Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 18

3014

1438 ദുല്‍ഖഅദ് 25

സാമൂഹിക മാധ്യമങ്ങളിലെ അപകടകരമായ ഇടപെടലുകള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

ഇസ്‌ലാം നീതിക്കുവേണ്ടി നിലകൊള്ളുന്നു. നീതിയുടെ പക്ഷത്തു നില്‍ക്കുന്നവരെ പിന്തുണക്കുന്നു. അനീതിയെ വെറുക്കുന്നു. അതിന് അറുതി ഉണ്ടാകണമെന്നും ആവശ്യപ്പെടുന്നു. പ്രവാചകന്മാരെ നിയോഗിച്ചതും വേദം അവതരിപ്പിച്ചതും നീതി നിലനിര്‍ത്താനാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു(57:25).

വംശമോ വിശ്വാസമോ ജാതിയോ മതമോ ദേശമോ ഭാഷയോ കുലമോ ഗോത്രമോ നീതിക്കായി നിലകൊള്ളുന്നതിന് ഒരു നിലക്കും തടസ്സമാകാവതല്ല. അതിന് സാധ്യത ഏറെയുള്ളതിനാലാണ് ഖുര്‍ആന്‍ അത് ശക്തമായി വിലക്കിയത്. ബന്ധപ്പെട്ട കക്ഷിയോടുള്ള അടുപ്പവും അകല്‍ച്ചയും സൗഹൃദവും ശത്രുതയുമൊക്കെയാണല്ലോ നീതിനിര്‍വഹണത്തെ ബാധിക്കുക. ഖുര്‍ആന്‍ ഇതിനെയെല്ലാം കൈകാര്യം ചെയ്യുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല. ഇരു കൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യരുത്. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.'' (4:135)

മറ്റൊരു ആയത്ത്: ''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്കു സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക; ഉറപ്പായും നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു'' (5:8).

 

വംശീയതയുടെ സ്വാധീനം

ജാതീയത, വംശീയത, വര്‍ഗീയത, ദേശീയത, സാമുദായികത, ഗോത്രപരത പോലുള്ള പക്ഷപാതിത്വങ്ങളെല്ലാം മനുഷ്യനെ അതിവേഗം സ്വാധീനിക്കും. വിശ്വാസികളെപ്പോലും അത് അടിപ്പെടുത്തും.  അതോടൊപ്പം ഇത്തരം പക്ഷപാതിത്വങ്ങള്‍ക്ക് വിധേയരാവുന്നവര്‍ മറ്റെല്ലാം മറക്കും.

കോഴിക്കോട്ടുകാരും കാസര്‍കോട്ടുകാരും തമ്മില്‍ തിരുവനന്തപുരത്തുവെച്ച് ഫുട്‌ബോള്‍ മത്സരം നടക്കുകയാണെന്നു സങ്കല്‍പ്പിക്കുക. ഫുട്‌ബോളില്‍ താല്‍പര്യമുള്ളവര്‍ മാത്രമേ വളരെ പ്രയാസപ്പെട്ട് കളി കാണാന്‍ തിരുവനന്തപുരത്ത് പോവുകയുള്ളൂ. ഏത് നിലക്കുനോക്കിയാലും അവര്‍ നന്നായി കളിക്കുന്നവരെയാണ് പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത്. എന്നാല്‍ കളി ആരംഭിക്കുന്നതോടെ ഇതെല്ലാം മറക്കുന്നു. കോഴിക്കോട്ടുകാരൊക്കെ തങ്ങളുടെ നാട്ടുകാരെയും കാസര്‍കോട്ടുകാര്‍ തങ്ങളുടെ പ്രദേശത്തെ കളിക്കാരെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രണ്ടു രാജ്യങ്ങളിലെ കളിക്കാര്‍ തമ്മിലാണ് മത്സരമെങ്കില്‍ നന്നായി കളിക്കുന്നവരെയല്ല പിന്തുണക്കേണ്ടത്, സ്വന്തം നാട്ടുകാരെയാണെന്നത് ഇന്നത്തെ കാലത്ത് സങ്കുചിത ദേശീയത സൃഷ്ടിച്ചെടുത്ത അലിഖിത നിയമമാണ്. നന്നായി കളിക്കുന്ന മറുനാട്ടുകാരെ പിന്തുണക്കുന്നത് രാജ്യദ്രോഹ മുദ്ര കുത്താന്‍ മാത്രം ശക്തമാണ് ഇന്ന് ദേശീയ ഭ്രാന്ത്. രാഷ്ട്രങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ശരിയോ തെറ്റോ നീതിയോ അനീതിയോ നോക്കിയാകരുത് അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതുമെന്നും മറിച്ച് ദൈവത്തിന്റെ ഭൂമിയില്‍ മനുഷ്യന്‍ വരച്ച വരയായിരിക്കണം അതിന്റെ മാനദണ്ഡമെന്നും തീര്‍പ്പു കല്‍പ്പിക്കപ്പെട്ട കാലത്താണല്ലോ നാം ജീവിക്കുന്നത്.

പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമുണ്ടാകുന്നത് വ്യത്യസ്ത സമുദായക്കാര്‍ക്കിടയിലും വംശക്കാര്‍ക്കിടയിലും ഗോത്രക്കാര്‍ക്കിടയിലുമാകുമ്പോള്‍ ഏറെപ്പേരും സത്യവും നീതിയും ന്യായവും ധര്‍മവും മറക്കുന്നു. പക്ഷപാതിത്വം പതിന്മടങ്ങ് വര്‍ധിക്കുന്നു.

കടുത്ത വംശീയത നിലനിന്നിരുന്ന കാലത്താണ് മൂസാ നബി നിയോഗിതനായത്. ഖിബ്ത്വികള്‍ ഇസ്രാഈല്യരെ അടിമകളാക്കുക മാത്രമല്ല; അവരില്‍ പിറന്നു വീഴുന്ന ആണ്‍കുട്ടികളെ കൊല്ലുക കൂടി ചെയ്തിരുന്നു. വംശീയ ഉന്മൂലനത്തിന്റെ ഈ ഇരുണ്ട കാലത്താണ് മൂസാ നബി തന്റെ വംശക്കാരനായ ഇസ്രാഈല്യനും ശത്രുവംശക്കാരനായ കോപ്റ്റും തമ്മില്‍ ശണ്ഠ കൂടുന്നത് കാണുന്നത്. അപ്പോള്‍ ഇസ്രാഈല്യന്‍ അദ്ദേഹത്തോട് സഹായമര്‍ഥിച്ചു. അന്ന് മൂസാ, പ്രവാചകനായിരുന്നില്ല. ആരുടെ ഭാഗത്താണ് ശരിയും നീതിയും ന്യായവുമെന്ന് അന്വേഷിക്കുകയോ തനിക്ക് നിയമം കൈയിലെടുക്കാന്‍ അവകാശമുണ്ടോ എന്ന് ആലോചിക്കുകയോ ചെയ്യാതെ സ്വന്തം വംശക്കാരനെ സഹായിക്കാനെത്തുകയും ഖിബ്ത്വിയെ ഇടിക്കുകയും ചെയ്തു. അതോടെ അയാളുടെ കഥ കഴിഞ്ഞു. സാമുദായികമായോ വംശീയമായോ ചിന്തിക്കുന്നവര്‍ക്ക് ഇതിലൊരു തെറ്റും കാണാനാവില്ല. മൂസാ നബിയുടെ കൃത്യത്തെ കുറ്റപ്പെടുത്താനുമാകില്ല. തങ്ങളുടെ വംശത്തിലെ ഒട്ടേറെ കുട്ടികളെ കൊന്നൊടുക്കുന്ന വംശീയ ഭ്രാന്തന്മാരായ അക്രമികളുടെ സംഘത്തിലെ ഒരാളുടെ കഥ കഴിക്കാന്‍ സാധിച്ചത് മികച്ച നേട്ടമായും വലിയ ആശ്വാസമായുമാണ് അനുഭവപ്പെടുക. എന്നാല്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ പ്രവാചകത്വ ലബ്ധിക്കു മുമ്പ് മൂസാ നബിയില്‍നിന്ന് സംഭവിച്ച ഗുരുതരമായ തെറ്റും കുറ്റവുമായിരുന്നു ഇത്. ഈ തെറ്റ് മൂസാ നബി തന്നെ തുറന്നുസമ്മതിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നുണ്ട്.

''മൂസാ പറഞ്ഞു: അന്ന് ഞാനത് അറിവില്ലായ്മയാല്‍ ചെയ്തതായിരുന്നു'' (26:20)

''മൂസാ പറഞ്ഞു: ഇത് പിശാചിന്റെ ചെയ്തിയില്‍ പെട്ടതാണ്. സംശയമില്ല; അവന്‍ പ്രത്യക്ഷ ശത്രുവാണ്. വഴിപിഴപ്പിക്കുന്നവനും'' (28:15).

''അദ്ദേഹം പറഞ്ഞു: 'എന്റെ നാഥാ, തീര്‍ച്ചയായും ഞാന്‍ എന്നോടു തന്നെ അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ നീയെനിക്ക് പൊറുത്തുതരേണമേ.' അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുത്തു'' (28:16).

 

നീതിയുടെ ഗുണഭോക്താക്കള്‍

ഇന്നോളമുള്ള മനുഷ്യചരിത്രത്തില്‍ പ്രവാചകന്മാരെ കഴിച്ചാല്‍ ഏറ്റം ശ്രദ്ധേയനായ ഭരണാധികാരി ഖലീഫ ഉമറുല്‍ ഫാറൂഖാണ്. ഭരണത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം അസാമാന്യനാണെങ്കിലും ഏറെ പ്രശസ്തവും പ്രശംസ നേടിയതും നീതിനിര്‍വഹണ രംഗത്താണ്. അതോടൊപ്പം അദ്ദേഹത്തിന്റെ നീതിനടത്തിപ്പിന്റെ ഏറ്റം വലിയ ഗുണഭോക്താവായി ശ്രദ്ധ പിടിച്ചുപറ്റിയതും ചരിത്രത്തില്‍ ഇടം നേടിയതും ഒരു കോപ്റ്റ് ക്രിസ്ത്യാനിയാണ്.

ഈജിപ്തിലെ ഗവര്‍ണറായിരുന്ന അംറുബ്‌നുല്‍ ആസ്വിന്റെ മകന്‍ മുഹമ്മദും കോപ്റ്റ് വംശജനായ ഒരു ക്രിസ്ത്യാനിയും ഓട്ടപ്പന്തയത്തിലേര്‍പ്പെട്ടു. മുഹമ്മദ് അതില്‍ പരാജയപ്പെട്ടു. കോപാകുലനായ അയാള്‍ ക്രിസ്ത്യാനിയെ അടിച്ചുപരിക്കേല്‍പ്പിച്ചു. അദ്ദേഹം ഇതേക്കുറിച്ച് ഖലീഫയോടു പരാതി പറഞ്ഞു. ഉടനെ ഉമറുല്‍ ഫാറൂഖ് അംറിനെയും മകനെയും മദീനയിലേക്ക് വിളിപ്പിച്ചു. തുടര്‍ന്നുണ്ടായ സംഭവം അനസുബ്‌നു മാലിക് വിശദീകരിക്കുന്നു: 'ഞങ്ങള്‍ ഉമറിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അംറുബ്‌നുല്‍ ആസ്വ് വന്നു. ഉമര്‍ അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദിനെ അന്വേഷിച്ചു തിരിഞ്ഞുനോക്കി. അയാള്‍ പിതാവിന്റെ പിന്നിലുണ്ടായിരുന്നു. ഉടനെ അദ്ദേഹം ചോദിച്ചു: 'എവിടെ ആ ഈജിപ്തുകാരന്‍?' 'അമീറുല്‍ മുഅ്മിനീന്‍; ഞാനിതാ' എന്നും പറഞ്ഞ് ആ കോപ്റ്റ് ക്രിസ്ത്യാനി മുന്നോട്ടുവന്നു. ഉമര്‍ പറഞ്ഞു: 'ആ ചാട്ടവാറെടുക്കൂ. അതുകൊണ്ട് ആ മാന്യന്റെ മകനെ അടിക്കൂ.'

അങ്ങനെ ക്ഷീണിതനാകുന്നതുവരെ അയാള്‍ മുഹമ്മദിനെ അടിച്ചു. പിന്നീട് ഉമര്‍ പറഞ്ഞു: 'ഇനി അംറിന്റെ തലക്കും അടിക്കുക. അല്ലാഹുവാണ! അയാളുടെ അധികാരത്തിന്റെ പദവി കൊണ്ടു മാത്രമാണ് മകന്‍ താങ്കളെ അടിച്ചത്.'

'അമീറുല്‍ മുഅ്മിനീന്‍, ഞാന്‍ മതിയാക്കിയിരിക്കുന്നു. എന്നെ അടിച്ചവനെ ഞാനും അടിച്ചിരിക്കുന്നു.' അയാള്‍ പറഞ്ഞു.

'അല്ലാഹുവാണ! താങ്കള്‍ അദ്ദേഹത്തെ അടിച്ചിരുന്നെങ്കില്‍ സ്വയം മതിയാക്കുന്നതുവരെ ഞാന്‍ ഇടപെടുമായിരുന്നില്ല.' ഉമര്‍ പറഞ്ഞു.

പിന്നീട് അംറിന്റെ നേരെ തിരിഞ്ഞ് ഖലീഫാ ഉമര്‍ ചോദിച്ചു: 'താങ്കള്‍ എപ്പോഴാണ് ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്? അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായാണല്ലോ പ്രസവിച്ചത്!'

പ്രമുഖ സ്വഹാബിയുടെ മകനാണെന്നതോ ഗവര്‍ണറുടെ പുത്രനാണെന്നതോ മുസ്‌ലിമാണെന്നതോ മുഹമ്മദിനെതിരെ നടപടി സ്വീകരിച്ച് കോപ്റ്റ് ക്രിസ്ത്യാനിക്ക് നീതി നേടിക്കൊടുക്കുന്നതില്‍ ഒട്ടും തടസ്സം സൃഷ്ടിച്ചില്ല.

ഇസ്‌ലാമിലെ ആദ്യത്തെ നവോത്ഥാന നായകനും അഞ്ചാം ഖലീഫയുമായി അറിയപ്പെടുന്ന ഉമറുബ്‌നു അബ്ദില്‍ അസീസ് ക്രൈസ്തവ സമൂഹത്തിന്റെ നീതിക്കായി നിര്‍വഹച്ച ദൗത്യം മഹത്തരമത്രെ.

ദമസ്‌കസ് ചര്‍ച്ച് ഉപയോഗിച്ചിരുന്നവരില്‍ ഒരു വിഭാഗം ഇസ്‌ലാം സ്വീകരിച്ചു. അതോടെ അവര്‍ തങ്ങളുപയോഗിച്ചിരുന്ന ചര്‍ച്ചിന്റെ പാതി പള്ളിയാക്കി പരിവര്‍ത്തിപ്പിച്ചു. തദ്ഫലമായി പ്രസ്തുത ആരാധനാലയത്തിന്റെ പകുതി മുസ്‌ലിംകളും പകുതി ക്രിസ്ത്യാനികളുമാണ് ഉപയോഗിച്ചിരുന്നത്. ഉമവീ ഭരണാധികാരി വലീദുബ്‌നു അബ്ദില്‍ മലിക് അധികാരമേല്‍ക്കുന്നതുവരെ ഈ നില തുടര്‍ന്നു.

മദീനയിലെയും ഫലസ്ത്വീനിലെയും പള്ളികള്‍ പുതുക്കിപ്പണിത വലീദ് ദമസ്‌കസ് പള്ളിയും പുനര്‍നിര്‍മിക്കാന്‍ തീരൂമാനിച്ചു. അവിടത്തെ ക്രൈസ്തവ സഹോദരന്മാരുടെ സമ്മതത്തോടെ അവരുടെ വശമുണ്ടായിരുന്ന പാതി കൂടി പള്ളിയോടു ചേര്‍ക്കുകയും പകരം മര്‍യം ചര്‍ച്ച് പുനരുദ്ധരിക്കുകയും ചെയ്തു (ഇബ്‌നുല്‍ അസീര്‍: ഭാഗം:5 പേജ്:4).

വലീദ് വളരെ വിപുലമാംവിധമാണ് പള്ളിയുടെ പുനര്‍നിര്‍മാണം ആരംഭിച്ചത്. അത് പൂര്‍ത്തിയാകാന്‍ ഇരുപത് വര്‍ഷത്തിലധികം വേണ്ടിവന്നു. പന്തീരായിരം ജോലിക്കാര്‍ അതിന്റെ നിര്‍മാണത്തില്‍ പങ്കുവഹിച്ചു. റോമില്‍നിന്നു പോലും വിദഗ്ധരെ ഇറക്കുമതി ചെയ്തു. അതിന്മേല്‍ അതിമനോഹരമായ കുംഭഗോപുരം നിര്‍മിച്ച് അതിന്റെ അറ്റത്ത് സ്വര്‍ണം ഘടിപ്പിച്ചു. അകത്ത് മാര്‍ബിള്‍ പതിച്ചു. ചുമരുകള്‍ അത്യാകര്‍ഷകമായ കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ചു. ഇതിന്റെ നിര്‍മാണത്തിനായി വലീദ് ഒരു കോടി അറുപത് ലക്ഷം ദീനാര്‍ ചെലവഴിച്ചു. എന്നിട്ടും ജോലി പൂര്‍ത്തിയായില്ല. പിന്നീട് സഹോദരന്‍ സുലൈമാന്റെ കാലത്താണ് അതിന്റെ നിര്‍മാണം പൂര്‍ണമായത് (അല്‍ഖലീഫതുസ്സാഹിദ് പുറം:189).

ഉമറുബ്‌നു അബ്ദില്‍ അസീസ് അധികാരമേറ്റതോടെ അദ്ദേഹത്തിന്റെ നീതിനിഷ്ഠയില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്ന ക്രൈസ്തവ സമൂഹം അദ്ദേഹത്തെ സമീപിച്ച് ചര്‍ച്ച് പുനര്‍നിര്‍മിച്ചു നല്‍കണമെന്നാവശ്യപ്പെട്ടു. വലീദിന്റെ കാലത്ത് നിര്‍ബന്ധിതരായാണ് തങ്ങളത് വിട്ടുകൊടുത്തതെന്ന് വാദിക്കുകയും ചെയ്തു. പരമഭക്തനായ ഉമര്‍ രണ്ടാമന്‍ പള്ളി പൊളിച്ച് ചര്‍ച്ച് പുനര്‍നിര്‍മിക്കാന്‍ ഉത്തരവ് നല്‍കി. മുസ്‌ലിംകള്‍ ഈ തീരുമാനത്തില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ആവുന്നതൊക്കെ ചെയ്തു. പക്ഷേ അദ്ദേഹം വഴങ്ങിയില്ല. അവസാനം മുസ്‌ലിംകള്‍ ക്രിസ്ത്യാനികളുമായി സന്ധിയിലേര്‍പ്പെട്ട് ഇരുവിഭാഗവും കൂട്ടായി ആവശ്യപ്പെട്ടപ്പോള്‍ മാത്രമേ ഉമറുബ്‌നു അബ്ദില്‍ അസീസ് അതിനു വഴങ്ങിയുള്ളൂ. (ഖുലഫാഉര്‍റസൂല്‍ പുറം: 768, 769. അല്‍ഖലീഫതുസ്സാഹിദ്: 187, 190).

എത്രയൊക്കെ സാമ്പത്തിക നഷ്ടവും പ്രയാസവുമുണ്ടായാലും ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന ഇസ്‌ലാമിന്റെ കണിശതയാണിത് വ്യക്തമാക്കുന്നത്. ഒപ്പം നീതിക്ക് ജാതി, മത, സമുദായ ഭേദമുണ്ടാകരുതെന്നും.

നാലാം ഖലീഫ ഹസ്രത്ത് അലിക്കെതിരെ ജൂതനനുകൂലമായി ന്യായാധിപന്‍ ശുറൈഹ് നല്‍കിയ വിധി മോഷ്ടാവായ ആ ജൂതന്റെ ഇസ്‌ലാം സ്വീകരണത്തിന് വഴിയൊരുക്കിയ സംഭവം സുവിദിതമാണ്.

അക്രമിയായ മുസ്‌ലിം ഭരണാധികാരിയേക്കാള്‍ നീതിമാനായ അമുസ്‌ലിം ഭരണാധികാരിയാണ് ഇസ്‌ലാമിക സമൂഹത്തിന്ന് സ്വീകാര്യനെന്ന പണ്ഡിതമതവും ഏറെ ശ്രദ്ധേയമത്രെ.

 

നീതിയുടെ പക്ഷം ചേരുന്നവര്‍

ജാതി, മത, വര്‍ഗ, വംശ, ദേശ ഭേദമന്യേ നീതിയെ സ്‌നേഹിക്കുകയും അക്രമത്തെയും അനീതിയെയും വെറുക്കുകയും ചെയ്യുന്നവര്‍ ഏത് സമൂഹത്തിലുമുണ്ടാകും. അവരുടെ സാന്നിധ്യമാണ് പലപ്പോഴും അക്രമങ്ങള്‍ക്കും കൊടുംക്രൂരതകള്‍ക്കും അറുതിയോ കുറവോ വരുത്താറുള്ളത്. മക്കയിലെ ഏറെ പ്രതികൂലമായ സാഹചര്യത്തില്‍ പ്രവാചകന്റെ രക്ഷക്കെത്തിയെ സമൂഹത്തില്‍ ഏറെ ശക്തിയും സ്വാധീനവും അംഗീകാരവുമുണ്ടായിരുന്ന രണ്ടു പേരും അമുസ്‌ലിംകളാണ്. അക്രമത്തെയും അനീതിയെയും ശക്തമായി എതിര്‍ത്ത അവരാണ് നബിതിരുമേനിയെ ശത്രുക്കളില്‍നിന്ന് സംരക്ഷിച്ചത്. അബൂത്വാലിബും മുത്വ്ഇമുബ്‌നു അദിയ്യുമായിരുന്നു അവര്‍. അബൂത്വാലിബ് പ്രവാചകന്റെ പിതൃവ്യനായിരുന്നുവെങ്കില്‍, മുത്വ്ഇം അവിടത്തെ അറിയപ്പെടുന്ന ഗോത്രത്തലവനും പ്രബലനുമായിരുന്നു.

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം പ്രിയപത്‌നി ഖദീജാ ബീവി പരലോകം പ്രാപിച്ചു. അതേവര്‍ഷം തന്നെ അബൂത്വാലിബും അന്തരിച്ചു. നബിതിരുമേനിക്ക് മക്കയില്‍ ജീവിതം അസാധ്യമായതിനാല്‍ ത്വാഇഫില്‍ അഭയം തേടിയെങ്കിലും അവരത് നിരസിക്കുകയാണുണ്ടായത്. ഈ നിസ്സഹായാവസ്ഥയിലാണ് നബി തിരുമേനി മക്കയിലെ ഗോത്രത്തലവന്മാരോട് സഹായമര്‍ഥിച്ചത്. ഒന്നാമത്തെയാളും രണ്ടാമത്തെയാളും പ്രവാചകന്റെ അഭ്യര്‍ഥന നിരസിച്ചു. മൂന്നാമത്തെയാള്‍ അതംഗീകരിച്ചു. അങ്ങനെയാണ് മുത്വ്ഇം നബിതിരുമേനിയുടെ സംരക്ഷണം ഏറ്റെടുത്തത്. മക്കയിലെ അവസാനത്തെ മൂന്നുവര്‍ഷം പ്രവാചകന് മക്കയില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തിയത് കടുത്ത ബഹുദൈവവിശ്വാസിയായ മുത്വ്ഇമാണ്. ഹിജ്‌റക്ക് പശ്ചാത്തലമൊരുക്കിയ അഖബ ഉടമ്പടിയില്‍ പ്രവാചകന്‍ തനിക്കുവേണ്ടി സംസാരിക്കാന്‍ കൂടെക്കൂട്ടിയത് അന്ന് മുസ്‌ലിമല്ലാതിരുന്ന അബ്ബാസു ബ്‌നു അബ്ദില്‍ മുത്തലിബിനെയാണ്.

ഇന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്കിരയാവുകയും നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്ന മുസ്‌ലിംകള്‍ക്കുവേണ്ടി ശക്തമായി നിലകൊള്ളുന്ന നിരവധി പ്രഗത്ഭരായ മതനിരപേക്ഷ മനുഷ്യസ്‌നേഹികളുണ്ട്. യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യത്ത് മുസ്‌ലിം സമുദായത്തിന് നീതി ലഭ്യമാക്കാന്‍ അവരുടെ നേതാക്കളേക്കാള്‍ ശക്തമായി നിലകൊള്ളുന്നതും കരുത്തോടെ വാദിക്കുന്നതും ഏറെ ത്യാഗം സഹിച്ച് പൊരുതുന്നതും വളരെ പ്രമുഖരും പ്രശസ്തരും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളില്‍ സ്വാധീനമുള്ളവരുമായ അമുസ്‌ലിം നേതാക്കളാണ്. മുസ്‌ലിം നേതാക്കളേക്കാള്‍ രാജ്യത്ത് സ്വാധീനം ചെലുത്താനും നീതി ലഭ്യമാക്കാനും സാധ്യമാവുന്നതും അവര്‍ക്കായിരിക്കും. അതോടൊപ്പം അവരെപ്പോലെ പ്രശ്‌നങ്ങളില്‍ ഇടപെടാനോ അഭിപ്രായം പറയാനോ സമരം നയിക്കാനോ നിലവിലുള്ള രാജ്യത്തെ സാഹചര്യത്തില്‍ മുസ്‌ലിം നേതാക്കള്‍ക്കു സാധ്യമല്ല. കശ്മീരികളെക്കുറിച്ചും പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ചുമൊക്കെ അരുന്ധതി റോയിയെപ്പോലുള്ളവര്‍ പറയുന്നതു പോലെ ഏതെങ്കിലും മുസ്‌ലിം നേതാവ് സംസാരിച്ചാല്‍ അയാളുടെ ഇടം എവിടെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ന്യൂനപക്ഷങ്ങളുടെ നീതിക്കായുള്ള പോരാട്ടത്തില്‍ ഉന്നതപദവികള്‍ വലിച്ചെറിയുകയും പ്രശസ്തി പട്ടം തട്ടിത്തെറിപ്പിക്കുകയും ചെയ്ത ഏതാനും മതനിരപേക്ഷ മാനവികതയുടെ ശക്തരായ വക്താക്കളുള്ള നാടാണ് നമ്മുടേത്. അവരുടെയൊക്കെ സഹായത്തോടെ മാത്രമേ ഇന്ത്യയില്‍ ഫാഷിസത്തിന്റെ ക്രൂരമായ കൈയേറ്റങ്ങളെ ഇത്തിരിയെങ്കിലും പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ. പ്രവാചക മാതൃകയും അതുതന്നെ.

 

തെറ്റായ ഇടപെടലുകള്‍

പ്രവാചകന്റെ കൂടെ ശക്തമായി നിലകൊണ്ട അബൂത്വാലിബും മുത്വ്ഇമും ബഹുദൈവ വിശ്വാസികളായിരുന്നു. അവരില്‍ അടുത്ത ബന്ധുവല്ലാത്ത മുത്വ്ഇമിനോട് നബിതിരുമേനി അങ്ങേയറ്റത്തെ വിട്ടുവീഴ്ചയും ഉദാരതയും സഹിഷ്ണുതയും സഹാനുഭൂതിയുമാണ് പുലര്‍ത്തിയത്. അദ്ദേഹം മദീനയിലെ നവജാത ഇസ്‌ലാമിക സമൂഹത്തിനും രാഷ്ട്രത്തിനുമെതിരെ ശത്രുക്കള്‍ നടത്തിയ ബദ്ര്‍ യുദ്ധത്തില്‍ പങ്കാളിയായി. വിവരമറിഞ്ഞ പ്രവാചകന്‍ യുദ്ധരംഗത്ത് മുത്വ്ഇമിനെ കണ്ടാല്‍ വധിക്കരുതെന്ന് നിര്‍ദേശിച്ചു. സ്വഹാബികള്‍ പ്രവാചകന്‍ അഭയം നല്‍കിയ വിവരം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മുത്വ്ഇം ആ അഭയം സ്വീകരിച്ചില്ല. യുദ്ധരംഗത്ത് തുടരുകയും അവസാനം വധിക്കപ്പെടുകയും ചെയ്തു. പ്രസ്തുത യുദ്ധത്തില്‍ പിടികൂടപ്പെട്ട തടവുകാരുടെ കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''അദിയ്യിന്റെ മകന്‍ മുത്വ്ഇം ജീവിച്ചിരിക്കുകയും എന്നിട്ട് അദ്ദേഹം ഈ തടവുകാരുടെ കാര്യത്തില്‍ ഔദാര്യം കാണിക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ച് ഞാന്‍ ഇവരെയൊക്കെ നിരുപാധികം വിട്ടയക്കുമായിരുന്നു.''

അപ്പോള്‍ പ്രവാചകനുവേണ്ടി കവിത രചിക്കുകയും ചൊല്ലുകയും ചെയ്തിരുന്ന ഹസ്സാനുബ്‌നു സാബിത് മുത്വ്ഇമിനു വേണ്ടി അനുശോചന കാവ്യം ചൊല്ലാന്‍ നബിതിരുമേനിയോട് അനുവാദം ചോദിച്ചു. പ്രവാചകന്‍ അതിനനുമതി നല്‍കി. അങ്ങനെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ബദ്‌റില്‍ യുദ്ധം ചെയ്ത ബഹുദൈവ വിശ്വാസിയായി വധിക്കപ്പെട്ട മുത്വ്ഇമിനു വേണ്ടി പ്രവാചകാനുചരനും കവിയുമായ ഹസ്സാനുബ്‌നു സാബിത് അനുശോചന കാവ്യം ചൊല്ലിയതായി ചരിത്രം രേഖപ്പെടുത്തുന്നു.

നമ്മുടെ നാട്ടില്‍ മതന്യൂനപക്ഷങ്ങളുടെ നീതിക്കായി വര്‍ഗീയ ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരില്‍ ദൈവനിഷേധികളുണ്ട്, മതവിരുദ്ധരുണ്ട്, ലൈംഗികാരാജകത്വ വാദികളുണ്ട്; മദ്യപാനികളുണ്ട്, പ്രകൃതിസംരക്ഷണവാദികളുണ്ട്, തികഞ്ഞ വികസനവാദികളുണ്ട്; ശരീഅത്ത് വിരുദ്ധരുണ്ട്; മുത്ത്വലാഖിനെ എതിര്‍ക്കുന്നവരും ബഹുഭാര്യത്വത്തോട് വിയോജിക്കുന്നവരുമുണ്ട്. അവരിലെ ചരിത്രകാരന്മാരിലും വ്യത്യസ്ത വീക്ഷണക്കാരുണ്ട്. എന്നാല്‍ ഏതാണ്ട് എല്ലാവരും സയ്യിദ് മൗദൂദി പറഞ്ഞ പൊതുമാനവിക മൂല്യങ്ങളില്‍ യോജിക്കുന്നവരാണ്. നന്നെച്ചുരുങ്ങിയത് വര്‍ഗീയ ഫാഷിസത്തിന്റെ ഹിന്ദുത്വ അജണ്ടയെയും അതിന്റെ പേരിലുള്ള അതിക്രമങ്ങളെയും മുസ്‌ലിം-ദലിത് വേട്ടകളെയും എതിര്‍ക്കുന്ന മാനവികവാദികളാണ്. മറ്റു വിഷയങ്ങളിലെല്ലാം വ്യത്യസ്തവും വിരുദ്ധവുമായ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന അവരത് പ്രകടിപ്പിക്കാതിരിക്കില്ല. നിര്‍ഭാഗ്യവശാല്‍ സാമൂഹിക മാധ്യമങ്ങളില്‍ വികാരജീവികളുടെ പ്രശംസയില്‍ അഭിരമിക്കുന്ന ചില മുസ്‌ലിം സഹോദരന്മാര്‍ അത്തരം അഭിപ്രായ പ്രകടനങ്ങളോടു പുലര്‍ത്തുന്ന അസഹിഷ്ണുത അത്യന്തം അപകടകരവും നീതീകരിക്കാനാവാത്തതുമാണ്. എതിരഭിപ്രായമുള്ള വിഷയങ്ങളില്‍ ബന്ധപ്പെട്ട വ്യക്തികളോട് മാന്യമായി വിയോജിക്കാം. ചിലപ്പോള്‍ മൗനം പാലിക്കേണ്ടിയും വരും. എന്നാല്‍ മതനിരപേക്ഷ മാനവിക മേഖലകളിലുള്ളവര്‍ തങ്ങള്‍ക്ക് യോജിക്കാനാവാത്ത എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്യുമ്പോഴേക്കും അവരെ ശത്രുപാളയത്തിലേക്ക് തള്ളിവിടുകയും ഒട്ടും മാന്യമല്ലാത്ത ഭാഷയിലും രൂക്ഷമായ ശൈലിയിലും ഹിംസാത്മകമായും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് സമൂഹത്തോടും സമുദായത്തോടും നാടിനോടും സര്‍വോപരി ഇസ്‌ലാമിനോടും ചെയ്യുന്ന കടുത്ത ദ്രോഹമായിരിക്കും. അനീതിക്കും അക്രമത്തിനുമെതിരെ നിലകൊള്ളുന്ന മിത്രങ്ങളുടെ എണ്ണം കൂട്ടുകയും അക്രമത്തിനും അനീതിക്കും കൂട്ടുനില്‍ക്കുന്ന ശത്രുക്കളുടെ എണ്ണം കുറക്കുകയും ചെയ്യേണ്ട ഒരു കാലത്ത് മറിച്ചുള്ള ഏതു സമീപനവും ഇടപെടലും അക്ഷന്തവ്യമായ അപരാധം തന്നെ. ഇസ്‌ലാമിക സമീപനത്തോട് ഒട്ടും പൊരുത്തപ്പെടാത്തതും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (192 - 195)
എ.വൈ.ആര്‍

ഹദീസ്‌

സംസ്‌കരണത്തിന്റെ മൂലശിലകള്‍
കെ.സി ജലീല്‍ പുളിക്കല്‍