Prabodhanam Weekly

Pages

Search

2017 ജൂലൈ 21

3010

1438 ശവ്വാല്‍ 27

മൂസ്വില്‍ വിജയവും മേഖലയുടെ ഭാവിയും

ഗ്രീക്ക് രാജാവായ പിറസ് റോമക്കാര്‍ക്കെതിരെ നേടിയ യുദ്ധവിജയത്തെ 'പിറിക് വിജയം' എന്നാണ് പറയാറുള്ളത്. അഥവാ മിഥ്യാ വിജയം. പരാജിതര്‍ക്കുണ്ടായ അത്ര തന്നെ നാശനഷ്ടങ്ങള്‍ ഇവിടെ വിജയികള്‍ക്കും ഉണ്ടാകുന്നുണ്ട്. നമ്മുടെ കാലത്തുണ്ടാകുന്നതും 'പിറിക് വിജയങ്ങള്‍' മാത്രമാണ്. സകലതും തകര്‍ക്കപ്പെട്ട ഒരു നഗരത്തിന്റെ മുകളില്‍ ഒരു വിഭാഗം 'വിജയക്കൊടി' നാട്ടുന്നു. മൂസ്വില്‍ വിമോചനം നമ്മെ ഓര്‍മിപ്പിച്ചതും മറ്റൊരു പിറിക് വിജയത്തെ. ഇറാഖിലെ രണ്ടാമത്തെ വന്‍നഗരമായ മൂസ്വില്‍ ഏതാനും വര്‍ഷങ്ങളായി ഐ.എസ് ഭീകരരുടെ പിടിയിലായിരുന്നു. നിരപരാധികളെ മനുഷ്യകവചമായി തടഞ്ഞു വെച്ചായിരുന്നു ഐ.എസ് ഭീകരര്‍ ഇതുവരെയും പിടിച്ച് നിന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി സിവിലിയന്മാരെ ബലി കൊടുത്തുകൊണ്ടാണ് ഈ വിജയം സാധ്യമായിരിക്കുന്നത്. ഐ.എസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഇറാഖിനകത്തും പുറത്തും അഭയാര്‍ഥികളായി അലയുന്നു. കഴിഞ്ഞ ഒമ്പത് മാസമായി കനത്ത പോരാട്ടമാണ് മൂസ്വിലില്‍ നടന്നു വന്നിരുന്നത്. ഒരുവശത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം. അതില്‍ ഇറാഖി സൈന്യവും ശിഈ-കുര്‍ദ് മിലീഷ്യകളും മറ്റു രാഷ്ട്രങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുവഹിച്ചിട്ടുണ്ട്. മറുവശത്ത്, ഐ.എസ് ആകട്ടെ, തോല്‍വി ഉറപ്പായിട്ടും ജനങ്ങള്‍ക്കും നഗരത്തിനും പരമാവധി നാശനഷ്ടങ്ങള്‍ വരുത്തിവെച്ചുകൊണ്ടാണ് പിന്‍വാങ്ങിയിരിക്കുന്നത്. അതിനാല്‍ ഇന്ന് മൂസ്വില്‍ അക്ഷരാര്‍ഥത്തില്‍ ഒരു പ്രേതനഗരമാണ്. ബോംബേറിലും ഷെല്ലാക്രമണത്തിലും തകരാത്ത ഒരു കെട്ടിടവും ഇന്ന് ആ നഗരത്തില്‍ ഇല്ല. ലോക പ്രശസ്ത ചരിത്ര സ്മാരകങ്ങളെല്ലാം കല്‍ക്കൂമ്പാരങ്ങളായി കിടക്കുന്നു. ആ കല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ ഇനിയും പുറത്തെടുത്തിട്ടില്ലാത്ത എത്രയോ മൃതദേഹങ്ങള്‍.

വിമോചിപ്പിക്കപ്പെട്ട മൂസ്വിലിന്റെ ഭാവിയെന്ത് എന്നതും പ്രധാന ചോദ്യമാണ്. ഐ.എസുമായി സഖ്യമുണ്ടാക്കിയ നിരവധി ഗോത്ര വര്‍ഗങ്ങള്‍ മൂസ്വിലില്‍ ഉണ്ട്. അവരോടുള്ള നിലപാട് എന്തായിരിക്കും? ഉന്മൂലന സിദ്ധാന്തം അവര്‍ക്ക് നേരെയും പ്രയോഗിച്ചാല്‍ ഇനിയും സിവിലിയന്‍ രക്തം മൂസ്വില്‍ നഗരത്തില്‍ ചാലിട്ടൊഴുകും. വംശീയ ഉന്മൂലനം ലക്ഷ്യമിടുന്ന മിലീഷ്യകളെ മാറ്റിനിര്‍ത്തിക്കൊണ്ടേ ഇതിനൊരു പരിഹാരം സാധ്യമാവുകയുള്ളൂ. മുന്‍ ഇറാഖി പ്രസിഡന്റ് നൂര്‍ അല്‍മാലികിയേക്കാള്‍ പ്രായോഗിക ബുദ്ധിയും പക്വതയും പ്രകടിപ്പിക്കുന്നുണ്ട് പുതിയ പ്രസിഡന്റ് ഹൈദര്‍ അല്‍ അബാദി എന്നത് പ്രതീക്ഷക്ക് വകനല്‍കുന്നു. അതേസമയം അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് അദ്ദേഹത്തിന് വഴങ്ങേണ്ടതായും വരും. ഇറാഖിന്റെ ഭാഗധേയം നിശ്ചയിക്കുന്നതില്‍ വലിയ സ്വാധീന ശക്തിയുള്ള ഇറാനുമായി ട്രംപ് ഇടഞ്ഞതോടെ, ഇറാഖില്‍ ഇതുവരെ അവര്‍ തമ്മിലുണ്ടായിരുന്ന ധാരണക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. കുര്‍ദ് മിലേഷ്യകളുടെ നീക്കവും വളരെ സംശയാസ്പദമാണ്. മൂസ്വിലില്‍ തങ്ങള്‍ മോചിപ്പിച്ചെടുത്ത ഭാഗങ്ങള്‍ സ്ഥാപിതമാകാന്‍ പോകുന്ന കുര്‍ദിസ്താന്‍ രാഷ്ട്രത്തിന്റെ ഭാഗമാക്കണമെന്നാണ് കുര്‍ദ് മിലീഷ്യകളുടെ ആവശ്യം (ഇത് സംബന്ധമായ ഹിതപരിശോധന വരുന്ന സെപ്തംബറില്‍ നടക്കുമെന്നാണ് കേള്‍ക്കുന്നത്).

മൂസ്വില്‍ വിജയത്തോടെ വഌഡിമിര്‍ പുടിന്‍, ബശ്ശാറുല്‍ അസദ് പോലുള്ള പുതിയ കളിക്കാരെയും ഇറാഖില്‍ പ്രതീക്ഷിക്കുന്നുണ്ട്. സിറിയയിലെ ഐ.എസ് ശക്തികേന്ദ്രമായ റഖയില്‍ സൈനിക നടപടികള്‍ക്ക് മുന്‍പന്തിയിലുണ്ടാവുക ഈ രണ്ട് ശക്തികളുമായിരിക്കും; ഒപ്പം അവരെ പിന്തുണക്കുന്ന ഇറാനും. ഈ മൂവര്‍ ശക്തികള്‍ നേടുന്ന രാഷ്ട്രീയ മേധാവിത്തത്തെ എങ്ങനെ തടയിടാമെന്നാവും അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ആലോചന. ചരിത്രപരമായി ഒട്ടുവളരെ പ്രാദേശിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട തുര്‍ക്കി കൂടി കളിക്കളത്തിലേക്ക് വരുമ്പോള്‍ ചിത്രം ഒന്നുകൂടി സങ്കീര്‍ണമാകുന്നു. ഐ.എസാനന്തര ഇറാഖും സിറിയയും ശാക്തിക ചേരികളുടെ മറ്റൊരു ബലപരീക്ഷത്തിനുള്ള വേദിയായി മാറാന്‍ പോകുന്നു എന്നര്‍ഥം. ഇതിനിടയിലും, ശിഥിലമാക്കപ്പെട്ട ഇരുരാജ്യങ്ങളിലെയും ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ബാധ്യത അന്താരാഷ്ട്ര സമൂഹത്തിനുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (150 - 159)
എ.വൈ.ആര്‍

ഹദീസ്‌

സ്ത്രീകളെ ആദരിക്കുക
എം.എസ്.എ റസാഖ്‌