Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

ഇഅ്തികാഫും ലൈലത്തുല്‍ ഖദ്‌റും

എം.സി. അബ്ദുല്ല

റമദാനിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അവയുടെ പൂര്‍ണതയോടെ സാക്ഷാത്കരിക്കാന്‍ അല്ലാഹു നിശ്ചയിച്ചതാണ് ഇഅ്തികാഫ്; അഥവാ പള്ളിയില്‍ ഭജനമിരിക്കല്‍. ഹൃദയസാന്നിധ്യം, മനശ്ശാന്തി, മനോവീര്യം, ദേഹവും ദേഹിയും അല്ലാഹുവിന് നീക്കിവെക്കല്‍, അവന്റെ ഉമ്മറപ്പടിയില്‍ വീണു കിടക്കല്‍, അവന്റെ അനുഗ്രഹാശിസ്സുകളുടെ മടിത്തട്ടില്‍ അഭയം കണ്ടെത്തല്‍ തുടങ്ങിയ ആത്മവിശുദ്ധിയുടെ ഉയര്‍ന്ന തലങ്ങളെയാണ് ഭജനമിരിക്കലിലൂടെ നാം വീണ്ടെടുക്കുന്നത്.

ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ''അല്ലാഹുവുമായുള്ള ആത്മബന്ധം സുദൃഢമാക്കുക, മനസ്സ് അവനില്‍ മാത്രം കേന്ദ്രീകരിക്കുക, സൃഷ്ടികളുമായുള്ള ബന്ധങ്ങള്‍ വിട്ട് സ്രഷ്ടാവുമായി ബന്ധപ്പെടുക, ഒരു മനുഷ്യന്റെ ഹൃദയത്തില്‍ കുടികൊള്ളുന്ന സകല വികാരവിചാര സന്താപ സന്തോഷങ്ങളുടെയും സ്ഥാനത്ത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ ഉണ്ടാവുക തുടങ്ങിയവയാണ് ഇഅ്തികാഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. അതിന്റെ മജ്ജയും ജീവനും             മനുഷ്യരുമായുള്ള നേരമ്പോക്കിന് പകരം അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുക എന്നതാണ്. ഖബ്‌റിലുള്ള ഏകാന്തതയുടെ അവസരത്തില്‍ ഈ ഏകാന്തത ഒരു മുതല്‍ക്കൂട്ടായിരിക്കും. ഇത് ഒരു നേരമ്പോക്കും അതേസമയം അവന്റെ പാഥേയവും കൂടിയാണ്. റമദാനിന്റെ അവസാനത്തെ സുവര്‍ണ പത്ത് ദിനങ്ങളില്‍ സുന്നത്തായ ഇഅ്തികാഫിന്റെ പരമോദ്ദേശ്യങ്ങളില്‍ ചിലതാണിത്''(സാദുല്‍ മആദ്, പേജ് 178).

ശാഹ് വലിയ്യുല്ല എഴുതുന്നു: ''ഹൃദയശുദ്ധിയും ഹൃദയസാന്നിധ്യവും മാലാഖമാരോടുള്ള സാധര്‍മ്യവും നിര്‍ണയ രാത്രിയില്‍ പങ്കുചേരലുമെല്ലാം ഇഅ്തികാഫ് മുഖേന ലഭ്യമാകുന്നു. റമദാനിന്റെ  അവസാനത്തെ പത്താണ് നബി(സ) അതിന് തെരഞ്ഞെടുത്തത്. അവിടുത്തെ സുകൃതികളായ അനുയായികള്‍ അത് സുന്നത്താണെന്ന് മനസ്സിലാക്കുകയും ചെയ്തു.''

നബി(സ) സ്ഥിരമായി എല്ലാ വര്‍ഷവും ഇഅ്തികാഫ് അനുഷ്ഠിച്ചുപോന്നു. മുസ്‌ലിം ലോകം തലമുറ തലമുറയായി അത് കാത്തുസൂക്ഷിക്കുന്നു. അങ്ങനെ ഇഅ്തികാഫ് സ്ഥിരപ്പെട്ട സുന്നത്തും റമദാനിന്റെ ആത്മീയ ചിഹ്നവുമായിത്തീരുന്നു.

ആഇശ(റ)യില്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: ''നബി(സ) ഇഹലോകവാസം വെടിയുന്നതുവരെ റമദാനിന്റെ അവസാനത്തെ ദിനങ്ങളില്‍ പള്ളിയില്‍ ഭജനമിരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ കാലശേഷം അവിടുത്തെ പത്‌നിമാരും ഭജനമിരുന്നിരുന്നു.'' അബൂഹുറയ്‌റ പറയുന്നു: ''എല്ലാ റമദാനിലും അവസാനത്തെ പത്തു ദിവസം നബി(സ) ഭജനമിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞ വര്‍ഷമാകട്ടെ ഇരുപത് ദിവസവും അതു നിര്‍വഹിച്ചു''(ബുഖാരി).

 

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം

ലൈലത്തുല്‍ ഖദ്ര്‍ എന്ന അനുഗൃഹീത രാത്രിയുടെ പ്രത്യേകതകള്‍ ഖുര്‍ആനിലും ഹദീസിലും ധാരാളം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ''നിശ്ചയം, നാമത് (ഖുര്‍ആന്‍) ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്ര്‍ എന്താണെന്നു നിനക്കറിയുമോ? ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു. അന്നു മലക്കുകളും ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുവാദത്തോടെ എല്ലാ കല്‍പനകളുമായി ഇറങ്ങിക്കൊണ്ടിരിക്കും. പ്രഭാതപ്പുലരിവരെ അന്ന് രക്ഷയുണ്ടായിരിക്കും.''

ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി പറയുന്നു: ''ലൈലത്തുല്‍ ഖദ്‌റിനെ നമുക്ക് രണ്ടായി വിഭജിക്കാം. ഒന്ന്, സകല കാര്യങ്ങളും ആകാശത്തു വെച്ച് തീരുമാനിക്കപ്പെടുന്ന രാത്രി. അന്നാണ് ഖുര്‍ആന്‍ മുഴുവനായി വാനലോകത്ത് അവതരിപ്പിച്ചത്. പിന്നെ അല്‍പ്പാല്‍പ്പമായി ഭൂമുഖത്തേക്കവതരിക്കാന്‍ തുടങ്ങി. ഈ രാത്രി വര്‍ഷത്തില്‍ ഒന്നു മാത്രം. അത് റമദാനില്‍ തന്നെയായിക്കൊള്ളണമെന്നുമില്ല. എന്നാല്‍ അധികപക്ഷവും റമദാനില്‍ തന്നെയാണെന്നാണ്. ഖുര്‍ആന്‍ ആദ്യമായി അവതരിച്ച ആ രാത്രി റമദാനില്‍ തന്നെയായിരുന്നല്ലോ.

രണ്ട്, അന്ന് ആത്മീയാന്തരീക്ഷം നിറഞ്ഞു നില്‍ക്കും. വാനലോകത്തുനിന്ന് മാലാഖമാര്‍ നിരന്തരം ഇറങ്ങിക്കൊണ്ടിരിക്കും. സത്യവിശ്വാസികള്‍ ആരാധനയില്‍ മുഴുകുകയും അവരുടെ പ്രകാശത്തിന്റെ പാലൊളി പാരില്‍ പരക്കുകയും ചെയ്യും. മലക്കുകള്‍ അവരെ സമീപിക്കുകയും പിശാച് അവരെ കൈയൊഴിയുകയും ചെയ്യും. അന്ന് അവരുടെ പ്രാര്‍ഥനകളും ആരാധനകളും സ്വീകാര്യയോഗ്യമായിരിക്കും. ആ രാത്രി റമദാനിലെ അവസാന പത്തിലെ ഒറ്റയൊറ്റ രാത്രികളില്‍ ഏതെങ്കിലുമൊന്നാണ്. അത് ആ ദിവസങ്ങളില്‍ മുന്തുകയോ പിന്തുകയോ ചെയ്‌തേക്കാം. പക്ഷേ, ഒരിക്കലും പുറത്തുപോവുകയില്ല. ഇപ്പോള്‍ നാം രണ്ടു തരം രാത്രികളെക്കുറിച്ച് പറഞ്ഞു. അതില്‍ ലൈലത്തുല്‍ ഖദ്ര്‍ കൊണ്ടുദ്ദേശിക്കുന്നത് ഒന്നാമത്തേതാണെന്ന് പറഞ്ഞവര്‍ അത് വര്‍ഷത്തില്‍ മുഴുവനുമാണെന്ന്  അഭിപ്രായപ്പെട്ടു. രണ്ടാമത്തേതാണ് ഉദ്ദേശ്യം എന്നു പറഞ്ഞവര്‍ റമദാനിന്റെ അവസാന പത്തിലാണെന്നും വ്യക്തമാക്കി. നബി(സ) പഠിപ്പിച്ചു: '(ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ചുള്ള) നിങ്ങളുടെ സ്വപ്‌നത്തെ ഞാന്‍ കാണുന്നതിങ്ങനെയാണ്: അതു റമദാനിലെ അവസാനത്തെ ഏഴ് ദിവസങ്ങളിലാകും. അതിനാല്‍ ആരെങ്കിലും അത് പ്രതീക്ഷിക്കുന്നെങ്കില്‍ അവസാനത്തെ ഏഴ് ദിവസങ്ങളില്‍ കാത്തുകൊള്ളുക.' മറ്റൊരവസരത്തില്‍ അവിടുന്ന് പറഞ്ഞു: 'ആ രാത്രി എനിക്കു ദൃശ്യമായി. മണ്ണിലും ജലത്തിലും സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ എന്നെത്തന്നെ അന്ന് കണ്ടു. അത് ഇരുപത്തിയൊന്നാം രാത്രിയായിരുന്നു.' ഈ പ്രശ്‌നത്തില്‍ സ്വഹാബികള്‍ക്കുള്ള അഭിപ്രായവ്യത്യാസം കേവലം അനുഭൂതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ, വാല്യം 2, പേജ് 41). 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍