Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 18

3014

1438 ദുല്‍ഖഅദ് 25

ഒരു വിവാഹമോചിതയുടെ വിജയഗാഥ

ഡോ. ജാസിമുല്‍ മുത്വവ്വ

അവര്‍ തന്റെ സങ്കടങ്ങള്‍ നിരത്തി: 'എന്റെ ഭര്‍ത്താവ് എന്റെ ജീവിതം തകര്‍ത്തു. ജോലിയില്‍നിന്ന് പുറത്താക്കി. എന്നെ വഴിയാധാരമാക്കുകയും തുടര്‍ന്ന് വിവാഹമോചനം നടത്തുകയും ചെയ്തു. ഇന്ന് ഞാന്‍ ഒറ്റക്കാണ്, ഒരു വരുമാനവുമില്ലാതെ വിഷമത്തിലാണ്.'

ഞാന്‍ അവരോട് പറഞ്ഞു: 'ആശയ വിനിമയ മാധ്യമങ്ങളുടെയും സാങ്കേതിക വിദ്യയുടെയും വികാസത്തോടെ ലോകമിന്ന് വളരെയേറെ മാറിയിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസിലോ സ്വകാര്യ സ്ഥാപനത്തിലോ ഒരു മേശയും കസേരയും കിട്ടുന്ന മുറക്ക് ലഭിക്കുന്ന വരുമാനത്തില്‍ പരിമിതമല്ല ഇന്നത്തെ സാമ്പത്തിക വരുമാന സ്രോതസ്സുകള്‍. മുമ്പ് അങ്ങനെയൊക്കെയായിരുന്നു എന്നത് ശരിതന്നെ. പക്ഷേ കാലം മാറി. കഥ മാറി.'

അവര്‍ എന്റെ സംസാരത്തില്‍ ഇടപെട്ടു: 'ഞാനിപ്പോള്‍ എന്താ ചെയ്യുക? എനിക്ക് ജീവിക്കാന്‍ പണം വേണം. വേറെയും നിരവധി ആവശ്യങ്ങളുണ്ട്. ഒരുപാട് ബാധ്യതകളുള്ള ആളാണ് ഞാന്‍.' ഞാന്‍: 'നിങ്ങള്‍ക്ക് സ്വന്തമായി ഒരു വരുമാനം വേണമെങ്കില്‍ ഇക്കാലത്ത് ഒന്നാമതായി വേണ്ടത് ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും നന്നായി ഉപയോഗിക്കാന്‍ പഠിക്കുകയാണ്. അതില്‍ പ്രാവീണ്യം നേടണം. ഇവ ഉപയോഗപ്പെടുത്തി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന സേവനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. നിങ്ങളുടെ സിദ്ധിയും സാധ്യതകളും നിങ്ങളുടെ വിശദീകരണത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെടട്ടെ.' അവര്‍: 'എന്നു വെച്ചാല്‍?'

ഞാന്‍: 'ഒന്നാമതായി, നിങ്ങളെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാക്കുന്ന സവിശേഷ സിദ്ധി തിരിച്ചറിയുക. വിശദീകരിക്കാം. എഴുത്ത്, സംഭാഷണം, ആവിഷ്‌കാര ചാതുരി, ബഹുഭാഷാ പരിജ്ഞാനം, ഖുര്‍ആന്‍ മനഃപാഠം, ഖുര്‍ആന്‍ വ്യാഖ്യാന സിദ്ധി, അധ്യാപന പരിചയം, ആതുരശുശ്രൂഷ, നഴ്‌സിംഗ്, ചിത്രംവര, കളറിംഗ്, ഡിസൈനിംഗ്, ടൈലറിംഗ്, പാചകത്തില്‍ നൈപുണ്യം, മധുരപലഹാര പാചകം തുടങ്ങി എന്തിലാണ് നിങ്ങള്‍ക്ക് ഏറെ കഴിവെന്ന് തിരിച്ചറിയുക.'

അവര്‍: 'എന്റെ ഹോബി എന്തെന്നു വെച്ചാല്‍, പക്ഷികളെയും മൃഗങ്ങളെയും എനിക്ക് ഏറെ ഇഷ്ടമാണ്.'

ഞാന്‍: 'എങ്കില്‍ നമുക്ക് ഇവിടെനിന്ന് തുടങ്ങാം.'

മൃഗങ്ങളെ വളര്‍ത്തുന്നതിലും അവയെ പരിപാലിക്കുന്നതിലും തന്റെ അറിവ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഞാന്‍ അവര്‍ക്ക് വിവരിച്ചുകൊടുത്തു. മൃഗസംരക്ഷണ വിഷയത്തില്‍ ഉപദേശം നല്‍കുന്ന ഒരു അക്കൗണ്ട് ഇന്റര്‍നെറ്റില്‍ ആരംഭിക്കാനും ഞാന്‍ അവരെ ഉപദേശിച്ചു. അവര്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. അക്കൗണ്ട് തുറന്നു. വലിയ സ്വീകാര്യതയാണ് അതിന് കിട്ടിയത്. അവര്‍ ആ രംഗത്ത് വിജയിച്ചു. നന്നായി സമ്പാദിച്ചു. സമ്പാദ്യം കുമിഞ്ഞുകൂടി എന്നു തന്നെ പറയാം. ആ സംരംഭം വളര്‍ന്നു വികസിച്ചു. മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന കട തുറന്നു. ഉദ്യോഗസ്ഥയായിരുന്നപ്പോള്‍ അവര്‍ക്കുണ്ടായിരുന്ന വരുമാനത്തിന്റെ ഇരട്ടിക്കിരട്ടിയായി അവരുടെ വരുമാനം വര്‍ധിച്ചു.

എനിക്ക് ഈ രംഗത്ത് ഇതുപോലെ നിരവധി അനുഭവങ്ങളുണ്ട് എടുത്തുപറയാന്‍. ഭര്‍ത്താവിന്റെ മരണത്തോടെയോ വിവാഹമോചനത്തോടെയോ കുടുംബം അനാഥമായിത്തീര്‍ന്ന നിരവധി ഭാര്യമാരുടെയും ജീവിതപങ്കാളിയെ നഷ്ടപ്പെട്ടതു മൂലം ഏകാന്തത അനുഭവിക്കുന്ന അനേകം ഭര്‍ത്താക്കന്മാരുടെയും വിജയത്തിന്റെ കഥകള്‍ എനിക്ക് നേരിട്ടറിയാം. ഇന്റര്‍നെറ്റ്-സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അവര്‍ സംരംഭങ്ങള്‍ തുടങ്ങിയതിന്റെയും മികച്ച സാമ്പത്തിക ഭദ്രത കൈവരിച്ചതിന്റെയും ആവേശദായകമായ അനുഭവങ്ങള്‍. ഒരു വിചിത്ര അനുഭവം നിങ്ങളുമായി പങ്കിടാം. പൂച്ചകളെ അങ്ങേയറ്റം ഇഷ്ടപ്പെട്ട യുവാവ്. ചീപ്പുകൊണ്ട് അതിന്റെ രോമം വാര്‍ന്നു കൊടുക്കും, നഖം മുറിച്ചുകൊടുക്കും, സോപ്പുപയോഗിച്ച് അതിനെ കുളിപ്പിക്കും, സുഗന്ധലേപനം പുരട്ടിക്കൊടുക്കും, അയാളുടെ ആ ഹോബി വളര്‍ന്നു വലുതായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇന്‍സ്റ്റഗ്രാമില്‍ അയാള്‍ അക്കൗണ്ട് തുറന്നു. വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്ന നിരവധിയാളുകള്‍ ഇയാളെ ബന്ധപ്പെടാന്‍ തുടങ്ങി. അവര്‍ക്കും തങ്ങളുടെ പൂച്ചകളെ ഈ വിധം പരിചരിച്ചുകൊടുക്കണം. അയാള്‍ തന്റെ പ്രവൃത്തി എളിയ നിലയില്‍ തുടങ്ങി. അത് വളര്‍ന്ന് വലുതായി. പൂച്ചകളെ കഴുകുകയും വൃത്തിയാക്കുകയും ചെയ്യുന്ന ഉപകരണങ്ങള്‍ സജ്ജമാക്കി. ഒരു വാഹനം വാങ്ങി അയാള്‍ പൂച്ചകള്‍ക്കുള്ള 'മൊബൈല്‍ സലൂണ്‍' ആയി അയാള്‍ ആ വാഹനം ഡിസൈന്‍ ചെയ്ത് പുറത്തിറക്കി. ഈ പരിപാടി അയാള്‍ക്ക് വമ്പിച്ച വരുമാനം നേടിക്കൊടുത്തു.

അറബി ഭാഷാ പരിജ്ഞാനമുളള യുവാവ്. ഇതര ഭാഷക്കാര്‍ക്ക് അറബി ഭാഷ പഠിപ്പിച്ച് അയാള്‍ നല്ല വരുമാനമുണ്ടാക്കി. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഒരു സ്ത്രീ. ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഖുര്‍ആന്‍ പഠനത്തിനും മനഃപാഠത്തിനും അവര്‍ 'ഡിസ്റ്റന്റ് എജുക്കേഷന്‍ പ്രോഗ്രാം' നടപ്പാക്കി. ഒരു വയോധിക. പ്രായമേറെച്ചെന്ന അവര്‍ക്ക് റിസര്‍ച്ചിലും ഗവേഷണ പ്രവര്‍ത്തനങ്ങളിലും പഠനങ്ങളിലും നല്ല അനുഭവ പരിജ്ഞാനമുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങളും റിസര്‍ച്ചും നടത്താന്‍ തന്റെ പരിചയം അവര്‍ ഉപയോഗപ്പെടുത്തി. വീട്ടില്‍നിന്ന് പുറത്തു പോകാതെത്തന്നെ അവര്‍ നല്ല സാമ്പത്തിക നേട്ടമുണ്ടാക്കി.

നമ്മിലാര്‍ക്കെങ്കിലും രോഗം, വിവാഹമോചനം, കച്ചവടനഷ്ടം തുടങ്ങി എന്തെങ്കിലും അനിഷ്ടകരമായ അനുഭവങ്ങളുണ്ടായാല്‍, 'ഇത് ലോകത്തിന്റെ അവസാനമാണ്' എന്ന വിചാരത്തോടെ അവയെ നോക്കിക്കാണരുത്. കഴിഞ്ഞകാലത്തെ നഷ്ടമോര്‍ത്ത് ഖിന്നനും ദുഃഖിതനുമായി സ്തംഭിച്ചുനില്‍ക്കരുത്. അയാള്‍ വേണ്ടത് തന്റെ കഴിവുകള്‍ കണ്ടെത്തുകയും തന്റെ നൈപുണി വളര്‍ത്തുകയും തന്റെ അനുഭവസമ്പത്ത് മൂലധനമായി നിക്ഷേപിച്ച് പുതിയ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുകയുമാണ്. അയാള്‍ പുതുതായി ജീവിതത്തിലേക്ക് കാലെടുത്തു വെക്കണം. തന്റെ ജീവിതത്തിലെ നന്മ എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ഒരാള്‍ക്കും അറിയണമെന്നില്ല.

ഒരാള്‍ തന്റെ കഴിവുകള്‍ ക്രിയാത്മകമായി ഉപയോഗിച്ചാല്‍ അയാള്‍ സന്തോഷവാനായിത്തീരും. ഈ ലോകത്ത് താന്‍ ഒറ്റക്കാണെങ്കിലും തനിക്ക് വിലയും നിലപാടുമുണ്ടെന്ന ചിന്ത അയാളെ ആഹ്ലാദിപ്പിക്കും. നിരവധി കഴിവുകളുമായും വൈവിധ്യമേറിയ വാസനാ വിശേഷങ്ങളുമായാണ് ഓരോ വ്യക്തിയെയും അല്ലാഹു ഈ ലോകത്തേക്ക് അയച്ചിട്ടുള്ളത്. അവ കണ്ടെത്തി ഫലപ്രദമായി ഉപയോഗിക്കുന്നതിലാണ് കഴിവ് പ്രകടിപ്പിക്കേണ്ടത്. നൂതന ചിന്തകളും പുതിയ സ്വപ്‌നങ്ങളും വേണം. സ്വപ്‌നങ്ങള്‍ക്ക് ചിറക് വേണം. നിരാശക്ക് അടിപ്പെടുകയോ, മറ്റുള്ളവരുടെ വര്‍ത്തമാനം കേട്ട് ആശ മുറിയുകയോ, നിരാശരായി കഴിയുന്നവരുടെ ആശയറ്റ നെടുവീര്‍പ്പുകള്‍ക്ക് കാതോര്‍ക്കുകയോ ചെയ്യരുത് എന്നതാണ് പ്രധാനം. ഉത്സാഹപൂര്‍വം കര്‍മനിരതനാവുക. പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുക, അനുഭവ സമ്പത്തുണ്ടാക്കുക, ഒന്നില്‍ പരാജയപ്പെട്ടാല്‍ പുതിയ അനുഭവ പ്രപഞ്ചത്തിലേക്ക് കടക്കുക, അതു പരാജയപ്പെട്ടാല്‍ മൂന്നാമത് ശ്രമിക്കുക. വിജയിക്കുന്നതുവരെ നിരന്തര ശ്രമം ജീവിതമന്ത്രമാക്കുക. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (192 - 195)
എ.വൈ.ആര്‍

ഹദീസ്‌

സംസ്‌കരണത്തിന്റെ മൂലശിലകള്‍
കെ.സി ജലീല്‍ പുളിക്കല്‍