Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

നാം എന്തിന് വായിക്കണം?

അബ്ബാസ് മഹ്മൂദ് അഖ്ഖാദ്

എഴുതാന്‍ മാത്രമായി ഞാന്‍ വായന ഇഷ്ടപ്പെടുന്നില്ല. വയസ്സ് വര്‍ധിക്കാനായും ഞാന്‍ വായിക്കാറില്ല. ഈ ദുന്‍യാവില്‍ എനിക്ക് ഒരു ജീവിതം മാത്രമേയുള്ളൂ. ഒരു ആയുസ്സ് എനിക്ക് ഒട്ടും പര്യാപ്തമല്ല. എന്റെ മനസ്സിലെ എല്ലാ വികാരവിചാരങ്ങളെയും ചലനാത്മകമാക്കാന്‍ ഒരു ജീവിതകാലം പോരാ. ഒരാള്‍ക്ക് തന്റെ ആയുഷ്‌കാലം കൊണ്ട് കിട്ടുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ വായനയിലൂടെ നേടിയെടുക്കാം. വായനയിലൂടെ നമ്മുടെ ജീവിതത്തിന്റെ ആഴവും പരപ്പും എത്രയും വര്‍ധിപ്പിക്കാം. 

നിങ്ങളുടെ ചിന്ത ഒരു ചിന്ത മാത്രമാണ്. നിങ്ങളുടെ അറിവ് ഒരു അറിവ് മാത്രമാണ്. നിങ്ങളുടെ ഭാവനയും ഒന്നു മാത്രമാണ്. എന്നാല്‍ നിങ്ങളുടെ ചിന്തയോടും അറിവിനോടും മറ്റൊരാളുടെ ചിന്തയും അറിവും ഭാവനയും ചേരുമ്പോള്‍, രണ്ടു ചിന്തകളും രണ്ട് അറിവുകളും രണ്ട് ഭാവനകളും ഒന്നിക്കുകയാണ്. അങ്ങനെ, ചിന്തകളുടെയും അറിവുകളുടെയും ഭാവനകളുടെയും ആഴവും പരപ്പും ശക്തിയും ശതഗുണീഭവിക്കും. 

രണ്ട് കണ്ണാടികള്‍ക്കിടയില്‍ ഇരിക്കുന്നയാള്‍, ഒരാളെയല്ല, രണ്ടാളുകളെയല്ല, കണ്ണെത്തുന്നേടത്തെല്ലാം ദശക്കണക്കിനാളുകളെയാണ് കാണുന്നത്. ഇത് നമ്മുടെ ദൃശ്യാനുഭവം. 

വൈകാരികലോകത്തും ഇങ്ങനെയാണ്. ഏറ്റവും ശക്തമായ വികാരം രണ്ടാളുകള്‍ക്കിടയില്‍ കൈമാറപ്പെടുന്ന സ്‌നേഹമാണ്. ഇരുവരും സ്‌നേഹവികാരത്തിന്റെ എത്രയോ മടങ്ങാണ് സ്വയം അനുഭവിക്കുന്നതും മറ്റെയാളെ അനുഭവിപ്പിക്കുന്നതും. രണ്ട് കണ്ണാടികള്‍ ചെയ്യുന്നപോലെ, രണ്ടു ഹൃദയങ്ങള്‍ ഒത്തുപോകുന്നപോലെ, മാനസിക സവിശേഷതകള്‍ സംശ്ലേഷിക്കുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നു. ദശക്കണക്കിന് മനസ്സുകളും ചിന്തകളും ഒന്നിക്കുമ്പോള്‍ സംജാതമാവുന്ന മഹാത്ഭുതത്തെ കുറിച്ച് ആലോചിച്ചുനോക്കൂ. 

ഒരു ചിന്ത ഒരു അരുവിപോലെയാണ്. ബഹുചിന്തകള്‍ അനേകം അരുവികള്‍ ചേര്‍ന്ന മഹാസമുദ്രമാണ്. പുറത്തുനിന്ന് നോക്കുമ്പോള്‍ വിഷയങ്ങള്‍ പലതാവാം; തലക്കെട്ടുകള്‍ വ്യത്യസ്തമാവാം. പക്ഷേ, എല്ലാ ഒന്നുകളും ചേരുമ്പോള്‍, വളരെ അകലെയാണെന്ന് തോന്നുന്ന വിഷയങ്ങള്‍ വളരെ അടുത്ത് നില്‍ക്കുന്നതായി നമുക്ക് അനുഭവപ്പെടും. 

വായന ആരംഭിച്ചപ്പോള്‍ ഇവയെല്ലാം പഠിച്ചറിയുകയാണെന്ന് മനസ്സിലാക്കുന്നുണ്ടായിരുന്നില്ല. പല വിഷയങ്ങളും പഠിച്ച് വന്നപ്പോള്‍ അവ തമ്മില്‍ മേല്‍പറഞ്ഞ സമഗ്ര ബന്ധമല്ലാതെ സവിശേഷ ബന്ധമൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. വിഷയങ്ങളുടെ സമഗ്രമായ പാരസ്പര്യം ചിത്രശലഭങ്ങളെയും മഅര്‍റിയെയും ഷേക്‌സ്പിയറെയും കുറിച്ച വായനകളെ ഒന്നാക്കിത്തീര്‍ത്തു. 

ഞാന്‍ പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കാരണം ഞാന്‍ ജീവിതകാമനകളില്ലാത്ത വൈരാഗിയാണ്. പക്ഷേ എനിക്ക് ഒരു ജീവിതം പോരാ. അതുകൊണ്ട് പല ജീവിതങ്ങള്‍ സമ്മാനിക്കുന്ന പുസ്തകങ്ങളെ സ്‌നേഹിക്കാതെ നിവൃത്തിയില്ല. മനുഷ്യന്‍ എങ്ങനെയൊക്കെ തിന്നാലും ഒരു ആമാശയത്തിലധികം നിറക്കാനാവില്ല. എത്ര വസ്ത്രം ധരിച്ചാലും ഒരു ശരീരത്തില്‍ എത്രയെങ്കിലും വസ്ത്രം അണിയാന്‍ കഴിയില്ല; ഒരേസമയം രണ്ട് ഇടങ്ങളില്‍ താമസിക്കാന്‍ കഴിയില്ല. എന്നാല്‍ ചിന്തയുടെയും ഭാവനയുടെയും പാഥേയങ്ങളിലൂടെ ഒരു ആയുസ്സില്‍ എത്രയോ ജീവിതങ്ങളെ തന്നിലേക്ക് ചേര്‍ത്തുനിര്‍ത്താനാവും. ചിന്തകളെയും ഭാവനകളെയും ഇരട്ടിപ്പിക്കാന്‍ കഴിയും. പ്രണയവും രണ്ട് കണ്ണാടികള്‍ക്കിടയിലെ ചിത്രങ്ങളും സീമാതീതമായി പെരുകുന്നതുപോലെ. 

നിയന്ത്രണത്തെ സംബന്ധിച്ചേടത്തോളം ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പ് പോലെത്തന്നെയാണ് എനിക്ക് പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പും. കുട്ടികളുടെയോ രോഗികളുടെയോ ഭക്ഷണം മാത്രമേ നിയന്ത്രിക്കേണ്ടതുള്ളൂ. നിങ്ങള്‍ക്ക് ചിന്താശേഷിയുണ്ടെങ്കില്‍, ധൈഷണിക ആമാശയത്തിന് മതിയായ ദഹനശേഷിയുണ്ടെങ്കില്‍ ഏതു വിഷയം കൈകാര്യം ചെയ്യുന്ന ഏതു പുസ്തകവും വായിക്കാം. ദഹനം നടന്നില്ലെങ്കിലും കൊതിയൂറുന്ന ഭക്ഷണം ശരീരത്തെ പോഷിപ്പിക്കുന്നതുപോലെ, പുസ്തകം സ്വീകാര്യമായിത്തോന്നിയാല്‍ മനസ്സിലായില്ലെങ്കിലും വായിച്ചു നോക്കണം. 

പുസ്തകങ്ങള്‍ ജീവിതാനുഭവങ്ങള്‍ക്ക് പകരമാവില്ല. ജീവിതാനുഭവങ്ങള്‍ പുസ്തകങ്ങള്‍ക്കും പകരമാവില്ല. ഏതൊരു കാര്യവും നന്നായി മനസ്സിലാക്കാന്‍ കുറച്ചെങ്കിലും ജീവിതാനുഭവം വേണം. എന്നാല്‍, ജീവിതാനുഭവങ്ങള്‍ പുസ്തകങ്ങള്‍ക്ക് പകരമാവില്ല. ജീവിതാനുഭവങ്ങളെന്ന് പറയുന്നത് സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ അനേക കാലങ്ങളുടെയും സമുദായങ്ങളുടെയും സ്വത്വപ്രകാശനങ്ങളാണ്. 

ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങള്‍ ഏറിയാല്‍ പത്ത് ദശകങ്ങളിലധികം വരില്ല. സാധാരണഗതിയില്‍ ഒരു ഗ്രന്ഥവും മറ്റു ഗ്രന്ഥങ്ങളുടെ ആവര്‍ത്തനവുമല്ല. ഒരേ ആശയവും ചിന്തയും ആയിരം എഴുത്തുകാര്‍ കൈകാര്യം ചെയ്യുമ്പോള്‍ ആയിരം ചിന്തകള്‍ക്കാണ് വഴി തുറന്നിടുക. അതുകൊണ്ടുതന്നെ, ഒരേ വിഷയം പഠിക്കാന്‍ ധാരാളം എഴുത്തുകാരുടെ കൃതികള്‍ ഞാന്‍ അവലംബിക്കുന്നു. നമ്മുടെ മനസ്സില്‍ ആഴത്തിലുള്ള ചിന്തകള്‍ ഉല്‍പാദിപ്പിക്കുന്ന എത്രയെത്ര കൃതികള്‍! വിജ്ഞാനം വര്‍ധിപ്പിക്കുന്ന, കര്‍മനിരതരാകാന്‍ ശേഷി നല്‍കുന്ന, ജീവിതത്തെ ആസ്വാദ്യകരമാക്കുന്ന ഏതു ഗ്രന്ഥവും പ്രയോജനപ്രദമാണ്. അത്തരം കൃതികളെ നാം സവിശേഷം പരിഗണിക്കുക. 

('ലിമാദാ നഖ്‌റഉ' എന്ന കൃതിയില്‍നിന്ന്) 

വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍