Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 25

3015

1438 ദുല്‍ഹജ്ജ് 03

ആ സമീകരണം ശരിയല്ല

ഖാലിദ് മോഴിക്കല്‍, പൂക്കോട്ടൂര്‍

ഒരു ഭാഗത്ത് നവോത്ഥാന മൂല്യങ്ങളെ അഭിവാദ്യം ചെയ്തും മറുഭാഗത്ത് സവര്‍ണതയുടെ പുനരുത്ഥാന മൂല്യങ്ങളെ പ്രണമിച്ചും വഴുക്കല്‍ ജീവിതം നയിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പെരുകിക്കൊണ്ടിരിക്കുകയാണെന്ന സമദ് കുന്നക്കാവിന്റെ നിരീക്ഷണം('കേരളീയ പൊതുമണ്ഡലവും മുസ്‌ലിം മൂലധന ഭീതിയും', ലക്കം 10) പ്രസക്തമാണ്.

കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ 'സംഘടിത ശക്തി' ചൂണ്ടിയാണ് ബി.ജെ.പിയും സമാന സംഘടനകളും സ്വന്തം അസ്തിത്വം ന്യായീകരിക്കാറുള്ളത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്നത് ന്യൂനപക്ഷങ്ങളാണെന്ന പ്രചാരണം നിഷ്പക്ഷ മതികളെപ്പോലും സ്വാധീനിക്കുകയുണ്ടായി. ഇതര മതവിഭാഗങ്ങള്‍ക്കെതിരെ വിഷംവമിക്കുന്ന പ്രസ്താവനകള്‍ നടത്തിയോ, ഭൂരിപക്ഷ സമുദായത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയോ അല്ല ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവയുടെ ചവിട്ടുനിലങ്ങള്‍ ഭദ്രമാക്കിയത് എന്ന വസ്തുത സംഘ്പരിവാര്‍ ബോധപൂര്‍വം മറച്ചുവെക്കുന്നു. തീര്‍ത്തും ഭരണഘടനാനുസൃതമായും സമാധാനപരമായും ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ അങ്ങേയറ്റം മാനിച്ചുമാണ് ന്യൂനപക്ഷ രാഷ്ട്രീയ സംഘടനകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

ഇന്ത്യപോലുള്ള ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷങ്ങള്‍ പ്രത്യേകം സംഘടിക്കുന്നതിലെ പ്രശ്‌നങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഐക്യകേരളപ്പിറവി തൊട്ടേ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘടനയാണ് മുസ്‌ലിംലീഗ്. തെരഞ്ഞെടുപ്പുകാലത്ത് യാഥാസ്ഥിതിക മുസ്‌ലിം വിഭാഗങ്ങളുടെ വോട്ടുനേടാന്‍ അവരുടെ മതവികാരങ്ങളെ ചൂഷണം ചെയ്യുംവിധം ചില പൊടിക്കൈകളൊക്കെ നടത്താറുണ്ടെന്നതൊഴിച്ചാല്‍ പരമതവിദ്വേഷം വളര്‍ത്തി ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാവാറില്ല. രാഷ്ട്രീയ ഹിന്ദുത്വം വിദ്വേഷത്തിന്റെ വിഷബീജങ്ങള്‍ വിതച്ച് പ്രകോപനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നടപ്പുകാലത്തുപോലും അവര്‍ക്ക് സമാന്തരമാവാന്‍ ലീഗോ, ഇതര മുസ്‌ലിം സംഘടനകളോ മുതിരുന്നില്ല.

ന്യൂനപക്ഷ വര്‍ഗീയതയെയും(അങ്ങനെയൊന്നുണ്ടെങ്കില്‍) ഭൂരിപക്ഷ വര്‍ഗീയതയെയും സമീകരിക്കുന്നതില്‍ അപകടം പതിയിരിക്കുന്നുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയില്‍നിന്നുടലെടുക്കുന്ന തീവ്രവാദമെന്ന പ്രതിഭാസത്തെ ചെറുക്കാന്‍ രാജ്യത്ത് ബഹുവിധ സംവിധാനങ്ങളുണ്ട്. എന്നാല്‍ രാജ്യസ്‌നേഹത്തിന്റെ മറവില്‍ ഭൂരിപക്ഷ വര്‍ഗീയത ഫാഷിസമായി വളര്‍ന്നു മുറ്റുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ രാജ്യത്തുള്ള സംവിധാനങ്ങള്‍ ദുര്‍ബലമാണ്. എന്നല്ല, നിയമനിര്‍മാണസഭകളും ജുഡീഷ്യറിയും ക്രമസമാധാനപാലന സംവിധാനങ്ങളുമെല്ലാം ഇവര്‍ക്കനുസരിച്ച് തുള്ളുകയുമാണ്. ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകളെയും പുരോഗമന ചിന്താഗതിക്കാരെയുമെല്ലാം ഉന്മൂലനം ചെയ്യുന്ന ഭൂരിപക്ഷ വര്‍ഗീയതയെയും, ഭരണകൂടത്തിന്റെ അതിക്രമങ്ങളുടെയും നീതിനിഷേധത്തിന്റെയും ഫലമായി മുസ്‌ലിംകളിലെ ഒരു സൂക്ഷ്മ ന്യൂനപക്ഷത്തിന്റെ വ്യതിചലനത്തിന്റെ ഫലമായി ഉടലെടുത്ത ന്യൂനപക്ഷ വര്‍ഗീയതയെയും സമീകരിക്കുന്നത് എന്‍ഡോസള്‍ഫാനും പുകയില കഷായവും ഒരുപോലെയാണെന്ന് പറയുന്നതിനു തുല്യമാണ്.

 

വേണം ഒരു കാമ്പയിന്‍, അന്ധവിശാസ വ്യാപാരത്തിനെതിരില്‍

എ.ആറിന്റെ 'വികസിക്കുന്ന ഘനാന്ധകാരം', ഇ.എന്‍ ഇബ്‌റാഹീമിന്റെ 'മനുഷ്യര്‍ക്കാകില്ല മരിച്ചവരെ ജീവിപ്പിക്കാന്‍', ഇല്‍യാസ് മൗലവിയുടെ 'ജിന്നും മനുഷ്യനും: ബാധയും പേടിയും', ടി.ഇ.എം റാഫിയുടെ 'പുരോഹിതമതത്തിലെ അന്ധവിശ്വാസ വ്യാപാരങ്ങള്‍' എന്നീ ലേഖനങ്ങള്‍ പ്രൗഡഗംഭീരവും കാലികപ്രസക്തവുമായി.

ഇന്ന് കേരളീയ സമൂഹത്തില്‍ പകര്‍ച്ചവ്യാധി പോലെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് അന്ധവിശ്വാസാനാചാരങ്ങള്‍. പുരോഹിതന്മാരും പണ്ഡിത വേഷധാരികളും അതിന് ഇസ്‌ലാമിക മാനങ്ങളും ന്യായീകരണങ്ങളും നല്‍കിക്കൊണ്ടാണ് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്നത്. ഒരു കാലത്ത് അന്ധവിശ്വാസാനാചാരങ്ങള്‍ക്കെതിരില്‍ വീറോടെ പൊരുതിയിരുന്ന മുസ്‌ലിംകളിലെ ഉല്‍പതിഷ്ണു വിഭാഗങ്ങളിലൊന്ന് ജിന്ന് -ശൈത്വാന്മാരുടെ സേവകരായി മാറിയതും അന്ധവിശ്വാസ വ്യാപാരികള്‍ക്ക് നല്ലൊരു മുതല്‍ക്കൂട്ടായിട്ടുണ്ടണ്ട്.

ഇസ്‌ലാമിക പ്രസ്ഥാനം ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതുണ്ട്. മുസ്‌ലിം സമൂഹത്തെ അന്ധകാരത്തില്‍ തളച്ചിടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഈ ദുശ്ശക്തികള്‍ക്കെതിരില്‍ ജിഹാദ് പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതിനെതിരില്‍ ഫലപ്രദമായ ഒരു കാമ്പയിന്‍ പ്രഖ്യാപിക്കുകയും വേ ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്. 

ശറഫുദ്ദീന്‍ അബ്ദുല്ല

 

 

 

ദൈവരാജ്യത്തെക്കുറിച്ചു തന്നെ

'നിന്റെ രാജ്യം വരേണമേ' എന്ന വിഷയം ആസ്പദമാക്കി ഡോ. ഇ.എം സക്കീര്‍ ഹുസൈന്‍ രചിച്ച് ഡയലോഗ് സെന്റര്‍ പുറത്തിറക്കിയ പുസ്തകം സംബന്ധിച്ച് വഹീദ ജാസ്മിന്‍ എഴുതിയ കുറിപ്പ് (2017 ജുലൈ 21) വായിച്ചു. എല്ലാ സെമിറ്റിക് വേദഗ്രന്ഥങ്ങളെയും ആദരിക്കുന്ന വ്യക്തിയെന്ന നിലയില്‍ ചില കാര്യങ്ങള്‍ കുറിക്കണമെന്നു തോന്നി.

മൂസാ പ്രവാചകനോടൊപ്പം വാഗ്ദത്ത ഭൂമിയിലേക്ക് പോകാതെ സ്വന്തം താല്‍പര്യങ്ങളുമായി തൗറാത്തിനെ തിരസ്‌കരിച്ച് പുറംതിരിഞ്ഞുനിന്ന സമൂഹമായിരുന്നു ജൂതന്മാര്‍. മോശെ പ്രവാചകനു ലഭിച്ച (അവതരിപ്പിച്ച) ദിവ്യഗ്രന്ഥം കടലാസു തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും മറ്റു പലതും ഒളിച്ചുവെക്കുകയും ചെയ്തതിന്റെ ഫലമായി 'യഹോവ' സ്വന്തം മക്കളെ പോലെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് കൂടുതല്‍ സ്‌നേഹത്തോടെ, പ്രതീക്ഷയോടെ സംരക്ഷിച്ച് ദൈവരാജ്യത്തിനുവേണ്ടി സജ്ജമാക്കിയ വിഭാഗം ഒടുവില്‍ ശാപഗ്രസ്തരായിത്തീര്‍ന്ന സംഭവം ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട് (അല്‍അന്‍ആം: 5,6).

വേദഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങളെ സഫലമാക്കാനും ഏകദൈവത്തിന് യഥാവിധി കീഴ്‌പ്പെടുന്ന ഒരു സമൂഹത്തിന്റെ പുനഃസൃഷ്ടിക്കായി പരിശ്രമിക്കാനും തൗറാത്തിലെ വിനഷ്ടമായ പ്രമാണങ്ങള്‍ നിലനിര്‍ത്താനുമായി യേശു മിശിഹ (ഈസാ നബി) നിയോഗിക്കപ്പെടുന്നു. അതേ ജനതയിലെ ദുഷ്‌കര്‍മങ്ങളെയും ബഹുദൈവാരാധനയെയും തിരസ്‌കരിച്ച് യഹോവയെ മാത്രം മഹത്വപ്പെടുത്തി ജീവിക്കുമ്പോള്‍ കൈവരുന്ന ദൈവരാജ്യത്തെ ധാരാളം ഉദാഹരണങ്ങള്‍ നിരത്തി വ്യക്തമാക്കിക്കൊടുക്കുന്നതായി ബൈബിള്‍ സൂചിപ്പിക്കുന്നു. പൂര്‍വികരായ പ്രവാചകന്മാരിലൂടെയും ഋഷിമാരിലൂടെയും ലഭ്യമായ ദൈവിക നിയമങ്ങള്‍ അനുസരിച്ച് ശാശ്വതവും സമാധാനപരവുമായ ദൈവരാജ്യത്തിനുവേണ്ടി പരിശ്രമിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് മഹാനായ യേശു മിശിഹ ജീവിച്ചത് എന്നു വ്യക്തമാക്കുന്ന രേഖകള്‍ ബൈബിളില്‍ ഇപ്പോഴും അവശേഷിക്കുന്നു. വിശുദ്ധ ഖുര്‍ആനും ഇക്കാര്യം ബലപ്പെടുത്തുന്നുണ്ട്. ഇവിടെ മനസ്സിലാവാതെ പോകുന്ന സുപ്രധാനമായ കാര്യമെന്തെന്ന് നോക്കാം.

വാഗ്ദത്ത പുത്രന്‍ ആര്?

'ആകാശത്തിനു കീഴിലുള്ള രാജ്യങ്ങളുടെ മഹത്വം അത്യുന്നതന്റെ വിശുദ്ധരായ ജനത്തിനു ലഭിക്കും' (ദാനിയേല്‍, പാപനിയമം 7:27,28) എന്ന പ്രവചനം ക്രൈസ്തവരെയോ ജൂതന്മാരെയോ കുറിക്കുന്നതാണോ എന്നുള്ളത് അവ്യക്തമായി അവശേഷിക്കുന്നു. ദൈവരാജ്യം നിങ്ങളി(ജൂതര്‍)ലൂടെയല്ല അതിന്റെ യഥാര്‍ഥ ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതക്കായി നല്‍കുക! കാര്യസ്ഥനെ, വാഗ്ദത്ത പുത്രനെ പ്രതീക്ഷിക്കാന്‍ പലപ്പോഴും ശിഷ്യന്മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതായി ബൈബിള്‍ (മത്തായി പുതിയ നിയമം 21:43,44, യോ: 16: 6,7 - 16:12,13) പറയുമ്പോള്‍ ആകാശത്തിനു കീഴിലുള്ള ഭൂവാസികളുടെ മോചനമല്ല യേശുവിലൂടെ നടന്നത്. യഹൂദ ജനത്തിന് 'മോശ' പ്രവാചകന്‍ പഠിപ്പിച്ച നിയമ ശാസനകളെ വീണ്ടും സ്ഥാപിച്ചു നിലനിര്‍ത്തുകയായിരുന്നു ഉദ്ദേശ്യമെന്ന് മത്താ. 10:5,6-ല്‍ യേശു പറയുന്നുണ്ട്. 'വീട് പണിയുന്നവര്‍ തള്ളിക്കളഞ്ഞ മൂലകല്ലായി തീര്‍ന്നിരിക്കുന്നു. ഇത് കര്‍ത്താവിനാല്‍ സംഭവിച്ചു. നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യമായിരിക്കുന്നു.' യേശു മത്താ. 21:42-ല്‍ പറയുന്നതായി ഉദ്ധരിക്കുന്നു.

മേല്‍പറഞ്ഞ വാക്യങ്ങളും മറ്റും മുന്‍നിര്‍ത്തി നോക്കുമ്പോള്‍ തൗറാത്തും ഇഞ്ചീലും സൂചിപ്പിച്ച ദൈവരാജ്യം യേശു മിശിഹയുടെ ജീവിതകാലത്തു നിവര്‍ത്തിയാവേണ്ടതല്ലേ? മോശെക്ക് ലഭിച്ച പത്തു കല്‍പനകളില്‍ ഒന്നാമതായ 'നിന്റെ ദൈവമായ യഹോവ ഞാനാകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാവരുത്.' (പുറപ്പാട് 2;3.4) എന്ന പ്രഖ്യാപനത്തിലൂടെ ഏകദൈവവിശ്വാസത്തിലൂന്നിയുള്ള യേശുവിന്റെ പ്രഖ്യാപനങ്ങളെ തിരസ്‌കരിച്ചവരുടെ ശാപവും ശിക്ഷയും ജൂത ജനതക്ക് തുല്യമാവാതിരിക്കാന്‍ യേശു പറഞ്ഞ കല്‍പനകളെ പ്രമാണിച്ച് ജീവിക്കുക എന്ന നിര്‍ദേശം പാലിക്കപ്പെടുക തന്നെയാണ് അഭികാമ്യം.

ദൈവരാജ്യത്തെക്കുറിച്ച് യേശുവിന്റെ പ്രവചനങ്ങള്‍ പരസ്യമായിരുന്നില്ല; അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകിയിരുന്ന തന്റെ ജനതയെ വീണ്ടെടുത്ത് ദൈവിക വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ലോകത്തെ നയിക്കാന്‍ കഴിയുന്ന ഒരു ജനതയായി പരിവര്‍ത്തിക്കണമെന്ന യേശുവിന്റെ ലക്ഷ്യത്തെ, ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും വിഭജിച്ചു നല്‍കാവുന്ന തരത്തില്‍ ആത്മീയത-ഭൗതികത എന്നാക്കി പരീശന്മാരും ജൂതന്മാരും വിശദീകരിച്ചതു നിമിത്തം ക്രൈസ്തവ രാജ്യ പ്രസ്താവം മറ്റൊന്നായി മാറി. യോഹ: 3:1.10 വിവരണങ്ങളില്‍നിന്ന് മനസ്സിലാക്കാവുന്ന കാര്യമാണത്.

ഒരു യഹൂദ പ്രമാണി യേശുവിനെ സമീപിച്ച് ദൈവരാജ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍, യേശു പുതുതായി ജനിച്ചില്ല എങ്കില്‍, ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഉത്തരവും ജലത്താലും ആത്മാവിനാലും ആണ് പുതുജീവനില്‍ കടക്കുക എന്ന ഉപമയും ഇപ്പോഴും അവ്യക്തമായി അവശേഷിക്കുന്നു. ഇവിടെ ഖുര്‍ആന്‍ പറയുന്നത് എത്രയോ വ്യക്തം; 'ഇഞ്ചീലിന്റെ ആളുകള്‍ അല്ലാഹു അതില്‍ അവതരിപ്പിച്ചതനുസരിച്ച് വിധികല്‍പിക്കട്ടെ.' 'അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ... അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.' 'തിഥേ മല്‍ കുഥാക്' (നിന്റെ രാജ്യം വരേണമേ) എന്ന സക്കീര്‍ ഹുസൈന്റെ പുസ്തകത്തിന് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും.

മുഹമ്മദ് കുട്ടി, തൊടുപുഴ

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (196 - 207)
എ.വൈ.ആര്‍

ഹദീസ്‌

മരണം ആഗ്രഹിക്കരുത്
കെ.പി ബശീര്‍ ഈരാറ്റുപേട്ട