Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

നോഹയുടെ മഹാ നൗക സാക്ഷി, ഈ സന്ദേശം ജൂദിയലണയുന്നതാണ്

അബ്ദുല്‍ വാസിഅ് ധര്‍മഗിരി

പ്രവാചക ഉമ്മത്തിന്റെ ആദ്യ-അവസാന നാളുകളെ പരസ്പരം ചേര്‍ത്തുവെക്കുന്ന, അവക്കിടയിലെ സമാനതകള്‍ വിവരിക്കുന്ന ശ്രദ്ധേയമായ ചില നബിവചനങ്ങളുണ്ട്. 'ഇസ്‌ലാം അന്യഥാത്വത്തോടെയാണ് തുടങ്ങിയത്, പ്രസ്തുത അന്യഥാത്വം തിരിച്ചുവരും', 'പ്രവാചകത്വവും, ശേഷം ഖിലാഫത്തും പിന്നീട് രാജാധിപത്യവും അരങ്ങുവാഴുകയും ഒടുവില്‍ പ്രവാചകത്വ മാതൃകയിലുള്ള ഖിലാഫത്ത് പുനരവതരിക്കുകയും ചെയ്യും'-ഈ ആശയങ്ങളുള്ള നബിവചനങ്ങള്‍  ഉദാഹരണങ്ങളാണ്. 

ഇസ്‌ലാമിക ജീവിതം അനായാസമല്ലെന്നും, വിഷമവും പ്രയാസവും പരീക്ഷണങ്ങളും നിറഞ്ഞതാണെന്നുമാണ് മേല്‍വചനങ്ങള്‍ നല്‍കുന്ന പ്രഥമ സന്ദേശം. ഈ യാഥാര്‍ഥ്യത്തിന്റെ നേര്‍ഭാഷ്യമാണ് 'നിങ്ങള്‍ക്ക് ഒരു കാലം വരാനിരിക്കുന്നു. അന്ന് ദീനനുസരിച്ച് ജീവിക്കുകയെന്നത് ഉള്ളം കൈയില്‍ തീക്കനല്‍ മുറുകെ പിടിക്കുന്നതു പോലെയായിരിക്കും' എന്ന പ്രവാചക മുന്നറിയിപ്പ്. 

വിശ്വാസികള്‍ക്ക് നിരാശയോ ദുഃഖമോ പകരുന്നവ/ പകരേണ്ടവയല്ല മേലുദ്ധരിച്ച നബിമൊഴികളും പ്രവചനങ്ങളും. 'ഇസ്‌ലാമിന്റെ സന്ദേശം ചെന്നെത്താത്ത ഒരു വീടു പോലും ഭൂമിയില്‍ അവശേഷിക്കുകയില്ലെ'ന്ന് സന്തോഷവാര്‍ത്തയറിയിച്ച നബി(സ) മറുവശത്ത് തന്റെ അനുയായികളെ നിരാശയിലേക്ക് തള്ളിയിടുന്ന പ്രസ്താവനകള്‍ നടത്തുകയില്ലെന്ന് തീര്‍ച്ച. 

അതിനാലായിരിക്കണം അന്യഥാത്വത്തെക്കുറിക്കുന്ന മേലുദ്ധരിച്ച പ്രവാചക വചനം 'ആദ്യകാലത്തെ അന്യഥാത്വത്തെ മറികടന്ന് ഇസ്‌ലാം ലോകം കീഴടക്കിയതുപോലെ, അവസാനകാലത്തെ അന്യഥാത്വം ഇസ്‌ലാമിന്റെ മുന്നേറ്റത്തെക്കുറിക്കുന്ന സന്തോഷവാര്‍ത്തയാണെ'ന്ന് ശൈഖ് റശീദ് രിദായെപ്പോലുള്ള പണ്ഡിതന്മാര്‍ വിശദീകരിച്ചത്. 

നബി(സ) വിശ്വാസികളെ ഭയപ്പെടുത്തുകയായിരുന്നില്ല, ദൗര്‍ബല്യവും അപചയവും മുന്നില്‍ കാണുമ്പോള്‍ നിരാശരായേക്കാവുന്ന സമൂഹത്തിന് പ്രതീക്ഷയുടെ കിരണങ്ങള്‍ പകര്‍ന്നു് നല്‍കുകയായിരുന്നു. അക്രമവും അനീതിയും അരങ്ങുവാഴുകയും വിശ്വാസികള്‍ കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമാവുകയും ഇസ്‌ലാം അവക്ക് മൂകസാക്ഷിയാവുകയും ചെയ്യുന്ന സാഹചര്യം തങ്ങളുടെ സന്ദേശത്തിന്റെ മരണാസന്നതയല്ല, തിരിച്ചുവരവിനെയാണ് കുറിക്കുന്നതെന്ന വലിയ പാഠമാണ് നബി(സ) അനുയായികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്.  

ഇസ്‌ലാമിക ജീവിതം പരീക്ഷണാധിഷ്ഠിതമാണെന്ന് പറയുന്ന ഖുര്‍ആന്‍, പരീക്ഷണം മാത്രമല്ല ശേഷമുള്ള വിജയവും മുന്നേറ്റവും ആവര്‍ത്തിതങ്ങളാണെന്നു കൂടി വ്യക്തമാക്കുന്നുണ്ട്. ''അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെത്തന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും 'ദൈവസഹായം എപ്പോഴാണുണ്ടാവുക'യെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ വിജയം അടുത്തുതന്നെയുണ്ടാകും'' (അല്‍ബഖറ 214). 

പരീക്ഷണത്തിന്റെ കൂടെപ്പിറപ്പാണ് വിജയമെന്ന സൂചന ഈ ദൈവിക വചനം നല്‍കുന്നുണ്ട്. മാത്രവുമല്ല, പരീക്ഷണം മുസ്‌ലിമിന്റെ വിശ്വാസം ശക്തിപ്പെടുത്തുകയും, പ്രതിഫലം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും തീയില്‍ ഉരുക്കി അതിന്റെ മാറ്റ് കൂട്ടുന്നതുപോലെ പരീക്ഷണങ്ങളുടെ തീച്ചൂളയിലിട്ട് മുസ്‌ലിമിന്റെ വിശ്വാസത്തിന്റെ മാറ്റ് നോക്കുമെന്ന് 'ഫിത്‌ന' (അല്‍അന്‍കബൂത്ത് 23) എന്ന പദപ്രയോഗത്തിലൂടെ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

പരീക്ഷണങ്ങളുടെയും മര്‍ദനങ്ങളുടെയും മഹാപ്രളയത്തില്‍നിന്ന് ഓടിയൊളിക്കുന്നതിനു പകരം, അവയെ വകഞ്ഞുമാറ്റി മുന്നോട്ടു പോകാനുതകുന്ന 'നൗക' നിര്‍മിക്കുകയാണ് വിശ്വാസി വേണ്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ മനോഹരമായ ഒരു ചരിത്രാഖ്യാനത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. പ്രഥമ പ്രവാചകന്‍ നോഹയുടെ പ്രബോധനാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഖുര്‍ആനിക കല്‍പന. ഒമ്പത് നൂറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഇസ്‌ലാമിക സന്ദേശം, അതിന്റെ ഫലമുള്‍പ്പെടെ (നൂഹ് 1014) പകര്‍ന്നു നല്‍കിയതിനു ശേഷവും, സാമൂഹിക അസമത്വവും വര്‍ണവിവേചനവും കൂടുകെട്ടിയ പ്രസ്തുത ജനതയുടെ ഹൃദയങ്ങള്‍ക്കവ സ്വീകാര്യമായില്ല. ലോകചരിത്രത്തിലെ പ്രഥമ സമൂഹം ധിക്കാരത്തിന്റെയും നിഷേധത്തിന്റെയും പ്രളയം തീര്‍ത്തപ്പോള്‍ അവരുടെ പ്രവാചകന് ദൈവം നല്‍കിയ കല്‍പന 'നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പലുണ്ടാക്കുക' (ഹൂദ് 37) എന്നായിരുന്നു. മനോഹരമായ ഒരു പ്രതീകമാണ് 'കപ്പല്‍'. മുന്നേറ്റത്തെയും വിജയത്തെയും ആധിപത്യത്തെയുമാണ് അത് പ്രതിനിധീകരിക്കുന്നത്. ആര്‍ത്തിരച്ചുവരുന്ന തിരമാലകളെയും സമുദ്രത്തിന്റെ അഗാധതയെയും നടുക്കടലിന്റെ അന്ധകാരത്തെയും വെല്ലുവിളിച്ച് വിജയശ്രീലാളിതമായി ജലോപരിതലത്തില്‍ ആഹ്ലാദനൃത്തം ചെയ്യുന്ന 'കപ്പല്‍' തന്നെയാണ് അക്രമത്തിന്റെയും അസമത്വത്തിന്റെയും പേമാരി തീര്‍ത്ത മഹാപ്രളയത്തില്‍ നോഹയുടെ രക്ഷ. 

കപ്പലിനെക്കുറിക്കാന്‍ അറബി ഭാഷയില്‍ 'സഫീനത്ത്', 'ഫുല്‍ക്' എന്നും രണ്ട് പദപ്രയോഗങ്ങളുണ്ട്. എന്നാല്‍ നൂഹിന്റെ നൗകയെക്കുറിക്കാന്‍ ഖുര്‍ആന്‍ ഒന്നൊഴികെ എല്ലായിടത്തും 'ഫുല്‍ക്' എന്ന് പ്രയോഗിച്ചത് ശ്രദ്ധേയമാണ്. സാധാരണക്കാര്‍ (മസാകീന്‍ -അല്‍കഹ്ഫ് 79) ഉള്‍പ്പെടെ എല്ലാവരും ഉപയോഗിക്കാറുള്ള, മേത്തരം സംവിധാനങ്ങളൊന്നുമില്ലാത്ത, ചെറിയ ദ്വാരം പോലും മുക്കിക്കളഞ്ഞേക്കാവുന്ന കപ്പലിനാണ് അറബി ഭാഷയില്‍ 'സഫീനത്ത്' എന്ന് പ്രയോഗിക്കാറുള്ളതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ കുറിച്ചിട്ടുണ്ട്. അല്‍കഹ്ഫിലെ 'അങ്ങനെ അവരിരുവരും യാത്രയായി. അവര്‍ ഒരു കപ്പലില്‍ -സഫീനത്ത് - കയറിയപ്പോള്‍ അദ്ദേഹം ആ കപ്പലിന് ഒരു ദ്വാരമുണ്ടാക്കി. മൂസ ചോദിച്ചു: താങ്കളെന്തിനാണ് കപ്പലിന് ദ്വാരമുണ്ടാക്കുന്നത്? ഇതിലുള്ളവരെെയാക്കെ മുക്കിക്കൊല്ലാനാണോ? താങ്കള്‍ ഈ ചെയ്തത് ഗുരുതരമായ കാര്യം തന്നെ' (71) എന്ന വചനം അവര്‍ തെളിവായുദ്ധരിക്കുന്നു. 

തിമിര്‍ത്തു പെയ്യുന്ന പേമാരിയില്‍, പ്രളയം സംഹാരതാണ്ഡവമാടുന്ന ഭീതിയുടെ നിമിഷങ്ങളില്‍ ദുര്‍ബലരായ മനുഷ്യര്‍ തങ്ങളുടെ പരിമിതമായ കഴിവുപയോഗിച്ച് നിര്‍മിക്കുന്ന 'സഫീനത്ത്' ഫലം ചെയ്യുകയില്ലെന്നതിനാലായിരിക്കണം 'നമ്മുടെ മേല്‍നോട്ടത്തിലും വെളിപാടനുസരിച്ചും മഹാനൗക (ഫുല്‍ക്) യുണ്ടാക്കുക'യെന്ന് അല്ലാഹു നോഹയോട് കല്‍പിച്ചത്. അത്ഭുതകരമായ വിധത്തില്‍ സജ്ജീകരിക്കപ്പെട്ട ഒരു കപ്പലിനു മാത്രമേ അത്തരമൊരു മഹാപ്രളയത്തെയും ഘോരമായ പേമാരിയെയും അതിജീവിക്കാന്‍ സാധിക്കുകയുള്ളൂവെന്നതിന് ശാസ്ത്ര ലോകവും നമ്മുടെ അനുഭവങ്ങളും സാക്ഷി. 

നൂറ്റാണ്ടുകളുടെ തഴക്കവും പഴക്കവുമുള്ള അക്രമങ്ങളിലും മര്‍ദനങ്ങളിലും മനംനൊന്ത് നിരാശനായി, ജീവനും കൊണ്ട് ഓടിയൊളിക്കുന്നതിനു പകരം അവയെ അതിജയിച്ച് ദൈവിക സന്ദേശത്തെയും, അത് സ്വീകരിച്ച ചെറു ന്യൂനപക്ഷത്തെയും കൊണ്ട് ജൂദി പര്‍വതമുകളില്‍ ചെന്നണയുകയാണ് നോഹ ചെയ്തത്. 

നോഹയുടെ മഹാനൗകയും, അത് കാത്തുസൂക്ഷിച്ച സന്ദേശവും അത്ഭുതകരമായ ദൃഷ്ടാന്തമാണെന്ന് ഖുര്‍ആന്‍ (യാസീന്‍ 41) വെളിപ്പെടുത്തുന്നു. പരീക്ഷണങ്ങളുടെ പ്രളയത്തെ അതിജീവിച്ച വിശ്വാസചരിത്രത്തിലെ മഹത്തായ നാഴികക്കല്ലായിയിരുന്നു നോഹയുടെ കപ്പലും, അതിലുണ്ടായിരുന്ന വിശ്വാസികളും. ചരിത്രം അല്‍പം മുന്നോട്ടു ഗമിച്ചപ്പോള്‍ വിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും അമൂല്യ മാലയില്‍ രത്‌നക്കല്ലുകള്‍ ഓരോന്നോരോന്നായി കോര്‍ത്തിണക്കപ്പെട്ടു. കപ്പല്‍ പോലുമില്ലാതെ വിശ്വാസവുമായി ചെങ്കടല്‍ മുറിച്ചുകടന്നവരും, അതുമായി നൂറ്റാണ്ടുകള്‍ ഗുഹയില്‍ താമസിച്ചവരും അവരിലുണ്ട്. ഈസായുടെ കൂടെയുണ്ടായിരുന്ന ഹവാരിയ്യുകളും, അന്ത്യപ്രവാചകന്റെ സ്വഹാബികളും പ്രസ്തുത മാലയില്‍ പില്‍ക്കാലത്ത് കോര്‍ത്തിണക്കപ്പെട്ട അമൂല്യ രത്‌നങ്ങളായിരുന്നു. 

നോഹയുടെ കപ്പലുകളില്‍നിന്ന് തുടങ്ങി, മുഹമ്മദി(സ)ന്റെ അനുയായികളില്‍ അവസാനിക്കുന്നതല്ല ഇസ്‌ലാമിന്റെ മുന്നേറ്റം. മറിച്ച് നോഹ കോര്‍ത്തു തുടങ്ങിയ മാലയിലെ അവസാനത്തെ രത്‌നം വരാനിരിക്കുന്നുവെന്ന് അന്ത്യദൂതന്‍  പറഞ്ഞുവെച്ചിരിക്കുന്നു. അവസാനകാലത്ത് രംഗപ്രവേശം ചെയ്യുന്ന ഈ വിഭാഗ(ത്വാഇഫത്, ഇസ്വാബത്)ത്തെ 'പരദേശികള്‍' (ഗുറബാഅ്) എന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്.  

നോഹയുടെ കപ്പല്‍ തുടങ്ങിവെച്ച പോരാട്ടചരിത്രം മുഹമ്മദി(സ)ന്റെ 'പരദേശികളി'ല്‍ ചെന്നവസാനിക്കുമ്പോള്‍ അവക്കിടയില്‍ പല സമാനതകളുമുണ്ട്. ചരിത്രത്തിലെ പ്രഥമ തലമുറയെ സമൂലം ഗ്രസിച്ചിരുന്ന സാമൂഹിക ഉച്ചനീചത്വവും വര്‍ണവിവേചനവും വര്‍ഗീയതയും പുതിയ ഭാവങ്ങളിലും രൂപങ്ങളിലും തികട്ടിവരുന്ന കെട്ടകാലം തന്നെയാണ് അവയെ പരസ്പരം ചേര്‍ത്തുകെട്ടുന്നത്. സ്വന്തം നാട്ടില്‍ പരദേശികളായി ജീവിക്കുന്ന/ ജീവിക്കേണ്ടിവരുന്ന അവര്‍ണരെയും, മര്‍ദിതരെയും വഹിച്ച് വിശ്വാസത്തിന് കാവല്‍ നില്‍ക്കുന്ന ആത്മാഭിമാനത്തിന്റെ മഹാനൗക നാം നിര്‍മിച്ചേ മതിയാവൂ. നബി(സ) കെട്ടഴിച്ചുവിട്ട, അബൂബക്‌റും ഉമറും മുന്നോട്ടു നയിച്ച പ്രവാചകത്വ മാതൃകയിലുള്ള ഖിലാഫത്തെന്ന മഹാനൗകയെ ജൂദിയുടെ ഉത്തുംഗതയിലെത്തിക്കുന്ന 'പരദേശികളാ'വുകയെന്നത് ചരിത്രം നമ്മെ ഏല്‍പിച്ച ഉത്തരവാദിത്തമാണ്. നോഹ കോര്‍ത്തു തുടങ്ങിയ മാലയിലെ അവസാനത്തെ രത്‌നക്കല്ല് തുന്നിച്ചേര്‍ക്കണമെങ്കില്‍ ഉള്ളംകൈയില്‍ തീക്കല്ല് മുറുകെ പിടിക്കാനുള്ള ആര്‍ജവമുണ്ടായിരിക്കണമെന്നു തന്നെയാണ് പ്രവാചകന്‍ പറയാതെ പറഞ്ഞത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍