Prabodhanam Weekly

Pages

Search

2017 നവംബര്‍ 03

3024

1439 സഫര്‍ 14

ഒറ്റപ്പെട്ടുപോയ ജീവിതങ്ങള്‍

സി.എസ് ഷാഹിന്‍

സുധ എന്നാണ് അവരുടെ പേര്. ആലുവ വെളിയത്തുനാട്ടിലെ വെല്‍ഫെയല്‍ അഭയകേന്ദ്രത്തിലെ അന്തേവാസി. ജീവിതത്തിന്റെ ട്രാക്കില്‍ സുധയുടെ മനസ്സ് ഇടക്കിടെ പാളംതെറ്റിയാണ് ഓടുന്നത്. ഓണം പോലുള്ള ആഘോഷവേളകളില്‍ മക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും. നാലഞ്ച് ദിവസം കൂടെ നിര്‍ത്തും. തിരിച്ച് വെല്‍ഫെയറില്‍ എത്തിക്കുമ്പോഴുള്ള കാഴ്ചകള്‍ പരിചാരകന്‍ ജയപ്രകാശാണ് വിവരിച്ചു തന്നത്. മക്കള്‍ തിരിച്ചുപോകുമ്പോള്‍ ഗെയ്റ്റ് വരെ സുധ കരഞ്ഞുകൊണ്ട് പിന്നാലെ ഓടും. 'രണ്ട് ദിവസം കൂടി നിര്‍ത്തെടാ മക്കളേ...' തേങ്ങലോടെ അവര്‍ വിളിച്ചുപറയും. അവിടെ നിന്നും അവരെ മുറിയിലെത്തിക്കാന്‍ പരിചാരകര്‍ ഏറെ പ്രയാസപ്പെടണം. പണിപ്പെട്ട് കയറ്റിയാലും ഭക്ഷണം കഴിക്കാതെ കിടക്കും, കരയും. 'രണ്ട് ദിവസം വീട്ടില്‍ പോയി താമസിച്ചോട്ടെ?' - വിങ്ങുന്ന മനസ്സോടെ അവര്‍ ചോദിച്ചുകൊണ്ടിരിക്കും. സുധയെക്കുറിച്ച് വിവരിക്കുമ്പോള്‍ ജയപ്രകാശിന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു. 'അവരുടെ അവസ്ഥ കാണുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ കരയാറുണ്ട്.' ജയപ്രകാശ് പറഞ്ഞുനിര്‍ത്തി.

സുധക്ക് രണ്ട് മക്കളുണ്ട്. ഒരു ആണും ഒരു പെണ്ണും. അവരും ദുര്‍ബലരാണ്. ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. ഈ അവസ്ഥയില്‍ അമ്മയെ നോക്കാന്‍ അവര്‍ക്കും കഴിയില്ലായിരിക്കാം. കൃത്യമായി മരുന്ന് കഴിക്കണം, ചികിത്സ ലഭിക്കണം. മനസ്സ് വേദനിക്കുന്ന ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യരുത്. അതില്‍ മുടക്കം വന്നാല്‍ മനസ്സിന്റെ താളം തെറ്റും. അക്രമാസക്തയാകും. ഇവിടെയാകുമ്പോള്‍ എല്ലാം സൂക്ഷ്മതയോടെ ചെയ്തുകൊടുക്കാന്‍ പരിചാരകരും സൗകര്യങ്ങളുമുണ്ട്. മക്കളുടെ കൂടെ വീട്ടില്‍ താമസിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അത്രമാത്രമാണ് സുധയും കൊതിക്കുന്നത്. പക്ഷേ, ആഗ്രഹിക്കുന്നതിന്റെ എതിര്‍ദിശയിലാണ് അവരുടെ ജീവിതം സഞ്ചരിക്കുന്നത്. വീട്ടില്‍നിന്ന് മടങ്ങിവന്നാല്‍, മാനസികനില ശാന്തമായി വരാന്‍ ദിവസങ്ങള്‍ പിന്നെയും വേണ്ടിവരും. അതും വെല്‍ഫെയര്‍ നല്‍കുന്ന സ്‌നേഹവും പരിചരണവും കൊണ്ട് മാത്രം.

അമ്മൂ.... അമല.... രണ്ട് പേരിലും വിളിച്ച് നോക്കി. അവള്‍ മുഖം ഉയര്‍ത്തുന്നില്ല. ഒരേ ഇരിപ്പ് തന്നെയാണ്. ഒരു അപരിചിതന്‍ അരികില്‍ നില്‍ക്കുന്നതിന്റെ ഭാവമാറ്റമൊന്നും അവളില്‍ കാണുന്നില്ല. തിരിഞ്ഞു നോക്കുന്നില്ല. അമ്മു തീര്‍ത്തും മറ്റൊരു ലോകത്താണ്. ഓട്ടിസമാണ് അവളെ ഇവ്വിധമാക്കിയത്. ആ ലോകത്ത് അവള്‍ക്ക് ആരൊക്കെയോ ഉണ്ട്. പലരോടും അവള്‍ സംസാരിക്കുന്നുണ്ട്. അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ അങ്ങനെ തോന്നി. തൃശൂര്‍ ഒല്ലൂര്‍ക്കരയിലെ വി.എം.വി ഓര്‍ഫനേജിലെ അമ്മു എന്ന അമലയുടെ ജീവിതം സൗദ ടീച്ചര്‍ പറഞ്ഞുതുടങ്ങി. എട്ടിലേറെ വര്‍ഷമായി അമ്മു വി.എം.വിയുടെ തണലില്‍ കഴിയുന്നു. ബന്ധുവെന്ന് പറയാന്‍ പേരിന് പോലും ആരുമില്ല. ചിലപ്പോള്‍ അവര്‍ കൈകൊട്ടി ആര്‍ത്തു ചിരിക്കും. മറ്റു ചിലപ്പോള്‍ പൊട്ടിക്കരയും. സ്വന്തം കൈക്ക് കടിച്ച് മുറിവേല്‍പിക്കും. അമ്മു വി.എം.വിയില്‍ എത്തുമ്പോള്‍ ഇങ്ങനെയും ആയിരുന്നില്ല. ഇരിക്കില്ല. കിടക്കില്ല. നടന്നുകൊണ്ടേയിരിക്കും. വഴിയിലുള്ളതെല്ലാം മാറ്റിക്കൊടുക്കണം. ഇല്ലെങ്കില്‍ തട്ടിമാറ്റി നടത്തം തുടരും. സ്ഥലവും സമയവും ദിക്കും ദേശവും അവളുടെ ലോകത്തില്ല. എവിടെ വെച്ചും വസ്ത്രം ഉരിയും. മലമൂത്ര വിസര്‍ജനം നടത്തും. എന്നാല്‍ അമ്മു ഇന്ന് ഏറെ മാറിയിട്ടുണ്ട്. ഇപ്പോള്‍ സ്വയം കുളിമുറിയില്‍ ചെന്ന് വസ്ത്രം അഴിക്കുന്നു. അവളുടെ വസ്ത്രങ്ങള്‍ ഷെല്‍ഫില്‍ കൃത്യമായി അടുക്കിവെക്കുന്നു. പക്ഷേ, ഇപ്പോഴും അവള്‍ സംസാരിക്കില്ല; ഹോര്‍ലിക്‌സ്, ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങിയ നാലോ അഞ്ചോ വാക്കുകളൊഴികെ. സംഭവലോകത്തെ നാട്യങ്ങളും കാപട്യങ്ങളും കാണാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടായിരിക്കാം മറ്റൊരു ലോകം തേടി അവളുടെ മനസ്സ് യാത്ര ചെയ്യുന്നത്. എങ്കിലും വി.എം.വിയെയും റുഖിയത്തയെയും സൗദ ടീച്ചറെയും അവള്‍ സ്‌നേഹിക്കുന്നുണ്ടാവണം.

 

അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍

എല്ലാരും എല്ലാരും യതീമുകള്‍......

പാട്ടിന്റെ ആത്മാവ് ഒട്ടും ചോരാതെ ബാലേട്ടന്‍ പാട്ട് തുടരുകയാണ്. ആ മുഖത്ത് ഉത്സാഹവും സന്തോഷവും പ്രകടമാണ്. ഓരോ ചുവടും നീട്ടിവെച്ച് കരുത്തോടെ നടക്കുന്നു. ഈ കോലത്തിലൊന്നുമല്ല ബാലേട്ടന്‍ വടകര എടച്ചേരിയിലെ തണലില്‍ എത്തിയത്. കാലിലും ആസനത്തിലും വ്രണം ബാധിച്ച് ചലവും ചോരയും പൊട്ടിയൊലിച്ച് പുഴുവരിച്ച് ബസ് സ്റ്റാന്റ് പരിസരത്ത് നിരങ്ങി നീങ്ങിയ ജീവിതമായിരുന്നു അത്. വടകര തണലിലെ പരിചാരകന്‍ ഗഫൂര്‍ക്കയാണ് ബാലേട്ടന്റെ കഥ വിവരിച്ചത്. ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ബാലേട്ടന്‍ തണലിലെത്തി. ആസനത്തിലേക്ക് വ്യാപിച്ച പൊട്ടിയൊലിക്കുന്ന വ്രണം വൃത്തിയാക്കി തുന്നിക്കെട്ടാന്‍ ആശുപത്രിയിലെ നഴ്‌സുമാരും അറച്ചുനിന്നത്രെ. അതിനു ഗഫൂര്‍ക്കയുടെ കൈകള്‍ വേണ്ടിവന്നു. പിന്നീട് തണലിലെ സ്‌നേഹ പരിചരണവും സുഭിക്ഷമായ ഭക്ഷണവും.... പുഴുവരിച്ച ശരീരത്തിലെ മുറിവുകള്‍ ഉണങ്ങി. ശോഷിച്ച കൈകാലുകള്‍ കരുത്ത് വീണ്ടെടുത്തു. ഏതോ അഴുക്കുചാലില്‍ പുഴുവരിച്ച് ജീര്‍ണിച്ചു തീരേണ്ടിയിരുന്ന ബാലേട്ടന്‍ ഇന്ന് പാട്ടുപാടി കുശലം പറഞ്ഞ് തണലിന്റെ വരാന്തയിലൂടെ നടക്കുന്നു.

ഒല്ലൂര്‍ക്കര വി.എം.വി ഓര്‍ഫനേജ്, ആലുവ വെളിയത്തുനാട്ടിലെ വെല്‍ഫെയര്‍ ആശ്വാസകേന്ദ്രം, വടകര തണല്‍, വയനാട് ജില്ലയിലെ പിണങ്ങോട് പീസ് വില്ലേജ്, പാണ്ടിക്കാട് സല്‍വ കെയര്‍ ഹോം തുടങ്ങിയ അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന നൂറുകണക്കിന് അന്തേവാസികളില്‍ ചിലരുടെ ജീവിതത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. ജീവിതത്തിലെ ലാഭനഷ്ടങ്ങള്‍ കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ ദുരിതങ്ങള്‍ മാത്രം ബാക്കിയായ ഒരു കൂട്ടം മനുഷ്യമക്കളുടെ ലോകമാണ് ഈ അഭയകേന്ദ്രങ്ങള്‍. ജീവിതവഴിയില്‍ ഒറ്റപ്പെട്ടു പോയവര്‍, തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവര്‍, സംരക്ഷിക്കാനാരുമില്ലാത്ത വയോധികര്‍, ജീവിത പങ്കാളി മരണപ്പെട്ടപ്പോള്‍ ഉറ്റവര്‍ അവഗണിച്ചുതള്ളിയ വിധവകള്‍, പ്രാഥമികാവശ്യങ്ങള്‍ പോലും സ്വയം നിര്‍വഹിക്കാന്‍ കഴിയാത്തവിധം ശാരീരിക വൈകല്യങ്ങളുടെ തടവിലായവര്‍, ബുദ്ധിമാന്ദ്യം കാരണം കഷ്ടപ്പെടുന്നവര്‍, മാനസിക രോഗം മൂലം പ്രയാസത്തിന്റെ കയ്പുനീര്‍ കുടിക്കുന്നവര്‍, ആയുസ്സ് മുഴുവന്‍ ചോര നീരാക്കി പോറ്റിവളര്‍ത്തിയ സ്വന്തം മക്കള്‍ ഒരുനാള്‍ തള്ളിപ്പറഞ്ഞപ്പോള്‍ മനസ്സ് തകര്‍ന്നു പോയവര്‍, സ്‌നേഹവും ലാളനയും നല്‍കി സംരക്ഷിക്കേണ്ട മാതാപിതാക്കള്‍ അകാലത്തില്‍ മരണപ്പെട്ടപ്പോള്‍ പെരുവഴിയില്‍ പകച്ചുനിന്നുപോയ അനാഥര്‍, മനസ്സിന്റെ താളം പിഴച്ചപ്പോള്‍ സ്വപ്‌നങ്ങളത്രയും വാടിപ്പോയ യുവതീയുവാക്കള്‍. അങ്ങനെ മൂന്ന് വയസ്സുകാരന്‍ മുതല്‍ 110 വയസ്സുകാരന്‍ വരെ. അനുഭവങ്ങള്‍ പങ്കുവെച്ചവര്‍ കുറച്ചു പേര്‍ മാത്രം. സ്‌നേഹ വീടുകളിലെ ഓരോ മനുഷ്യനും അനുഭവങ്ങളുടെ ഓരോ ലോകമാണ്. മനസ്സ് സ്തംഭിച്ചുപോകുന്ന തീക്ഷ്ണമായ അനുഭവങ്ങള്‍. കായും പൂവും ഇലയും കൊഴിഞ്ഞ് കരിഞ്ഞുണങ്ങിയ മരം പോലെ ആശയറ്റുപോയ ജീവിതങ്ങള്‍. ദുന്‍യാവിന്റെ കെട്ടുകാഴ്ചകളില്‍ അഭിരമിച്ച് ജീവിക്കുന്ന പുറംലോകത്തെ മനുഷ്യര്‍ അനിവാര്യമായും കാണേണ്ട കാഴ്ചകള്‍.

വടകര തണലിലെ മനംനിറക്കുന്ന ഉച്ചഭക്ഷണത്തിന് ശേഷം അവിടത്തെ താമസക്കാരെ  സന്ദര്‍ശിക്കാനിറങ്ങി. പുരുഷന്മാര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ നാല്‍പത് പേര്‍ നിരത്തിയിട്ട കസേരയില്‍ അച്ചടക്കത്തോടെ ഇരിക്കുകയാണ്. അവരിലധികപേരും ആജാനുബാഹുക്കള്‍. ഇരുപതു മുതല്‍ എണ്‍പത് വരെ പ്രായമുള്ളവര്‍. അധ്യാപകരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാവമാണ് അവരുടേത്. മനസ്സിന്റെ അലകും പിടിയും ഇളകി ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരാണെന്ന് കണ്ടാല്‍ തോന്നില്ല. ഭൂരിഭാഗം പേരും ഉറ്റവരില്ലാത്തവര്‍. ഉള്ളവര്‍ തന്നെയും അകന്ന ബന്ധുക്കള്‍. ഒരു കുടുംബത്തിലെ മൂന്ന് സഹോദരന്മാര്‍ അക്കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ മനസ്സൊന്ന് പിടഞ്ഞു.

മൊയ്തു ഹാജിയാണ് പാട്ടരങ്ങിന് തുടക്കമിട്ടത്. ഹജ്ജ് ചെയ്യാത്ത മൊയ്തുക്ക എങ്ങനെ മൊയ്തു ഹാജിയായി? ഗഫൂര്‍ക്ക നല്‍കിയ പേരാണത്. ഗഫൂര്‍ക്ക അങ്ങനെയാണ്. വ്യക്തിത്വമളന്ന് ഓരോരുത്തര്‍ക്കും ഓരോ പേര് നല്‍കും. ഹജ്ജ് ചെയ്ത വ്യക്തിയുടെ പ്രഭ മൊയ്തുക്കാന്റെ മുഖത്തുണ്ട് എന്നത് ശരിയുമാണ്. മൊയ്തുക്ക പാട്ട് അവസാനിപ്പിച്ചപ്പോള്‍ ഇസ്‌റാഖ് തുടങ്ങി. മിസ്‌റിലെ രാജന്‍...... സ്‌കൂള്‍ കുട്ടിയെ പോലെ അറ്റന്‍ഷനായി നിന്ന് മനോഹരമായി പാടി. ഇസ്‌റാഖിന്റെ രണ്ട് സഹോദരന്മാരും തണലിലെ അന്തേവാസികളാണ്. അവര്‍ അഞ്ച് സഹോദരങ്ങളാണ്. നാലുപേരും മനസ്സിന്റെ ക്രമം തെറ്റിയവര്‍. ഉപ്പയും ഉമ്മയും നേരത്തേ മരണപ്പെട്ടു. ഇസ്‌റാഖ് കൂട്ടത്തില്‍ നന്നായി ഫുട്‌ബോള്‍ കളിക്കുന്നയാളാണ്. ഫുട്‌ബോള്‍ മാച്ചിനായി അന്തേവാസികളില്‍നിന്ന് രണ്ട് ടീമുകളെ തയാറാക്കാന്‍ ഇസ്‌റാഖിനെയാണ് ഏല്‍പിച്ചിട്ടുള്ളത്. കോഴിക്കോട്ടുകാരനായ ബിജുവിനോട് നാട് ചോദിച്ചപ്പോള്‍ ഉടനെ മറുപടി വന്നു: 'ആസ്‌ത്രേലിയ'. ബിജുവിന്റെ ജീവിത പുസ്തകത്തിലെ ഏതോ പേജില്‍ ആസ്‌ത്രേലിയക്ക് എന്തെങ്കിലും പ്രസക്തിയുണ്ടായിരിക്കണം.

ഗഫൂര്‍ക്ക മറ്റൊരാളെ പരിചയപ്പെടുത്തി. പേര് അബ്ദുസ്സമദ്. പൈങ്ങോട്ടായിയാണ് നാട്. അറബി ഭാഷ അറിയുന്നയാളാണ്. പേര് പറഞ്ഞാല്‍ അതിന്റെ അര്‍ഥം സമദ്ക്ക പറയുമെന്ന് ഗഫൂര്‍ക്ക. ഞാന്‍ പേര് പറഞ്ഞു. പക്ഷേ, അദ്ദേഹം കേട്ടത് 'സാഹില്‍' എന്നാണ്. 'സാഹില്‍ എന്നാല്‍ തീരം.' ഒട്ടും ശങ്കിക്കാതെ സമദ്ക്ക പറഞ്ഞു. അദ്ദേഹം ഏറെ സൗമ്യനാണ്. പുഞ്ചിരി മായാത്ത മുഖം. ജീവിതത്തിന്റെ സങ്കീര്‍ണതകളോട് പടവെട്ടി തോറ്റുപോയി ഇവിടെ എത്തിയതായിരിക്കാം.

അന്നത്തെ ഉച്ചനേരം മറക്കാനാവാത്ത ഒരു ആഘോഷവേള തന്നെയായിരുന്നു. കളങ്കവും കാപട്യവും കൃത്രിമത്വവും അഭിനയവും ഇല്ലാത്ത നിഷ്‌കളങ്കമായ ആ ലോകത്ത് നമ്മള്‍ തീരെ ചെറുതായിപ്പോകും. കൂട്ടത്തില്‍ ചിലര്‍ വിദൂരത്തേക്ക് കണ്ണ് പായിച്ച് നിശ്ശബ്ദരായി ഇരിക്കുകയായിരുന്നു. ജീവിതയാത്രയില്‍ എന്നോ നഷ്ടപ്പെട്ട പച്ചപ്പിനെ കുറിച്ചുള്ള ഓര്‍മയിലായിരിക്കും അവര്‍.

 

ഖബ്‌റെന്നു കേട്ടാല്‍ തല്‍ക്ഷണം ഞെട്ടേണ്ടതാ

കണ്ടാലുടന്‍ വാവിട്ട് നീ കരയേണ്ടതാ....

തഴവ മുഹമ്മദ് കുഞ്ഞി മൗലവിയുടെ കവിത നാദാപുരം മൊയ്തുക്ക ഒരു വരിപോലും തെറ്റാതെ ചൊല്ലിയത് കൗതുകത്തോടെ കേട്ടിരുന്നു. മുഴുവനും മനഃപാഠം. പരാതിയുടെയും വേവലാതിയുടെയും ഒരു ലക്ഷണം പോലും ആ മുഖത്തില്ല. ജീവിതത്തെ അത്രമേല്‍ നിഷ്‌കളങ്കമായാണോ അദ്ദേഹം കാണുന്നത്? പാട്ട് നിര്‍ത്തി മൊയ്തുക്ക ചോദിച്ചു: 'ഞാന്‍ ഇനി എത്ര വര്‍ഷം ജീവിക്കും?' ഞാന്‍ പറഞ്ഞു: 'പതിനഞ്ച് വര്‍ഷം.' ഇത് കേട്ടപ്പോള്‍ മൊയ്തുക്ക: 'ഹൊ! അത്രയും വേണ്ട. ഒരു വര്‍ഷം മതി.'

പുറമെ കാണുന്ന ഈ സന്തോഷങ്ങളുടെ കര്‍ട്ടണ്‍ നീക്കിയാല്‍ ദുഃഖങ്ങളുടെ ദുരിതക്കടലില്‍ വേദന തിന്ന് ജീവിച്ച കുറേ മനുഷ്യരുടെ കഥയാണ് സ്‌ക്രീനില്‍ തെളിയുക.

ഈ അഭയ കേന്ദ്രങ്ങളില്‍ ചിലരുണ്ട്. അഗാധമായ മൗനത്തില്‍ കഴിയുന്നവര്‍. എല്ലാറ്റിനോടും നിസ്സംഗത പുലര്‍ത്തുന്നവര്‍. സന്ദര്‍ശകരുടെ അന്വേഷണങ്ങള്‍ക്ക് മുഖം കൊടുക്കാത്തവര്‍. സഹതാപത്തോടെയുള്ള നോട്ടങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍. ചോദ്യങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറുന്നവര്‍. അവര്‍ കടുത്ത നിരാശയിലും നഷ്ടബോധത്തിലുമാണ്. അവര്‍ക്ക് അവരോട് തന്നെയാണോ അമര്‍ഷം? അതോ തങ്ങളെ വഞ്ചിച്ച ഈ ലോകത്തോടോ? ഏതൊരു സാധാരണ മനുഷ്യനെയും പോലെ സമൂഹത്തില്‍ നിവര്‍ന്നു നിന്ന് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ആഗ്രഹിച്ചവരായിരുന്നു അവര്‍. പക്ഷേ, ജീവിത സാഹചര്യങ്ങള്‍ അവരെ അതിന് അനുവദിച്ചില്ല. അല്ലെങ്കില്‍ സ്വാര്‍ഥരായ കുടുംബാംഗങ്ങളുടെ അവഗണന അവരുടെ ജീവിതം തകര്‍ത്തു കളഞ്ഞു. കടുത്ത ആത്മനിന്ദയും സംഘര്‍ഷവും അവരുടെ മനസ്സില്‍ നെരിപ്പോടായി പുകയുന്നുണ്ടെന്ന് തീക്ഷ്ണമായ ആ കണ്ണുകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

 

പെരുവഴിയിലാകുന്നത് എങ്ങനെ?

അഭയകേന്ദ്രങ്ങളിലേക്കും വൃദ്ധസദനങ്ങളിലേക്കും പല കാരണങ്ങളാലാണ് ആളുകള്‍ എത്തിപ്പെടുന്നത്. വിവാഹം നടക്കേണ്ട പ്രായത്തില്‍ വിവാഹിതരാകാതെ പോകുന്ന സ്ത്രീകള്‍ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ വീട്ടില്‍ കഴിയുന്നു. മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം അവര്‍ ഒറ്റപ്പെടുന്നില്ല. മാതാപിതാക്കള്‍ മരണപ്പെടുന്നതോടു കൂടി സഹോദരന്മാരുടെ സംരക്ഷണത്തിലായിരിക്കും അവരുടെ ജീവിതം. ശേഷം രണ്ടില്‍ ഏതെങ്കിലുമൊന്ന് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. ഒന്ന്, സഹോദരന്മാരുടെ ഭാര്യമാര്‍ അവരെ വെച്ചുപൊറുപ്പിക്കില്ല. ചിലപ്പോള്‍ സഹോദരന്മാര്‍ക്ക് തന്നെയും അവരുടെ കാര്യത്തില്‍ താല്‍പര്യമുണ്ടാകില്ല. അപ്പോള്‍ ഏറെ വൈകാതെ തന്നെ അവര്‍ ഇത്തരം അഭയകേന്ദ്രങ്ങളിലേക്ക് തള്ളപ്പെടുന്നു. രണ്ട്, ആരോഗ്യമുള്ള കാലം അവര്‍ക്ക് സഹോദരന്റെ വീട്ടില്‍ താമസിക്കാം. പ്രത്യേകിച്ച് എതിര്‍പ്പൊന്നും നേരിടേണ്ടിവരില്ല. അവരുടെ ചോരയും നീരും ആരോഗ്യവും ഊറ്റിയെടുക്കുന്നതുവരെ സംരക്ഷിക്കാന്‍ ആളുകളുണ്ട്. വീട്ടിലെ ജോലി ചെയ്യാനും കുട്ടികളെ നോക്കാനും ഒരാളായല്ലോ. പ്രത്യേകിച്ച് കൂലി കൊടുക്കേണ്ടതില്ല. മൂന്നു നേരം ഭക്ഷണം മാത്രം നല്‍കിയാല്‍ മതി. ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങിയാല്‍ വീട്ടുകാരുടെ മട്ടും ഭാവവും മാറാന്‍ തുടങ്ങും. പണിയെടുക്കാന്‍ കഴിയാത്തവിധം ദുര്‍ബലരായാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ അവരെ തള്ളുകയായി. ആലപ്പുഴക്കാരിയായ ബീവിമ്മ എട്ടു വര്‍ഷമായി പാണ്ടിക്കാട് സല്‍വയിലെ അന്തേവാസിയാണ്. സഹോദരന്മാരുടെ കൂടെയായിരുന്നു താമസം. ആരോഗ്യമുള്ള കാലംവരെ പ്രശ്‌നമൊന്നുമുണ്ടായില്ല. ഒരുനാള്‍ രോഗിയായി ആശുപത്രിയില്‍ കിടപ്പിലായി. ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സഹോദരഭാര്യ വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ പോലും സമ്മതിച്ചില്ല. അന്ന് അവിടെനിന്ന് തിരിച്ച യാത്ര ഒടുവില്‍ സല്‍വയിലാണ് ചെന്നെത്തിയത്.

ഭര്‍ത്താവ് മരണപ്പെട്ട വിധവകളും സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്നു. കരുണ വറ്റിയ, സ്വാര്‍ഥത നിറഞ്ഞ കുടുംബങ്ങളില്‍ മാത്രമാണ് ഇത്തരം ക്രൂരമായ അവഗണനകള്‍. സംരക്ഷിക്കാന്‍ ബന്ധുക്കളൊന്നുമില്ലാത്ത സ്ത്രീകളാകട്ടെ, അവര്‍ അന്യവീടുകളില്‍ വീട്ടുജോലി ചെയ്ത് കഴിയുന്നു. ഇത്തരം സ്ത്രീകളുടെ സേവനം വീട്ടുടമകള്‍ക്ക് വലിയ ലാഭമാണ്. കാരണം അവര്‍ സ്ഥിരം സെര്‍വന്റുകളാണ്. പ്രത്യേകിച്ച് ഒരു ബാധ്യതയുമില്ലാത്തവര്‍. ആരോഗ്യം ക്ഷയിക്കുമ്പോള്‍ അവരെ അഭയകേന്ദ്രങ്ങളില്‍ കൊണ്ടുവിടുന്നു. ചിലര്‍ ദീര്‍ഘകാലം ഒരു വീട്ടില്‍ ജോലി ചെയ്തവരായിരിക്കാം. എന്നാല്‍ അവരെ പറഞ്ഞുവിടുമ്പോള്‍ പാലിക്കേണ്ട മര്യാദകളോ തൊഴില്‍ നിയമങ്ങളോ പലപ്പോഴും വീട്ടുടമകള്‍ പാലിക്കാറില്ല.

 

വെളുത്ത ചോറും കറുത്ത മുഖവും

ഒരു രാത്രികൊണ്ടാണ് എല്ലാം അവസാനിച്ചത്. വയനാട് ജില്ലയിലെ പിണങ്ങോട് പീസ് വില്ലേജിലെ ദേവയാനിയുടെ കാര്യമാണ് പറയുന്നത്. സ്‌നേഹസമ്പന്നനായ ഭര്‍ത്താവുമൊത്ത് ദാമ്പത്യത്തിലെ എല്ലാ ആനന്ദങ്ങളും ആസ്വദിച്ച് ജീവിക്കുകയായിരുന്നു ദേവയാനി. ഒരു രാത്രി ഭര്‍ത്താവിന് പനിപിടിച്ചു. വൈകാതെ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. അന്നുമുതല്‍ സന്തോഷങ്ങള്‍ ഒന്നൊന്നായി അവരുടെ ജീവിതത്തില്‍നിന്ന് പടിയിറങ്ങി തുടങ്ങി. മൂത്ത മകളുടെ വീട്ടിലായിരുന്നു കുറേ കാലം. ഒരു ദിവസം രാത്രി മരുമകന്‍ അവരോട് പറഞ്ഞു: 'കുറച്ച് കാലം ചെറിയ മകളുടെ വീട്ടില്‍ പോയി താമസിച്ചുകൂടേ?' തമാശക്ക് പറഞ്ഞതായിരിക്കാം എന്നു കരുതി മുഷിപ്പൊന്നും തോന്നിയില്ല. അടുത്ത ദിവസം രാവിലെ പ്രാതല്‍ കഴിക്കാനിരിക്കുമ്പോള്‍ മരുമകന്‍ ചോദിച്ചു: 'ഞാന്‍ ഇന്നലെ പറഞ്ഞ കാര്യം അമ്മ മറന്നുപോയോ?' മുന്നിലിരിക്കുന്ന ചായയും പലഹാരവും തൊടുകപോലും ചെയ്യാതെ ഒരു കുടയും പഴ്‌സുമെടുത്ത് അപ്പോള്‍തന്നെ അവിടെ നിന്നിറങ്ങി. ദേവയാനി ആത്മാഭിമാനം വിട്ടുകളിക്കില്ല. 'വെളുത്ത ചോറും കറുത്ത മുഖവും.' ആ വീട്ടിലെ അവസ്ഥ ഈ ഒരൊറ്റ പ്രയോഗത്തില്‍ അവര്‍ ചുരുക്കി. അവര്‍ അവിടെ അനുഭവിച്ച നിന്ദയും മാനസിക പ്രയാസങ്ങളുമത്രയും ആ പ്രയോഗത്തിലുണ്ട്.

ഇത് ദേവയാനിയുടെ അനുഭവം മാത്രമല്ല. വീടകങ്ങളില്‍ ഒറ്റപ്പെടുത്തലും അവഗണനയും സഹിച്ച് കഴിയുന്ന അനേകം വൃദ്ധ മാതാപിതാക്കളുണ്ട്. ചിലര്‍ സ്വയം വീട് വിട്ടിറങ്ങുന്നു. മറ്റുചിലര്‍ എല്ലാം സഹിച്ച് കുടുംബത്തില്‍ തന്നെ കഴിയുന്നു. ദേവയാനിയമ്മക്ക് മരുമകനില്‍നിന്നാണ് ഈ ദുരനുഭവം ഉണ്ടായതെങ്കില്‍ സ്വന്തം മക്കളുടെ അവഗണനക്കിരയായി വീട്ടകങ്ങളില്‍ നരകിക്കുന്ന നിരവധി വയോധികരുണ്ട്. മാതാപിതാക്കള്‍ എന്തും സഹിക്കും. ജീവിതത്തില്‍ അവര്‍ ഒരുപാട് സഹിച്ചിട്ടുമുണ്ട്. പക്ഷേ, സ്വന്തം മക്കളുടെ നാവില്‍നിന്ന് വരുന്ന വെറുപ്പ് കലര്‍ന്ന ഒരു വാക്ക്, അരോചകമായ ഒരു നോട്ടം അവര്‍ക്ക് ഒരിക്കലും താങ്ങാന്‍ കഴിയില്ല. അവരുടെ മനസ്സ് തകര്‍ന്നുപോകും. മനോഹരമായ ഭവനത്തില്‍ സുന്ദരിയായ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം 'സ്റ്റാറ്റസോടെ' ജീവിക്കാനായി വൃദ്ധരായ മാതാപിതാക്കളെ തന്ത്രപൂര്‍വം ഒഴിവാക്കുന്നവര്‍ കുറച്ചൊന്നുമല്ല സമൂഹത്തിലുള്ളത്.

എല്ലാ നിലക്കും കഴിവുള്ളവര്‍ തന്നെ തങ്ങളുടെ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നുണ്ടെന്ന് ഈ അഭയകേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ പറഞ്ഞു. പണം എത്രയും കൊടുക്കാന്‍ അവര്‍ സന്നദ്ധരാണ്. എന്നാല്‍ അത്തരം കേസുകള്‍ സ്വീകരിക്കരുതെന്നാണ് ഈ സ്ഥാപനങ്ങളിലെ ചട്ടം. സ്വാഭാവികമായും അവര്‍ മാതാപിതാക്കളെ തിരിച്ചുകൊണ്ടുപോകുന്നു. ഒരുവശം പരിഗണിക്കുമ്പോള്‍ സ്ഥാപനങ്ങളുടെ ഈ നിലപാട് നല്ലതാണ്. അല്ലെങ്കില്‍, ശേഷിയുള്ള മക്കളുണ്ടായിട്ടും ഒറ്റപ്പെട്ട് ജീവിക്കേണ്ട ഗതികേടിലേക്ക് വലിച്ചെറിയപ്പെട്ട വയോധികരുടെ എണ്ണം അഭയകേന്ദ്രങ്ങളില്‍ വര്‍ധിക്കുമായിരുന്നു. വിഷയത്തിന്റെ മറുവശത്തെക്കുറിച്ച് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. അഥവാ ഈ മാതാപിതാക്കള്‍ക്ക് പിന്നെ എവിടെയാണ് അഭയം? നിവൃത്തിയില്ലാതെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന മക്കളുടെ കൂടെ ജീവിക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിനും അവഗണനക്കും എങ്ങനെയാണ് പരിഹാരം കാണാന്‍ കഴിയുക? മക്കളുടെയും മരുമക്കളുടെയും തുറിച്ചുനോട്ടവും കുത്തുവാക്കുകളും സഹിച്ച് വീടകങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന എത്രയോ വയോധികരുണ്ട്. പണം കൊടുത്താല്‍, കൊണ്ടു വരുന്നവര്‍ ആരെന്ന് നോക്കാതെ, വയോധികരായ മാതാപിതാക്കളെ സ്വീകരിക്കുന്ന വേറെ സ്ഥാപനങ്ങളുണ്ട് എന്നത് വാസ്തവമാണ്. അത്തരം സ്ഥാപനങ്ങള്‍ക്ക് നല്ല ഡിമാന്റുമാണ്. സമൂഹം എത്തിപ്പെട്ട ധാര്‍മികത്തകര്‍ച്ചയുടെയും മനുഷ്യത്വമില്ലായ്മയുടെയും സ്വാര്‍ഥതയുടെയും ആഴമാണ് ഇത് വിളിച്ചുപറയുന്നത്.

മാനസിക രോഗവും ബുദ്ധിമാന്ദ്യവുമാണ് ചിലരെ അഭയകേന്ദ്രങ്ങളിലെത്തിക്കുന്നത്. അവരില്‍ ഉറ്റവരില്ലാത്തവരുണ്ട്. സഹോദരങ്ങളടക്കമുള്ള ബന്ധുക്കളുള്ളവരുമുണ്ട്. മൂന്ന് തരത്തിലാണ് ഇവര്‍ ഇവിടെ എത്തുന്നത്. ഒന്ന്, മനസ്സിന്റെ നില തെറ്റി അക്രമാസക്തരാവുമ്പോള്‍. അവരെ പരിചരിക്കാന്‍ ബന്ധുക്കള്‍ക്ക് ഒരുപക്ഷേ സാധിച്ചേക്കില്ല. രണ്ട്, മനസ്സിന്റെ താളം തെറ്റിയവരാണെങ്കിലും ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാക്കാത്തവര്‍. എന്നാല്‍ അവരുടെ മരുന്നിനും ചികിത്സക്കും പരിചരണത്തിനും ആവശ്യമായ പണം കൈവശമില്ലാത്ത ദരിദ്രരായിരിക്കും ബന്ധുക്കള്‍. മൂന്ന്, ചികിത്സിക്കാനും പരിചരിക്കാനും സംരക്ഷിക്കാനുമുള്ള സാമ്പത്തിക ശേഷിയും കഴിവുമുള്ള സഹോദരന്മാര്‍ ഉണ്ടായിട്ടും ഉപേക്ഷിക്കപ്പെടുന്നവര്‍.

പ്രയാസങ്ങള്‍ സൃഷ്ടിക്കാത്ത, മൂന്നാമത് പറഞ്ഞ മാനസിക രോഗികളെ അഭയകേന്ദ്രങ്ങളില്‍ ഉപേക്ഷിക്കുന്നതില്‍ കടുത്ത അമര്‍ഷമുണ്ട് വെല്‍ഫെയര്‍ ആശ്വാസ കേന്ദ്രത്തിലെ ജയപ്രകാശിന്. സ്വാര്‍ഥരാണവരെന്ന് അദ്ദേഹം പറയുന്നു. ആ രോഗികളില്‍ അധികപേരും കുടുംബത്തോടൊപ്പം പോകാന്‍ ഏറെ ആഗ്രഹിക്കുന്നവരാണ്. 'എപ്പോഴാണ് എന്നെ കൊണ്ടുപോകാന്‍ വരിക' എന്ന് നിരന്തരം ചോദിച്ച് അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 'ഞങ്ങളുടെ കുടുംബത്തിലുമുണ്ടല്ലോ സുഖമില്ലാത്തവര്‍. ബന്ധുക്കള്‍ അവരെ പൊന്നുപോലെ നോക്കുന്നുണ്ട്' - ജയപ്രകാശ് തന്റെ അനുഭവം കൂടി ചേര്‍ത്തുവെച്ചു.

വെല്‍ഫെയറിലെ കെയര്‍ടേക്കര്‍ മിനിയുമായി സംസാരിച്ചിരിക്കെ നാല്‍പതുകാരിയായ സഫിയ കടന്നുവന്ന് പറഞ്ഞു: 'എനിക്കിന്ന് സാരിയുടുത്ത് തര്വോ?' സഫിയയുടെ ഏറ്റവും വലിയ സന്തോഷം സാരിയുടുക്കുന്നതിലാണ്. ഇടക്കിടെ അവള്‍ തന്റെ ആഗ്രഹം പ്രകടിപ്പിക്കും. വിവാഹം കഴിഞ്ഞെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ആ ബന്ധം അറ്റുപോയി. സ്വന്തം മനസ്സും ചിന്തയും അവരുടെ നിയന്ത്രണത്തിലല്ലല്ലോ. ഏറെ സ്വപ്‌നം കണ്ട വൈവാഹിക ജീവിതം ദീര്‍ഘകാലം നിലനിന്നില്ല. കല്യാണ സാരി ഇപ്പോഴും സഫിയ പെട്ടിയില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇടക്കിടെ അത് പുറത്തെടുത്ത് ഉടുത്തൊരുങ്ങും. എന്നോ കഴിഞ്ഞുപോയ വിവാഹാഘോഷത്തിന്റെ സുഗന്ധവും മൈലാഞ്ചി മണവും ആ സാരിയില്‍ അവര്‍ അനുഭവിക്കുന്നുണ്ടാവണം. സഫിയയുടെ സഹോദരിയും വെല്‍ഫെയറിലെ അന്തേവാസിയാണ്. പേര് റൈഹാനത്ത്. റൈഹാനത്തിനുമുണ്ട് കുറേ ആഗ്രഹങ്ങള്‍. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌നങ്ങള്‍ താലോലിച്ച് നടക്കുന്ന നിഷ്‌കളങ്കമായ ആ മുഖം കണ്ടപ്പോള്‍ മനസ്സില്‍ നീറ്റലുണ്ടായി.

മാനസിക രോഗികളില്‍ ലൈംഗിക ചൂഷണത്തിന് ഇരകളായി വരുന്നവരുമുണ്ട്. വേട്ടക്കാര്‍ പലപ്പോഴും ബന്ധുക്കളായിരിക്കും. അത്തരം ദുരനുഭവങ്ങള്‍ അവരുടെ മനോനില വീണ്ടും വഷളാക്കുന്നു. ചെറിയ മാനസിക പ്രയാസമുള്ളവര്‍ പോലും സമ്പൂര്‍ണ മാനസിക രോഗികളായി മാറുന്നു. ഇക്കൂട്ടര്‍ അഭയകേന്ദ്രങ്ങളില്‍ എത്തിയാല്‍ വളരെ വേഗം മനോനില വീണ്ടെടുക്കും. നിരന്തരം നേരിട്ട ലൈംഗിക പീഡനങ്ങളാണ് അവരെ ഈ നിലയിലെത്തിച്ചത്. അഭയകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരോട് അവര്‍ എല്ലാം തുറന്നു പറയുന്നു. അവിടെ ആരെയും ഭയപ്പെടേണ്ട സാഹചര്യമില്ല. തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് മിണ്ടാന്‍ പോലും കഴിയാതെ ഭയം തിന്ന് ജീവിക്കുകയായിരുന്നു അവര്‍.

തെരുവിലും ബസ്സ്റ്റാന്റിലും വഴിയോരങ്ങളിലും റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തും നിരങ്ങിനീങ്ങിയും അലഞ്ഞുതിരിഞ്ഞും കഴിഞ്ഞവരാണ് അഭയകേന്ദ്രങ്ങളില്‍ എത്തിപ്പെടുന്ന ഒരു വിഭാഗം. അവരില്‍ പലര്‍ക്കും ഊരും പേരുമില്ല. വടകര തണലിലെ ബാപ്പുജി അങ്ങനെ ഒരാളാണ്. ബാപ്പുജി രാജസ്ഥാനിയാണ് എന്നാണ് ഗഫൂര്‍ക്കയുടെ നിഗമനം. ആ പേരും ഗഫൂര്‍ക്കയുടെ വക തന്നെ. രണ്ട് വര്‍ഷത്തോളമായി അഴിയൂരിലെ ബസ് സ്റ്റോപ്പില്‍ മുഷിഞ്ഞുനാറി ജീവിതം തള്ളിനിക്കുകയായിരുന്നു. ഒരിക്കല്‍ ഗഫൂര്‍ക്ക ചോദിച്ചു: 'നിങ്ങളെന്താ വീട്ടില്‍ പോകുന്നില്ലേ?' 'മേരി ഗാഡി നഹീം ആയാ. ആയേഗാ തൊ മേം ജാഊംഗാ' (എന്റെ വണ്ടി വന്നിട്ടില്ല. വന്നാല്‍ ഞാന്‍ പോകും) എന്നായിരുന്നു മറുപടി. രാജസ്ഥാനില്‍നിന്ന് തീവണ്ടി കയറി വന്നതായിരിക്കണം. ആരെയോ പ്രതീക്ഷിച്ചിരിക്കുകയാണ്. ആര് വരാന്‍? ഗഫൂര്‍ക്ക അയാളെ തണലിലെത്തിച്ചു. ആരുമില്ലാത്തവന് അഭയം ലഭിച്ചു; ഒരുപേരും - ബാപ്പുജി.

വെല്‍ഫെയറിലെ അന്തേവാസിയായ എഴുപത് പിന്നിട്ട കൊച്ചാപ്പ എല്ലും തോലുമാണ്. കുറച്ചു കാലം മുമ്പ് കിടന്ന കിടപ്പാണ്. എല്ലാം പരിചാരകന്‍ സന്തോഷ് ചെയ്തുകൊടുക്കണം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യം തൊട്ടറിയുന്ന ഘട്ടമാണ് വാര്‍ധക്യം. ഒറ്റപ്പെടുകയും കിടപ്പിലാവുകയും കൂടി ചെയ്താലോ!

സന്താന സൗഭാഗ്യം ലഭിക്കാത്ത ദമ്പതികള്‍ വാര്‍ധക്യകാലത്ത് പലപ്പോഴും ഒറ്റപ്പെട്ടുപോകുന്നു. ഭദ്രമായ കുടുംബ ഘടനയുടെ അഭാവമാണ് അതിന് കാരണം. ഒരു പ്രായം വരെ ദമ്പതികള്‍ പരസ്പരം താങ്ങും തണലുമായി ജീവിക്കും. അവരിലൊരാള്‍ മരണപ്പെട്ടാല്‍ മറ്റെയാള്‍ ഒറ്റപ്പെടും. ഇനി രണ്ടുപേരും ജീവിച്ചിരിക്കുകയാണെങ്കില്‍ തന്നെയും ഒരു ഘട്ടം കഴിഞ്ഞാല്‍ പരസ്പരം പരിചരിച്ച് മുന്നോട്ടുപോകാന്‍ സാധ്യമല്ലാത്തവിധം ആരോഗ്യം ക്ഷയിക്കും. അപ്പോള്‍ രണ്ടു പേരും ഒന്നിച്ച് അഭയകേന്ദ്രത്തിലെത്തുന്നു. സംരക്ഷിക്കാന്‍ മക്കളില്ലാതെ പോയതാണ് ഈ ദുരിതത്തിന് കാരണം.

അന്തേവാസികളില്‍ ചിലര്‍ പ്രൗഢമായ ഭൂതകാലമുള്ളവരാണ്. പാണ്ടിക്കാട് സല്‍വയിലെ ഇബ്‌റാഹീമിന് 108 വയസ്സുണ്ട്. അന്തേവാസികളില്‍ ഏറ്റവും കൂടുതല്‍ പ്രായമുള്ള വ്യക്തി. ഇബ്‌റാഹീംക്ക ചില്ലറക്കാരനല്ല. കരുത്തുള്ളൊരു ചരിത്രം അദ്ദേഹത്തിന് പറയാനുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് പത്തുവര്‍ഷം പട്ടാളത്തിലായിരുന്നു. ബര്‍മയുദ്ധം നടക്കുന്ന കാലത്തെ സംഭവങ്ങള്‍ അദ്ദേഹം കൃത്യമായ ഓര്‍മയോടെ പങ്കുവെക്കുന്നു. പത്ത് വര്‍ഷത്തെ പട്ടാള ജീവിതം. ശേഷം നാടക-കലാ പ്രവര്‍ത്തനങ്ങളുടെ പിന്നാലെ. അതിനിടയില്‍ വിവാഹം കഴിക്കാന്‍ മറന്നു. മറന്നതല്ലെന്ന് ഇബ്‌റാഹീംക്ക. പണ്ട്, പട്ടാളക്കാര്‍ക്ക് ആളുകള്‍ പെണ്ണുകൊടുക്കാന്‍ മടിച്ചിരുന്നത്രെ. പ്രായം 108 കവിഞ്ഞെങ്കിലും നന്നായി സംസാരിക്കുന്നു. നല്ല പാട്ടുകാരനാണ്. സല്‍വ സന്ദര്‍ശിക്കാന്‍ വരുന്ന കുട്ടികള്‍ പാട്ടുപാടിക്കും. പൊന്നാടയണിയിക്കും.

 

ആത്മവിദ്യാലയമേ.....

ആഴി നിലയില്ലാ ജീവിതമെല്ലാം

ആറടി മണ്ണില്‍ നീറിയൊടുങ്ങും.....

ഈ പ്രായത്തിലും നന്നായി പാടുന്നു. യൗവനത്തില്‍ മികച്ച ഗായകനായിരുന്നു എന്ന് കരുതാം. ഇപ്പോള്‍ ഇവിടെ സല്‍വയില്‍ സംഗീതവും നാടകവും യുദ്ധവുമെല്ലാം അടങ്ങുന്ന സമ്പന്നമായ ഗതകാല സ്മരണയില്‍ ജീവിക്കുന്നു.

 

മരിച്ചാലും പരിഗണനയില്ല

ഒരു അന്തേവാസി മരണപ്പെട്ടാല്‍ മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോകണമെന്നാണ് സ്ഥാപനങ്ങളിലെ നിയമം. അപ്പോഴും വരാന്‍ മടിക്കുന്നവരുണ്ട്. ആംബുലന്‍സില്‍ കൊണ്ടുവന്ന് വീട്ടുമുറ്റത്ത് മൃതദേഹം ഇറക്കിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാലേ ചിലര്‍ വന്ന് സ്വീകരിക്കുകയുള്ളൂ. ബന്ധുക്കളാരുമില്ലാത്തവര്‍ മരണപ്പെട്ടാല്‍ മൂന്ന് ദിവസം സര്‍ക്കാര്‍ ആശുപത്രിയിലെ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കണം. ആദ്യത്തെ രണ്ട് ദിവസം പത്രത്തില്‍ പരസ്യം കൊടുക്കണം. നാലാം ദിവസം പോസ്റ്റുമോര്‍ട്ടം. ആരുമില്ലാത്തവരാണെന്ന് സ്ഥിരീകരിക്കേണ്ടത് പോലീസാണ്. ശേഷം ഒന്നുകില്‍ പോലീസ്, അല്ലെങ്കില്‍ സ്ഥാപനം, അതുമല്ലെങ്കില്‍ സന്നദ്ധ സംഘടനകള്‍ മൃതദേഹം സംസ്‌കരിക്കും. പരസ്യം കണ്ട് പരേതനെ തിരിച്ചറിഞ്ഞാലും ചില ബന്ധുക്കള്‍ വരില്ല. സാമ്പത്തിക താല്‍പര്യമാണ് അതിന് പ്രധാന കാരണം. സ്വത്തില്‍ ഒരുഭാഗം ഒരുപക്ഷേ, പരേതന് അവകാശപ്പെട്ടതായിരിക്കും. ബന്ധുവെന്ന് തെളിഞ്ഞാല്‍ ആ ഓഹരി പരേതന്റെ അവകാശികള്‍ക്ക് നല്‍കേണ്ടിവരുമല്ലോ.

ഇങ്ങനെയെല്ലാമാണ് ഈ മനുഷ്യരുടെ ജീവിതവും മരണവും. അഭയം നഷ്ടപ്പെട്ട് ദുരിതത്തില്‍ മുങ്ങിത്താഴുന്ന ആയിരങ്ങളുണ്ട് നമ്മുടെ സമൂഹത്തില്‍. അവരില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഇത്തരം അഗതി മന്ദിരങ്ങളില്‍ സംരക്ഷിക്കപ്പെടുന്നത്. അഥവാ ഇനിയും വലിയൊരു വിഭാഗം അത്താണിയില്ലാതെ അലയുകയാണ്. ആള്‍ക്കൂട്ടത്തിലും തനിച്ചാവുകയാണ്. ഒറ്റപ്പെടലിന്റെ തീവ്രമായ വേദന തിന്ന് ജീവിക്കുകയാണ്. ആത്മാര്‍ഥത മാത്രം കൈമുതലാക്കി നടത്തപ്പെടുന്ന അഭയകേന്ദ്രങ്ങള്‍ ഇവര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. ജീവിതത്തില്‍ ലഭിക്കാതെ പോയ, അല്ലെങ്കില്‍ നഷ്ടപ്പെട്ടുപോയ സ്‌നേഹവും സന്തോഷവും സുഭിക്ഷതയും ഒരു പരിധിവരെ അവര്‍ക്ക് സമ്മാനിക്കാന്‍ ഈ കേന്ദ്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇനിയും സംരക്ഷണം ലഭിച്ചിട്ടില്ലാത്ത ആയിരക്കണക്കിന് മനുഷ്യരുടെ പുനരധിവാസം എങ്ങനെ എന്ന് സമൂഹവും സര്‍ക്കാരും ഗൗരവത്തില്‍ ചിന്തിക്കണം. അവരാരും സ്വയം ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത വഴിയല്ല ഇത്. സാഹചര്യങ്ങളാണ് അവരുടെ ജീവിതം ഇങ്ങനെയൊക്കെ ആക്കുന്നത്. കുടുംബഘടന ഭദ്രമാവുകയും ബന്ധങ്ങള്‍ ശക്തിപ്പെടുകയും ചെയ്യണം. കുടുംബാംഗങ്ങള്‍ തങ്ങള്‍ക്ക് പരസ്പരമുള്ള ബാധ്യതകളെ സംബന്ധിച്ച് ബോധവാന്മാരാവുകയാണ് ആദ്യം വേണ്ടത്. ജീവിതപ്പെരുവഴിയില്‍ ഒറ്റപ്പെട്ടുപോകുന്നവരുടെ എണ്ണം കുറക്കാന്‍ അതേ പോംവഴിയുള്ളൂ. ഒപ്പം, ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ഇതുപോലെയുള്ള അഭയകേന്ദ്രങ്ങള്‍ വികസിപ്പിക്കാനും വ്യാപിപ്പിക്കാനും സര്‍ക്കാരും സമൂഹവും മുന്നിട്ടിറങ്ങുകയും വേണം. 

Comments