Prabodhanam Weekly

Pages

Search

2017 ജൂലൈ 07

3008

438 ശവ്വാല്‍ 13

ഇസ്‌ലാമിക പ്രബോധനം: പൊരുളും സന്ദര്‍ഭവും

മുജ്തബാ ഫാറൂഖ്

മനുഷ്യന്റെ ശുദ്ധപ്രകൃതിയോട് സംവദിക്കുന്ന ജീവിത ദര്‍ശനമാണ് ഇസ്‌ലാം. എല്ലാ അര്‍ഥത്തിലുമുള്ള വിജയത്തിലേക്ക് വഴികാണിക്കുന്നതിനായി പ്രപഞ്ചനാഥന്‍ കനിഞ്ഞരുളിയതാണത്. പക്ഷേ കാലക്രമത്തില്‍ മനുഷ്യന്‍ ആ സല്‍പന്ഥാവില്‍ നിന്ന് വ്യതിചലിച്ചു. തന്നെപ്പോലുള്ള മനുഷ്യരെയും അവന്‍ ദൈവങ്ങളായി സങ്കല്‍പ്പിച്ചു തുടങ്ങി. സൃഷ്ടിശ്രേണിയില്‍ തന്നേക്കാള്‍ വളരെ താഴെയുള്ള മൃഗങ്ങളെ വരെ പൂജിക്കാന്‍ ആരംഭിച്ചു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും പുഴകളെയും മഴയെയുമൊക്കെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചവരും കുറവായിരുന്നില്ല. സ്രഷ്ടാവിനാല്‍ നല്‍കപ്പെട്ട ദിവ്യസന്ദേശങ്ങള്‍ പിന്തുടരുന്നതിനു പകരം അവന്‍ മനുഷ്യന്‍ തന്നെ മെനഞ്ഞുണ്ടാക്കിയ ദര്‍ശനങ്ങളുടെ പിന്നാലെ പോയി. അന്ധകാരത്തിലും വഴികേടിലും പെട്ടുപോയ മനുഷ്യന്‍ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുച്ചുഴിയിലായി. ദൈവനിഷേധവും ബഹുദൈവത്വ സങ്കല്‍പ്പങ്ങളും തലതിരിഞ്ഞ ദര്‍ശനങ്ങളുമൊക്കെയാണ് മനുഷ്യനെ ഈയൊരു പതനത്തില്‍ എത്തിച്ചത്. ഇങ്ങനെ വഴിതെറ്റിപ്പോകുന്ന സമൂഹങ്ങള്‍ക്ക് നേര്‍വഴി കാണിക്കാനാണ് കാലാകാലങ്ങളില്‍ പ്രപഞ്ചസ്രഷ്ടാവ് ദൈവിക സന്ദേശങ്ങളുമായി തന്റെ ദൂതന്മാരെ പറഞ്ഞയച്ചുകൊണ്ടിരുന്നത്. ആ ദൈവദൂത പരമ്പരയിലെ ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് നബി(സ). ജനങ്ങള്‍ക്ക് വഴികാട്ടുകയായിരുന്നു അദ്ദേഹത്തിന്റെയും നിയോഗദൗത്യം.

നബിയുടെ വിയോഗാനന്തരം വഴികാട്ടുക എന്ന ദൗത്യം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത് 'വിശിഷ്ട സമൂഹം' (ഖൈറു ഉമ്മത്ത്) എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്ന മുസ്‌ലിം സമുദായത്തിലാണ്. നന്മ ഉയര്‍ത്തിപ്പിടിച്ചും തിന്മ തടഞ്ഞും ധര്‍മസംസ്ഥാപനമാണ് ആ സമൂഹത്തിന്റെ നിയോഗലക്ഷ്യം എന്നും വിവരിച്ചിരിക്കുന്നു (3:110). ഇസ്‌ലാമിന്റെ കൊടിവാഹകരായി, ആ സന്ദേശത്തിന്റെ പ്രചാരണദൗത്യം ഏറ്റെടുക്കേണ്ടവരാണ് മുസ്‌ലിംകളെന്നും, ആ സന്ദേശസാക്ഷ്യം സ്വന്തം ജീവിതത്തിലൂടെ നിര്‍വഹിക്കാനാണ് അവരെ മധ്യമസമുദായമാക്കിയതെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (2:146). ഈ സന്ദേശ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഖുര്‍ആന്റെ ഭാഷയില്‍ 'ദഅ്‌വത്ത്' എന്ന് പറയുന്നത്.

 

ദഅ്‌വത്ത് ഖുര്‍ആനില്‍

ദഅ്‌വത്ത് എന്ന മൂലപദം ഖുര്‍ആനില്‍ ധാരാളമായി പ്രയോഗിച്ചിരിക്കുന്നു. ഈ പദത്തില്‍നിന്ന് നിഷ്പന്നമായ 208 വാക്കുകള്‍ ഖുര്‍ആനിലുണ്ട്. അവയില്‍ 44 സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ ദീനിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്ന അര്‍ഥത്തില്‍ തന്നെയാണ് വന്നിട്ടുള്ളത്.1 ദുആ എന്ന വാക്കില്‍നിന്നുള്ളതാണ് ദഅ്‌വത്ത്. നിര്‍ണിത ലക്ഷ്യത്തിലേക്ക്/കാര്യത്തിലേക്ക് വിളിക്കുക, ക്ഷണിക്കുകയാണ് ദുആ. സാങ്കേതികമായി ദഅ്‌വത്തിന്റെ അര്‍ഥം, അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക, അതിലേക്ക് വഴികാട്ടുക, അങ്ങനെ മനുഷ്യനെ ഇഹത്തിലെ വിജയത്തിലേക്കും പരത്തിലെ മോക്ഷത്തിലേക്കും എത്തിക്കുക എന്നതാണ്. ഇത് ഖുര്‍ആന്‍ പല രീതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്:

''അല്ലാഹു സമാധാന ഗേഹത്തിലേക്ക് ക്ഷണിക്കുന്നു; താനുദ്ദേശിക്കുന്നവരെ ശരിയായ മാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു'' (യൂനുസ് 25).

''അവരോട് പറയുക: ഇതാണ് എന്റെ മാര്‍ഗം. ഞാനും എന്നെ പിന്തുടര്‍ന്നവരും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത് വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ്'' (യൂസുഫ് 108). ഉള്‍ക്കാഴ്ചയോടും യുക്തിദീക്ഷയോടും കൂടിയാണ് നബി(സ) ജനങ്ങളെ പ്രബോധനം ചെയ്തിരിക്കുന്നതെന്നും അനുയായികളും അതേ മാര്‍ഗം പിന്തുടരണമെന്നുമാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ വിശദീകരിച്ചുകൊണ്ട് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നുകസീര്‍ എഴുതുന്നു: ''ദൈവദൂതനെ പിന്തുടരുന്ന ഓരോരുത്തനും അദ്ദേഹം പ്രബോധനം ചെയ്തതുപോലെ ഉള്‍ക്കാഴ്ചയോടെയും ദൃഢബോധ്യത്തോടെയും പ്രമാണപരവും ധൈഷണികവുമായ തെളിവുകളോടെയും ഇതിലേക്ക് ക്ഷണിക്കണം.''2 നബിയോടായി അല്ലാഹു വീണ്ടും: ''താങ്കളുടെ നാഥങ്കലേക്ക് താങ്കള്‍ ക്ഷണിക്കുക. താങ്കള്‍ ശരിയായ മാര്‍ഗത്തില്‍ തന്നെയാണ്'' (അല്‍ഹജ്ജ് 67). ''താങ്കളെ സാക്ഷിയും സുവിശേഷം അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിങ്കലേക്ക് അവന്റെ അനുമതിയോടെ ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന വിളക്കായും നാം അയച്ചിരിക്കുന്നു'' (അല്‍അഹ്‌സാബ് 45,46).

മുന്നറിയിപ്പു നല്‍കുന്ന ദൈവദൂതന്‍ മുന്‍കഴിഞ്ഞ സമുദായങ്ങളിലൊക്കെ നിയോഗിതനായിട്ടുണ്ടെന്നും ഖുര്‍ആന്‍ അറിയിക്കുന്നു. ഒരു സമുദായത്തിനും ആ സൗഭാഗ്യം നിഷേധിക്കപ്പെട്ടിട്ടില്ല: ''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുകയും പിശാചിനെ കൈയൊഴിക്കുകയും ചെയ്യുവിന്‍ എന്ന സന്ദേശവുമായി ഓരോ സമുദായത്തിലേക്കും നാം ദൂതനെ അയച്ചിട്ടുണ്ട്'' (അന്നഹ്ല്‍ 36). ''(നബിയേ), താങ്കളെ നാം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് ചെയ്യുന്നവനുമായി സത്യസമേതം അയച്ചിരിക്കുന്നു'' (ഫാത്വിര്‍ 24). ''ഓരോ സമുദായത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരുടെ ദൂതന്‍ വന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം വിധിക്കപ്പെടും. അവര്‍ അനീതിക്കിരയാവുകയില്ല'' (യൂനുസ് 47).

കഴിഞ്ഞുപോയിട്ടുള്ള ദൈവദൂതന്മാരൊന്നും ഈ ഉത്തരവാദിത്തനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടില്ല. അല്ലാഹുവിനെയല്ലാതെ വഴിപ്പെടരുതെന്നും സകല വ്യാജദൈവങ്ങളെയും വര്‍ജിക്കണമെന്നുമുള്ള ആഹ്വാനവും അതിനുവേണ്ടിയുള്ള അശ്രാന്ത പരിശ്രമങ്ങളും, എത്ര വലിയ പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുമ്പിലും അവര്‍ നടത്തിയിട്ടുണ്ട്. എല്ലാ ദൈവദൂതന്മാരും നല്‍കിയ പൊതുസന്ദേശവും ഇതായിരുന്നുവെന്ന് കാണാന്‍ കഴിയും: ''നൂഹിനെ തന്റെ ജനതയുടെ അടുത്തേക്ക് നാം അയച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുവിന്‍. അവനല്ലാതെ മറ്റൊരു ആരാധ്യനും നിങ്ങള്‍ക്കില്ല'' (അല്‍അഅ്‌റാഫ് 59). ''ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെ നാം അയച്ചു. അദ്ദേഹം പറഞ്ഞു; എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ആരാധ്യനും ഇല്ല'' (ഹൂദ് 50). ''സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം അയച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുവിന്‍. അവനല്ലാതെ മറ്റൊരു ആരാധ്യനും നിങ്ങള്‍ക്ക് ഇല്ല'' (അല്‍അഅ്‌റാഫ് 73). ''മദ്‌യന്‍ സമുദായത്തിലേക്ക് സഹോദരന്‍ ശുഐബിനെ നാം അയച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുവിന്‍. അവനെ കൂടാതെ നിങ്ങള്‍ക്ക് ഒരു ആരാധ്യനുമില്ല'' (അല്‍ അഅ്കാഫ് 85).

അല്ലാഹുവിന് വഴിപ്പെടണമെന്നും അടിമപ്പെടണമെന്നുമാണ് ഓരോ പ്രവാചകനും തന്റെ സമുദായത്തിന് നല്‍കിയ മുഖ്യസന്ദേശം. അതില്‍ വ്യക്തിപരമോ വംശീയമോ സാമുദായികമോ ആയ യാതൊരു താല്‍പര്യങ്ങള്‍ക്കും ഇടമുണ്ടായിരിക്കില്ല. ഓരോ ദൈവദൂതനും തന്റെ സമുദായത്തോട് അത് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്: ''ഞാന്‍ നിങ്ങളോട് പ്രതിഫലമൊന്നും ചോദിച്ചിട്ടില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്'' (യൂനുസ് 72). അതിനാല്‍ ഒരു ഇസ്‌ലാമിക പ്രബോധകന്‍ വംശീയമോ സാമുദായികമോ ആയ ഒന്നിലേക്കുമല്ല ആളുകളെ ക്ഷണിക്കുന്നത്, ക്ഷണിക്കേണ്ടത്; ഏതെങ്കിലും ഇസത്തിലേക്കുമല്ല. പ്രബോധന പ്രവര്‍ത്തനങ്ങളുടെ അച്ചുതണ്ട് അല്ലാഹുവും അവന്റെ ദൂതനും മാത്രമാണ്.

 

ഒരു തെറ്റിദ്ധാരണ

ഒരു വ്യക്തിയുടെ പരലോക മോക്ഷത്തിന് തന്റെയോ തന്റെ കുടുംബത്തിന്റെയോ ജീവിതം മാത്രം സംസ്‌കരിച്ചാല്‍ മതിയാവുകയില്ല. തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ജീവിതവും സംസ്‌കരിക്കാനുള്ള ബാധ്യത അവനുണ്ട്. ഒരു മുസ്‌ലിം സ്വയം ഭക്തനും (മുത്തഖി) നന്മയില്‍ മുന്നേറുന്നവനും (സ്വാലിഹ്) ആയാല്‍ പോരാ, ദൈവികാധ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ സംസ്‌കരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന റോള്‍ (മുസ്വ്‌ലിഹ്) കൂടി അവന്‍ ഏറ്റെടുക്കണം.

ഈ വിഷയത്തില്‍ പലതരം ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നവരെ മുസ്‌ലിം സമുദായത്തില്‍ കാണാം. ജനങ്ങളെ നേര്‍വഴിക്ക് നയിക്കേണ്ടത് തങ്ങളുടെ കൂടി ബാധ്യതയാണ് എന്ന ബോധം പോലുമില്ലാത്തവരാണ് ഒരു കൂട്ടര്‍. അവര്‍ ഭൗതിക കാര്യങ്ങളില്‍ മാത്രം വ്യാപൃതരാണ്. ഈ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. പണ്ഡിതന്മാരുടെയും ചില ഇസ്‌ലാമിക സംഘടനകളുടെയും ബാധ്യതയായിട്ടാണ് അവരതിനെ കാണുന്നത്. അക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യേണ്ടതായിട്ടില്ല. സ്വന്തം ജീവിതം സംസ്‌കരിക്കുക മാത്രമാണ് തങ്ങളുടെ ബാധ്യത. മറ്റുള്ളവരെ എങ്ങനെ നന്നാക്കും എന്നൊന്നും ചിന്തിച്ച് തലപുണ്ണാക്കേണ്ടതില്ല. മഹാ അബദ്ധമാണ് ഈ ധാരണ. സ്വയം നേര്‍വഴിയിലാകുന്നതോടൊപ്പം അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കേണ്ട ബാധ്യത കൂടി ഓരോ വിശ്വാസിക്കും ഉണ്ട്. എന്നാല്‍, പ്രബോധന പ്രവര്‍ത്തനം തങ്ങളുടെ ബാധ്യതയല്ല എന്ന വാദത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു. അത് നടത്താത്തതു കൊണ്ട് പരലോകത്ത് തങ്ങള്‍ ചോദ്യം ചെയ്യപ്പെടില്ല എന്നും അവര്‍ കരുതുന്നു.

അതിനൊരു തെളിവും അവര്‍ ഖുര്‍ആനില്‍നിന്നു തന്നെ കൊണ്ടുവരാറുണ്ട്. ഇതാണ് ആ സൂക്തം: ''സത്യവിശ്വാസികളേ, നിങ്ങളുടെ കാര്യം നിങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ സന്മാര്‍ഗത്തിലായിക്കഴിഞ്ഞാല്‍ വഴിതെറ്റിയവര്‍ നിങ്ങള്‍ക്ക് യാതൊരു ദ്രോഹവും വരുത്തിവെക്കുകയല്ല'' (അല്‍മാഇദ 105). അബൂബക്ര്‍ സിദ്ദീഖ്(റ) ഖലീഫയായിരിക്കുന്ന കാലത്ത് തന്നെ ചില ആളുകള്‍ ഈ സൂക്തത്തെ തെറ്റായി മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു. ഒരിക്കല്‍ അദ്ദേഹം മിമ്പറില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ച് ഇങ്ങനെ പറഞ്ഞു: ''ഈ ഖുര്‍ആനിക സൂക്തം നിങ്ങള്‍ വായിച്ചു കേള്‍പ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍ തിരുദൂതന്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ജനം അക്രമിയെ കാണുകയും അവന്റെ കൈക്ക് പിടിക്കാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അവരെ തന്റെ ശിക്ഷ കൊണ്ട് മൂടുന്ന സമയമടുത്തിരിക്കുന്നു.''3

നിങ്ങള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ആളുകള്‍ പാപങ്ങളിലും അധാര്‍മികതകളിലും പുളക്കുകയാണ്, അത് നിങ്ങളുടെ വീഴ്ച കൊണ്ടാണ് എന്ന കുറ്റബോധം നിങ്ങള്‍ക്ക് ഉണ്ടാവേണ്ടതില്ല, നിങ്ങള്‍ സത്യമാര്‍ഗത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് നിങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടരുക. ഇതാണ് മേല്‍ സൂക്തത്തിന്റെ യഥാര്‍ഥ വ്യാഖ്യാനം. എത്രയൊക്കെ പ്രബോധനം നടത്തിയിട്ടും ഒരു ഫലവും കാണാനില്ല. എല്ലാം വനരോദനമായി കലാശിക്കുകയാണ്. അതിനാല്‍ ഒരു കാര്യവുമില്ലാതെ പ്രബോധനം വെറുതെ നടത്തുന്നത് എന്തിന്? ഇങ്ങനെയൊരു നിഷേധാത്മക ചിന്തയും വിശ്വാസിക്ക് ഉണ്ടായിക്കൂടാത്തതാണ്. പ്രബോധന കര്‍ത്തവ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ന്യായവുമല്ല ഈ സാഹചര്യം. പ്രബോധകന്‍ തന്റെ ആദര്‍ശത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് പുതിയ പുതിയ പ്രബോധന രീതികള്‍ പരീക്ഷിക്കുകയാണ് വേണ്ടത്.

 

അടിച്ചേല്‍പ്പിക്കലില്ല

ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കലും അവര്‍ക്ക് ദൈവിക സന്ദേശം എത്തിക്കലുമാണ് പ്രബോധകന്റെ ബാധ്യത. പ്രബോധിതരുടെ മേല്‍ ഒരു നിലക്കും ഈ സന്ദേശം അടിച്ചേല്‍പ്പിക്കാവതല്ല. ബലപ്രയോഗത്തിന്റെ ഒരു രീതിയും സ്വീകരിക്കാന്‍ പാടില്ല. പ്രബോധകന്‍ പ്രബോധകന്‍ മാത്രമാണ്. സന്മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നവനാണ്, വഴി നടത്തുന്നവന്‍ (ഹാദി) അല്ല. 'ഹാദി' എന്ന വിശേഷണം അല്ലാഹുവിനുള്ളതാണ്. 'താങ്കള്‍ സദുപദേശം നല്‍കുക; സദുപദേശകന്‍ മാത്രമാണ് താങ്കള്‍' എന്ന് ഖുര്‍ആന്‍ നബി(സ)യെ ഓര്‍മിപ്പിക്കുന്നുണ്ട് (അല്‍ഗാശിയ 21-22). ബലപ്രയോഗം പാടില്ലെന്ന് മറ്റൊരു സൂക്തത്തിലും പറയുന്നുണ്ടല്ലോ (അല്‍ബഖറ 256). പ്രബോധനം ചെയ്യപ്പെടുന്ന ആശയം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പ്രബോധിതര്‍ക്കുണ്ട് (അദ്ദഹ്ര്‍ 3). താനുദ്ദേശിച്ചവരെ സന്മാര്‍ഗത്തിലാക്കാന്‍ ദൈവദൂതന്‍ വിചാരിച്ചാലും സാധ്യമല്ല: ''(നബിയേ), താങ്കള്‍ ഉദ്ദേശിച്ചവരെ താങ്കള്‍ക്ക് നേര്‍മാര്‍ഗത്തിലാക്കാനാവില്ല. അല്ലാഹു താനുദ്ദേശിച്ചവരെ നേര്‍മാര്‍ഗത്തിലാക്കുകയാണ് ചെയ്യുക'' (അല്‍ഖസ്വസ്വ് 56).

നബിയുടെ പിതൃസഹോദരന്‍ അബൂത്വാലിബിന് രോഗം കലശലായി. മരണം അടുത്തിരിക്കുന്നു. അവസാന ശ്വാസത്തിന് മുമ്പെങ്കിലും അദ്ദേഹത്തെക്കൊണ്ട് 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന് ചൊല്ലിക്കാനാവുമോ എന്ന തീവ്രശ്രമത്തിലായിരുന്നു നബി(സ). എങ്കില്‍ അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി തനിക്ക് പ്രാര്‍ഥിക്കാമല്ലോ. പക്ഷേ വിശ്വാസം കൈക്കൊള്ളാനുള്ള സൗഭാഗ്യം അബൂത്വാലിബിന് ഉണ്ടായിരുന്നില്ല. തന്റെ പഴയ വിശ്വാസങ്ങളുമായി അബൂത്വാലിബ് വിടവാങ്ങി. പ്രവാചകന് വലിയ ആഘാതമായിരുന്നു അത്. ഈ സന്ദര്‍ഭത്തിലാണ് മേല്‍ സൂക്തം അവതരിച്ചത്.

 

പ്രബോധകന്റെ നിലപാടുകള്‍

പ്രബോധന പ്രവര്‍ത്തനങ്ങളെ പല പേരുകളാല്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തിയതായി കാണാം. ദഅ്‌വത്തിനു പുറമെ, തബ്‌ലീഗ് (എത്തിക്കല്‍), ഇന്‍ദാര്‍ (മുന്നറിയിപ്പ്), തബ്ശീര്‍ (സന്തോഷവൃത്താന്തമറിയിക്കല്‍), തദ്കിറ (ഓര്‍മപ്പെടുത്തല്‍), ശഹാദത്ത് (സാക്ഷ്യം) പോലുള്ള പ്രയോഗങ്ങള്‍ ഇതേ ആശയത്തെ കുറിക്കുന്നു. പ്രബോധകനെ കുറിക്കാനും പല വിശേഷണങ്ങള്‍ നല്‍കിയിരിക്കുന്നു. അതിലൊന്നാണ് മുദ്ദക്കിര്‍- ഓര്‍മപ്പെടുത്തുന്നവന്‍ (അല്‍ഗാശിയ 21). മറ്റൊരിടത്ത് വിളിക്കുന്നവന്‍ (മുനാദി) എന്ന് പരിചയപ്പെടുത്തിയിരിക്കുന്നു (ആലുഇംറാന്‍ 193). വാഇദ് (ഉദ്‌ബോധകന്‍) എന്ന വിശേഷണവും ഖുര്‍ആനില്‍നിന്ന് വായിച്ചെടുക്കാം. ബശീര്‍ (സന്തോഷവൃത്താന്തം നല്‍കുന്നവന്‍), നദീര്‍ (മുന്നറിയിപ്പുകാരന്‍), നാസ്വിഹ് (സദുപദേശി), മുര്‍ശിദ് (വഴികാട്ടി), ശാഹിദ്(സാക്ഷി) എന്നിങ്ങനെയും പ്രബോധകനെ വിശേഷിപ്പിച്ചിരിക്കുന്നു.

പ്രബോധന ശൈലിയെക്കുറിച്ചും ചിലത് മനസ്സിലാക്കേണ്ടതുണ്ട്. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് അതിലും മാറ്റം വരും. ഒരു പ്രദേശത്ത് സ്വീകരിക്കുന്ന പ്രബോധനശൈലി മറ്റൊരിടത്ത് സ്വീകാര്യമാവണമെന്നില്ല. അതേസമയം എല്ലായിടത്തെയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ ചില അടിസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചുമായിരിക്കണം. പ്രധാനമായും മൂന്നെണ്ണമാണത്. വിശുദ്ധ ഖുര്‍ആന്‍ അത് എടുത്തുപറഞ്ഞിരിക്കുന്നു: ''താങ്കളുടെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നത് യൂക്തിദീക്ഷയോടെയാവണം, സദുപദേശ സഹിതമാവണം. അവരുമായി സംവാദം നടത്തുന്നത് ഏറ്റവും നല്ല രീതിയിലുമാവണം'' (അന്നഹ്ല്‍ 125).

ആദ്യത്തെ അടിസ്ഥാനം യുക്തിദീക്ഷ(ഹിക്മത്ത്)യാണ്. ഗ്രാഹ്യം, ഉള്‍ക്കാഴ്ച, ധിഷണ, വക്രതയില്ലാതെ തെളിമയാര്‍ന്നത് എന്നിങ്ങനെ പല അര്‍ഥങ്ങളില്‍ ഹിക്മത്ത് പ്രയോഗിക്കാം. ഓരോ പ്രബോധിതനെയും ചിന്തിക്കാന്‍ പ്രേരിപ്പിക്കും വിധത്തിലായിരിക്കണം ആശയാവതരണം നടത്തേണ്ടത്. ഓരോരുത്തരുടെയും മനസ്സിലെ രോഗങ്ങള്‍ കണ്ടെത്തി ആ രോഗങ്ങളെ വേരോടെ പിഴുതെറിയാനുള്ള ചികിത്സയാണ് പ്രബോധകന്‍ നടത്തേണ്ടതെന്ന് ഈ പ്രയോഗത്തെ വിശദീകരിച്ചുകൊണ്ട് മൗലാനാ മൗദൂദി എഴുതിയിട്ടുണ്ട്.4 അല്‍മൗഇദതുല്‍ ഹസന എന്ന സദുപദേശമാണ് രണ്ടാമത്തെ അടിസ്ഥാനം. പ്രബോധിതന്റെ മനസ്സില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിക്കിടക്കുന്ന സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കി ആ മനസ്സിനെ ശാന്തമാക്കേണ്ടതുണ്ട് ആദ്യം. പ്രബോധകന്‍ എല്ലാ അര്‍ഥത്തിലുമുള്ള തന്റെ ഗുണകാംക്ഷിയാണെന്നും തന്റെ ഇഹലോക വിജയവും പരലോക മോക്ഷവും മാത്രമാണ് അദ്ദേഹം കാംക്ഷിക്കുന്നതെന്നും പ്രബോധിതന് ബോധ്യപ്പെടേണ്ടതുണ്ട്. പ്രബോധിതനുമായി ഏറ്റവും നല്ല രീതിയില്‍ സംവദിക്കുക (ജിദാലുന്‍ ബില്‍ അഹ്‌സന്‍) എന്നതാണ് മൂന്നാമത്തെ അടിസ്ഥാനം. മാന്യമായ വാക്കുകളേ സംസാരങ്ങളിലും സംഭാഷണങ്ങളിലും പ്രയോഗിക്കാവൂ. പരുക്കന്‍ സംസാരങ്ങള്‍ ഒഴിവാക്കണം. പ്രബോധിതന്റെ മനസ്സില്‍ ആശ്വാസമായി പെയ്തിറങ്ങണം പ്രബോധകന്റെ വാക്കുകള്‍. സത്യാന്വേഷണത്തിന് പ്രചോദനമാവുന്ന തരത്തിലുമാവണം. ആശയക്കൈമാറ്റത്തിന് ഈ മികച്ച ശൈലിയല്ല ഉപയോഗിക്കുന്നതെങ്കില്‍ അത് ഇസ്‌ലാമിക പ്രബോധനമായിത്തീരില്ലെന്ന് അബുല്‍കലാം ആസാദ് എഴുതുന്നു.5

ഈ മൂന്ന് അടിസ്ഥാനങ്ങള്‍ പരിഗണിക്കാതെയുള്ള ആശയപ്രചാരണം ഫലപ്രദമാകില്ലെന്ന് മാത്രമല്ല വിപരീത ഫലവുമുണ്ടാക്കും. ഖുര്‍ആന്‍ വ്യാഖ്യാതാവായ മുഹമ്മദ് അക്‌റം ഷാ എഴുതുന്നു: ''ഇസ്‌ലാമിക ശിക്ഷണം ലഭിക്കാത്ത വിവരദോഷിയായ ഒരാള്‍ നടത്തുന്ന ആശയപ്രചാരണം, ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് പോലും കഴിയാത്ത ദ്രോഹമാണ് പ്രബോധന മേഖലക്ക് വരുത്തിവെക്കുക. പ്രബോധകനായി രംഗത്ത് വരുന്ന ഇയാള്‍ സമര്‍പ്പിക്കുന്ന തെളിവുകള്‍ ദുര്‍ബലവും ബാലിശവുമായിരുന്നാല്‍, അയാളുടെ സംസാരവും വ്യവഹാരവും ശത്രുതയും വിദ്വേഷവും വമിക്കുന്നതായാല്‍, അവ സ്‌നേഹകാരുണ്യവികാരങ്ങളില്‍നിന്ന് മുക്തമായാല്‍ പ്രബോധിതര്‍ അയാളെ കേള്‍ക്കാതെ പിന്തിരിഞ്ഞുപോവുകയേയുള്ളൂ.''6 

 

കുറിപ്പുകള്‍:

1) മുഹമ്മദ് ഫുവാദ് അല്‍ബാഖി - അല്‍മുഅ്ജമുല്‍ മുഫഹ്‌റസ് ലി അല്‍ഫാളില്‍ ഖുര്‍ആന്‍

2) ഇബ്‌നു കസീര്‍ - തഫീസീറുല്‍ ഖുര്‍ആന്‍

3) സ്വഹീഹ് മുസ്‌ലിം, കിതാബുല്‍ ഹജ്ജ്

4) സയ്യിദ് മൗദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍(ഉര്‍ദു), 2/581

5) അബുല്‍കലാം ആസാദ്, സാഹിത്യ അക്കാദമി ന്യൂദല്‍ഹി 4/343

6) മുഹമ്മദ് അക്‌റം ഷാ അസ്ഹരി - ദിയാഉല്‍ ഖുര്‍ആന്‍ (ലാഹോര്‍) 2/617.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (128 - 140)
എ.വൈ.ആര്‍

ഹദീസ്‌

പരസ്പരം ബഹുമാനിക്കുക
ജുമൈല്‍ കൊടിഞ്ഞി