Prabodhanam Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

മുഹമ്മദ് നബി നിങ്ങളുടേതു കൂടിയാണ്

എം.ഐ അബ്ദുല്‍ അസീസ് (JIH കേരള അമീര്‍)

അനേകം നേതാക്കളെയും വിപ്ലവകാരികളെയും പണ്ഡിതന്മാരെയും പ്രതിഭാശാലികളെയും ഇതിനകം മനുഷ്യസമൂഹം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യചരിത്രത്തില്‍ പ്രവാചകനോളം സ്വാധീനമുറപ്പിച്ച മറ്റൊരു വ്യക്തിത്വത്തെ കണ്ടെടുക്കുക സാധ്യമല്ല. താന്‍ ജീവിച്ച സമൂഹത്തില്‍ മാത്രമല്ല, പതിനഞ്ച് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഇത്രമേല്‍ അനുധാവനം ചെയ്യപ്പെടുന്ന, അത് ഭാവിയിലേക്ക് തുടരുകയും ചെയ്യുന്ന മാതൃക വേറൊന്നില്ല തന്നെ.

പ്രപഞ്ച സ്രഷ്ടാവ് മനുഷ്യര്‍ക്കായി നിര്‍ണയിച്ച ഇസ്‌ലാമിന്റെ പ്രവാചകനാണ് മുഹമ്മദ് നബി. പക്ഷേ അദ്ദേഹം മുസ്‌ലിംകളുടെ മാത്രം പ്രവാചകനല്ല. പ്രപഞ്ചത്തിനുമേലുള്ള മഹാകാരുണ്യവര്‍ഷമായിട്ടാണ് പ്രവാചകനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഒരോ ദര്‍ശനത്തിന്റെയും അനുയായികള്‍ തങ്ങളുടെ ആദര്‍ശപുരുഷന്മാരെ തങ്ങളുടേത് മാത്രമാക്കി പരിമിതപ്പെടുത്തിയപ്പോള്‍, ആചാര്യന്മാര്‍ക്ക് തങ്ങളുടെ ഭൂമിശാസ്ത്ര അതിര്‍ത്തിക്കപ്പുറത്ത് വികസിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, മഹനീയ മാതൃകകള്‍ അനുയായികളാല്‍ സങ്കുചിതമാക്കപ്പെട്ടപ്പോള്‍ മുഹമ്മദ് നബി നിങ്ങളുടേതെല്ലാവരുടേതുമാണ് എന്ന് പ്രഖ്യാപിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. വിജയത്തിന്റെയും മോക്ഷത്തിന്റെയും വഴിയറിയാതെ ഉഴറി മനുഷ്യസമൂഹം മഹാനാശത്തിലേക്ക് പതിക്കാതിരിക്കാന്‍  സ്രഷ്ടാവായ ദൈവം മാനവരാശിയോട് ചെയ്ത കാരുണ്യമാണ് മുഹമ്മദ് നബി.

പ്രപഞ്ചത്തിന്റെയും മനുഷ്യസമൂഹത്തിന്റെയും ഏകതയാണ് പ്രവാചക സന്ദേശത്തിന്റെ കാതല്‍. കണ്ണെത്താദൂരത്തോളം വിശാലമായ പ്രപഞ്ചത്തെ, അതിന്റെ സകല വൈവിധ്യങ്ങളോടെയും സൃഷ്ടിച്ചത് ഏകനായ ദൈവമാണ്, ഈ ലോകമാകെ ദൈവത്തിന്റെ നിയമവ്യവസ്ഥക്ക് വിധേയമാണ്, അവയാകെ അവനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു, അതിനാല്‍ മനുഷ്യനും അവന് വിധേയപ്പെടാനും സ്തുതിക്കാനും ബാധ്യതപ്പെട്ടിരിക്കുന്നു എന്നാണ് പ്രവാചകന്‍ ലോകത്തെ പഠിപ്പിച്ചത്. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്നും ചീര്‍പ്പിന്റെ പല്ലുകള്‍ കണക്കെ സമന്മാരാണെന്നുമുള്ള പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വംശീയ, ദേശീയ, ജാതീയ, സാമുദായിക വേര്‍തിരിവുകളാല്‍ കലഹിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന സമകാലിക ലോകത്തിന് ഏറെ പഠിക്കാനുണ്ട്. പരിഹാരങ്ങള്‍ അവിടെയുണ്ട്.

പ്രവാചകന്‍ ഒരു പ്രബോധകനായിരുന്നു. സമൂഹത്തിനു മുന്നില്‍ കളങ്കമേല്‍ക്കാത്തതും സുതാര്യവുമായ പ്രതിഛായ നിലനിര്‍ത്താനായെങ്കില്‍ മാത്രമേ പ്രബോധന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകൂ. അവരിലൊരാളായി, അവരെ ബാധിച്ച പുഴുക്കുത്തുകളൊന്നുമേല്‍ക്കാതെ വിശ്വസ്തനും സത്യസന്ധനുമെന്ന നാട്ടുകാരുടെ അംഗീകരാത്തിന്റെ ട്രാക്ക് റെക്കോഡിലാണ് മുഹമ്മദ്(സ) പ്രബോധന പ്രവര്‍ത്തനങ്ങള്‍ സമാരംഭിക്കുന്നത്. പ്രവാചകത്വത്തിന് മുമ്പുള്ള നാല്‍പത് വര്‍ഷത്തിന്റെ വിശുദ്ധിയെ അവര്‍ക്ക് നിരാകരിക്കാനാകുമായിരുന്നില്ല. സ്വഫാ കുന്നിനപ്പുറത്ത്, വെളുപ്പാന്‍ കാലം നിങ്ങളെ ആക്രമിക്കാന്‍ ഒരു വന്‍ സൈന്യം വന്നുനില്‍ക്കുന്നുണ്ടെന്ന് മറ്റാര് പറഞ്ഞാലും അവര്‍ക്ക് വിശ്വസിക്കാനാവുമായിരുന്നില്ല. മുഹമ്മദ് പറഞ്ഞാല്‍ നിഷേധിക്കാനുമാകുമായിരുന്നില്ല. ഇതാണ് പ്രവാചകന്‍, ഇതാണ് പ്രബോധകന്‍. പ്രവാചകനു ശേഷം പ്രബോധന ദൗത്യം ഏല്‍പിക്കപ്പെട്ട മുസ്‌ലിം സമുദായം ഈ ധാരണയെ ഇനിയും മനസ്സിലുറപ്പിക്കണം.

സമൂഹത്തോടുള്ള അടങ്ങാത്ത ഗുണകാംക്ഷയാണ് പ്രവാചക ജീവിതം. അദ്ദേഹത്തിന് ശത്രുക്കളുണ്ടായിരുന്നു, പക്ഷേ, അദ്ദേഹത്തിന് ആരോടും ശത്രുതയുണ്ടായിരുന്നില്ല. അഭയമന്വേഷിച്ചു ചെന്നപ്പോള്‍ ആട്ടിപ്പായിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥനാനിരതനായി. ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചതിന്റെ പേരില്‍ കല്ലെറിഞ്ഞോടിച്ചവരിലേക്കും, പട്ടിണി സമ്മാനിച്ചവരിലേക്കും, നാട്ടില്‍നിന്ന് പുറത്താക്കിയവരിലേക്കും, മദീനയില്‍ തനിക്കും തന്റെ കൂടെയുള്ള കൊച്ചു സമൂഹത്തിനും സൈ്വര്യം തരാതെ നിരന്തരം സംഘര്‍ഷങ്ങളിലേക്ക് തള്ളിവിട്ടവരിലേക്കും, തന്നെ ജീവനേക്കാള്‍ സ്‌നേഹിച്ച അനുയായികളില്‍ പലരെയും അരുംകൊല ചെയ്തവരിലേക്കും വിജയക്കൊടി വീശി തിരിച്ചു ചെന്നപ്പോള്‍ പ്രതികാരത്തിന്റെ രക്തപ്പുഴയൊഴുകുമെന്ന് കരുതിയവര്‍ക്ക് തെറ്റി- പോകൂ, നിങ്ങളെല്ലാം ഇന്ന് സ്വതന്ത്രരാണ് എന്നായിരുന്നു ആ മനുഷ്യഹൃദയത്തിന്റെ മന്ദസ്മിതം. അല്ലെങ്കിലും കൊടും ശത്രുക്കളെപ്പോലും ആത്മമിത്രങ്ങളാക്കി മാറ്റിയ, അവരെ താന്‍ പ്രബോധനം ചെയ്ത ആദര്‍ശത്തിന്റെ വക്താക്കളാക്കി മാറ്റിയ മറ്റേതൊരു നേതാവുണ്ട് മനുഷ്യസമൂഹത്തിന്റെ ഓര്‍മയില്‍! പ്രവാചകനെ അറിയാന്‍ ശ്രമിച്ചവരെല്ലാം ഈ വിസ്മയത്തിനു മുന്നില്‍ സ്തബ്ധരായിട്ടുണ്ട്.

യുദ്ധത്തില്‍ കൈക്കുഞ്ഞ് വധിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ നേരം കണ്ണീര്‍ തൂകിയ അല്ലാഹുവിന്റെ ദൂതന്‍, ഇതര മതസ്ഥനായ കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകളെ എഴുന്നേറ്റു നിന്ന് ബഹുമാനിച്ച പ്രവാചകന്‍, യുദ്ധത്തില്‍ പോലും വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുതെന്നും മരങ്ങള്‍ വെട്ടി നശിപ്പിക്കരുതെന്നും ജലാശയങ്ങള്‍ മലിനപ്പെടുത്തരുതെന്നും പഠിപ്പിച്ച മനുഷ്യ സ്‌നേഹി- അദ്ദേഹവും അദ്ദേഹം പ്രബോധനം ചെയ്ത ദര്‍ശനവും ഏറെ തെറ്റിദ്ധരിക്കപ്പെട്ട കാലമാണിത്. കൊടുംക്രൂരതയുടെ പര്യായമായും ഭീകരതയുടെ പ്രഭവകേന്ദ്രമായും ആണ് ഇസ്‌ലാം വിശേഷിപ്പിക്കപ്പെടുന്നത്. ആസൂത്രിതമായ പ്രചാരണങ്ങളിലൂടെയാണ് ഈ പ്രതീതി സൃഷ്ടിക്കപ്പെട്ടത്. മുസ്‌ലിംകളോടുള്ള വംശീയ വെറുപ്പിലും ഇസ്‌ലാംഭീതിയിലുമാണ് ലോകരാഷ്ട്രീയം വലിയൊരളവില്‍ മുന്നോട്ട് പോകുന്നത്. ദേശീയവും പ്രാദേശികവുമായ സാഹചര്യവും ഏറെ ഭിന്നമല്ല. അതിനാല്‍ പ്രവാചക ജീവിതത്തെ അനുസ്മരിക്കുന്ന സന്ദര്‍ഭം എന്ന നിലയില്‍ ആ ജീവിതസാക്ഷ്യത്തെ ശരിയായി പരിചയപ്പെടുത്താന്‍ ഇസ്‌ലാമിക സമൂഹം രംഗത്തിറങ്ങണം. 

ഇസ്‌ലാമിക പ്രബോധനത്തിന്റെ അനിവാര്യമായ ഭാഗമാണ് പ്രവാചക ജീവിതത്തെ സമൂഹത്തിന് പരിചയപ്പെടുത്തുക എന്നത്. ഇസ്‌ലാമിനും വിശുദ്ധ ഖുര്‍ആന്നും സ്വയം വ്യാഖ്യാനങ്ങള്‍ നടത്തുന്നവര്‍ പ്രവാചക വ്യക്തിത്വത്തെ വക്രീകരിക്കാനും നിരാകരിക്കാനും ശ്രമിച്ചിട്ടുണ്ട്. പ്രവാചകനെ മാറ്റിനിര്‍ത്തിയാല്‍ ഖുര്‍ആനെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വഴക്കിയെടുക്കാന്‍ എളുപ്പമാണ്. ഖുര്‍ആനിന്റെ ജീവിക്കുന്ന മാതൃകയാണ് പ്രവാചകന്‍. ആ വ്യക്തിത്വത്തിന്റെ ബഹുതലങ്ങളെ സമൂഹത്തിന്റെ നാനാതലങ്ങളില്‍ പരിചയപ്പെടുത്തേണ്ടതുണ്ട്.

പ്രവാചകന്‍ ഒരു സമ്പൂര്‍ണ മനുഷ്യനാണ്, എല്ലാം തികഞ്ഞ മനുഷ്യന്‍- നിങ്ങള്‍, ഭരണകര്‍ത്താവോ പൗരനോ യോദ്ധാവോ നയതന്ത്രജ്ഞനോ അധ്യാപകനോ വിദ്യാര്‍ഥിയോ കച്ചവടക്കാരനോ ദരിദ്രനോ ധനികനോ വിജയിയോ പരാജിതനോ പിതാവോ ഭര്‍ത്താവോ ആരാവട്ടെ, പിന്‍പറ്റാവുന്ന ഉത്തമമാതൃകയാണ് മുഹമ്മദ് നബി(സ) എന്ന് നാടറിയണം. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍