Prabodhanam Weekly

Pages

Search

2017 ജൂലൈ 28

3011

1438 ദുല്‍ഖഅദ് 04

ടി.പി അബ്ദുല്ല കൊടിയത്തൂര്‍

പി. അബ്ദുസ്സത്താര്‍

വറുതിയുടെ വറചട്ടിയില്‍ ബാല്യം. കൂര്‍മബുദ്ധിയും പഠനതൃഷ്ണയും ഒത്തിണങ്ങിയ വിദ്യാര്‍ഥി ജീവിതം. സ്വദേശി-പരദേശി നേതൃത്വങ്ങളുമായി ഈടുറ്റ ബന്ധം സ്ഥാപിച്ച ചടുല യൗവനം- അതായിരുന്നു 2017 ജൂലൈ രണ്ടിന് ഖത്തറില്‍ നിര്യാതനായ കൊടിയത്തൂര്‍ സ്വദേശി ടി.പി അബ്ദുല്ല.

സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് നാട്ടിലെ ദര്‍സില്‍ വെച്ച് പള്ളിത്തൊടിക മൊയ്തീന്‍ ഹാജി, മാളിയക്കല്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ ശിഷ്യത്വത്തില്‍ ദീനീ വിജ്ഞാനം നേടുകയുണ്ടായി. മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയുടെ താല്‍പര്യപ്രകാരം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ ചേര്‍ന്നു പഠിച്ചു. 1970-ല്‍ ഇസ്‌ലാഹിയയിലെ പഠനം പൂര്‍ത്തീകരിച്ചു. '71-ല്‍ പൊന്നാനിയിലും എറിയാട്ടും മദ്‌റസാധ്യാപകനായി ജോലിചെയ്തു. ഇസ്‌ലാഹിയാ കോളേജ് പ്രിന്‍സിപ്പലായിരുന്ന മര്‍ഹൂം വി. അബ്ദുല്ല മൗലവിയുടെയും കെ.സിയുടെയും ശ്രമഫലമായി ഖത്തര്‍ മഅ്ഹദുദ്ദീനിയില്‍ പഠിക്കാന്‍ പ്രവേശനം കിട്ടിയ അഞ്ച് വിദ്യാര്‍ഥികളില്‍ ഒരാള്‍ ടി.പി ആയിരുന്നു. രണ്ടു വര്‍ഷത്തെ പഠനശേഷം ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി. എല്ലാ രംഗങ്ങളിലും മിടുക്ക് തെളിയിച്ച ടി.പിക്ക് പുരസ്‌കാരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു.

പഠനം കഴിഞ്ഞ ഉടനെ ഖത്തര്‍ മഹ്കമത്തുശര്‍ഇയ്യയില്‍ (ശരീഅത്ത് കോര്‍ട്ട്) നിയമനം ലഭിച്ചു. സ്ഫുടമായ അറബി അദ്ദേഹത്തിന് വഴങ്ങിയിരുന്നു. പല ആവശ്യങ്ങള്‍ക്കായി നാട്ടില്‍നിന്ന് വരുന്ന സംഘടനാ നേതാക്കള്‍ക്കുള്ള കത്തുകള്‍ അദ്ദേഹമാണ് ഡ്രാഫ്റ്റ് ചെയ്ത് കൊടുക്കുക. സംഘടനാ പക്ഷപാതിത്വം തൊട്ടുതീണ്ടിയിരുന്നില്ല. പ്രസ്ഥാനത്തിന്റെ സന്തത സഹചാരിയും സഹായകനുമായിരുന്നു. ഉന്നത പണ്ഡിതരുമായി അടുത്ത ബന്ധം പുലര്‍ത്തി. ശൈഖ് യൂസുഫുല്‍ ഖറദാവി, മര്‍ഹൂം ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

'80-കളുടെ തുടക്കത്തില്‍ കൊടിയത്തൂരില്‍നിന്ന് നാല് കിലോമീറ്റര്‍ കിഴക്കുള്ള ഗോതമ്പ റോഡില്‍ സ്ഥലമെടുത്ത് വീടു വെച്ച് താമസം തുടങ്ങി. കഷ്ടപ്പാടില്‍ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും കൂടെ താമസിപ്പിച്ചു. സഹപാഠിയായ ഈ കുറിപ്പുകാരന് ടി.പിയുടെ വരവ് ഏറെ പ്രതീക്ഷ നല്‍കി. കാരണം, പിതാവ് നിര്‍മിച്ച മസ്ജിദുല്‍ മഅ്‌വാ എന്ന നമസ്‌കാരപ്പള്ളിയുടെ ഓരത്ത് ഒരു ഷെഡ് കെട്ടി മദ്‌റസക്ക് തുടക്കം കുറിച്ചിരുന്നു. ഞങ്ങള്‍ മന്‍സൂറ ഇസ്‌ലാമിക് ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. പള്ളിയും മദ്‌റസയും വലിയ കെട്ടിടങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞു. ടി.പിയുടെ പ്രവര്‍ത്തനങ്ങള്‍ അയല്‍ പ്രദേശങ്ങളില്‍ കൂടി വെളിച്ചം നല്‍കി. കൊടിയത്തൂര്‍ മസ്ജിദുല്‍ ഹുദാ, കോട്ടക്കല്‍ ടൗണ്‍ മസ്ജിദ്, പടിഞ്ഞാറത്തറ പള്ളി എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്. ഖാദിയാനികളുമായി അന്‍ജുമന്‍ ഇശാഅത്തെ ഇസ്‌ലാം നടത്തിയ സംവാദത്തില്‍ (മുബാഹല) അകമഴിഞ്ഞു സഹായിച്ചു.

സേവന രംഗത്തും അദ്ദേഹം മുന്നില്‍ നടന്നു. ജി.റോഡ്, കുനിയില്‍, ചെറുവാടി എന്നീ സ്ഥലങ്ങളില്‍ 50 വീതം വീടുകള്‍ക്ക് ഉപകാരപ്പെടുന്ന ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയാക്കി. ധാരാളം പേര്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കി.

ഖത്തറില്‍ കുടുംബസമേതമായിരുന്നു താമസം. ഭാര്യ സൈനബ. 9 മക്കളുണ്ട്. നജ്‌ല, സാലിം, നവാല്‍, ബാസിം, കാമില്‍, സുല്‍ത്താന്‍, റബാബ്, ദലാല്‍, മനാല്‍. മകന്‍ സാലിം ഖത്തറില്‍ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റാണ്. ഷാജി കടലുണ്ടി, റുബീന തലശ്ശേരി, ഹസന്‍ ഹൈദര്‍ അള്‍ജീരിയ എന്നിവര്‍ ജാമാതാക്കളുമാണ്. 

 

*********************************

പി. അബ്ദുല്ല

1974-ല്‍ പൂക്കോട്ടുര്‍ പഞ്ചായത്തിലെ അത്താണിക്കല്‍ പ്രദേശത്ത് ആദ്യത്തെ മുത്തഫിഖ് ഹല്‍ഖ രൂപീകരിക്കപ്പെടുമ്പോള്‍ അതില്‍ അംഗമായിരുന്ന മുതിര്‍ന്ന പ്രസ്ഥാന പ്രവര്‍ത്തകനാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 13-ന് മരണപ്പെട്ട പി. അബ്ദുല്ല സാഹിബ്. പരന്ന വായനയായിരുന്നു അദ്ദേഹത്തെ പ്രസ്ഥാനത്തിലെക്കത്തിച്ചത്. താന്‍ വായിച്ച പുസ്തകങ്ങളിലെ വരികള്‍ വള്ളിപുള്ളി തെറ്റാതെ വേ സന്ദര്‍ഭങ്ങളില്‍ ഉദ്ധരിക്കാന്‍ കഴിയുമാറ് അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. തന്റെ ക്ലാസ്സുകളില്‍ ഇത്തരം ഉദ്ധരണികള്‍ ഓര്‍മയില്‍നിന്ന് അവതരിപ്പിക്കുമ്പോള്‍ പോലും നോക്കിവായിക്കുകയാണെന്നേ  കേള്‍വിക്കാര്‍ക്ക്  തോന്നുമായിരുന്നുള്ളൂ.

നല്ലൊരു പണ്ഡിതനായിരുന്നു അദ്ദേഹം. മിതഭാഷിയും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനുമായതിനാല്‍ ശക്തമായ സമ്മര്‍ദമുങ്കെിലേ അദ്ദേഹം ക്ലാസ്സെടുക്കാന്‍ തയാറാവുമായിരുന്നുള്ളൂ. ഹല്‍ഖയിലെ രണ്ട് നാസിമുമാര്‍ ജോലിയാവശ്യാര്‍ഥം വിദേശത്തേക്ക് പോയ സന്ദര്‍ഭങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി അദ്ദേഹം ഹല്‍ഖാ നാസിമായി പ്രവര്‍ത്തിക്കുകയുണ്ടായി. ഇക്കാലയളവിലാണ് ഖുര്‍ആനിലും മറ്റ് ഇസ്‌ലാമിക വിഷയങ്ങളിലും അദ്ദേഹത്തിനുള്ള അവഗാഹം സഹപ്രവര്‍ത്തകര്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞത്. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് മുന്നില്‍ കണ്ഠമിടറി ക്ലാസ്സ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്ന രംഗങ്ങള്‍ സഹപ്രവര്‍ത്തകര്‍ അനുസ്മരണയോഗത്തില്‍  പങ്കുവെക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ ഉപയോഗപ്പെടുത്താന്‍ സമീപ ഹല്‍ഖകളും ശ്രമിച്ചിരുന്നു. പ്രദേശത്തെ പള്ളിയിലെ നിത്യസാന്നിധ്യമായിരുന്ന അദ്ദേഹത്തെയാണ് ഉത്തരവാദപ്പെട്ടവരുടെ ലീവ് സമയങ്ങളില്‍ ബാങ്കുവിളിക്കുന്നതിനും ഇമാമത്ത് നിര്‍വഹിക്കുന്നതിനുമൊക്കെ പ്രസ്ഥാനം ആശ്രയിച്ചത്. തികച്ചും ആകസ്മികമായി മരണം സംഭവിക്കുന്നതിന്റെ തലേ ദിവസവും പള്ളിയില്‍ ഖുര്‍ആന്‍ തഫ്‌സീര്‍ വായിച്ചിരുന്നിരുന്നു അദ്ദേഹം. റവന്യൂ വകുപ്പില്‍ വില്ലേജ്മാന്‍ തസ്തികയില്‍ നിന്നാണ് അദ്ദേഹം വിരമിച്ചത്. ഭാര്യയും ഒരു ആണ്‍കുട്ടിയും 4 പെണ്‍കുട്ടികളുമടങ്ങുന്നതാണ് കുടുംബം.

ടി.വി മൊയ്തീന്‍കുട്ടി, അത്താണിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (160 - 169)
എ.വൈ.ആര്‍