Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 18

3014

1438 ദുല്‍ഖഅദ് 25

സുന്നത്തിന്റെ സര്‍വകാല പ്രസക്തി

സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി

ഒരു മാതൃകാ സമൂഹം നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു ദര്‍ശനവും, ആ ലക്ഷ്യത്തിനു വേണ്ടി നൈതികതയിലൂന്നിയ നിയമങ്ങളും, ഭക്തിയിലധിഷ്ഠിതമായ അനുഷ്ഠാനങ്ങളും നിര്‍ദേശിക്കാറുണ്ട്. എന്നാല്‍, അതെല്ലാം ആ വ്യവസ്ഥയുടെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമാണ്. വ്യവസ്ഥയുടെ ശരിയായ മാതൃകയില്‍ അതിന്റെ അനുയായികളുടെ ജീവിതം രൂപപ്പെടുത്തുമ്പോള്‍ മാത്രമേ, അതിലെ നിയമങ്ങളുടെ ചേതനയുമായി അഭേദ്യ പൊരുത്തമുള്ള ജീവിതം സാക്ഷാത്കരിക്കാനാവൂ. ഇസ്‌ലാമിന്റെ കാര്യത്തില്‍, പ്രവാചകന്റെ ജീവിതം തന്നെയാണ് ആ മാതൃക. അദ്ദേഹത്തിന്റെ വചനങ്ങള്‍, കര്‍മങ്ങള്‍, ജീവിതത്തിന്റെ സൂക്ഷ്മവിശദാംശങ്ങള്‍ എന്നിവ ഇസ്‌ലാമിക വ്യവസ്ഥയുടെയും വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആന്തരിക യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട്. മുഹമ്മദ് നബിയുടെ ചര്യകളും വചനങ്ങളും ഖുര്‍ആനിന് ഉപോദ്ബലകമാകുന്നു എന്ന് മാത്രമല്ല, പ്രവാചകജീവിതത്തിന്റെ ആധികാരികരേഖ എന്ന നിലയില്‍, ആ ജീവിതത്തിന്റെ ആന്തരികവും ആത്മീയവുമായ വശങ്ങളിലേക്ക് കടന്നുചെല്ലാനും വഹ്‌യിന്റെ കേന്ദ്രത്തിലേക്ക് അനുയായികളെ നയിക്കാനും അവ സഹായകമാവുകയും ചെയ്യുന്നു.

പ്രവാചകന്‍ മുഹമ്മദിന്റെ ദൗത്യം, അതിന്റെ ലക്ഷ്യങ്ങള്‍ എന്നിവ വിശദീകരിച്ച് നമുക്ക് തുടങ്ങാം. ഖുര്‍ആന്‍ പ്രകാരം അത് ഇങ്ങനെയാണ്:

1. അവതീര്‍ണമായ വചനങ്ങള്‍ പാരായണം ചെയ്യല്‍

2. ഗ്രന്ഥം അഭ്യസിപ്പിക്കല്‍

3. വിവേകം അഭ്യസിപ്പിക്കല്‍

4. നവീകരണവും മനഃസംസ്‌കരണവും

''നിരക്ഷരര്‍ക്കിടയില്‍ അവരില്‍നിന്നുതന്നെ ദൂതനെ നിയോഗിച്ചത് അവനാണ്. അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദവും തത്ത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. നേരത്തേ അവര്‍ വ്യക്തമായ വഴികേടിലായിരുന്നു'' (ഖുര്‍ആന്‍ 65:2).

''നാം നിങ്ങള്‍ക്ക് നിങ്ങളില്‍നിന്നുതന്നെ ദൂതനെ അയച്ചുതരുന്നപോലെയാണിത്. അദ്ദേഹമോ നിങ്ങള്‍ക്ക് നമ്മുടെ സൂക്തങ്ങള്‍ ഓതിത്തരുന്നു. നിങ്ങളെ സംസ്‌കരിക്കുന്നു. വേദവും വിജ്ഞാനവും പഠിപ്പിക്കുന്നു. നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്നു'' (ഖുര്‍ആന്‍ 2:151).

തീര്‍ച്ചയായും മുകളില്‍ പറഞ്ഞ നാലു കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് നബിയുടെ ദൗത്യം. മാനവികതക്ക് പുതിയൊരു വേദവും പുതിയൊരു വിജ്ഞാനവും നല്‍കിയെന്നതുപോലെ, അനുഗൃഹീത പ്രവാചകന്‍ പുതിയ ധാര്‍മികസംഹിതകളും അവബോധവും വിശ്വാസവും ഭക്തിയും ഉന്മേഷവും ഉണര്‍ച്ചയും, വരാനിരിക്കുന്ന ഒരു ലോകത്തെ കുറിച്ചുള്ള പ്രതീക്ഷയും, ഐഹികലോകത്തോട് വിരക്തിയും, പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും അനുകമ്പയുടെയും അനുഭാവത്തിന്റെയും  പുതിയൊരു ഭാവവും നല്‍കി. ഈ ഗുണങ്ങളിന്മേലാണ് ഇസ്‌ലാമിക സമൂഹത്തിന്റെ മുഴുവന്‍ സംവിധാനവും പണിതുയര്‍ത്തിയിരിക്കുന്നത്. പ്രവാചക കാലഘട്ടം എന്നറിയപ്പെടുന്ന ധാര്‍മികതയുടേതായ ഒരു കാലം അങ്ങനെയാണ് ഉടലെടുത്തത്. ദൈവദൂതന്‍ എന്ന നിലയില്‍ പ്രവാചകന്റെ പരിശ്രമങ്ങളുടെ ഏറ്റവും മികച്ച ഫലങ്ങളായിരുന്നു അദ്ദേഹത്തിന്റെ അനുചരന്മാര്‍. പ്രവാചകജീവിതം ചെലുത്തിയ സ്വാധീനം എത്രയാണെന്ന് അറിയുന്നതിന് ആ അനുചരന്മാരിലേക്ക് മാത്രം നോക്കിയാല്‍ മതിയാവും.

പ്രവാചകജീവിതവും അധ്യാപനങ്ങളുമായിരുന്നു ആ ജീവിതങ്ങളുടെ പ്രചോദനധാര. ആദ്യകാല നൂറ്റാണ്ടില്‍ ഇസ്‌ലാമിന്റെ സാമൂഹിക രൂപകല്‍പന ആ പ്രചോദനം ഉള്‍ക്കൊണ്ടുള്ളതായിരുന്നു. എന്നാല്‍, അത് എങ്ങനെ സാധ്യമായി എന്നത് സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തിയാല്‍ ആ പുതിയ സമൂഹത്തിലും അനുയായികള്‍ക്കിടയിലും പ്രവര്‍ത്തിച്ചത് താഴെ പറയുന്ന ഘടകങ്ങളാണെന്ന് വ്യക്തമാവും:

1. പ്രവാചകന്റെ വ്യക്തിത്വം-അദ്ദേഹത്തിന്റെ ജീവിതവും സ്വഭാവ വിശുദ്ധിയും

2. വിശുദ്ധ ഖുര്‍ആന്‍

3. പ്രവാചകന്റെ വചനങ്ങള്‍, പ്രഭാഷണങ്ങള്‍, അധ്യാപനങ്ങള്‍, താക്കീതുകള്‍, മുന്നറിയിപ്പുകള്‍.

പ്രവാചകദൗത്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ശരിയായ രീതിയില്‍ സാക്ഷാത്കരിക്കപ്പെട്ടതിനു പിന്നില്‍ മേല്‍പറഞ്ഞ മൂന്ന് ഘടകങ്ങളാണെന്ന് അല്‍പം ചിന്തിച്ചാല്‍ മനസ്സിലാവും. പുതിയൊരു സമുദായം രൂപവത്കരിക്കുന്നതില്‍ അവക്ക് നിര്‍ണായക പങ്കുവഹിക്കാനുണ്ടായിരുന്നു. സമ്പൂര്‍ണമായ ഒരു സമൂഹം, ഉത്തമ ജീവിതം, വിശ്വാസവും കര്‍മവും ധാര്‍മികതയും വികാരങ്ങളും അഭിരുചിയും പരസ്പരബന്ധങ്ങളും എല്ലാം അതിന്റെ യഥാര്‍ഥ ഭാവത്തിലേക്ക് വളരുന്ന രീതിയിലുള്ള രൂപകല്‍പന- ഇവയൊന്നും ആ ഘടകങ്ങള്‍ കൂടാതെ അസാധ്യമായിരുന്നു. ജീവിതത്തില്‍നിന്ന് ജീവിതം ഉണ്ടായിവരികയാണ്.

ഒരു വിളക്ക് മറ്റൊരു വിളക്കില്‍നിന്നാണ് വെളിച്ചം കൊളുത്തുന്നത്. ശരിയായ ഇസ്‌ലാമിക ധാര്‍മികത, അതിന്റെ വിശ്വാസവും കര്‍മവും സഹിതം സ്വഹാബികളിലൂടെയും അവരുടെ വിശ്വസ്തരായ പിന്മുറക്കാരിലൂടെയുമാണ് തെളിഞ്ഞു വരുന്നത്. അത് സാധ്യമായത് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് മാത്രമല്ല. എക്കാലവും തങ്ങള്‍ക്ക് പ്രചോദനം നല്‍കി പ്രിയങ്കരമായ ഒരു വ്യക്തിത്വം അവര്‍ക്കിടയില്‍ എപ്പോഴുമുണ്ടായിരുന്നതുകൊണ്ടാണ്. രാത്രിയും പകലുമൊഴിയാതെ പ്രവാചക അനുചരന്മാര്‍ അദ്ദേഹത്തിന്റെ ജീവിതം കണ്ടു. അദ്ദേഹവുമായുള്ള ഇടപാടുകളും വ്യവഹാരങ്ങളും അവര്‍ക്ക് അനന്യമായ പാഠങ്ങള്‍ നല്‍കി.  ഇസ്‌ലാമിന്റെ വ്യതിരിക്തത സാധ്യമായത് ഇങ്ങനെയൊരു കൂട്ടം കാര്യങ്ങളില്‍നിന്നാണ്. കുറേ കല്‍പനകള്‍ക്ക് ഒരു കൂട്ടമാളുകള്‍ വെറുതെ കീഴൊതുങ്ങിയതല്ല. പ്രവര്‍ത്തിക്കാനുള്ള ചേതന അവരില്‍ രൂപപ്പെടുകയായിരുന്നു. നിയമങ്ങള്‍ അനുസരിച്ചും അവകാശങ്ങള്‍ വകവെച്ചുനല്‍കിയും മുന്നോട്ടുപോയ ആ വ്യവസ്ഥ പക്ഷേ, മനുഷ്യന്റെ ഏറ്റവും ചെറിയ വികാരങ്ങളെയും ഉന്നതമായ വിചാരങ്ങളെയും ഉള്‍ക്കൊള്ളുന്നതുമായിരുന്നു.

'തങ്ങളുടെ പ്രാര്‍ഥനകളില്‍ വിനയാന്വിതര്‍' എന്ന വചനം പ്രവാചകാനുചരന്മാര്‍ ഖുര്‍ആനില്‍നിന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, അതിന്റെ ശരിയായ അര്‍ഥം അവര്‍ മനസ്സിലാക്കിയത് പ്രവാചകനൊപ്പമുള്ള നമസ്‌കാര വേളയില്‍, റുകൂഇനിടെ അദ്ദേഹത്തിന്റെ നില നിരീക്ഷിച്ചപ്പോഴാണ്. അവരത് നമുക്ക് പറഞ്ഞുതരുന്നത് ഇങ്ങനെ: ''അടുപ്പില്‍ വെച്ച കലത്തില്‍നിന്നുണ്ടാവുന്ന തിളച്ചുമറിയുന്ന ശബ്ദം അദ്ദേഹത്തിന്റെ നെഞ്ചില്‍നിന്നുമുയരുന്നത് ഞങ്ങള്‍ കേട്ടു.''

നമസ്‌കാരമാണ് വിശ്വാസിയുടെ ഏറ്റവും പ്രിയങ്കരമായ പ്രവൃത്തിയെന്ന് അവര്‍ ഖുര്‍ആനില്‍ വായിച്ചു. എന്നാല്‍, 'നമസ്‌കാരമാണ് എന്റെ കണ്‍കുളിര്‍മ' എന്നും, 'ബിലാല്‍, നമസ്‌കാരത്തിന് വിളിക്കൂ, എന്റെ ഹൃദയത്തിന് ആശ്വാസം നല്‍കൂ' എന്നും പ്രവാചകന്‍ പറഞ്ഞപ്പോഴാണ് ദൈവത്തോടുള്ള സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും തീവ്രത അവര്‍ക്ക് ബോധ്യമായത്. പടച്ചവനോട് പൊറുക്കലിനെ തേടണമെന്ന് അവര്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു വായിച്ചു. സ്വന്തം ആവശ്യങ്ങള്‍ നിറവേറാന്‍ അല്ലാഹുവിനോട് താഴ്മയോടെ പ്രാര്‍ഥിക്കാത്തവനോട് അല്ലാഹു അതൃപ്തനായിരിക്കുമെന്നും വായിച്ചു. എന്നാല്‍, 'വിനയാന്വിതനാവുക', 'താഴ്മയോടെ ഇരക്കുക', 'കരയുക' എന്നതിന്റെയൊക്കെ യഥാര്‍ഥ രൂപം അവര്‍ക്ക് മനസ്സിലായത് ബദ്ര്‍ യുദ്ധവേളയില്‍ മണ്ണില്‍ തലവെച്ച് ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് പടച്ചതമ്പുരാനോട് കരഞ്ഞ്, 'പടച്ചവനേ, നിന്റെ വാഗ്ദാനത്തെ മുന്‍നിര്‍ത്തി ഞാന്‍ ഇരക്കുന്നു! (ഒരുപിടി വിശ്വാസികളെ ഇല്ലാതാക്കാന്‍) നാഥാ, നീ തീരുമാനിച്ചാല്‍ നിന്നെ ആരാധിക്കാന്‍ ഈ ഭൂമുഖത്ത് ഒരാളുമുണ്ടാവില്ല' എന്ന് നബി പ്രാര്‍ഥിച്ചപ്പോഴാണ്. അന്നേരം, 'അല്ലാഹുവിന്റെ റസൂലേ, മതി' എന്ന് അബൂബക്ര്‍ കരഞ്ഞു പറയുന്നതും ആ അനുചരന്മാര്‍ കണ്ടു. അര്‍ഥനയുടെ യഥാര്‍ഥ സത്ത, വിനയത്തിലും സമര്‍പ്പണത്തിലുമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍, അതിന്റെയും ശരിയായ രൂപം അവര്‍ മനസ്സിലാക്കിയത് പ്രവാചകന്‍ അറഫയില്‍ പ്രാര്‍ഥിച്ചപ്പോഴാണ്: ''നാഥാ! ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നു. ഞാന്‍ എവിടെയാണെന്നും ഏതു നിലയിലാണെന്നും നീ കാണുന്നു. എന്നില്‍ രഹസ്യവും പരസ്യവുമായത് നീ കാണുന്നു. നിന്നില്‍നിന്ന് മറഞ്ഞിരിക്കുന്നതായി ഒന്നും എന്നിലില്ല. ഞാന്‍ വേദനയിലാണ്. ഒരു യാചകനാണ് ഞാന്‍. ഞാന്‍ നിന്നോട് സംരക്ഷണവും അഭയവും തേടുന്നു. നിന്നെ കുറിച്ചുള്ള പേടി എന്നെ മൂടുന്നു. എന്റെ തെറ്റുകളില്‍ ഞാന്‍ പ്രായശ്ചിത്തം ചെയ്യുന്നു. നിസ്സഹായനായ ഒരു അഭയാര്‍ഥിയെപ്പോലെ ഞാന്‍ നിന്നോട് അര്‍ഥിക്കുന്നു, നിരാലംബനായ ഒരു പാപിയെ പോലെ ഞാന്‍ നിന്നോട് തേടുന്നു, പീഡിതനായ ഒരു അടിമയെപ്പോലെ ഞാന്‍ നിന്നോട് കേഴുന്നു, നിനക്ക് മുന്നില്‍ തലകുനിച്ച് ഈ അടിമ. നിന്റെ മുന്നില്‍ ഈ അടിമ കണ്ണീര്‍ പൊഴിക്കുന്നു. നിന്നോടുള്ള അനുസരണയാല്‍ ഈ ശരീരം കുനിയുന്നു. ഹൃദയം തുറന്ന്, മണ്ണില്‍ തലവെച്ച് ഒരു അടിമ നിന്നോട് അപേക്ഷിക്കുന്നു. നാഥാ! എന്റെ പ്രാര്‍ഥന തള്ളരുതേ! എന്നോട് കരുണ കാണിക്കൂ! നീയോ, നല്‍കുന്നവരില്‍ ഏറ്റവും മികച്ചവന്‍, സഹായിക്കുന്നവരില്‍ ഏറ്റവും കുലീനന്‍!''

ഈ ലോകത്തിന്റെ നിസ്സാരതയും പരലോകത്തിന്റെ നിത്യതയും അവര്‍ ഖുര്‍ആനില്‍ വായിച്ചിട്ടുണ്ട്: ''ഇഹലോക ജീവിതം നേരംപോക്കും കളിയുമല്ലാതെ മറ്റൊന്നുമല്ല. പരലോകത്തെ ഭവനം, അതാണ് ജീവിതം.'' എന്നാല്‍ അതിന്റെ മൗലികമായ പ്രാധാന്യവും അതിന്റെ പ്രായോഗികമായ വ്യാഖ്യാനവും അവര്‍ മനസ്സിലാക്കിയത് പ്രവാചകജീവിതത്തില്‍നിന്നാണ്. ഭൗതികമായി ഏറ്റവും കുറഞ്ഞ സംവിധാനങ്ങള്‍ മാത്രം ഉപയോഗിച്ച് ക്ലേശകരമായ ജീവിതം മുന്നോട്ട് നയിക്കുന്നത് കണ്ടപ്പോഴാണ് മരണത്തിനുശേഷമുള്ള ഒരു ജീവിതമാണ് യഥാര്‍ഥത്തിലുള്ളത് എന്നതിന്റെ ശരിയായ രൂപം തെളിഞ്ഞുകിട്ടിയത്. ആ നയം അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിച്ചു: ''നാഥാ! ഭാവിയെ കുറിച്ച സന്തോഷമല്ലാതെ മറ്റൊരു സന്തോഷവുമില്ല.''

ഇത്രയും ചെറിയൊരു വാക്യത്തില്‍നിന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ കണ്ട അതിന്റെ പ്രായോഗിക രൂപത്തില്‍നിന്നും, സ്വര്‍ഗത്തിന്റെ അതിരില്ലാത്ത ആഹ്ലാദവും അവിടത്തെ പ്രശാന്തതയും നരകത്തിലെ അറ്റമില്ലാത്ത പീഡകളും അവര്‍ മനസ്സിലാക്കി. അതുവഴി ഒരേസമയം അവര്‍ ഭയവും പ്രതീക്ഷയുമുള്ളവരായി. ആത്യന്തികമായി എത്തിച്ചേരേണ്ട ഇടങ്ങളെ കുറിച്ച ചിന്ത അവരെ പ്രചോദിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തു.

അനുകമ്പ, വിനയം, സ്‌നേഹം, മാന്യത എന്നിങ്ങനെയുള്ള ധാര്‍മിക മൂല്യങ്ങളുടെ അര്‍ഥം അവര്‍ക്ക് സുപരിചിതമായിരുന്നു. എന്നാല്‍, ജീവിതത്തില്‍ അതിന്റെ ശരിയായ വ്യാപ്തിയും പ്രയോഗവും അവര്‍ മനസ്സിലാക്കിയത് സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ളവര്‍, സുഹൃത്തുക്കള്‍, അനുചരന്മാര്‍, കുടുംബാംഗങ്ങള്‍, വീട്ടിലെയും മറ്റും സഹായികള്‍ എന്നിവരോടുള്ള ദൈവദൂതന്റെ പെരുമാറ്റം കണ്ടപ്പോഴാണ്; അത്തരം വിഷയങ്ങളില്‍ തന്റെ അനുചരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പുകള്‍ കേട്ടപ്പോഴാണ്. 

മുസ്‌ലിം സമൂഹത്തിന് സാമാന്യമായി ലഭിക്കേണ്ട നീതിയെ സംബന്ധിച്ച് പ്രവാചകാനുചരന്മാര്‍ ഖുര്‍ആനില്‍ വായിച്ചിട്ടുണ്ട്. എന്നാല്‍,  രോഗിസന്ദര്‍ശനം, മരണാനന്തര ചടങ്ങുകളിലെ സാന്നിധ്യം, തുമ്മിയാല്‍ പോലും അയാളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രാര്‍ഥന തുടങ്ങിയവയിലൂടെ ഖുര്‍ആന്‍ അധ്യാപനത്തിന്റെ വിശാലമായ രൂപം അവര്‍ മനസ്സിലാക്കി. മാതാപിതാക്കളോടും മറ്റുള്ളവരോടുമുള്ള ബാധ്യതയെ പറ്റി ഖുര്‍ആന്‍ പറയുന്നു. എന്നാല്‍, അതിന്റെ ഏറ്റവും മൃദുവായ രൂപം ഹദീസിലുണ്ട്: ''മാതാപിതാക്കളോട് ഒരു മകന്‍ കാണിക്കുന്ന സ്‌നേഹത്തിന്റെയും കീഴ്‌വണക്കത്തിന്റെയും ഏറ്റവും ഉന്നതമായ നില, അവരുടെ മരണശേഷം അവരുടെ സുഹൃത്തുക്കളോട് അവന്‍ കരുണ കാണിക്കുകയും ഉദാരവും മാന്യവുമായ രീതിയില്‍ പെരുമാറുകയും ചെയ്യുക എന്നതാണ്.''

ഹദീസില്‍ പരാമര്‍ശിച്ച ഇത്രയും ഉയര്‍ന്ന തലത്തില്‍, എന്നാല്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമേ സാധ്യമാവുന്നുള്ളൂ.

പ്രവാചകന്റെ വീട്ടില്‍ ഒരു ആടിനെ അറുത്താല്‍, അദ്ദേഹം അതിനെ കഷ്ണങ്ങളാക്കി മരണപ്പെട്ട ഭാര്യ ഖദീജയുടെ സുഹൃത്തുക്കളായ സ്ത്രീകള്‍ക്ക് എത്തിക്കുമായിരുന്നു. ഹദീസുകളില്‍നിന്ന് ലഭിക്കുന്ന ഇത്തരം മാതൃകകളില്‍നിന്നും പ്രവൃത്തികളില്‍നിന്നും മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ എത്രയാണെന്നും അവ പ്രദാനം ചെയ്യുന്ന പുതിയ അവബോധം എത്രയാണെന്നും മാനവ സമൂഹത്തിന് വിലമതിക്കാനാവാത്ത മൂല്യശേഖരമാണ് അവ വഹിക്കുന്നതെന്നും മനസ്സിലാക്കാനാവും.

എന്നാല്‍, ഒരു നിയമം വെറുതെ ഉണ്ടാക്കിയതുകൊണ്ടുമാത്രം, ഒരു പ്രവൃത്തി അതിന്റെ ശരിയായ ചേതനയോടെയും ഉദ്ദേശ്യശുദ്ധിയോടെയും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മതങ്ങളുടെയും സമുദായങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. ഉദാഹരണത്തിന്, നമസ്‌കാരം നിലനിര്‍ത്തുക എന്ന ഒരു കല്‍പന വരുന്നു. അത് ശരിയായ രൂപത്തിലും ഭാവത്തിലും നടപ്പിലാക്കുന്നതിന് ആവശ്യമായ ആന്തരികാര്‍ഥങ്ങള്‍ ആ കല്‍പ്പന ഉള്‍ക്കൊള്ളുന്നില്ല. ഒരു കല്‍പനയിലൂടെ മാത്രം, നമസ്‌കാരം കൊണ്ട് ഉദ്ദേശിച്ച ധാര്‍മികവും ആത്മീയവുമായ ലക്ഷ്യങ്ങള്‍ നിറവേറ്റുക സാധ്യമല്ല. അതിന് ആ കര്‍മത്തിന്റെ ഊടും പാവും നിര്‍മിക്കുന്ന നിബന്ധനകളും നയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അനിവാര്യമാണ്. ശുചിത്വം, വുദൂ, ശരിയായ ബോധം, വിനയം തുടങ്ങി അതിന് ഖുര്‍ആന്‍ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. നമസ്‌കാരത്തിന് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ എത്രമാത്രം പാലിക്കുന്നുവോ അതിന്റെ തോതനുസരിച്ച് അത് ഫലം നല്‍കും.

മാനസികവിശുദ്ധിക്കും ധാര്‍മിക അവബോധത്തിനും ദൈവഭയത്തിനും എന്ന പോലെ സമുദായത്തിന്റെ പരിശീലനത്തിനും അവരിലെ അച്ചടക്കവും ഐക്യവും വളര്‍ത്തുന്നതിനും നമസ്‌കാരം ഏറ്റവും മികച്ച ഉപാധിയായതെങ്ങനെ എന്ന് ഹദീസ് പഠിതാക്കള്‍ക്ക് എളുപ്പം മനസ്സിലാവും. വുദൂ നല്‍കുന്ന വിശുദ്ധി, പള്ളിയിലേക്ക് പോകുന്നതിന്റെ പ്രാധാന്യം, പള്ളിയിലേക്ക് പോകുന്ന വഴിക്കുള്ള പ്രാര്‍ഥന, പള്ളിയില്‍ പ്രവേശിക്കുന്നതിന്റെ ശരിയായ രീതി, ദൈവസ്മരണയുടെ സൂത്രവാക്യം, പള്ളിയില്‍ നല്‍കുന്ന അഭിവാദ്യം, നമസ്‌കാരത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്, കൂടിച്ചേരുന്നതിനുള്ള പ്രതിഫലം, ബാങ്കിനുള്ള പ്രതിഫലം, ഇഖാമത്തിനുള്ള പ്രതിഫലം, ഇമാമിന്റെ ചുമതല, ഇമാമിനെ എവിടെയും പിന്തുടരേണ്ടതിന്റെ ആവശ്യകത, നമസ്‌കാരത്തിന് നില്‍ക്കുമ്പോള്‍ നിരകളുടെ സംവിധാനം, പടച്ചവന്റെ നാമങ്ങളും സ്തുതികളും ചൊല്ലുന്നതിനായി കൂടിയിരിക്കുന്നതിലുള്ള ശ്രേഷ്ഠത, പള്ളിയില്‍നിന്ന് പുറത്തുവരുന്നതിന്റെ രീതി, പ്രത്യേക പ്രാര്‍ഥനകള്‍..... ഇതിന്റെയെല്ലാം മൂല്യം നാം മനസ്സിലാക്കുന്നത് പ്രവാചകനില്‍നിന്നാണ്. അതോടൊപ്പം, നമസ്‌കാരത്തിന് പ്രവാചകന്‍ നിര്‍ദേശിച്ച ചിട്ടകള്‍, ഐഛിക പ്രാര്‍ഥനകള്‍ക്ക് അദ്ദേഹത്തിനുണ്ടായിരുന്ന താല്‍പര്യം, നമസ്‌കാരത്തിലെ ശ്രദ്ധയും ഏകാഗ്രതയും, ഖുര്‍ആന്‍ ഓതുമ്പോള്‍ അദ്ദേഹത്തില്‍ പ്രകടമാവുന്ന നൈര്‍മല്യം എന്നിവയും നാം വായിക്കുന്നു. ഇങ്ങനെ നോമ്പ്, സകാത്ത്, ഹജ്ജ് എന്നിങ്ങനെയുള്ള നിര്‍ബന്ധ കര്‍മങ്ങള്‍ പ്രവാചക സുന്നത്തില്‍നിന്ന് പാടേ വേര്‍പെടുത്തി മനസ്സിലാക്കി അനുഷ്ഠിച്ചാല്‍, ഏതുതരം ഫലമാണ് അതുണ്ടാക്കുക എന്ന് ആലോചിക്കാവുന്നതേയുള്ളൂ.

പ്രവാചകന്റെ ജീവിതവും അദ്ദേഹത്തിന്റെ വചനങ്ങളുമാണ് വിശ്വാസം തഴച്ചുവളരാനും ഫലങ്ങള്‍ നല്‍കാനും നിലമൊരുക്കുന്നത്. ആത്മാവില്ലാത്ത വിശ്വാസശാഠ്യമോ, കല്ലില്‍ കൊത്തിവെച്ച ധാര്‍മിക സംഹിതയോ അല്ല മതം. നിര്‍മലമായ വികാരങ്ങളും ഉറച്ച വസ്തുതകളും പ്രായോഗിക മാതൃകകളും ഇല്ലാതെ അതിന് അതിജീവനം സാധ്യമല്ല. പ്രവാചകന്റെ ജീവിതരേഖയിലാണ് അത്തരം വികാരങ്ങളും വസ്തുതകളും മാതൃകകളും ഏറ്റവും മികച്ച രീതിയില്‍ എഴുതപ്പെട്ടിട്ടുള്ളത്. ജൂതമതവും ക്രിസ്തുമതവും മറ്റു ഏഷ്യന്‍ വിശ്വാസ രീതികളും മുന്നോട്ടു നീങ്ങാനാവാതെ ദുര്‍ബലമായത്, അവരുടെ പ്രവാചകന്മാരുടെ ജീവിതത്തെ സംബന്ധിച്ച ആധികാരിക രേഖകള്‍ നഷ്ടപ്പെട്ടതുകൊണ്ടായിരുന്നു. അനുയായികളെ ധാര്‍മികമായും ആത്മീയമായും കരുത്തരാക്കി അതുവഴി ഭൗതികവാദത്തെയും നിരീശ്വരവാദത്തെയും ചെറുക്കാനും പ്രസ്തുത മതങ്ങള്‍ക്കായില്ല. തങ്ങളുടെ മതത്തിലെ സന്യാസിമാരുടെയും വിശുദ്ധരുടെയും ജീവിതരേഖകളിലെ അപൂര്‍ണവും അവ്യക്തവുമായ ഇടങ്ങളെ പിന്മുറക്കാര്‍ അവരുടേതായ കൂട്ടിച്ചേര്‍ക്കലുകളും ആചാരങ്ങളും യുക്തിരഹിതമായ ആഖ്യാനങ്ങളും കൊണ്ടണ്ട് നിറച്ചു. ഇത്തരം വിശ്വാസങ്ങളെയും സമുദായങ്ങളെയും, അവരിലെ വിശുദ്ധന്മാരെയും സംബന്ധിച്ച് എഴുതപ്പെട്ടതിനൊന്നും ആധികാരികത ഇല്ലെന്നത് ഒരു ചരിത്രവസ്തുതയാണ്; ഇന്ന് അതു സംബന്ധിച്ച ഏറെ പഠനങ്ങള്‍ ലഭ്യമാണ്. ഇസ്‌ലാമാണ് എന്നെന്നും നിലനില്‍ക്കുന്ന ദൈവിക ദര്‍ശനം എന്നതിന് തെളിവ്, മേല്‍പറഞ്ഞ തരത്തിലുള്ള ദുരന്തം അതിനെ ബാധിച്ചിട്ടില്ല എന്നതാണ്. പ്രവാചകന്റെ അനുചരന്മാര്‍ എത്ര വിശുദ്ധവും പവിത്രവുമായാണ് തങ്ങളുടെ ജീവിതം നയിച്ചിരുന്നത് എന്നതിന്റെ സുവ്യക്ത രേഖകള്‍ ഹദീസുകളില്‍ എക്കാലത്തേക്കുമായി  സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും ഏതു തലമുറയിലുള്ളവര്‍ക്കും തങ്ങളുടെ ചുറ്റുപാട് എന്തുതന്നെയായാലും തീരുമാനമെടുക്കുന്ന നിമിഷം മുതല്‍ പ്രവാചകന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും മാതൃകയില്‍ ജീവിക്കാന്‍ കഴിയുമാറ് എവിടെയും ആ രേഖകള്‍ ലഭ്യമാണ്. പ്രവാചകന്‍ നേരില്‍ വന്ന് തന്റെ അനുചരന്മാരോട് സംസാരിക്കുന്നതായും അനുചരന്മാര്‍ അദ്ദേഹത്തോട് സംസാരിക്കുന്നതായും അനുവാചകര്‍ക്ക് തോന്നുമാറ് സക്രിയമാണ് ആ രേഖകള്‍. അനുശാസനകള്‍ക്ക് അനുസൃതമായ കര്‍മങ്ങള്‍! കര്‍മങ്ങള്‍ക്ക് അനുസൃതമായ വികാരങ്ങള്‍! കര്‍മങ്ങള്‍ക്കും ധാര്‍മികതക്കും വിശ്വാസം ചോദനയാവുന്നത് എങ്ങനെയെന്നും, പരലോകം എങ്ങനെ ജീവിതത്തെ രൂപപ്പെടുത്തുന്നുവെന്നും നാമവിടെ കാണുന്നു. പ്രവാചകന്റെ കുടുംബജീവിതം, അദ്ദേഹം ജീവിച്ച വീട്, അദ്ദേഹം തന്റെ രാത്രികള്‍ കഴിച്ചുകൂട്ടിയ വിധം, തന്റെ വീട്ടുകാര്‍ക്കുണ്ടായിരുന്ന ഭൗതികസൗകര്യങ്ങള്‍ തുടങ്ങിയവ കണ്‍മുന്നിലെന്ന പോലെ തെളിയുന്ന ജാലകമാണത്. സുജൂദിലായിരിക്കുമ്പോള്‍ പ്രവാചകന്റെ മനോനില കാണാനും അദ്ദേഹത്തിന്റെ പ്രാര്‍ഥനകളുടെയും ദിക്‌റുകളുടെയും താളം കേള്‍ക്കാനും നമുക്ക് സാധിക്കും. കണ്ണീര്‍പൊഴിച്ച്, കാലുകളില്‍ നീരുവെച്ച്, 'നാഥാ! ഞാന്‍ നിന്നോട് ഏറ്റവും നന്ദികാണിക്കുന്നവനല്ലേ' എന്ന് കേഴുന്ന പ്രവാചകനെ കാണുന്ന ആര്‍ക്കാണ് അതെല്ലാം നിഷേധിക്കാനാവുക? ഈ ലോകത്തിന്റെ നശ്വരത ബോധ്യപ്പെടാന്‍ മറ്റെന്തു വേണം! രണ്ട് മാസം തുടര്‍ച്ചയായി പ്രവാചകന്റെ വീട്ടില്‍ അടുപ്പ് കത്തിച്ചിട്ടില്ലെന്നും, വിശപ്പിനെ പ്രതിരോധിക്കാന്‍ അദ്ദേഹം വയറ്റില്‍ കല്ല് കെട്ടിവെച്ചിരുന്നുവെന്നും, കിടന്ന പായയുടെ അടയാളം അദ്ദേഹത്തിന്റെ പുറത്ത് തെളിഞ്ഞിരുന്നുവെന്നും, വീട്ടില്‍ അവശേഷിച്ചിരുന്ന സ്വര്‍ണത്തിന്റേതായ ഒരു കൊളുത്ത് പോലും ദാനം ചെയ്യാന്‍ അദ്ദേഹം വ്യഗ്രത കാണിച്ചിരുന്നുവെന്നും, ജീവിതത്തിന്റെ അവസാനകാലത്ത് വീട്ടിലെ വിളക്ക് കത്തിക്കാന്‍ അയല്‍വാസിയോട് എണ്ണ കടം വാങ്ങിയിരുന്നുവെന്നും വായിക്കുന്ന ഒരാള്‍ക്ക് ഭൗതികവിരക്തിയുടെ പാത അസ്വീകാര്യമാവുന്നത് എങ്ങനെ? കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്ന പ്രവാചകന്‍, കുട്ടികളോട് അദ്ദേഹം കാണിക്കുന്ന സ്‌നേഹാതിരേകം, തന്റെ സേവകരോട് അദ്ദേഹം കാണിക്കുന്ന അനുകമ്പ, സഖാക്കളോട് കാണിക്കുന്ന ദയ, ശത്രുവിനോട് കാണിക്കുന്ന ക്ഷമ, കാരുണ്യം എന്നിവ അറിയുന്ന ഒരാള്‍, കുലീനതയുടെയും മാന്യതയുടെയും മറ്റു പാഠങ്ങള്‍ അന്വേഷിച്ചുപോകുന്നത് എങ്ങനെ?

പ്രവാചകജീവിതം മാത്രമല്ല, അദ്ദേഹത്തിന്റെ അനുചരന്മാരുടെ ജീവിതവും അത്രതന്നെ സുതാര്യമാണ്. അവരുടെ ജീവിതശൈലിയും വേപഥുകളും, രാത്രികളില്‍ അവര്‍ പടച്ചവനോട് നടത്തിയ അര്‍ഥനകള്‍, അങ്ങാടിയില്‍ സക്രിയരായി അവര്‍ ജോലി ചെയ്തവിധം, പള്ളികളില്‍ പ്രശാന്തതയോടെ ഭജനമിരുന്ന വിധം, അവരുടെ ഭക്തിയും കീഴ്‌വണക്കവും, ഭൗതികാസക്തികളെ അവര്‍ നേരിട്ടത്, പടച്ചവനോടുള്ള അങ്ങേയറ്റത്തെ സമര്‍പ്പണം, മാനുഷികമായ ദൗര്‍ബല്യങ്ങള്‍... എല്ലാം തെളിഞ്ഞു കിടക്കുന്നുണ്ട്. അബൂത്വല്‍ഹയുടെ ആത്മത്യാഗവും തബൂക്ക് യുദ്ധത്തില്‍ കഅ്ബു ബ്‌നു മാലികിന്റെ വിട്ടുനില്‍ക്കലുമെല്ലാം നാം കാണുന്നു. ജീവിതം അതിന്റെ യഥാര്‍ഥ നിറങ്ങളില്‍, അതിന്റെ യഥാര്‍ഥ സ്വാഭാവികതയില്‍ നാമവിടെ കാണുകയാണ്. പ്രവാചകജീവിതകാലത്തെ ഏറ്റവും സൂക്ഷ്മമായ അംശങ്ങള്‍ പോലും അതേപടി പകര്‍ത്തിയ ഹദീസുകളാണ് ഈ ജീവിത ചിത്രങ്ങളെ എക്കാലത്തേക്കുമായി നിലനിര്‍ത്താന്‍ സഹായിച്ചത്.

പ്രവാചക ജീവിതകാലം അതേപടി പകര്‍ത്തി സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്നത് മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അഭിമാനര്‍ഹമായ നേട്ടമാണ്. ഇതര മതങ്ങളും സമുദായങ്ങളുമായി ഇതിന് താരതമ്യമില്ല. എക്കാലവും പ്രസക്തമായിരിക്കേണ്ട ഒരു മതത്തിന്, കര്‍മങ്ങള്‍ക്ക് പ്രോത്സാഹനവും ഹൃദയത്തിനും മനസ്സിനും നവോന്മേഷവും പകരേണ്ട ഒരു വിശ്വാസത്തിന് അതിന് അനുയോജ്യമായ ഒരു അന്തരീക്ഷം കൂടാതെ വയ്യ. അത്തരമൊരു അന്തരീക്ഷം ലോകാവസാനം വരേക്കും ഹദീസുകളിലൂടെ സൂക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഹദീസ് ശേഖരണത്തിന്റെയും ക്രോഡീകരണത്തിന്റെയും ചരിത്രം മനസ്സിലാക്കിത്തരുന്നത് അത് ഒരു യാദൃഛിക സംഭവമല്ലെന്നാണ്. പ്രവാചകന്റെ ജീവിതകാലത്തുതന്നെ അനുയായികള്‍ അദ്ദേഹത്തിന്റെ വചനങ്ങള്‍ എഴുതിസൂക്ഷിച്ചിരുന്നു. ഏറെ ഭാഗങ്ങള്‍ അങ്ങനെ സംരക്ഷിക്കപ്പെട്ടതാണ്. പിന്നീട് തൊട്ടുപിന്നാലെ വന്ന തലമുറയുടേതായി, ഹദീസുകള്‍ ശേഖരിക്കുന്നതിന്റെയും ക്രോഡീകരിക്കുന്നതിന്റെയും ചുമതല. ഇറാന്‍, ഖുറാസാന്‍, തുര്‍ക്കിസ്താന്‍ തുടങ്ങിയ മേഖലകളില്‍ ഇതുസംബന്ധിച്ച് ആയിരക്കണക്കിനാളുകള്‍ പഠനം നടത്തിയിട്ടുണ്ടണ്ട്. അവരുടെ അസാമാന്യമായ ഓര്‍മ, സമര്‍പ്പണം, നിശ്ചയദാര്‍ഢ്യം, അസ്മാഉര്‍രിജാല്‍ (ഹദീസ് നിരൂപണ ശാസ്ത്രത്തിലെ ഒരു ശാഖ) ഉദയം ചെയ്തത്, ഹദീസ് നിവേദനശാസ്ത്രം, എല്ലാറ്റിലുമുപരി മുസ്‌ലിം സമുദായം ഈ വിഷയത്തില്‍ കാണിച്ച താല്‍പര്യവും അതിന് നല്‍കിയ സ്വീകാര്യതയും, ഇസ്‌ലാമിക ലോകത്ത് അതിന് നല്‍കിയ പ്രചാരണം -ഇങ്ങനെ ഒരുപാട് ഘടകങ്ങള്‍ ഖുര്‍ആനിന്റെയെന്നപോലെ ഹദീസുകളുടെയും സംരക്ഷണം അല്ലാഹുവിന്റെ തീരുമാനമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. സര്‍വജ്ഞനായ ദൈവമാണ് പ്രവാചക വചനങ്ങളും നടപടികളും ശേഖരിക്കപ്പെടണമെന്നും എക്കാലത്തേക്കുമായി സംരക്ഷിക്കപ്പെടണമെന്നും തീരുമാനിച്ചത്. അതുകൊണ്ടാണ് സര്‍വാംഗീകൃതമായ ഒരു മഹാജീവിതത്തിന്റെ തുടര്‍ച്ചയും, ആ പാത പിന്തുടര്‍ന്നവരുടെ ആത്മീയവും ബൗദ്ധികവുമായ പാരമ്പര്യവും ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും സമുദായത്തിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരുന്നത്. കേവല വിശ്വാസകല്‍പനകളുടെ അക്ഷരങ്ങള്‍ക്കും വചനങ്ങള്‍ക്കുമല്ല തുടര്‍ച്ചയുണ്ടായത്. ആ മഹദ്ജീവിതത്തിന്റെ വൈകാരികവും ചിന്താപരവുമായ മണ്ഡലം കൂടി തുടര്‍ന്നുള്ളവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. പ്രവാചക അനുചരന്മാരുടെ വികാരവും വിചാരവും അതേപടി ഒരു തലമുറയില്‍നിന്ന് അടുത്തതിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് ഹദീസിലൂടെയാണ്.

മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രത്തില്‍ ഈ ഗുണവിശേഷം ഒരിക്കലും കൈമോശം വന്നിട്ടില്ല. ഒരിക്കല്‍പോലും അത് പൂര്‍ണമായി ഇല്ലാതായില്ല. പ്രവാചകാനുചരന്മാരുടെ ജീവിതത്തിന് കിടപിടിക്കുന്ന ജീവിതം കാഴ്ചവെച്ച മനുഷ്യര്‍ എക്കാലത്തുമുണ്ടായി. പ്രവാചകാനുചരന്മാര്‍ ആരാധനയോട് കാണിച്ച അതേ തീവ്രത, സ്ഥിരത, വിനയം, ആത്മപരിശോധന, പരലോകത്തോട് കാണിച്ച താല്‍പര്യം, ഇഹലോകത്തോടുള്ള വിരക്തി, അനുവദനീയമായതിനോടുള്ള താല്‍പര്യം, നിരോധിക്കപ്പെട്ടതിനോടുള്ള അനിഷ്ടം, പുതുതായി കൂട്ടിച്ചേര്‍ക്കുന്നതിനോടുള്ള അതൃപ്തി, പ്രവാചകന്റെ ചര്യകളും ശീലങ്ങളും അതേപടി പിന്തുടരാന്‍ കാണിച്ച താല്‍പര്യം എന്നിവ പിന്നീടുള്ള തലമുറകളിലും പ്രകടമായത് ഹദീസുകളുടെ പഠനത്തിലൂടെയാണ്. ഹദീസുകളോട് മുസ്‌ലിം ഉമ്മത്ത് കാണിച്ച വൈകാരികവും ചിന്താപരവുമായ താല്‍പര്യം ഇസ്‌ലാമിന്റെ ഒന്നാം നൂറ്റാണ്ട് മുതല്‍ ഇന്നുവരെയും നിലനില്‍ക്കുകയാണ്. സുഫ്‌യാനുസ്സൗരി, അബ്ദുല്ലാഹിബ്‌നു മുബാറക്, ഇമാം അഹ്മദു ബ്‌നു ഹമ്പല്‍ മുതല്‍ മൗലാനാ ഫസ്‌ലുര്‍റഹ്മാന്‍ ഗഞ്ച് മുറാദാബാദി, മൗലാനാ റശീദ് അഹ്മദ് ഗംഗോഹി, മൗലാനാ സയ്യിദ് അബ്ദുല്ല ഗസ്‌നവി വരെ ആ പരമ്പര കണ്ണിമുറിയാതെ തുടരുകയാണ്. ഹദീസുകളുടെ നിസ്തുലശേഖരം നിലനില്‍ക്കുകയും അതിലെ പാഠങ്ങള്‍ അതേപടി പകര്‍ത്തപ്പെടുകയും ചെയ്യുന്ന കാലത്തോളം ഇഹലോകത്തിനുമേല്‍ പരലോകത്തിന് മുസ്‌ലിം ഉമ്മത്ത് നല്‍കുന്ന മുന്‍ഗണനയും പ്രാധാന്യവും നിലനില്‍ക്കും. അവര്‍ ആചാരത്തിനു പകരം പ്രവാചകജീവിതത്തെ പുല്‍കും. ഭൗതികവാദത്തിനു പകരം ആത്മീയതയെ പുണരും. എന്നാല്‍, മുസ്‌ലിം സമുദായം തീവ്രഭൗതികവാദത്തിന് കീഴടങ്ങുന്ന പക്ഷം, ഭൗതികതയിലും പരലോകനിരാസത്തിലും മുഴുകുന്ന പക്ഷം ഗതി മറ്റൊന്നാകും. അപ്പോഴൊക്കെയും മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം നവോത്ഥാന, പരിഷ്‌കരണ യത്‌നങ്ങളുമായി രംഗത്തുണ്ടാവും. അവര്‍ സുന്നത്തിന്റെയും ശരീഅത്തിന്റെയും സംരക്ഷണത്തിനും പ്രചാരണത്തിനുമായി പരിശ്രമിച്ചുകൊണ്ടേയിരിക്കും. 

സുന്നത്ത് എന്ന ഈ ജീവസ്സുറ്റ ജ്ഞാനസ്രോതസ്സില്‍നിന്ന് മുസ്‌ലിംകളെ അകറ്റാന്‍ ശ്രമിക്കുന്നവര്‍ സമുദായത്തോട് തങ്ങള്‍ ചെയ്യുന്ന ദ്രോഹം എത്രയാണെന്ന് അറിയുന്നില്ല. അവരുടെ നീക്കങ്ങള്‍ മുസ്‌ലിം ഉമ്മത്തിന്റെ വേരറുക്കാനേ സഹായിക്കൂ. ജൂത, ക്രൈസ്തവ മതങ്ങളുടെ ശത്രുക്കള്‍ ആ മതങ്ങള്‍ക്ക് ഏല്‍പിച്ച ആഘാതത്തിന് തുല്യമായിരിക്കും അത്. അവര്‍ അത് മനഃപൂര്‍വമാണ് ചെയ്യുന്നതെങ്കില്‍ അവരോളം പോന്ന ഇസ്‌ലാമിന്റെ ശത്രുക്കള്‍ മറ്റാരുമില്ല. കാരണം പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതം നിരന്തരം പുനരാനയിക്കുന്നതിനും അതിനെക്കുറിച്ച് ഉണര്‍ത്തുന്നതിനും ഹദീസ് പഠനം അല്ലാതെ മറ്റൊരു മാര്‍ഗമില്ല. ഇസ്‌ലാമിനോടുള്ള അവരുടെ ഇഷ്ടവും സമര്‍പ്പണവും താല്‍പര്യവും അനന്യമായിരുന്നു. ആ നില കൈവരിക്കാന്‍ രണ്ട് മാര്‍ഗമേയുള്ളൂ. പ്രവാചക സന്നിധിയില്‍ സഹവസിച്ചുകൊണ്ട് നേരിട്ട് നേടിയെടുക്കുക (അതിനി സാധ്യമല്ലല്ലോ) എന്നതാണ് ഒരു മാര്‍ഗം. പ്രവാചക കാലഘട്ടത്തിലെ ജ്വലിക്കുന്ന ജീവിത മാതൃകകളുമായി പരോക്ഷമായി സഹവസിക്കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (192 - 195)
എ.വൈ.ആര്‍

ഹദീസ്‌

സംസ്‌കരണത്തിന്റെ മൂലശിലകള്‍
കെ.സി ജലീല്‍ പുളിക്കല്‍