‌മെയ്ല്‍ ചെയ്യുന്നവര്‍, സാമ്പത്തിക ചൂഷണം നടത്തുന്നവര്‍, പെണ്‍കുട്ടികളുമായി പ്രേമബന്ധം സ്ഥാപിക്കുന്നവര്‍ തുടങ്ങി ഈ രംഗത്ത് നടമാടുന്ന അരാജകത്വത്തിന് കാരണക്കാരായ കുറ്റവാളികള്‍ നിരവധിയുണ്ട്. ഏതുവിധേനയും മാനസികാരോഗ്യവും മനഃശാന്തിയും വീണ്ടെടുക്കണമെന്നാഗ്രിഹിച്ച് തന്നെ സമീപിച്ച വീട്ടമ്മയെ ക്ലിനിക്കില്‍ വിളിച്ചുവരുത്തി ലൈംഗിക ചൂഷണം ചെയ്ത വ്യാജ ഡോക്ടര്‍ വിലസുന്ന നാട്ടില്‍തന്നെയാണ് സഹായം ആവശ്യപ്പെട്ടുവന്ന  കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതും. മരുന്ന് കൊടുത്ത് ചികിത്സിക്കാനുള്ള അനുവാദം ഇല്ലാതിരുന്നിട്ടും മരുന്ന് നല്‍കുന്ന കൗണ്‍സലര്‍, മധുരമനോഹര വാഗ്ദാനങ്ങള്‍ നല്‍കി ക്ലയന്റിനെ ചതിയില്‍ വീഴ്ത്തുന്നവര്‍, ബന്ധങ്ങള്‍ തകര്‍ക്കുന്നവര്‍ തുടങ്ങി കൗണ്‍സലിംഗ് രംഗത്തെ മലീമസമാക്കിയവരാണ്, വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസം പകരേണ്ട കേന്ദ്രങ്ങളെ സംശയത്തോടെയും ഭയാശങ്കകളോടെയും വീക്ഷിക്കേണ്ട അവസ്ഥയില്‍ എത്തിച്ചത്. 

നിരവധി വ്യാജ കേസുകളില്‍ ഒടുവിലത്തേതാണ് സൈക്കോമെട്രിക്-സൈക്കോമെന്റിംഗ് എന്ന പേരില്‍ ചില ജില്ലകളില്‍ വന്‍തുക ഫീസ് വാങ്ങി തുടങ്ങിയയ ഹ്രസ്വകാല കോഴ്‌സുകള്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (IACP) കേരള ചാപ്റ്റര്‍ ഇത്തരം കോഴ്‌സുകള്‍ വ്യാജമാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്ലിനിക്കല്‍ സൈക്കോളജി, അബ്‌നോര്‍മല്‍ സൈക്കോളജി, കൗണ്‍സലിംഗ് സൈക്കോളജി, കമ്യൂണിറ്റി സൈക്കോളജി എന്നിങ്ങനെ ക്ലിനിക്കല്‍ സൈക്കോളജിയുടെ വിവിധ മേഖലകള്‍ സമഗ്രമായി പഠിച്ച് ബിരുദാനന്തര ബിരുദവും എം.ഫിലും ഡോക്ടറേറ്റും നേടി റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനോടെ ക്ലിനിക്കല്‍ സൈക്കോളിജിസ്റ്റുകള്‍ കേരളത്തില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. പല കേന്ദ്രങ്ങളിലും തുടങ്ങിയ കൗണ്‍സലിംഗ് സെന്ററുകളും കൗണ്‍സലിംഗ് പരിശീലന കേന്ദ്രങ്ങളും ആവശ്യമായ യോഗ്യത നേടിയവരാണോ നടത്തുന്നതെന്ന പരിശോധന, ജനങ്ങളുടെ ആരോഗ്യവിഷയത്തില്‍ ശ്രദ്ധപുലര്‍ത്തേണ്ട ഗവണ്‍മെന്റിന്റെ ബാധ്യതയാണ്. മനോരോഗ വിദഗ്ധരായി പകര്‍ന്നാട്ടം നടത്തുന്ന കള്ളനാണയങ്ങള്‍, കൗണ്‍സലിംഗ് കച്ചവടമാക്കിയ മുറിവൈദ്യന്മാര്‍, മരുന്ന് കമ്പനിക്കാരുടെ ക്വട്ടേഷന്‍ സംഘങ്ങളായി മാറിയ സൈക്യാട്രിസ്റ്റുകള്‍ ഇത്തരക്കാര്‍  ഇന്ന് കേരളത്തിലെ മാനസികാരോഗ്യമേഖലയില്‍ സജീവമാണെന്നോര്‍ക്കുക.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍