Prabodhanam Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

ശിക്ഷണത്തിലെ മധ്യമ നിലപാട്

ഡോ. ജാസിമുല്‍ മുത്വവ്വ

'മുസ്‌ലിമേതര രാജ്യങ്ങളിലെ ഇസ്‌ലാമിക തര്‍ബിയത്ത്- ആര്‍ജിക്കേണ്ട നൈപുണി' എന്ന വിഷയത്തെക്കുറിച്ച് ഇറ്റലിയിലെ ഇസ്‌ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തി ഞാന്‍ പുറത്തേക്കിറങ്ങിയതാണ്. 21 വയസ്സ് മതിക്കുന്ന യുവാവ് എന്നെ തടഞ്ഞുനിര്‍ത്തി പറഞ്ഞു തുടങ്ങി: ''എന്റെ ഉമ്മ മൂലം ഞാന്‍ അനുഭവിക്കുന്ന മനഃപ്രയാസങ്ങളും ഉമ്മ എന്റെ ശിക്ഷണത്തിനെന്ന പേരില്‍ എന്നെ നശിപ്പിച്ച കഥയും അങ്ങയോട് പറയാന്‍ ആഗ്രഹിക്കുന്നു. എന്റെ ഈ അനുഭവത്തെക്കുറിച്ച് അങ്ങ് എഴുതണം. ജനങ്ങള്‍ക്ക് അത് ഉപകാരപ്പെടും. എന്റെ വ്യക്തിത്വം നഷ്ടമായി, ആത്മ വിശ്വാസം ഇല്ലാതായി, തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകാനുള്ള കരുത്തും കുറഞ്ഞു. ചഞ്ചലമനസ്‌കനും സംശയാലുവുമായി മാറിയിരിക്കുന്നു ഞാന്‍.'' ഇത്രയും പറഞ്ഞ് അയാള്‍ മൗനം പാലിച്ചു.

''എന്തുകൊണ്ടാണിങ്ങനെയൊക്കെ എന്ന് അങ്ങേക്കറിയുമോ?'' അല്‍പസമയത്തിനു ശേഷം അയാള്‍ ചോദിച്ചു.

ഞാന്‍: ''അറിയില്ല.''

''എല്ലാറ്റിനും ഹേതു എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയതിലെ ദോഷമാണ്. കൊച്ചു കുഞ്ഞായിരിക്കെത്തന്നെ ഞാന്‍ വഴിപിഴച്ചുപോകുമോ എന്ന ഭീതിയായിരുന്നു അവര്‍ക്ക്. ഞാന്‍ ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടുമോ എന്ന് ഭയന്ന് ഇരുപത്തിനാല് മണിക്കൂറും അവര്‍ എനിക്കു ചുറ്റും സംരക്ഷണ വലയം തീര്‍ത്ത് കാവലിരുന്നു. എന്റെ നമസ്‌കാരത്തെക്കുറിച്ചും നോമ്പിനെക്കുറിച്ചും മതവിഷയങ്ങളിലുള്ള താല്‍പര്യത്തെക്കുറിച്ചുമുള്ള ആധിയായിരുന്നു അവരുടെ ഉള്ളു നിറയെ. അവരുടെ ഈ ഭയം വസ്‌വാസോളം എത്തി എന്നു പറഞ്ഞാല്‍ മതിയല്ലോ. 'ഞാന്‍ വഴിതെറ്റരുത്' എന്ന ഒരേയൊരു ചിന്ത അവരുടെ മനസ്സിലെ ഒഴിയാബാധയായി. എനിക്ക് അധിക സമയവും വീട്ടില്‍തന്നെ കഴിയേണ്ടിവന്നു. തനിച്ച് ഒരു കാര്യവും ചെയ്യാന്‍ അവര്‍ എന്നെ അനുവദിച്ചില്ല. അന്യമതസ്തരായ കുട്ടികളോടൊപ്പം കളിക്കാന്‍ വിട്ടില്ല. അവര്‍ പോകുന്നേടത്തേക്കെല്ലാം എന്നെയും കൂടെകൂട്ടും. ഇപ്പോള്‍ ഞാന്‍ വളര്‍ന്ന് ഈ പ്രായത്തിലെത്തി. സമൂഹത്തോട് എങ്ങനെ ഇടപെടണമെന്നും വര്‍ത്തിക്കണമെന്നും എനിക്കറിഞ്ഞുകൂടാ. ജനങ്ങളോട്, എന്തിന് പറയുന്നു എന്നോടു തന്നെയും എങ്ങനെ പെരുമാറണമെന്ന് മനസ്സിലാകാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഞാന്‍.''

ഞാന്‍: ''കവിഞ്ഞ ഭീതിയും ശിക്ഷണ 'വസ്‌വാസും' തെറ്റാണ്. നിന്റെ ഭാവിയെക്കുറിച്ച ഉത്കണ്ഠയും നിന്നെ നല്ല ശിക്ഷണ ശീലങ്ങള്‍ നല്‍കി വളര്‍ത്താനുള്ള മാതാപിതാക്കളുടെ ഉത്സാഹവും നമുക്ക് മനസ്സിലാക്കാം. അത് അവരുടെ കടമയാണ്. പക്ഷേ, അത് നിന്റെ വ്യക്തിത്വം തകര്‍ത്തുകൊണ്ടാവരുത്. നിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയാവരുത്. ഭയം അതിരുവിട്ടാല്‍ 'വസ്‌വാസ്' ആയി മാറും. അത് കുട്ടിയുടെ വ്യക്തിത്വം തകര്‍ക്കും. കവിഞ്ഞ സംരക്ഷണം എന്നാല്‍ അപരന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കലാണ്.''

അയാള്‍: ''എന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. വിവാഹം കഴിക്കാനുള്ള താല്‍പര്യം പോലും എനിക്ക് ഇല്ലാതായി. എനിക്ക് എന്റെ തീരുമാനങ്ങളിലെ ശരി-തെറ്റുകളെക്കുറിച്ച് സ്വയം ബോധ്യമില്ല എന്നതുതന്നെ കാരണം. അവര്‍ എന്റെ വിഷയത്തില്‍ കൈക്കൊണ്ട കാര്‍ക്കശ്യവും കാഠിന്യവും നിമിത്തം എനിക്ക് മതത്തോടും നമസ്‌കാരത്തോടുമൊക്കെ വെറുപ്പാണിപ്പോള്‍.''

ഞാന്‍: ''നിങ്ങള്‍ ഒരു പക്വത പ്രാപിച്ച യുവാവാണല്ലോ. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളെ ശിക്ഷണ-ശീലങ്ങള്‍ നല്‍കി വളര്‍ത്തിയതില്‍ സംഭവിച്ച അപാകതകള്‍ക്ക് നിങ്ങള്‍ അടിയറവ് പറയരുത്. ആ രീതി തെറ്റായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളുടെ വ്യക്തിത്വം വളര്‍ത്താനും പരിപോഷിപ്പിക്കാനും ശക്തിപ്പെടുത്താനും പുതിയ ശ്രമം നിങ്ങള്‍ തുടങ്ങണം. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവുമായി പുതിയ ബന്ധം നിങ്ങള്‍ ആരംഭിക്കണം. ആത്മവിശ്വാസം കൈവിടരുത്. നിങ്ങളുടെ മാതാപിതാക്കളുടെ അവസ്ഥ ഉടമയെ സ്‌നേഹിച്ച കരടിയുടെ കഥ പോലെയാണ്. ഉറങ്ങുന്ന തന്റെ യജമാനന്റെ മുഖത്ത് ഈച്ച വന്നിരുന്നപ്പോള്‍ യജമാന സ്‌നേഹത്താല്‍ കരടി തന്റെ ബലിഷ്ഠമായ കൈകൊണ്ട് ഈച്ചയെ കൊല്ലാന്‍ യജമാനന്റെ മുഖത്ത് ആഞ്ഞ് ഒരടി കൊടുത്തു. ഈച്ചയെ ആട്ടണമെന്നേ കരടിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, മാരകമായ അടി യജമാനന്റെ മരണത്തിലാണ് കലാശിച്ചത്. 'കൊല്ലുന്ന സ്‌നേഹം' എന്ന് ഇതിനെയാണ് പറയുന്നത്. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിങ്ങളോടുള്ള സ്‌നേഹവും നിങ്ങളുടെ ദീനീ പ്രതിബദ്ധതയില്‍ അവര്‍ക്കുള്ള അദമ്യമായ താല്‍പര്യവും ശരിതന്നെ. പക്ഷേ, അവര്‍ തെറ്റായ രീതിയാണ് സ്വീകരിച്ചത്. നിങ്ങളുടെ സ്വപ്‌നങ്ങളും വ്യക്തിത്വവും ആത്മവിശ്വാസവുമാണ് അതുമൂലം തകര്‍ന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല.''

നമ്മുടെ മിക്ക വീടുകളിലും സംഭവിക്കുന്നതാണ് ഈ യുവാവിനുണ്ടായ ദുരന്തം. ശരിയായ ശിക്ഷണം, ആഗ്രഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഇടയിലാവണം; ഭയത്തിന്റെയും പ്രതീക്ഷയുടെയും ഇടയിലാവണം. മക്കള്‍ക്ക് അവരുടെ ജീവിതം തനിയെ മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരവും സന്ദര്‍ഭവും നല്‍കണം. അതില്‍ മാതാപിതാക്കളുടെ ഇടപെടല്‍ ഉണ്ടാവരുത്. ദൂരെ നിന്ന് നിരീക്ഷിക്കുകയും മേല്‍നോട്ടം നടത്തുകയും ചെയ്താല്‍ മതി. സ്വര്‍ഗത്തില്‍ പ്രവേശിച്ചപ്പോള്‍ ആദമിന് തെറ്റില്‍ അകപ്പെടാനുള്ള സന്ദര്‍ഭവും അവിടെ ഉായിരുന്നല്ലോ. അങ്ങനെയാണല്ലോ അദ്ദേഹം വിലക്കപ്പെട്ട കനി ഭക്ഷിച്ചത്. വൃക്ഷത്തിന്റെ സമീപത്ത് പോലും 

പോവാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നോര്‍ക്കണം. ആദം ഈ തെറ്റില്‍നിന്ന് പലതും പഠിച്ചു; തെറ്റിനോട് എങ്ങനെ ഇടപെടണം, വികാരങ്ങളെയും കാമനകളെയും എങ്ങനെ അഭിമുഖീകരിക്കണം, ഇഛാശക്തി എങ്ങനെ വളര്‍ത്തണം, ആജന്മശത്രുവായ പിശാചിനോട് എങ്ങനെ വര്‍ത്തിക്കണം തുടങ്ങി അനേകം പാഠങ്ങള്‍.

നാം നമ്മുടെ മക്കളെ വീടിന്റെ അകത്തളങ്ങളില്‍ ബന്ധനസ്ഥരാക്കി മറ്റുള്ളവരുമായുള്ള ഇടപെടലിന് തടസ്സമുണ്ടാക്കുകയും മലക്കുകളെ പോലെ അവര്‍ വളരണമെന്ന് ശഠിക്കുകയും ശക്തി പ്രയോഗിച്ചും മര്‍ദിച്ചും ഇസ്‌ലാമികാധ്യാപനങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്താല്‍ ചെറുപ്പത്തില്‍ അവര്‍ നമ്മെ കേള്‍ക്കുകയും അനുസരിക്കുകുയം ചെയ്‌തെന്നു വരും. കാരണം, അവര്‍ അതിന് നിര്‍ബന്ധിതരാണല്ലോ. വളര്‍ന്നാല്‍ അവര്‍ ധിക്കാരികളായി മാറും, സ്വാതന്ത്ര്യം അവര്‍ ആവശ്യപ്പെടും. ചീത്ത കൂട്ടുകാരെ തേടിപ്പോകും. തെറ്റായ ചിന്തകളിലേക്ക് വഴുതിപ്പോകും. അതെല്ലാം ശിക്ഷണത്തിലുണ്ടായ 'വസ്‌വാസി'നോടുള്ള പ്രതികാര ബുദ്ധിയില്‍നിന്ന് രൂപപ്പെടുന്നതാണ്. മക്കളെ വളര്‍ത്തുന്നതില്‍ സന്തുലിത സമീപനമാണ് കൈക്കൊള്ളേണ്ടത്, മധ്യമ നിലപാടാണ് ഉത്തമം. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌