Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 25

3015

1438 ദുല്‍ഹജ്ജ് 03

ഫലസ്ത്വീനും ഡി-കൊളോണിയല്‍ പഠനങ്ങളും

അപകോളനിവല്‍ക്കരണം അഥവാ കൊളോണിയല്‍ അധീശത്വങ്ങളില്‍നിന്ന് രാജ്യത്തെയും ജനതയെയും മോചിപ്പിക്കല്‍ എപ്പോഴും ഹിംസാത്മകമായിത്തീരും എന്ന വാക്യത്തോടെയാണ് മൈക്കല്‍ ഫാനന്റെ 'ഭൂമിയിലെ അധഃകൃതര്‍' എന്ന കൃതി ആരംഭിക്കുന്നത്. കാരണം അത് ഏറ്റവും പിന്നില്‍ നില്‍ക്കുന്നവനെ ഏറ്റവും മുന്നില്‍ എത്തിക്കുന്ന പ്രവര്‍ത്തനമാണ്. പലതരം വഞ്ചനകളിലൂടെ നൂറ്റാണ്ടുകളായി മുന്നില്‍ തന്നെ സ്ഥാനമുറപ്പിക്കുന്നവര്‍ ഒരിക്കലും വഴിമാറിത്തരില്ല. അവരെ പിടിച്ചുമാറ്റേണ്ടിവരും. അവരുടെ ചെറുത്തുനില്‍പ്പ് രക്തച്ചൊരിച്ചിലില്‍ കലാശിക്കും. ഫാനന്റെ ഹിംസാത്മകത എന്ന ആശയത്തോട് വിയോജിക്കുന്നവരും, അദ്ദേഹം മുന്നോട്ടു വെക്കുന്ന ഡി-കൊളോണിയല്‍ പരികല്‍പ്പനയെ പലനിലയില്‍ സ്വാംശീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിനെതിരെ അള്‍ജീരിയന്‍ വിമോചനസമരം നടക്കുന്ന സന്ദര്‍ഭത്തിലാണ് ഫാനന്റെ കൃതി രചിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. കോളനിവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് വെള്ള വംശീയതയില്‍ വേരുറപ്പിച്ച കൊളോണിയല്‍ ഭരണസംവിധാനം എപ്രകാരമാണ് പെരുമാറിയിരുന്നതെന്ന് അതില്‍ വായിക്കാം.

മനുഷ്യര്‍ കൊളോണിയല്‍ ഭരണസംവിധാനത്തില്‍ രണ്ട് വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരുന്നു. യൂറോപ്യന്മാരായ വെള്ളക്കാരും ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലെ അടിമകളാക്കപ്പെട്ട 'തദ്ദേശീയരും' (Natives). എല്ലാ സദ്ഗുണങ്ങളുടെയും മൂല്യങ്ങളുടെയും കുത്തക യൂറോപ്യന്മാര്‍ക്ക് പതിച്ചുനല്‍കപ്പെട്ടപ്പോള്‍, ജന്മനാ തന്നെ ഒട്ടേറെ കുറവുകളുള്ള അര്‍ധമനുഷ്യരും പ്രാകൃതരുമായാണ് തദ്ദേശീയര്‍ ചിത്രീകരിക്കപ്പെട്ടത്. അതിനൊക്കെ അന്ന് 'ശാസ്ത്രീയ വിശകലനങ്ങള്‍' നല്‍കപ്പെടുകയും ചെയ്തിരുന്നു. അത്തരം പ്രാകൃതരും സംസ്‌കാരരഹിതരും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല. സ്വാതന്ത്ര്യം ചോദിച്ചാല്‍ അവരെ കൊന്നൊടുക്കാം. അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമരകാലത്ത് ഫ്രാന്‍സ് ഏഴു വര്‍ഷത്തിനകം അവിടെ കൊന്നൊടുക്കിയത് പതിനഞ്ച് ലക്ഷം മനുഷ്യരെയാണ്. നാഗരികതയുടെ സംരക്ഷണത്തിന് ഈ പ്രാകൃതവര്‍ഗങ്ങളെ കൊന്നൊടുക്കിയാല്‍ അതില്‍ അധിക്ഷേപകരമായി ഒന്നുമില്ല എന്ന് ന്യായീകരിച്ചിട്ടുണ്ട്; കാള്‍ മാര്‍ക്‌സ് വരെ. അത്രക്ക് സ്വാധീനമുണ്ടായിരുന്നു കൊളോണിയല്‍ അധീശശക്തികളുടെ അവതരണങ്ങള്‍ക്ക്.

ഇന്ന് പ്രത്യക്ഷ കോളനിവല്‍ക്കരണം ഏറക്കുറെ അവസാനിച്ചിരിക്കുന്നുവെന്നു പറയാം; പക്ഷേ, അതിന്റെ പരോക്ഷ രൂപങ്ങള്‍ മുമ്പത്തെപോലെ ശക്തമായി തന്നെ നിലനില്‍ക്കുകയാണ്. യൂറോപ്പിന്റെ കൊളോണിയല്‍ മനോഘടനക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് അവിടങ്ങളിലെ വംശവെറിയന്‍ രാഷ്ട്രീയത്തിന്റെ തിരിച്ചുവരവ് സാക്ഷ്യപ്പെടുത്തുന്നു. ആഗോളരാഷ്ട്രീയത്തില്‍ ഈ വംശവെറിയന്‍ മനോഘടന ഏറ്റവും പ്രത്യക്ഷമായി കാണാനാവുക ഫലസ്ത്വീന്‍ പ്രശ്‌നത്തിലാണ്. ഫാനന്‍ ചൂണ്ടിക്കാട്ടിയ ഫ്രഞ്ച് കൊളോണിയലിസത്തിന്റെ എല്ലാ ആസുരഭാവങ്ങളും സയണിസ്റ്റുകളുടെ നവകൊളോണിയലിസത്തില്‍ നാം കാണുന്നു. അള്‍ജീരിയയില്‍ ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയവര്‍ പ്രാകൃതരും അതിനാല്‍തന്നെ ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമായി ചിത്രീകരിക്കപ്പെട്ടപ്പോള്‍, ജന്മഭൂമിയില്‍നിന്ന് അടിച്ചിറക്കപ്പെട്ട ഫലസ്ത്വീനികള്‍ക്ക് ഭീകരമുദ്രയാണ് ചാര്‍ത്തിനല്‍കിയിരിക്കുന്നത്. അധിനിവേശകരായ സയണിസ്റ്റുകള്‍ ഈ 'ഭീകരന്മാരു'ടെ കേവലം 'ഇരകള്‍' മാത്രം! ചരിത്രസത്യങ്ങളെ മറച്ചുവെച്ചും വികലപ്പെടുത്തിയും സംഭവയാഥാര്‍ഥ്യങ്ങളെ തലകീഴായി വ്യാഖ്യാനിച്ചുമൊക്കെയാണ് ഇത്തരം നവകൊളോണിയല്‍ ആഖ്യാനങ്ങള്‍ നിര്‍മിച്ചെടുക്കുന്നത്. അവയെ പൊളിച്ചടുക്കുന്ന ഡി-കൊളോണിയല്‍ പഠനങ്ങള്‍ ഇപ്പോള്‍ ധാരാളമായി ഉണ്ടാകുന്നു എന്നതാണ് ഇതിന്റെ ക്രിയാത്മക വശം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (196 - 207)
എ.വൈ.ആര്‍

ഹദീസ്‌

മരണം ആഗ്രഹിക്കരുത്
കെ.പി ബശീര്‍ ഈരാറ്റുപേട്ട