Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

റമദാനിനു ശേഷം

റമദാന്‍ വിടവാങ്ങുകയാണ്. ഖുര്‍ആന്‍ അവതരണത്തിന്റെ മാസം. ജീവിത വിശുദ്ധിയുടെയും ക്ഷമയുടെയും ഉദാരതയുടെയും കാരുണ്യത്തിന്റെയും നരക വിമോചനത്തിന്റെയും മാസം. മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിച്ച ബദ്ര്‍ പോരാട്ടവും മക്കാ വിജയവും റമദാനിന്റെ രാപ്പകലുകളില്‍ സംഭവിച്ചു എന്നത് അതിന്റെ ചരിത്രപ്രാധാന്യവും വിളിച്ചോതുന്നുണ്ട്. ഇതെല്ലാം സംഗമിക്കുന്നതുകൊണ്ടാണ് റമദാന്‍ ഒരാളുടെ ആയുസ്സിലെ അനര്‍ഘ നിമിഷങ്ങളായിത്തീരുന്നത്. ആ ആഴക്കാഴ്ചയില്‍ റമദാനിനെ കാണുന്നവര്‍ക്കേ അതിന്റെ രാപ്പകലുകളെ വേണ്ടവിധം പ്രയോജനപ്പെടുത്താനാവൂ. അപ്പോള്‍ മാത്രമാണ് റമദാന്‍ നന്മകളുടെ വസന്തവും പൂമരവുമായിത്തീരുന്നത്. വസന്തകാലത്ത് പൂക്കള്‍ വെറുതെ വിരിയുന്നതല്ല. വരാനിരിക്കുന്ന ഋതുക്കളില്‍ ആ പൂക്കളാണ് കായ്കനികളായി മാറുന്നത്; സര്‍വ ജീവജാലങ്ങളെയും അന്നമൂട്ടുന്നത്.

പ്രകൃതിയില്‍ തന്നെയുള്ള അത്തരമൊരു തുടര്‍ച്ചയും വളര്‍ച്ചയും ആത്മീയതയുടെ വസന്തകാലമായ റമദാനിന് നാം നഷ്ടപ്പെടുത്തിക്കളയുന്നുണ്ടോ എന്ന് ആലോചിക്കേണ്ട സന്ദര്‍ഭമാണിത്. റമദാനിനു ശേഷം എന്ത് എന്നത് ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. സലഫുസ്സ്വാലിഹീങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നാം ഖുര്‍ആന്‍ പഠന-പാരായണങ്ങളും ഖിയാമുല്ലൈലും ദിക്ര്‍-ദുആകളും ദാനധര്‍മങ്ങളും നടത്തിയിരിക്കാം. റമദാന്‍ കഴിയുന്നതോടെ അതൊക്കെ അത്രക്ക് വിപുലമായും ചിട്ടയോടെയും നടത്താന്‍ കഴിയണമെന്നുമില്ല. പക്ഷേ, വരും മാസങ്ങളിലും റമദാനിന് ആത്മീയമായ ഒരു തുടര്‍ച്ച ഉണ്ടാവണം. ആത്മീയ വസന്തത്തില്‍ വിരിഞ്ഞ പൂവുകള്‍ കായ്കനികളൊന്നും നല്‍കാതെ വാടിക്കരിഞ്ഞുപോകാനിടവരരുത്. പലരും ആത്മീയതയുടെ ഈ മരുപ്പച്ചയില്‍നിന്ന് റമദാന്‍ കഴിയുന്നതോടെ ഭൗതികതയുടെ മരുഭൂമിയിലേക്ക് എടുത്തുചാടുകയാണ് ചെയ്യുന്നത്. റമദാനില്‍ എന്തൊക്കെ വേണ്ടാത്തരങ്ങള്‍ക്കും ദുഃസ്വഭാവങ്ങള്‍ക്കും അവര്‍ അവധി കൊടുത്തിരുന്നുവോ, അതൊക്കെയും പൂര്‍വാധികം ശക്തിയോടെ അവരുടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ധാരാളം ഓഫറുകളുള്ള ഒരു സീസണ്‍ മാത്രമായി റമദാനെ കാണുന്നതുകൊണ്ടുള്ള കുഴപ്പമാണിത്. റമദാന്‍ കഴിഞ്ഞാല്‍ അത്തരക്കാരുടെ ജീവിതം ഉത്സവം കഴിഞ്ഞ ചന്തപ്പറമ്പ് പോലെ ശൂന്യമായിത്തീരുകയും ചെയ്യുന്നു. കൊതിപ്പിക്കുന്ന ഏത് പ്രലോഭനങ്ങളിലും വീണുപോവാതിരിക്കാനും, ഭീഷണികളും വെല്ലുവിളികളും എത്ര തന്നെ ഭീമാകാരം പൂണ്ടാലും അവയെയൊക്കെ ക്ഷമയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിടാനുമുള്ള ആത്മീയ കരുത്താണ് തങ്ങള്‍ ആര്‍ജിച്ചിരിക്കുന്നതെന്ന ബോധം ഉണ്ടാവണം. അടുത്ത റമദാന്‍ വരെ വിശ്വാസിയെ നന്മയില്‍ ചലിപ്പിക്കുന്ന ഇന്ധനമായിത്തീരണം അത്.

റമദാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കുമ്പോഴും റമദാനിന്റെ പാഠങ്ങള്‍ വിസ്മരിക്കരുത് എന്ന് ഇസ്‌ലാം പല രീതിയില്‍ ഉണര്‍ത്തുന്നുണ്ട്. ഫിത്വ്ര്‍ സകാത്ത് അതിലൊന്നാണ്. റമദാനില്‍ ശീലിച്ച ദാനധര്‍മങ്ങള്‍ പെരുന്നാളിലോ ശേഷമുള്ള ദിനങ്ങളിലോ മറന്നുപോകരുത് എന്ന പാഠം. എല്ലാവരും സന്തോഷിക്കുന്ന, ആരും പട്ടിണി കിടക്കാത്ത ഒരു നല്ല നാളെയെ സ്വപ്‌നം കാണുകയാണ് ഓരോ ഈദുല്‍ ഫിത്വ്‌റും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍