Prabodhanam Weekly

Pages

Search

2017 ജൂലൈ 28

3011

1438 ദുല്‍ഖഅദ് 04

ഇബ്‌നുസീന ചിന്തയുടെ പുതുവഴികള്‍

എ.കെ അബ്ദുല്‍ മജീദ്

പതിമൂന്നാം ശതകത്തിലെ ലാറ്റിന്‍ ഗ്രന്ഥകാരന്മാര്‍ 'അവിസെന്ന' എന്ന പേരില്‍ പടിഞ്ഞാറിനു പരിചയപ്പെടുത്തിയ അബൂ അലിയ്യുല്‍ ഹുസൈനുബ്‌നു അബ്ദുല്ലാഹിബ്‌നു സീന അറബ്-മുസ്‌ലിം തത്ത്വചിന്താ ചരിത്രത്തില്‍ വേറിട്ടുനില്‍ക്കുന്ന വന്‍മരമാണ്. ഫാറാബിയുടെ കൃതികള്‍ നാല്‍പ്പതു വട്ടം വായിച്ചു ഹൃദിസ്ഥമാക്കിയ ഇബ്‌നുസീന ചിന്തകളില്‍ പുതുവഴി വെട്ടുകയും ആവിഷ്‌കാരത്തില്‍ തനിമ പുലര്‍ത്തുകയും ചെയ്തു. തന്റെ മുന്‍ഗാമികളുടേതിനേക്കാള്‍ ഭംഗിയായി തത്ത്വചിന്തക്ക് അദ്ദേഹം വാങ്ങ്മയചിത്രമൊരുക്കി. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ കൃതികള്‍ തത്ത്വശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ആശയ ചരിത്രകാരന്മാര്‍ക്കും ഏറെ പ്രിയപ്പെട്ടവയായിത്തീര്‍ന്നു. ഫാറാബിയുടെ കൃതികള്‍ക്കുണ്ടായതിനേക്കാള്‍ കൂടുതല്‍ വ്യഖ്യാനങ്ങള്‍ ഇബ്‌നുസീനയുടെ രചനകള്‍ക്കുണ്ടാവാന്‍ ഇതാണ് കാരണം. അരിസ്റ്റോട്ടില്‍ ചിന്തകളെ യൂറോപ്പിനു പ്രിയപ്പെട്ടതാക്കിയതിന് അധികം നന്ദി പറയേണ്ടത് ഇബ്‌നുസീനക്കാണ്.

തത്ത്വചിന്തയുടെ എന്നതുപോലെ വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലും അദ്വിതീയമാണ് ഇബ്‌നുസീനയുടെ സ്ഥാനം. ഇബ്‌നുസീനയില്ലാതെ ഈ രണ്ടു വിജ്ഞാന ശാഖകളും പൂര്‍ണമാവുകയില്ല. വൈദ്യശാസ്ത്രത്തില്‍ ഇബ്‌നുസീനയുടെ കണ്ടെത്തലുകള്‍ ഭിഷഗ്വരന്മാര്‍ ഇപ്പോഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നവയത്രെ. തത്ത്വചിന്തയിലും വൈദ്യശാസ്ത്രത്തിലും ഇബ്‌നുസീനയുടെ ഗ്രന്ഥങ്ങള്‍ ദീര്‍ഘകാലം യൂറോപ്യന്‍ സര്‍വകലാശാലകളില്‍ പാഠപുസ്തകങ്ങളായിരുന്നു.

 

ജീവിതവും രചനകളും

മുസ്‌ലിം തത്ത്വചിന്തകരില്‍ ആത്മകഥയെഴുതിയ അപൂര്‍വം പേരില്‍ ഒരാളാണ് 'ശൈഖുര്‍റഈസ്' ഇബ്‌നുസീന. മുപ്പതു വയസ്സു വരെയുള്ള ജീവിത കഥയാണ് ഇബ്‌നുസീന സ്വയം എഴുതിയത്. ശിഷ്ടകാല ജീവിതം എഴുതിയത് ശിഷ്യന്‍ അബൂ ഉബൈദ് ജുസ്ജാനിയാണ്. പിന്നീട് ബൈഹഖി, ഖിഫ്തി, ഇബ്‌നു അബീ ഉസൈബ, ഇബ്‌നു ഖല്ലിഖാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഇബ്‌നുസീനയുടെ ജീവചരിത്രം രചിച്ചു. സാമാനീ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ബുഖാറക്കു സമീപമുള്ള അഫ്ശാന എന്ന ചെറുഗ്രാമത്തിലാണ് ഇബ്‌നുസീന ജനിച്ചത്; ഹിജ്‌റ 370/ക്രി.വ 780-ല്‍. പിതാവ് അബ്ദുല്ല ബല്‍ക് സ്വദേശിയായിരുന്നു. മാതാവ് സിതാര അഫ്ശാന ഗ്രാമക്കാരിയും. മൂന്നു മക്കളാണ് ഈ ദമ്പതികള്‍ക്കുണ്ടായിരുന്നത്. അലി, ഇബ്‌നുസീന, മഹ്മൂദ് എന്നിവര്‍. ഇബ്‌നു സീനയുടെ അഞ്ചാമത്തെ വയസ്സില്‍ കുടുംബം ബുഖാറയിലേക്കു നീങ്ങി. അവിടെ നഗരപ്രാന്തത്തിലുള്ള ഖര്‍മയാത്‌ന എന്ന ഗ്രാമത്തിന്റെ ഗവര്‍ണറായി പിതാവ് നിയമിതനായി.

ബുഖാറയില്‍ വെച്ചായിരുന്നു ഇബ്‌നുസീനയുടെ വിദ്യാഭ്യാസം. വായന, എഴുത്ത്, ഗണിതം, മതമീമാംസ, തര്‍ക്കശാസ്ത്രം എന്നിവയായിരുന്നു ആദ്യകാലത്തെ പഠന വിഷയങ്ങള്‍. അബൂ അബ്ദില്ലാ അന്നാതിലി, ഇസ്മാഈല്‍ എന്നിവരാണ് ഗുരുനാഥന്മാരില്‍ പ്രശസ്തര്‍. ഇന്ത്യന്‍ ഗണിത ശാസ്ത്രമറിയുന്ന ഒരു പലചരക്കു വ്യാപാരിയില്‍നിന്ന് കണക്കു പഠിച്ചതായി ഇബ്‌നുസീന പറയുന്നുണ്ട്. തന്റെ പിതാവിന്റെ പതിവു സന്ദര്‍ശകനായിരുന്ന ഈ വ്യാപാരി ഇസ്മാഈലീ ആശയങ്ങളുടെ പ്രചാരകനായിരുന്നു. വ്യാപാരിയും പിതാവും തമ്മില്‍ നടന്ന ചര്‍ച്ചകളാണ് ഇബ്‌നുസീനയില്‍ തത്ത്വചിന്താഭിമുഖ്യം വളര്‍ത്തിയത്. പിന്നീട് ഈ വിഷയം വ്യവസ്ഥാപിതമായി പഠിക്കാന്‍ കുട്ടിക്കാലത്ത് കേട്ട ഈ വര്‍ത്തമാനങ്ങള്‍ പ്രേരണയായി.

തന്റെ പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ച് ഇബ്‌നുസീന നല്‍കുന്ന വിവരണം ഇങ്ങനെയാണ്: 'പത്താമത്തെ വയസ്സില്‍ ഞാന്‍ ഖുര്‍ആന്‍ പഠനവും അറബി പഠനവും പൂര്‍ത്തിയാക്കി. എന്റെ നേട്ടത്തെ പ്രതി ആളുകള്‍ക്കൊക്കെ വലിയ അത്ഭുതമായിരുന്നു.'

അധികം താമസിയാതെ തര്‍ക്കശാസ്ത്രത്തില്‍ വ്യുല്‍പത്തി സമ്പാദിച്ചു. ഗുരുനാഥനായ അബൂ അബ്ദില്ലാ അന്നാതിലിക്ക് ഇനിയൊന്നും പഠിപ്പിക്കാനില്ലാത്ത വിധം മുഴുവന്‍ കാര്യങ്ങളും ചുരുങ്ങിയ കാലം കൊണ്ട് ഇബ്‌നുസീന പഠിച്ചു. പിന്നീട് ഗുരുസഹായമില്ലാതെ സ്വയം പഠനത്തിലൂടെ ശാസ്ത്രം, വൈദ്യം എന്നീ വിഷയങ്ങള്‍ അഭ്യസിച്ചു. പതിനെട്ടു വയസ്സ് ആവുമ്പോഴേക്കും ഈ വിഷയങ്ങളിലെല്ലാം ആധികാരിക വിജ്ഞാനം കരസ്ഥമാക്കാന്‍ ഇബ്‌നുസീനക്കു സാധിച്ചു. പ്രമുഖരായ പല വൈദ്യന്മാരും സംശയനിവാരണാര്‍ഥം ഇബ്‌നുസീനയെ സമീപിച്ചു തുടങ്ങി.

പതിനെട്ടാം വയസ്സിലാണ് ഇബ്‌നുസീന തത്ത്വചിന്താ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന്റെ ആദ്യപടിയായി അരിസ്റ്റോട്ടിലിന്റെ 'മെറ്റാഫിസിക്‌സ്' നാല്‍പ്പതു പ്രാവശ്യം വായിച്ചു ഹൃദിസ്ഥമാക്കി. എന്നാല്‍ തനിക്കപ്പോള്‍ ഒന്നും മനസ്സിലായിരുന്നില്ല എന്നും ഫാറാബിയുടെ വ്യാഖ്യാനം വായിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും ഇബ്‌നുസീന രേഖപ്പെടുത്തിയിട്ടുണ്ട്. യാദൃഛികമായാണ് ഫാറാബിയുടെ വ്യാഖ്യാനം ഇബ്‌നുസീനയുടെ കൈയില്‍ വന്നുചേര്‍ന്നത്.

വൈദ്യപാണ്ഡിത്യം ഇബ്‌നുസീനക്ക് ബുഖാറ ഭരിച്ച സാമാനീ രാജാക്കന്മാരുടെ കൊട്ടാരത്തില്‍ ഇടം നേടിക്കൊടുത്തു. സുല്‍ത്താന്‍ നൂഹുബ്‌നു മന്‍സൂറിനു പിടിപെട്ട രോഗം ചികിത്സിച്ചു ഭേദമാക്കുന്നതില്‍ കൊട്ടാര വൈദ്യന്മാര്‍ പരാജയമടഞ്ഞതാണ് ഇതിനു നിമിത്തമായത്. ചെറുപ്പത്തിലേ വിദഗ്ധവൈദ്യനെന്നു ഖ്യാതിനേടിയ ഇബ്‌നുസീന കൊട്ടാരത്തിലേക്ക് വിളിക്കപ്പെട്ടു. അദ്ദേഹം സുല്‍ത്താനെ ചികിത്സിച്ചു ഭേദമാക്കി. തുടര്‍ന്ന് അദ്ദേഹം കൊട്ടാരത്തില്‍ വൈദ്യനായി നിയമിക്കപ്പെടുകയും രാജകുമാരന്മാരും മന്ത്രിമാരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കൊട്ടാരം വക ഗ്രന്ഥശേഖരം തുറന്നുകിട്ടി എന്നതായിരുന്നു ഇബ്‌നുസീനയെ സംബന്ധിച്ചേടത്തോളം ഇതുകൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം.

ഏതെങ്കിലും ഒരിടത്ത് അധിക കാലം സ്വസ്ഥമായി കൂടാന്‍ ഇബ്‌നുസീനയെ അദ്ദേഹത്തിലെ തത്ത്വചിന്തകന്‍ അനുവദിച്ചില്ല. ഒരുപക്ഷേ രാജപ്രീതി ഏതു നിമിഷവും രാജകോപത്തിനു വഴിമാറാം എന്ന് പ്രായോഗിക ബുദ്ധി അദ്ദേഹത്തെ ഉപദേശിച്ചിട്ടുമുണ്ടാകാം. സാമാനീ രാജാക്കന്മാരുടെ കൊട്ടാരത്തില്‍നിന്ന് അദ്ദേഹം ബുവൈഹികളുടെ കൊട്ടാരത്തിലേക്ക് പോയി. ബുഖാറയില്‍നിന്ന് റയ്യാനിലേക്കും അവിടെനിന്ന് ഹമദാനിലേക്കുമായിരുന്നു ഇബ്‌നുസീനയുടെ യാത്ര. മജ്ദുദ്ദൗല, ശംസുദ്ദൗല, അലാഉദ്ദൗല തുടങ്ങിയ ബുവൈഹീ സുല്‍ത്താന്മാരുടെ ഭരണകാലത്ത് പല തരത്തിലുള്ള കഷ്ടങ്ങളും ഇബ്‌നുസീനക്ക് അനുഭവിക്കേണ്ടതായി വന്നു. രക്ഷാധികാരികളായ സുല്‍ത്താന്മാരുടെയും അവരുടെ സൈനികരുടെയും ആരോഗ്യസ്ഥിതിയിലായിരുന്നു ഇബ്‌നുസീനയുടെ ഭാവി തൂങ്ങിയാടിയിരുന്നത്. സ്വന്തം ആരോഗ്യം നോക്കാന്‍ ഈ വൈദ്യകുലപതിക്ക് ഇതിനിടയില്‍ സമയം കിട്ടിയില്ല.

കൊട്ടാരങ്ങളിലെ അനിശ്ചിതത്വങ്ങള്‍ ഇബ്‌നുസീനയെ പലപ്പോഴും അതിര്‍ത്തികള്‍ക്കുപ്പുറത്തേക്ക് ഒളിച്ചോടാനും പുതിയ യജമാനന്മാരെ കണ്ടെത്താനും നിര്‍ബന്ധിച്ചു. ഇതിനിടയില്‍ അദ്ദേഹം തടവിലാക്കപ്പെടുക പോലുമുണ്ടായി.

അപാരമായ ഓര്‍മശക്തിയും ഉറക്കത്തില്‍ പോലും ഏതു ചോദ്യങ്ങള്‍ക്കും മറുപടി പറയാനുള്ള കഴിവുമാണ് ഇബ്‌നുസീനയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളായി ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. രാഷ്ട്രീയമായ അനിശ്ചിതത്വങ്ങളിലും കലുഷമായ അന്തരീക്ഷത്തിലും സ്വസ്ഥമായി ഗ്രന്ഥരചന നടത്താന്‍ അദ്ദേഹത്തിനു സാധിച്ചു. രാത്രികളെ എഴുത്തു കൊണ്ട് അദ്ദേഹം ജീവിപ്പിച്ചു. യാത്രകളില്‍ ഒട്ടകപ്പുറത്തിരുന്ന് എഴുതാനും അദ്ദേഹത്തിനു സാധിക്കുമായിരുന്നു.

പിതാവ് ഇസ്മാഈലീ വിശ്വാസസരണി പിന്തുടര്‍ന്നിരുന്ന ആളായിരുന്നുവെങ്കിലും ഇബ്‌നുസീന സുന്നീ, ശീഈ വിശ്വാസസരണികളില്‍ പ്രാഗത്ഭ്യം നേടിയിരുന്നു. വളരെ വേഗം തന്റേതായ ഒരു ചിന്താസരണി രൂപപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. താന്‍ പഠിച്ച ഏതെങ്കിലുമൊരു ചിന്താമാര്‍ഗത്തോട് ഒട്ടിനില്‍ക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. തനിക്കു ബോധ്യപ്പെട്ടതു മാത്രമേ അദ്ദേഹം സ്വീകരിച്ചുള്ളൂ. അദ്ദേഹത്തിന്റെ ചിന്തകളില്‍ പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും നിയോപ്ലാറ്റോണിസത്തിന്റെയും ഗാലന്റെയും ഫാറാബിയുടെയും മുദ്രകള്‍ നമുക്ക് കാണാന്‍ സാധിക്കും. ഏതെങ്കിലുമൊരു പ്രത്യേക തത്ത്വചിന്താപദ്ധതിയുടെ വക്താവാകാതെ സ്വന്തം ചിന്താ പദ്ധതി അദ്ദേഹം രൂപപ്പെടുത്തി. അരിസ്റ്റോട്ടിലിയനായാണ് ഇബ്‌നുസീന അറിയപ്പെടുന്നതെങ്കിലും പൂര്‍ണമായും അദ്ദേഹം അങ്ങനെയല്ല. സൃഷ്ടി, പ്രവാചകത്വം തുടങ്ങിയ വിഷയങ്ങളില്‍ അരിസ്റ്റോട്ടിലിന്റേതില്‍നിന്ന് ഭിന്നമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. താന്‍ കൈകാര്യം ചെയ്ത വിഷയങ്ങളിലെല്ലാം തന്റേതായ രീതിശാസ്ത്രമാണ് അദ്ദേഹം പിന്തുടര്‍ന്നത്. അമ്പത്തിയെട്ടാമത്തെ വയസ്സില്‍ ഇന്നത്തെ ഇറാനിലെ ഹമദാനിലേക്കുള്ള യാത്രാമധ്യേ (ഹി.438/ക്രി.വ 1037) ഇബ്‌നുസീന അന്തരിച്ചു.

തത്ത്വചിന്തയില്‍ തന്റെ മുന്‍ഗാമികളായ അല്‍കിന്ദി, റാസി, ഫാറാബി എന്നിവരെ രചനയില്‍ ഇബ്‌നുസീന പിന്നിലാക്കി. രചനകളുടെ എണ്ണത്തില്‍ മാത്രമല്ല പ്രതിപാദ്യ വിഷയങ്ങളിലും ആവിഷ്‌കാര ചാതുരിയിലും പൂര്‍വികരേക്കാള്‍ ശോഭിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അവര്‍ അശ്രദ്ധമായി പരാമര്‍ശിച്ചുപോയ വിഷയങ്ങള്‍ ഇബ്‌നുസീന ആഴത്തില്‍ വിശകലനം ചെയ്തു. അറബി, പാര്‍സി ഭാഷകളില്‍ അദ്ദേഹം രചന നിര്‍വഹിച്ചിരുന്നു. കൂടുതലായി എഴുതിയത് അറബിയിലാണ്. രണ്ടു ഭാഷകളിലും തത്ത്വചിന്താ സംജ്ഞകളുടെ വളര്‍ച്ചയില്‍ വലിയ പങ്ക് അദ്ദേഹം വഹിച്ചു. ഇസ്‌ലാമിക കാലഘട്ടത്തില്‍ പാര്‍സി ഭാഷയില്‍ ഉണ്ടായ പ്രഥമ തത്ത്വചിന്താ ഗ്രന്ഥമായ 'ദാനിഷ് നാമഃ' ഇബ്‌നുസീനയുടേതാണ്. പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ തത്ത്വശാസ്ത്ര പഠനത്തിലുണ്ടായ ഗ്രഹണം അല്‍കിന്ദിയെയും ഫാറാബിയെയും വിസ്മൃതിയിലേക്കു നയിച്ചെങ്കിലും ഇബ്‌നുസീന താല്‍പര്യപൂര്‍വം വായിക്കപ്പെട്ടു. ഇബ്‌നുസീനയുടെ സമ്പൂര്‍ണ കൃതികളുടെ അനേകം കൈയെഴുത്തു പ്രതികള്‍ അവശേഷിച്ചതില്‍നിന്ന് ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിഗമനമാണിത്. ഡോമിനികന്‍ പണ്ഡിതനായ ഫാദര്‍ ജി.സി അനവാതി, അച്ചടിയിലും കൈയെഴുത്തിലും ലഭ്യമായ ഇബ്‌നുസീനയുടെ 276 കൃതികളെ കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.

ഇബ്‌നുസീനയുടെ ഏറ്റവും പ്രശസ്തമായ തത്ത്വശാസ്ത്ര ഗ്രന്ഥം 'കിതാബുശ്ശിഫാ' (ശമനത്തിന്റെ പുസ്തകം) ആണ്. പതിനൊന്നാം നൂറ്റാണ്ടിലെ ഇസ്‌ലാമിക-യവന വിജ്ഞാനീയമാണ് ഉള്ളടക്കം. തര്‍ക്കശാസ്ത്രം മുതല്‍ ഗണിതം വരെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്നു. സര്‍വ വിജ്ഞാന കോശ സ്വഭാവത്തിലുള്ള ഈ കൃതി മുഴുവന്‍ വായിക്കാന്‍ സമയമില്ലാത്തവര്‍ക്കു വേണ്ടി ഇതിന്റെ ഒരു സംഗ്രഹം 'കിതാബുന്നജാത്ത്' (വിജയത്തിന്റെ പുസ്തകം) എന്ന പേരില്‍ ഇബ്‌നുസീന തന്നെ തയാറാക്കി. 'കിതാബുശ്ശിഫ'യേക്കാള്‍ പ്രചാരം ലഭിച്ചത് 'കിതാബുന്നജാത്തി'നാണ്.

ഇബ്‌നുസീനയുടെ ധൈഷണിക ജീവിതത്തിന്റെ കൂടുതല്‍ സ്വതന്ത്രമായ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ രചനയാണ് 'കിതാബുല്‍ ഇശാറാത് വത്തന്‍ബീഹാത്' (അഭിപ്രായങ്ങളുടെയും മുന്നറിയിപ്പുകളുടെയും പുസ്തകം). 'ഉയൂനുല്‍ ഹികം' (ജ്ഞാനത്തിന്റെ ഉറവിടങ്ങള്‍) ആണ് ഇബ്‌നുസീനയുടെ മറ്റൊരു തത്ത്വചിന്താ ഗ്രന്ഥം. ഇബ്‌നുസീനയുടെ പ്രത്യേക പഠനമര്‍ഹിക്കുന്ന കൃതിയാണ് 'അല്‍ഹിക്മതുല്‍ മശ്‌രിഖിയ്യ' (പൗരസ്ത്യ തത്ത്വചിന്ത). ഒട്ടേറെ പില്‍ക്കാല ചിന്തകര്‍ക്ക് പ്രചോദനമരുളിയ ഗ്രന്ഥമാണിത്. വൈദ്യശാസ്ത്രരംഗത്ത് ഇബ്‌നുസീനയുടെ പേര് അനശ്വരമാക്കിയ മഹദ്ഗ്രന്ഥമാണ് അഞ്ചു വാള്യങ്ങളുള്ള 'അല്‍ ഖാനൂനു ഫിത്ത്വിബ്ബ്' (വൈദ്യശാസ്ത്ര തത്ത്വങ്ങള്‍).

ഇവക്കു പുറമെ വിവിധ വിഷയങ്ങളിലുള്ള അനേകം നിബന്ധങ്ങളും കവിതകളും ഇബ്‌നുസീനയുടേതായുണ്ട്. നിബന്ധങ്ങളില്‍ പ്രധാനപ്പെട്ടവയാണ് വിധിയെക്കുറിച്ചുള്ള പ്രബന്ധം, പക്ഷികളെക്കുറിച്ചുള്ള പ്രബന്ധം, അനുരാഗത്തെക്കുറിച്ചുള്ള പ്രബന്ധം, സന്തോഷം നേടല്‍, ജാഗ്രതയുള്ളവന്റെ മകന്‍ സജീവന്‍ എന്നിവ. വൈദ്യതത്ത്വങ്ങള്‍ പദ്യരൂപത്തില്‍ ആവിഷ്‌കരിച്ച ഇബ്‌നുസീനയുടെ കൃതിയാണ് 'അല്‍ഉര്‍ജൂസ ഫിത്ത്വിബ്ബ്.' 'ഖസീദതുല്‍ ഐനിയ്യ' ആണ് മറ്റൊരു പ്രശസ്ത കാവ്യകൃതി. പേര്‍ഷ്യന്‍ ഭാഷയിലും ഇബ്‌നുസീന കവിതകള്‍ രചിച്ചിട്ടുണ്ട്.

 

തത്ത്വശാസ്ത്ര വിഭജനം

ഇബ്‌നുസീനയുടെ അഭിപ്രായത്തില്‍ സകല സംഗതികളുടെയും യാഥാര്‍ഥ്യം കണ്ടെത്തുക എന്നതാണ് തത്ത്വചിന്തയുടെ ഉദ്ദേശ്യം. തത്ത്വചിന്തയെ അദ്ദേഹം സൈദ്ധാന്തികം, പ്രായോഗികം എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. ജ്ഞാനത്തിലൂടെ ആത്മാവിനെ സമ്പൂര്‍ണതയിലെത്തിക്കുകയാണ് സൈദ്ധാന്തിക തത്ത്വചിന്തയുടെ ലക്ഷ്യം. സത്യാന്വേഷണമാണതിന്റെ മാര്‍ഗം. നമ്മുടെ പ്രവൃത്തിയോ തെരഞ്ഞെടുപ്പോ മൂലം ഉണ്ടായിട്ടുള്ളതല്ലാത്ത വസ്തുക്കളെക്കുറിച്ചുള്ള സൈദ്ധാന്തിക ജ്ഞാനമാണത്. എന്നാല്‍, പ്രായോഗിക തത്ത്വചിന്ത നമ്മുടെ പ്രവൃത്തിയും തെരഞ്ഞെടുപ്പം മൂലം ഉണ്ടായിട്ടുള്ള വസ്തുക്കളെ സംബന്ധിച്ചാണ് അന്വേഷിക്കുന്നത്. എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ച അറിവിലൂടെ ആത്മാവിനെ പൂര്‍ണതയിലേക്ക് നയിക്കുകയാണ് അതിന്റെ ഉദ്ദേശ്യം.

സൈദ്ധാന്തിക തത്ത്വശാസ്ത്രത്തെ ഇബ്‌നുസീന, ചില സവിശേഷതകളെ ആധാരമാക്കി മൂന്നായി വിഭജിക്കുന്നു. അവ ഇവയാണ്: (1) അതിഭൗതിക ശാസ്ത്രം (2) ഭൗതിക ശാസ്ത്രം (3) ഗണിത ശാസ്ത്രം.

പ്രായോഗിക തത്ത്വശാസ്ത്രത്തെയും ഇബ്‌നുസീന മൂന്നായി വിഭജിക്കുന്നു. അവ ഇവയാണ്: (1) രാഷ്ട്രതന്ത്രം (2) ഗാര്‍ഹിക ശാസ്ത്രം (3) ധാര്‍മിക തത്ത്വങ്ങള്‍.

പ്രായോഗിക തത്ത്വശാസ്ത്രത്തിന്റെ ഉറവിടം ശരീഅത്ത് (മതശാസനകള്‍) ആണ്. ശരീഅത്തില്‍ അവ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. മനുഷ്യസമൂഹത്തിന്റെ നന്മയും സുരക്ഷയും ക്ഷേമവുമാണ് പ്രായോഗിക തത്ത്വശാസ്ത്രത്തിന്റെ ലക്ഷ്യം. അതിനാവശ്യമായ നിയമങ്ങളാണ് ശരീഅത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്. മികച്ച കുടുംബ ബന്ധങ്ങള്‍ ഉറപ്പുവരുത്തി മാതൃ-പിതൃ-പുത്ര-പുത്രി-ഭാര്യാ-ഭര്‍തൃ ബന്ധങ്ങള്‍ നന്നാക്കാനും വ്യക്തിയുടെ സദാചാരബോധം വളര്‍ത്താനും ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള പ്രായോഗിക തത്ത്വശാസ്ത്രം ഉപകരിക്കുമെന്ന് ഇബ്‌നുസീന അഭിപ്രായപ്പെടുന്നു. നന്മതിന്മകളെക്കുറിച്ചുള്ള അറിവു നല്‍കുന്നത് പ്രയോഗിക തത്ത്വശാസ്ത്രമാണ്.

സൈദ്ധാന്തിക തത്ത്വശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ഇബ്‌നുസീനയുടെ കാഴ്ചപ്പാടുകള്‍ ചുരുക്കത്തില്‍ പരിചയപ്പെടാം. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (160 - 169)
എ.വൈ.ആര്‍