Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

പെരുന്നാളൊരു ദിനമല്ല, ആശയമാണ്

മുസ്ത്വഫ സ്വാദിഖ് അര്‍റാഫിഈ

മുസ്‌ലിംകള്‍ പെരുന്നാളിനെ ശരിയായി മനസ്സിലാക്കേത് അനിവാര്യമാണ്. അതിനെ അതിന്റെ ആത്മസത്ത ചോര്‍ന്നുപോകാതെ സ്വീകരിക്കുകയും നെഞ്ചേറ്റുകയും വേണം. അപ്പോള്‍ ക്രിയാത്മകവും സൗഭാഗ്യകരവുമായ ദിനങ്ങള്‍ കടന്നുവരും. അതിന്റെ ഗുണഗണങ്ങള്‍ ഓരോന്നും നമ്മില്‍ ഉണര്‍ന്നുവരും. അതിന്റെ ആശയങ്ങള്‍ നമ്മുടെ ഹൃദയങ്ങള്‍ക്ക് പുത്തനുണര്‍വുകള്‍ നല്‍കും. ആശയവും ഗാംഭീര്യവും ചോര്‍ന്നുപോയ ഇപ്പോഴത്തെ പെരുന്നാളോഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കും ആ അനുഭവങ്ങള്‍. വസ്ത്രങ്ങള്‍ പുതുക്കലും ഒഴിവുസമയത്തെ  വിനോദവും കാപട്യം നിറഞ്ഞ പുഞ്ചിരിയുമൊക്കെ ആയിപ്പോകാറുല്ലോ ഇപ്പോഴത്തെ പെരുന്നാളാഘോഷം. 

പെരുന്നാള്‍ ഒരു ദിവസമുണ്ടാവുന്ന ആശയമാണ്. എന്നാലത് ആ ഒരു ദിവസത്തെ ആശയം മാത്രമല്ല. ജനങ്ങള്‍ ആ ആശയത്തെ ഈ ദിവസം മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുകയാണ്. ആ ആശയം അന്നേക്കു മാത്രമുള്ളതല്ല. ആരാധനയോടൊപ്പം ചിന്തയുടെ ആഘോഷം കൂടിയാണ് ഇസ്‌ലാമിലെ പെരുന്നാള്‍. എന്നാല്‍ വൃഥാചിന്തകളുടെ ആഘോഷമായത് മാറിയിരിക്കുന്നു. ആരാധനയോടൊപ്പമുള്ള ചിന്തകള്‍ മുസ്‌ലിം സമുദായത്തെ ക്രിയാത്മകമായി ഐക്യപ്പെടുത്തുന്നു. വൃഥാചിന്തകള്‍ അര്‍ഥശൂന്യമായ അനുകരണങ്ങളിലേക്കാണ് സമുദായത്തെ എത്തിക്കുക. അതിന് സുന്ദരമായ രൂപഭാവങ്ങളുണ്ടാകും, ആശയമൊന്നുമുണ്ടാവില്ല. 

പെരുന്നാള്‍ ഉമ്മത്തിന്റെ ആത്മീയ സാന്നിധ്യം വിളിച്ചറിയിക്കുന്ന സുന്ദരമായ മുഖമായിരുന്നു. ഇന്നത് ഉമ്മത്തിന്റെ ജീര്‍ണതയുടെ പ്രകാശനമായിരിക്കുന്നു. കഠിനാധ്വാനങ്ങള്‍ക്കിടയിലുള്ള വിശ്രമമായിരുന്നു അത്. ഇന്നത് നിന്ദ്യതകള്‍ക്കിടയിലെ ദുര്‍ബലന്റെ മയക്കം പോലെയായിരിക്കുന്നു. അടിസ്ഥാന തത്ത്വങ്ങളെ ഓര്‍ക്കാനുള്ള ദിനമായിരുന്നു അത്. ഇന്നത് ഭൗതിക വിഭവങ്ങളുടെ ദിനമായി ചുരുങ്ങിയിരിക്കുന്നു. 

ചരിത്രഗതിയെ മാറ്റിമറിക്കാനുള്ള മുസ്‌ലിംകരുത്തിന്റെ പ്രകടനരൂപങ്ങളാണ് പെരുന്നാളുകള്‍. ദിനങ്ങള്‍ മാറിവരുമെന്ന സമാധാനത്തില്‍ വെറുതെ ഇരിക്കലല്ല അത്. പെരുന്നാള്‍ സാമൂഹികമായി മുസ്‌ലിംകളുടെ വ്യവസ്ഥാപിതത്വത്തിന്റെ പ്രദര്‍ശനമാണ്. എല്ലാവരുടെയും മനസ്സില്‍ നാമൊന്നാണെന്ന വികാരത്തിന്റെ പ്രകടനമായി മാറുന്നുണ്ട് ഈ സുദിനം. എല്ലാവരുടെ അധരങ്ങളിലും ഒരേ വാക്യങ്ങള്‍. ചരിത്രത്തെ വഴിതിരിച്ചുവിടാന്‍ തങ്ങള്‍ക്കാകുമെന്ന ആത്മവിശ്വാസം ഹൃദയങ്ങളില്‍ നിറയുന്നു. 

പരസ്പര സഹകരണത്തിന്റെയും സഹായങ്ങളുടെയും വികാരഭാവങ്ങളെ വിശാലമാക്കും എന്നല്ലാതെ ഈ ആഘോഷം ഉമ്മത്തിനെ മറ്റെന്താണ് പഠിപ്പിക്കുന്നത്! വിശാലമായ ഭൂപ്രദേശങ്ങളില്‍ പരന്നുകിടക്കുന്നവര്‍ക്ക് പോലും ഒറ്റ വീട്ടുകാരെപോലെ പരസ്പരം പരിഗണിക്കാനാകണം. മാനവിക സാഹോദര്യത്തിന്റെ പ്രാവര്‍ത്തികരൂപമാകണം ഈ ദിനം. പരസ്പരം പുലര്‍ത്തുന്ന ആത്മാര്‍ഥതയുടെയും വിശ്വസ്തതയുടെയും പ്രകടനമാകണം. സ്‌നേഹവും ആത്മാര്‍ഥതയും തുളുമ്പുന്ന ഹൃദയങ്ങളുടെ പരസ്പര നന്മ നേരലും വഴികാട്ടലുമാകണമത്. ഉമ്മത്തിലെ എല്ലാവരും ഒരൊറ്റ കുടുംബമാണെന്ന വികാരത്തിന്റെ പ്രഖ്യാപനമാകണം ഈദ്. 

വിറപ്പിക്കപ്പെട്ട ജനതക്ക് അവരുടെ സുന്ദരമായ തനിമകളെ തിരിച്ചു പിടിച്ച് ജീവിതോന്മേഷം നേടാനുള്ള അവസരമാണ് പെരുന്നാള്‍. ദുര്‍ബലരാകുന്നവര്‍ക്ക് തനിമകള്‍ തിരിച്ചറിയാനാകില്ല. അടിമത്തം സ്വയം പേറുന്നവര്‍ക്ക് ഉന്മേഷമുണ്ടാവില്ല. 'സന്തോഷത്തിന്റെ ദിവസം നീ പുറപ്പെടുക. വിജയസുദിനം പോലെ നീ പുറപ്പെടുക' എന്ന് ഉമ്മത്തിനോട് പെരുന്നാള്‍ ഉറക്കെ വിളിച്ചു പറയുകയാണ്. 

വ്യതിരിക്തമായ ഒരു ജനത തങ്ങളുടെ സ്വഭാവഗുണങ്ങള്‍കൊണ്ട് സാമൂഹിക ഉത്തരവാദിത്തങ്ങള്‍ വെളിവാക്കുന്ന ആഘോഷമാണ് ഈദ്. മറ്റുള്ളവരുടേതിനേക്കാള്‍ മെച്ചപ്പെട്ടതും തങ്ങളുടെ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്തതുമാണാ സ്വഭാവഗുണങ്ങള്‍. അസ്തിത്വത്തിലും നിര്‍മിതിയിലും സമുദായത്തിന്റെ സ്വാതന്ത്ര്യത്തെ അത് ഉദ്‌ഘോഷിക്കുന്നു. സമുദായത്തിന്റെ വിശ്വാസം എത്ര ശക്തമാണെന്ന് അത് വെളിവാക്കുന്നു. അവരുടെ വീടുകളിലും തെരുവുകളിലും ആഹ്ലാദങ്ങള്‍ നിറക്കുന്നു. ഒരു ജനത അവരുടെ വ്യതിരിക്തതകളെയാണ് ആഘോഷിക്കുന്നതെന്ന് തോന്നുമാറാകും. 

വിജയകരമായ ജീവിത വഴികളില്‍, ഭാവിയെ കുറിച്ച പ്രതീക്ഷയില്‍ വലിയവരുടെയും ചെറിയവരുടെയും ഒത്തുചേരലാണ് ഈദ്. കുട്ടികള്‍ അവരുടെ പഠനവും ക്ലാസുകളും നിര്‍ത്തി ആഹ്ലാദങ്ങളിലും ആഘോഷങ്ങളിലും മുഴുകുന്നു. മുതിര്‍ന്നവര്‍ അവരെ ആഘോഷദിനത്തിന്റെ സന്ദേശങ്ങളും ആശയങ്ങളും പഠിപ്പിക്കുന്നു. പെരുമാറ്റങ്ങളിലും ശൈലികളിലും എങ്ങനെയാണ് മാനവികമായ ഗുണങ്ങള്‍ ആര്‍ജിക്കേണ്ടതെന്ന് മുതിര്‍ന്നവര്‍ പുതുതലമുറക്ക് തങ്ങളുടെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുന്നു. ജനതയുടെ ഹൃദയങ്ങള്‍ ഇപ്രകാരം സജീവതകളാല്‍ നിറക്കപ്പെടുന്നു. 

കാലത്തിന്റെ കുത്തൊഴുക്കിനിടയിലും അതിനെ അഭിമുഖീകരിക്കുന്നതെങ്ങനെയെന്ന് പെരുന്നാള്‍ ഉമ്മത്തിനെ പഠിപ്പിക്കുന്നു. ഇത്തരം മാതൃകകള്‍ സൃഷ്ടിക്കാനാണ് ദീനിന്റെ അടിസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത്. ഉല്‍പാദനത്തിനും അറിവിനും കലകള്‍ക്കും വിനോദങ്ങള്‍ക്കും പുതിയൊരു അര്‍ഥം നല്‍കാനും സാധിക്കുന്നു. രാഷ്ട്രീയമായ ഈദിന്റെ ഈ ഉള്ളടക്കം ഒരിക്കലും വിസ്മരിക്കാവതല്ല. ഇസ്‌ലാമില്‍ പാരമ്പര്യമായി കൈമാറിക്കിട്ടുന്ന പൈതൃകമാണത്. എല്ലാ കാലത്തെയും ജനതയെ ഉത്ഥാനങ്ങള്‍ക്ക് യോഗ്യരാക്കാനും മാതൃകകള്‍ സൃഷ്ടിക്കാനും ഉമ്മത്തിന്റെ ഭാവനകള്‍ സാക്ഷാത്കരിക്കാനും അതുകൊണ്ടുണ്ടാവേണ്ട ഗുണങ്ങളും ഉപകാരങ്ങളും യാഥാര്‍ഥ്യമാക്കാനും രാഷ്ട്രീയമായ ഈ ഉള്ളടക്കം മറക്കാതിരിക്കല്‍ അനിവാര്യമാണ്. 

ഇതേ സന്ദേശം കൈമാറാന്‍ തന്നെയാണ് ആഴ്ചയില്‍ എല്ലാ വെള്ളിയാഴ്ചകളിലും പെരുന്നാളിന്റെ ആവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. അത് ഈ ജനതയെ ഐക്യവും സഹകരണവും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. മിമ്പറുകളില്‍ മരത്തിന്റെ വാളുകള്‍ പിടിച്ച് ഖുത്വ്ബ നിര്‍വഹിക്കുന്നവര്‍ പ്രതിരോധത്തിന്റെ ഒരു വികാരവും പകര്‍ന്നു നല്‍കാതിരിക്കുന്നതെത്ര ഖേദകരം! 

(വഹ്‌യുല്‍ ഖലം എന്ന പുസ്തകത്തില്‍നിന്ന്) 

വിവ: പി.പി ജുമൈല്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍