Prabodhanam Weekly

Pages

Search

2017 നവംബര്‍ 03

3024

1439 സഫര്‍ 14

തണല്‍ വിരിക്കുന്ന സ്‌നേഹവീടുകള്‍

സി.എസ്.എസ്

മരം അങ്ങനെയാണ്. സ്വയം വെയില്‍കൊണ്ട് മറ്റുള്ളവര്‍ക്ക് തണല്‍ നല്‍കും. കല്ലെറിഞ്ഞാലും തിരിച്ചുനല്‍കുന്നത് പഴങ്ങളായിരിക്കും. നട്ടുച്ചയിലെ പൊരിവെയിലത്ത് തളര്‍ന്നുപോയവര്‍ക്ക് ആശ്വാസം പകരും. മനുഷ്യരുടെ കൂട്ടത്തിലുമുണ്ട് ചില നന്മമരങ്ങള്‍. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും ജീവിത പാതയില്‍ കാലിടറിവീണവര്‍ക്ക് കൈത്താങ്ങാവാനും ആയുസ്സിന്റെ വലിയൊരു ഭാഗം മാറ്റിവെക്കുന്നവര്‍. ആകാശത്തോളം മനസ്സ് വിശാലമായ ആ നിസ്വാര്‍ഥര്‍ പണിയെടുത്തപ്പോള്‍ മണ്ണില്‍ ഉയര്‍ന്നത് കേവലം അഗതി മന്ദിരങ്ങളല്ല. പെരുവഴിയിലായിപ്പോയ ഒരുപാട് ജീവിതങ്ങള്‍ക്ക് അഭയം നല്‍കുന്ന സ്‌നേഹവീടുകളാണ്. തൃശൂര്‍ ഒല്ലൂര്‍ക്കരയിലെ വി.എം.വി ഓര്‍ഫനേജ്, ആലുവ വെളിയത്തുനാട്ടിലെ വെല്‍ഫെയര്‍ ആശ്വാസ കേന്ദ്രം, വടകര എടച്ചേരിയിലെ തണല്‍, വയനാട്ടിലെ പീസ് വില്ലേജ്, പാണ്ടിക്കാട് സല്‍വ കെയര്‍ ഹോം തുടങ്ങിയവ അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഇവ കേവലം ചടങ്ങിന് നടത്തുന്ന സേവന കേന്ദ്രങ്ങളല്ല. ശാസ്ത്രീയ രീതിയില്‍ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രങ്ങളാണ്.

വി.എം.വി ഓര്‍ഫനേജിന് 21 വര്‍ഷത്തെ സേവനചരിത്രം പറയാനുണ്ട്. ഇന്ന് ഇരുനൂറിലധികം അന്തേവാസികള്‍ വി.എം.വിയുടെ തണലില്‍ ജീവിക്കുന്നു. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ. വി.എം.വി അതിന്റെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നു. ഉപരിപഠനത്തിന് അവസരമൊരുക്കുന്നു. ഈ കാലയളവില്‍ അന്തേവാസികളായ 93 പെണ്‍കുട്ടികളുടെ വിവാഹം നടത്തി. അവരിലധികപേരും മംഗല്യസൗഭാഗ്യം നടക്കാത്ത സ്വപ്‌നമാണെന്ന് കരുതി ജീവിച്ചവര്‍. വിവാഹം കഴിഞ്ഞാലും അവരുടെ രക്ഷിതാവും വീടും വി.എം.വി തന്നെ. അവര്‍ അവധി സമയത്ത് വി.എം.വിയിലേക്ക് വരികയും താമസിക്കുകയും ചെയ്യുന്നു. പലരുടെയും പ്രസവകാലം വി.എം.വിയില്‍ തന്നെയായിരിക്കും.

ആലുവ വെളിയത്തുനാട്ടിലെ വെല്‍ഫെയര്‍ ട്രസ്റ്റിനു കീഴില്‍ നടന്നുവരുന്ന സേവന സംരംഭങ്ങള്‍ ഏറെ മാതൃകാപരമാണ്. അഗതിമന്ദിരം, ബുദ്ധിമാന്ദ്യവും ശാരീരിക വൈകല്യവുമുള്ള കുട്ടികള്‍ക്ക് 'വി കെയര്‍' സ്‌പെഷല്‍ സ്‌കൂള്‍, തലചായ്ക്കാന്‍ ഇടമില്ലാത്തവരെ പാര്‍പ്പിക്കാന്‍ 'വെല്‍ഫെയര്‍ വില്ലേജ്' എന്ന ഗൃഹനിര്‍മാണ പദ്ധതി, സൗജന്യ ചികിത്സാ കേന്ദ്രം, സൗജന്യ ഉച്ചഭക്ഷണ പദ്ധതി, സൗജന്യ റേഷന്‍, വിദ്യാഭ്യാസ സഹായം, സ്വയം തൊഴില്‍ വായ്പ തുടങ്ങിയ പദ്ധതികള്‍ ട്രസ്റ്റിനു കീഴില്‍ നടന്നുവരുന്നുണ്ട്.

വെല്‍ഫെയര്‍ അഗതിമന്ദിരത്തിലെ മാനസിക രോഗികളും അല്ലാത്തവരുമായ അന്തേവാസികള്‍ക്ക് സോപ്പ്, സോപ്പുപൊടി, ചന്ദനത്തിരി, ടോയ്‌ലറ്റ് ക്ലീനര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് പരിശീലനം നല്‍കുന്നുണ്ട്. അന്തേവാസികള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ വിജയകരമായി വിറ്റഴിക്കുകയും ചെയ്യുന്നു. അതുവഴി ലഭിക്കുന്ന ലാഭം അവര്‍ക്ക് തന്നെ വീതിക്കുന്നു. അഗതിമന്ദിരത്തില്‍ എല്ലാം സൗജന്യമായും സുലഭമായും ലഭിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വിയര്‍പ്പിന്റെ ഫലമായി കിട്ടുന്ന കൂലി അവര്‍ക്ക് വലിയ സന്തോഷം നല്‍കുന്നു.

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ട് സ്ഥിതിചെയ്യുന്ന സല്‍വ കെയര്‍ ഹോം സേവന മാര്‍ഗത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. അവശതയുടെ പാരമ്യത്തിലെത്തിയ അമ്പതിലധികം മനുഷ്യരാണ് ഇവിടെ അന്തേവാസികള്‍. സല്‍വ നല്‍കുന്ന സ്‌നേഹപരിചരണം വിലമതിക്കാനാവില്ല.

വടകര എടച്ചേരിയിലെ 'തണല്‍' അഗതി മന്ദിരം ഹൃദയസ്പര്‍ശിയായ അനുഭവമാണ്. ഒമ്പതു വര്‍ഷമായി 'തണല്‍' നല്‍കുന്ന സേവനങ്ങള്‍ ശ്രദ്ധേയമാണ്. 170-ലധികം അന്തേവാസികള്‍ 'തണലി'ല്‍ കഴിയുന്നു. അഗതി മന്ദിരത്തിനു പുറമെ പാരപ്ലീജിയ സെന്റര്‍, ഡയാലിസിസ് സെന്റര്‍, ഫിസിയോ തെറാപ്പി സെന്റര്‍, സ്പീച്ച് തെറാപ്പി സെന്റര്‍, എച്ച്.ഐ.വി സെന്റര്‍, പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, ഷുഗര്‍ ഫ്രീ ക്ലിനിക്, സൈക്യാട്രി സെന്റര്‍, ഹെല്‍ത്ത് കെയര്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവ ട്രസ്റ്റിനു കീഴില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നു.

വയനാട്ടിലെ പീസ് വില്ലേജ് പേര് സൂചിപ്പിക്കുന്നതുപോലെ ശാന്തവും പ്രകൃതിരമണീയവുമായ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പിണങ്ങോട് പുഴയോരത്തുള്ള മൂന്നിലധികം ഏക്കറില്‍ പത്തോളം സംരംഭങ്ങളുള്ള ബൃഹത്തായ പദ്ധതിയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ അതിന്റെ പ്രഥമ ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. നിര്‍ദിഷ്ട പദ്ധതികള്‍ പൂര്‍ത്തിയായാല്‍ കേരളത്തില്‍ തന്നെ വേറിട്ടൊരു അഭയകേന്ദ്രമായി പീസ് വില്ലേജ് ഉയരും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ ഒറ്റപ്പെടലിന്റെ വേദനകള്‍ക്കിടയിലും പീസ് വില്ലേജിലെ പ്രകൃതിഭംഗിയും പരിചാരകര്‍ നല്‍കുന്ന സ്‌നേഹവും ആസ്വദിച്ച് ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ സന്തോഷങ്ങള്‍ അല്‍പമെങ്കിലും തിരിച്ചുപിടിക്കുകയാണ് നിരാലംബരായ അന്തേവാസികള്‍.

 

വീടുകളെ വെല്ലുന്ന വൃത്തി

ഈ അഭയകേന്ദ്രങ്ങളിലെല്ലാം കണ്ട പൊതുവായ സവിശേഷത വീടുകളെ വെല്ലുന്ന വൃത്തിയാണ്. ടോയ്‌ലറ്റ് മുതല്‍ കാന്റീന്‍, വരാന്ത, മുറ്റം, കിടപ്പുമുറി, ബെഡ്, ഷെല്‍ഫ് തുടങ്ങി സ്ഥാപനത്തിലെ ഓരോ ഇടവും അങ്ങേയറ്റം വൃത്തിയോടെയും ശുചിത്വത്തോടെയും സൂക്ഷിക്കാന്‍ നടത്തിപ്പുകാര്‍ ശ്രദ്ധിക്കുന്നു. അന്തേവാസികളെയും ഏറെ വൃത്തിയോടെ പരിചരിക്കുന്നു. അവരെ നല്ല വസ്ത്രം അണിയിക്കുന്നു. വൃത്തി ഉറപ്പുവരുത്താന്‍ പ്രത്യേകം നിബന്ധനകളും വെച്ചിട്ടുണ്ട്. ഒമ്പത് മണിക്കു മുമ്പ് എല്ലാവരും കുളിച്ചിരിക്കണം, അവരുടെ ബെഡും വിരിപ്പും ജീവനക്കാര്‍ വൃത്തിയാക്കണം, ഓരോരുത്തര്‍ക്കും അവരുടെ വസ്ത്രങ്ങള്‍ വെക്കാന്‍ പ്രത്യേകം ഷെല്‍ഫുകള്‍ എന്നിങ്ങനെ. പിന്നെ രുചികരമായ ഭക്ഷണം, ലൈബ്രറി ....

 

കെയര്‍ ടേക്കര്‍ അഥവാ കാരുണ്യത്തിന്റെ മാലാഖമാര്‍

ഈ അഭയകേന്ദ്രങ്ങളിലെ അന്തേവാസികള്‍ ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ നിര്‍ഭാഗ്യവാന്മാരാണ്. എങ്കിലും അവരുടെ മുഖത്ത് പ്രസന്നതയും സന്തോഷവും നമുക്ക് കാണാം. അതിന് കാരണം സ്ഥാപനം ഒരുക്കിക്കൊടുക്കുന്ന ഭൗതികമായ സൗകര്യങ്ങള്‍ മാത്രമല്ല. ഏറെ സ്‌നേഹത്തോടെയും കാരുണ്യത്തോടെയും അവരെ പരിചരിക്കുന്ന കെയര്‍ ടേക്കര്‍മാരോടാണ് അതിന് നന്ദി പറയേണ്ടത്. നേരില്‍ അനുഭവിച്ചാല്‍ മാത്രമേ പരിചാരകരുടെ ത്യാഗസന്നദ്ധതയുടെ ആഴം മനസ്സിലാകൂ. നൂറ് അന്തേവാസികളുണ്ടെങ്കില്‍ നൂറും നൂറ് തരക്കാരായിരിക്കും. വ്യത്യസ്തമായ വികാരങ്ങള്‍, ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, അഭിരുചികള്‍, വേദനകള്‍, രോഗങ്ങള്‍. ഓരോരുത്തരുടെയും അവസ്ഥ മനസ്സിലാക്കിയാണ് പരിചാരകര്‍ അവരോട് പെരുമാറുക. പ്രാഥമിക കര്‍മങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്തവിധം കിടപ്പിലായവരുടെ എല്ലാം അവര്‍ ചെയ്തുകൊടുക്കണം. പല്ലുതേപ്പ് മുതല്‍ കുളിപ്പിക്കല്‍ വരെ. ചിലര്‍ ഇടക്കിടെ മലമൂത്രവിസര്‍ജനം നടത്തും. മാനസിക രോഗികള്‍ ചിലപ്പോള്‍ പരിചാരകരെ തെറിവിളിക്കും, അക്രമാസക്തരാകും. അപ്പോഴും അവര്‍ അക്ഷോഭ്യരായിരിക്കും. വെറുപ്പോടെ പ്രതികരിക്കില്ല. വെല്‍ഫെയറിലെ സന്തോഷ് ഓരോ അന്തേവാസിയെയും സ്വന്തം പിതാവിനെ പോലെയാണ് കാണുന്നത്. 'എല്ലാം ദൈവത്തിന് വേണ്ടിയാണ്. രണ്ട് ദിവസം അവധിയെടുത്താല്‍ ഇവരെ കാണാഞ്ഞ് മനസ്സ് വേദനിക്കും' - വെല്‍ഫെയറിലെ കെയര്‍ ടേക്കര്‍ മിനിയുടെ വാക്കുകള്‍. എത്ര സ്‌നേഹത്തോടെയാണ് വടകര തണലിലെ അന്തേവാസികളെ ഗഫൂര്‍ക്ക പരിചരിക്കുന്നത്. വി.എം.വി ഓര്‍ഫനേജിലെ എല്ലാവരുടെയും മൂത്തമ്മയായ റുഖിയത്തയും സൗദ ടീച്ചറും ഐശാബിയും റുഖിയാബിയും സ്‌നേഹത്തിന്റെ പ്രതീകങ്ങള്‍ തന്നെ. പേര് പരാമര്‍ശിക്കാത്ത ഇനിയും എത്രയോ നന്മമരങ്ങള്‍.

തൊഴിലായി കാണുന്നവര്‍ക്ക് ഈ മേഖലയില്‍ ദീര്‍ഘനാള്‍ തുടരാന്‍ കഴിയില്ല. ചിലര്‍ ഒരാഴ്ച കഴിഞ്ഞാല്‍ നിര്‍ത്തിപ്പോകുന്നു. അന്തേവാസികളോട് മോശമായി പെരുമാറുന്നത് കാരണം ചിലരെ പറഞ്ഞയക്കുന്നു. മാന്യമായ ശമ്പളം നല്‍കാന്‍ ഈ സ്ഥാപനങ്ങള്‍ തയാറാണ്. എന്നിട്ടും സേവന സന്നദ്ധരായ ആളുകളെ ആവശ്യത്തിന് ലഭിക്കുന്നില്ല. ഇതുപോലെയുള്ള അഭയകേന്ദ്രങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണിത്.

 

അവര്‍ സന്തുഷ്ടരാണ്

ഭൂതകാലത്തെ ദുരനുഭവങ്ങളുടെ ഓര്‍മകളില്‍ കുടുങ്ങി അന്തേവാസികളുടെ മനസ്സ് വേദനിക്കാതിരിക്കാന്‍ സ്ഥാപനങ്ങള്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അവരുടെ മാനസികോല്ലാസത്തിനായി പല സംവിധാനങ്ങളും ഒരുക്കുന്നു. കലാപരിപാടികള്‍, വിനോദയാത്രകള്‍, സിനിമാ പ്രദര്‍ശനം, സംഗീത പഠനം, ഓണവും പെരുന്നാളും പോലുള്ള ആഘോഷ വേളകളില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടികള്‍, കായിക വിനോദങ്ങള്‍, മത്സരങ്ങള്‍ തുടങ്ങിയവ ഉദാഹരണം. വ്യത്യസ്ത മതവിശ്വാസികള്‍ അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്നുണ്ട്. എല്ലാവര്‍ക്കും അവരവരുടെ പ്രാര്‍ഥനകള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളും സ്ഥാപനങ്ങള്‍ ഒരുക്കുന്നു. പൊതുവെ അന്തേവാസികളെല്ലാം സന്തുഷ്ടരാണ്. അവരുടെ പ്രസന്ന മുഖങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ട്. എങ്കിലും സല്‍വയിലെ കെയര്‍ ടേക്കര്‍ പറഞ്ഞതാണ് ശരി. 'സ്വര്‍ണക്കൂട്ടിലടച്ചാലും പക്ഷിക്ക് ഇഷ്ടം ആകാശത്തേക്ക് പറന്നുയരാനാണ്.' 

Comments