Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

ഖുര്‍ആന്‍ വായന ഇപ്പോഴും പരിധിക്ക് പുറത്താണ്

അബ്ദുല്‍ ജബ്ബാര്‍ കൂരാരിട

പണ്ടൊരാള്‍ രാമായണം കേള്‍ക്കാന്‍ പോയ കഥ പ്രസിദ്ധമാണ്. മനസ്സില്ലാ മനസ്സോടെയാണ് അയാള്‍ സദസ്സിലെത്തിയത്. മനസ്സാന്നിധ്യമില്ലാതെ കുറേ സമയം അവിടെ കഴിച്ചുകൂട്ടി. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍, പാതിമയക്കത്തില്‍ അയാള്‍ ചോദിച്ചത്രെ, 'സാര്‍, ഈ രാമന്‍, സീത എന്നൊക്കെ പറയുന്നത് ആരാണ്?'  സദസ്സ് ഒന്നടങ്കം പൊട്ടിച്ചിരിയിലമര്‍ന്നപ്പോഴും കഥാനായകന്‍ ഒന്നുമറിയാത്ത ഭാവത്തിലായിരുന്നു.

മുസ്‌ലിം സാധാരണക്കാരില്‍ പലരും അര്‍ഥബോധമില്ലാതെയാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്. എന്താണ് ഓതിയതെന്നോ എന്തിനെക്കുറിച്ചാണ് വിവരിച്ചതെന്നോ ചോദിച്ചാല്‍, മേല്‍പറഞ്ഞ കഥയിലെ നായകന്റെ അവസ്ഥതന്നെയായിരിക്കും ഫലം.

ഈ ഓത്തിനും പ്രതിഫലം ലഭിക്കുമെങ്കിലും വിശുദ്ധ ഖുര്‍ആന്റെ മാര്‍ഗദര്‍ശനംകൊണ്ട് ജീവിതം പ്രദീപ്തവും പ്രകാശപൂരിതവുമാക്കാന്‍ ഈ പാരായണം മതിയാവുകയില്ല.

അര്‍ഥബോധത്തോടെയുള്ള പാരായണവും പരിചിന്തനവും തന്നെ വേണം. 

പരിശുദ്ധ ഖുര്‍ആന്റെ അവതരണ നാളുകളില്‍ അഭിസംബോധിതരായ അനുയായികള്‍, ദൈവികകല്‍പനകളുടെ ഉദ്ദേശ്യം നന്നായി ഗ്രഹിക്കുകയും ചുണ്ടിലും മനസ്സിലും അത് നിലനിര്‍ത്തുകയും വിചാരങ്ങളും വാക്കുകളും ദൈവിക സൂക്തങ്ങള്‍ക്ക് അനുരൂപമാക്കി മാറ്റുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു. ഏറ്റവും വിലപ്പെട്ട മുതലുകള്‍ ഉദാരപൂര്‍വം ചെലവഴിച്ച് പുണ്യം നേടാന്‍ കൊതിച്ച അബൂത്വല്‍ഹ(റ)യുടെ ജീവിതം മാതൃകാപരമായത് അതുകൊണ്ടാണ്.

മദീനയിലെ സമ്പന്നനാണ് കഥാപുരുഷന്‍.  ബൈറുഹാ തോട്ടമായിരുന്നു അദ്ദേഹത്തന്റെ ഇഷ്ടപ്പെട്ട സമ്പത്ത്. 'നിങ്ങള്‍ ഇഷ്ടപ്പെടുന്ന ധനം ചെലവഴിക്കണം' (3:92) എന്ന ഖുര്‍ആന്‍ സൂക്തം അവതരിച്ച വേളയില്‍, പ്രവാചക സന്നിധിയില്‍  ഓടിയെത്തി അദ്ദേഹം പറഞ്ഞു: ''നബിയേ, ബൈറുഹാ തോട്ടത്തിന്റെ ആധാരമിതാ, ഞാനത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നു. അതിന്റെ പ്രതിഫലവും പുണ്യവും എനിക്ക് ലഭിക്കാന്‍ അവിടുന്ന് പ്രാര്‍ഥിക്കണം.'' ഇതാണ് യഥാര്‍ഥ ഖുര്‍ആന്‍ വായന.

അറിവിന്റെ ഭണ്ഡാരമാണ് ഖുര്‍ആന്‍. അത് യാന്ത്രികമായി പാരായണം ചെയ്യാതെ ജീവിതത്തിലേക്ക് പരാവര്‍ത്തനം ചെയ്യണം.

എല്ലാവരെയും മനുഷ്യരായി കണ്ട് മൈത്രിയോടെ പുലരാനുള്ള സന്ദേശമാണ് ഖുര്‍ആന്‍ പകര്‍ന്നിട്ടുള്ളത്. അത് ലോകത്തെ അറിയിക്കണം.

 

അണിയുന്ന ആഭരണങ്ങള്‍ക്കും സകാത്ത് നല്‍കണം

നബിപത്‌നി ഉമ്മുസല്‍മ സ്വര്‍ണാഭരണം അണിയാറുണ്ടായിരുന്നു. ഇത് നിക്ഷേപത്തില്‍പെടുമോ എന്ന് അവര്‍ പ്രവാചകനോട് ചോദിച്ചു. കണക്കനുസരിച്ച് ഉണ്ടെങ്കില്‍ സകാത്ത് നല്‍കണം എന്ന് നബി പറഞ്ഞു (അബൂദാവൂദ്, ദാറുഖുത്‌നി, ഹാകിം). ബുലൂഗുല്‍ മറാമിലെ സകാത്ത് അധ്യായത്തില്‍ ഉദ്ധരിച്ച 21-ാം ഹദീസാണിത് (ഇതിന്റെ ദൗര്‍ബല്യത്തെ സംബന്ധിച്ച് പരാമര്‍ശമൊന്നുമില്ല).

അംറുബ്‌നു ശുഐബില്‍നിന്ന് നിവേദനം: ''ഒരു സ്ത്രീ നബിയുടെ അരികെ വന്നു. കൂടെ മകളുമുണ്ട്. അവളുടെ കൈയില്‍ സ്വര്‍ണ വളകളുണ്ടണ്ടായിരുന്നു. നബി ആ സ്ത്രീയോട് ചോദിച്ചു; 'ഈ വളകള്‍ക്ക് സകാത്ത് നല്‍കാറുണ്ടോ?' 'ഇല്ല' എന്നായിരുന്നു മറുപടി. അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: 'പുനരുത്ഥാനനാളില്‍ അവ കൊണ്ട് തീവളയുണ്ടാക്കി അല്ലാഹു അണിയിക്കുന്നതിഷ്ടമാണോ?' അതു കേള്‍ക്കേണ്ട താമസം, അവ നബിയെ ഏല്‍പിച്ചു  ആ സ്ത്രീ പറഞ്ഞു: ഇത് അല്ലാഹുവിനും ദൂതന്നുമാണ്'' (അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ). ബുലൂഗുല്‍ മാറാമിലെ സകാത്ത് അധ്യായത്തിലെ 20-ാം ഹദീസ്.

പ്രവാചക പത്‌നി ആഇശ(റ)യില്‍നിന്ന് നിവേദനം: മഹതി വെള്ളി വളയിട്ട് നബിസന്നിധിയില്‍ വന്നു. നബി ചോദിച്ചു: 'ഇതെന്താണ് ആഇശ!' 'ഭംഗിക്കു വേണ്ടി ഉണ്ടാക്കിയ ആഭരണമാണ്.' നബി: 'നീ ഇതിന് സകാത്ത് നല്‍കുന്നുണ്ടോ?' ആഇശ: 'ഇല്ല.' 'എന്നാല്‍ നിനക്ക് നരകത്തില്‍ പ്രവേശിക്കാനിതു മാത്രം മതി' (ഹാകിം, സുബുലുസ്സലാം-പേജ് 135). ബുഖാരി-മുസ്‌ലിമിന്റെ സ്വീകാര്യതാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയായ ഹദീസാണിത്. സ്ത്രീകള്‍ അണിയുന്ന ആഭരണങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണെന്ന് ഈ ഹദീസുകളെല്ലാം ബോധ്യപ്പെടുത്തുന്നു. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാനാണ് വിശ്വാസികളോടുള്ള കല്‍പന. എന്നിട്ടും എന്തുകൊണ്ടോ ആഭരണങ്ങള്‍ക്ക് സകാത്ത് നല്‍കാതിരിക്കാന്‍ പാടുപെടുന്നവരെ കാണുമ്പോള്‍ സഹതാപം തോന്നുന്നു.

ഹനഫീ മദ്ഹബില്‍, അണിയുന്ന 84 ഗ്രാം സ്വര്‍ണാഭരണത്തിന് സകാത്തുണ്ട്. ഇതിന്റെ രണ്ടര ശതമാനമായ 2.1/8 ഗ്രാമാണ് സകാത്തായി നല്‍കേണ്ടത്. ഇമാം ശാഫിഈക്ക് ഈ സകാത്തിന്റെ കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ട്. അദ്ദേഹം പഠിപ്പിച്ചത് 'തന്റെ വാക്കുകള്‍ നബിയുടെ വാക്കിന് വിരുദ്ധമായാല്‍ നബിയുടെ വാക്കുകള്‍ക്കനുസരിച്ച് അമല്‍ ചെയ്യണം. തന്റെ വാക്കുകള്‍ മതിലിനപ്പുറത്തേക്ക് വലിച്ചെറിയണം' എന്നാണ് (ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ, പേജ് 157).

'സ്വഹീഹായ ഹദീസുകള്‍ സ്ഥിരപ്പെട്ടാല്‍ അതാണെന്റെ മദ്ഹബ്' എന്ന് ശാഫിഈ പറഞ്ഞതായി ഇമാം നവവിയുടെ ശറഹു മുസ്‌ലിമിലും കാണാം. ഇമാം ശാഫിഈയുടെ അഭിപ്രായം മുന്‍നിര്‍ത്തി ആഭരണത്തിന് സകാത്ത് നല്‍കാതിരുന്നാല്‍ അക്കാരണത്താല്‍ പരലോകത്ത് ശിക്ഷ ഏല്‍ക്കേണ്ടിവരുമ്പോള്‍ ശാഫിഈ ഇമാമിനെ കുറ്റപ്പെടുത്താനാവില്ലല്ലോ!

സകാത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ പുതിയതല്ല. സകാത്ത്, പ്രവാചകന്റെ വിയോഗത്തോടെ അവസാനിച്ചുവെന്നും ഞങ്ങളിത് ബൈത്തുല്‍ മാലിലേക്ക് ഏല്‍പിക്കുകയില്ലെന്നും അബൂബക്ര്‍ സിദ്ദീഖിനോട് അന്ന് ചിലര്‍ പറഞ്ഞുനോക്കി. ഖലീഫ അവരോട് യുദ്ധപ്രഖ്യാപനം നടത്തുകയും ഒട്ടകത്തിന്റെ കെട്ടുകയര്‍ പോലും വിട്ടുതരില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരമൊരു ഇടപെടല്‍ ഇന്ന് അനിവാര്യമാണ്.

അണിയുന്ന ആഭരണങ്ങളുടെ സകാത്ത് മുഴുവന്‍ സ്ത്രീകളും കൃത്യമായി നല്‍കിയാല്‍ കേരളത്തില്‍ സകാത്തിന് അവകാശികളായവര്‍ക്ക് എത്ര കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. മതസ്ഥാപനങ്ങള്‍ക്കും മറ്റും സംഭാവനയായി ആവേശത്തോടെ സ്വര്‍ണം അഴിച്ചുനല്‍കാറുള്ള സ്ത്രീകള്‍, ആഭരണത്തിനും സകാത്ത് നല്‍കേണ്ടതാണെന്ന് ബോധ്യമായാല്‍ അവര്‍ അത് നല്‍കുമെന്നതില്‍ സന്ദേഹമൊന്നുമില്ല. പണ്ഡിതന്മാര്‍ ഇത് സമൂഹത്തെ പഠിപ്പിക്കാതെ മാറിനിന്നാല്‍ സകാത്ത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷ അവര്‍ ഏറ്റെടുക്കേണ്ടിവരും. ചില പണ്ഡിതന്മാര്‍ സകാത്ത് ചര്‍ച്ചയെ ലാഘവത്തോടെയാണ് കാണുന്നത്. മുസ്‌ലിംകളിലും യാചന നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണം സകാത്ത് പ്രഹസനമാക്കുന്നതാണെന്നും തിരിച്ചറിയേണ്ടതുണ്ട്.

സകാത്ത് പ്രഹസനമാക്കാതെ കൃത്യമായി നല്‍കുന്നവരുടെ സമ്പത്ത് ഇരട്ടിയാക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. നല്‍കിയാല്‍ അത്രയും കുറയുമല്ലോ എന്ന തോന്നല്‍ പൈശാചിക ദുര്‍ബോധനമാണ്. ബാധ്യതയുണ്ടണ്ടായിട്ടും സകാത്ത് നല്‍കാത്തവരുടെ അമലുകള്‍ നിഷ്ഫലമാകും. സകാത്ത് കലര്‍ന്ന ധനം അനന്തരാവകാശികള്‍ ഉപയോഗിക്കുംതോറും അതിനുള്ള ശിക്ഷ കൂടി പരലോകത്ത് അനുഭവിക്കേണ്ടണ്ടിവരും. 

എം.എ അഹ്മദ് തൃക്കരിപ്പൂര്‍

 

എന്നിട്ടുമെന്തേ ഹാഫിളുകളെ തേടിപ്പോകുന്നു!

 

കേരളത്തിലെ നിരവധി പള്ളികളില്‍ ഉത്തരേന്ത്യയില്‍നിന്നുള്ള ഹാഫിളുകളാണ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. റമദാന്‍ പ്രമാണിച്ച് ഉത്തരേന്ത്യയില്‍നിന്ന് ധാരാളം പേര്‍ കേരളത്തിലെത്തുന്നു. ഇപ്പോള്‍ ഇതൊരു ജ്വരമായി മാറിയിട്ടുണ്ടണ്ട്. ഇവരെ നിയമിക്കാന്‍ ഉത്സാഹിക്കുന്ന പള്ളി കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നവരാകട്ടെ അറബിക്കോളേജുകള്‍, ഇസ്‌ലാമിക കലാലയങ്ങള്‍ തുടങ്ങിയവയില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ചവരും പ്രദേശത്ത് ഖത്വീബുമാരും മദ്‌റസാധ്യാപകരും മറ്റുമായി സേവനമനുഷ്ഠിക്കുന്നവരും ഇസ്‌ലാമിക സംരംഭങ്ങള്‍ക്ക് സാരഥ്യം വഹിക്കുന്നവരുമായിരിക്കും! ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്രമാത്രം സജീവമായ കേരളത്തില്‍ ഇമാമത്തിന് ഇതര സംസ്ഥാനക്കാരെ ആശ്രയിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? 

നൂറുകണക്കിന് ഇസ്‌ലാമിക കലാലയങ്ങള്‍ ഇവിടെയു്. ഖുര്‍ആന്‍ കോളേജുകള്‍, ശരീഅത്ത് കോളേജുകള്‍, മത-ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിക്കുന്നതും അല്ലാത്തതും. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്ന ഹിഫഌ സ്ഥാപനങ്ങള്‍ ഇതിനു പുറമെ നിരവധി.  

ഇപ്പോള്‍ വ്യാപകമായി അല്‍ഫിത്വ്‌റ എന്ന പേരില്‍ അംഗന്‍വാടി പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഖുര്‍ആന്‍ മനഃപാഠമാക്കുന്ന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നു്. ഇവിടെ നിന്നെല്ലാം ഖുര്‍ആന്‍ മനഃപാഠമാക്കുന്നവരുമുല്ലോ. എന്നിട്ടും ഒരു ഇമാമിനെ തേടി നാം ഇതര സംസ്ഥാനങ്ങളിലെത്തുന്നു. 

മാത്രമല്ല, ബഹുസ്വര സമൂഹത്തില്‍നിന്ന് ഇളംപ്രായത്തില്‍തന്നെ കുട്ടികളെ അടര്‍ത്തിമാറ്റുന്ന അല്‍ ഫിത്വ്‌റ പോലുള്ളവ ഭാവിയില്‍ ഒരു പ്രബോധക വിഭാഗമായി വര്‍ത്തിക്കാന്‍ സമൂഹത്തെ സഹായിക്കുമോ എന്ന കാര്യം ആശങ്കാജനകമാണ്. ഇവിടത്തെ അധ്യാപകര്‍ക്ക് കേവലം രണ്ട് മാസത്തെ പരിശീലനം മാത്രമാണ് ലഭിക്കുന്നത്. അറബി പ്രഥമ വിഷയമായെടുത്തവരോ, വിദ്യാഭ്യാസം ഇടക്കു വെച്ച് നിര്‍ത്തിയവരോ ആണ് ഇപ്രകാരം രണ്ട് മാസം കൊ്  ചുട്ടെടുക്കുന്ന ട്രെയ്‌നിംഗിലൂടെ വിദേശ ശൈലിയിലും സിലബസ്സിലും മികച്ച സേവനം ചെയ്യുമെന്ന് ഓഫര്‍ ചെയ്യുന്നത്!

ഇത്തരം വിദ്യാഭ്യാസ സംരംഭങ്ങള്‍ ദീനിന് എത്രകണ്ട് ഗുണം ചെയ്യുമെന്ന പഠനം അനിവാര്യമാണ്. മാത്രമല്ല ഇത്തരം സ്ഥാപനങ്ങള്‍ പണക്കൊഴുപ്പിന്റെ പ്രകടനാത്മകത കൂടിയാണ് സമ്മാനിക്കുന്നത്. മാതൃസ്‌നേഹത്തിന്റെ ചൂടു ലഭിച്ച് വളരേണ്ട ഇളംപ്രായത്തില്‍ അമിതഭാരം കെട്ടിയേല്‍പ്പിക്കുന്നത് എന്തിനാണ്? ഹൃദിസ്ഥമാക്കാനുള്ള കുട്ടിയുടെ കഴിവ് പരിശോധിക്കാതെ അവരെ മനഃപാഠമാക്കാന്‍ നിര്‍ബന്ധിക്കുന്ന രീതിയാണ് ഇത്തരം സ്ഥാപനങ്ങളില്‍ അനുവര്‍ത്തിക്കുന്നത്. ഇമാമിനെ കിട്ടാത്ത പ്രയാസത്തിനുള്ള പരിഹാരമായിട്ടാണോ കേരള മുസ്‌ലിം സമൂഹം അല്‍ഫിത്വ്‌റയെ കുറിച്ച് ചിന്തിച്ചത്?!

ഏതൊരാള്‍ക്കും ഖുര്‍ആന്‍ പഠിക്കാവുന്ന വേദികളാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്. കര്‍ഷകര്‍, വ്യാപാരികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഖുര്‍ആന്‍ പഠന വേദികളാണ് നാം ലക്ഷ്യം വെക്കേണ്ടത്.

മഹല്ലുകളും സംഘടനകളും ഇത്തരം ഖുര്‍ആന്‍ പഠന വേദികള്‍ ആരംഭിക്കണം. ഖുര്‍ആന്‍ പഠിക്കുന്നവര്‍ എപ്പോഴും ബഹുസ്വര സമൂഹത്തില്‍ ഇടപഴകുന്നവരായിരിക്കണം. മദ്‌റസകളും പള്ളിദര്‍സുകളും ഇസ്‌ലാമിക കലാലയങ്ങളും ഇതിന് അവസരമുണ്ടാക്കണം. അല്ലാത്തപക്ഷം ബഹുസ്വര സമൂഹത്തിലെ പ്രബോധന ദൗത്യ നിര്‍വഹണം ഏറെ പ്രയാസകരമാകും. പ്രബോധകന്റെ ഭാഷ, ശൈലി, അനുഭവം എന്നിവ വികസിക്കണമെങ്കില്‍ ബഹുസ്വര സാന്നിധ്യം ആവശ്യമാണ്.

ഭൗതികതയുടെയും ആത്മീയതയുടെയും സമന്വയമാണ് ഖുര്‍ആന്‍. ഈ ലക്ഷ്യം പ്രയോഗവത്കരിക്കാന്‍ നമ്മുടെ കലാലയങ്ങള്‍ പോലും പ്രയാസപ്പെടുന്നതായാണ് കാണുന്നത്. മസ്ജിദ് ഇമാം എന്നത് ഒരു പ്രഫഷനല്‍ പോസ്റ്റാവരുത്. പിന്നില്‍ നില്‍ക്കുന്നവര്‍ക്കും ഈ ചുമതല നിര്‍വഹിക്കാന്‍ കഴിയേണ്ടതുണ്ട്. അത്തരം രീതിയിലുള്ള ചുമതലാ വിഭജനമാണ് ഇസ്‌ലാമിക സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടത്. 

കബീര്‍ നിലപ്പാറ

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍