Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

സാന്ത്വനമാണെങ്ങും

മുനീര്‍ മങ്കട

കവിത

 

വിശപ്പകന്നില്ലാതാകുന്നു മനസ്സിന്‍ 

ദാഹം ശമിച്ചുള്ളം ശാന്തമാകുന്നു. 

വെളിച്ചമുദിച്ചുയരുന്നു പാരില്‍ 

തമസ്സിന്നന്ധതയെങ്ങോ പോയ് മറയുന്നു.

രാവും പകലുമൊരുപോലനുഗ്രഹവര്‍ഷമായ് 

ചാരെ വന്നെത്തി നില്‍ക്കുന്നു മാലാഖമാര്‍.

സാന്ത്വനമാണെങ്ങും പകലന്തിവരെ

ശാശ്വതമാണീ റമദാനിന്‍ പുണ്യമെന്നും.

രാവിലനുഗ്രഹം ചൊരിയുന്നു വാനലോകം

ചാരെ റമദാനമ്പിളി ചിരിക്കുന്നു ചേലില്‍.

സൂര്യനാറിത്തണലേകുന്നു പകലില്‍ 

ഈറനണിഞ്ഞിളംതെന്നല്‍ തലോടുന്നു.

ഒരു വസന്തം വിരുന്നെത്തുന്നതിന്നാരവങ്ങള്‍

ഒരു യുഗം പുണ്യമായ് പിറക്കുന്നതിന്നിശലുകള്‍.

ഉണരുന്നിതാ നന്മതന്‍ കീര്‍ത്തനങ്ങള്‍

ഉയരുന്നിതാ ലോകമെങ്ങും സുകൃതങ്ങള്‍.

കീര്‍ത്തനം ചൊല്ലുന്നു ചുണ്ടുകളൊരായിരം 

പ്രാര്‍ഥനാ മന്ത്രങ്ങളാല്‍ നാഥനെ വണങ്ങുന്നു.                              

***************************************

 

നോറ്റിരിക്കുന്നവന്റെ നിനവുകള്‍

ടി.എ മുഹ്‌സിന്‍

 

അര്‍ശില്‍നിന്നണയുന്ന കാറ്റിന്റെ കൈകളില്‍

സ്വര്‍ഗസുഗന്ധത്തിന്‍ ആനന്ദലഹരികള്‍

വാനില്‍ പടരുമൊരമ്പിളി പാലലകള്‍

മണ്ണില്‍ വിടരുന്ന വ്രതമാസമലരുകള്‍

പ്രകാശപ്രവാഹങ്ങള്‍ വേദാരുളുകള്‍

അന്തരാത്മാവിന്‍ ഉല്ലാസവേളകള്‍

ശാന്തിയൊഴുകുന്ന പാതിരാനേരങ്ങള്‍

മാലാഖയെത്തുന്ന നിശ്ശബ്ദയാമങ്ങള്‍

ഇമയടയാത്ത രാവുകള്‍ അനര്‍ഘങ്ങള്‍

ഭക്തിവികാരങ്ങള്‍, പ്രാര്‍ഥനാഗീതികള്‍

ഖേദാശ്രു പെയ്യുന്നൊരീ ഊഷ്മള വേളകള്‍

പൊടുന്നനെ ചാറും വേനലിന്‍ പുതുമഴയില്‍

മുള പൊട്ടിയിലപടരും ആത്മീയ ചേതനകള്‍

 

ഒഴുകിപ്പരക്കുന്ന യാത്രകള്‍ അലക്ഷ്യങ്ങള്‍

ആനന്ദലഹരികള്‍ ജീവിത വേളകള്‍

തപിക്കുന്ന മിഴികളില്‍ പിശാചിന്‍ നിഴലുകള്‍

നിലതെറ്റിയാടുന്ന കോപവും കാമവും

അടിതെറ്റി ഇഴയുന്ന മനസ്സിന്റെ ആര്‍ത്തിയും

സിരകളിതു തളരുന്ന പാപപ്രവാഹങ്ങള്‍

മുട്ടിവിളിക്കുന്നു ജീവിതാസക്തികളെപ്പോഴും

കാതോര്‍ത്തിരിക്കുന്ന മൃദുലവികാരങ്ങള്‍

എന്തിനോ വെമ്പിക്കുതിക്കുന്ന മാനസം

തെല്ലിടയന്തിച്ചുനിന്നുവോ ധ്യാനിച്ചിരിക്കെ

അന്ധകാരങ്ങളടരുന്ന ചിന്താവേളകള്‍

ബന്ധുരലോകത്തിന്നര്‍ഥ ലാവണ്യങ്ങള്‍

 

പതിയെയാരോ ശയ്യയില്‍നിന്നുണര്‍ത്തുന്നു

ഏകാന്തദീര്‍ഘമീ മൂകതയൂറുന്ന യാമങ്ങള്‍

അന്തരംഗമലിയും പ്രാര്‍ഥനാവേളകള്‍

ഉഴലുമാത്മാവിന്‍ സങ്കടവിലാപങ്ങള്‍

തൃഷ്ണയാല്‍ തിളങ്ങും പ്രാര്‍ഥനാമിഴികള്‍

ഇഷ്ടസ്വരങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍

ആത്മാവുണരുന്ന നേരങ്ങള്‍ പാതിരകള്‍

കാരുണ്യവര്‍ഷം, പുണ്യപ്രവാഹങ്ങള്‍

എത്തിപ്പിടിക്കുന്നു കിനാവുള്ള കണ്ണുകള്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍