Prabodhanam Weekly

Pages

Search

2017 ജൂലൈ 07

3008

438 ശവ്വാല്‍ 13

റുകാനയുടെയും ഉമറിന്റെയും ഇസ്‌ലാം സ്വീകരണം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-16

ഇടക്കൊക്കെ നബിയും തന്റെ നാട്ടുകാരായ മക്കക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരിക്കലവര്‍ നബിയെ സഹിക്കാന്‍ പറ്റാത്തവിധം പരിഹസിച്ചു. ദൈവദൂതന്‍ എന്നാണ് വാദമെങ്കില്‍ ചന്ദ്രനെ പിളര്‍ത്തി കാണിക്കൂ എന്നായിരുന്നു പരിഹാസം. ഇസ്‌ലാമില്‍ എന്തെങ്കിലും നേടേണ്ടത് അത്ഭുത പ്രവൃത്തികള്‍ കാണിച്ചുകൊണ്ടല്ല. കാരണം, എല്ലാം ആസ്പദിച്ച് നില്‍ക്കുന്നത് ദൈവത്തിലാണ്, മനുഷ്യനിലല്ല. അതിനാല്‍ അത്ഭുത പ്രവൃത്തി ഒരു അനിവാര്യതയേ അല്ല; നബിയാണെങ്കില്‍ പോലും അതിന്റെ ആവശ്യം വരുന്നില്ല. അതേസമയം ചരിത്രത്തിലുടനീളം, പുണ്യാത്മാക്കള്‍ അത്ഭുത പ്രവൃത്തികള്‍ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിനാല്‍ മുഹമ്മദ് നബിയുടെ ജീവചരിത്ര കുറിപ്പുകളില്‍ അത്ഭുത പ്രവൃത്തികളെക്കുറിച്ച് വല്ല പരാമര്‍ശവുമുണ്ടെങ്കില്‍ വിസ്മയിക്കേണ്ട കാര്യവുമില്ല. മക്കക്കാരുടെ പരിഹാസത്തിന് മറുപടിയായി, നബി ചന്ദ്രന് നേരെ ആംഗ്യം കാണിക്കുകയും ചന്ദ്രന്‍ നെടുകെ പിളരുകയും ചെയ്തു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അല്‍പ്പസമയത്തിനു ശേഷം പിളര്‍ന്ന രണ്ട് ഭാഗങ്ങള്‍ മുമ്പത്തെപ്പോലെ ഒന്നായി ചേര്‍ന്നെന്നും.1 ചിലര്‍ ഇത് ദൃഷ്ടാന്തമായി കണ്ട് ഇസ്‌ലാം സ്വീകരിച്ചു, മറ്റുള്ളവരെ സംബന്ധിച്ചേടത്തോളം ദുര്‍മന്ത്രവാദത്തിനുള്ള മറ്റൊരു തെളിവ് മാത്രമായിരുന്നു അത്.

അത്ഭുതങ്ങള്‍ കാണിക്കണം എന്ന ആവശ്യം മക്കക്കാരില്‍നിന്ന് നിരന്തരം ഉയര്‍ന്നുകൊണ്ടിരുന്നു.2 തീര്‍ത്തും അസംബന്ധങ്ങളായ ആവശ്യങ്ങളാണ് അവര്‍ ഉന്നയിച്ചുകൊണ്ടിരുന്നത്. ഖുര്‍ആന്‍ അതൊക്കെ രേഖപ്പെടുത്തിവെച്ചിട്ടുമുണ്ട്.3  ദൈവത്തെ കാണിച്ചു താ, മരിച്ചവരെ ജീവിപ്പിക്ക്, ആകാശത്തേക്ക് ഒരു ഏണി കെട്ടിയുണ്ടാക്ക്, സ്വര്‍ണം കൊണ്ടുള്ള വീടുകള്‍ നിര്‍മിക്ക്, മക്കയില്‍നിന്ന് പര്‍വതങ്ങളെ നീക്കിക്കൊണ്ടു പോ, സിറിയയിലെ പോലെ ഇവിടെ നദികള്‍ ഒഴുക്ക്, എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന വിധത്തില്‍ ഒരു മാലാഖ ഇറങ്ങിവന്ന് മുഹമ്മദ് ദൈവദൂതനാണെന്ന് സാക്ഷ്യപ്പെടുത്തട്ടെ- ഇങ്ങനെ നീളുന്നു അവരുടെ ആവശ്യങ്ങള്‍. നബി അവരോട് പറഞ്ഞു: ദൈവമാണ് സര്‍വശക്തന്‍. അവന്നാണ് എല്ലാം ചെയ്യാന്‍ കഴിയുക. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനല്ല ഞാന്‍ വന്നിരിക്കുന്നത്. നിങ്ങള്‍ക്ക് വഴികാട്ടുകയും, ദൈവകല്‍പ്പനകളില്‍നിന്ന് മുഖം തിരിക്കുന്നവരെ കഠിന ശിക്ഷ കാത്തിരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയുമാണ് എന്റെ ചുമതല. അര്‍ഥഗര്‍ഭമായ ഈ സൂക്തങ്ങള്‍ ദൈവദൂതന്‍ അവരെ കേള്‍പ്പിക്കുകയും ചെയ്തു: ''അവര്‍ ചോദിക്കുന്നു. അദ്ദേഹത്തിന് തന്റെ നാഥങ്കല്‍നിന്ന് (അത്ഭുത) ദൃഷ്ടാന്തങ്ങള്‍ ഇറങ്ങാത്തതെന്ത്! താങ്കള്‍ പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ പക്കല്‍ മാത്രമാണ്. ഞാന്‍ വ്യക്തമായ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. തങ്ങള്‍ക്ക് പാരായണം ചെയ്ത് കേള്‍പ്പിക്കപ്പെടുന്ന ഈ ഗ്രന്ഥം താങ്കള്‍ക്ക് നാം ഇറക്കിത്തന്നതു തന്നെ പോരേ അവര്‍ക്ക്? വിശ്വസിക്കുന്ന ജനതക്ക് അതില്‍ കാരുണ്യവും ഉദ്‌ബോധനവുമുണ്ട്'' (29:50,51). ഒരാള്‍ മതത്തില്‍ വിശ്വസിക്കേണ്ടത് അത്ഭുതവൃത്തികള്‍ നോക്കിയല്ല, അതിന്റെ അധ്യാപനങ്ങള്‍ നോക്കിയാണ് എന്നര്‍ഥം.

 

റുകാന, ഉമര്‍, ഹംസ

മക്കയിലെ അറിയപ്പെടുന്ന ഗുസ്തിക്കാരനായിരുന്നു റുകാന. ശരീരത്തിന് നല്ല ബലമുണ്ട്, നല്ല ഉയരവും. ഒട്ടകത്തിന്റെയോ കാളയുടെയോ തോല്‍ നിലത്ത് വിരിച്ച് റുകാന അതില്‍ കയറി നില്‍ക്കുകയും, അയാളെ തള്ളിയിടാനായി ആളുകള്‍ കൂട്ടം ചേര്‍ന്ന് തോല്‍ വലിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ തോല്‍ കീറുമെന്നല്ലാതെ റുകാന അനങ്ങുകയില്ല. ഒരിക്കല്‍ റുകാന തന്റെ ആടുകളുമായി മേച്ചില്‍ സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു. ഇടക്കു വെച്ച് നബി അദ്ദേഹത്തെ കണ്ടുമുട്ടി. എല്ലാവരെയും ക്ഷണിക്കുന്ന പോലെ അദ്ദേഹത്തെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. രണ്ട് തരം വിവരണങ്ങളാണ് ഇതുസംബന്ധമായി വന്നിട്ടുള്ളത്. രണ്ടും ഒരേ സംഭവത്തെക്കുറിച്ച് തന്നെയുള്ളതാവണം. നബിയാണെന്നതിന് ഒരു ദൃഷ്ടാന്തം വേണമെന്നായി റുകാന. കാണിക്കേണ്ട അത്ഭുതവൃത്തിയും പറഞ്ഞുകൊടുത്തു.

ഒരു മരത്തെ നിങ്ങള്‍ പറയുന്നതനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ച് കാണിക്കണം! നബി പറഞ്ഞു: 'ശരി, നോക്കൂ, അവിടെ ഒരു മരമില്ലേ, അതിനോട് മറ്റേ മരത്തിന്റെ അടുത്തേക്ക് പോകാന്‍ പറയൂ. ഞാന്‍ പറഞ്ഞതാണെന്ന് പറയണം.' മരങ്ങളുടെ സഞ്ചാരമൊന്നും റുകാനയെ തൃപ്തിപ്പെടുത്തുന്നുണ്ടായിരുന്നില്ല. തന്നോട് ഗുസ്തി പിടിക്കാനുണ്ടോ എന്നായി റുകാന. ഗുസ്തിയില്‍ തന്നെ തോല്‍പ്പിച്ചാല്‍ താന്‍ ഇസ്‌ലാം സ്വീകരിക്കാം. നബി ഗുസ്തിയില്‍ മൂന്ന് തവണ റുകാനയെ മലര്‍ത്തിയടിച്ചു. ഇതൊക്കെ കണ്ടിട്ടും ഇസ്‌ലാം സ്വീകരിക്കാന്‍ കൂട്ടാക്കാതെ റുകാന, നേരെ മക്കയിലെ അവിശ്വാസികളുടെ അടുത്തേക്ക് ഓടി.4  അവരോട് പറഞ്ഞു: 'മുഹമ്മദിനെ നിങ്ങള്‍ അപകടപ്പെടുത്തരുത്. നമുക്കയാളെ ഉപയോഗപ്പെടുത്താം, മറ്റു ഗോത്രങ്ങളുമായി മത്സരങ്ങള്‍ നടത്തുമ്പോള്‍. ദൈവമാണ, അയാളാണ് ലോകത്തെ ഏറ്റവും വലിയ ഇന്ദ്രജാലക്കാരന്‍. എന്തൊക്കെ അവിശ്വസനീയ കാര്യങ്ങളാണ് അയാള്‍ ചെയ്യുന്നത്!' ഇതാണ് ഒരു വിവരണം. മറ്റൊരു വിവരണം ഇങ്ങനെ: റുകാന ഗുസ്തിക്ക് വെല്ലുവിളിച്ചപ്പോള്‍ നബി ആവശ്യപ്പെടുന്നു: 'ശരി, ഗുസ്തിയില്‍ ഞാന്‍ നിങ്ങളെ തോല്‍പ്പിച്ചാല്‍ നിങ്ങളുടെ ആട്ടിന്‍പറ്റങ്ങളില്‍നിന്ന് മൂന്നിലൊന്ന് ഞാനെടുക്കും.' അങ്ങനെ മൂന്ന് മത്സരങ്ങള്‍ നടന്നു. മൂന്നിലും റുകാനക്ക് തോല്‍വി. അങ്ങനെ തന്റെ മുഴുവന്‍ ആട്ടിന്‍പറ്റങ്ങളെയും നഷ്ടപ്പെട്ടതോര്‍ത്ത് അയാള്‍ കരയാന്‍ തുടങ്ങി. ഭാര്യ തന്നെ പഴി പറയുമെന്ന് അയാള്‍ പേടിച്ചു. അപ്പോള്‍ നബി അയാളോട് പറഞ്ഞു: 'പേടിക്കേണ്ട, മൂന്നു തവണ തോല്‍വി, പിന്നെ ആട്ടിന്‍പറ്റങ്ങളെ മുഴുവന്‍ നഷ്ടപ്പെടല്‍. ഇത് രണ്ടും കൂടി ഞാന്‍ നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല. ആട്ടിന്‍പറ്റങ്ങളെയും തെളിച്ച് സമാധാനത്തോടെ പൊയ്‌ക്കൊള്ളൂ.' അത്ഭുത പ്രവൃത്തികളേക്കാളുപരി, നബിയുടെ ഈ സൗമനസ്യത്തില്‍ ആകൃഷ്ടനായി റുകാന അറിയാതെ വിളിച്ചുപറഞ്ഞു പോയി: 'താങ്കള്‍ ദൈവദൂതനാണെന്ന് ഞാന്‍ അംഗീകരിച്ചിരിക്കുന്നു. താങ്കളുടെ ഈ മതത്തെ ഞാന്‍ പുല്‍കുന്നു.'5

ഉമറിന്റെ ഇസ്‌ലാം ആശ്ലേഷം ഇതിനേക്കാള്‍ ഉദ്വേഗജനകമാണ്. ബനൂഅദിയ്യ് എന്ന പ്രധാന കുടുംബത്തില്‍ പെട്ടയാളാണ് ഉമര്‍. നബിയുടെ ആഗമനത്തിനുമുമ്പ് തന്നെ എഴുതാനും വായിക്കാനുമറിയുന്നവര്‍ ഈ കുടുംബത്തില്‍ ഉണ്ടായിരുന്നു; പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും. തന്റെ കുടുംബത്തിന്റെ തലവന്‍ എന്ന നിലക്ക്, മക്കാ നഗരദേശത്തിന്റെ പത്തംഗ ഭരണ സമിതിയില്‍ ഉമറും ഉണ്ടായിരുന്നു. വിദേശകാര്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചുമതല. വളരെ ഉയരക്കൂടുതലുള്ള ആളായിരുന്നു. ഹിജ്‌റക്കു ശേഷം നബിയും അനുയായികളും മദീനയില്‍ പള്ളി നിര്‍മിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തല അതിന്റെ മേല്‍ക്കൂരയില്‍ തട്ടുമായിരുന്നുവത്രെ. ക്ഷിപ്രകോപിയാണ്; തന്റെ കഴിവുകളില്‍ അഭിമാനിക്കുന്നവനും.

നബിയെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍നിന്ന് തടയാന്‍ മക്കയിലെ ഖുറൈശികള്‍ ആവുംവിധം ശ്രമിക്കുന്ന കാലം. നബിയെ ഒരു കാരണവശാലും കൈയൊഴിക്കുകയില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രഖ്യാപിച്ചതോടെ അവരുടെ രോഷം അണപൊട്ടിയൊഴുകി. നിശ്ചയദാര്‍ഢ്യത്തിന്റെയും ആരെയും കൂസാത്ത പ്രകൃതത്തിന്റെയും ഉടമയായ ഉമര്‍6, നബിയെ കൊല്ലാന്‍ തന്നെ തീരുമാനമെടുത്തതില്‍ അത്ഭുതമില്ല. ഇതിന്റെ പേരില്‍ തന്റെയും മുഹമ്മദിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഒരു യുദ്ധമുണ്ടായാല്‍ അത് നേരിടാനും ഉമര്‍ തയാര്‍. കൊല്ലാനായി പുറപ്പെടുമ്പോള്‍ ഉമര്‍ വഴിയില്‍ വെച്ച് നുഐമു ബ്‌നു അബ്ദില്ല അന്നഹ്ഹം എന്നയാളെ കണ്ടുമുട്ടി. തന്റെ തന്നെ ഒരു ബന്ധുവാണ്. എങ്ങോട്ടാണ് പുറപ്പാടെന്ന് നുഐം ചോദിച്ചു. സ്വന്തക്കാരനായതുകൊണ്ട് നുഐമിനോട് ഉമര്‍ കാര്യം തുറന്നുപറഞ്ഞു; മുഹമ്മദിനെ കൊല്ലാനായി പോവുകയാണ്. നുഐം നേരത്തേ തന്നെ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. പക്ഷേ സംഗതി രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ഉമറിന്റെ പ്രകൃതം അറിയാവുന്നതുകൊണ്ട് നുഐം ഇത്രമാത്രം പറഞ്ഞു: 'താങ്കളത് ചെയ്താല്‍ നഗരത്തിലെ ശൈഥില്യം വര്‍ധിക്കുകയേ ഉള്ളൂ. മുഹമ്മദിന്റെ കുടുംബവുമായി യുദ്ധത്തിന് പ്രകോപനമുണ്ടാക്കുകയാണ് താങ്കള്‍. ഏതായാലും നഗരത്തിലെ കാര്യങ്ങള്‍ ശരിയാക്കുന്നതിനു മുമ്പ് താങ്കള്‍ സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ശരിയാക്കൂ.' നുഐം തുടര്‍ന്നു: 'താങ്കളുടെ സഹോദരിയും അവളുടെ ഭര്‍ത്താവും ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു.'

ഉമറിന് കോപം അടക്കാനായില്ല. അദ്ദേഹം സ്വന്തം സഹോദരിയുടെ വീട്ടിലേക്ക് ഓടി. വീട്ടുവാതില്‍ക്കല്‍ എത്തിയപ്പോള്‍ പാട്ടുപോലെ എന്തോ കേള്‍ക്കുന്നു. അദ്ദേഹം വാതിലില്‍ ശക്തമായി ഇടിച്ചു. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ എത്തിയ ഒരാളും വീട്ടിലുണ്ടായിരുന്നു. അദ്ദേഹം വേഗം ഒരിടത്ത് പോയി മറഞ്ഞിരുന്നു. ഫാത്വിമ, ഉമറിന്റെ സഹോദരി ഖുര്‍ആന്‍ എഴുതിയ ഏടുകള്‍ തന്റെ കുപ്പായത്തില്‍ ഒളിപ്പിച്ചു. എന്നിട്ട് വാതില്‍ തുറന്നു. മുറിയില്‍ സംശയാസ്പദമായ യാതൊന്നും ഉമറിന് കാണാന്‍ കഴിഞ്ഞില്ല. പക്ഷേ ഉമറിനെ അങ്ങനെ കബളിപ്പിക്കാനാവുമായിരുന്നില്ല. അദ്ദേഹം തന്റെ സഹോദരീ ഭര്‍ത്താവായ സഈദു ബ്‌നു സൈദിനെ തൂക്കിയെടുത്ത് അടിക്കാന്‍ തുടങ്ങി. ഫാത്വിമ ഇടയില്‍ ചാടിവീണു. ഭര്‍ത്താവിന് കിട്ടേണ്ട അടി അവള്‍ക്ക് കിട്ടി. അവളുടെ ദേഹത്തു നിന്ന് രക്തമൊലിച്ചു. പുഛസ്വരത്തില്‍ അവള്‍ അലറി: 'നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? അതേ, ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. ഞങ്ങളത് കൈയൊഴിയാന്‍ പോകുന്നില്ല. നിങ്ങള്‍ തോന്നിയത് ചെയ്യ്.' താന്‍ ഒരു സ്ത്രീയെ അടിച്ചു പരിക്കേല്‍പിച്ചുവല്ലോ എന്നു ക് ഉമറിന് ലജ്ജയും സങ്കടവും ഉായി. സഹോദരിയെ സമാധാനിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ശാന്തനായി സ്‌നേഹസ്വരത്തില്‍ അദ്ദേഹം ചോദിച്ചു: 'അല്‍പ്പം മുമ്പ് നിങ്ങള്‍ വായിച്ചുകൊണ്ടിരുന്ന ആ ഏട് എന്നെയൊന്ന് കാണിക്കാമോ?' ഫാത്വിമക്ക് അപ്പോഴും കലി അടങ്ങിയിട്ടില്ല. അവള്‍ അപ്പോഴും അലറുക തന്നെയാണ്: 'നിങ്ങളാകെ മലിനമാണ്. ഈ വിശുദ്ധ ഏടുകള്‍ തൊടാന്‍ നിങ്ങള്‍ക്ക് അവകാശമില്ല.' ഉമര്‍ ആകെ മാറിക്കഴിഞ്ഞിരുന്നു. അദ്ദേഹം മുറിവിട്ട് പുറത്തുപോയി. വെള്ളമെടുത്ത് ശരീരശുദ്ധി വരുത്തിയ ശേഷം തിരിച്ചുവന്നു. തന്റെ സഹോദരി പൂര്‍വികരുടെ മതം എന്തിന് കൈവെടിഞ്ഞു എന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അവള്‍ ഖുര്‍ആന്‍ എഴുതിയ ഏതാനും ഏടുകള്‍ എടുത്ത് അദ്ദേഹത്തിന് കൊടുത്തു. അതില്‍ അദ്ദേഹം ഇപ്രകാരം വായിച്ചു:

ത്വാഹാ.

നിനക്കു നാം ഈ ഖുര്‍ആന്‍ ഇറക്കിയത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.

ഭയഭക്തിയുള്ളവര്‍ക്ക് ഉദ്‌ബോധനമായി മാത്രമാണ്.

ഭൂമിയും അത്യുന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവനില്‍നിന്ന് അവതീര്‍ണമായതാണിത്.

ആ പരമകാരുണികനായ അല്ലാഹു സിംഹാസനസ്ഥനായിരിക്കുന്നു.

ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലുമുള്ളതെല്ലാം അവന്റേതാണ്. മണ്ണിനടിയിലുള്ളതും.

നിനക്കു വേണമെങ്കില്‍ വാക്ക് ഉറക്കെ പറയാം. എന്നാല്‍ അല്ലാഹു രഹസ്യമായതും പരമ നിഗൂഢമായതുമെല്ലാം നന്നായറിയുന്നവനാണ്.

അല്ലാഹു. അവനല്ലാതെ ദൈവമില്ല. ഉത്കൃഷ്ട നാമങ്ങളെല്ലാം അവന്നുള്ളതാണ്.

മൂസയുടെ കഥ നിനക്കു വന്നെത്തിയോ?

അദ്ദേഹം തീ കണ്ട സന്ദര്‍ഭം: അപ്പോള്‍ അദ്ദേഹം തന്റെ കുടുംബത്തോടു പറഞ്ഞു: 'ഇവിടെ നില്‍ക്കൂ. ഞാനിതാ തീ കാണുന്നു. അതില്‍നിന്ന് ഞാനല്‍പം തീയെടുത്ത് നിങ്ങള്‍ക്കായി കൊണ്ടുവരാം. അല്ലെങ്കില്‍ അവിടെ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടെത്തിയേക്കാം.'

അങ്ങനെ അദ്ദേഹം അവിടെയെത്തിയപ്പോള്‍ ഒരു വിളി കേട്ടു: 'മൂസാ,

നിശ്ചയം; ഞാന്‍ നിന്റെ നാഥനാണ്. അതിനാല്‍ നീ നിന്റെ ചെരിപ്പ് അഴിച്ചുവെക്കുക. തീര്‍ച്ചയായും നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്‌വരയിലാണ്.

'ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനമായി കിട്ടുന്നത് നന്നായി കേട്ടുമനസ്സിലാക്കുക.

'തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.

'തീര്‍ച്ചയായും അന്ത്യനാള്‍ വന്നെത്തുക തന്നെ ചെയ്യും. അതെപ്പോഴെന്നത് ഞാന്‍ മറച്ചുവെച്ചിരിക്കുകയാണ്. ഓരോ വ്യക്തിക്കും തന്റെ അധ്വാനഫലം കൃത്യമായി ലഭിക്കാന്‍ വേണ്ടിയാണിത്.7

'എത്ര മനോഹരം, എന്തൊരു ഓജസ്സ്!' ഉമര്‍ അത്ഭുതപ്പെട്ടു. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വന്ന ഖബ്ബാബിന് ഇനിയും അവിടെ ഒളിച്ചിരിക്കേണ്ട കാര്യമില്ല. അദ്ദേഹം പുറത്തേക്കിറങ്ങിവന്ന് ഉമറിനോട് പറഞ്ഞു: 'ഇന്നലെയാണ് നബി പ്രാര്‍ഥിക്കുന്നത് ഞാന്‍ കേട്ടത്, ഉമറിനെക്കൊണ്ടോ അബൂജഹ്‌ലിനെക്കൊണ്ടോ നീ ഇസ്‌ലാമിനെ സഹായിക്കേണമേ എന്ന്. ഉമര്‍, ഊഴം താങ്കളുടേതാണ്. അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കൂ.' ഉമര്‍ അന്വേഷിച്ചു, എവിടെയാണ് നബി? ദാറുല്‍ അര്‍ഖമിലാണ് എന്ന് കേട്ടപ്പോള്‍ അങ്ങോട്ടേക്ക് നീങ്ങി. അപ്പോഴും മുമ്പത്തെപ്പോലെ ആയുധം കൈയിലുണ്ട്. എന്നിട്ട് ദാറുല്‍ അര്‍ഖമില്‍ ചെന്നുമുട്ടി. ആരോ നബിയെ അറിയിച്ചു; ഉമറാണ് വന്നിരിക്കുന്നത്, കൈയില്‍ ആയുധമുണ്ട്. അപ്പോള്‍ നബി പറഞ്ഞു: 'പേടിക്കേണ്ട. അദ്ദേഹത്തോട് വരാന്‍ പറയൂ.' ഉടന്‍ തന്നെ ഉമര്‍ താന്‍ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി. പ്രാര്‍ഥനക്ക് സമയമായിരുന്നു. പതിവുപോലെ വീട്ടിനകത്തു വെച്ച് തന്നെ അനുചരന്മാരുമൊത്ത് പ്രാര്‍ഥന നിര്‍വഹിക്കാന്‍ നബി തുനിഞ്ഞപ്പോള്‍ ഉമര്‍ പറഞ്ഞു: 'നമ്മളിങ്ങനെ ഇവിടെ ഒളിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല. വരൂ, നമുക്ക് കഅ്ബയുടെ മുമ്പില്‍ പോയി പ്രാര്‍ഥിക്കാം.' മുസ്‌ലിംകള്‍ വരിവരിയായി കഅ്ബയിലേക്ക് ഭയലേശമില്ലാതെ പ്രാര്‍ഥിക്കാന്‍ വരുന്നതു കണ്ട് മക്കക്കാര്‍ ഞെട്ടി; അവര്‍ക്ക് സുരക്ഷയൊരുക്കിക്കൊണ്ട് ഉമറിനെ കണ്ടപ്പോള്‍ അവര്‍ അതിനേക്കാളേറെ ഞെട്ടി.8

ആദ്യ ഘട്ടത്തില്‍ ആളുകള്‍ തങ്ങളുടെ ഇസ്‌ലാമാശ്ലേഷം പൊതുവെ മറച്ചുവെക്കുകയായിരുന്നു പതിവ്. ഉമറിന്റെ പ്രകൃതത്തിന് ചേരുന്നതായിരുന്നില്ല അത്. ഇബ്‌നു ഹിശാം9 പറയുന്നത് ഇങ്ങനെയാണ്: തന്റെ ഇസ്‌ലാമാശ്ലേഷം ആദ്യം അറിയിക്കേണ്ടത് ഇസ്‌ലാമിന്റെ ഏറ്റവും കൊടിയ ശത്രുവിനെ തന്നെയാവണം, ഉമര്‍ തീരുമാനിച്ചു. അതിനുള്ള യോഗ്യത മറ്റാര്‍ക്കുമല്ല, അബൂജഹ്‌ലിനു തന്നെ. തന്റെ ബന്ധു കൂടിയാണ് അബൂജഹ്ല്‍, തന്റെ മാതൃസഹോദരന്റെ പുത്രന്‍. വിവരം ഉമറില്‍നിന്ന് നേരില്‍ അറിഞ്ഞപ്പോള്‍ അബൂജഹ്‌ലിനുണ്ടായ രോഷവും സങ്കടവും! ഉടന്‍ അബൂജഹ്ല്‍ ഈ വിവരം പ്രധാന കേന്ദ്രങ്ങളിലൊക്കെ അറിയിക്കാന്‍ ഒരുത്തനെ ചുമതലപ്പെടുത്തി. അയാള്‍ നേരെ ഓടിയത് കഅ്ബയുടെ ചാരത്ത് ഖുറൈശി പ്രമുഖര്‍ സഭ കൂടുന്നിടത്തേക്കാണ്. അയാള്‍ സഭയില്‍ വിവരം അറിയിച്ചപ്പോഴേക്കും പിന്നാലെ ഉമറും എത്തി. സദസ്സിലെ ചില അവിവേകികള്‍ ഉമറിനെ കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നു. ഉമര്‍ കുറേനേരം പ്രതിരോധിച്ചു നിന്നു. ഒടുവില്‍ ഉമര്‍ തളര്‍ന്നെങ്കിലും, കൂടുതലൊന്നും ചെയ്യാതിരിക്കലാണ് ബുദ്ധി എന്ന് കരുതി വെട്ടാനോ കുത്താനോ നില്‍ക്കാതെ അക്രമി സംഘം പിരിഞ്ഞുപോയി (ഇബ്‌നുഹിശാം, പേ:229).

ഉമറിനു ശേഷം തൊട്ടുടനെ നബിയുടെ പിതൃസഹോദരന്‍ ഹംസയും ഇസ്‌ലാമിലെത്തി. കാരണം തീര്‍ത്തും വ്യത്യസ്തമായിരുന്നു. അത് നേരത്തേ നാം വിശദീകരിച്ചിട്ടുണ്ട്. സ്വാഭാവികമായും ഉമറിന്റെയും ഹംസയുടെയും ഇസ്‌ലാം സ്വീകരണം മക്കയില്‍ ഇസ്‌ലാമിനെ വളരെയേറെ ശക്തിപ്പെടുത്തി. പക്ഷേ ഇസ്‌ലാമിനോടുള്ള ശത്രുതക്ക് ഒരു കുറവും വന്നില്ല. ഇസ്‌ലാം പെട്ടെന്ന് കെട്ടടങ്ങുന്ന പ്രതിഭാസമല്ലെന്ന് മക്കക്കാര്‍ക്ക് ബോധ്യമായി. ഹിജ്‌റക്ക് എട്ടു വര്‍ഷം മുമ്പ്, പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷമാണ് ഈ ഇസ്‌ലാം ആശ്ലേഷങ്ങള്‍ നടക്കുന്നത്. മുസ്‌ലിംകള്‍ വളരെ നിസ്സഹായരായിത്തീര്‍ന്ന വര്‍ഷം കൂടിയായിരുന്നു അത്. കാരണം ആ വര്‍ഷമാണ് ഒരുപറ്റം മുസ്‌ലിംകള്‍ക്ക് അഭയം തേടി അബ്‌സീനിയയിലേക്ക് പലായനം ചെയ്യേണ്ടിവന്നത്. അതേക്കുറിച്ചാണ് ഇനി.

 (തുടരും)

കുറിപ്പുകള്‍:

1) ബുഖാരി 63:36 865, സൂറഃ 54:1, അബൂനുഐം പേ, 95. സ്പുട്‌നിക്കില്‍നിന്നെടുത്ത ചന്ദ്രന്റെ ചില ചിത്രങ്ങളെക്കുറിച്ച പരാമര്‍ശം ഇവിടെ സംഗതമാണ്. ഭൂമിയേക്കാള്‍ അടുത്തു നിന്ന് എടുത്തതാണ് ഈ ഫോട്ടോകള്‍. ആ ചിത്രങ്ങളില്‍ ചന്ദ്രന്റെ നെടുകെ നീളത്തില്‍ മുകള്‍ മുതല്‍ താഴെ വരെ ഒരു മൈലോളം വീതിയില്‍ ഒരു പിളര്‍പ്പ് കാണുന്നുണ്ട്. അമേരിക്കക്കാര്‍ അതിന് പേരിട്ടിരിക്കുന്നത് Hadley Rille  എന്നാണ്. അപ്പോളോ-15 ന്റെ ഈ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്നത് (ഇംഗ്ലണ്ടിലെ ഗാര്‍ഡിയന്‍ ദിനപത്രം 1971, ജൂലൈ 29), നബിയുടെ കാലത്തുണ്ടായ ചന്ദ്രന്‍ പിളര്‍ന്ന സംഭവം ശരിയാണെന്ന് സമ്മതിക്കേണ്ടിവരുമെന്നതുകൊണ്ടാവുമോ? ഇവരിപ്പറയുന്ന Rille പ്രതിഭാസം ചന്ദ്രന്‍ പിളര്‍ന്നതിന്റെ അടയാളം തന്നെയാണെന്ന് ഒരു കാലത്ത് മുസ്‌ലിം ബഹിരാകാശ ഗവേഷകര്‍ കണ്ടെത്തിയെന്നു വരാം.

2) ഇബ്‌നുഹിശാം, പേ:198, ബലാദുരി-അന്‍സാബ് 1/288

3) ഖുര്‍ആന്‍ 6:35-7, 13:27-33, 17:90-93, 25:21, 44:36, 45:25 തുടങ്ങിയവ.

4) ഇബ്‌നുഹിശാം പേ: 258, ബലാദുരി 1/337,338, അബൂനുഐം പേ:140,141

5) ഇബ്‌നുല്‍ ഖയ്യിം-അല്‍ഫുറൂസിയ്യ, പേ:32, സര്‍കസി-ശര്‍ഹു സിയറില്‍ കബീര്‍ 111/179,180

6) ഇബ്‌നുഹിശാം 225

7) ഖുര്‍ആന്‍ 20:215. സുഹൈലി (1/217,218) പറയുന്നത്, ആ ഏടുകളില്‍ 20-ാം അധ്യായം മാത്രമല്ല 81-ാം അധ്യായവും ഉണ്ടായിരുന്നു എന്നാണ്. ഹാകിം-മുസ്തദ്‌റക് IV/59,60, ഇബ്‌നുസഅ്ദ് 111/ക പേ:192, ഇബ്‌നുഹിശാം പേ:226.

8) ദാറുഖുത്വ്‌നി, സുഹൈലി ഉദ്ധരിച്ചത് 1/217, ഇബ്‌നുഹിശാം പേ:225-7, അബൂനുഐം പേ:79

9) ഇബ്‌നു ഹിശാം, പേ: 229,230.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (128 - 140)
എ.വൈ.ആര്‍

ഹദീസ്‌

പരസ്പരം ബഹുമാനിക്കുക
ജുമൈല്‍ കൊടിഞ്ഞി