Prabodhanam Weekly

Pages

Search

2017 നവംബര്‍ 03

3024

1439 സഫര്‍ 14

നാനാതരം ആവിഷ്‌കാരങ്ങളെ ഭയക്കുന്നതെന്തിന്?

എം.ഐ അബ്ദുല്‍ അസീസ് (JIH കേരള അമീര്‍)

അനുക്രമം വികസിക്കുന്നതാണ് മനുഷ്യബുദ്ധി. ഇതര സൃഷ്ടിജാലങ്ങളില്‍ കാണുന്ന പോലെ അത് സ്തംഭിച്ചു നില്‍ക്കുകയല്ല ചെയ്യുന്നത്. പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും അത് തേടിക്കൊണ്ടേയിരിക്കും. ഈ നിലപാടുമാറ്റത്തെ പരിഷ്‌കൃത ജനപഥങ്ങളൊക്കെയും അംഗീകരിക്കുന്നതും അതുകൊണ്ടുതന്നെ. മനുഷ്യജീവിതത്തിന്റെ നാനാതരം ആവിഷ്‌കാരങ്ങളെ നിരാകരിക്കാന്‍ ആര്‍ക്കാണാവുക?

ഇസ്‌ലാം ഒരു ആദര്‍ശമാണ്, കാഴ്ചപ്പാടാണ്. പ്രപഞ്ചത്തെയും മനുഷ്യനെയും ദൈവത്തെയും സംബന്ധിച്ച സവിശേഷ കാഴ്ചപ്പാടാണ് അത് മുന്നോട്ടുവെക്കുന്നത്. മനുഷ്യബുദ്ധിയുടെ  അന്വേഷണ പഥങ്ങളില്‍ ഇസ്‌ലാം കടന്നുവരുന്നുവെങ്കില്‍ അതിലെന്താണിത്ര പരിഭ്രമിക്കാന്‍; ഇസ്‌ലാം സംവാദ വിവാദങ്ങളുടെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന ഇക്കാലത്ത് വിശേഷിച്ചും? അതുകൊണ്ട് മതം മാറാനുള്ള അവകാശത്തെ നിരാകരിക്കുന്നവര്‍ മനുഷ്യവിരുദ്ധതയുടെ രക്ഷാകര്‍ത്താക്കളാണ്. മനുഷ്യത്വത്തെയാണവര്‍ ഇരുട്ടറകളില്‍ തളക്കുന്നതും മയക്കുമുരുന്നു നല്‍കി ബോധം കെടുത്തുന്നതും.

മതപ്രബോധനം മുസ്‌ലിം സമുദായത്തിന്റെ ചുമതലയാണ്, പിന്മടക്കമില്ലാത്ത ദൗത്യം. ഭീഷണികള്‍ക്കും പ്രതിസന്ധികള്‍ക്കും മുന്നില്‍ നിര്‍ത്തിവെക്കാനുള്ളതല്ല ഇസ്‌ലാമിക പ്രബോധനം. കാരണം, ഇസ്‌ലാമിന്റെ പ്രബോധനം അടിസ്ഥാനപരമായി മനുഷ്യസ്‌നേഹമാണ്, കാരുണ്യമാണ്. മറ്റുള്ളവരെ സ്വന്തത്തിലേക്ക് ചേര്‍ത്തുപിടിക്കലാണ്. അതാരോടുമുള്ള വെറുപ്പോ വിദ്വേഷമോ അല്ല. ഗുണകാംക്ഷയാണ്. സത്യത്തിന്റെയും സൗഭാഗ്യത്തിന്റെയും അന്തിമ വിജയത്തിലേക്കുള്ള തന്റെ പ്രയാണത്തോടൊപ്പം കൂട്ടുചേരാനുള്ള ഹൃദയപൂര്‍വമുള്ള ക്ഷണമാണ്. അതിനോളം പുണ്യമുള്ള മറ്റൊരു കാര്യവുമില്ല. ''അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും, ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവന്റെ വചനത്തേക്കള്‍ ഉത്കൃഷ്ടമായ വചനം ആരുടേതാണ്'' (ഖുര്‍ആന്‍: 41:33).

മതമാചരിക്കാനും മതപ്രബോധനം നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. കാലാകാലങ്ങളില്‍ ഈ പൗരാവകാശത്തിനു മേല്‍ ഉായേക്കാവുന്ന ഭീഷണികളെക്കുറിച്ച് രാജ്യത്തെ കോടതികള്‍ ഉയര്‍ത്തിയിട്ടുള്ള ആശങ്കകളേക്കാള്‍ മികച്ച കരുതലുകള്‍ ഇസ്‌ലാം തന്നെയും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രലോഭനത്തിന്റെയോ പ്രീണനത്തിന്റെയോ പ്രകോപനത്തിന്റെയോ കുറുക്കുവഴികള്‍ അതിനില്ല. ഒരാളുടെയും ദൗര്‍ബല്യത്തെ മുതലെടുക്കാനുള്ള പദ്ധതിയുമല്ല അത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഇസ്‌ലാം നിരാകരിക്കുന്നു. 'ദീനില്‍ ബലപ്രയോഗമില്ല' (ഖുര്‍ആന്‍ 2:256).  ഒരിടത്തും ഒരു പ്രവാചകനും തന്റെ സമൂഹത്തിന് അപരിചിതനായിരുന്നില്ല. സുപരിചിതരായ നാട്ടുകാരോട്, നാട്ടുകാരുടെ സാക്ഷ്യപത്രത്തോടെയാണ് പ്രവാചകന്മാര്‍ ഇസ്‌ലാമിക ദഅ്‌വത്ത് നിര്‍വഹിച്ചത്. തികവാര്‍ന്ന തത്ത്വദീക്ഷയും സദുപദേശവുമാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ കാതല്‍. ബുദ്ധിയോടും ചിന്തയോടുമാണ് ഇസ്‌ലാം സംവദിക്കുന്നത്.

പ്രണയം ദഅ്‌വത്തിന്റെ മാര്‍ഗമല്ല. മതപ്രബോധനത്തെ അപഹസിക്കാനാണ് ലൗ ജിഹാദ് ഉയര്‍ത്തിക്കൊണ്ടുവന്നത്. പ്രണയം ഇസ്‌ലാമിലേക്കുള്ള കടന്നുവരവിന്റെ അടിസ്ഥാനവുമല്ല. ഭൗതിക താല്‍പര്യങ്ങളില്ലാത്ത മനഃപരിവര്‍ത്തനത്തിലേ ഇസ്‌ലാമിന് താല്‍പര്യമുള്ളൂ.

ഇസ്‌ലാമിലെ മതപ്രബോധനം പ്രഥമമായി ജീവിതാവിഷ്‌കാരമാണ്. ഇസ്‌ലാമിക ചിട്ടയോടെയുള്ള ജീവിതമാണ് വിശ്വാസിയുടെ ബാധ്യത. ഇസ്‌ലാമിക ജീവിതത്തിന്റെ സൗന്ദര്യത്തെയും സമാധാനത്തെയും കുറിച്ചുള്ള പ്രകാശനമായിരിക്കണം ഓരോ വിശ്വാസിയുടെയും ജീവിതം. അപ്പോള്‍ ജീവിതം തന്നെയും ഇസ്‌ലാമിക ദഅ്‌വത്തായി പരിണമിക്കും. പ്രബോധനത്തിന്റെ ഈ ജീവിതസാക്ഷ്യത്തെ ആര്‍ക്കും തടയാനാവില്ല. ദഅ്‌വത്തെന്ന സാങ്കേതിക പദത്തെ പൈശാചികവല്‍ക്കരിച്ചാലും സ്വഛന്ദമായി അതൊഴുകും. കേരളത്തില്‍ ഇതിനകം പ്രമാദമായ രണ്ട് മതംമാറ്റ വിഷയങ്ങളിലും ആശയപരമായ സംവാദമായിരുന്നില്ല, സഹപാഠികള്‍ സമ്മാനിച്ച ഊഷ്മളമായ സമ്പര്‍ക്കമായിരുന്നു മനംമാറ്റത്തിന് കാരണമായത്. ജയപരാജയങ്ങള്‍ ദഅ്‌വത്തിന്റെ ലക്ഷ്യമല്ല. അത് പരസ്പരമുള്ള മത്സരമല്ല, സാമുദായിക വികാരത്തെ ആവേശം കൊള്ളിക്കുന്ന ശക്തിപ്രകടനവുമല്ല.

മതംമാറ്റമെന്നാല്‍ വിധ്വംസക പ്രവര്‍ത്തനവും രക്ഷിതാക്കളില്‍നിന്നും നാട്ടുകാരില്‍നിന്നുമുള്ള ഒളിച്ചോട്ടവുമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ രക്ഷിതാക്കളോടും സമൂഹത്തോടുമുള്ള ബാധ്യതകള്‍ യഥാവിധി നിര്‍വഹിക്കുന്ന പൗരന്റെ സൃഷ്ടിയാണ് അതിലൂടെ സാധ്യമാകുന്നത്. മാതാപിതാക്കളെയും ഇണയെയും മക്കളെയും കൂടുതല്‍ നന്നായി പരിഗണിക്കുന്ന, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ചിറകുകള്‍ അവര്‍ക്കുമേല്‍ വിരിക്കുന്ന വ്യക്തിയാണ് ആദര്‍ശമാറ്റത്തിലൂടെ ഉായിവരിക. വേറിട്ട ജീവിതമല്ല, കൂട്ടുജീവിതമാണ് പുലരേണ്ടത്. അതിനൊരു സാക്ഷ്യപത്രമോ മതംമാറ്റ കേന്ദ്രമോ അനിവാര്യവുമല്ല. സാമുദായികമായ സാങ്കേതികതകളിലേക്കല്ല, ഇസ്‌ലാമിന്റെ ആദര്‍ശത്തിലേക്കുള്ള, ജീവിത കാഴ്ചപ്പാടിലേക്കുള്ള മനസ്സിന്റെ പരിവര്‍ത്തനമാണ് ഇസ്‌ലാം താല്‍പ്പര്യപ്പെടുന്നത്. 

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച വ്യാപകമായ തെറ്റിദ്ധാരണകളും മതംമാറ്റം പ്രശ്‌നവല്‍ക്കരിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെയും ആയുധത്തിന്റെയും ബലത്തിലാണ് ഇസ്‌ലാം പ്രചരിച്ചതെന്നാണ് നിക്ഷിപ്ത താല്‍പര്യക്കാരായ ചില ചരിത്രകാരന്മാര്‍ എഴുതിപ്പിടിപ്പിച്ചത്. മുഹമ്മദ് നബി(സ)യെ സംബന്ധിച്ചും  വികൃതമായ ചിത്രമാണ് സമൂഹമനസ്സില്‍ വരച്ചുവെച്ചിരിക്കുന്നത്. ഈ തെറ്റിദ്ധാരണയകറ്റുക എന്നത് ഇക്കാലത്തെ ഇസ്‌ലാമിക പ്രബോധനത്തിന്റെ മുന്നുപാധിയാണ്. 

ഇസ്‌ലാമാശ്ലേഷത്തിന് ഒരു പ്രത്യേകതയുണ്ട്. അത് അവഗണിക്കപ്പെട്ടവനെ മനുഷ്യന്റെ പദവിയിലേക്കുയര്‍ത്തും; ബിലാലിനെ പോലെ.  പരുക്കന്‍ പ്രകൃതക്കാരന്റെ ഹൃദയത്തെ അത് തരളിതമാക്കും; ഉമറിനെപ്പോലെ. ചിലപ്പോള്‍ അത് ഘര്‍വാപ്പസി കേന്ദ്രങ്ങളുടെ മസ്തിഷ്‌കങ്ങളില്‍ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കും; ഫറോവയുടെ കൊട്ടാരത്തിലെ ആ മനുഷ്യനെപ്പോലെ. കൊട്ടാരത്തിന്റെ ഇടനാഴികളിലും അവളുണ്ടാവും; ഫറോവയുടെ പത്‌നിയെപ്പോലെ.

Comments