Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

ഇസ്‌ലാമും പടിഞ്ഞാറും വേണ്ടത് പുതുവായനകള്‍

എസ്.എം.സൈനുദ്ദീന്‍

ഇസ്‌ലാമിനെ ഇതര നാഗരികതകളില്‍നിന്ന് വേര്‍തിരിക്കുന്ന സുപ്രധാന സവിശേഷത അതിന്റെ സാര്‍വ ലൗകികതയാണ്. അല്ലാഹു, ഖുര്‍ആന്‍, പ്രവാചകന്‍ തുടങ്ങിയവയെല്ലാം മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി സ്ഥാപിക്കുന്നുണ്ട്. പ്രവാചകന്റെ വിയോഗം നടക്കുന്ന കാലത്തും ഉസ്മാനിയാ ഖിലാഫത്ത് അവസാനിക്കുന്നതുവരെയും ഇസ്‌ലാമിന്റെ സ്വാധീന മേഖല എല്ലാ വന്‍കരകളിലും എത്തിയിരുന്നില്ല. ഇസ്‌ലാമിന്റെ രാഷ്ട്രീയ-ഭരണ സ്വാധീനത്തെ തടഞ്ഞുനിര്‍ത്തുക എന്നത് പടിഞ്ഞാറ് ആധിപത്യം ചെലുത്തുന്ന വിഭാഗങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. കുരിശുയുദ്ധങ്ങളുടെ ചരിത്രം അത് നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ടണ്ട്.

എന്നാല്‍ കുരിശുയുദ്ധങ്ങള്‍ അവസാനിക്കുകയും യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന് അന്ത്യം കുറിക്കപ്പെടുകയും ചെയ്തതോടെ ലോകം പുതിയ സഞ്ചാരപഥങ്ങളിലൂടെയാണ് അതിന്റെ ചരിത്രഭ്രമണം തുടരുന്നത്. കൊളോണിയലാനന്തര കാലത്ത് അഥവാ ആധുനികതയുടെ രംഗപ്രവേശത്തോടെ യൂറോപ്പിലും ഇസ്‌ലാമിക ലോകത്തും മാറ്റങ്ങള്‍ക്ക് വലിയ ഗതിവേഗം കൈവന്നു. ആധുനിക ചിന്താ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും തമ്മിലുള്ള ആശയസമരത്തിലേക്കുള്ള തുറവിയായിരുന്നു ഇതിലൂടെ സംഭവിച്ചത്. അധികാരം നഷ്ടപ്പെട്ട അറബ് ജനതയുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളും സമരങ്ങളും യൂറോപ്പ് പ്രതിനിധാനം ചെയ്യുന്ന പുരോഗമന, ഉദാര ചിന്തകള്‍ എത്രമാത്രം അന്തസ്സാരശൂന്യമാണെന്ന് തെളിയിക്കുന്നതുകൂടിയായിരുന്നു. അത് ഇന്നും അനവരതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

പടിഞ്ഞാറ് കെട്ടിയുണ്ടാക്കിയ മതില്‍കെട്ടുകള്‍ തകര്‍ത്ത് ഇസ്‌ലാം യൂറോപ്പിന്റെയും അമേരിക്കയുടെയും മതമായി, രാഷ്ട്രീയമായി മാറിക്കൊണ്ടിരിക്കുന്ന അത്ഭുതമാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക ലോകം എന്നത് ഏഷ്യയും ആഫ്രിക്കയും അമേരിക്കയും യൂറോപ്പും ഉള്‍ക്കൊള്ളുന്ന മുഴുവന്‍ വന്‍കരകളിലും പടര്‍ന്നു പന്തലിക്കുന്നത് ആശ്ചര്യകരമായ കാഴ്ചയാണ്. ഇസ്‌ലാമിക ജ്ഞാന പ്രസ്ഥാനങ്ങള്‍ അറബ് ലോകം വിട്ട് പുതിയ മസ്തിഷ്‌കങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങള്‍ ഇസ്‌ലാമിക ജ്ഞനോല്‍പാദന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ അറബ് ലോകത്തുണ്ടാക്കിയ സാമൂഹിക പരിവര്‍ത്തനത്തെ കുറിച്ച് പ്രമുഖ ചരിത്രകാരന്‍ തോമസ് കാര്‍ലൈല്‍ പറഞ്ഞ വാക്കുകള്‍ അനുസ്മരിച്ചു പോകുന്നു: ''വെടിമരുന്നു ശാലയില്‍ തീപ്പൊരി വീണതു പോലെയായിരുന്നു മുഹമ്മദ് നബി അറബ് ലോകത്തെ പരിവര്‍ത്തിപ്പിച്ചത്.'' ഈ പ്രക്രിയ ലോകത്ത് പുതിയൊരു പ്രതിഭാസത്തിന് നാന്ദികുറിച്ചിരിക്കുന്നു. 

അതിനാല്‍ ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള ബന്ധം ഏത് നിലക്കായിരിക്കണമെന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. തദ്വിഷയകമായി രാഷ്ട്രീയവും അക്കാദമികവുമായ നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തവരില്‍ പാശ്ചാത്യരും പൗരസ്ത്യരുമുണ്ട്. മുസ്‌ലിംകളും ഓറിയന്റലിസ്റ്റുകളുമുണ്ട്. പടിഞ്ഞാറന്‍ ക്രൈസ്തവ ഭരണകൂടങ്ങളും മുസ്‌ലിം സാമ്രാജ്യങ്ങളും തമ്മിലെ സംഘര്‍ഷഭരിതമായ നൂറ്റാണ്ടുകളുടെ ചരിത്രത്തിന്റെ, വിശേഷിച്ചും കുരിശുയുദ്ധങ്ങളുടെ എല്ലാ ഭാരങ്ങളും അവയുണ്ടാക്കിയ മുന്‍വിധികളും ഈ പഠനങ്ങളെയെല്ലാം ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇതിനെ മറികടന്നുകൊണ്ടല്ലാതെ പുതിയ കാലത്ത് പടിഞ്ഞാറിനെയും ഇസ്‌ലാമിനെയും കുറിച്ച് നമുക്ക് സംസാരിക്കാനാവില്ല. അങ്ങനെയല്ലെങ്കില്‍ നമ്മുടെ പഠനങ്ങള്‍ പ്രതിലോമപരമായി മാറും എന്നതില്‍ സംശയം വേണ്ട. പുതിയ സാഹചര്യത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒന്നാമതായി പറയാനുള്ളത് ഈ കാര്യമാണ്. ഇവിടെനിന്നാണ് നാം ആരംഭിക്കേണ്ടത്. 

ആധുനികതയും ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും രൂപപ്പെട്ട സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ സാര്‍വദേശീയ തലത്തില്‍ ഏറക്കുറെ മാറിക്കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഭൂതകാലത്തിന്റെ സങ്കീര്‍ണതകളില്‍ കെട്ടുപിണഞ്ഞ് വര്‍ത്തമാനകാലത്തെ അഭിമുഖീകരിക്കുന്ന രീതി ഇസ്‌ലാമും പടിഞ്ഞാറും ഒഴിവാക്കേണ്ടതുണ്ട്. ഇരുകൂട്ടര്‍ക്കും ഒരു ഗുണവും ഇതുണ്ടാക്കിത്തരില്ല. ഒരുപാട് ദോഷങ്ങള്‍ ഉണ്ടണ്ടാവുകയും ചെയ്യും. കാരണം ഇസ്‌ലാമേതര പടിഞ്ഞാറോ പടിഞ്ഞാറുമായി ബന്ധം മുറിച്ച ഇസ്‌ലാമോ അല്ല ഇന്ന് ലോകത്തുള്ളത്. ഇസ്‌ലാം പടിഞ്ഞാറും പടിഞ്ഞാറ് മുസ്‌ലിം ലോകത്തും വലിയ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ പടിഞ്ഞാറന്‍ ഭരണകൂടങ്ങള്‍ പടിഞ്ഞാറിനും ഇസ്‌ലാമിനും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇടനാഴികകളിലും അതിന്റെ ഉപജാപക സംഘങ്ങളിലും പരിമിതമാണ് ഈ സംഘര്‍ഷം. ചരിത്രത്തില്‍ നിരവധി കാരണങ്ങളാല്‍ വിഭജിക്കപ്പെട്ടുപോയ ഇരു വിഭാഗം ജനതകളും, തങ്ങള്‍ രണ്ടല്ലെന്ന വിശാലതയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. 

'പാശ്ചാത്യം/പൗരസ്ത്യം എന്നൊക്കെയുള്ള വിഭാവനകള്‍ എന്നെ സംബന്ധിച്ചേടത്തോളം ഭൂമിശാസ്ത്രപരമാണ്' എന്ന പാശ്ചാത്യ പണ്ഡിതനായ ചാള്‍സ് ഗായ് ഈറ്റണിന്റെ നിരീക്ഷണം ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. ''ആധുനികവല്‍ക്കരണവും പാശ്ചാത്യവല്‍ക്കരണവും തമ്മില്‍ ചിലര്‍ നടത്തുന്ന വേര്‍തിരിവുകള്‍ അംഗീകരിക്കന്‍ ഞാന്‍ വിസമ്മതിക്കുന്നു. യൂറോപ്യന്‍ സംസ്‌കാരവും അതിന്റെ അമേരിക്കന്‍ പതിപ്പും ലോകത്തിന്റെ ഓരോ മൂലയിലേക്കും അവയുടെ നഖമുനകളാഴ്ത്തിയിരിക്കുകയാണ്. വിശ്വാസം പ്രതിഫലിപ്പിക്കുകയും അതിനെ പിന്തുണക്കുകയും ചെയ്തുപോന്ന ഇസ്‌ലാമിക അന്തരീക്ഷം നശിച്ചുകഴിഞ്ഞു. മധ്യപൗരസ്ത്യ ദേശത്തും പാകിസ്താനിലും ബംഗ്ലാദേശിലും മറ്റെവിടെയുമുള്ള ചെറുപ്പക്കാര്‍ കടന്നുപോകുന്നത് ഞാന്‍ കടന്നുപോന്നതില്‍നിന്നും വ്യത്യസ്തമല്ലാത്ത പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ്. 'പ്രതിരോധാത്മകമായ ആധുനികവല്‍ക്കരണ'മെന്ന് സാമാന്യമായി വിളിക്കപ്പെടുന്ന അവസ്ഥയുടെ ഒരു വശമാണിത്. അത് അതിന്റെ ഇരകളെ രണ്ട് പ്രപഞ്ചവ്യവസ്ഥകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്നവരായി അവശേഷിപ്പിക്കുന്നു. ഇവ രണ്ടിനെയും പൊരുത്തപ്പെടുത്തേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരു മാര്‍ഗദര്‍ശനവും അവര്‍ക്ക് ലഭിക്കുന്നില്ല'' (ഇസ്ലാമും മനുഷ്യഭാഗധേയവും, ഗായ് ഈറ്റണ്‍). 

ഇപ്രകാരം പടിഞ്ഞാറന്‍ സമൂഹങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ചും തങ്ങളുടെ മുന്‍വിധികള്‍ മാറ്റിവെക്കണം. കെറന്‍ ആംസ്‌ട്രോങ് പറയുന്നത് ശ്രദ്ധേയമാണ്: ''പടിഞ്ഞാറുളള നമുക്ക് ഇസ്‌ലാമുമായി പൊരുത്തപ്പെടാന്‍ ഒരിക്കലും സാധിച്ചിട്ടില്ല. അതിനെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ അപരിഷ്‌കൃതവുമാണ്. സഹിഷ്ണുതയോടും സഹാനുഭൂതിയോടുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയുമായി പൊരുത്തപ്പെടുന്നതല്ല മുസ്‌ലിം ലോകത്തെ വേദനയോടും ദുരിതത്തോടുമുള്ള നമ്മുടെ മനോഭാവം. ഇസ്‌ലാം അപ്രത്യക്ഷമാവുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യുമെന്നല്ല, അത് ആരോഗ്യകരവും ശക്തവുമായി നിലനിന്നാല്‍ അതുകൊണ്ട് കൂടുതല്‍ പ്രയോജനമുണ്ടാകും. ഇനിയും സമയം വൈകിയിട്ടില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം'' (മുഹമ്മദ്: പ്രവാചകന്റെ ജീവചരിത്രം, പേജ്: 335, കെറന്‍ ആംസ്‌ട്രോങ്, ഡി.സി.ബുക്‌സ്). 

സാമാന്യമായി പറഞ്ഞാല്‍, 18,19 നൂറ്റാണ്ടുകളില്‍ പുരോഹിത മതത്തിന്റെ നിഗൂഢദിവ്യത്വമായിരുന്നു മാനവതയെ സ്തംഭിപ്പിച്ചിരുന്നതെങ്കില്‍, പുതിയ നൂറ്റാണ്ടില്‍ മതേതര ഭൗതിക നിഗൂഢതയും അത് സൃഷ്ടിച്ച അരക്ഷിതത്വവുമാണ് നാഗരികതയുടെ മുന്നിലെ പ്രധാന തടസ്സം. സെക്യുലര്‍ മോഡേണിറ്റിയും ലിബറല്‍ ഡെമോക്രസിയും എത്ര ദുര്‍ബലവും പൂതലിച്ചതുമാണെന്ന് അനുനിമിഷം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ഭരണമാറ്റം ഇതിനെ അരക്കിട്ടുറപ്പിക്കുന്നതാണെന്ന് നിരീക്ഷിക്കുന്നവര്‍ ഏറെയുണ്ട്. ഇത് പരിഹരിക്കാനുള്ള മാര്‍ഗമേതെന്ന അന്വേഷണമാണ് വര്‍ത്തമാനകാലത്തെ മതപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും. ഇതിനുപകരം, ലോകം രണ്ട് ചേരികളിലേക്ക് വേര്‍തിരിഞ്ഞ് ആരാണ് കേമന്‍ എന്ന് തര്‍ക്കിക്കുന്നത് നിരര്‍ഥകമാണ്. ഇല്ലെങ്കില്‍ മനുഷ്യരെ കൂട്ടത്തോടെ കൊന്നുതള്ളുന്ന സംഘര്‍ഷാത്മക യുദ്ധരാഷ്ട്രീയം വീണ്ടും ലോകരാഷ്ട്രീയത്തെ ഗതിമാറ്റിവിടും. ഇതുകൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകില്ല. 

''അവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? അങ്ങനെ അവര്‍ക്കു മുമ്പുള്ളവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അവര്‍ ഇവരേക്കാളേറെ കരുത്തരായിരുന്നു. അവര്‍ ഭൂമിയെ നന്നായി കിളച്ചുമറിച്ചിരുന്നു. ഇവരതിനെ വാസയോഗ്യമാക്കിയതിനേക്കാള്‍ പാര്‍ക്കാന്‍ പറ്റുന്നതാക്കുകയും ചെയ്തിരുന്നു. അവര്‍ക്കുള്ള ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരെ സമീപിച്ചു. അല്ലാഹു അവരോട് അക്രമം കാണിക്കുകയായിരുന്നില്ല. മറിച്ച് അവര്‍ തങ്ങളോടുതന്നെ അക്രമം കാട്ടുകയായിരുന്നു'' (അര്‍റൂം: 19). അധികാരത്തിന്റെ ലഹരിയില്‍ സാമാന്യബോധം പോലും നഷ്ടപ്പെട്ട്  വംശീയ വെറിയുടെ മുദ്രാവാക്യങ്ങള്‍ രാഷ്ട്രമീമാംസയുടെ ദര്‍ശനമായി സ്വീകരിക്കുന്ന പടിഞ്ഞാറ്, തങ്ങളുടെ ഉള്ളില്‍ രൂപം കൊള്ളുന്ന പുതിയ ആശയവാഹകരെ വംശീയ മുന്‍വിധികളിലൂടെ പുറത്തു നിര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്നത് നയതന്ത്രപരവും രാഷ്ട്രീയവുമായ അബദ്ധമാണ്. സ്വീകരണത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും വിശാല രാഷ്ട്രീയ ചക്രവാളം സ്വയം വികസിപ്പിച്ചെടുക്കാന്‍ കഴിയാത്ത ആധുനികതാവാദം ആന്തരികമായി എത്ര ദരിദ്രമാണ്! എന്നാല്‍ ഇസ്‌ലാമിന് രാഷ്ട്രീയ മേല്‍ക്കോയ്മ ഉണ്ടായിരുന്ന കാലത്തെ അനുഭവം വായിക്കുന്നത് മുസ്‌ലിംകള്‍ക്കെന്നപോലെ പടിഞ്ഞാറിനും ഗുണം ചെയ്യും. 

''ലോകത്തുടനീളം ഇസ്‌ലാം പടര്‍ന്നുപന്തലിച്ചതിന്റെ ഗതിവേഗം വിചിത്രമാണ്. എന്നാല്‍ ചോരപ്പുഴകളൊന്നും ഒഴുകിയില്ലെന്നത് അതിനേക്കാള്‍ വിചിത്രമാണ്. കീഴടങ്ങിയവരുടെ ശവശരീരങ്ങള്‍ ഒരിടത്തും നിറഞ്ഞുകവിഞ്ഞില്ല. ആള്‍പാര്‍പ്പുള്ള സ്ഥലങ്ങളില്‍ ആക്രമണം നടത്തി ജനങ്ങളെ മുസ്‌ലിം സൈനികര്‍ കൊന്നൊടുക്കിയില്ല. അങ്ങേയറ്റത്തെ ആത്മനിയന്ത്രണം അവര്‍ പുലര്‍ത്തി. കൂട്ടക്കൊല, ബലാത്സംഗം, ചുട്ടുകരിക്കല്‍ ഒന്നും നടന്നില്ല. നമ്മുടെ കാലത്ത് ചിന്തിക്കാന്‍ പോലും സാധിക്കാത്തവിധം ഇവര്‍ ദൈവത്തെ ഭയപ്പെട്ടു. ദൈവസാന്നിധ്യത്തെ കുറിച്ച വിശ്വാസം അവരെ ചകിതരാക്കി. വിദൂരങ്ങളിലെ വിശാല ലോകം അവരെ മുന്നോട്ടു നീങ്ങാന്‍ ക്ഷണിക്കുമ്പോള്‍ മൃദുവായ കാല്‍വെപ്പുകളോടെയാണ് അവര്‍ ഭൂമിയിലുടെ നടന്നത്. ഇതുപോലൊരു ജൈത്രയാത്ര മുമ്പോ ശേഷമോ സംഭവിച്ചില്ല'' (Islam And The Destiny Of Man, Gai Eaton)

മുസ്‌ലിം സമൂഹത്തെ രാഷ്ട്രീയമായി ശിഥിലീകരിച്ചത് മുഖ്യമായും സുന്നി-ശിഈ സംഘര്‍ഷവും ഉസ്മാനിയാ ഖിലാഫത്തിനെ തകര്‍ത്ത ശേഷം സൈക്‌സ്-പീകോ കരാറിന്റെ അടിസ്ഥാനത്തില്‍ പാശ്ചാത്യര്‍ മുസ്‌ലിം ലോകത്തെ വെട്ടിമുറിച്ചതുമായിരുന്നു. ഈ ശൈഥില്യത്തില്‍ പാശ്ചാത്യര്‍ മാത്രമല്ല പ്രതികള്‍. അറബികളും മുസ്‌ലിംകളും സുന്നികളും പ്രതികളാണ്. ഒന്നാമത്തെ ശിഥിലീകരണത്തിന് കാരണമായി വര്‍ത്തിച്ചത് യസീദിന്റെ വാളായിരുന്നെങ്കില്‍ രണ്ടാമത്തെ ശിഥിലീകരണത്തിന് ജോര്‍ഷസ് പികോയുടേയും സര്‍ മാര്‍ക് സൈക്‌സിന്റെയും പേനയായിരുന്നു. ഈ രണ്ട് ശൈഥില്യങ്ങളുടെയും ആഘാതത്തില്‍നിന്ന് മോചിതരാകാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കുമോ എന്നതും മുസ്‌ലിംകളുടെ ഭാവിയുമായി ബന്ധപ്പെട്ട സുപ്രധാനമായ ചോദ്യമാണ്. മതശാസ്ത്ര തര്‍ക്കങ്ങളുമായോ അതില്‍ കെട്ടുപിണഞ്ഞ രാഷ്ട്രീയവുമായോ അല്ല മുസ്‌ലിംകള്‍ ഇതിനെ അഭിമുഖീകരിക്കേണ്ടത്. അതിനുമപ്പുറത്ത് നിലകൊള്ളുന്ന ഇസ്‌ലാമിന്റെ പ്രശ്‌ന പരിഹാര ഫോര്‍മുല മുസ്‌ലിംകള്‍ക്ക് വികസിപ്പിച്ചെടുക്കാനാകണം. അത്തരം ഫോര്‍മുലകള്‍ക്ക് ജനാധിപത്യപരമായ പിന്തുണ നല്‍കാന്‍ പടിഞ്ഞാറിനും സാധിക്കണം. ദൗര്‍ഭാഗ്യവശാല്‍ അറബ് ഭരണകൂടങ്ങളും പടിഞ്ഞാറന്‍ ഭരണകൂടങ്ങളും ആ നിലക്കല്ല നീങ്ങുന്നത്.   

മനുഷ്യരക്തം ചിന്തുന്നത് പരിഹാരമല്ല പ്രശ്‌നമാണ് എന്നത് അംഗീകരിച്ചുകൊണ്ടുള്ള സംവാദത്തിന്റെ പുതിയ നാഗരികക്രമം കെട്ടിപ്പടുക്കാന്‍ ആര്‍ക്കാണ് കഴിയുക എന്ന ചോദ്യമാണ് ഭാവി ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഉന്നയിക്കപ്പെടേണ്ടുന്ന പ്രധാന ചോദ്യം. ഇതിനെ ധീരമായി അഭിമുഖീകരിക്കാന്‍ കഴിയുന്നതാര്‍ക്കാണോ അവര്‍ ലോകത്തെ നയിക്കും. സായുധ രാഷ്ട്രീയമാണ് ഇസ്‌ലാമിക രാഷ്ട്രീയം എന്ന പൊതുബോധം ലോകവ്യാപകമായി തന്നെ ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മുസ്‌ലിംകളുടെ ചെയ്തികള്‍ ഇതിനു നിമിത്തമായിട്ടുണ്ട്. മുസ്‌ലിംകളില്‍ ചില വിഭാഗങ്ങളില്‍ ഈ ആശയത്തിന് ആശയപരമായ സ്വാധീനം ചെലുത്താനുമായിട്ടുണ്ട്. പാരമ്പര്യ ക്ലാസിക്കല്‍ ഇസ്‌ലാമിക ചിന്താപ്രസ്ഥാനങ്ങള്‍ (മദ്ഹബുകള്‍) മുസ്‌ലിംകളുടേത് മാത്രമായ ഒരു വിശുദ്ധ നാട് (ദാറുല്‍ ഇസ്‌ലാം) ഉണ്ടെന്ന ചരിത്രവിരുദ്ധവും പ്രമാണയുക്തവുമല്ലാത്ത കാഴ്ചപ്പാട് നൂറ്റാണ്ടുകളായി കൊണ്ടണ്ടുനടക്കുന്നത് നാം ശ്രദ്ധിക്കാതെ പോകരുത്. അത് അവരുടെ മതപരവും രാഷ്ട്രീയവുമായ പ്രതിനിധാനങ്ങളെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു. ആ നാടിനപ്പുറമുള്ളത് ദാറുല്‍ ഹര്‍ബ്, അഥവ യുദ്ധഭൂമിയാണെന്ന തീര്‍പ്പിലാണ് അത്തരക്കാര്‍ ഇന്നുമുള്ളത്. നവ ഇസ്‌ലാമിക സമൂഹങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണിത്. ഇസ്‌ലാം സ്വീകരിക്കുന്നതോടെ തങ്ങള്‍ ജനിച്ചു വളര്‍ന്ന സമൂഹം, കുടുംബം എന്നിവയില്‍നിന്നെല്ലാം തങ്ങള്‍ അന്യരാകണമെന്നത് ദൈവകല്‍പ്പിതമല്ലെന്നും, ഈ ആശയം ഒരു ചരിത്രസന്ദര്‍ഭത്തില്‍ രൂപപ്പെട്ട്‌വന്നതാണെന്നും തിരിച്ചറിയാനും തിരുത്താനും മുസ്‌ലിം പണ്ഡിതര്‍ക്ക് സാധിക്കണം.

ഇസ്‌ലാം ഇതര സമൂഹങ്ങളുമായി മാനുഷിക തുല്യതയുടെ തലത്തില്‍ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. പ്രവാചകന്മാര്‍ 'എന്റെ ജനമേ' (ഖൗമീ) എന്നാണ് സമൂഹത്തെ അഭിസംബോധന ചെയ്തത്. പ്രവാചകന്മാരെ, സമൂഹത്തില്‍നിന്ന് അന്യരല്ലാത്ത 'അവരുടെ സഹോദരന്‍' എന്നാണ് അല്ലാഹു  പരിചയപ്പെടുത്തുന്നത്. അതിനാല്‍ ഒന്നാമതായി മുഴുവന്‍ മനുഷ്യരെയും ഒന്നായി കാണാന്‍ സാധിക്കുന്ന വിശാല ആശയഭൂമികയായി ഇസ്‌ലാമിനെ മുസ്‌ലിം കൂട്ടായ്മകള്‍ക്ക് അവതരിപ്പിക്കാന്‍ സാധിക്കേണ്ടതുണ്ട്. മനുഷ്യ പ്രശ്‌നങ്ങളുടെ പരിഹാരമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. പ്രശ്‌നങ്ങളില്ലാത്ത ആരും ലോകത്തില്ല. അതിനാല്‍ ഏതു പ്രശ്‌നത്തെയും അഭിസംബോധന ചെയ്യാന്‍ ഇസ്‌ലാമിന് സാധിക്കുമെന്ന് തെളിയിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത്. 'മനുഷ്യര്‍ക്കു വേണ്ടി ഉയിര്‍ത്തെഴുല്‍പ്പിക്കപ്പെട്ട ശ്രേഷ്ഠ ജനതയാകുന്നു നിങ്ങള്‍', 'അപ്രകാരം നിങ്ങളെ നാം ഒരു മധ്യമ സമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകുന്നതിന്.....' തുടങ്ങിയ ദൈവികസൂക്തങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയം ഇതാണ്. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഇസ്‌ലാം സംവാദത്തിന്റെ ഒരവസരവും നഷ്ടപ്പെടുത്തുന്നില്ല. 

തന്നെ അന്യായമായി വധിക്കാന്‍ മുതിര്‍ന്ന സഹോദരന്‍ ഖാബീലിനെ ലോകത്തിന്നോളമുള്ള എല്ലാ നീതിന്യായ വ്യവസ്ഥകളും അടിവരയിട്ടംഗീകരിച്ചിട്ടുള്ള ആത്മപ്രതിരോധത്തിന്റെ അവകാശം മാറ്റിവെച്ച് ജീവിക്കാന്‍ വിടുകയും സ്വയം ജീവത്യാഗത്തിന്റെ വഴി തെരഞ്ഞെടുക്കുകയും ചെയ്ത ഹാബീലിനെക്കുറിച്ച വിവരണത്തിലാണ് മതോല്‍പത്തിയെ സംബന്ധിച്ച ഖുര്‍ആനികവും ഇസ്‌ലാമികവുമായ ആശയവും ധാരണയും രൂപപ്പെടുന്നത്. ''നീ എന്നെ വധിക്കാനായി എന്റെ നേര്‍ക്ക് നിന്റെ കരമുയര്‍ത്തിയാല്‍, നിന്നെ വധിക്കാനായി ഞാന്‍ എന്റെ  കരം നിന്റെ നേരെ ഉയര്‍ത്തുന്നതല്ല.  ഞാന്‍ സര്‍വലോകനാഥനായ അല്ലാഹുവിനെ ഭയപ്പെടുന്നു. എന്റെ പാപവും നിന്റെ പാപവും നീതന്നെ വഹിക്കുമെന്നും ഞാന്‍ കരുതുന്നു. അങ്ങനെ നീ നരകാര്‍ഹനായിത്തീരും. അതാകുന്നു അധര്‍മികള്‍ക്കുള്ള പ്രതിഫലം'' (അല്‍ മാഇദ: 28,29) ലോകത്താദ്യമായി രൂപപ്പെട്ട മതനിയമത്തെ കുറിച്ചും നാം പരിശോധിക്കുക: ''ഇക്കാരണത്താല്‍, ഇസ്രാഈല്‍വംശത്തിന് നാം നിയമം നല്‍കിയിട്ടുണ്ടായിരുന്നു: ഒരാത്മാവിന് പകരമായോ, നാശം വിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു. പക്ഷേ, തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര്‍ അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നിട്ടും അവരിലധികമാളുകളും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നു എന്നതത്രെ വാസ്തവം'' (അല്‍ മാഇദ: 32). എന്നാല്‍ മതത്തെക്കുറിച്ച്, വിശേഷിച്ചും ഇസ്‌ലാമിനെ കുറിച്ച് രൂപപ്പെട്ട പൊതുബോധം ഇതിനെ തകിടം മറിച്ചിരിക്കുന്നു. സംവാദത്തിന്റെ പുതുതലങ്ങള്‍ വികസിപ്പിച്ചെടുത്തേ ഇതിനെ നേരിടാനാവൂ. 

മതസംവാദങ്ങള്‍ ദൈവശാസ്ത്രസംബന്ധിയായ ചട്ടക്കൂടിന്റെ ഉള്ളില്‍നിന്ന്് സാമൂഹികശാസ്ത്രപരമായ ഉള്ളടക്കത്തിലേക്കു കൂടി വികസിക്കണം. പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ രണ്ടാമത്തെ വിഷയത്തിന് ലഭിച്ച ഇടം മുസ്‌ലിം സാമൂഹിക പ്രതിനിധാനങ്ങളില്‍ എത്രയളവില്‍ സ്വാധീനിച്ചിട്ടുണ്ടെന്നത് വിശകലനവിധേയമാക്കേണ്ടതാണ്. ഇസ്‌ലാമിന്റെയും അതിന്റെ നിയമസംഹിതയുടെയും അടിസ്ഥാന ലക്ഷ്യം ജീവന്‍, ധനം, അഭിമാനം എന്നിവയുടെ സംരക്ഷണവും പവിത്രതയും സ്ഥാപിക്കലായിരുന്നല്ലോ. വേദഗ്രന്ഥങ്ങള്‍ അവതരിച്ചതിന്റെയും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടതിന്റെയും ലക്ഷ്യമെന്തെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ''തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്; മനുഷ്യര്‍ നീതിപൂര്‍വം നിലകൊള്ളാന്‍. നാം ഇരുമ്പും ഇറക്കിയിരിക്കുന്നു. അതില്‍ വലിയ ശക്തിയുണ്ട്; മനുഷ്യര്‍ക്ക്  ഉപകാരവും. അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും നേരില്‍ കാണാതെ പിന്തുണക്കുന്നവരാരെന്ന് അല്ലാഹു കണ്ടറിയേണ്ടതിന്. അല്ലാഹു മഹാശക്തിയുടയവനും അജയ്യനുമല്ലോ'' (അല്‍ ഹദീദ്: 25)

രണ്ടാമതായി, മര്‍ദിതരുടെയും മര്‍ദകരുടെയും മോചനമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. അതിന്റെ പ്രഥമ വഴി സംവാദമാണ്. സംവാദത്തെ റദ്ദ് ചെയ്യുന്ന നിലപാടുകള്‍ പ്രവാചകന്മാരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഉണ്ടായ അപൂര്‍വം അവസരങ്ങളില്‍ അല്ലാഹു അത് തിരുത്തിയിട്ടുമുണ്ട്. മൂസാ നബിയുടെ ചരിത്രത്തില്‍ നുബുവ്വത്തിനു മുമ്പുള്ള ഘട്ടത്തില്‍ ഒരു കോപ്റ്റിക് യുവാവിനെ അബദ്ധത്തില്‍ കൊലപ്പെടുത്തിയിരുന്നു. അതിനെ കുറിച്ച കുറ്റബോധം അദ്ദേഹത്തെ നിരന്തരം വേട്ടയാടി. തന്നെ പ്രവാചകനായി അല്ലാഹു നിയോഗിക്കുകയും ഫറോവയുടെ അടുക്കലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ മൂസ(അ)യുടെ മറുപടി ശ്രദ്ധേയമാണ്: ''നിന്റെ നാഥന്‍ മൂസായെ വിളിച്ച് ആജ്ഞാപിച്ചത്: അക്രമികളായ ജനത്തിലേക്ക് ചെല്ലുക, ഫറവോന്റെ ജനത്തിലേക്ക്. അവര്‍ ദൈവഭക്തരാകുന്നില്ലേ എന്ന സന്ദേശവുമായി. അദ്ദേഹം ബോധിപ്പിച്ചു: നാഥാ! അവര്‍ എന്നെ തള്ളിക്കളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എന്റെ മാറിടം ഞെരുങ്ങുന്നു. എന്റെ നാവോ വാചാലമല്ല. അതിനാല്‍, ദൗത്യം ഹാറൂനിനെ ഏല്‍പിച്ചാലും! എന്നിലാവട്ടെ അവരൊരു കുറ്റം ചുമത്തിയിട്ടുമുണ്ട്. അതിന്റെ പേരില്‍ അവര്‍ കൊന്നുകളയുമെന്ന് എനിക്കു പേടിയുണ്ട്'' (അശ്ശുഅറാഅ്: 10-14).

മക്കയിലെ പ്രമാണികളോട് സംസാരിച്ചിരിക്കെ, തന്നെ കാണാന്‍ വന്ന അനുചരന്‍ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂമിനെ നബി(സ) ശ്രദ്ധിക്കാതിരുന്നത് അല്ലാഹു തിരുത്തിയതും ശ്രദ്ധേയമാണ്. വിമോചകന്റെ വ്യക്തിത്വത്തിന് നിരക്കുന്നതല്ല ഈ നിലപാടെന്നതാണ് ഈ തിരുത്തല്‍ നല്‍കുന്ന പാഠം. മര്‍ദിതര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും വേണ്ടി സംസാരിക്കാനുള്ള നാവിന്റെ ബലം ഇല്ലാതാവുന്നതിലൂടെ സംവാദത്തിന്റെ ഇടം നബിക്ക് നഷ്ടപ്പെടുകയാകും ഫലം. യുദ്ധവേളയിലും വിജയാനന്തരവും നബി സ്വീകരിച്ച സമീപനങ്ങള്‍ സവിശേഷമാണ്. നിരായുധരെയും വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും അക്രമിക്കരുതെന്ന് സൈനികര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. വിജയാനന്തരം മക്കയിലെ നേതാക്കള്‍ക്ക് മാപ്പ് നല്‍കി. ഇതെല്ലാം സംവാദത്തിന്റെ ചക്രവാളങ്ങളുടെ വികാസത്തിന് നിമിത്തമായി. ഇത് തന്ത്രപരമായ നീക്കം എന്ന നിലക്ക് മാത്രം നോക്കിക്കാണേണ്ട ഒന്നല്ല; ണ്ടഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമുഹികവും നാഗരികവുമായ ദൗത്യം കൂടിയാണിത്.

സംവദിക്കുക എന്ന ശാസനയില്‍ ഒതുക്കിയില്ല ഖുര്‍ആന്‍. അതിന്റെ സ്വഭാവവും ശൈലിയും എന്തായിരിക്കണമെന്നും നിര്‍ണയിക്കുകയും ചെയ്തു. ''യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റവും നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക'' (അന്ന്ഹ്ല്‍: 125). ''ഏറ്റവും നല്ല നിലയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തില്‍ ഏര്‍പ്പെടരുത്'' (അല്‍ അന്‍കബൂത്ത്: 46). സംഘര്‍ഷങ്ങളിലേക്ക് വഴിതെറ്റുന്ന സമീപനങ്ങള്‍ ഒരുകാരണവശാലും മുസ്‌ലിംകള്‍ പ്രകടിപ്പിക്കാനും പാടില്ല. ''മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതില്‍നിന്ന് നിങ്ങളെ വിലക്കിയവരോടുള്ള വെറുപ്പ് അവര്‍ക്കെതിരില്‍ അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. പുണ്യത്തിലും ദൈവഭക്തിയിലും നിങ്ങള്‍ പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും സഹായികളാകരുത്'' (അല്‍ മാഇദ: 2). ഈ നിലപാടില്‍നിന്നുകൊണ്ടുള്ള ലോകവീക്ഷണമാണ് മുസ്‌ലിംകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഖുര്‍ആനില്‍നിന്നും ഈ ഒരു പരിപ്രേക്ഷ്യത്തെ വികസിപ്പിച്ചെടുക്കണം. തങ്ങള്‍ ചരിത്രത്തിലെ പ്രതിനായകരല്ല, നായകന്മാരാണെന്ന അഭിമാനബോധം മുസ്‌ലിം ധിഷണയില്‍ സന്നിവേശിക്കപ്പെടണം. പ്രവാചകന്മാര്‍ ചരിത്രഗതിയെ തിരുത്തിയവരായിരുന്നു എന്ന ബോധം വളര്‍ത്താന്‍ പര്യാപ്തമായ ചരിത്ര രചന നടത്താന്‍ കഴിയണം. 

ഇസ്‌ലാം മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണെന്ന ഖുര്‍ആന്റെ പ്രഖ്യാപനത്തെ സാധൂകരിക്കുന്ന വിധത്തിലാണ് ഇന്നതിന്റെ വ്യാപനം. ഭൂമിയില്‍ മനുഷ്യവാസമുള്ള എല്ലാ വന്‍കരകളിലും ഇസ്‌ലാം എത്തിക്കഴിഞ്ഞു.  ഇസ്‌ലാമുമായി നിരന്തര കലഹത്തിന്റെ ചരിത്രം ഏറെയുള്ള പടിഞ്ഞാറന്‍ നാടുകള്‍ ഇസ്‌ലാമിന്റെ ഹൃദയഭൂമികളും മസ്തിഷ്‌കവുമായിത്തീര്‍ന്നിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. അറബ്‌കേന്ദ്രീകൃത ജ്ഞാനപ്രസ്ഥാനങ്ങള്‍ യാഥാസ്ഥിതികമായ അതിന്റെ വേരുകളില്‍നിന്ന് അടരാന്‍ വിസമ്മതിക്കുകയും ഭൂതകാലത്തിന്റെ തോടുകള്‍ പിളര്‍ത്താന്‍ ഭയപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍, ഇസ്‌ലാമിന്റെ പുതിയ ജ്ഞാനധാരകള്‍ പടിഞ്ഞാറുനിന്ന് രൂപപ്പെടുന്നത് ശുഭകരമാണ്. പടിഞ്ഞാറു നിന്നുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ ആഴത്തിലുള്ള അറിവും ചിന്താലോകവും വിസ്മയാവഹമാണ്. ഇസ്‌ലാമിക ചിന്താരംഗത്ത് കനപ്പെട്ട സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പണ്ഡിതന്മാര്‍ നിരവധിയാണ്. ഇവര്‍ നയിക്കുന്ന പണ്ഡിത സഭകളും അവയുടെ പ്രവത്തനങ്ങളും പുതിയ കാലത്തെ അഭിമുഖീകരിക്കാനുള്ള ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പ്രാപ്തിയെ അടയാളപ്പെടുത്താന്‍ പര്യാപ്തവുമാണ്.

പടിഞ്ഞാറ് ഒരു തുറന്ന സമൂഹമാണ്. ഇതും ഇസ്‌ലാമിന്റെ വ്യാപനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അറബ് സമൂഹങ്ങളില്‍ കാണാന്‍ സാധിക്കാത്തതും മുസ്‌ലിം ഭരണകൂടങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കാത്തതുമായ അവകാശങ്ങള്‍ പടിഞ്ഞാറന്‍ നാടുകളില്‍ നിലനില്‍ക്കുന്നുണ്ടണ്ട്. അതിനാല്‍ പടിഞ്ഞാറിനെ എതിര്‍പക്ഷത്ത് നിര്‍ത്തിയുള്ള രാഷ്ട്രീയ, മത പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മക സംഭാവനകളൊന്നും ലോകത്തിന് നല്‍കാനാവില്ല. പടിഞ്ഞാറ് പ്രതിനിധാനം ചെയ്യുന്ന സാമ്രാജ്യത്വ രാഷ്ട്രീയം എതിര്‍ക്കപ്പെടണം. അത് രാഷ്ട്രീയമായിട്ടാണ് നടക്കേണ്ടത്. കഴിഞ്ഞ ഏഴു ദശകങ്ങളായി മുസ്‌ലിം-അറബ് ദേശങ്ങളിലെ നിയമവിരുദ്ധ ഭരണകൂടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യവിരുദ്ധ ചെയ്തികളും ജയില്‍പീഡനങ്ങളും കൂട്ടക്കൊലകളും പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിന്റെ നിര്‍ലോഭമായ പിന്തുണയോടെയാണെന്നതും കാണാതിരുന്നുകൂടാ. ഹണ്ടിങ്ടണിന്റെയോ ഫുക്കുയാമയുടെേയാ തിയറിയോ പടിഞ്ഞാറിനെതിരായ ഭീകരവാദ-പൗരോഹിത്യ ഫത്‌വകളോ ഒന്നുമല്ല പുതിയ ലോകത്തെ രൂപപ്പെടുത്തുക. ഇസ്‌ലാമിനെ രാക്ഷസവല്‍ക്കരിക്കുന്ന വെള്ള വംശീയതയും പരിഷ്‌കൃത ലോകത്തിന് ഭീഷണിയാണ്. അതിനാല്‍ യൂറോപ്പിനും ഇസ്‌ലാമിനുമിടയില്‍ സംവാദാത്മക ബന്ധം ശക്തിപ്പെടുത്തേണ്ടതും അതിനുള്ള നയവും തന്ത്രവും രൂപപ്പെടുത്തേണ്ടതും പുതുലോക നിര്‍മിതിക്ക് അനിവാര്യമാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍