Prabodhanam Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

മുഹമ്മദ് ഹാജി

കെ. മുഹമ്മദ് മുസ്ത്വഫ

കോഴിക്കോടന്‍ മുഹമ്മദ് ഹാജി അസുഖബാധിതനായി 20 ദിവസങ്ങള്‍ക്കകമാണ് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി ഇഹലോകവാസം വെടിഞ്ഞത്. കാന്‍സര്‍ബാധ മനസ്സിലായ അന്നുമുതല്‍ അന്ത്യയാത്രയുടെ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിത്തുടങ്ങി, സന്തോഷത്തോടെയായിരുന്നു മരണം.

എണ്‍പത്തിനാലു വര്‍ഷത്തെ സുദീര്‍ഘമായ ജീവിതം ദൈവപ്രീതിക്കായി സമര്‍പ്പിച്ചതായിരുന്നു. പാതിരാവിലുണര്‍ന്ന് തഹജ്ജുദ് നമസ്‌കരിക്കുന്നത് പതിവായിരുന്നു. എല്ലാ ദിവസവും ആദ്യം അടുക്കളയില്‍ കയറി മക്കള്‍ക്ക് ചായ ഉണ്ടാക്കി സ്വുബ്ഹ് നമസ്‌കാരത്തിന് വിളിച്ചുണര്‍ത്തി. പരീക്ഷാ കാലങ്ങളില്‍ അതിലും പുലര്‍ച്ചെ വിളിച്ച് പഠിക്കാന്‍ സൗകര്യം ചെയ്തു. പ്രവാസ ജീവിതവും ശേഷം നാട്ടില്‍ കച്ചവടവും തുടര്‍ന്നുള്ള വിശ്രമ ജീവിതവും. എല്ലായ്‌പ്പോഴും മണ്ണില്‍ അധ്വാനിക്കുന്നത് ശീലമാക്കിയിരുന്നു. ഈ വര്‍ഷം മഴ വൈകിയെങ്കിലും പറമ്പിലെ പണികളൊക്കെ നേരത്തേ പൂര്‍ത്തീകരിച്ചു. മുപ്പത് നോമ്പിനുമുള്ള പ്രായശ്ചിത്തം അവകാശികള്‍ക്ക് എത്തിച്ചിരുന്നു. നോമ്പിന് അന്വേഷിച്ചു വരുന്നവരെ വെറും കൈയോടെ തിരിച്ചയക്കാതിരിക്കാന്‍ മേശവലിപ്പില്‍ കുറച്ച് നോട്ടുകള്‍ കരുതിയിരുന്നു. മരിക്കുമ്പോള്‍ അവ ബാക്കിയുണ്ടായിരുന്നു, അവകാശികളെ കാത്ത്! ബാക്കി തുക ഉമ്മക്കുള്ളതാണെന്നു പറഞ്ഞ് ഏല്‍പിക്കുകയായിരുന്നു, ഉമ്മയാണ് ഇനി നിങ്ങളുടെ കൂടെയുണ്ടാവുക എന്ന സന്ദേശം നല്‍കിക്കൊണ്ട്! രോഗശയ്യയില്‍ കടുത്ത വേദന സഹിക്കുമ്പോള്‍ പോലും സങ്കടത്തിന്റെയോ സന്താപത്തിന്റെയോ ഒരു നോക്കുപോലും ബാപ്പക്ക് ഇഷ്ടമായിരുന്നില്ല. കാണേണ്ടവരെയൊക്കെ വിവരമറിയിച്ച് വിളിച്ചു വരുത്തി, കണ്ടു സംസാരിച്ചു. പേരമക്കളോട് കുശലം പറഞ്ഞു. അത്യാവശ്യത്തിനു മാത്രം പരസഹായം തേടി.

ഔപചാരിക വിദ്യാഭ്യാസത്തിന് അത്രയൊന്നും പ്രോത്സാഹനമോ സൗകര്യമോ ഇല്ലാതിരുന്നിട്ടും സ്വന്തം നിലക്ക് അല്‍പം ദൂരെയുള്ള യു.പി സ്‌കൂളില്‍ ചേര്‍ന്നു പഠിച്ചു. അവിടുന്നങ്ങോട്ട് അവസാനം വരെ ഉത്സാഹിയായ ഒരു വിദ്യാര്‍ഥിയായിരുന്നു. കൈയിലെപ്പോഴും ഖുര്‍ആന്‍ എഴുതിയ കടലാസ് തുണ്ട് കരുതിയിരുന്നു. നിഷ്‌കളങ്കമായ നിറപുഞ്ചിരിയും തമാശയും ഉത്തരം മുട്ടിക്കുന്ന ചോദ്യശകലങ്ങളും കൊണ്ട് അനുവാചകരെ തന്നിലേക്കാകര്‍ഷിക്കാന്‍ പ്രത്യേക കഴിവായിരുന്നു. കിട്ടുന്ന ഓരോ സന്ദര്‍ഭത്തിലും ജാതിമതഭേദമന്യേ ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വള്ളുവമ്പ്രം പ്രദേശത്ത് ദീനീരംഗത്ത് സധൈര്യം ഇറങ്ങിപ്പുറപ്പെട്ട പ്രഫ. മൊയ്തീന്‍കുട്ടി, ടി.വി മൊയ്തീന്‍, പി.കെ അബ്ദുല്ല, പി. സൈതലവി എന്നിവരോടൊപ്പമുണ്ടായിരുന്നു. അത്താണിക്കല്‍ മഹല്ല് പള്ളിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും പ്രദേശത്ത് പൊതുവായന ശാലക്ക് തുടക്കം കുറിക്കുകയും ചെയ്തു. പില്‍ക്കാലത്ത് ജമാഅത്തെ ഇസ്‌ലാമി അംഗത്വം സ്വീകരിച്ചു. ഹിറാ മസ്ജിദ്, അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ ഭാരവാഹിത്വങ്ങള്‍ വഹിച്ചു. അത്താണിക്കല്‍ പെയ്ന്‍ & പാലിയേറ്റീവ് കാരുണ്യ കേന്ദ്രയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. മേഴ്‌സി ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗമായിരുന്നു.

 

 

കുന്നമ്പള്ളി അബൂബക്കര്‍

കുന്നമ്പള്ളി അബൂബക്കര്‍ അനുകരണീയമായ മാതൃകകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്. കൗമാര പ്രായത്തില്‍ തന്നെ പ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ സാധിച്ച അദ്ദേഹത്തിന്റെ പ്രചോദനം പിതാവ്  കുന്നമ്പള്ളി മുഹമ്മദ് കുട്ടി ഹാജി തന്നെയായിരുന്നു.

1970-ല്‍ ഐ.എസ്.എല്‍ രൂപീകൃതമാവുന്നതിനു മുമ്പ് തന്നെ, പ്രാദേശിക തലങ്ങളില്‍ യുവജന കൂട്ടായ്മകള്‍  രൂപപ്പെട്ടുകൊണ്ടിരുന്നപ്പോള്‍, കൊണ്ടോട്ടിയില്‍ അത് സംഘടിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും നേതൃപരമായ പങ്കാണ് വഹിച്ചത്. പ്രസ്ഥാന സന്ദേശം വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച ശുഷ്‌കാന്തി ജീവിതാന്ത്യം വരെ നിലനിര്‍ത്തി.

ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുന്നതിലും, അത് മറ്റുള്ളവരിലേക്ക് പകരുന്നതിലും ചെറുപ്പം മുതലേ നിഷ്ഠ പുലര്‍ത്തി. സാമ്പത്തിക കാര്യങ്ങളിലും ഇതേ നിഷ്ഠ പുലര്‍ത്തുന്നതില്‍ വിജയിച്ചു. ആദ്യകാലങ്ങളിലെ ദരിദ്രാവസ്ഥയിലും പിന്നീട്, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടായ കാലത്തും ഇതില്‍ മാറ്റമുണ്ടായില്ല .

400-ലധികം വരുന്ന തന്റെ ബന്ധുമിത്രാദികളില്‍ അധികപേരും അദ്ദേഹത്തിന്റെ ഔദാര്യശീലം പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിച്ചവരാണ്. നാട്ടുകാരില്‍ മിക്കവര്‍ക്കും ഇക്കാര്യം തന്നെയാണ് ഓര്‍ക്കാനുള്ളത്. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അദ്ദേഹം വല്ലാതെ സ്‌നേഹിച്ചു എന്നതിനാലാണ്, അദ്ദേഹത്തിന്റെ ഔദാര്യം ഇത്രമേല്‍ അവര്‍ക്കനുഭവിക്കാനായത്. പ്രാസ്ഥാനികമായ  ആവശ്യങ്ങളുടെ മുമ്പില്‍ അദ്ദേഹം അല്‍പം ധാരാളി കൂടിയായിരുന്നുവെന്ന് പറയാം. പക്വതയോടെയും പ്രത്യുല്‍പന്നമതിത്വത്തോടെയും  അദ്ദേഹം കുടുംബത്തിന് നേതൃത്വം നല്‍കി. ജീവിതത്തിലൊരു ദിവസമെങ്കിലും 'തൊഴില്‍ രഹിതന്‍' എന്ന അവസ്ഥ അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത വ്യക്തിയായിരുന്ന അദ്ദേഹം.

വിദ്യാര്‍ഥി ജീവിതകാലത്തും, ഹ്രസ്വകാലത്തെ ഹൈസ്‌കൂള്‍ അധ്യാപന കാലത്തും, ഏഴ് വര്‍ഷത്തോളം മധുരയില്‍ കോളേജ് അധ്യാപകനായിരുന്നപ്പോഴും പ്രസ്ഥാനത്തില്‍ നിറസാന്നിധ്യമായിരുന്ന അബൂബക്ര്‍ സാഹിബിന്റെ സേവനം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് 35 വര്‍ഷത്തിലധികം നീണ്ട പ്രവാസ ജീവിതത്തിലായിരുന്നു. സുഊദി അറേബ്യയിലെ യാമ്പൂ, അല്‍ഖോബാര്‍, രിയാദ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്ക് വഹിച്ചത് പ്രവാസി പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ഞങ്ങള്‍ക്ക്, നിരന്തരമായി കിട്ടിക്കൊണ്ടിരുന്ന, പ്രസ്ഥാന പ്രസിദ്ധീകരണങ്ങളുടെ ദീര്‍ഘമായ വരിലിസ്റ്റുകള്‍ (അഡ്രസ്) അദ്ദേഹത്തിന്റ പ്രവാസകാലത്തെ എടുത്തു പറയേണ്ട  സംഭാവനയായിരുന്നു.

2011-ല്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കി, അധികം വൈകാതെ തന്നെ മാരക രോഗത്തിനടിപ്പെട്ടെങ്കിലും, അത് അദ്ദേഹത്തെ മാനസികമായി അല്‍പം പോലും തളര്‍ത്തിയില്ലെന്നു മാത്രമല്ല, രോഗവിവരം അധികമാരെയും അറിയിക്കാതെ, കൂടുതല്‍ ഊര്‍ജസ്വലനാവുകയായിരുന്നു. ചികിത്സാര്‍ഥം ആശുപത്രികളില്‍ കഴിഞ്ഞിരുന്ന നാളുകളില്‍ രോഗികളോടും അവരുടെ ബന്ധുക്കളോടും ആശുപത്രി ജീവനക്കാരോടും എങ്ങനെ പ്രബോധനം നടത്താം എന്നതിനും അദ്ദേഹം മാതൃകയാവുകയുണ്ടായി. സഹധര്‍മിണി ജമീല അദ്ദേഹത്തിന്റെ ശക്തിയും പ്രചോദനവുമായിരുന്നു.

അബ്ദുര്‍റഹ്മാന്‍ കുന്നമ്പള്ളി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌