Prabodhanam Weekly

Pages

Search

2017 ജൂലൈ 07

3008

438 ശവ്വാല്‍ 13

മുന്‍ ബ്യൂറോക്രാറ്റുകളുടെ ഉത്കണ്ഠകള്‍

രാജ്യം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അവസ്ഥാവിശേഷങ്ങളെക്കുറിച്ച് ഉത്കണ്ഠയുള്ളവരാണ് ഒട്ടുമിക്ക പൗരന്മാരും. അവര്‍ തങ്ങളുടെ ആശങ്കകള്‍ ഒറ്റക്കും കൂട്ടായും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളില്‍ ഉയര്‍ന്ന സ്ഥാനം വഹിച്ച/ വഹിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ ഇത്തരം പരസ്യമായ അഭിപ്രായ പ്രകടനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാറാണ് പതിവ്. അവരില്‍ ചില വ്യക്തികള്‍ ആത്മകഥയഴുതുമ്പോഴോ മറ്റോ തങ്ങളുടെ വിയോജിപ്പുകള്‍ തുറന്ന് എഴുതിയെന്നുവരും. ഇതിനൊരു തിരുത്താണ്, ഭരണ സിരാകേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന അറുപത്തിയഞ്ച് മുന്‍ ഓഫീസര്‍മാര്‍ ഒപ്പിട്ട് ആഴ്ചകള്‍ക്കു മുമ്പ് പ്രസിദ്ധീകരണത്തിന് നല്‍കിയ കത്ത്. ഭരണസംവിധാനങ്ങള്‍ തങ്ങള്‍ പറയുന്നത് മുഖവിലക്കെടുക്കണമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് അതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്തില്‍ ഒപ്പിട്ടവരില്‍ കൂടുതലും മുന്‍ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥന്മാരാണ്. 1953 ഐ.എ.എസ് ബാച്ചില്‍പെടുന്ന തൊണ്ണൂറ്റി ഒന്നുകാരനായ ഹര്‍മിന്ദര്‍ സിംഗും അവരില്‍ ഉള്‍പ്പെടും. 'രാഷ്ട്രശില്‍പികള്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടനയുടെ ചൈതന്യം  തിരിച്ചുപിടിക്കാനും നിലനിര്‍ത്താനുമാണ്' തങ്ങള്‍ ഈ കത്തെഴുതുന്നതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അവരുടെ അഭിപ്രായത്തില്‍ ഇന്ത്യ ഇന്ന് രണ്ട് വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. അനുദിനം ശക്തിപ്പെടുന്ന സ്വേഛാധിപത്യ പ്രവണതകളും ഭൂരിപക്ഷവാദ (Majoritarianism) വുമാണവ. ഭരണാധികാരികളുടെ ഒരു പ്രവൃത്തിയെയും ചോദ്യം ചെയ്തുകൂടാ എന്നായിരിക്കുന്നു. അനുദിനം ശക്തിപ്പെടുന്ന അതി തീവ്ര ദേശീയത വിമര്‍ശകരെ ഭീഷണിപ്പെടുത്തുന്നത്, 'നിങ്ങള്‍ ഗവണ്‍മെന്റിന് ഒപ്പമില്ലെങ്കില്‍ നിങ്ങള്‍ ദേശവിരുദ്ധരാണ്' എന്നാണ്. യു.പിയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. അവിടെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതകീയ അസഹിഷ്ണുതയുടെ മുഖ്യ ഇരകള്‍ മുസ്‌ലിംകളാണ്. ദൈനംദിന ജീവിതത്തില്‍ അവര്‍ ഏല്‍ക്കേണ്ടിവരുന്ന അസഹിഷ്ണുതകളുടെ ചില ഉദാഹരണങ്ങളും കത്തില്‍ എടുത്തു പറയുന്നു. യു.പി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, സംസ്ഥാനത്ത് ഖബ്‌റിസ്ഥാനാണോ ശ്മശാനഭൂമിയാണോ കൂടുതല്‍ എന്ന ചോദ്യമുയര്‍ത്തിയതിനു പിന്നില്‍ വര്‍ഗീയ ധ്രുവീകരണമെന്ന ദുഷ്ട ലാക്കായിരുന്നു. എല്ലാ മതാഘോഷങ്ങള്‍ക്കും തുല്യ അളവിലാണോ വൈദ്യുതി നല്‍കുന്നതെന്ന ചോദ്യത്തിന്റെ പിന്നിലും മതസ്പര്‍ധ തന്നെ ലക്ഷ്യം. ഇതിനൊന്നും യാതൊരു തെളിവും നല്‍കുന്നുണ്ടായിരുന്നില്ല. അറവുശാലകള്‍ അടച്ചുപൂട്ടുന്നത് ന്യൂനപക്ഷങ്ങളുടെ ജീവിതായോധന മാര്‍ഗങ്ങള്‍ തടസ്സപ്പെടുത്തുന്നതിനാണ്. മുസ്‌ലിമായി എന്ന കാരണത്താല്‍ യു.പിയില്‍ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ഒരു പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ജനക്കൂട്ടത്തെ ഇളക്കിവിടുകയും വീട്ടിലുള്ളവരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു. പശുമാംസം സൂക്ഷിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെയും, തീര്‍ത്തും നിയമപരമായ രീതിയില്‍ വണ്ടിയില്‍ കാലികളെ കൊണ്ടുപോവുകയായിരുന്ന പഹ്‌ലു ഖാനെയും ഗോസംരക്ഷണത്തിന്റെ പേരില്‍ അടിച്ചുകൊന്നതും കത്തില്‍ പരാമര്‍ശിക്കുന്നു.

ഇന്ത്യന്‍ ബ്യൂറോക്രസിയില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചവരാണ് ഈ ഉദ്യോഗസ്ഥര്‍. ഒരു കാലത്ത് ഭരണയന്ത്രത്തെ ചലിപ്പിച്ചവര്‍. മറ്റൊരു അര്‍ഥത്തില്‍ പറഞ്ഞാല്‍, 'ഡീപ്പ് സ്റ്റേറ്റ്. മൊത്തം ഉദ്യോഗസ്ഥവൃന്ദത്തിന്റെ ആശങ്കകളാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ഈ നില തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുക എന്ന് പൊതുജനത്തേക്കാള്‍ കൂടുതല്‍ അവര്‍ക്കറിയാം. അതുകൊണ്ട് അവര്‍ പങ്കുവെച്ച ആശങ്കകള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യാന്‍ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും വിശ്വസിക്കുന്ന എല്ലാവരും തയാറാകേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (128 - 140)
എ.വൈ.ആര്‍

ഹദീസ്‌

പരസ്പരം ബഹുമാനിക്കുക
ജുമൈല്‍ കൊടിഞ്ഞി