Prabodhanam Weekly

Pages

Search

2017 ജൂലൈ 07

3008

438 ശവ്വാല്‍ 13

ഈ കൊടുങ്കാറ്റ് ഒടുങ്ങുമോ?

ബശീര്‍ ഹസന്‍, ദോഹ

ഈയിടെയായി വല്ലാതെ ചിന്തിപ്പിക്കുന്നതാണ് ഈ ചോദ്യം. ഇതു സംബന്ധമായി കേട്ടും അനുഭവിച്ചും പരിചയിച്ച ഒരു ഉത്തരവും തൃപ്തി  നല്‍കുന്നില്ല. സ്‌നേഹം അതിര്‍വരമ്പുകളില്ലാതെ ആസ്വദിക്കാനുള്ള വഴിയെന്താണ്?  പഴയകാല സുഹൃത്തുക്കളുമായി യാതൊരുവിധ  കരുതിവെപ്പുമില്ലാത്ത ആ സൗഹൃദം ഇനി സാധ്യമാണോ?

ഒരു പത്താം ക്ലാസ് സുഹൃത്ത് ഹരിദാസിന്റെ  ഉദാഹരണം തന്നെയെടുക്കാം. പരസ്പരം എത്രയധികം  സ്‌നേഹിച്ചവരായിരുന്നു  ഞങ്ങള്‍. അവനെ സ്‌നേഹിച്ചു സ്‌നേഹിച്ചു അവന്റെ വീട്ടിലേക്കുള്ള വഴിയിലെ മുള്ളിനെയും മുരടിനെയും കുറ്റിച്ചെടികളെയും വരെ സ്‌നേഹിച്ചിരുന്നു. 

ഹരിദാസിന്റെ അമ്മ............

എന്തൊരു സ്‌നേഹമായിരുന്നു അവര്‍ക്ക് എന്നോട്. അവനോടുള്ളതിനേക്കാള്‍ സ്‌നേഹം അമ്മക്ക് എന്നോടായിരുന്നു എന്ന് തോന്നിയ എത്രയെത്ര സന്ദര്‍ഭങ്ങള്‍! ആ അമ്മയുടെ 'മോനേ ബശീറേ' എന്ന വിളി ഇന്നും ഹൃദയത്തില്‍ ഒരു തണുപ്പാണ്. ജീവിതത്തില്‍  നഷ്ടപ്പെട്ട പലതിനെയും ഓര്‍ത്തു ദുഃഖിക്കുമ്പോഴാണ് ഹരിദാസിന്റെ അമ്മയെ ഓര്‍മ വരിക. അവരെ പോലെയുള്ള പല അമ്മമാരുടെയും മോനേ എന്ന ഇന്നും മറക്കാനാവാത്ത വിളി ഭൂതകാലത്ത് നേടിയ ഒരു വലിയ സമ്പാദ്യമായി കരുതേണ്ട താമസം മനസ്സ് ശാന്തമായി. മാവ് പൂത്ത  മുറ്റത്ത് മാനത്തു വികസിച്ച അമ്പിളിയെ നോക്കി ഇരിക്കാന്‍ ഇനി ഹരിദാസിനെ കിട്ടുമോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം. 

ഒറ്റ തവണയായി തന്നെ ദിവസങ്ങള്‍ അവന്റെ വീട്ടില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. അമ്പല പായസം കുടിച്ചും ഊണും ഉറക്കവുമായി എത്രയെത്ര ദിവസങ്ങള്‍! അവന്റെ വീട്ടില്‍ പല തവണ ഞാന്‍ നമസ്‌കരിച്ചിട്ടുണ്ട്. ഒരു ഇരുമ്പു തകിടില്‍ മുണ്ടു വിരിച്ചായിരുന്നു അത്. അവന്റെ വീട്ടിലെ ചില കല്യാണ ദിവസങ്ങളില്‍ അതേ ഇരുമ്പുതകിടില്‍ പരസ്യമായി നമസ്‌കരിച്ചിട്ടുണ്ട്. 

ഈയിടെ അവന്റെ അമ്മ മരിച്ച ദിവസം ഞാന്‍ ആ വീട്ടില്‍ പോയി. ഇരുമ്പുതകിട് അപ്പോഴും അവിടെ കണ്ടു. പക്ഷേ, ഒരു പരസ്യ നമസ്‌കാരത്തിന് എനിക്ക് ധൈര്യം വന്നില്ല. കാരണം മറ്റൊന്നുമല്ല. അന്ന്, ഞാന്‍ നമസ്‌കരിക്കുമ്പോഴെല്ലാം ഗാന്ധിജിയുടെ സര്‍വമത പ്രാര്‍ഥനകളുടെ ചരിത്രം കേള്‍പ്പിച്ച് അവന്റെ അമ്മ എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമായിരുന്നു. ഇന്നതല്ല അവസ്ഥ. മഹാത്മാ ഗാന്ധിയെന്ന പൊതു ബിന്ദു ഇന്ന് ഞങ്ങള്‍ക്കിടയിലില്ല. മലബാറില്‍ കലാപം നടത്താനായി പണം പിരിച്ചു നല്‍കിയ കാപാലികനാണ് ഇന്ന് ഗാന്ധി!

നെഹ്‌റുവിന്റെ 'ഒരഛന്‍ മകള്‍ക്കയച്ച കത്ത്' എന്ന പുസ്തകം ഞാനും ഹരിദാസും അവന്റെ അമ്മയും അഛനും ഞങ്ങളുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന അവന്റെ  പെങ്ങളും എല്ലാവരും ചേര്‍ന്ന് വായിക്കുമായിരുന്നു. ഒരിക്കല്‍ 'കല്ലിനുമുണ്ടു കഥ പറയാന്‍' എന്ന അധ്യായം വായിക്കുമ്പോള്‍ അവന്റെ അഛന്‍ പറഞ്ഞു: 'മക്കളേ, മനുഷ്യനും അതേ, ജീവിതമാകുന്ന ഒഴുക്കില്‍ അവനും മാറ്റം വരും' 

എത്ര അറം പറ്റിയ വാക്കുകള്‍! 

നെഹ്റു ഇന്ന് ഞങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയല്ല. ഹിന്ദു നാമം സ്വീകരിച്ച മുസ്‌ലിമാണ് ഇന്ന് നെഹ്റു! 

ഞാന്‍ അവശനാണ്. 

ഒരു പൊതു ബിന്ദു കണ്ടത്താനുള്ള തുഴച്ചിലിനിടയില്‍ കരക്കണയും മുമ്പേ പൊതുബോധം എന്ന കൊടുങ്കാറ്റ് എന്നെ മുക്കിക്കൊല്ലുമോ ആവോ?

 

വിദേശങ്ങളിലെ നോമ്പനുഭവങ്ങള്‍

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ നോമ്പുകാല വിശേഷങ്ങള്‍ പകര്‍ന്നുതന്ന 3005-ാം ലക്കം വ്യതിരിക്തമായി. പള്ളികളെക്കുറിച്ച വിവരണങ്ങള്‍ ആശ്ചര്യമുളവാക്കി. കേവല ആരാധനാ കേന്ദ്രങ്ങള്‍ എന്നതിലുപരി ഏവര്‍ക്കും കുടുംബസമേതം സമ്മേളിക്കാവുന്ന സാംസ്‌കാരിക കേന്ദ്രം എന്ന നിലയിലാണ് അവ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രമല്ല, സഹോദര സമുദായാംഗങ്ങള്‍ക്കു വരെ പള്ളികളില്‍ പ്രവേശനമുണ്ടെന്ന കാര്യം വായിച്ചപ്പോള്‍ നമ്മുടെ പ്രദേശങ്ങളിലെ അവസ്ഥ ചിന്തിച്ചുപോയി. വിശ്വാസികളുടെ പരസ്പര സഹകരണത്തോടെയുള്ള നോമ്പു തുറയും ഹ്രസ്വമായ രാത്രികളെയും ദീര്‍ഘമായ പകലുകളെയും ആത്മീയതയില്‍ ചാലിച്ച് കൈകാര്യം ചെയ്യുന്നതുമൊക്കെ കൗതുകകരമാണ്. സംഘടനാ ചേരിതിരിവുകള്‍ മാറ്റിവെച്ച് സഹകരിക്കുന്ന വസ്തുത വളരെ സന്തോഷം പകരുന്നു. ഈ നിലവാരത്തിലേക്ക് കേരളത്തിലെ സംഘടനാ സാരഥികളും ഉയര്‍ന്നിരുവെങ്കില്‍!

എം.എം അബ്ദുന്നൂര്‍

 

ഖുര്‍ആന്‍ യാത്ര

'മഹത്തും ബൃഹത്തുമാണ് ആ ഗ്രന്ഥം' (വാണിദാസ് എളയാവൂര്‍, ജൂണ്‍ 2) വായിച്ചു. 'ഖുര്‍ആനു മുന്നില്‍ വിനയാന്വിതം' എന്ന പുസ്തകം രചിച്ച് ശ്രദ്ധ പിടിച്ചുപറ്റുകയും ഖുര്‍ആന്‍ ശ്രദ്ധാപൂര്‍വം  പഠിച്ച് മറ്റു മതഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്ത് വിശദീകരിക്കുകയും ചെയ്ത ലേഖകന്റെ ഖുര്‍ആനിക ആശയതലത്തിലൂടെയുള്ള ഗഹന യാത്രയായി ഈ ലേഖനവും.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ

 

 

വിധവകളെ അവഗണിക്കരുതായിരുന്നു

പ്രബോധനം ശരീഅത്ത് പതിപ്പിലെ അബ്ദുല്‍ വാസിഇന്റെ ബഹുഭാര്യത്വം വിശകലനം ചെയ്യുന്ന ലേഖനം വിധവകളുടെയും വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന അവിവാഹിതകളുടെയും പ്രശ്‌നം പാടേ അവഗണിക്കുന്നു. പുരുഷന്മാര്‍ക്ക് രണ്ടാം വിവാഹം അത്യാവശ്യമാവുകയും ഉപാധികള്‍ പൂര്‍ത്തിയാവുകയും ചെയ്യുമ്പോള്‍ ഉപയോഗപ്പെടുത്താനുള്ള ഒരു റിസര്‍വ് വിഭാഗമായാണ് വിധവകളെ ലേഖകന്‍ കാണുന്നത്. ഇസ്‌ലാമില്‍ പുരുഷന്മാര്‍ക്ക് ആദ്യ വിവാഹം തന്നെ അവകാശമല്ല. എന്തെങ്കിലും തടസ്സമുള്ളവര്‍ അനുകൂല സാഹചര്യം വരെ കാത്തിരിക്കുകയും നോമ്പനുഷ്ഠിക്കുകയുമാണ് വേണ്ടത്. പിന്നെയല്ലേ രണ്ടാം വിവാഹം! എന്നാല്‍, സ്ത്രീക്ക് അവിവാഹിതനെ വരനായി ലഭിച്ചില്ലെങ്കില്‍ നിലവില്‍ മൂന്ന് ഭാര്യമാരുള്ള പുരുഷനോടു പോലും വിവാഹാഭ്യാര്‍ഥന നടത്താം. സ്ത്രീകള്‍ ആജീവനാന്തം ഒറ്റപ്പെട്ടുകഴിയേണ്ടിവരുന്നത് അഭികാമ്യമല്ല. അവരെ വിവാഹിതരാക്കണമെന്നാണ് ഇസ്‌ലാമിലെ കല്‍പന (ഖുര്‍ആന്‍ 24:32). സദാചാരവിരുദ്ധ ജീവിതം ശിക്ഷാര്‍ഹമായ കുറ്റവുമാണ്.

എന്നാല്‍, നമ്മുടെ നാട്ടില്‍ ഏതൊരു സ്ത്രീയും അവളുടെ രക്ഷിതാക്കളും തങ്ങളുടെ സമ്പാദ്യവും സഹായമായി കിട്ടാവുന്നതും സമര്‍പ്പിച്ചിട്ടെങ്കിലും നാട്ടിലോ മറുനാട്ടിലോ ഉള്ള നിലവില്‍ ഭാര്യയില്ലാത്ത വരനെയാണ് തേടുന്നത്. അത് വിജയിക്കാതെ വരികയും വിവാഹപ്രായം അതിക്രമിച്ചവള്‍ കുടുംബത്തിന് ഭാരമാവുകയും ഒറ്റപ്പെട്ട ജീവിതം അസഹ്യവും അപകടകരവുമാവുകയും ചെയ്യുമ്പോഴാണ് ചിലര്‍ സഹ ഭാര്യാ പദവിയെങ്കിലും ബഹുഭാര്യത്വത്തിലൂടെയാണെങ്കിലും ഹലാലായ വിധത്തില്‍ ചിന്തിക്കുന്നത്. കുഞ്ഞിനെങ്കിലും ജന്മം നല്‍കാനായാല്‍ വാര്‍ധക്യത്തില്‍ ഒരാശ്വാസമാവുമല്ലോ എന്നവര്‍ ആശിക്കുന്നു. അതിനുള്ള അവസരം പരമാവധി ഇല്ലാതാക്കണമെന്നാണ് പൊതുബോധത്തിന്റെ സ്രഷ്ടാക്കള്‍ ആഹ്വാനം ചെയ്യുന്നത്. ഇതൊരു ക്രൂരതയായേ ഇത്തരം ഹതഭാഗ്യര്‍ക്കിടയില്‍ ജീവിക്കുന്നവര്‍ക്ക് കരുതാനാവൂ.

പെണ്‍കുഞ്ഞ് വലുതാവുകയും വരനെ ലേലത്തില്‍ പിടിക്കാനാവാതെ വരികയും ചെയ്താലുള്ള അവസ്ഥയോര്‍ത്താണ് ചിലര്‍ പെണ്‍ഭ്രൂണഹത്യക്ക് തുനിയുന്നത്. വിവാഹ തട്ടിപ്പുവീരന്മാര്‍ വിലസുന്നതും ഭര്‍തൃക്ഷാമം രൂക്ഷമായ ദരിദ്ര ഭാഗങ്ങളില്‍ തന്നെ. പെണ്‍കുട്ടിയെ വളര്‍ത്താന്‍ പതിറ്റാണ്ടുകള്‍ പാടുപെട്ട രക്ഷിതാവിന് വരന്റെ മുന്‍കാലചരിത്രം അന്വേഷിക്കാന്‍ സാധിക്കാതെവരിക എന്നത് അവിശ്വസനീയമാണ്. വരനെ  തേടി സഹികെട്ട രക്ഷിതാവ് വിചാരിക്കുന്നത് ഏതെങ്കിലും വിധത്തില്‍ കാര്യം നടക്കട്ടെ, പിന്നെ വരുംപോലെ വരട്ടെ എന്നാണ്. ഇന്നും ചില പ്രദേശങ്ങളിലെ അവസ്ഥയാണിത്.

പല ജീവികള്‍ക്കും പലവിധത്തില്‍ സ്ത്രീ-പുരുഷ അനുപാതം നിശ്ചയിച്ചത് സ്രഷ്ടാവാണ്. മനുഷ്യേതര ജീവികളില്‍ ജന്മവാസനയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നു. മനുഷ്യന്റെ ജനിക്കാനുള്ള അവകാശത്തില്‍ ഇടപെടാതിരുന്നാല്‍ ഏതാനും സ്ത്രീകള്‍ അധികമുണ്ടാവാം. അവരില്‍ സൗകര്യപ്പെടുന്നവര്‍ സഹ ഭാര്യാപദവി സ്വീകരിക്കട്ടെ എന്നാണ് സ്രഷ്ടാവിന്റെ താല്‍പര്യം. അതംഗീകരിക്കാതെ അധികം വന്നവരെ കന്യാസ്ത്രീകളും ദേവദാസികളും ആക്കുന്നവര്‍ക്കൊത്ത് മുസ്‌ലിംകള്‍ ശരീഅത്തിന്റെ പ്രയോഗവത്കരണത്തില്‍ മാറ്റം വരുത്തിയതിന്റെ പ്രത്യാഘാതമാണ് ഇന്ന് സമുദായം അനുഭവിക്കുന്നത്. എന്നാല്‍ പൂര്‍ണമായും അവരിലേക്ക് മടങ്ങാതെ അവര്‍ തൃപ്തിപ്പെടുകയില്ല. മുസ്‌ലിംകള്‍ക്കിടയില്‍ അധികം വന്ന സ്ത്രീകള്‍ക്ക് സഹ ഭാര്യയാവാനുള്ള അവകാശം നിയമം മൂലം തടഞ്ഞാല്‍ ഒന്നോ രണ്ടോ ശതമാനം ജനനം തടയാമല്ലോ എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.

നേരെമറിച്ച് കുടുംബജീവിതം ആഗ്രഹിക്കുന്ന, അധികം വന്ന സ്ത്രീകള്‍ക്ക് കൂടി അതിന് അവസരം ലഭിക്കുകയാണെങ്കില്‍ ഇന്ന് വലിയ പ്രശ്‌നമായി ചര്‍ച്ച ചെയ്യുന്ന വിവാഹമോചനം തന്നെ നടക്കുകയില്ല. കാരണം ഒരാള്‍ ഭാര്യയെ ഒഴിവാക്കുന്നത് തല്‍സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതിന് ആളില്ലാതെ വന്നാല്‍ ഒഴിവാക്കുകയില്ലെന്നു മാത്രമല്ല, ഭാര്യ പിണങ്ങിപ്പോയാലുള്ള അവസ്ഥ ആലോചിച്ച് അവരുണ്ടാക്കുന്ന പ്രകോപനങ്ങള്‍ക്ക് കാര്യമായി പ്രതികരിക്കുകതന്നെയില്ല. ഈ സാഹചര്യം നിയമത്തിന്റെയോ ധാര്‍മിക സമ്മര്‍ദത്തിന്റെയോ പിന്‍ബലമില്ലാതെ തന്നെ സ്ത്രീയുടെ പദവി ഉയര്‍ത്തും. മഹ്‌റിന്റെ തോത് ഉയരാനും സ്ത്രീധനത്തിന്റേത് താഴാനും ഇടയാക്കും. അല്ലാഹുവിന്റെ നിയമത്തില്‍നിന്ന് തെറ്റിയതിന്റെ പ്രത്യാഘാതം അതിലേക്ക് തിരിച്ചുപോയിക്കൊണ്ടു മാത്രമേ ഇല്ലായ്മ ചെയ്യാനാവൂ.

ടി.ടി മുഹമ്മദ് കുട്ടി, കണ്ണമംഗലം, വേങ്ങര

 

 

സ്വകാര്യ സ്വത്തല്ല ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍

ലക്കം 3006-ല്‍ ടി. മുഹമ്മദ് വേളം എഴുതിയ 'വികസനത്തെ കുറിച്ച കാഴ്ചപ്പാടാണ് സകാത്ത്' വായിച്ചു. ഇസ്‌ലാമിന്റെ മൂന്നാം തൂണ്‍  'സകാത്ത്' ആധുനിക മുതലാളിത്ത കോര്‍പ്പറേറ്റ്  ലോകത്ത് എങ്ങനെ പ്രസക്തമാകുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ പള്ളിയുടെ ചുവരുകള്‍ക്കുള്ളിലും വഅള്‌ വേദികളിലും മാത്രം കേട്ടാല്‍ പോരാ. സമൂഹത്തിന് മൊത്തം മനസ്സിലാകുന്ന രീതിയില്‍ അവയെ അവതരിപ്പിക്കാന്‍  കഴിയണം. ഇസ്‌ലാമിനെ ഒരു ദര്‍ശനവും പ്രത്യയശാസ്ത്രവുമായി അവതരിപ്പിക്കുന്നതില്‍ പ്രബോധനം വഹിക്കുന്ന പങ്ക് നിസ്തുലമാണ്. മനുഷ്യ പക്ഷത്തുനിന്ന് വായിക്കാന്‍ കഴിയുന്നു എന്നതാണ് പ്രബോധനത്തിന്റെ പ്രസക്തി.

അബ്ദുര്‍റസാഖ് പുലാപ്പറ്റ

 

മാട്ടിറച്ചി കയറ്റുമതി നിരോധിക്കേണ്ടതല്ലേ?

'കശാപ്പ് നിരോധത്തിന്റെ രാഷ്ട്രീയവും മാട്ടിറച്ചിയുടെ കയറ്റുമതി സാധ്യതകളും' എന്ന തലക്കെട്ടില്‍ എ. റശീദുദ്ദീന്‍ തയാറാക്കിയ വിശകലനം പ്രസക്തമായി. മാട്ടിറച്ചി കയറ്റുമതിയില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയാണ്. ഇവിടെനിന്ന് വിദേശത്തേക്ക് ദശലക്ഷക്കണക്കിന് ടണ്‍ മാട്ടിറച്ചി കയറ്റിയയക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മൃഗസ്‌നേഹികളും ഗോഭക്തരും എന്തുകൊണ്ട് ഇത് നിരോധിക്കാന്‍ തയാറാകുന്നില്ല?

നേമം താജുദ്ദീന്‍ തിരുവനന്തപുരം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (128 - 140)
എ.വൈ.ആര്‍

ഹദീസ്‌

പരസ്പരം ബഹുമാനിക്കുക
ജുമൈല്‍ കൊടിഞ്ഞി