Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 18

3014

1438 ദുല്‍ഖഅദ് 25

സ്വൂഫിസം: ഒരു വായനാനുഭവം കൂടി

കെ.പി.എഫ് ഖാന്‍

ഇസ്‌ലാമിക സ്വൂഫിസം എന്നൊരു സ്വൂഫിസമുണ്ടോ? അല്ലാഹു അഅ്‌ലം! ഇസ്‌ലാമിന്റെ സാങ്കേതിക പദങ്ങളില്‍ സ്വൂഫിസം കാണാനില്ല. തസ്വവ്വുഫ് എന്ന നിര്‍മിതി എങ്ങനെ, എവിടെനിന്ന് വന്നുവെന്ന കാര്യത്തില്‍ പ്രമുഖ സ്വൂഫീ ആചാര്യന്മാര്‍ക്കു പോലും തിട്ടമില്ല. പല ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും നല്‍കിയിട്ട് അതില്‍നിന്ന് അവര്‍ കൈകഴുകി മാറുന്നതു കാണാം. സ്വൂഫിസമെന്ന പദം ഓറിയന്റലിസ്റ്റുകളുടെ സംഭാവനയാണ്. ശാെ (ഇസം) എന്ന പ്രത്യയം തത്ത്വം, സിദ്ധാന്തം, ആചാരം എന്നിവയെക്കുറിക്കുന്ന യൂറോപ്യന്‍ ഭാഷാ പ്രയോഗമാണ്. സ്വൂഫിയ്യ: എന്നതിന് അവര്‍ കല്‍പിച്ചരുളിയ ആംഗലേയ ഭാഷ്യമാണ് സ്വൂഫിസം. ഗ്രീക്കി(യൂനാനി)ലെ തിയോസഫിയുടെ തത്ഭവമെന്ന നിലക്കാണ് തസ്വവ്വുഫിന്റെ പോക്ക്. 'തസ്വവ്വഫ' എന്ന ക്രിയക്ക് 'കമ്പിളി അണിഞ്ഞു'വെന്ന് ഒരു കൂട്ടര്‍ അര്‍ഥം നല്‍കുമ്പോള്‍, 'സ്വുഫ്ഫാ വാസികളുടെ ജീവിതത്തെ അനുധാവനം ചെയ്യലെ'ന്ന് വേറൊരു കൂട്ടര്‍.

ഹി. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സര്‍റാജെന്ന മഹാ സ്വൂഫീ പണ്ഡിതന്‍, സ്വൂഫിയ്യ് എന്ന പദം ജാഹിലിയ്യാ കാലത്തുമുണ്ടായിരുന്നുവെന്ന് സോദോഹരണം സമര്‍ഥിച്ചിട്ടുണ്ട്. അക്കാലത്തും അവര്‍ കമ്പിളിവസ്ത്ര ധാരികളായിരുന്നു. വിരക്ത ജീവിതത്തിന്റെ അടയാളമായിരുന്നു സ്വൂഫ്(കമ്പിളി). വിരക്തന്മാരെ തിരിച്ചറിയാന്‍, അക്കാലം തൊട്ടേ ജനങ്ങള്‍ വിളിച്ച പേരാണ് സ്വൂഫിയ്യ എന്നത്. വിരക്ത ജീവിത ചിഹ്നമായിരുന്നു, സന്യാസിമാരുടെ കാഷായ വസ്ത്രം പോലെ സ്വൂഫികളുടെ സ്വൂഫും. സ്വൂഫീ ചര്യയെ ദ്യോതിപ്പിക്കാന്‍ സ്വൂഫിയ്യയും ഉണ്ടായി. അത് യൂറോപ്യന്‍ ഓറിയന്റലിസ്റ്റുകള്‍ക്ക്, ഇസ്‌ലാമിക് മിസ്റ്റിസത്തിന്റെ പര്യായമായ സ്വൂഫിസവുമായിത്തീര്‍ന്നു.

ഇമാം റാസിയുടെ അഖീദാ ഗ്രന്ഥത്തില്‍ അഹ്‌ലുസ്സുന്നയുടെ പുറത്തുള്ള(പിഴച്ച) 72 കൂട്ടരില്‍ ഒരു കൂട്ടരാണ് മുതസ്വവ്വിഫുകള്‍. അവര്‍ക്ക് പ്രത്യേക സിദ്ധാന്തവും ആചാരവുമൊക്കെയുള്ളതാണ് കാരണം.

സ്വഫാഅ് നൈര്‍മല്യമാണ്. അതില്‍നിന്ന് തസ്വവ്വുണ്ടാകാന്‍ വഴിയില്ല. ഇനി സ്വുഫ്ഫയില്‍നിന്നാണ് അതുണ്ടായതെങ്കില്‍ സ്വുഫ്ഫാവാസികളെ 'മുതസ്വവ്വിഫൂന്‍' എന്നു പറയേണ്ടിവരും. അതീവലളിത ജീവിതം നയിച്ചിരുന്നതിനാല്‍ അവര്‍ 'മുതഖശ്ശിഫുകള്‍' ആയിരുന്നുവെന്നു മാത്രം. 'സ്വഫാ' 'യസ്വ്ഫൂ' എന്നതില്‍നിന്ന് സ്വൂഫീ ജനിക്കുകയില്ല. അതിലെ കൃതികൃത്ത് സ്വാഫിന്‍(നിര്‍മലന്‍) എന്നും സ്വഫിയ്യ്(ആത്മാര്‍ഥതയുള്ളവന്‍) എന്നുമാണ് പറയപ്പെടുക. 'സ്വഫാ'ക്ക് തസ്വഫ്ഫാ എന്ന യൗഗികമില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ തസ്വഫ്ഫുവുന്‍ എന്നായിരിക്കും ക്രിയാനാമം. അതുകൊണ്ടാണ് 'തിയോസഫി'ക്ക് തത്ഭവമാണ് തസ്വവ്വുഫിന്റെ ആഗമമെന്ന് കരുതുന്നത്.

വിരക്തജീവിതത്തിന് ഇസ്‌ലാമില്‍ 'സുഹ്ദ്' എന്നാണ് ഭാഷ്യം. ആത്മസംസ്‌കരണത്തിന് തസ്‌കിയതുന്നഫ്‌സെന്നുമാണ് പേര്. തഹ്ദീബുല്‍ അഖ്‌ലാഖ് സ്വഭാവ സംസ്‌കരണമാണ്. തഖ്‌വായും ഇഹ്‌സാനും വിളഞ്ഞു പാകമെത്തിയാലും സ്വൂഫിസമാവുകയില്ല.

ഖുര്‍ആന്‍ നിര്‍ദേശിച്ച വിജയമാര്‍ഗമായ 'തസ്‌കിയത്തി'ന് 'ത്വരീഖത്തി'ന്റെ ആവശ്യമില്ല. ഖുര്‍ആനും നബിചര്യയുമാണ് അതിന്റെ മാര്‍ഗരേഖകള്‍. ത്വരീഖത്തിന് ഒരു ശൈഖ് കൂടിയേ തീരൂ. ശൈഖില്ലാത്തവര്‍ക്കു ശൈത്വാന്‍ ശൈഖായി വരുമെന്ന് സ്വൂഫീ മതം. ഖുര്‍ആനും സുന്നത്തും നേരിട്ടു ഗ്രഹിക്കാനാവാത്തവര്‍ക്ക്, വ്യാഖ്യാനിച്ചുകൊടുക്കാന്‍ ഒരു ശൈഖ് വേണം- ഖുര്‍ആനും സുന്നത്തും അറിയുന്നയാള്‍. ത്വരീഖത്തുകാര്‍ പറയുന്ന 'മുറബ്ബി'യായ ശൈഖല്ല അദ്ദേഹം. 'അത്ത്വരീഖതുല്‍ മുഹമ്മദിയ്യ' വശമുള്ളയാളാണ്.

ഇസ്‌ലാമിലെ സുഹ്ദ് സര്‍വസംഗപരിത്യാഗം(സന്യാസം) അല്ല. അല്ലാഹു കനിഞ്ഞരുളിയ 'സീനത്തു'കളെയും 'ത്വയ്യിബാതി'നെയും ഹറാമാക്കുകയല്ല ഇസ്‌ലാമിലെ സുഹ്ദ്. ജീവിതലക്ഷ്യം വിസ്മരിച്ച് ഭൗതികതയില്‍ മുഴുകാതിരിക്കുകയാണ് സാക്ഷാല്‍ സുഹ്ദ്.

തസ്‌കിയത്തിനും തദ്വാരാ സ്വര്‍ഗപ്രാപ്തിക്കും ഖുര്‍ആനും നബിചര്യയും പോരാ, അതിനു ത്വരീഖത്ത് തന്നെ വേണമെന്നാണെങ്കില്‍ ആ സ്വൂഫിസത്തിന് ഇടമില്ല ഇസ്‌ലാമില്‍. 'പ്രവാചകന്റെ' പിന്നില്‍ സ,അ ചേര്‍ക്കുന്നതുപോലെയാണ് തസ്വവ്വുഫിന്റെ കൂടെ 'ഇസ്‌ലാമി'യെന്നു ചേര്‍ക്കുന്നതും ('പ്രവാചകന്റെ' കൂടെ 'സ്വല്ലല്ലാഹു അലൈഹിവസ്വല്ലം' എന്നു ചേര്‍ത്താലും പ്രവാചകന്‍ 'നബി'യാകയില്ല).

അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ 'ഇസ്‌ലാമിലെ ആത്മസംസ്‌കരണവും' സ്വദ്‌റുദ്ദീന്‍ ഇസ്‌ലാഹിയുടെ 'സ്വൂഫീ മതസങ്കല്‍പവും ഖുര്‍ആനും' വായിച്ചിട്ട് തസ്വവ്വുഫിന്റെയും സ്വൂഫിസത്തിന്റെയും ഇസ്‌ലാമിക പ്രതിനിധാനം കണ്ടെത്താന്‍ ഒരഭ്യര്‍ഥന.

 

 

മഹാസഖ്യങ്ങള്‍ വളരണം

'സമകാലിക ഇന്ത്യയില്‍ മുസ്‌ലിം ഉമ്മത്തിന്റെ ദൗത്യം' (വിശകലനം, ജൂലൈ 21, 2017) വായിച്ചു. എല്ലാ സംഘടനകളും അവരുടെ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുസ്‌ലിം ഉമ്മത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സുരക്ഷക്കു വേണ്ടി ഒറ്റക്കെട്ടായി പോരാടണം. രാഷ്ട്രീയ മൂലധനം, സാമ്പത്തിക മൂലധനം, സാംസ്‌കാരിക മൂലധനം എന്നിവ മുസ്‌ലിം ഉമ്മത്ത് വളര്‍ത്തിക്കൊണ്ടുവരണം. ഇതിന് സഹകരണ കൂട്ടായ്മ അത്യാവശ്യമാണ്. ദഅ്‌വത്തിന്റെ ഭാഗമായ നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും മുസ്‌ലിം ഉമ്മത്തിന്റെ അടിസ്ഥാന ദൗത്യങ്ങളാണ്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോഴും ഇത് അത്യാവശ്യമാണ്. മുസ്‌ലിം ഉമ്മത്ത് ജീവിതത്തില്‍ ഖൈറ് ഉമ്മത്തായി നിലകൊള്ളുകയും മഹാസഖ്യത്തില്‍ ഏര്‍പ്പെടുകയും വേണം.

പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ

 

 

'സമസ്ത'ക്ക് അത് സാധിക്കും

'അന്ധവിശ്വാസം വരുന്ന വഴി' എന്ന ശീര്‍ഷകത്തില്‍ വന്ന ചോദ്യോത്തരമാണ് (28/07/17) ഈ പ്രതികരണത്തിനാധാരം. അന്ധവിശ്വാസത്തെ പ്രതിരോധിക്കാന്‍ മറ്റാരേക്കാളും കെല്‍പുള്ള സംഘടന 'സമസ്ത'യാണെന്ന് ഒന്നിലധികം തവണ അവര്‍ തെളിയിച്ചിട്ടുണ്ട്. അതില്‍ അവസാനത്തേത് 'മുടി പ്രശ്‌ന'ത്തില്‍ കണ്ടതാണ്. 'മുടിപ്പള്ളി'ക്കെതിരെ പ്രതിരോധം തീര്‍ത്തവരില്‍ മുന്നില്‍ സമസ്തയായിരുന്നു.

മറ്റൊന്ന് നാല്‍പത് വര്‍ഷങ്ങള്‍ക്കപ്പുറമാണ്; നൂരിഷാ ത്വരീഖത്തിനെ ഹൈദരാബാദിലേക്ക് തിരിച്ചയച്ചതായിരുന്നു അത്. കൈവിട്ടുപോയെന്ന് കരുതിയ ജാമിഅ നൂരിയ്യ അറബി കോളേജിനെ രക്ഷപ്പെടുത്താനും നൂരിഷാ ത്വരീഖത്തുകാരെ പിടിച്ചുകെട്ടാനും അന്ന് സമസ്തക്ക് സാധിച്ചു. മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 'സമസ്ത'യുടെ ഇഛാശക്തിയോടെയുള്ള ശ്രമമാണ് വിജയത്തിന് നിദാനമായത്. നൂരിഷാ ത്വരീഖത്തിന്റെ അടിസ്ഥാനമായ 'വഹ്ദത്തുല്‍ വുജൂദ്' സിദ്ധാന്തം അത്യന്തം ആപല്‍ക്കരമാണെന്നും അതാണ് അവരുമായി പിരിയാന്‍ ഇടയായതെന്നും അന്ന് നടന്ന ജാമിഅ നൂരിയ്യ വാര്‍ഷികത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഇ.കെ വ്യക്തമാക്കുകയുണ്ടായി.

എന്നാല്‍ നീണ്ടകാലം ത്വരീഖത്തുകാരുമായി ഒത്തുചേര്‍ന്നു പോയപ്പോള്‍ സമുദായത്തില്‍ കയറിക്കൂടിയ അപകടകരമായ വിശ്വാസാചാരങ്ങള്‍ ഇല്ലാതാക്കാന്‍ സമസ്തയുടെ ഭാഗത്തുനിന്ന് തുടര്‍ പ്രവര്‍ത്തനമുണ്ടായില്ല. പണ്ഡിതന്മാരും നേതാക്കളും ഒരളവോളം ഇത്തരം വിശ്വസാചാരങ്ങളില്‍നിന്നൊഴിവാണെങ്കിലും സാധാരണക്കാരില്‍ ഇതെല്ലാം അള്ളിപ്പിടിച്ചു നിലകൊള്ളുകയാണ്. പിളര്‍പ്പുണ്ടായപ്പോള്‍ കാന്തപുരം വിഭാഗം ഇത്തരം വിശ്വാസാചാരങ്ങളെ പിടിവള്ളിയായി ഉപയോഗപ്പെടുത്തുകയായിരുന്നു. അവര്‍ ഇത്തരം അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരോട് മത്സരിച്ച് 'സമസ്ത'യുടെ കീഴിലുള്ള പല മഹല്ലുകളും ത്വരീഖത്ത് അവശിഷ്ടങ്ങള്‍ പുണരുന്നതും കാണാം. ഇവിടെ നേതൃത്വം ഇടപെടുകയോ അണികള്‍ക്ക് ദിശാബോധം നല്‍കുകയോ ചെയ്തില്ല.

അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായ ശീഈ വിശ്വാസാചാരങ്ങള്‍ മലബാറിന്റെ ചില ഭാഗങ്ങളില്‍ സുന്നീ മേല്‍വിലാസത്തില്‍ ബഹുജനങ്ങളില്‍ കയറിക്കൂടുന്നതിനെ തുറന്നുകാണിച്ച് ഉന്മൂലനം ചെയ്യാനും 'സമസ്ത' തയാറാകേണ്ടണ്ടതുണ്ടണ്ട്.

അന്ധവിശ്വാസങ്ങളുടെ മറവില്‍ തഴച്ചുവളരുന്ന ചൂഷണങ്ങളും അനാശാസ്യങ്ങളും വികസിച്ച് മയക്കുമരുന്ന് മാഫിയാ കേന്ദ്രങ്ങളായി അവസാനം കൊലപാതകങ്ങളില്‍ വരെ എത്തിനില്‍ക്കുന്ന തീര്‍ഥാടന കേന്ദ്രങ്ങളും 'സമസ്ത'ക്ക് വേണ്ടത്ര സ്വാധീനമുള്ള സ്ഥലങ്ങളിലും മഹല്ലുകളിലും തന്നെയാണ് കാണാന്‍ കഴിയുക. ജീവന്‍ വെച്ച് എഴുന്നേറ്റ് വരുമെന്ന വിശ്വാസത്തില്‍ മൃതശരീരങ്ങള്‍ സൂക്ഷിച്ചുവെച്ച് അവസാനം ദുര്‍ഗന്ധം സഹിക്കവയ്യാതെ നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുന്ന അവസ്ഥയോളമെത്തുമ്പോള്‍ യഥാര്‍ഥത്തില്‍ ആരാണ് പ്രതിക്കൂട്ടിലാകുന്നത്? മുസ്‌ലിം മേല്‍വിലാസമുള്ള സിദ്ധന്മാര്‍ നടത്തുന്ന വൃത്തികേടുകളുടെയും ചൂഷണങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തുവരുമ്പോള്‍ ക്ഷതമേല്‍ക്കുന്നതാര്‍ക്കാണ്?

ചുരുക്കത്തില്‍, 'സമസ്ത' തന്നെ തള്ളിപ്പറഞ്ഞ ത്വരീഖത്തില്‍നിന്നും ശീഈസത്തില്‍നിന്നും കയറിവന്ന്, ഇസ്‌ലാമിനെയും സുന്നത്ത് ജമാഅത്തിനെയും വിഴുങ്ങുന്ന അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പുള്ള സംഘടനയാണ് കേരളത്തില്‍, വിശേഷിച്ചും മലബാറില്‍ സമസ്ത. ബഹുഭൂരിഭാഗം മഹല്ലുകളും 'സമസ്ത'യുടെ ഭരണത്തിലോ, നിര്‍ണായക സ്വാധീനത്തിലോ ആണ്. ജനങ്ങള്‍ ആദരിക്കുന്ന പണ്ഡിത നേതൃനിരയും 'സമസ്ത'ക്കുണ്ട്. മുടിപ്രശ്‌നത്തെയും ത്വരീഖത്തിനെയും പ്രതിരോധിച്ച അതേ ഇഛാശക്തിയോടെ ഒന്നിറങ്ങിയാല്‍ ഈ അന്ധവിശ്വാസങ്ങളെ തടഞ്ഞുനിര്‍ത്താന്‍ 'സമസ്ത'ക്ക് കഴിയും. ഇതവരുടെ കാലികമായ ഉത്തരവാദിത്തമാണ്.

പഴയകാല പ്രമേയങ്ങളോ നിലപാടുകളോ ഇതിന്നൊരിക്കലും തടസ്സമാകേണ്ടതില്ല. അന്നത്തെ പ്രത്യേക അവസ്ഥയോ വൈകാരിക പശ്ചാത്തലമോ ഇന്ന് നിലവിലില്ലല്ലോ! അല്ലെങ്കിലും പഴയ പല നിലപാടുകളും 'സമസ്ത'ക്ക് തന്നെ മാറ്റേണ്ടിവന്നിട്ടുണ്ടല്ലോ. മദ്‌റസാ പ്രസ്ഥാനം, സ്ത്രീ വിദ്യാഭ്യാസം തുടങ്ങി പലതും. ഇസ്‌ലാമിക വിഷയങ്ങളുമായി മുന്നോട്ടു നീങ്ങുന്ന ഏത് സംഘത്തിനും അടിസ്ഥാനാദര്‍ശത്തിലുറച്ചുനിന്ന്, കാലം മാറുമ്പോള്‍ ചില നിലപാടുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമായി വരുമല്ലോ.

കെ.സി ജലീല്‍ പുളിക്കല്‍

 


ഗള്‍ഫ് വരുമാനവും ഇസ്‌ലാംപേടിയും

സമദ് കുന്നക്കാവ് എഴുതിയ 'കേരളീയ പൊതുമണ്ഡലവും മുസ്‌ലിം മൂലധന ഭീതിയും' (ലക്കം 10) എന്ന ലേഖനം സമുദായ സംഘടനാ നേതൃത്വത്തിന്റെ പുനര്‍വിചിന്തനത്തിനുതകുന്നതാകട്ടെ എന്നാഗ്രഹിക്കുന്നു. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ ഉണര്‍വിന്റെ മുഖ്യസ്രോതസ്സ് ഗള്‍ഫ് പണമാണെന്നുള്ളതില്‍ രണ്ടഭിപ്രായമുണ്ടാകാന്‍ വഴിയില്ല. എന്നാല്‍ കേരള മുസ്‌ലിം പുരോഗതിയുടെ കുത്തകാവകാശം ഏറ്റെടുക്കുന്ന 

സാമുദായിക രാഷ്ട്രീയ സംഘടനകളുടെ പ്രചണ്ഡമായ പ്രചാരണം മറ്റു സമുദായങ്ങളിലെ സംഘടനകള്‍ ദുരുപയോഗം ചെയ്തു എന്നത് വസ്തുതയാണ്.

ഗള്‍ഫിലെ തൊഴില്‍ സാധ്യതയും സാമ്പത്തിക പുരോഗതിയും മുസ്‌ലിം സമുദായത്തിനു മാത്രമാണോ നേട്ടമുണ്ടാക്കിയത് എന്നത് നിഷ്പക്ഷ പഠനത്തിനു വിധേയമാക്കിയാല്‍ സത്യാവസ്ഥ മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, പൊതു മാധ്യമങ്ങളും മതേതര കുപ്പായമിട്ട രാഷ്ട്രീയക്കാരും അതിനു മുതിരാറില്ല. ഗള്‍ഫിന്റെ സാധ്യത എല്ലാ സമുദായത്തിലുമുള്ള സാധാരണക്കാര്‍ക്ക് പ്രയോജനപ്പെട്ടപ്പോള്‍ അമേരിക്ക, യൂറോപ്പ് പോലുള്ള ഒരു മത സമുദായത്തിന് ആധിപത്യമുള്ള രാഷ്ട്രങ്ങളിലെ തൊഴില്‍ മേഖല ഒരു പ്രത്യേക സമുദായത്തിലും ചില വരേണ്യ വര്‍ഗങ്ങളിലും പരിമിതമായി എന്നതും മാധ്യമങ്ങളും മറ്റു രാഷ്ട്രീയ സാമുദായിക സംഘടനകളും കാണാതെ പോയി. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തന്നെ ഉയര്‍ന്ന ജോലിയും ശമ്പളവും ലഭിക്കുന്നതും ആര്‍ക്കാണെന്നതും ആലോചനാവിഷയമാകണം. മറ്റുള്ളവര്‍ വിദ്യാഭ്യാസ കാര്യത്തില്‍ ബഹുദൂരം മുന്നേറിയപ്പോള്‍ മുസ്‌ലിം സമുദായം നല്ല ഉറക്കിലായിരുന്നു ഒരു ഘട്ടത്തില്‍ എന്നതാണ് കാരണം. പതുക്കെ ഉണര്‍ന്നു വന്നപ്പോള്‍ വിവാദങ്ങളുടെ കുരുക്കിലും! അഞ്ചു പതിറ്റാണ്ടിന്റെ ഗള്‍ഫ് വരുമാനം ബാഹ്യമായ കുറേ ആഡംബരക്കാഴ്ചകള്‍ മാത്രമാണ്. ഭാവി മുന്നില്‍ കണ്ടുള്ള ആസൂത്രണം സമുദായത്തിനു മാത്രമല്ല മാറിമാറി വന്ന ഭരണക്കാര്‍ക്കും ഇല്ലാതെ പോയി. രണ്ടു കോടി രൂപയുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് അറുപതു ലക്ഷം ചെലവാക്കുന്നതു പോലുള്ള പൊങ്ങച്ച സംസ്‌കാരം തുടര്‍ന്നാല്‍ ഇനിയും മുസ്‌ലിം സമുദായം പരലോകത്തു മാത്രമല്ല ഇവിടെയും വിചാരണ നേരിടേണ്ടിവരുമെന്ന യാഥാര്‍ഥ്യം ഓര്‍ത്താല്‍ നല്ലത്.

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (192 - 195)
എ.വൈ.ആര്‍

ഹദീസ്‌

സംസ്‌കരണത്തിന്റെ മൂലശിലകള്‍
കെ.സി ജലീല്‍ പുളിക്കല്‍