Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

അഭയാര്‍ഥികളുടെ ചരിത്രവും രാഷ്ട്രീയവും

ബശീര്‍ ബേക്കലം

പലായനങ്ങള്‍ക്ക് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. സ്വദേശത്തു നിന്നും വിവിധ കാരണങ്ങളാല്‍ വിദൂര ദേശങ്ങളിലേക്ക് അഭയം തേടി നടത്തുന്ന യാത്രകള്‍ ഒരുതരം വേദനിപ്പിക്കുന്ന പറിച്ചെറിയലുകളാണ്. ഇന്നത്തെ പോലെ കാല്‍പ്പനിക ദേശീയതയും സാങ്കല്‍പ്പിക അതിര്‍ത്തികളും നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത കാലത്ത് വിദൂര ദിക്കുകളില്‍ അഭയം തേടേണ്ടിവന്നിരുന്നില്ല. എങ്കില്‍ പോലും പറിച്ചുനടല്‍ എന്ന പ്രക്രിയ അന്നും വേദനാജനകം തന്നെയായിരുന്നു. ദുര്‍ഘടങ്ങളായ വഴികളും വഴികളിലെ നാനാ തരം അപകടങ്ങളും വിഭവങ്ങളുടെ അഭാവവും സഞ്ചാര പഥങ്ങളെ മരണത്തിന്റെ വഴികളാക്കി. ഇന്നും അത് തുടരുന്നു. പലായനങ്ങള്‍ക്കുള്ള അനേകം കാരണങ്ങള്‍ അതിന്റെ  നിര്‍വചനത്തില്‍ തന്നെ കണ്ടെത്താമെങ്കിലും അടിസ്ഥാന കാരണം മനുഷ്യത്വരഹിതമായ അധികാര ദുര്‍വിനിയോഗം തന്നെയാണ്.

അഭയാര്‍ഥി എന്ന വാക്കിന് ഐക്യരാഷ്ട്ര സഭ നല്‍കുന്ന നിര്‍വചനത്തില്‍നിന്ന് അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.  മനുഷ്യന്‍, പിറന്ന നാടും സര്‍വസ്വവും ത്യജിച്ച് പലായനം ചെയ്യേണ്ടി വരുന്ന ദയനീയ സാഹചര്യങ്ങളിലേക്ക് അത് വിരല്‍ ചൂണ്ടുന്നു. നിയമത്തിന്റെ ഭാഷയില്‍ കേവലം മനുഷ്യാവകാശ ലംഘനം എന്ന അര്‍ഥം തേഞ്ഞുപോയ  വാക്കാണെങ്കിലും പലായനം എന്ന നിവൃത്തികേടിന്റെ വേദനയും പ്രത്യാഘാതങ്ങളും തലമുറകള്‍ നീണ്ടുപോവുന്നു.

ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്ന ആദ്യത്തെ കൂട്ട പലായനം ഫറോവയുടെ പീഡനത്തില്‍നിന്ന് രക്ഷ തേടി ഇസ്രാഈല്‍ വംശജര്‍ പ്രവാചകന്‍ മൂസ(അ)യുടെ നേതൃത്വത്തില്‍ സീനായിലേക്ക്  നടത്തിയ പലായനം തന്നെയാണ്. ഈ പലായനത്തില്‍നിന്നുതന്നെ, അന്ധമായ ദേശീയതയും മനുഷ്യത്വ രഹിതമായ അധികാരവും എങ്ങനെ അഭയാര്‍ഥികളെ സൃഷ്ടിക്കുന്നു എന്ന് കാണാവുന്നതാണ്. അധികാരം കൈയാളിയിരുന്ന  ഖിബ്ത്വികള്‍ ദേശീയതയുടെ കുത്തകാവകാശികളായി സ്വയം കരുതുകയും ഇസ്രാഈല്‍ വംശജരെ അടിമകളായും രണ്ടാം തരം പൗരന്മാരായും കാണുകയുമായിരുന്നു. അതനുസരിച്ചുള്ള വിവേചനങ്ങളില്‍നിന്നും പീഡകളില്‍നിന്നുമുള്ള മോചനമായിരുന്നു പലായനത്തിന്റെ ലക്ഷ്യം. ശേഷം വന്ന പ്രവാചകന്മാര്‍ക്കും അനുചരന്മാര്‍ക്കും വിശ്വാസപരമായ കാരണങ്ങളാല്‍ സമീപസ്ഥവും വിദൂരങ്ങളുമായ ദേശങ്ങളിലേക്കും പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. പ്രവാചകന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡനങ്ങള്‍ക്കും വധശിക്ഷക്കും വിധേയരായി. 

മതവിദ്വേഷം കൊണ്ട് മാത്രം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പൗരന്മാരെ അഭയാര്‍ഥികളാക്കിയ ചരിത്രമാണ് സ്‌പെയിനിന് പറയാനുള്ളത്. അഭയാര്‍ഥികള്‍ക്ക് ഇസ്‌ലാം വകവെച്ചുകൊടുത്ത അവകാശങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ സ്‌പെയിനിന്റെ ഇസ്‌ലാമിക കാലഘട്ടത്തിന്റെ തുടക്കത്തിലും അവസാനത്തിലും കാണാവുന്നതാണ്. തുടക്കത്തില്‍ ജൂതരും ക്രൈസ്തവരുമായ സ്വദേശികളെ അഭയാര്‍ഥികളാക്കാതെ സ്‌പെയിനില്‍ തന്നെ സംരക്ഷിച്ചപ്പോള്‍, ഒടുവില്‍ കത്തോലിക്കാ പീഡനങ്ങളില്‍നിന്നും നിര്‍ബന്ധ മതപരിവര്‍ത്തനങ്ങളില്‍നിന്നും അഭയം തേടിയ ക്രൈസ്തവരെയും ജൂതന്മാരെയും ഉത്തരാഫ്രിക്കന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍  സ്വാഗതം ചെയ്യുകയായിരുന്നു.

പോപ്പ് ദൈവത്തിന്റെ പ്രതിനിധിയായി രാജാവിനെ വാഴിക്കുകയും, രാജാവ്  പോപ്പിന്റെ ഇംഗിതം നോക്കി ഭരിക്കുകയും അങ്ങനെ പോപ്പിനെയും ചര്‍ച്ചിനെയും സംരക്ഷിക്കുകയും ചെയ്യുക എന്നതായിരന്നു പതിവ്. അഞ്ചാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യം ക്ഷയിച്ചതോടെ വിസിഗോത്ത് എന്ന ജര്‍മന്‍ ഗോത്രക്കാര്‍ സ്‌പെയിന്‍ കീഴടക്കി. ഇവരുടെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതായ ക്രൈസ്തവര്‍, അപ്പോഴേക്കും ശക്തിയാര്‍ജിച്ചിരുന്ന മുസ്‌ലിംകളുടെ സഹായം തേടി. ക്രി. 711-ല്‍ (വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതിന്റെ നൂറാം വാര്‍ഷികത്തില്‍)  ക്രൈസ്തവ നേതാവ് ജൂലിയന്‍, അന്നത്തെ ഉത്തരാഫ്രിക്കന്‍ ഖലീഫയായ മൂസബ്‌നു നുസൈറിനെ സമീപിച്ച് സഹായം അഭ്യര്‍ഥിച്ചു. മൂസ  ഏഴായിരം പേരടങ്ങുന്ന ഒരു സൈന്യത്തെ താരിഖുബ്‌നു  സിയാദിന്റെ നേതൃത്വത്തില്‍  സ്‌പെയിനിലേക്ക് അയച്ചു. മുസ്‌ലിം സൈന്യം കരയിലിറങ്ങിയ സ്ഥലം ജബല്‍ ത്വാരിഖ് (Gibraltar) എന്നറിയപ്പെടുന്നു. വിസിഗോത്ത് സൈന്യത്തോട്   മാത്രമേ മുസ്‌ലിം െൈസന്യത്തിന് ഏറ്റുമുട്ടേണ്ടിവന്നുള്ളൂ. അവരെ മുസ്‌ലിം  സൈന്യം  അനായാസം കീഴടക്കി. ക്ഷണിച്ചുകൊണ്ടു വന്നതായതുകൊണ്ട് മറ്റുള്ളവര്‍ ഉദാരമായ വ്യവസ്ഥകളോടെ ഇസ്‌ലാമിക ഭരണത്തിന് വഴങ്ങി. 

കീഴടങ്ങിയ ഇതര മതസ്ഥരെ, അതുവരെ അടിമകളായിരുന്ന ജൂതര്‍ ഉള്‍പ്പെടെ, ചേരികളിലേക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കോ തള്ളിവിടാത്ത ഭരണൂടം അവരെ അടിമകളാക്കിയില്ല. അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയില്ല. മതപരിവര്‍ത്തനം ചെയ്തില്ല. ജോലിയില്‍ വിവേചനം കാണിച്ചില്ല. ഇഷ്ടമുള്ള ജോലി ചെയ്യാന്‍ അനുവദിച്ചു. ബാങ്കിംഗ്, സ്വര്‍ണ-വെള്ളി വ്യാപാരം അവരുടേതു മാത്രം. അവര്‍ക്ക് സിവില്‍, മിലിറ്ററി സര്‍വീസുകളിലും വിലക്കുകളില്ല. ഭരണാധികാരികളുടെ സുരക്ഷാ സേനയുടെ തലപ്പത്തു പോലും  അവര്‍. അവര്‍ സ്വമേധയാ ഭരിക്കുന്നവരുടെ വസ്ത്രധാരണ രീതിയും സംസ്‌കാരവും ഭാഷയും   സ്വീകരിച്ചു.  ഇസ്‌ലാം വ്യവസ്ഥ ചെയ്തത് അതുപോലെ പാലിച്ചതിനാല്‍ സംഘര്‍ഷരഹിതമായ ഒരു സമൂഹം ഉണ്ടാവുകയും ആ അന്തരീക്ഷം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയുമാണുണ്ടായത്. ഇതും പ്രവാചകന്റെ മാതൃക മുന്‍നിര്‍ത്തിയാണ് വിശ്വാസികള്‍ നടപ്പില്‍ വരുത്തിയത്.  

വിദ്യാഭ്യാസം എന്നത് പുരോഹിതന്മാര്‍ക്കുള്ള പരിശീലനം മാത്രമായിരുന്ന, പുരോഹിതരല്ലാത്തവര്‍ വേദ ഗ്രന്ഥങ്ങള്‍ വായിക്കരുതെന്ന് ശഠിച്ചിരുന്ന യൂറോപ്പില്‍, സര്‍വകലാശാലകളും വായനശാലകളും സ്ഥാപിക്കുക വഴി അവര്‍ സാംസ്‌കാരിക വിപ്ലവത്തിനു തന്നെ ചുക്കാന്‍ പിടിക്കുകയായിരുന്നു. കോളനി സ്ഥാപിച്ച് ചൂഷണം ചെയ്യുന്നതിനു പകരം സ്‌പെയിനിന്റെ ചരിത്രത്തിലെ ഏക സുവര്‍ണ കാലം സമ്മാനിക്കുകയായിരുന്നു ഇസ്‌ലാമിക ഭരണകൂടം. ഇസ്‌ലാമിക വാസ്തു ശില്‍പകലയുടെ സാക്ഷിയായി  784-ല്‍ തുടങ്ങി 203 വര്‍ഷം കൊ് 987-ല്‍  പണി പൂര്‍ത്തിയായ ലാ മെസ്‌ക്വൂറ്റ (The Mosque)  എന്ന മസ്ജിദ് ഇന്നും പ്രശോഭിക്കുന്നു.    

കൂടാതെ സമൂഹനന്മക്കും രാഷ്ട്ര പുരോഗതിക്കുമായി വിവേചനരഹിതമായി സര്‍വ  മതസ്ഥരെയും സഹകരിപ്പിച്ചു. മുസ്‌ലിം സ്‌പെയിനിന്റെ സാംസ്‌കാരിക നായകത്വം പിന്നീട് യൂറോപ്പിന് മാതൃകയാവുകയും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് മുന്നോടിയാവുകയും ചെയ്തു.  ഈ സംസ്‌കാരത്തിന്റെ ബഹിര്‍സ്ഫുരണം യൂറോപ്പിനെ ഒരളവോളം സംസ്‌കൃതരാക്കി (ബി.ബി.സി റിലീജ്യന്‍/ഇസ്‌ലാം). യൂറോപ്പിന് അന്യമായിരുന്ന ഒരു സംസ്‌കൃതി, ഒരു യൂറോപ്യന്‍ രാജ്യത്തെ പൂര്‍ണമായും കീഴടക്കിയപ്പോള്‍, അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെട്ടില്ല എന്നത് ഇസ്‌ലാമിന്റെ മനുഷ്യാവകാശ സംഹിതകളുടെ സവിശേഷതയായി നിലകൊള്ളുന്നു. ഇത് ഇസ്‌ലാം കീഴടക്കിയ മറ്റു ഭൂപ്രദേശങ്ങളിലും ആവര്‍ത്തിക്കുകയായിരുന്നു.

എന്നാല്‍, ഇസ്‌ലാമിക ഭരണം അവസാനിപ്പിച്ച് കത്തോലിക്കര്‍ സ്‌പെയിന്‍ കീഴടക്കിയപ്പോള്‍ അരങ്ങേറിയത് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പ്രതികാര നടപപടികളും ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹവുമായിരുന്നു. 1031-ല്‍ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടു മൂലം ഏകീകൃത സ്‌പെയിനിന് പകരം മുലൂകുത്ത്വവാഇഫ് എന്ന് വിളിക്കപ്പെടുന്ന അനേകം ചെറു ഭരണകൂടങ്ങളായി വേര്‍പിരിഞ്ഞെങ്കിലും, കലാ-സാംസ്‌കാരിക രംഗങ്ങളിലെ വളര്‍ച്ച ഇരട്ടിക്കുകയായിരുന്നു. ഓരോ ഭരണാധികാരിയും ഇക്കാര്യത്തിലും മത്സരിച്ചു.  വിഭാഗീയത മൂലം  ശക്തി കുറഞ്ഞതോടെ പുറത്തുനിന്നുള്ള ശത്രുക്കള്‍ക്ക് അകത്തുള്ള ഒറ്റുകാരുമായി ചേര്‍ന്ന് ക്രമേണ ഓരോ ഭാഗങ്ങളും കീഴടക്കാനായി.

1212-ല്‍ സ്‌പെയിനിലെ ഗ്രനഡ മാത്രമായിരുന്നു മുസ്‌ലിംകളുടെ അധീനതയില്‍. 300 വര്‍ഷങ്ങളോളം അവര്‍ക്ക് അത് നിലനിര്‍ത്താനായെങ്കിലും, 1491-ല്‍ ഫെര്‍ഡിനന്റും ഇസബെല്ലയും സൈന്യവുമായി നഗരവാതില്‍ക്കല്‍ എത്തിയപ്പോള്‍ ഭീരുവായ മുഹമ്മദ് അബൂ അബ്ദുല്ലയായിരുന്നു ഭരണത്തില്‍. സുരക്ഷിതമായി സ്‌പെയിനിന് പുറത്തുപോകാന്‍ സഹായിക്കാമെങ്കില്‍ താന്‍ നഗരം വിട്ടുതരാമെന്ന് അദ്ദേഹം ആക്രമണകാരികള്‍ക്ക് ദൂതര്‍ വഴി ഉറപ്പുനല്‍കിയതുകൊണ്ട് യുദ്ധം ചെയ്യാതെ തന്നെ കത്തോലിക്കര്‍ക്ക് നഗരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു (02/01/1492). ഇതോടെ സ്‌പെയിനിന്റെ ചരിത്രത്തിലെ ഏക സുവര്‍ണ കാലഘട്ടം സമ്മാനിച്ചു, ഇസ്‌ലാമിക ഭരണവും അവസാനിച്ചു. അതോടൊപ്പം ഇസ്‌ലാമിക ചരിത്രത്തിലെ ഒരു കാലഘട്ടവും. ലാ മെസ്‌ക്വീറ്റ ഒരു കത്തീഡ്രലായി ഇന്നും നിലനില്‍ക്കുന്നു.  

1492-ല്‍ തന്നെ ജൂതര്‍ക്കും 1501-ല്‍ മുസ്‌ലിംകള്‍ക്കും മതപരിവര്‍ത്തനം ചെയ്യുക അല്ലെങ്കില്‍ രാജ്യം വിടുക എന്ന് കത്തോലിക്കാ ഭരണകൂടം  അന്ത്യശാസനം നല്‍കി. ചില സ്പാനിഷ് വംശജര്‍ മതം മാറിയെങ്കിലും മറ്റുള്ളവര്‍ അടുത്തുള്ള മുസ്‌ലിം രാജ്യങ്ങളിലേക്കും ചിലര്‍ കത്തോലിക്കാ രാജ്യമായ പോര്‍ച്ചുഗലിലേക്കും പലായനം ചെയ്തു. പുറത്തുപോകുന്നവര്‍ക്ക് ഉടുവസ്ത്രമല്ലാതെ മറ്റൊന്നും കൊണ്ടുപോവാനുള്ള അനുവാദമുണ്ടായിരുന്നില്ല. 1536-ല്‍   പോര്‍ച്ചുഗലിലും ഇന്‍ക്വിസിഷന്‍  തുടങ്ങിയപ്പോള്‍ ജൂതര്‍ സ്‌പെയിനിലേക്ക്  തന്നെ തിരിച്ചുവന്നു. പിന്നെ തെളിവായി മറ്റൊന്നും വേണ്ടിവന്നില്ല. എന്തും ഏതും, അറബി ഭാഷ ഉപയോഗിക്കുന്നത് ഉള്‍പ്പെടെ, മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു. ജൂതരും മുസ്‌ലിംകളും മതം മാറിയതിന് ശേഷവും ഭക്ഷണത്തിലും മരണാനന്തര ചടങ്ങുകളിലും അവരുടെ മുന്‍ ആചാരങ്ങള്‍ തുടരുന്നതും മതനിന്ദയായി. അവരുടെ വിശ്വാസത്തിലും ഭക്തിയിലും ഭരണകൂടത്തിന് സംശയമുള്ളത് മാത്രമായിരുന്നു കാരണം. വിചാരണ പ്രഹസനമായി. വസ്തുവകകള്‍ കണ്ടു കെട്ടി. എട്ടു ലക്ഷം പേര്‍ വരെ വധശിക്ഷക്ക് വിധേയരായതായി പല ചരിത്രകാരന്മാരും പറയുന്നു. 

9/4/1609-ല്‍ സ്പാനിഷുകാരും അല്ലാത്തവരുമായ മതപരിവര്‍ത്തനം ചെയ്ത് ക്രൈസ്തവരായവരോട് രാജ്യം വിടാന്‍ സ്‌പെയിനിലെ കത്തോലിക്കാ ഭരണകൂടം കല്‍പ്പിച്ചു. ഇറ്റലിയില്‍നിന്നും മറ്റു കത്തോലിക്കാ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്ത സൈന്യത്തെ വിന്യസിച്ച ശേഷമായിരുന്നു ഉത്തരവ് ഇറക്കിയത്. കോളനികളില്‍നിന്ന് തിരിച്ചടി നേരിട്ടതിനാലും നിലവിലുണ്ടായിരുന്ന ഇസ്‌ലാമിക  സമ്പദ്‌വ്യവസ്ഥ അട്ടിമറിക്കപ്പെട്ടതു മൂലവും ഉായ സാമ്പത്തികമാന്ദ്യം മറികടക്കുകയായിരുന്നു ലക്ഷ്യം.  1500-ലെ അന്ത്യശാസനമനുസരിച്ച് ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരൊന്നും 1609-ല്‍ ജീവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്. അവരുടെ തലമുറകള്‍ക്ക് ശേഷമുള്ള ക്രൈസ്തവരായ, സ്പാനിഷ് വംശജരായ പിന്‍ഗാമികളോടാണ് രാജ്യം വിടാന്‍ കല്‍പിക്കപ്പെട്ടത്. ആദ്യം ജൂതര്‍ക്കും പിന്നീട് മുസ്‌ലിംകള്‍ക്കും മതപരിവര്‍ത്തനം അല്ലെങ്കില്‍ പലായനം എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയപ്പോള്‍ ഒരു നൂറ്റാണ്ടിനു മുമ്പ് ക്രിസ്തുമതത്തിലേക്ക് വന്ന സ്പാനിഷ് വംശജരുടെ പിന്മുറക്കാര്‍ക്ക്  1609-ല്‍  രാജ്യം വിടാനുള്ള അന്ത്യശാസനമാണ് നല്‍കിയത്. 

കടുത്ത ഉപാധികളോടെയായിരുന്നു രാജ്യം വിടാനുള്ള കല്‍പന. സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍ മുതലായ വില പിടിപ്പുള്ളതൊഴികെ   കൈയില്‍ കൊണ്ട് പോകാവുന്നത് മാത്രം  കൊണ്ടുപോകാം. ഭാണ്ഡങ്ങള്‍ അനുവദിക്കില്ല. വിട്ടുപോകുന്നതെല്ലാം സര്‍ക്കാര്‍ കണ്ടുകെട്ടും. വിലപിടിപ്പുള്ളതും നിരോധിക്കപ്പെട്ടിട്ടുള്ളതും കൊണ്ടുപോകാന്‍ ശ്രമിച്ചാലും, ഉപേക്ഷിച്ച് പോകുന്നതിലെന്തെങ്കിലും നശിപ്പിക്കാന്‍ ശ്രമിച്ചാലും വധശിക്ഷ. മൂന്ന് ലക്ഷം പേര്‍ക്ക് ഇവ്വിധം പലായനം ചെയ്യേണ്ടിവന്നു. കപ്പല്‍ കാത്ത് തുറമുഖങ്ങളില്‍ കെട്ടിക്കിടന്നവര്‍ പട്ടിണി മൂലം മരിച്ചുവീണു. ജനസംഖ്യയിലും അതനുസരിച്ച് ഉല്‍പ്പാദന മേഖലയിലും തൊഴില്‍ മേഖലയിലും തിരിച്ചടി നേരിടുമെന്ന് മനസ്സിലാക്കിയ അധികാരികള്‍ അഭയാര്‍ഥികളുടെ പട്ടിണി മുതലെടുത്തു. റൊട്ടിക്ക് പകരം കുട്ടികളെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. യാത്രാ ദുരിതത്തിലും മറ്റു കാരണങ്ങളാലും അനേകര്‍ മരിച്ചു. കരമാര്‍ഗം പോയവര്‍ ദാഹജലം വാങ്ങിയതിനു പോലും അടിമകളാക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും ചൂഷണങ്ങള്‍ക്ക് വിധേയരായി. ഫ്രാന്‍സ് ഉള്‍പ്പെടെ പല രാജ്യങ്ങളും അതിര്‍ത്തിയില്‍ തടഞ്ഞു. എന്നാല്‍ കടല്‍മാര്‍ഗം യാത്രചെയ്ത്,  കപ്പല്‍ഛേദവും കടല്‍ കൊള്ളക്കാരെയും അതിജീവിച്ചവര്‍ക്ക്  അഭയം നല്‍കിയത്  ഉത്തരാഫ്രിക്കന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ മാത്രം. അവര്‍ ഇസ്‌ലാമിക ആജ്ഞകള്‍ക്ക് അനുസൃതമായി അഭയാര്‍ഥികളെ സ്വീകരിക്കുകയും മുന്‍ മാതൃക അനുസരിച്ച് സംരക്ഷിക്കുകയും സൈന്യത്തിലും മറ്റുമായി ജോലി നല്‍കുകയും ചെയ്തു. 

സമകാലികമായി മറ്റൊരു അഭയാര്‍ഥിപ്രവാഹം ഒട്ടു മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അരങ്ങേറുകയായിരുന്നു.   കത്തോലിക്കര്‍ വിവിധ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളെ ഇന്‍ക്വിസിഷന് വിധേയമാക്കിയപ്പോഴായിരുന്നു ഇത്. 

13-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, മൂന്ന് നൂറ്റാണ്ട് നീണ്ട, കുരിശു യുദ്ധത്തിന്റെ  ലക്ഷ്യം നേടാനാവാതെ പരാജയപ്പെട്ട, എന്നാല്‍ പോപ്പടക്കം സാമ്പത്തിക  നേട്ടമുണ്ടാക്കിയ സംഭവങ്ങളെ അവലോകനം ചെയ്ത പോപ്പ് ഇന്നസെന്റ് രണ്ട് അനുമാനങ്ങളില്‍ എത്തിച്ചേര്‍ന്നു. ഒന്ന്, മുസ്‌ലിംകള്‍ക്കെതിരായ യുദ്ധം കൊണ്ട് സാമ്പത്തിക- സാമൂഹിക-രാഷ്ട്രീയ-സൈനിക നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ കുരിശുയുദ്ധങ്ങള്‍ പരാജയപ്പെട്ടത് രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയമെന്ന് വിലയിരുത്തിയ പോപ്പ് ഇന്നസെന്റ് മൂന്നാമന്‍, മുന്‍ അബദ്ധങ്ങളൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ആസൂത്രണത്തിനും സംഘാടനത്തിനും നേരിട്ട് നേതൃത്വം നല്‍കി അഞ്ചാം കുരിശു യുദ്ധ(1217-1221)ത്തിന് തുടക്കമിട്ടു. സാമ്രാജ്യങ്ങളുടെയും വിവിധ രാജ്യങ്ങളുടെയും പ്രഭുക്കളുടെയും സൈന്യങ്ങളടങ്ങുന്ന 19 അംഗ സഖ്യകക്ഷി ആയിരുന്നിട്ടും, പ്രതിരോധിക്കാന്‍  ഈജിപ്തിന്റെ സുല്‍ത്താന്‍ അല്‍ കാമില്‍ അയ്യൂബി മാത്രമായിരുന്നിട്ടും യുദ്ധം പോലും ചെയ്യാനാവാതെ സുല്‍ത്താന് മുമ്പില്‍ അവര്‍ കീഴടങ്ങുകയായിരുന്നു. മുസ്‌ലിംകളെയും ജറൂസലമിനെയും ലക്ഷ്യമിട്ട് പുറപ്പെട്ട കുരിശു യോദ്ധാക്കള്‍  നാലാം കുരിശു യുദ്ധത്തില്‍ (1203-ല്‍), കത്തോലിക്കാ രാജ്യമായ ഹംഗറിയിലെ സറ നഗരവും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് നഗരമായ കോണ്‍സ്റ്റാന്റിനോപ്പഌം കൊള്ളയടിച്ച് ഏഷ്യയിലേക്ക് കടക്കുക പോലും ചെയ്യാതെ തിരിച്ചുപോവുകയാണുായത്.   കുരിശു യുദ്ധം   സഹ ക്രൈസ്തവര്‍ക്കെതിരെ തിരിച്ചുവിടുന്നതാണ് സാമ്പത്തികമായി കൂടുതല്‍ പ്രയോജനപ്പെടുക എന്നവര്‍ തിരിച്ചറിയുകയായിരുന്നു! 

പിന്നീട് നടന്നത് വില്‍ ഡ്യൂറാന്റ്  ഇപ്രകാരം സംഗ്രഹിക്കുന്നു: ''ക്രൈസ്തവനായ ഒരു ചരിത്രകാരന് അനുവദനീയമായ സ്വാതന്ത്ര്യത്തിന്റെ ചട്ടക്കൂടില്‍നിന്ന് പറഞ്ഞാല്‍ അറിയപ്പെടുന്ന ഏത് യുദ്ധത്തേക്കാളും പീഡനങ്ങളേക്കാളും,  ഒരു മൃഗത്തിലും കാണാത്ത ക്രൂരതയും നിര്‍ദയത്വവും അനാവരണം ചെയ്യുന്ന ഏറ്റവും കറുത്ത അധ്യായമാണ് മനുഷ്യചരിത്രത്തില്‍ ഇന്‍ക്വിസിഷന്‍  എഴുതിച്ചേര്‍ത്തിട്ടുള്ളത്''(ഠവല അഴല ീള എമശവേ, ുമഴല 784).

ചര്‍ച്ച് ദൈവത്തിന്റെ പ്രതിനിധികളായി രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും വാഴിക്കുക, അവര്‍ ചര്‍ച്ചിനെ സംരക്ഷിക്കുക എന്ന പരസ്പരപൂരകമായ നടപടിക്രമമായിരുന്നു മധ്യ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നത്. രണ്ടിന്റെയും അതിരുകള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ ഒന്നിനെതിരായ നീക്കങ്ങള്‍ രണ്ടിനെയും പ്രകോപിപ്പിക്കും. രണ്ടിന്റെയും വേര്‍പിരിയാന്‍ പറ്റാത്ത ബന്ധത്തിലെ സന്തതിയായിരുന്നു ഇന്‍ക്വിസിഷന്‍. ബഹുദൈവ വിശ്വാസികളായിരുന്ന റോമന്‍ ചക്രവര്‍ത്തിമാര്‍ രാജ്യദ്രോഹം മതനിന്ദയാണ്; മതനിന്ദ രാജ്യദ്രോഹമാണ് എന്ന വിചിത്ര സമീകരണമാണ് ക്രൈസ്തവരെ വേട്ടയാടാന്‍  ഉപയോഗിച്ചത്. സാമ്രാജ്യം ക്രൈസ്തവമായി പരിവര്‍ത്തനം ചെയ്തപ്പോള്‍,  ചര്‍ച്ച് തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്തവര്‍ക്കെതിരെ പ്രയോഗിച്ചത് ഇതേ നിയമം.  ജസ്റ്റീനിയന്‍ ചക്രവര്‍ത്തി (483-565) ഇത് നിയമാവലിയില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. 

ഇതില്‍ ഏതൊന്നിനെതിരെ പ്രതികരിച്ചാലും അത് മത നിന്ദയായി വ്യാഖ്യാനിക്കപ്പെടും. കുരിശുയുദ്ധത്തിലെ പരാജയം  പോപ്പിന്റെ ദൈവിക പ്രാതിനിധ്യവും അപ്രമാദിത്വവും ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കി. ആഡംബര ജീവിത ശൈലിയും അതിനു വേണ്ടി ചൂഷണം ചെയ്യപ്പെടുന്നതും വിശാസികളെ പ്രകോപിതരാക്കി. അവരുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ കൂടി ആയിരുന്നു ഇന്‍ക്വിസിഷന്‍.  ശാസ്ത്രമാണെങ്കിലും ചര്‍ച്ചിന്റെ നിലപാടിനെതിരാണെങ്കില്‍ മതനിന്ദയുടെ പേരില്‍ വിചാരണ ചെയ്യപ്പെടും. ഗലീലിയോ ഗലീലിക്ക് തടവില്‍ കിടന്ന് മരിക്കേണ്ടിവന്നത് ഭൂമി കറങ്ങുന്നുന്നെും അത് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നുന്നെും പറഞ്ഞതിനാലാണ്. മതനിന്ദ ആരോപിക്കപ്പെട്ട പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. തടവു ശിക്ഷ ലഭിച്ചവര്‍, ഭക്ഷണം, തടവറയുടെ വാടക, കാവല്‍ക്കാരുടെ ശമ്പളം എന്നിവ സ്വയം വഹിക്കണം. രക്ഷപ്പെട്ടവരെ തെരഞ്ഞുപിടിക്കാന്‍ പ്രത്യേക സേന. ചര്‍ച്ചിനെയോ പുരോഹിതരെയോ വിമര്‍ശിക്കുന്നതു പോലും മതനിന്ദയായി. വിചാരണ എന്ന പ്രഹസനത്തിനൊടുവില്‍ പ്രതികളുടെ മുഴുവന്‍ വസ്തുവകകളും കണ്ടുകെട്ടും. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി നിരപരാധികളായ സമ്പന്നരെ ആരോപണമൊന്നുമില്ലാതെ തന്നെ വിചാരണ ചെയ്തു. പീഡനങ്ങളില്‍നിന്ന് രക്ഷതേടി പ്രൊട്ടസ്റ്റന്റ് ശക്തികേന്ദ്രങ്ങളിലേക്ക് അഭയാര്‍ഥികള്‍ പ്രവഹിച്ചു. ദുരന്തങ്ങളും ദുര്യോഗങ്ങളും ആവര്‍ത്തിക്കപ്പെട്ടു. ജീവിത സാഹചര്യങ്ങള്‍ പ്ലേഗ്, കോളറ പോലുള്ള സാംക്രമിക രോഗങ്ങള്‍ പരത്തി. പുറമെ ചൂഷണങ്ങളും അതിക്രമങ്ങളും. ഇത് ഇറ്റലിയില്‍ അരങ്ങേറിയത്. 

മറ്റു കത്തോലിക്കാ രാഷ്ട്രങ്ങളും ഇന്‍ക്വിസിഷന്‍ നടപ്പാക്കി. അതില്‍ ഏറ്റവും ക്രൂരവും വ്യാപകവുമായത് സ്പാനിഷ് ഇന്‍ക്വിസിഷന്‍ തന്നെയാണ്. പോര്‍ച്ചുഗീസുകാര്‍ ഗോവ ഉള്‍പ്പെടെയുള്ള കോളനികളിലും ഇന്‍ക്വിസിഷന്‍ നടപ്പിലാക്കിയപ്പോള്‍ പ്രൊട്ടസ്റ്റന്റുകാര്‍ക്കു പുറമെ അന്യമതസ്ഥര്‍ക്കും വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ വിധിച്ചു.

ലൂയി പതിനാലാമന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിനെതിരെ തിരിഞ്ഞപ്പോള്‍ രണ്ടു ലക്ഷം പേര്‍ ഫ്രാന്‍സില്‍നിന്ന് നിഷ്‌കാസിതരായി. ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രാന്തരീയ അഭയാര്‍ഥി പ്രവാഹമായി ഇത് വിലയിരുത്തപ്പെടുന്നതിന്റെ കാരണം സ്‌പെയിനില്‍നിന്നും വിദൂരസ്ഥമായ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലേക്കു പോലും പലായനം ചെയ്യേണ്ടിവന്നവര്‍ ചരിത്രകാരന്മാരുടെ   കണക്കില്‍പെടാത്തവര്‍ ആയതുകൊണ്ട് മാത്രമാണ്. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ രണ്ട് ലോകയുദ്ധങ്ങളില്‍ അനേക ലക്ഷങ്ങള്‍ അഭയാര്‍ഥികളായി. യൂറോപ്പിനെ മുഴുവന്‍ ബാധിച്ച യുദ്ധത്തില്‍ ജനങ്ങള്‍ ലക്ഷ്യമറിയാതെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു. യുദ്ധം മൂലം കലുഷിതമായ അന്തരീക്ഷത്തില്‍ ആര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഒട്ടുമില്ലായിരുന്നു. രണ്ടാം ലോക യുദ്ധത്തില്‍ ഹിറ്റ്‌ലറില്‍നിന്ന് രക്ഷ തേടി റഷ്യ ലക്ഷ്യമാക്കി നീങ്ങിയ അഭയാര്‍ഥികള്‍ ജര്‍മനി ലക്ഷ്യമാക്കി നീങ്ങുന്ന റഷ്യന്‍ പടയുടെ മുന്നില്‍ പെടുകയായിരുന്നു. അഭയാര്‍ഥികള്‍ക്ക് സംരക്ഷണത്തിനു പകരം ലഭിച്ചത് പീഡനങ്ങള്‍ മാത്രം. റഷ്യയെ ആക്രമിച്ച ജര്‍മന്‍ പട്ടാളത്തോടുള്ള പക തീര്‍ത്തത് അഭയാര്‍ഥികളായ ജര്‍മന്‍ ജനതയോട്. 'ബെര്‍ലിന്‍: പതനം 1945' എന്ന പുസ്തകത്തില്‍ ആന്റണി ബീവര്‍  പറയുന്നത് ഇരുപത് ലക്ഷം ജര്‍മന്‍ വനിതകളെ റഷ്യന്‍ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്തു എന്നാണ്. അഭയാര്‍ഥികള്‍ നേരിട്ട മറ്റു ക്രൂരതകള്‍ ഇതില്‍നിന്ന് ഊഹിക്കാവുന്നതാണ്. ഇതാണ് ചരിത്രത്തില്‍ എന്നും സംഭവിച്ചിട്ടുള്ളതും.

ഫ്രഞ്ച്, റഷ്യന്‍ വിപ്ലവങ്ങള്‍, ലോക യുദ്ധങ്ങള്‍ ഉള്‍പ്പെടെയുള്ള അസംഖ്യം യുദ്ധങ്ങള്‍, ഫാഷിസം,  അധിനിവേശങ്ങള്‍, കോളനിവല്‍ക്കരണം, ശീതയുദ്ധങ്ങള്‍, മണ്ണിന്റെ മക്കള്‍ വാദം, സങ്കുചിത ദേശീയവാദം   എന്നിവയെ  കുരിശു യുദ്ധം, ഇന്‍ക്വിസിഷന്‍ എന്നിവയുമായി ചേര്‍ത്തു വായിക്കുമ്പോള്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുന്നത് ആരെന്നും  എങ്ങനെയെന്നും വ്യക്തമാവുന്നു. ഇസ്‌ലാമിന്റെ വ്യാപനവും രാഷ്ട്രീയ ഇസ്‌ലാമിന്റെ വളര്‍ച്ചയും തടയാന്‍ മറ്റു വഴികള്‍ക്കൊപ്പം മുസ്‌ലിംകളെ നിഷ്‌കാസിതരാക്കാനും അതുവഴി അവരുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാനുമുള്ള മാര്‍ഗമായും അവര്‍ യുദ്ധത്തെ കാണുകയായിരുന്നു. ഒന്നാം കുരിശു യുദ്ധമൊഴികെ തുടര്‍ന്നു നടന്ന മുഴുവന്‍ കുരിശു യുദ്ധങ്ങളിലും കുരിശു പടയാളികള്‍ പരാജയപ്പെട്ടുവെങ്കിലും പടയോട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും അവര്‍ക്ക് അഭയാര്‍ഥികളോ അടിമകളോ ആവേണ്ടിവരികയും ചെയ്തു. ചെങ്കിസ് ഖാന്റെ നേതൃത്വത്തില്‍ മംഗോളിയര്‍ നടത്തിയ പടയോട്ടത്തിലും ഇതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ചെങ്കിസ് ഖാനും മംഗോളിയരും ഇസ്‌ലാം സ്വീകരിച്ചതോടെ ഇരകളുടെ കഷ്ടപ്പാടുകള്‍ക്ക് അറുതിവന്നു. 

ആധുനിക കാലത്ത് മുസ്‌ലിംകള്‍ ഇരയാക്കപ്പെടുന്നത് ടര്‍ക്കിഷ്-റഷ്യന്‍ യുദ്ധത്തോടെയാണ്. റഷ്യ-തുര്‍ക്കി യുദ്ധത്തെ തുടര്‍ന്നും ബ്രിട്ടീഷ് സാമ്രാജ്യ വികസനത്തെ തുടര്‍ന്നും യൂറോപ്പില്‍നിന്ന് മുസ്‌ലിംകള്‍ കൂട്ടത്തോടെ തുര്‍ക്കിയിലേക്ക് പലായനം ചെയ്തതാണ് ചരിത്രത്തിലെ ഏറ്റവും നീണ്ട അഭയാര്‍ഥി പ്രവാഹം. നൂറ്റമ്പതു വര്‍ഷങ്ങള്‍ നീണ്ടുനിന്ന പലായനത്തില്‍ എട്ടു കോടി ജനങ്ങള്‍ ഉസ്മാനീ സാമ്രാജ്യത്തില്‍ അഭയം തേടി. എന്നാല്‍ കുരിശു യുദ്ധം ഒഴിച്ചുനിര്‍ത്തിയാല്‍ മുസ്‌ലിംകള്‍ ഒരു സമുദായമെന്ന നിലയില്‍ കൂട്ടത്തോടെ നിഷ്‌കാസിതരാവുന്നത് ഇസ്‌ലാംവിരുദ്ധത മൂര്‍ഛിച്ച കാലം മുതലാണെന്ന് കാണാവുന്നതാണ്.

ബോസ്‌നിയ ഹെര്‍സഗോവിന പോലുള്ള വംശീയ ഉന്മൂലനങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേതു പോലുള്ള ഗോത്ര സംഘട്ടനങ്ങള്‍, തീവ്ര ദേശീയത, തീവ്ര വംശീയത, സ്വേഛാധിപത്യം എന്നിങ്ങനെ അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന സാഹചര്യങ്ങളും അവയുടെ ഗുണഭോക്താക്കളും ഇരകളും ആരെന്ന് അവലോകനം ചെയ്യേണ്ടതുണ്ട്. അഭയാര്‍ഥികളില്‍ 98 ശതമാനം മുസ്‌ലിംകളാണെന്ന് സ്ഥിതി വിവര കണക്കുകള്‍ പറയുമ്പോള്‍ ഇസ്‌ലാമിന് എതിരായ നീക്കങ്ങളുടെ ഭാഗമായി വേണം സാഹചര്യങ്ങളെ വിലയിരുത്തേണ്ടത്.

ഐക്യരാഷ്ട്രസഭയുടെ '1951 റെഫ്യൂജി കണ്‍വെന്‍ഷന്‍' എന്നറിയപ്പെടുന്ന, 145 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച കരാര്‍ 31/12/1950-നൂ മുമ്പ് 'സാഹചര്യങ്ങള്‍ മൂലം' അഭയാര്‍ഥികളായ   യൂറോപ്യര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളായ പല രാജ്യങ്ങള്‍ക്കും ഇന്നും അഭയാര്‍ഥികള്‍ എന്നാല്‍ ഇവര്‍ മാത്രമാണ്. '1967 പ്രോട്ടോക്കോള്‍' എന്നറിയപ്പെടുന്ന 146 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച കരാര്‍ ഈ സമയപരിധിയും ഭൂമിശാസ്ത്രപരമായ പരിധിയും അസാധുവാക്കിയെങ്കിലും അംഗരാഷ്ട്രങ്ങള്‍ക്ക് പരിധികള്‍ തുടരാനും പുനര്‍നിശ്ചയിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നു. വംശീയ താല്‍പര്യ സംരക്ഷണത്തോടെ, യൂറോപ്പിനു വേണ്ടി മാത്രം യു.എന്‍ ഉണ്ടാക്കിയ അഭയാര്‍ഥി നിയമാവലി ആര്‍ക്കോ വേണ്ടിയെന്ന പോലെ സമയ അതിര്‍ത്തി വിവേചനങ്ങള്‍ ഒഴിവാക്കി പുതുക്കിയെങ്കിലും അതില്‍ ഒപ്പുവെച്ചവര്‍ പോലും അഭയാര്‍ഥികളെ സ്വാഗതം ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ല.   

ഇന്ത്യ, ചൈന, പാകിസ്താന്‍  തുടങ്ങിയ രാജ്യങ്ങള്‍, യൂറോപ്യന്മാര്‍ക്കു വേണ്ടി ഉണ്ടാക്കിയ നിയമാവലി തങ്ങളെ സംബന്ധിച്ചേടത്തോളം അപ്രസക്തമാണ് എന്നതിനാലും  രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളാലും, അറബ് രാഷ്ട്രങ്ങള്‍ ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ തന്നെ അഭയാര്‍ഥികളുടെ അവകാശങ്ങള്‍ നിര്‍ണയിച്ചിട്ടുള്ളതിനാലും, രണ്ട് കരാറുകളിലും ഒപ്പുവെച്ചിട്ടില്ല. 

മുഴുവന്‍ ലോക രാഷ്ങ്ങ്രളുടെയും സഭയും വേദിയുമായ യു.എന്‍ ഇത്തരം സങ്കുചിത നിലപാടുകള്‍ ഇന്നും തുടരുമ്പോള്‍ ആയിരത്തി നാനൂറില്‍പരം സംവത്സരങ്ങള്‍ക്കു  മുമ്പ് ഒരു സംഹിത, അഭയം ഏതൊരാളുടെയും അവകാശമായി പ്രഖ്യാപിക്കുന്നു. അനുചരന്മാരോടൊപ്പം സ്വയം അഭയാര്‍ഥിയായ നബി (സ) മറ്റെന്തിലും എന്ന പോലെ അഭയാര്‍ഥി എന്ന നിലയില്‍ അഭയം നല്‍കുന്നവരുമായുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്നതിനും സ്വന്തം ജീവിതം മാതൃകയായി അവതരിപ്പിച്ചു. അഭയം തേടാനും സ്വീകരിക്കാനുമുള്ള അവകാശം നല്‍കുന്ന, കടല്‍ കടന്നാല്‍ ഭ്രഷ്ട് കല്‍പിക്കാത്ത മതവും ഇസ്‌ലാം തന്നെയാണ്.   

ആഫ്രിക്കന്‍ രാജ്യങ്ങളുടെ സംഘടനയും യൂറോപ്യന്‍ യൂനിയനും അവരവരുടെ നിര്‍വചനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിര്‍വചിക്കുന്നവരുടെ താല്‍പര്യം അനുസരിച്ച് അഭയാര്‍ഥികളെ തരംതിരിക്കുകയും സംരക്ഷണം നല്‍കപ്പെടേണ്ടവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ വിഭജിക്കുകയും ചെയ്യുന്നു. ചിലരെ അഭയാര്‍ഥികളായല്ല, മറിച്ച് കുടിയേറ്റക്കാരായാണ് കാണുന്നത്. ഇത് മനപ്പൂര്‍വമുള്ള വിവേചനവും മുടന്തന്‍ ന്യായവുമാണ്.

യൂറോപ്പിന്റെയും അമേരിക്കയുടെയും സ്വയംകൃതാനര്‍ഥങ്ങളാല്‍ അഫ്ഗാനിസ്താന്‍ മുതല്‍ സിറിയ വരെയുള്ള മുസ്‌ലിം ഭൂപ്രദേശങ്ങള്‍ കലുഷിതമായതിന്റെ  തിക്ത ഫലങ്ങളാണ് ഐലന്‍ കുര്‍ദി എന്ന മൂന്ന് വയസ്സുകാരന്റെയും 2017 ഫെബ്രുവരിയില്‍ ലിബിയന്‍ തീരത്തടിഞ്ഞ 144 അഭയാര്‍ഥികളുടെയും, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കടലില്‍ ആണ്ടുപോയവരുടെയും മൃതദേഹങ്ങള്‍. 

2015-ല്‍ അഞ്ച് അപകടങ്ങളിലായി മാത്രം 1200 പേര്‍ മരിച്ചുവെന്നും, ആ വര്‍ഷം ആകെ മരിച്ചവര്‍ 5000-ല്‍ കൂടുതലാണെന്നും ഡചഒഇഞ പറയുന്നു. സമുദ്രം വഴി യാത്ര ചെയ്യുന്ന അഭയാര്‍ഥികളില്‍ അഞ്ച് ശതമാനം മുങ്ങി മരിക്കുന്നുവെന്നും ഡചഒഇഞ പറയുന്നു. 5000 പേര്‍ അഞ്ച് ശതമാനമാണെങ്കില്‍ മൊത്തം അഭയാര്‍ഥികളുടെ സംഖ്യ ഊഹിക്കാവുന്നതേയുള്ളൂ. യൂറോപ്യന്‍ യൂനിയന്റെ കണക്കു പ്രകാരം പന്ത്രണ്ട് ലക്ഷം പേരാണ് 2015-ല്‍ മാത്രം അഭയം തേടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.  

അഭയാര്‍ഥി പ്രശ്‌നം എത്രമാത്രം രൂക്ഷമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അഭയാര്‍ഥികളില്‍ 98 ശതമാനം പേരും അഫ്ഗാനിസ്താന്‍, ഇറാഖ്, സിറിയ, ലിബിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിംകളാണെന്നും ഡചഒഇഞ പറയുന്നു. ഇവിടങ്ങളിലൊക്കെ സംഭവിച്ചത് സമീപകാല ചരിത്രമായതു കൊണ്ടും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ഒരേ ശക്തികളായതുകൊണ്ടും പ്രതിസന്ധി സൃഷ്ടിച്ചത് മനപ്പൂര്‍വമായ ഗൂഢോദ്ദേശ്യത്തോടെ ആയിരുന്നു എന്ന് കാണാവുന്നതാണ്. മാത്രവുമല്ല 1990 മുതല്‍ അരങ്ങേറിയ ചരിത്ര സംഭവങ്ങള്‍ മുഴുവന്‍ ഒരു ചങ്ങലയിലെ കണ്ണികളാണെന്നും ആ ചങ്ങല എങ്ങോട്ടേക്കാണ് നീളുന്നതെന്നും വ്യക്തമാണ്. 

യു.എന്‍ നിയമാവലി പ്രകാരം അഭയം നല്‍കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ അഭയാര്‍ഥികള്‍ പാലിക്കേണ്ടതാണെന്നും അഭയാര്‍ഥികള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തരുതെന്നും സ്വദേശീയര്‍ക്കില്ലാത്ത നിബന്ധനകള്‍ അവര്‍ക്കു മേല്‍ ചുമത്താവതല്ലെന്നും വ്യക്തമാക്കുന്നതോടൊപ്പം ചൂഷണങ്ങളില്‍നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. 

എന്നാല്‍ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് 9/12/16 -ലെ എ.എഫ്.പി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു: ''ജര്‍മനിയിലെ കൂടുതല്‍ കൂടുതല്‍ മുസ്‌ലിം അഭയാര്‍ഥികള്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നുവെന്ന് ചര്‍ച്ച്. മത്യാസ് ലിങ്ക് എന്ന പുരോഹിതന്‍ അവരോട് ചോദിച്ചു: ജീസസ് ക്രൈസ്റ്റ് നിങ്ങളുടെ നാഥനാണെന്നും രക്ഷകനാണെന്നും നിങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിക്കുകയും ദൈനംദിന ജീവിതത്തില്‍ നിങ്ങള്‍ അവനെ പിന്തുടരുകയും ചെയ്യുന്നുവോ? ഉവ്വ് എന്ന് അവര്‍ ജര്‍മന്‍ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്ന് അവരെ മാമൊദീസ മുക്കുകയും ചെയ്തു.'' കൂടെ മാമൊദീസ കൊള്ളുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ട്. 

അഭയാര്‍ഥികള്‍, പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും, നേരിടേണ്ടിവരുന്ന യാതനകള്‍ വിവരണാതീതമണെന്ന് യുനിസെഫും സന്നദ്ധ സംഘടനകളും പറയുന്നു. അതിശോചനീയ ജീവിത സാഹചര്യങ്ങളില്‍ വര്‍ഷങ്ങളോളം അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിച്ചുകൂട്ടേണ്ടിവരുന്നു. ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളില്‍ അവിദഗ്ധ തൊഴിലാളികളെ ആവശ്യം വരുന്ന മുറക്ക് മാത്രം നേരത്തേ വാങ്ങിവെച്ച അപേക്ഷകള്‍ പരിഗണിക്കുന്നു. അപ്പോഴേക്കും ഭാഷയിലും തൊഴിലിലും പ്രാഗത്ഭ്യം നേടാനുള്ള അവസരവും തദ്ദേശീയ സംസ്‌കാരവുമായി ഇഴപഴകാനുള്ള പരിശീലനവും ജര്‍മനി പോലുള്ള രാജ്യങ്ങള്‍ ഒരുക്കുന്നു. ഇത്തരം പഴുതുകളിലൂടെയാണ് സ്ഥാപിത താല്‍പര്യക്കാര്‍ അവരുടെ മോഹന വാഗ്ദാനങ്ങളുമായി അഭയാര്‍ഥികളെ മതം മാറാന്‍ പ്രേരിപ്പിക്കുന്നത്. 

ഇസ്‌ലാം വിഭാവനം ചെയ്യുന്ന വ്യവസ്ഥിതിയില്‍ ഇതിന് സാധ്യത ഇല്ല എന്നു മാത്രമല്ല, മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അത് കൃത്യമായ ഉത്തരങ്ങളും നല്‍കുന്നു. ''ഇസ്‌ലാമിലെ മനുഷ്യാവകാശ സംഹിതകളുടെ അഭിവാജ്യ ഘടകമാണ് അഭയാര്‍ഥികളുടെ അവകാശങ്ങള്‍'' (ഏങ അൃിമീൗ)േ.

ജാതിമതഭേദമന്യെ ഏതൊരാള്‍ക്കും എന്തിനേറെ, ശത്രുക്കള്‍ക്കു പോലും അവകാശപ്പെട്ടതാണ് ഇസ്‌ലാമിലെ അഭയാര്‍ഥി സംരക്ഷണമെന്ന് 'വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാവതല്ല' (5:8) എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നു. അഭയം തേടി വരുന്നവര്‍ ആരായാലും അവരെ സ്വീകരിക്കണം. ''ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്റെയടുത്ത് അഭയം തേടി വന്നാല്‍ അവന് നീ അഭയം നല്‍കുക''(9:6). ''നീതി പാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പിക്കുന്നു. നീചവും നഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു''(16: 90).

ഇസ്‌ലാമിക നീതിയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന ഈ ഖുര്‍ആന്‍ വചനങ്ങള്‍, നീതി വിവേചനരഹിതമായിരിക്കണമെന്നും വിശ്വാസപരമായ കാര്യങ്ങള്‍ അല്ലാഹുവാണ് തീരുമാനിക്കേണ്ടതെന്നും ഭൗതിക നീതി നിര്‍വഹണത്തില്‍ വിശ്വാസം ഒരു ഘടകമാവുന്നില്ലെന്നും വ്യക്തമാക്കുന്നു. ഈ നീതി ബോധം തന്നെയാണ് അഭയാര്‍ഥികളുടെ വിഷയത്തിലും ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം. 

അഭയാര്‍ഥികളെ സൃഷ്ടിക്കാതിരിക്കുക, അഭയാര്‍ഥികളായി വരുന്നവരെ നിരുപാധികം സ്വീകരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ നയം. ഇത്രയും ബൃഹത്തും സമഗ്രവുമായ ഒരു അഭയാര്‍ഥിനയം പതിനാല് നൂറ്റാണ്ടിലേറെക്കാലം മുമ്പ് ഇസ്‌ലാം രൂപപ്പെടുത്തിയെങ്കിലും ആധുനിക ലോകത്തിന്റെ അഭയാര്‍ഥികളോടുള്ള സമീപനം ഇന്നും അഴകൊഴമ്പനാണ്. ആര്‍ അഭയം തേടി വരുന്നുവോ, അവരൊക്കെയും അഭയാര്‍ഥികളാണ് എന്നതാണ് ഇസ്‌ലാമിന്റെ സമീപനം.   

നിസ്സഹായാവസ്ഥ സൃഷ്ടിക്കുക, അതിന്റെ ഇരകളെ ചൂഷണം ചെയ്യുക, മനഃസ്ഥൈര്യം തകര്‍ക്കുക, അന്ത്യശാസനങ്ങള്‍ നല്‍കി മതം മാറ്റുക എന്നതും ഈ വിഭാഗം എന്നും അനുവര്‍ത്തിച്ചുവന്നിട്ടുള്ള നയമാണ്. ദീനില്‍ നിര്‍ബന്ധിതാവസ്ഥയില്ലെന്ന ഇസ്‌ലാമിക നയത്തിനും അതിന്റെ മനുഷ്യാവകാശ നിയമങ്ങള്‍ക്കും കടകവിരുദ്ധമാണ് ഇത്. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും അത് മുതലെടുക്കുന്നതിലും ഈ വിഭാഗത്തിന്റെ കൗശലങ്ങള്‍ ചരിത്രത്തില്‍ എമ്പാടുമുണ്ട്. അതിന് അപവാദമായി കാണിക്കാവുന്ന ഒന്നും ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടുമില്ല.

അതേസമയം തങ്ങള്‍ സൃഷ്ടിക്കുന്ന അഭയാര്‍ഥികള്‍ തങ്ങള്‍ക്കു തന്നെ വിനയാകുമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായത് വളരെ വൈകിയാണ്. യൂറോപ്പിലെ മുസ്‌ലിം ജനസംഖ്യ വളരുകയാണെന്നും സമീപ ഭാവിയില്‍ അവര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാവുമെന്നുമുള്ള കണ്ടെത്തലുകള്‍ യൂറോപ്പിനെ പരിഭ്രാന്തരാക്കുന്നുണ്ട്. 

അതുകൊണ്ട് അഭയാര്‍ഥികളെ അതിര്‍ത്തിയില്‍ തന്നെ തടയാനുള്ള തന്ത്രങ്ങളാണ് പാശ്ചാത്യ രാജ്യങ്ങള്‍ മെനയുന്നത്. റോഡ് മാര്‍ഗം വരുന്നവര്‍ക്ക് നേരെ അതിര്‍ത്തിയില്‍ മുള്‍വേലികള്‍, കണ്ണീര്‍ വാതകം, ഗ്രനേഡ് പ്രയോഗം, വെടിവെപ്പ്. പിന്നെ യാത്രാ ദുരിതങ്ങള്‍. മരുന്നോ ചികിത്സയോ ലഭിക്കുന്നില്ല. പട്ടിണിയും നിരാലംബത്വവും. അങ്ങനെ അതിര്‍ത്തിയുടെ ഇരുവശവുമുള്ള അഭയാര്‍ഥികള്‍ ചഞ്ചലചിത്തരാവുന്നു. ഈ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യുകയാണ്. കടല്‍ മാര്‍ഗമുള്ള അഭയം തേടലും ജലാതിര്‍ത്തിയില്‍ തടയപ്പെടുന്നു.  അഭയാര്‍ഥികള്‍ വന്‍തുക നല്‍കിയാണ് നൗകകളില്‍ കയറിപ്പറ്റുന്നതുതന്നെ. അവര്‍ എങ്ങുമെത്താതെ കടലില്‍ ഒടുങ്ങുന്നു. ചില ശരീരങ്ങള്‍ കരയ്ക്കടിയുമ്പോള്‍ മാത്രം മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നു. അപ്പോഴും അതിനിടയാക്കുന്ന സാഹചര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍