Prabodhanam Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

ഇബ്‌റാഹീം നബി രചിച്ച ത്യാഗ ചരിതങ്ങള്‍

ശമീര്‍ബാബു കൊടുവള്ളി

ഈദുല്‍ ഫിത്വ്ര്‍ കഴിഞ്ഞാല്‍ മുസ്‌ലിം ഉമ്മത്തിന്റെ വാര്‍ഷികാഘോഷമാണ് ഈദുല്‍ അദ്ഹാ. ഇസ്‌ലാമികസംസ്‌കാരത്തിന്റെ പിന്‍ബലം അതിനുണ്ട്. ഈദുല്‍ അദ്ഹായുടെ കേന്ദ്ര ബിന്ദു ഇബ്‌റാഹീം നബിയുടെ ജീവിതമാണല്ലോ. കാതങ്ങള്‍ക്കപ്പുറം ജീവിച്ച ഇബ്‌റാഹീം നബിയുടെ പേരില്‍ എന്തിനാണ് ഒരാഘോഷം? വര്‍ഷംതോറും സ്മരിക്കപ്പെടാന്‍ മാത്രം എന്ത് പ്രസക്തിയാണ് അദ്ദേഹത്തിനുള്ളത്? ഈദുല്‍ അദ്ഹായുടെ രഹസ്യമെന്താണ്? ബലിപെരുന്നാളിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആരുടെ മനസ്സിലും ഉയര്‍ന്നുവരാവുന്ന ചോദ്യങ്ങള്‍.

ത്യാഗത്തിന്റെ ചില വലിയ പാഠങ്ങളാണ് ഈദുല്‍ അദ്ഹാ പഠിപ്പിക്കുന്നത്.  വളരെ ഉത്കൃഷ്ടവും ഉദാത്തവുമാണ് ത്യാഗം. അര്‍ഥവത്തായ ജീവിതം ത്യാഗത്തിലൂടെ മാത്രമേ രൂപപ്പെടുകയുള്ളൂ. ത്യാഗരഹിതജീവിതം ജ്ഞാനിക്കും വിപ്ലവകാരിക്കും അസാധ്യമാണ്. ജീവിതമെന്നാല്‍ ത്യാഗമാണ്. ത്യാഗം തന്നെയാണ് ജീവിതമെന്ന് തിരിച്ചും പറയാം. ജീവിതവും ത്യാഗവും പരസ്പരം സഹവര്‍ത്തിക്കുകയാണെന്നര്‍ഥം. ഒരു മുസ്‌ലിമിന്റെ ത്യാഗത്തെക്കുറിച്ച് ആലോചിച്ചുനോക്കുക. കേവലമായ ത്യാഗത്തിനപ്പുറം, പരമമായ ത്യാഗമാണ് അത്. ആ ത്യാഗം   കൃത്യമായ ദിശാബോധമുള്ള ജീവിതം മുതല്‍ ആരംഭിക്കുന്നു. മരണത്തോടെയാണ് അതിന്റെ അവസാനം. ജീവിതത്തിനും മരണത്തിനുമിടക്കുള്ള ഓരോ നിമിഷവും പ്രത്യക്ഷവും പരോക്ഷവുമായ ത്യാഗമാണ്. പ്രത്യക്ഷത്യാഗം നേര്‍ക്കുനേരെയുള്ള ത്യാഗമാണ്. പരോക്ഷത്യാഗം പ്രത്യക്ഷത്യാഗത്തിന് ഊര്‍ജവും കരുത്തും പകരുന്ന ഇന്ധനമാണ്. ഈ പരമവും മൂര്‍ത്തവുമായ ത്യാഗത്തെയാണ് ഈദുല്‍അദ്ഹാ പ്രതീകവത്കരിക്കുന്നത്.

മാതൃകകളാല്‍ സമ്പന്നമാണ് മുസ്‌ലിമിന്റെ ത്യാഗം. ദൈവദൂതന്മാരാണ് ത്യാഗത്തിന്റെ എക്കാലത്തെയും നിസ്തുല പ്രതീകങ്ങള്‍. ഓരോ പ്രവാചകനും മുസ്‌ലിമിന് ത്യാഗത്തിന്റെ  പാഠങ്ങളാണ്. ത്യാഗത്തിന്റെ മഴവില്‍ വര്‍ണങ്ങളാണ് അവര്‍ വാരി വിതറുന്നത്. ദൈവദൂതന്മാരില്‍ ഉലുല്‍ അസ്‌മെന്ന് വിശുദ്ധവേദം വിശേഷിപ്പിച്ച നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ, മുഹമ്മദ് എന്നിവര്‍ ത്യാഗത്തിന്റെ കാര്യത്തില്‍ ഒരു പടികൂടി മുന്നില്‍ നില്‍ക്കുന്നു. അവര്‍ക്കിടയില്‍ ഇബ്‌റാഹീം പരമവും മൂര്‍ത്തവും പൂര്‍ണവുമായ ത്യാഗത്തിന്റെ പ്രതിനിധാനമാണ്. മനുഷ്യനെന്ന പരിധിയിലും പരിമിതിയിലും നിന്നുകൊണ്ട് സാധ്യമാവുന്നത്ര ത്യാഗമാണ് ആ മഹാനുഭാവന്‍ ബാക്കിവെച്ചത്. ത്യാഗത്തിന്റെ പര്യായമാണ് ഇബ്‌റാഹീം.  ത്യാഗത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ മാതൃകയാണ് അദ്ദേഹം. ത്യാഗത്തില്‍നിന്ന് ത്യാഗത്തിലേക്കുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഓമനസന്താനം ഇസ്മാഈലിനെ ബലിയറുക്കാന്‍ തീരുമാനിക്കുന്നതിലാണ് ആ ത്യാഗത്തിന്റെ ക്ലൈമാക്‌സ്. ഇബ്‌റാഹീം നബിയുടെ ത്യാഗത്തെ സ്വന്തത്തോട് ചേര്‍ത്തുവെച്ച് ത്യാഗത്തിന്റെ പുത്തന്‍ പാഠങ്ങള്‍ രചിക്കാനുള്ള ആഹ്വാനമാണ് ഓരോ ഈദുല്‍ അദ്ഹായും. മൂന്ന് രംഗങ്ങളിലാണ് ഇബ്‌റാഹീം നബിയുടെ ത്യാഗം തെളിഞ്ഞുനില്‍ക്കുന്നത്; ആദര്‍ശം, വ്യക്തി, സമൂഹം എന്നിവയില്‍. 

 

ആദര്‍ശനിര്‍മിതിയിലെ ത്യാഗം

ആദര്‍ശം, പ്രത്യയശാസ്ത്രം, വിശ്വാസം തുടങ്ങിയ തലക്കെട്ടുകളില്‍ വ്യവഹരിക്കപ്പെടുന്ന ആശയം ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. ഈമാന്‍, അഖീദ തുടങ്ങിയ സംജ്ഞകളാണ് ആദര്‍ശത്തിന് ഇസ്‌ലാം പ്രയോഗിക്കുന്നത്. ഈമാനിനും അഖീദക്കും സാധാരണ നല്‍കാറുള്ള മലയാളപദം വിശ്വാസമെന്നാണ്. എന്നാല്‍, വിശ്വാസമെന്ന പ്രയോഗത്തേക്കാള്‍ ആഴവും വ്യാപ്തിയുമുണ്ട്  ആദര്‍ശമെന്ന പ്രയോഗത്തിന്. ആദര്‍ശമാണ് മനുഷ്യന്റെ ആകത്തുക. ആദര്‍ശം എങ്ങനെയാണോ അതിനനുസൃതമായിട്ടായിരിക്കും ജീവിതം. ആദര്‍ശം നന്നായാല്‍ ജീവിതം നന്നാവും. അത് ചീത്തയായാല്‍ ജീവിതം ദുഷിക്കും. ഓരോ മനുഷ്യനും ഒരു ആദര്‍ശമുണ്ടായിരിക്കും. അതില്‍  ചാലിച്ചതായിരിക്കും അവന്റെ ജീവിതം. സമൂഹത്തെ മാറ്റാന്‍ പ്രതിജ്ഞയെടുത്ത വിപ്ലവകാരിക്കും ബുദ്ധിജീവിക്കും  ആദര്‍ശം അവശ്യഘടകമാണെന്ന് അലി ശരീഅത്തി നിരീക്ഷിക്കുന്നുണ്ട്.

ആദര്‍ശത്തിന്റെ നിര്‍മിതിയില്‍ ത്യാഗം രചിച്ച മാതൃകാ വ്യക്തിത്വമാണ് ഇബ്‌റാഹീം. അഥവാ ത്യാഗത്തിന്റെ ചേരുവയുള്ളതാണ് ഇബറാഹീമിന്റെ ആദര്‍ശം. വൈജ്ഞാനികവും ധൈഷണികവുമായിരുന്നു പ്രസ്തുത ത്യാഗം. ദൈവകേന്ദ്രീകൃതമായിരുന്നു ഇബ്‌റാഹീം നബിയുടെ ആദര്‍ശം. പ്രസ്തുത ആദര്‍ശത്തിന് രണ്ട് അടരുകളുണ്ടായിരുന്നു: ഒന്ന്, ദൈവത്തെ സംബന്ധിച്ച കൃത്യമായ വിജ്ഞാനത്തിന്റെ തലം. രണ്ട്, ദൈവത്തെക്കുറിച്ച ദൃഢബോധ്യത്തിന്റെ തലം. ഒരു വ്യക്തിയുടെ ആദര്‍ശത്തിന് നിര്‍ബന്ധമായും ഉണ്ടാവേണ്ടവയാണിവ. 

ദൈവത്തെക്കുറിച്ച് കൃത്യമായ ജ്ഞാനമാണ് ഇസ്‌ലാം നല്‍കുന്നത്. തെറ്റായ ദൈവസങ്കല്‍പ്പങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും ദുരന്തമാണ് വരുത്തിവെക്കുക. തെറ്റായ ദൈവസങ്കല്‍പ്പങ്ങള്‍ പലതുമുണ്ട്.  ശരിയായ, കൃത്യമായ ഏകദൈവത്വത്തിന്റെ പാഠങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഏകദൈവസങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായിരുന്നു ഇബ്‌റാഹീമിന്റെ ആദര്‍ശം. ആ ആദര്‍ശം തികച്ചും ജ്ഞാനപരമായിരുന്നു. ദൈവത്തിന്റെ നിര്‍വചനം, സത്ത, അസ്തിത്വം, വിശേഷണങ്ങള്‍ എന്നിവ എങ്ങനെയാണോ അങ്ങനെത്തന്നെ ഇബ്‌റാഹീം നബി ഗ്രഹിച്ചു. ദൈവത്തെപ്രതി തന്റെ ഗ്രാഹ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തിയില്ല. എന്നാല്‍, ഈ തലത്തില്‍ മാത്രം ഇബ്‌റാഹീം തന്റെ ആദര്‍ശത്തെ പരിമിതിപ്പെടുത്തിയില്ല. ഉറച്ച ബോധ്യത്തിലേക്കും ബോധത്തിലേക്കും അതിനെ പരാവര്‍ത്തനം ചെയ്യുകയുണ്ടായി. 

ഇബ്‌റാഹീമിന്റെ ആദര്‍ശം ഒരേസമയം ആത്മീയവും ധൈഷണികവുമായിരുന്നു. പ്രകൃതിപ്രതിഭാസങ്ങളെ നിരീക്ഷിച്ചും പ്രാപഞ്ചികദൃഷ്ടാന്തങ്ങളെ തിരിച്ചറിഞ്ഞും ദൈവത്തോട് സംവദിച്ചുകൊണ്ടുമാണ് ഇബ്‌റാഹീം തന്റെ ആദര്‍ശത്തെ ആത്മാവിന്റെ അനുഭൂതിയും ധിഷണയുടെ തെളിച്ചവുമാക്കി മാറ്റുന്നത്. ദൈവവുമായുള്ള ഇബ്‌റാഹീമിന്റെ സംവാദത്തിന് വിശുദ്ധവേദം നല്‍കുന്ന ഒരു ഉദാഹരണം നോക്കൂ: ''ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക: എന്റെ നാഥാ! മരിച്ചവരെ എങ്ങനെയാണ് നീ ജീവിപ്പിക്കുന്നതെന്ന് എനിക്കു കാണിച്ചുതരിക. ദൈവം ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും! എന്നാലും എന്റെ സ്വത്വത്തിന് സമാധാനം ലഭിക്കാനാണ്. ദൈവം കല്‍പ്പിച്ചു, നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ തുണ്ടം ഓരോ മലയിലും വെക്കുക. എന്നിട്ടവയെ വിളിക്കുക. അവ നിന്റെ അടുക്കല്‍ പറന്നെത്തും. അറിയുക, ദൈവം പ്രതാപിയും യുക്തിജ്ഞനുമാണ്''  (അല്‍ബഖറ 260). ആത്മാവും ധിഷണയും പരസ്പരം ചേര്‍ന്ന ഒന്നാണ് ഇവിടെ പറഞ്ഞ സ്വത്വം (ഖല്‍ബ്). സ്വത്വമാണ് ചിന്തയുടെയും ധിഷണയുടെയും അന്വേഷണത്തിന്റെയും ഇരിപ്പിടം. ധിഷണയുടെ ബോധ്യമായിരുന്നു ഇബ്‌റാഹീം നബി തേടിയത്. ധിഷണക്ക് ബോധ്യം സിദ്ധിക്കുമ്പോഴാണ് സ്വത്വത്തിന് സമാധാനം ഉണ്ടാവുന്നത്. ഇബ്‌റാഹീം നബിയുടെ ആദര്‍ശത്തിന്റെ ഫലം ദൈവത്തോടുള്ള അഗാധമായ സാമീപ്യമായിരുന്നു. ദൈവത്തിന്റെ  സന്തതസഹചാരിയായിരുന്നു (ഖലീലുല്ലാഹ്) ഇബ്‌റാഹീം നബി. 

 

വ്യക്തിത്വനിര്‍മിതിയിലെ ത്യാഗം

വ്യക്തിജീവിതം സംശുദ്ധമാവണം. അതില്‍ ത്യാഗത്തിന്റെ വിയര്‍പ്പും രക്തവും അലിഞ്ഞുചേരണം. ത്യാഗത്തില്‍ ചാലിച്ച സംശുദ്ധമായ പൂര്‍ണവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇബ്‌റാഹീം. എല്ലാം തികഞ്ഞ ചരിത്രത്തിലെ പ്രഥമ മുസ്‌ലിം. കാലഗണനകൊണ്ടല്ല, പൂര്‍ണവ്യക്തിത്വമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇബ്‌റാഹീം പ്രഥമ മുസ്‌ലിമാവുന്നത്. മൂന്ന് രംഗങ്ങളിലെ മൂല്യങ്ങളാണ് ഒരു വ്യക്തിയെ വ്യക്തിത്വത്തിന്റെ ഉടമയാക്കിമാറ്റുന്നത്. ആദര്‍ശമൂല്യങ്ങള്‍, വൈയക്തികമൂല്യങ്ങള്‍, മാനുഷികമൂല്യങ്ങള്‍ എന്നിവയാണവ. ഈ മൂന്നു രംഗങ്ങളിലും ഉണ്ടാവേണ്ട സ്വഭാവവിശേഷണങ്ങള്‍ സ്വാംശീകരിച്ച വ്യക്തിയായിരുന്നു ഇബ്‌റാഹീം നബി. 

സമരങ്ങളില്‍ ഏറ്റവും വലുത് സ്വന്തത്തോടുള്ളതാണ്. പിന്നെ കുടുംബത്തോടുള്ള സമരം. തുടര്‍ന്ന് സമൂഹത്തോടുള്ള സമരം. ഇബ്‌റാഹീം ഈ സമരങ്ങളിലെല്ലാം അടിപതറാത്ത പോരാളിയായിരുന്നു. ആദര്‍ശമായിരുന്നു സമരത്തിന്റെ മാനദണ്ഡം. ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ വ്യക്തിത്വത്തെ സംവിധാനിച്ചു. ആദര്‍ശത്തോട് യോജിക്കുന്നവ കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും സ്വീകരിച്ചു. ആദര്‍ശവിരുദ്ധമായ മുഴുവന്‍ കാര്യങ്ങളോടും നിരന്തരം പോരാടി. സ്വപ്നദര്‍ശനമുണ്ടായപ്പോള്‍ മകനെ ബലിയറുക്കാന്‍ പുറപ്പെടുന്ന ഇബ്‌റാഹീമിനെയാണ് കാണുന്നത്. ഓരോ മനുഷ്യന്റെയും നൈസര്‍ഗികവികാരമാണ് സന്താനസ്‌നേഹം.  സന്താനത്തെ ബലിയറുക്കാന്‍ തീരുമാനിക്കുന്നതിലൂടെ ത്യാഗത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ രചിക്കുകയായിരുന്നു ഇബ്‌റാഹീം. വ്യക്തിതാല്‍പര്യങ്ങളെയല്ല, ദൈവികതാല്‍പര്യങ്ങളെയാണ് പരമമായി താന്‍ പ്രതിനിധീകരിക്കുന്നതെന്നാണ് ഇബ്‌റാഹീം ഈ സംഭവത്തിലൂടെ പ്രഖ്യാപിക്കുന്നത്. മരുഭൂമിയില്‍ പ്രിയതമയെയും സന്താനത്തെയും തനിച്ചാക്കി ദൈവത്തെ ഏല്‍പ്പിക്കുന്നതിലൂടെ, പിതാവുമായി കലഹിക്കുന്നതിലൂടെ കുടുംബതാല്‍പര്യങ്ങളെയല്ല,  ദൈവികതാല്‍പര്യങ്ങളെയാണ് പരമമായി താന്‍ പ്രതിനിധീകരിക്കുന്നതെന്നാണ് ഇബ്‌റാഹീം വിളിച്ചറിയിക്കുന്നത്. ജീവന്‍ അപകടത്തിലാവുമെന്ന ബോധ്യമുണ്ടായിട്ടും നംറൂദിനോട് സംവാദത്തിലേര്‍പ്പെടുന്നതിലൂടെ സാമൂഹികതാല്‍പര്യങ്ങളെയല്ല, ദൈവികതാല്‍പര്യങ്ങളെയാണ് പരമമായി താന്‍ പ്രതിനിധീകരിക്കുന്നതെന്നാണ് ഇബ്‌റാഹീം വിളംബരം ചെയ്യുന്നത്.  

 

സമൂഹനിര്‍മിതിയിലെ ത്യാഗം

സാമൂഹികതയുടെ ചേരുവയില്ലാത്ത കേവലമായ ആത്മീയതയുടെ വക്താവായിരുന്നില്ല ഇബ്‌റാഹീം നബി. കേവലമായ ആത്മീയത അപകടം പിടിച്ചതാണ്. സന്യാസത്തിലേക്കാണ് അത് മനുഷ്യനെ നയിക്കുന്നത്. മനുഷ്യപ്രകൃതിക്ക് തീര്‍ത്തും വിരുദ്ധമായ ആശയമാണ് സന്യാസം. സന്യാസം പ്രകൃതിവിരുദ്ധമായതിനാല്‍ വ്യക്തിയുടെ സ്വത്വം അതുമായി പലപ്പോഴും സംഘര്‍ഷത്തിലായിരിക്കും. ആത്യന്തികമായി സന്യാസം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് താന്‍ ഏതൊന്നിനെതിരാണോ നിലകൊണ്ടത് അതില്‍ തന്നെയായിരിക്കും. അതായത് സന്യാസത്തിന്റെ നേര്‍വിപരീതമായ സ്വതന്ത്ര ജീവിതാസക്തിയില്‍. സന്യാസവും സ്വതന്ത്രജീവിതാസക്തിയും ഒരുപോലെ അപകടകരമാണ്. അതിരുകടന്ന സിദ്ധാന്തങ്ങളാണവ. അവക്കു മധ്യേ മിതത്വമാണ് ശീലിക്കേണ്ടത്. ആത്മീയതയുടെ ചേരുവയുള്ള സാമൂഹികത അതാണ് പ്രദാനം ചെയ്യുന്നത്. മുഴുവന്‍ ദൈവദൂതന്മാരും ആത്മീയാധിഷ്ഠിത സാമൂഹികതയുടെ വക്താക്കളായിരുന്നു. മുഴുവന്‍ ദൈവദൂതന്മാരും ദൈവത്തോടൊപ്പമാവുമ്പോള്‍ സമൂഹത്തോടൊപ്പവും സമൂഹത്തോടൊപ്പമാവുമ്പോള്‍ ദൈവത്തോടൊപ്പവുമായിരുന്നു. പ്രസ്തുത ആത്മീയാധിഷ്ഠിത സാമൂഹികസ്വഭാവം ഇബ്‌റാഹീമീ മില്ലത്തിന്റെയും സവിശേഷതയായിരുന്നു. 

വിശുദ്ധവേദം ഇബ്‌റാഹീമിന്റെ സാമൂഹികതയെ അടയാളപ്പെടുത്തുന്നുണ്ട്. ജനതകളുടെ നേതാവാ(ഇമാമുന്നാസ്)യിട്ടായിരുന്നു ഇബ്‌റാഹീം നബിയുടെ നിയോഗം. വേദം അദ്ദേഹത്തിന് നല്‍കിയ അഭിധാനമാണ് ഉമ്മത്ത്. ദേശം, രാഷ്ട്രം, സമൂഹം എന്നൊക്കെയാണ് ഉമ്മത്തിന്റെ അര്‍ഥം. ഇബ്‌റാഹീം ഒരു ദേശത്തെയും രാഷ്ട്രത്തെയും സമൂഹത്തെയും ആവാഹിച്ച വ്യക്തിയായിരുന്നു. അബ്, റാഹിം എന്നീ രണ്ടു പദങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഇബ്‌റാഹീം എന്ന ഹീബ്രു പദം. അബെന്നാല്‍ പിതാവ്. റാഹിമെന്നാല്‍ ജനതകള്‍. ജനതകളുടെ പിതാവാണ് ഇബ്‌റാഹീം പ്രവാചകന്‍. ബൈബിളില്‍ ഇപ്രകാരം കാണാവുന്നതാണ്: 'നിന്നോടാണ് എന്റെ ഉടമ്പടി. നീ അനേകം ജനതകള്‍ക്ക് പിതാവാകും. ഇനിമുതല്‍ നിന്റെ നാമം അബ്രാം (ഉന്നതനായ പിതാവ്) എന്നായിരിക്കില്ല, അബ്രാഹാം (ജനസമൂഹത്തിന്റെ പിതാവ്) എന്നായിരിക്കും' (ഉല്‍പത്തി 17: 3-5). അന്നത്തെ ലോകത്തിന്റെ കേന്ദ്രനേതാവായിരുന്നു ഇബ്‌റാഹീം. കഅ്ബയായിരുന്നു അദ്ദേഹത്തിന്റെ കര്‍മമണ്ഡലത്തിന്റെ കേന്ദ്രം. ചുറ്റുഭാഗത്തും ഇസ്‌ലാമിന്റെ പ്രബോധനം ഇബ്‌റാഹീം നബിയുടെ നേതൃത്വത്തിലാണ് നടന്നത്. അതിനുവേണ്ടി ജോര്‍ദാനില്‍ പിതൃവ്യപുത്രനും പ്രവാചകനുമായിരുന്ന ലൂത്വിനെയും സിറിയയിലും ഫലസ്ത്വീനിലും പുത്രന്‍ ഇസ്ഹാഖിനെയും അറേബ്യയില്‍ മറ്റൊരു പുത്രന്‍ ഇസ്മാഈലിനെയും നിയമിക്കുകയുണ്ടായി. ആഗോളസ്വഭാവത്തിന്റെ പ്രാഗ്‌രൂപം അന്നവിടെ രൂപപ്പെടുകയായിരുന്നു. 

സെമിറ്റിക് സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അസ്തിവാരമാണ് സാമൂഹികത. ദൈവം സൃഷ്ടിപ്പോടുകൂടിത്തന്നെ തന്റെ പാട്ടഭൂമിയില്‍ മനുഷ്യനെ തൊഴിലാളിയായി നിയമിച്ചിട്ടുണ്ടെന്ന സങ്കല്‍പ്പമാണ് മെസപ്പൊട്ടേമിയന്‍ വീക്ഷണമെന്ന് ഇസ്മാഈല്‍ റാജി ഫാറൂഖി എഴുതിയിട്ടുണ്ട്. മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്നതാണല്ലോ ഇസ്‌ലാമിക വീക്ഷണം. സെമിറ്റിക്, മെസെപ്പൊട്ടേമിയന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു ഇബ്‌റാഹീം നബി. ഭൂമിയില്‍ ദൈവികധര്‍മത്തിന്റെ സംസ്ഥാപനവും സമൂഹത്തിന്റെ നിര്‍മാണവുമായിരുന്നു അദ്ദേഹത്തിന്റെ നിയോഗലക്ഷ്യം. അതോടൊപ്പം നിലനില്‍ക്കുന്ന നംറൂദിന്റെ വ്യവസ്ഥയോട് കലഹിക്കുകയും ചെയ്തു. ക്ഷേമരാഷ്ട്രത്തിന്റെ നിര്‍മാണവും അദ്ദേഹത്തിന്റെ മുഖ്യ അജണ്ടയായിരുന്നു. ഭാവി സമൂഹം, അതിന്റെ സംസ്‌കാരം, സ്വഭാവം തുടങ്ങിയവയും ഇബ്‌റാഹീം നബിയുടെ ചിന്തയില്‍ കടന്നുവന്നു. ആദര്‍ശശാലി മാത്രമല്ല മുഅ്മിന്‍. സ്വത്വത്തിനും സമൂഹത്തിനും നിര്‍ഭയത്വം ഉറപ്പുവരുത്തുന്നവന്‍ കൂടിയാണ്. ഈമാനിന്റെ അനിവാര്യ താല്‍പര്യമാണ് നിര്‍ഭയത്വമുള്ള നഗരത്തിന്റെ(ബലദുന്‍ ആമിന്‍)യും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും രൂപീകരണമെന്ന് തിരിച്ചറിഞ്ഞ പരിഷ്‌കര്‍ത്താവായിരുന്നു ഇബ്‌റാഹീം നബി. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌