Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

തേവര്‍കളത്തില്‍ അബ്ദുല്‍ അസീസ്

അഡ്വ. ടി.കെ മുഹമ്മദ് അസ്‌ലം

ജമാഅത്തെ ഇസ്‌ലാമി തിരൂര്‍ പൂക്കയില്‍ ഘടകത്തിലെ പ്രവര്‍ത്തകനായിരുന്നു തേവര്‍കളത്തില്‍ അബ്ദുല്‍ അസീസ് (47). സുഊദി ദമ്മാമിലെ യൂനിവൈഡ് സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. തേവര്‍കളത്തില്‍ ആലിക്കുട്ടിയുടെയും ഒതവനില്‍ കുഞ്ഞീവിയുടെയും മകനാണ്.

അടിപ്പാട്ട് അബ്ദുല്‍ജലീല്‍ സാഹിബിന്റെ നേതൃത്വത്തില്‍ തിരൂര്‍ ടൗണ്‍ എസ്.ഐ.ഒ യൂനിറ്റ് ഒരു പെരുന്നാളിനോടനുബന്ധിച്ച് അതിരപ്പള്ളിയിലേക്ക് സംഘടിപ്പിച്ച യാത്രയിലൂടെയാണ് അബ്ദുല്‍ അസീസ് സാഹിബ് പ്രസ്ഥാന പ്രവര്‍ത്തകരുമായി അടുത്തിടപഴകുകയും എസ്.ഐ.ഒ ടൗണ്‍ യൂനിറ്റിലെ മെമ്പറാവുകയും ചെയ്തത്. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായിരുന്നു. സ്വഫാ മസ്ജിദിന്റെ നിര്‍മാണത്തിലും തുടര്‍ന്ന് പള്ളിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുന്‍പന്തിയിലുായിരുന്നു. ജോലിയാര്‍ഥം സുഊദിയിലേക്ക് പോയ അദ്ദേഹം അവിടെയും കെ.ഐ.ജി പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കര്‍മരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വേളയിലാണ് രോഗം പിടിപെട്ട് അദ്ദേഹം ഇഹലോകവാസം വെടിയുന്നത്. ഭാര്യ ശാഹിന. മക്കള്‍: മിഷല്‍ അലി, വഫ, സബ.

 

ആമിന പുലാപ്പറ്റ

പുലാപ്പറ്റ ഉമ്മനഴി ഹിറാ മന്‍സിലില്‍ പരേതനായ വി.യു സൈതലവിയുടെ പത്നിയാണ് ആമിന (79). തികച്ചും യാഥാസ്ഥിതികമായ ഒരു കുടുംബത്തില്‍നിന്ന് 67 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ മാനി കുരിക്കളുടെ മകള്‍ ആമിന എന്ന പതിമൂന്നുകാരി ഒരിക്കലും കരുതിയിരിക്കില്ല; ജീവിതം കാത്തുവെച്ചിരിക്കുന്നത് വലിയ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളുമായിരിക്കുമെന്ന്. 'പുരോഗമനവാദി'യായി നടക്കുന്ന ഒരു പയ്യന്‍, സ്ത്രീധനം വാങ്ങാതെ, അതിലേറെ വിവാഹ ഖുത്വ്ബയെന്ന 'പുത്തനാചാരം' കൊണ്ട് നടത്തിയ വിവാഹം ദുര്‍ബലമാണെന്ന് ഫത്‌വ പുറപ്പെടുവിക്കാന്‍ ജില്ലയിലെ ഒരു പ്രമുഖ യാഥാസ്ഥിതിക പണ്ഡിതന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ചെറുപ്പത്തില്‍തന്നെ വാളെടുത്തിരുന്ന വായനിപ്പാടത്ത് ഉണ്ണിമുഹമ്മദ് മകന്‍ സൈതലവി എന്ന 'പുത്തന്‍വാദി,' ചെറു പ്രായത്തില്‍തന്നെ പുരോഗമനാശയങ്ങളെ നെഞ്ചോട് ചേര്‍ത്തിരുന്നു. ചെറിയ കച്ചവടവും മറ്റുമായി ഊരു ചുറ്റുന്നതിനിടയില്‍, ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയെ പുല്‍കാനും തന്റെ  ബീഡിക്കമ്പനിയിലും സുഹൃദ് വലയങ്ങളിലും അതിന്റെ ആശയങ്ങള്‍ക്ക് വിത്തിടാനും അദ്ദേഹത്തിന് അധികം ആലോചിക്കേണ്ടിവന്നില്ല.

ഇ.പി അബ്ദുല്ല സാഹിബ്, മൂസ സാഹിബ്, പോക്കര്‍ സാഹിബ്, പി. ജമാല്‍ സാഹിബ് .... നാട്ടില്‍ പ്രസ്ഥാനം വളരുകയായിരുന്നു. ഈ വളര്‍ച്ചയില്‍ ഞങ്ങളുടെ ഉമ്മ ആമിനയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വെളിച്ചം നുകര്‍ന്നു.

വാപ്പ തേടിപ്പിടിച്ച് കൊണ്ടുവന്നിരുന്ന പ്രസ്ഥാന സാഹിത്യങ്ങളും പ്രബോധനവുമൊക്കെ ഒന്നൊഴിയാതെ വായിച്ച് വാപ്പയേക്കാള്‍ പ്രാസ്ഥാനിക അവബോധം ഉമ്മ നേടുകയായിരുന്നു. പുലര്‍ച്ചെ, സുബ്ഹിനു മുമ്പ് തുടങ്ങുന്ന ദിനചര്യയില്‍ ഖുര്‍ആന്‍ പാരായണത്തോടൊപ്പം തഫ്ഹീമിന്റെ വായനയും ഉമ്മയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു..

 പരന്ന പ്രാസ്ഥാനിക വായനയില്‍നിന്ന് കിട്ടിയ അറിവുകള്‍ ഞങ്ങള്‍ മക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും പകര്‍ന്നുനല്‍കാന്‍ ഉമ്മ എന്നും ശ്രദ്ധ പുലര്‍ത്തി. മക്കള്‍ പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ എത്തണമെന്നത് ഉമ്മയുടെ സ്വപ്‌നം കൂടിയായിരുന്നു.

അറിവിനോടുള്ള അഭിനിവേശം തന്നെയാണ് ഏഴില്‍ അഞ്ചു മക്കളെയും ഇസ്ലാമിക കലാലയങ്ങളില്‍ പഠിപ്പിക്കാന്‍ ഉമ്മക്ക് പ്രചോദനമായത്. മദ്‌റസയിലോ സ്‌കൂളിലോ പോകുന്നത് ഒരു ദിവസം പോലും മുടങ്ങുന്നത് അനുവദിക്കില്ലായിരുന്നു. ജീവിതത്തിന്റെ അവസാന കാലത്തും പേരക്കുട്ടികളടങ്ങുന്ന എല്ലാവരോടും ഉമ്മാക്ക് നല്‍കാനുണ്ടായിരുന്ന ഉപദേശവും പഠനത്തെ കുറിച്ചുതന്നെ.   

 പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ഘടനകളില്‍ ഉമ്മ ഉണ്ടായിരുന്നില്ല, പക്ഷേ പ്രസ്ഥാനം ഉമ്മാക്ക് ജീവനായിരുന്നു, ആവേശവും. മയ്യിത്ത് എടുക്കുന്നതിനു തൊട്ട് മുമ്പ് അവിടെയെത്തിയ ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്വി സാഹിബിന്റെ പ്രാര്‍ഥനയോടെ അവസാന യാത്ര പറഞ്ഞത് ആ പ്രസ്ഥാന സ്‌നേഹത്തിന് ഉമ്മാക്ക് കിട്ടിയ അംഗീകാരമായിരിക്കാം.

ആരെയും  വെറുപ്പിക്കുകയോ ആരോടും വെറുപ്പും വിദ്വേഷവും വെച്ചുപുലര്‍ത്തുകയോ ചെയ്യാത്ത പ്രകൃതമായിരുന്നു ഉമ്മായുടേതും. രോഗബാധിതയായി സംസാരം പൂര്‍ണമായി നിലക്കുന്നതിനുമുമ്പ് (സലാം മടക്കുന്നതൊഴികെ) ഏറ്റവുമൊടുവില്‍ പറഞ്ഞ വാക്കും 'എനിക്ക് ആരോടും ദേഷ്യമില്ല' എന്നായിരുന്നു.

യൂസുഫ് പുലാപ്പറ്റ, ദോഹ

 

വി.കെ മൊയ്തീന്‍ കുട്ടി, ഐശുക്കുട്ടി

ചാലക്കല്‍ ഇസ്‌ലാമിക് സെന്ററിന്റെ സ്ഥാപക ട്രസ്റ്റിയും ആദ്യകാല പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്ന വി.കെ മൊയ്തീന്‍ കുട്ടി സാഹിബും ഭാര്യ ഐശുക്കുട്ടിയും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് അല്ലാഹുവിങ്കലേക്ക് യാത്രയായത്. 

ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന നാള്‍ മുതല്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കള്‍ക്കുമിടയില്‍ ഉയര്‍ന്നുവന്ന മുറുമുറുപ്പും പ്രതിഷേധവും വകവെക്കാതെ തനിക്ക് ശരിയെന്ന് ബോധ്യമായ മാര്‍ഗത്തില്‍ ഉറച്ചുനിന്ന ധീരനായ കര്‍മയോഗിയായിരുന്നു മൊയ്തീന്‍ കുട്ടി സാഹിബ്. താല്‍ക്കാലിക ഭൗതിക സുഖ സൗകര്യങ്ങളെ ചങ്കുറപ്പോടെ നിരസിച്ച അദ്ദേഹം മാതൃകാപരമായ ഇസ്‌ലാമിക കുടുംബ ജീവിതം കെട്ടിപ്പടുത്തു. 

തന്റെ നാലു മക്കളെയും തികഞ്ഞ ഇസ്‌ലാമിക ശിക്ഷണത്തില്‍ വളര്‍ത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ടായിരുന്നു ആ മുഖത്ത്. നാട്ടിലെ സാമൂഹിക സംരംഭങ്ങളില്‍ കൈമെയ് മറന്ന് അദ്ദേഹം പങ്കാളിയായി.

ഇസ്‌ലാമിക് സെന്ററിന്റെ പ്രവര്‍ത്തനപാതയിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ട്രസ്റ്റ് സ്ഥാപകരായ അലി സഹോദര•ാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ ഉറച്ച ശബ്ദമായിരുന്നു മൊയ്തീന്‍ കുട്ടി സാഹിബിന്റേത്. നീതിക്ക് വിരുദ്ധമായതെന്തിനെയും ആര്‍ജവത്തോടെ ചോദ്യം ചെയ്യുന്ന ചൂണ്ടുവിരലായിരുന്നു അദ്ദേഹത്തിന്റേത്. ശക്തവും നിസ്വാര്‍ഥവുമായ നിലപാടുകള്‍ മുഖം നോക്കാതെ പ്രകടിപ്പിക്കാന്‍ അദ്ദേഹം കാണിച്ച ചങ്കൂറ്റം ട്രസ്റ്റ് മീറ്റിംഗുകളുടെ ഊര്‍ജമായിരുന്നു. 

അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും ഒപ്പം നിന്ന സഹധര്‍മിണി ഐശുക്കുട്ടി പരിമിതികളെയും പ്രയാസങ്ങളെയും പുഞ്ചിരികൊണ്ട് മനോഹരമാക്കി. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് അവര്‍ യാത്രയായത്. 

മക്കള്‍: കെ.എം ബാവ, കെ.എം അബൂബക്കര്‍, ഐഷാ ബീവി, സുഹ്‌റാ ബീവി.

റസിയ ചാലക്കല്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍