Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

മനുഷ്യ ഭാഗധേയം നിര്‍ണയിച്ച ആ റമദാന്‍ രാത്രി

സബ്രീന ലെയ്

മനുഷ്യന്‍ തന്റെ സ്രഷ്ടാവുമായി മുമ്പുള്ളതിനേക്കാള്‍ സുദൃഢമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കുക എന്നതാണ് ഖുര്‍ആനിക ഉദ്‌ബോധനങ്ങളുടെ സത്ത എന്നു പറയാം. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) എന്ന റോള്‍ ഭംഗിയായി നിര്‍വഹിക്കണമെങ്കില്‍ ഈ ബന്ധം ബലപ്പെടുത്തിക്കൊണ്ടിരുന്നേ മതിയാവൂ. ഈ റോള്‍ അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കാനുള്ള അവസരമാണ് ഓരോ റമദാനും ഒരുക്കിത്തരുന്നത്. ദൈവത്തിന്റെ വിവിധ കല്‍പനാ നിര്‍ദേശങ്ങളുമായി മനുഷ്യന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുരഞ്ജനത്തിലാവുകയാണ് ചെയ്യുന്നത്. ഒരാള്‍ക്ക് തന്റെ സ്രഷ്ടാവുമായും തന്റെ തന്നെ ആന്തരികസത്തയുമായും തനിക്ക് ചുറ്റുമുള്ള ലോകവുമായും ഉള്ള ബന്ധത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു ഈ അനുരഞ്ജനം.

റമദാന്‍ ഓരോ വിശ്വാസിയോടും പറയുന്നത്, ജീവിത പ്രയാസങ്ങളുടെ നടുക്കടലിലൂടെ നീന്തുമ്പോഴും അതിന്റെ വിഹ്വലതകളില്‍പെട്ട് ഒരു നിമിഷം പോലും തന്റെ സ്രഷ്ടാവിനെ വിസ്മരിച്ചുകൂടാ എന്നാണ്. ശാരീരികവും മാനസികവും ആത്മീയവുമായ പലതരം മാനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന നോമ്പിലൂടെയാണ് ഒരാള്‍ക്ക് സ്വന്തം ജീവിതത്തെ ഇഴകീറി പരിശോധിക്കാന്‍ അവസരം ലഭിക്കുന്നത്. ഒരു കണ്ണാടിയിലെന്ന വണ്ണം ഒരാള്‍ സ്വയം കാണുകയാണ്. നോമ്പ് അനുഷ്ഠിക്കുമ്പോള്‍ നേരിടുന്ന ശാരീരികവും മറ്റുമായ ഓരോ പ്രയാസവും, ദൈവസ്മരണയില്‍നിന്ന് അവനെ അകറ്റിക്കളയുന്ന എല്ലാ തടസ്സങ്ങളെയും നീക്കിക്കളയുകയാണ് ചെയ്യുന്നത്. താന്‍ തന്റെ നിലനില്‍പ്പിന്റെ ആധാരമെന്ന് ധരിച്ചുവശായ ഭൗതികമായ പലതില്‍നിന്നും തന്റെ ആത്മാവിനെ കഴുകിയെടുക്കാന്‍ ഇതുവഴി സാധ്യമാകുന്നു.

നോമ്പിലെ പ്രയാസങ്ങള്‍ നാം സ്വയം തെരഞ്ഞെടുക്കുന്നതാണ്. ദൈവം മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം കൂടിയാണത്. പക്ഷേ, ആ സ്വാതന്ത്ര്യത്തിന്റെ വിലയും മൂല്യവും നഷ്ടപ്പെടും, ശാരീരിക ഇഛകളുടെയും താല്‍പര്യങ്ങളുടെയും പൂര്‍ത്തീകരണമാണ് സന്തോഷത്തിന്റെ ഉറവിടം എന്ന് നാം ധരിച്ചുവശായിക്കഴിഞ്ഞാല്‍. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, യഥാര്‍ഥ മനുഷ്യസ്വാതന്ത്ര്യം സാക്ഷാത്കരിക്കപ്പെടുക താന്‍ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണ് എന്ന തീക്ഷ്ണമായ അവബോധം മനുഷ്യനില്‍ ഉണ്ടാകുമ്പോഴാണ്. അപ്പോള്‍ മാത്രമാണ് ദൈവത്തോടും തന്റെ സഹജീവികളോടും ദൈവത്തിന്റെ മറ്റു സൃഷ്ടികളോടുമുള്ള ബാധ്യത അവന് നിറവേറ്റാനാവുക. ഈയൊരു തലത്തിലേക്ക് തന്നെ ഉയര്‍ത്തുന്നതിന് ഒരു നിശ്ചിത കാലം വെടിയലിന്റെയും വിട്ടുനില്‍ക്കലിന്റെയും ജീവിതരീതി സ്വീകരിക്കേണ്ടതുണ്ടെന്നും നോമ്പ് അവനെ പഠിപ്പിക്കുന്നു.

ക്ഷമിക്കാനും സഹിക്കാനും കാത്തിരിക്കാനും പ്രതീക്ഷ നഷ്ടപ്പെട്ട് അലസതയിലേക്കും ആലസ്യത്തിലേക്കും വീണുപോകാതിരിക്കാനുമുള്ള ശേഷി നല്‍കുന്നുണ്ട് വ്രതം ഓരോ വിശ്വാസിക്കും. ദൈവത്തിന് വഴിപ്പെടുന്നതിലൂടെ അവന്‍ തന്റെ നൈസര്‍ഗിക പ്രകൃതി(ഫിത്വ്‌റ)യെ തിരിച്ചുപിടിക്കുകയാണ്. കാരണം ഒരാള്‍ തന്റെ സ്രഷ്ടാവിന് സമര്‍പ്പിക്കുന്ന വിശ്വാസത്തില്‍നിന്നും അര്‍പ്പണ മനോഭാവത്തില്‍നിന്നും ഉത്ഭൂതമാവുന്ന നിലപാടുകളാണ് മനുഷ്യപ്രകൃതിയെ രൂപപ്പെടുത്തുക. ദൈനംദിന ജീവിതബാധ്യതകള്‍ നിര്‍വഹിക്കാന്‍ തന്നെ സഹായിക്കുന്ന പലതില്‍നിന്നും പകല്‍ മണിക്കൂറുകളോളം വിട്ടുനില്‍ക്കുക വഴി, തന്റെ ജീവിതം തനിക്കു മാത്രം അവകാശപ്പെട്ടതല്ല എന്ന ബോധം വളര്‍ന്നുവരും. താന്‍ കണക്ക് ബോധിപ്പിക്കേണ്ട ഒന്നാണ് തന്റെ ആയുഷ്‌കാലമെന്ന ബോധവും മനസ്സില്‍ ഉറക്കും. 'ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്' (യഥാര്‍ഥ അധികാരവും ശക്തിയും അല്ലാഹുവിനു മാത്രമാണ്) എന്ന പ്രയോഗത്തിന്റെ ആഴത്തിലുള്ള അര്‍ഥങ്ങള്‍ മറ്റേത് കാലത്തേക്കാളും കൂടുതലായി വിശ്വാസി തിരിച്ചറിയുന്ന സന്ദര്‍ഭം കൂടിയാണ് റമദാന്‍. നോമ്പെടുക്കുമ്പോഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍, താന്‍ മാനസികമായും ശാരീരികമായും എത്ര ദുര്‍ബലനാണെന്ന് അവനെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു; യഥാര്‍ഥ സമാധാനം സ്രഷ്ടാവിലേ കണ്ടെത്താനാവൂ എന്നും.

ദൈവസ്മരണയാല്‍ പ്രചോദിതനായി ഒരു മുസ്‌ലിം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അത് എത്ര നിസ്സാരമായിരുന്നാലും, ഭൗതികലോകത്തെ സംബന്ധിക്കുന്നത് മാത്രമായിരുന്നാലും, അതിനൊരു അനശ്വര മൂല്യമുണ്ട്. തന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇഹലോക ജീവിതം ആധ്യാത്മിക നിര്‍വൃതി നല്‍കുന്നത് കൂടിയാണെന്ന് അവന്‍ മനസ്സിലാക്കുന്നു. ഈ അര്‍ഥത്തില്‍ വിശ്വാസിയുടെ ആരാധനകള്‍ അനശ്വരതയിലേക്ക് തുറന്നുവെച്ച വാതിലുകളാണ്. ഓരോ അനുഷ്ഠാനത്തിനും അതിന്റേതായ സമയമുണ്ട്. അതനുസരിച്ചാണ് ജീവിതം ക്രമീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുക. അതേസമയം ഈ ആരാധനാ രൂപങ്ങളൊന്നും തന്നെ മനുഷ്യനെ ഏകാന്തതയിലോ സന്യാസത്തിലോ കൊണ്ടുപോയി തളക്കുന്നില്ല. ആരാധനകള്‍ മരുപ്പച്ച പോലെയാണ്. വിശ്രമിക്കാനും കര്‍മശേഷി വീണ്ടെടുക്കാനും മനുഷ്യന്‍ അങ്ങോട്ട് തിരിച്ചെത്തുകയാണ്. അത് അവിടെത്തന്നെ തങ്ങാനല്ല. ലോകത്തുള്ള തന്റെ മറ്റു സഹജീവികളെയും കൂട്ടി വീണ്ടും യാത്ര തുടരാനുള്ള ഊര്‍ജം സ്വീകരിക്കുന്നതിനു വേണ്ടി മാത്രം.

അതിനാല്‍ സമയവും അനശ്വരതയും തമ്മില്‍ തുടര്‍ച്ചയുള്ളതും ചലനാത്മകവുമായ ഒരു ബന്ധം നിലനില്‍ക്കുന്നുണ്ട്, മുസ്‌ലിം ജീവിതത്തിലുടനീളം. അതിന്റെ അടിസ്ഥാന താളം അതാണെന്നു പോലും പറയാം. നോമ്പിന്റെ കാര്യം തന്നെ എടുക്കുക. ദൈവത്തിന് സ്വമേധയാ വഴിപ്പെട്ടുകൊണ്ട് ചെയ്യുന്ന ഒരു കര്‍മമാണത്. നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്ത് വെച്ചാണ് അത് അനുഷ്ഠിക്കുന്നത്. സ്ഥലകാലാതീതനായ ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടതിനാല്‍, സ്ഥലത്തിനും കാലത്തിനും അതീതമായ മൂല്യവും മാനവും അതിന് കൈവരുന്നു. നശ്വരതയുടേതും അനശ്വരതയുടേതുമായ രണ്ട് ലോകങ്ങളാണ് അവനു മുന്നില്‍. രണ്ടിടത്തും അവന് അപരിചിതത്വം അനുഭവപ്പെടുന്നില്ല. രണ്ടിനെയും അവന്‍ തന്റെ അനുഭവത്തിന്റെ ഭാഗമാക്കി പരസ്പരപൂരകമാക്കുകയാണ്. ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് അനുസൃതമായ ഒരു ജീവിതം പൂര്‍ണാര്‍ഥത്തില്‍ അവന്‍ ജീവിച്ചു തീര്‍ക്കുകയാണ്.

അതേ, ഇസ്‌ലാം ഇഹലോകത്തും പരലോകത്തും ഒരേസമയം വേരോടി നില്‍ക്കുന്ന ദര്‍ശനമാണ്. വ്യക്തിതലത്തിലും സാമൂഹികമായും ആ രണ്ട് തലങ്ങളും ചേര്‍ന്നുനിന്നുകൊണ്ടാണ് മുസ്‌ലിം ജീവിതം മുന്നോട്ടൊഴുകുന്നത്. ദൈവവുമായി അഗാധമായ ഹൃദയ ബന്ധം പുലര്‍ത്തുന്ന ആ മനുഷ്യന്‍ തന്നെ, താന്‍ ജീവിക്കുന്ന ലോകത്തും അങ്ങനെ ചരിത്രത്തിലും ഇടപെടുന്നു. ഇങ്ങനെ ശരീരത്തെയും ആത്മാവിനെയും ഒരേസമയം വളര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്നതിന്റെ മികച്ച മാതൃകയാണ് റമദാന്‍ കാഴ്ചവെക്കുന്നത്.

ഇസ്‌ലാമില്‍ ആരാധന എന്നു പറയുമ്പോള്‍ അതിന്റെ ആശയതലം വളരെ വിപുലമാണ്. മനുഷ്യന്‍ ചെയ്യുന്ന ഏത് പ്രവൃത്തിയെയും ആ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും; ഒരു സാധാരണ പ്രവൃത്തിയെ വരെ. ദൈവേഛക്ക് അനുസൃതമായിട്ടായിരിക്കണം ആ പ്രവൃത്തി എന്നു മാത്രം. ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ ഭൗതികമായ കലര്‍പ്പുകളൊന്നും ഉണ്ടാകാന്‍ പാടില്ല. അപ്പോള്‍ ദൈവത്തിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുള്ള ഏതൊരു പ്രവൃത്തിയും ആരാധനയുടെ തലത്തിലേക്ക് ഉയരുന്നു. പ്രദര്‍ശനപരതക്ക് അവിടെ യാതൊരു സ്ഥാനവുമില്ല. എല്ലാ ആരാധനകളുടെ മര്‍മവും ഇതുതന്നെ; പ്രത്യേകിച്ച് റമദാന്‍ നോമ്പിന്റെ.

ഒരാള്‍ നോമ്പനുഷ്ഠിക്കുകയോ മറ്റു ആരാധനാ കര്‍മങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുമ്പോള്‍ ദൈവമല്ലാതെ ഒരു ശക്തിയും ഒരു നിലക്കും അയാളെ സ്വാധീനിക്കുന്നില്ല. അയാള്‍ പ്രശസ്തി ആഗ്രഹിക്കുന്നില്ല. എന്തൊരു ദൈവഭക്തന്‍ എന്ന ജനങ്ങളുടെ പ്രശംസ കൊതിക്കുന്നില്ല. താന്‍ ജീവിക്കുന്ന സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദഫലമായിട്ടുമല്ല അത്തരം അനുഷ്ഠാനങ്ങള്‍. പ്രവൃത്തികള്‍ സ്വീകരിക്കപ്പെടുക ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ എല്ലാ അര്‍ഥത്തിലും യാതൊരു പരപ്രേരണയും കൂടാതെ മനുഷ്യന്‍ സ്വയം തീരുമാനമെടുക്കുകയാണ്. ദൈവപ്രീതിയല്ലാതെ മറ്റൊന്നും അവന്റെ ചിന്തയിലേ വരുന്നില്ല. പ്രവൃത്തി എത്ര നിസ്സാരമാണെങ്കിലും അതിനെ മഹത്തരമാക്കുന്നത് അതാണ്. അതുകൊണ്ടാണ്, നോമ്പ് ഉള്‍പ്പെടെയുള്ള അനുഷ്ഠാനങ്ങള്‍ മനുഷ്യന്റെ യഥാര്‍ഥ സ്വാതന്ത്ര്യപ്രഖ്യാപനമാണ് എന്ന് നേരത്തേ സൂചിപ്പിച്ചത്.

ദൈവത്തിന് വഴിപ്പെടുക എന്ന് പറയുമ്പോള്‍ അതിനൊരു നിഷേധാത്മക അര്‍ഥമുണ്ടല്ലോ എന്ന് തോന്നാം. യഥാര്‍ഥത്തിലത് ദൈവവുമായി, തനിക്ക് ചുറ്റുമുള്ള പ്രകൃതിയുമായി മനുഷ്യന്‍ ഉണ്ടാക്കിയെടുക്കുന്ന സ്വരച്ചേര്‍ച്ചയുള്ള ബന്ധത്തിന്റെ പേരാണ്. ഒരു മുസ്‌ലിം തന്നെ പൂര്‍ണമായി ദൈവേഛക്ക് സമര്‍പ്പിക്കുമ്പോള്‍ ആത്മീയമായും വൈകാരികമായുമൊക്കെ അവന്‍ സ്വതന്ത്രനാവുകയാണ് ചെയ്യുന്നത്. കാരണം ദൈവമല്ലാതെ മറ്റൊരു യജമാനനെയും അവന്‍ വഴിപ്പെടുന്നില്ലല്ലോ. അത്തരമൊരു മനുഷ്യനില്‍നിന്ന് മാനവികതയുടെ ഏറ്റവും ഉദാത്തമായ മൂല്യങ്ങളാണ് പ്രസരിക്കുക. നോമ്പെടുക്കുന്ന വിശ്വാസിയെ ശ്രദ്ധിച്ചാല്‍ അത് ബോധ്യമാവും.

ഒരു റമദാന്‍ രാത്രിയുടെ നിശ്ശബ്ദതയില്‍ ഹിറ എന്ന ഇടുങ്ങിയ ഗുഹയില്‍ വെച്ച് അവതരിക്കാന്‍ തുടങ്ങിയ വിശുദ്ധ ഖുര്‍ആന്‍ അഴിച്ചുവിട്ട പോസിറ്റീവ് എനര്‍ജി എത്ര ശക്തമായിരുന്നു എന്ന് ചോദിച്ചാല്‍, കാല്‍ നൂറ്റാണ്ടിനകം അറേബ്യയില്‍ ശക്തമായ ഒരു ഭരണകൂടത്തിന് അത് അടിത്തറ പാകി. അതില്‍നിന്ന് വികസിച്ചുവന്ന നാഗരികത മുഹമ്മദ് നബിയുടെ മരണത്തിനു ശേഷമുള്ള ഒരു നൂറ്റാണ്ടിനകം അന്ദലൂസ് മുതല്‍ ചൈനയുടെ അതിര്‍ത്തികള്‍ വരെ ചെന്നെത്തി. ഇപ്പോള്‍,  പതിനാല് നൂറ്റാണ്ടുകള്‍ക്കു ശേഷം മുസ്‌ലിം ജനസംഖ്യ ഒന്നര ബില്യനില്‍ എത്തിനില്‍ക്കുന്നു. മനുഷ്യവാസമുള്ള എല്ലായിടത്തും അവരുണ്ട്, അവരുടെ നാഗരികതയും സംസ്‌കാരവുമുണ്ട്. വെല്ലുവിളികളുടെ തിരമാലകള്‍ അടിച്ചുയരുമ്പോഴും, ആത്മീയതയുടെ ചാരുതയാര്‍ന്ന ഈ സമ്യക്കായ ദര്‍ശനവും നാഗരികതയും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്നു.

ക്രി. 610-ന് 'ഭാഗധേയം നിര്‍ണയിക്കുന്ന രാത്രി' (ലൈലത്തുല്‍ ഖദ്ര്‍) അവതീര്‍ണമായ ഖുര്‍ആന്‍ ലോകത്തെയും അതിലെ മനുഷ്യരുടെയും ഭാഗധേയത്തെ അടിമുടി മാറ്റിക്കളഞ്ഞു. ലോക ചരിത്രത്തില്‍ മറ്റൊരു മതത്തിനും ദര്‍ശനത്തിനും ഈയൊരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. വരുംകാലങ്ങളിലും അത് മനുഷ്യഭാഗധേയത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തുകൊണ്ടിരിക്കും; സമാധാനത്തിലേക്കും കാരുണ്യത്തിലേക്കും ജനതതികളെ നയിച്ചുകൊണ്ട്. ലോകാവസാനം വരെ ഈ പ്രക്രിയ തുടരും. സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും സ്വരച്ചേര്‍ച്ചയുടെയും മാസമായി ആഘോഷിക്കപ്പെടേണ്ടതു തന്നെയാണ് റമദാന്‍. 

(റോമിലെ 'തവാസുല്‍ യൂറോപ്പി'ന്റെ ഡയറക്ടറാണ് ലേഖിക)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍