Prabodhanam Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

വിവേചനങ്ങള്‍ക്കതീതമായ വിശ്വമാനവികത

ഡോ. റാഗിബ് സര്‍ജാനി

ഇസ്‌ലാമിന്റെ കണ്ണില്‍ മനുഷ്യ ജീവന്‍ ഏറെ പവിത്രവും ആദരണീയവുമാണ് ഇതില്‍ ജാതി, മത, വര്‍ഗ, വര്‍ണ  വൈജാത്യങ്ങളൊന്നുമില്ല. സകല മനുഷ്യരുടെയും ജീവന് തുല്യ പ്രാധാന്യമുണ്ട്. ഖുര്‍ആനിലൂടെ അല്ലാഹുതന്നെ വെളിപ്പെടുത്തുന്നത് അതാണ്: ''മനുഷ്യപുത്രന്മാരെ നാം ആദരിച്ചിരിക്കുന്നു. കരയിലും കടലിലും സഞ്ചരിക്കാന്‍ അവര്‍ക്ക് വാഹനങ്ങളൊരുക്കുകയും, ആഹാരമായി മുന്തിയതരം വിഭവങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുന്നു. നാം സൃഷ്ടിച്ചിട്ടുള്ള മറ്റു നിരവധി ജീവജാലങ്ങളേക്കാള്‍ അവര്‍ക്ക് വളരെയേറെ മഹത്വങ്ങള്‍ നാം പ്രദാനം ചെയ്തിട്ടുണ്ട്'' (17:70). ഭൂമിയിലെയും ഉപരിലോകത്തെയും സകല സൗകര്യങ്ങളും അല്ലാഹു മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി സംവിധാനിച്ചിട്ടുള്ളതാണ്. ആര്‍ക്കും അതില്‍ പ്രത്യേകാവകാശമൊന്നുമില്ല. ഇവിടെ ജീവിക്കാനും സഞ്ചരിക്കാനും ഉത്തമ വിഭവങ്ങള്‍ അനുഭവിക്കാനും പൂര്‍ണമായ സ്വാതന്ത്ര്യം ഓരോ മനുഷ്യനും ദൈവംതന്നെ നല്‍കിയിട്ടുണ്ട്. മഹത്തായ ഈ സമത്വവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്, ഇസ്‌ലാം അതിന്റെ മുഴുവന്‍ തത്ത്വങ്ങളും ആവിഷ്‌കരിച്ചിട്ടുള്ളത്.  

സ്വന്തം ജീവിതത്തിലൂടെ മാതൃകാപരമായി ഇസ്‌ലാം പ്രയോഗവല്‍ക്കരിക്കാന്‍ നിയോഗിതനായ മുഹമ്മദ് നബിയുടെ വാക്കുകളും കര്‍മങ്ങളും നിലപാടുകളുമെല്ലാം മാനവ സമൂഹത്തെ ഒന്നായിക്കാണുന്ന തരത്തിലുള്ളത് തന്നെയായിരുന്നു. ഏക മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച പ്രവാചകന്‍, തള്ളിപ്പറഞ്ഞവരോടുപോലും സ്വീകരിച്ച അത്യുത്കൃഷ്ട സമീപനം ലോകം തൊട്ടറിഞ്ഞതാണ്. ഇസ്‌ലാമിക ആദര്‍ശം അംഗീകരിക്കാത്തവരുടെ സാമൂഹികമായ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നടപടിയും നബി(സ) സ്വീകരിച്ചില്ല. വിമര്‍ശിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം എല്ലാ വിഭാഗങ്ങള്‍ക്കും അദ്ദേഹം നല്‍കി. 

മറ്റു വിശ്വാസാചാരങ്ങള്‍ കൊണ്ടുനടക്കുന്നവരുടെ ജീവിതപ്രശ്‌നങ്ങള്‍ അദ്ദേഹം നിസ്സാരമായി കണ്ടില്ല. മതക്കാരെയല്ല, മനുഷ്യരെയാണ് നബി പരിഗണിച്ചത്. എല്ലാ ജനവിഭാഗങ്ങളോടുമായി ഇങ്ങനെ സംസാരിക്കാനാണ് അല്ലാഹുതന്നെ അദ്ദേഹത്തോടാവശ്യപ്പെട്ടത്: ''എല്ലാവരും വരൂ; നമ്മുടെ നാഥന്‍ വിലക്കിയിട്ടുള്ളത് എന്തൊക്കെയാണെന്ന് ഞാന്‍ പറഞ്ഞുതരാം: അവനില്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക; മാതാപിതാക്കളോട് വളരെ നല്ല നിലയില്‍ വര്‍ത്തിക്കുക; ദാരിദ്ര്യത്തിന്റെ പേരില്‍ മക്കളെ വധിക്കാതിരിക്കുക; നിങ്ങള്‍ക്കും അവര്‍ക്കും വിഭവങ്ങള്‍ നല്‍കുന്നത് നാമാണ്; ഒളിഞ്ഞതും തെളിഞ്ഞതുമായ നീചപ്രവൃത്തികളോട് അടുക്കാതിരിക്കുക; അല്ലാഹു ആദരിച്ച ജീവന്‍ അന്യായമായി ഹനിക്കാതിരിക്കുക; ചിന്തിച്ചു ഗ്രഹിക്കാന്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദേങ്ങളാണ് ഇവയെല്ലാം.' ഉത്തമമായ രീതിയില്‍ മാത്രമേ അനാഥയുടെ സ്വത്തുമായി അടുക്കാവൂ, അതും അവന്‍ കാര്യപ്രാപ്തി നേടുംവരെ മതി.''

''അളവുതൂക്കങ്ങളില്‍ നീതിപൂര്‍വം തികവ് വരുത്തുക; കഴിവിനപ്പുറം നാമാര്‍ക്കും ബാധ്യത ചുമത്തുകയില്ല; സംസാരിക്കുമ്പോള്‍ നീതി പാലിക്കുക; അത് ഏറ്റം അടുത്ത കുടുംബക്കാരന്റെ കാര്യത്തിലായാല്‍ പോലും. അല്ലാഹുവുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ പൂര്‍ത്തീകരിക്കുക; കാര്യബോധമുള്ളവരായി മാറാന്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കുന്ന ഉപദേശങ്ങളാണിത്.''  

''സംശയിക്കേണ്ട, ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍, നിങ്ങളിത് പിന്തുടരുക; ഇതര മാര്‍ഗങ്ങളൊന്നും അവലംബിക്കാതിരിക്കുക; അവയൊക്കെ അല്ലാഹുവിന്റെ നേര്‍പാതയില്‍നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മതയും അച്ചടക്കവുമുള്ള ജീവിതം നയിക്കാന്‍ അല്ലാഹു നല്‍കുന്ന നിര്‍ദേശങ്ങളാണിത്'' (ഖുര്‍ആന്‍ 6:151-153). 

അത്യുത്തമങ്ങളായ ഈ സാരോപദേശങ്ങള്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല, വിവിധ മതങ്ങളില്‍  വിശ്വസിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും പൊതുവിലുള്ളതാണ്. സമൂഹത്തിലെ എല്ലാവരുടെയും അവകാശബാധ്യതകള്‍ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഖുര്‍ആന്‍ ചെയ്യുന്നത്. അനീതിയുടെ അംശലേശം പോലും നീതിമാനായ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നശ്വരമായ ഈ ലോകത്ത് മാത്രമല്ല, ശാശ്വതമായ പരലോകജീവിതത്തിലും ഒരാളും അനീതിക്ക് വിധേയനാവാന്‍ പാടുള്ളതല്ല. ''ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ നാം കൃത്യതയുള്ള ത്രാസ്സുകള്‍ സ്ഥാപിക്കും. ആരോടും അല്‍പംപോലും അനീതി കാണിക്കില്ല.  കര്‍മം കടുകുമണിയോളമാണെങ്കിലും നാം വിലയിരുത്തും. കണക്കു പരിശോധിക്കാന്‍ നാം തന്നെ മതിയല്ലോ''(ഖുര്‍ആന്‍ 21:47).

ഒരാള്‍ മുസ്‌ലിമോ ഹിന്ദുവോ ക്രൈസ്തവനോ ജൂതനോ മതമില്ലാത്തവനോ ആരുതന്നെയായാലും പരലോകത്തെ ഭാവിജീവിതത്തില്‍ ഒരുതരത്തിലുള്ള അനീതിക്കും വിധേയനാവില്ലെന്നര്‍ഥം. മനുഷ്യര്‍ക്കിടയില്‍ അക്രമവും അനീതിയും നടമാടുന്നത് ദൈവത്തെ കോപിഷ്ടനാക്കും. ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത തനിക്കുപോലും, അല്ലാഹു അനീതി വിലക്കിയിരിക്കുന്നു. അവന്‍ അരുളിയതായി ദൈവദൂതന്‍ വെളിപ്പെടുത്തിയതിങ്ങനെയാണ്: ''പ്രിയദാസന്മാരേ; അനീതി ഞാനെനിക്കുപോലും വിലക്കിയിരിക്കുകയാണ്. നിങ്ങള്‍ക്കിടയിലാകട്ടെ, ഞാനത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അതിനാല്‍, ഒരാളും മറ്റുള്ളവരോട് അനീതി കാട്ടാന്‍ പാടുള്ളതല്ല'' (മുസ്‌ലിം).

ഇതാണ് ഇസ്‌ലാമിന്റെ, എല്ലാ മനുഷ്യരെയും മനുഷ്യരായി കാണുന്ന മാനവികവീക്ഷണം.     സാധാരണക്കാരനായ ഒരു ജൂതന്റെ മൃതദേഹം കൊണ്ടുപോവുന്നത് കണ്ട നബി കാഴ്ചവെച്ച, മനുഷ്യത്വത്തെ മാനിക്കുന്ന നിലപാടിനെ മാതൃകയാക്കിയ, അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാര്‍ക്കുണ്ടായ അനുഭവം പറയാം: ഖൈസുബ്‌നു സഅ്ദും സഹ്‌ലുബ്‌നു ഹുനൈഫും ഖാദിസിയ്യയിലെ പോരാട്ടഭൂമിയില്‍ ഒരിടത്ത് ഇരിക്കുകയായിരുന്നു. അവരുടെ അരികിലൂടെ ഒരു ശവശരീരം കൊണ്ടുപോയി. ഇരുവരും പെട്ടെന്നെഴുന്നേറ്റുനിന്നു. ഇതു കണ്ട മറ്റൊരാള്‍ പറഞ്ഞു: ''ഇത് ഇന്നാട്ടിലെ അഗ്നിപൂജകന്റെ മൃതദേഹമാണ്.'' അവരിരുവരും പ്രതികരിച്ചതിങ്ങനെ: ''ഒരിക്കല്‍ പ്രവാചക തിരുമേനിയുടെ മുന്നിലൂടെ ഒരു മൃതശരീരം കൊണ്ടുപോയപ്പോള്‍ അദ്ദേഹം ആദരപൂര്‍വം എഴുന്നേറ്റുനിന്നിരുന്നു. 'അത് ജൂതന്റെ ശവമല്ലേ'യെന്ന് ആരോ പറഞ്ഞപ്പോള്‍,  നബി തിരിച്ചു ചോദിച്ചതിങ്ങനെയാണ്: അദ്ദേഹവും ഒരു മനുഷ്യനല്ലേ?'' (ബുഖാരി). 

മനുഷ്യജീവനോടുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ബോധ്യപ്പെടുത്തുന്ന, ഏറെ ഹൃദയാവര്‍ജകമായ സംഭവങ്ങളിലൊന്നാണിത്. ജൂതന്മാര്‍ നബിയെയും അനുയായികളെയും പരമാവധി ഉപദ്രവിക്കുകയും ഉപരോധിക്കുകയും ചെയ്തുകൊണ്ടിരുന്ന നാളുകളിലാണീ സംഭവം എന്നോര്‍ക്കണം. 

മദീനയുടെ രാഷ്ട്രനായകന്‍ എന്ന നിലയില്‍ താന്‍ മുന്നോട്ടുവെച്ച സമന്വയസിദ്ധാന്തം തള്ളിക്കളയുക മാത്രമല്ല, തനിക്കെതിരെ നിരന്തരമായി ഉ•ൂലനതന്ത്രങ്ങള്‍ മെനയുകയും നിത്യശല്യമായി മാറുകയും ചെയ്ത ജൂതസമുദായത്തിലെ ഒരു സാധാരണക്കാരന്റെ ശവശരീരത്തെപ്പോലും ആദരിക്കുകവഴി, മുഹമ്മദ് നബി കാണിച്ച മനുഷ്യസ്‌നേഹത്തിന്റെ മായാത്ത ചിത്രം ചരിത്രത്തില്‍ എന്നും ഒളിമങ്ങാതെ കിടക്കും. ഇതര മതസ്ഥരോട് 'ആദരവ് കാട്ടുന്ന' ഒരു  കപടപ്രകടനമായിരുന്നില്ല ഇത്. കാരണം, ആ മൃതദേഹം കണ്ണില്‍നിന്ന് മറയുംവരെ ദീര്‍ഘനേരം അദ്ദേഹവും അനുയായികളും ആദരപൂര്‍വം നില്‍ക്കുകയായിരുന്നുവെന്ന് ഈ രംഗം കണ്ടുനിന്ന ജാബിറുബ്‌നു അബ്ദില്ല വെളിപ്പെടുത്തിയതായി ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ മതവിശ്വാസികള്‍ക്കിടയില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ഒരു വിഷയത്തിലും മുഴുവന്‍ മനുഷ്യരും  ഏകാഭിപ്രായം സ്വീകരിക്കില്ല. ദൈവവിശ്വാസത്തിന്റെ കാര്യവും അങ്ങനെത്തന്നെ. ഇക്കാര്യം തന്റെ ദൂതനെ ബോധ്യപ്പെടുത്താന്‍ അല്ലാഹു പറഞ്ഞു: ''നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കിയേനെ. അവര്‍ എക്കാലത്തും ഇതേപോലെ ഭിന്നാഭിപ്രായത്തിലായിരിക്കും'' (11:118). മറ്റൊരു കാര്യം കൂടിയുണ്ട്. പരലോകത്ത് മനുഷ്യരെ പല വിഭാഗങ്ങളാക്കി തിരിക്കാനുള്ള അധികാരം ദൈവത്തിന് മാത്രമുള്ളതാണ് എന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. അതിനാല്‍, തന്നെ അംഗീകരീക്കുകയോ തള്ളിക്കളയുകയോ ചെയ്യാനുള്ള പൂര്‍ണസ്വാതന്ത്ര്യം ദൈവംതന്നെ ഓരോ മനുഷ്യനും നല്‍കിയിരിക്കുന്നു. ഈ അപാരമായ സ്വാതന്ത്ര്യം കാരണമായി വന്നുചേരുന്ന വലിയ ഉത്തരവാദിത്തവും അവനവന്‍തന്നെ ഏറ്റെടുക്കണമെന്നുമാത്രം. 

സ്വയം തെരഞ്ഞെടുക്കാന്‍ ദൈവം നല്‍കിയ ഈ സ്വാതന്ത്ര്യം ഓരോരുത്തരും മറ്റുള്ളവര്‍ക്ക് വകവെച്ചുകൊടുക്കുകയാണ് വേണ്ടത്. മതം മാറാന്‍    മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നത്   അല്ലാഹു വെറുക്കുന്നു. അവന്‍ തന്റെ ദൂതനോട് ചോദിക്കുന്നതിതാണ്: ''നിന്റെ നാഥന്‍   ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഭൂമുഖത്തെ  മൂഴുവനാളുകളും സത്യവിശ്വാസികളായി മാറിയേനെ.  പിന്നെ,   നീയായിട്ടെന്തിന് ജനങ്ങളാകെ  വിശ്വാസികളായി മാറാന്‍ നിര്‍ബന്ധം പിടിക്കണം?''(10.99). ഇസ്‌ലാമികസമൂഹത്തിന് ഒറ്റക്കാര്യമേ  ചെയ്യാനുള്ളൂ. തങ്ങള്‍ക്ക് പരമസത്യമെന്ന് പൂര്‍ണമായും ബോധ്യപ്പെട്ട സംഗതികള്‍ ഗുണകാംക്ഷയോടെ, സ്‌നേഹപൂര്‍വം, ശാന്തമായ അന്തരീക്ഷത്തില്‍, ഉത്കൃഷ്ടമായ ശൈലിയില്‍, ബോധ്യപ്പെടുംവിധം പ്രിയപ്പെട്ട സഹജീവികള്‍ക്കുകൂടി പരിചയപ്പെടുത്തിക്കൊടുക്കുക. പരസ്പര സ്‌നേഹത്തിന്റെയും കാരുണ്യബോധത്തിന്റെയും നിസ്വാര്‍ഥതയുടെയും ഗുണകാംക്ഷയുടെയുമൊക്കെ അടയാളമാണത്. നിഷ്‌കളങ്കമായ ഈ വലിയ സേവനപ്രവര്‍ത്തനത്തിന്റെ ഇഹപരനേട്ടം മഹത്താണ്.  

പൊതുസമൂഹം ഇക്കാര്യങ്ങള്‍ അംഗീകരിച്ചാലുമില്ലെങ്കിലും പ്രബോധകരുടെ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുന്നതാണ്. ഓര്‍മിപ്പിക്കുന്ന സത്യങ്ങള്‍ സമൂഹം ഉള്‍ക്കൊള്ളാത്തതിന്റെ പേരില്‍ പ്രബോധകര്‍ വിചാരണക്ക് വിധേയരാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതല്ല. അല്ലാഹു പറയുന്നു: ''നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍, അവരോട് പറഞ്ഞേക്കുക: നിങ്ങളുടെ കര്‍മങ്ങളൊക്കെയും അല്ലാഹു നന്നായി അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളിലെല്ലാം ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ അല്ലാഹുതന്നെ വിധി തീര്‍പ്പാക്കിക്കൊള്ളും'' (22: 68,69).

പ്രപഞ്ചനാഥന്‍ ഓരോ വ്യക്തിക്കും പ്രത്യേകമായി നല്‍കിയിട്ടുള്ള ആദരവും അന്തസ്സും പരിഗണിച്ചുകൊണ്ടുതന്നെയാണ്, അവന്റെ തന്നെ ദര്‍ശനമായ ഇസ്‌ലാമും മനുഷ്യനെ വീക്ഷിക്കുന്നത്.  നീതി, കാരുണ്യം, സ്‌നേഹം, ദയ, സഹിഷ്ണുത, പരസ്പരബഹുമാനം തുടങ്ങിയ ഉത്കൃഷ്ടമൂല്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന സാമൂഹിക നിയമങ്ങളെല്ലാം ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുള്ളത് മുഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനപ്പെടുംവിധത്തിലാണ്. മതം തിരിച്ചുള്ള മൂല്യസങ്കല്‍പ്പങ്ങള്‍ ഇസ്‌ലാമിന്  അന്യമാണ്. മനുഷ്യര്‍ക്കിടയില്‍ ഒരു വിധത്തിലുള്ള  തരംതിരിവും അത് അംഗീകരിക്കുന്നില്ല. ഖുര്‍ആന്‍ ഒരിടത്തും  മനുഷ്യരെ മതാടിസ്ഥാനത്തില്‍ വര്‍ഗീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ജൂതന്മാര്‍  തങ്ങളുടെ വേദഗ്രന്ഥമായ തോറയില്‍ കൃത്രിമങ്ങള്‍ കാട്ടി ജനങ്ങളെ വര്‍ഗീകരിക്കുകയായിരുന്നു. 'ജൂതരോട്   മാത്രം നല്ല രീതിയില്‍   പെരുമാറിയാല്‍ മതി, ശിക്ഷാനടപടികള്‍ ഇതര ജനവിഭാഗങ്ങള്‍ക്കെതിരെയാണ് സ്വീകരിക്കേണ്ടത്'  എന്നതായിരുന്നു അവരുടെ നിലപാട്.

എന്നാല്‍, മുസ്‌ലിംകളോടുമാത്രം  ദയകാണിക്കുന്നവന്‍ മുസ്‌ലിമാകില്ല എന്ന വീക്ഷണമാണ് ഇസ്‌ലാമിനുള്ളത്. 'ലോകര്‍ക്കൊന്നടങ്കം കാരുണ്യമായിട്ടല്ലാതെ നിന്നെ നാമയച്ചിട്ടില്ല'(21:107) എന്ന് അല്ലാഹു പ്രവാചകനോട് പറയുന്നത് അദ്ദേഹം മാനവസമൂഹത്തിന്റെ  പൊതു സ്വത്തായതുകൊണ്ടാണ്.   ഖുര്‍ആന്റെ കണ്ണില്‍,  അല്ലാഹുവും  പ്രവാചകനും ഇസ്‌ലാമും കഅ്ബയും  മുസ്‌ലിംകളുമെല്ലാം, വായുവും  വെള്ളവും പോലെത്തന്നെ എല്ലാവര്‍ക്കുമുള്ളതാണ്. അതിനാല്‍ മത, ജാതി, വര്‍ണ വിഭാഗീയതകള്‍ക്കതീതമായി   മനുഷ്യര്‍ക്കാകമാനം കാരുണ്യമായി  മാറാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. മനുഷ്യരെല്ലാം ഒന്നാണ്; ഒരേ ദൈവത്തിന്റെ ദാസ•ാരാണ്;   ഒരേ മാതാപിതാക്കളുടെ മക്കളാണ് എന്നാണ് ഖുര്‍ആന്റെ വീക്ഷണം.

''മാനവ സമൂഹമേ; നാം നിങ്ങളെയെല്ലാവരെയും ഒരൊറ്റ ആണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ വ്യത്യസ്ത വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നത് അന്യോന്യം തിരിച്ചറിയാന്‍വേണ്ടി മാത്രമാണ്. ദൈവസന്നിധിയില്‍ ഏറ്റം ആദരണീയന്‍, നിങ്ങളില്‍ ഏറ്റം ധാര്‍മികബോധം കാത്തുസൂക്ഷിക്കുന്നവനാണ്. അല്ലാഹുവാകട്ടെ,  സര്‍വജ്ഞനും സൂക്ഷ്മജ്ഞനും തന്നെയാണ്'' (49:13). ഭൂമിയിലെ മുഴുവന്‍ വിഭവങ്ങളും എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. അതില്‍ വിശ്വാസികളും അവിശ്വാസികളും തുല്യരാണ്. അല്ലാഹു പറയുന്നു: ''ശ്രദ്ധിച്ചില്ലേ, അല്ലാഹു നിങ്ങള്‍ക്ക് ഈ ഭൂമിയിലുള്ളതൊക്കെയും അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അതുപോലെത്തന്നെ, അവന്റെ ആജ്ഞാനുസാരം, സമുദ്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലിനെയും. തന്റെ അനുമതി കൂടാതെ ഭൂമിക്കുമേല്‍ പതിക്കാതിരിക്കുന്നതിന് വാനലോകത്തെ പിടിച്ചുനിര്‍ത്തുന്നതും അവന്‍ തന്നെ. മനുഷ്യരോട് ഏറ്റം കൃപയുള്ളവനും അളവറ്റ ദയാപരനും തന്നെയാണ് അല്ലാഹു'' (22:65). അല്ലാഹു വാനവും ഭൂമിയും കടലും കരയും അടക്കമുള്ള പ്രപഞ്ചത്തിലെ സകലതും അധീനപ്പെടുത്തിക്കൊടുക്കുക മാത്രമല്ല, തന്റെ മുഴുവന്‍ ദാസന്മാര്‍ക്കും കാരുണ്യവും സ്‌നേഹവും വാരിക്കോരി ചൊരിഞ്ഞുകൊണ്ടിരിക്കുക കൂടി ചെയ്യുന്നുണ്ടെന്നാണ് ഇതിനര്‍ഥം. മാനവ സമൂഹത്തിന് മാപ്പുനല്‍കുന്ന കാര്യത്തിലും ദൈവത്തിന് തീരെ പക്ഷപാതിത്വമില്ല. ''നാഥന്റെ പ്രത്യേക പാപമോചനവും പ്രപഞ്ചത്തോളം പ്രവിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങളെല്ലാവരും ധൃതിയില്‍ മുന്നോട്ടുവരുവിന്‍. ധാര്‍മികബോധത്തോടെ ജീവിക്കുന്നവര്‍ക്കായി പ്രത്യേകം തയാറാക്കപ്പെട്ടതാണ് ഈ സ്വര്‍ഗം.'' ''അതായത്, ധന്യതയിലും ദാരിദ്ര്യത്തിലും മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം സമ്പത്ത് ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരും എല്ലാവരോടും വിട്ടുവീഴ്ച കാണിക്കുന്നവരുമായ ഈ സദ്കര്‍മികളെ അല്ലാഹു അത്യധികം സ്‌നേഹിക്കുന്നു'' (3:133,134). സത്യവിശ്വാസികളെ മാത്രമല്ല, മുഴുവന്‍ മനുഷ്യരെയും   ഉള്‍ക്കൊള്ളുന്ന     പൊതുമാപ്പിനെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 

ചുരുക്കത്തില്‍, അല്ലാഹു ഖുര്‍ആന്‍ മുഖേന നിര്‍ദേശിച്ചിട്ടുള്ള നീതി, മുസ്‌ലിംകള്‍ക്ക് മാത്രം ലഭ്യമാകേണ്ടതല്ല. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് പ്രത്യേകമായി സംവരണം ചെയ്യപ്പെട്ടതുമല്ല. അത് ദൈവനിഷേധികളും മതവിരോധികളുമടക്കമുള്ള സകല മനുഷ്യര്‍ക്കും ഒരുപോലെ പൊതുവായി അവകാശപ്പെട്ടതാണ്.  സാമൂഹികനീതി എല്ലാവര്‍ക്കും ലഭിക്കുന്നതിനുള്ള പ്രയത്‌നങ്ങളുടെ മുന്നില്‍ നില്‍ക്കേണ്ടത് മുസ്‌ലിംകള്‍ തന്നെയാണ്. അല്ലാഹു മുസ്‌ലിംകള്‍ക്ക് നല്‍കുന്ന നിര്‍ദേശം ശ്രദ്ധിക്കുക: ''സത്യവിശ്വാസികളേ, അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരാകുവിന്‍. ഒരു ജനതയോടുള്ള വിരോധം, അവരില്‍ നീതി നടപ്പാക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. കണിശമായും നീതി പാലിക്കുകയാണ് വേണ്ടത്.  അതാണ് ധാര്‍മികതക്ക് ഏറ്റം അനുയോജ്യമായ സമീപനം. അതിനാല്‍, അല്ലാഹുവില്‍ ജാഗ്രത പുലര്‍ത്തുവിന്‍. അവന്‍ നിങ്ങളുടെ ചെയ്തികളെല്ലാം വളരെ സൂക്ഷ്മമായിത്തന്നെ അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്'' (5:8). സാമൂഹികനീതിയുടെ ഈ ഉത്കൃഷ്ട വീക്ഷണമാണ് പ്രവാചകതിരുമേനിയുടെ ജീവിതത്തില്‍ നാം കാണുന്നത്. ഓരോ ഘട്ടത്തിലും സാമൂഹിക നീതിക്കുവേണ്ടി അദ്ദേഹം വാശിയോടെ നിലകൊണ്ടു. വിരുദ്ധാശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഇതര ജനവിഭാഗങ്ങള്‍ക്കുവേണ്ടി നീതിയുടെ പക്ഷത്തുനിന്ന്  അദ്ദേഹം വാദിച്ചു. ലോകത്തെങ്ങും അനീതിയും സ്വജനപക്ഷപാതിത്വവും കൊടികുത്തിവാണ കരാളകാലമായിരുന്നു അത്. പരമത നിന്ദയുടെ വിദ്വേഷവിഷം ചീറ്റുന്ന മതഗ്രന്ഥങ്ങള്‍ ലോകത്തെ നയിച്ചിരുന്ന കാലത്താണ് ഇസ്‌ലാമിക സംസ്‌കൃതിയുടെ മനുഷ്യത്വപരവും പരമത സ്‌നോഹത്തിലധിഷ്ടിതവുമായ ഉത്തമമൂല്യങ്ങള്‍ പ്രയോഗവല്‍ക്കരിക്കാന്‍ നബിതിരുമേനി നിയോഗിതനായത്. 

മതങ്ങള്‍ക്കിടയിലെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞ് അംഗീകരിക്കുന്ന വിശാലമായ വീക്ഷണമാണ് ഇസ്‌ലാമിന്റേത്. സകല മനുഷ്യരെയും സമത്വത്തിന്റെ ഒറ്റനൂലില്‍ കോര്‍ത്തിണക്കുന്ന ഇസ്‌ലാമിനെ മറ്റാരെയും അറിയിക്കാതെ മുസ്‌ലിംകള്‍ ഒളിച്ചിരുന്ന് ഉള്‍ക്കൊണ്ടാല്‍ മതി എന്നല്ല ഖുര്‍ആന്‍ പറയുന്നത്. ഇസ്‌ലാം മുഴുവന്‍ മനുഷ്യരുടെയും പൊതുസ്വത്താണ്. അത് എല്ലാ വിഭാഗമാളുകള്‍ക്കും സമര്‍പ്പിക്കണമെന്നാണ്, ഗുണകാംക്ഷ കാത്തുസൂക്ഷിക്കേണ്ട സമൂഹമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ നല്‍കുന്ന നിര്‍ദേശം അക്ഷരംപ്രതി പാലിക്കണമെന്നാണ് ദൈവദൂതന്‍ ആഗ്രഹിച്ചത്. തന്നോടും താന്‍ കൊണ്ടുവന്ന ദൈവികദര്‍ശനത്തോടും കൊടിയ ശത്രുതയും കടുത്ത വെറുപ്പും പ്രകടിപ്പിക്കുന്നവരുടെ ക്രൂരപീഡനങ്ങള്‍ ധീരമായി ഏറ്റുവാങ്ങുമ്പോള്‍ പോലും അദ്ദേഹം കൊതിച്ചത്, ഇസ്‌ലാമിന്റെ തൂവെളിച്ചം അവരുടെ ഹൃദയങ്ങള്‍ക്കകത്ത് പ്രകാശിപ്പിക്കണമെന്നായിരുന്നു. 

പ്രവാചകനെയും ഇസ്‌ലാമിനെയും  നിഷ്‌കാസനം ചെയ്യാന്‍ നേതൃത്വം കൊടുത്ത രണ്ട് കൊടിയ ശത്രുക്കളായിരുന്നല്ലോ അബൂജഹ്‌ലും ഉമറുബ്‌നുല്‍ ഖത്ത്വാബും. നബിയെ വധിക്കാന്‍ ഊരിപ്പിടിച്ച വാളുമായിറങ്ങിയ ഉമര്‍ അദ്ദേഹത്തിന്റെ അരുമശിഷ്യനായി തിരിച്ചെത്തുന്നതാണ്  അടുത്ത ദിവസം ലോകം കണ്ടത്. ദൈവപാതയില്‍ അണിചേരാന്‍ ശ്രമിച്ച ദൈവദാസന്മാരെ നീണ്ട കാലം തടയുകയും, ഇസ്‌ലാമാശ്ലേഷിച്ചവരെ ക്രൂരപീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്ത കൊടിയ ശത്രുക്കളോടുപോലും പ്രതികാരനടപടികള്‍ സ്വീകരിക്കുകയല്ല നബി ചെയ്തത്. 

മനുഷ്യസ്‌നേഹത്തിന്റ ആള്‍രൂപമായിരുന്ന അദ്ദേഹത്തിന് ഒരിക്കല്‍പോലും അതിന് കഴിയുമായിരുന്നില്ല. മദീനാ രാഷ്ട്രത്തിന്റെ പ്രഥമ പൗരനെന്ന അധികാരം കൈയില്‍വന്ന ഘട്ടത്തില്‍ നബി എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കുകയും മുഴുവന്‍ മതവിഭാഗങ്ങള്‍ക്കും ഒന്നിച്ചുജീവിക്കാന്‍ കഴിയുന്ന അത്യപൂര്‍വമായൊരു സാഹചര്യം സൃഷ്ടിക്കുകയുമായിരുന്നു.

അദ്ദേഹം ചിന്തിച്ചത് മറ്റൊന്നായിരുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളാണവര്‍. വഴികാട്ടിയെ തേടുന്ന ഹതഭാഗ്യരും അസ്വസ്ഥരുമാണവര്‍. അവര്‍ക്ക് സന്മാര്‍ഗദര്‍ശനവും അന്തസ്സും വിജയവും പ്രദാനം ചെയ്യേണമേയെന്ന് അദ്ദേഹം അല്ലാഹുവോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളോടും ഒരുപോലെ സ്‌നേഹസമ്പന്നമായ പെരുമാറ്റവും ഇടപെടലുകളിലെ നിഷ്‌കപടതയും സംസാരത്തിലെ സത്യസന്ധതയും ദൈവദൂതന്റെ നിത്യഭാവങ്ങളായിരുന്നു.  ഇസ്‌ലാമിന്റെ സന്ദേശം ലഭിക്കാത്ത ഓരോ വ്യക്തിക്കും അത് സമര്‍പ്പിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ബഹുദൈവവിശ്വാസികള്‍, ജൂത-ക്രൈസ്തവര്‍, അഗ്നിപൂജകര്‍, ദൈവനിഷേധികള്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങള്‍ക്കു മുന്നില്‍ സമത്വത്തിന്റെ ഇസ്‌ലാമികസംസ്‌കൃതി അവതരിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ നബി, ഏതെങ്കിലും വ്യക്തിയോ സമൂഹമോ അത് നിരസിക്കുമ്പോള്‍ ഏറെ അസ്വസ്ഥപ്പെട്ടിരുന്നു. അത്തരം ഘട്ടങ്ങളില്‍ അല്ലാഹു ഇടപെട്ട്  അദ്ദേഹത്തോട് ചോദിക്കുന്നത് ഖുര്‍ആനില്‍ കാണാം:

''ഇവര്‍ സത്യസന്ദേശം ഉള്‍ക്കൊള്ളുന്നില്ലല്ലോ എന്നോര്‍ത്ത് നീ സ്വയം നശിപ്പിച്ചേക്കുമോ?'' (26:3). ''എന്നാല്‍, സ്വന്തം ദുഷ്‌ചെയ്തികള്‍ ചേതോഹരമായി തോന്നുകയും അവ തന്നെയാണ് ഉത്തമമെന്ന് ധരിക്കുകയും ചെയ്യുന്നവരുടെ സ്ഥിതിയോ, സംശയം വേണ്ട, അല്ലാഹു താനുദ്ദേശിക്കുന്നവരെ വഴികേടിലാക്കുക തന്നെ ചെയ്യും. അവനിഛിക്കുന്നവര്‍ക്ക് ശരിയായ മാര്‍ഗദര്‍ശനവും നല്‍കും. അതിനാല്‍, അവരെക്കുറിച്ചോര്‍ത്ത് നീ ജീവന്‍ കളയുകയൊന്നും വേണ്ട. അവരുടെ ചെയ്തികളെക്കുറിച്ച് വളരെ നന്നായി അറിയുന്നവന്‍ തന്നെയാണ് അല്ലാഹു'' (35:8).

നിരവധിയാളുകള്‍ ഇസ്‌ലാമംഗീകരിക്കാതെ മാറിനില്‍ക്കുന്നതുകണ്ട് കഠിനമായ മനഃക്ലേശമനുഭവിക്കുമ്പോഴും, ഇസ്‌ലാം അംഗീകരിക്കാന്‍ ഒരാളിലും അദ്ദേഹം സമ്മര്‍ദം ചെലുത്തിയില്ല. 'മതത്തില്‍ നിര്‍ബന്ധം പാടില്ല' (2:256) എന്ന ദൈവികനിര്‍ദേശം കര്‍ശനമായിത്തന്നെ അദ്ദേഹം പാലിക്കുകയായിരുന്നു. ബലാല്‍ക്കാരത്തിന്റെയോ കീഴടക്കലിന്റെയോ അല്ല, ദയാവായ്പിന്റെയും മാനവൈക്യത്തിന്റെയും ശൈലിയാണ് നബിതിരുമേനി ഏത് ജീവിതസാഹചര്യത്തിലും കാഴ്ചവെച്ചത്. ഇത് അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ചു തന്നെയായിരുന്നു. 

മൊഴിമാറ്റം: അബ്ദുല്‍ അസീസ് പുതിയങ്ങാടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍