Prabodhanam Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

ആനന്ദത്തിന്റെ ഉറവിടം

ഡോ. ജാസിമുല്‍ മുത്വവ്വ

മാനസികാവസ്ഥ മാറ്റാനും ജീവിതാനന്ദം കൈവരിക്കാനും ഉതകുന്ന നിരവധി നിര്‍ദേശങ്ങള്‍ നാം ഓരോരുത്തരും വായിച്ചിട്ടുണ്ടാവും; വായന, എഴുത്ത്, വ്യായാമം, ഗൃഹാലങ്കാരങ്ങളുടെ മാറ്റം, പുതുതായി എന്തെങ്കിലും പഠിക്കുക, കുട്ടികളോടൊപ്പം സമയം ചെലവിടുക, നേരത്തേ ഉണരുക, ദിനസരിക്കുറിപ്പുകള്‍ എഴുതുക, ദൈനംദിന കര്‍മങ്ങള്‍ ആസൂത്രണം ചെയ്യുക, സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുക, നര്‍മബോധമുള്ള സുഹൃത്തുക്കളുമായി ചങ്ങാത്തം, സോഷ്യല്‍ മീഡിയയില്‍ വ്യാപരിക്കുക, നെറ്റിലെ നര്‍മങ്ങള്‍ പരതുക, കടലിലും കരയിലും വിനോദയാത്രകള്‍ നടത്തുക, ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധചെലുത്തുക, ആരോഗ്യദായകമായ ആഹാരം കഴിക്കുക, ഫോണ്‍-ടി.വിയില്‍നിന്ന് താല്‍ക്കാലിക പിന്മാറ്റം, വൃദ്ധജനങ്ങളോടൊപ്പമിരുന്ന് അവരുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുക, നന്നായി ഉറങ്ങുക, ജോലിയില്‍നിന്ന് അവധിയെടുക്കുക, തനിച്ചിരുന്ന് മനോരാജ്യത്തില്‍ മുഴുകുക, ഏകാന്തതയുടെ തീരങ്ങളില്‍ അലഞ്ഞ് ചിന്തയെ കയറൂരിവിടുക, സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക, സ്‌നേഹിതന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കുക- അങ്ങനെ പല വഴികളുമുണ്ട് നിലവിലുള്ള മാനസികാവസ്ഥ മാറ്റാന്‍.

ഈ പറഞ്ഞതെല്ലാം മാനസികാവസ്ഥ അഥവാ മൂഡ് മാറ്റാന്‍ ഉതകുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ പരമമായ സന്തോഷം നല്‍കാന്‍ ഇവക്കാകുമോ എന്നതാണ് നമ്മുടെ ചിന്താവിഷയം. മാനസികാവസ്ഥാ മാറ്റവും സന്തോഷലബ്ധിയും തമ്മില്‍ അന്തരമുണ്ട്. 'മൂഡ്' മാറ്റം മനസ്സിന്റെ ക്ഷണനേരത്തെ അനുഭവവും നിര്‍വൃതിയുമാണ്. വ്യാപൃതമാവുന്ന ജോലി അവസാനിക്കുന്നതോടെ അവ കെട്ടടങ്ങി മനസ്സ് പഴയ അവസ്ഥ കൈവരിക്കും. 'മൂഡ്' മാറ്റത്തിന് ഉതകുന്ന ഭക്ഷണ പദാര്‍ഥങ്ങളുമുണ്ടല്ലോ. ചോക്ലേറ്റ്, സ്‌ട്രോബെറി, ഡ്രൈ ഫ്രൂട്ട്‌സ് അങ്ങനെ ചിലത്. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഹോര്‍മോണുകള്‍ അവ ഉല്‍പാദിപ്പിക്കുമെന്ന് പറയാറുണ്ട്. സന്തോഷത്തിന് 'മൂഡ്' മാറ്റത്തില്‍ കവിഞ്ഞ ഒരു അര്‍ഥമുണ്ട്. സന്തോഷം ആന്തരികമായ അനുഭവവും അവബോധവുമാണ്. മനഃശാന്തി, ആത്മനിര്‍വൃതി, ഹൃദയതുറസ്സ്, മനസ്സിന്റെ വിശ്രാന്തി തുടങ്ങിയവയാണ് സന്തോഷത്തില്‍ ഉള്ളടങ്ങിയ ഘടകങ്ങള്‍. അത് എന്നും, എപ്പോഴും ഉണ്ടാവുന്ന മാനസികാവസ്ഥയാണ്. ഒരു താല്‍ക്കാലിക 'മൂഡ്' മാറ്റം പോലെയല്ല. നല്ല ജീവിതമാണ് മനുഷ്യനെ ഏറെ സന്തോഷവാനാക്കുന്നത്. വിശ്വാസത്തിലൂടെയും സല്‍ക്കര്‍മനിരതമായ ജീവിതത്തിലൂടെയും നേടിയെടുക്കാന്‍ കഴിയുന്നതാണത്. 'ആണാവട്ടെ, പെണ്ണാവട്ടെ വിശ്വാസിയായി സല്‍ക്കര്‍മമനുഷ്ഠിക്കാന്‍ അവര്‍ക്ക് നാം വിശിഷ്ട ജീവിതം നല്‍കും' എന്നാണ് അല്ലാഹു നല്‍കുന്ന ഉറപ്പ്. വിശിഷ്ട ജീവിതമെന്നാല്‍ ഇഹലോകത്തെയും പരലോകത്തെയും സൗഭാഗ്യവും സന്തോഷവുമാണ്. ജീവിതാനന്ദത്തെക്കുറിച്ച് വിരചിതമായ ഗ്രന്ഥങ്ങളും പരിശീലന കോഴ്‌സുകളുമെല്ലാം 'മൂഡ്' മാറ്റത്തെക്കുറിച്ചാണ് വാചാലമാവുക. അതോടൊപ്പം ചേര്‍ത്തു പറയേണ്ട മുഖ്യവിഷയങ്ങളുണ്ട്; വിശ്വാസ പോഷണത്തിന്റെയും വിശ്വാസവര്‍ധനവിന്റെയും കാര്യങ്ങള്‍. രണ്ടും സംയോജിപ്പിക്കുന്നവരാണ് സമര്‍ഥര്‍. മാനസികാവസ്ഥ മാറ്റാനുതകുന്ന കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം തന്റെ വിശ്വാസം പരിപോഷിപ്പിക്കാനും സ്രഷ്ടാവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും അവര്‍ യത്‌നിക്കും. മാനസികാവസ്ഥ മാറ്റാനുതകുന്ന പരിപാടികളും ആഹാര പദാര്‍ഥങ്ങളും നിരവധിയുണ്ടാവും. ചിലത് യഥാര്‍ഥമാണ്, ചിലത് തെറ്റിദ്ധാരണയും അയഥാര്‍ഥ ഭ്രമങ്ങളുമാണ്. പുകവലി, മദ്യപാനം, ലഹരി, മയക്കുമരുന്നുകള്‍ എന്നിവപോലെ. എന്നാല്‍ വിശ്വാസ പരിപോഷണ പരിപാടികള്‍ എല്ലാം യാഥാര്‍ഥ്യാധിഷ്ഠിതവും സന്തോഷദായകവുമാണ്.

ഉയര്‍ന്നുവരുന്ന ചോദ്യം ഇതാണ്: ശാശ്വത സന്തോഷം കൈവരിക്കാനുതകുന്ന വിശ്വാസം എങ്ങനെയാണ് ശക്തിപ്പെടുത്തുക? ഉത്തരം ലളിതമാണ്. പക്ഷേ, നിരന്തരവും നിസ്തന്ദ്രവുമായ കര്‍മം ആവശ്യമാണ്.

ഈമാന്‍ അഥവാ വിശ്വാസം പരിപോഷിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍: സജ്ജനങ്ങളെ കാണുക, അവരെ സന്ദര്‍ശിക്കുക, അവരുമായി സൗഹൃദവും ചങ്ങാത്തവും സ്ഥാപിക്കുക. കാരണം അവരുമായുള്ള സാമീപ്യവും അടുപ്പവും സല്‍ക്കര്‍മങ്ങള്‍ക്ക് പ്രചോദകമാവും. അവരുമായുള്ള വര്‍ത്തമാനം നിങ്ങളെ അല്ലാഹുവിനെ അനുസ്മരിപ്പിക്കും, നിങ്ങളുടെ വിശ്വാസം അവര്‍ നവീകരിക്കും, അതോടെ ദൈവസാമീപ്യം കൂടും. ഇടക്കിടെ മരണത്തെക്കുറിച്ച് ഓര്‍മിക്കുന്നത് വിശ്വാസ വര്‍ധനവിന് സഹായിക്കും. സല്‍ക്കര്‍മങ്ങളുടെ ഈടുവെപ്പുമായി സ്രഷ്ടാവിനെ അഭിമുഖീകരിക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങളില്‍ നിരതരാവാന്‍ അത് വഴിതുറക്കും. അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മയാണ് വിശ്വാസ പരിപോഷണത്തിനും ശാക്തീകരണത്തിനും വേണ്ടത്. പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള ദിക്‌റുകള്‍, ഖുര്‍ആന്‍ പാരായണം എന്നിവ മനുഷ്യനെ ഏതു നിമിഷവും അല്ലാഹുവുമായി ബന്ധിച്ചു നിര്‍ത്തും. സോഷ്യല്‍ മീഡിയയിലെ ദീനീ പരിപാടികള്‍ വീക്ഷിക്കുന്നതും വിശ്വാസ വര്‍ധനവിന് ഉതകും, സല്‍ക്കര്‍മങ്ങളിലേക്ക് നയിക്കും. വിശ്വാസ വര്‍ധനവ് കൈവരിക്കേണ്ടത് അറിവിലൂടെയും കര്‍മത്തിലുടെയുമാണ്. വിശ്വാസം ഏറുന്നതോടെ സന്തോഷവും കൈവരും. സന്മാര്‍ഗലബ്ധിക്കുള്ള അഭ്യര്‍ഥന നാം മാത്രം നടത്തുന്നതല്ല. പ്രവാചകന്മാരും അതിന് അഭ്യര്‍ഥിച്ചിട്ടുണ്ട്. അകലെ തീനാളം കണ്ടപ്പോള്‍ മൂസാ(അ): അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു: 'നിങ്ങള്‍ ഇവിടെ നില്‍ക്കൂ. ഞാന്‍ അവിടെ ഒരു തീവെട്ടം കാണുന്നുണ്ട്. ചിലപ്പോള്‍ അവിടെനിന്ന് ഒരു ജ്വാലകൊളുത്തിക്കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞേക്കും. അല്ലെങ്കില്‍ ആ തീയുടെ ചാരത്ത് സന്മാര്‍ഗം തെളിഞ്ഞുകിട്ടിയേക്കും.' തന്റെ നാഥനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന മൂന്ന് കാര്യങ്ങള്‍ പഠിക്കാന്‍ സദ്‌വൃത്തനായ ദാസനോടൊപ്പം മൂസാ(അ) യാത്ര ചെയ്ത സംഭവവും പ്രസിദ്ധമാണല്ലോ. ഇവയെല്ലാം ആനന്ദലബ്ധിക്ക് ഉതകുന്ന വഴികള്‍ തേടിയായിരുന്നു. 

വിവ: പി.കെ ജമാല്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍