Prabodhanam Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

ശാബാനു മുതല്‍ ഷായറ ബാനു വരെ മുസ്‌ലിം സമുദായവും ഭരണകൂടവും ചെയ്യേണ്ടത്

അഡ്വ. സി. അഹ്മദ് ഫായിസ്

ഒറ്റയിരുപ്പില്‍ മൂന്ന് ത്വലാഖ് ചൊല്ലുന്നത്  ജാമ്യമില്ലാ കുറ്റമാക്കുന്ന 'മുസ്‌ലിം സ്ത്രീ വിവാഹാവകാശ സംരക്ഷണ ബില്‍-2017' ഇക്കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര മന്ത്രിസഭ തിടുക്കത്തില്‍ അംഗീകരിച്ചത്. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സെഷന്‍ അവസാനിക്കും മുമ്പ് തന്നെ പാസ്സാക്കാനാണ് പരിപാടി. കഴിഞ്ഞ ആഗസ്റ്റിലാണ് ഏതാണ്ട് രണ്ടു വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍  മുസ്‌ലിം പുരുഷന്‍ ഒറ്റയിരുപ്പില്‍ മൂന്ന് ത്വലാഖും ചൊല്ലുന്നത് ഇസ്‌ലാമികവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന്  സുപ്രീം കോടതിവിധി ഉണ്ടാകുന്നത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ 'മുത്ത്വലാഖ്', അത്തരമൊരു പ്രയോഗത്തോട് വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ഭരണഘടനാ വിരുദ്ധമാണെന്ന വിധി ഉണ്ടായിട്ടില്ല.

ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 141 പ്രകാരം ഒരു കേസ് പരിഗണിച്ച ബെഞ്ചിലെ  ഭൂരിപക്ഷം ജഡ്ജിമാര്‍ വിധിക്കുന്നതാണ് നിയമം. അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ജഗദീഷ് ഖേഹാര്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവരുടെ ന്യൂനപക്ഷാഭിപ്രായ പ്രകാരം വ്യക്തി നിയമം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതിനാല്‍ മുത്ത്വലാഖ് നിര്‍ത്തലാക്കാനുള്ള അധികാരം  കോടതിക്കല്ല, മറിച്ച് പാര്‍ലമെന്റില്‍ ആണ് നിക്ഷിപ്തമായിട്ടുള്ളത് എന്ന് ചൂിക്കാട്ടുകയും സര്‍ക്കാര്‍ ആറു മാസത്തിനുള്ളില്‍ അത്തരത്തിലൊരു നിയമം പാസ്സാക്കണമെന്ന നിര്‍ദേശം  മുന്നോട്ടുവെക്കുകയുമുണ്ടായി. കോടതി വിധിയിലെ ഭൂരിപക്ഷാഭിപ്രായ പ്രകാരം  മുത്ത്വലാഖ് അസാധുവാക്കപ്പെട്ടതിനാല്‍ തന്നെ സര്‍ക്കാര്‍ അത്തരമൊരു നിയമത്തെ കുറിച്ച് ആലോചിക്കുന്നില്ല എന്നായിരുന്നു അന്ന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍  ഇപ്പോള്‍ വ്യക്തികള്‍ തമ്മിലുള്ള ഒരു വ്യവഹാരത്തെ ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ചര്‍ച്ച അനിവാര്യമാണ്. ഒപ്പം മുമ്പ് ശാബാനു ബീഗം കേസില്‍ ഇസ്‌ലാമിക നിയമത്തില്‍ ഇല്ല എന്നതിനാല്‍, മൊഴി ചൊല്ലപ്പെട്ട മുസ്‌ലിം സ്ത്രീക്ക് ജീവനാംശം കൊടുക്കണം എന്ന വിധിക്കെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു മുസ്‌ലിം സംഘടനകള്‍. ഇപ്പോള്‍ ഷായറ ബാനു കേസിലെത്തുമ്പോള്‍, ഇസ്‌ലാമിക നിയമ ചരിത്രത്തില്‍ എവിടെയും കേട്ടു കേള്‍വിയില്ലാത്ത പുതിയൊരു നടപടിക്ക് തുടക്കം കുറിക്കുമ്പോള്‍ അത്രത്തോളം പ്രതികരണങ്ങള്‍ ഇല്ലാതെ പോകുന്നതിന്റെ  രാഷ്ട്രീയം കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഒരുപക്ഷേ അത്തരമൊരു ചര്‍ച്ച മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് മുസ്‌ലിം രാഷ്ട്രീയത്തെ ഇന്ത്യയിലെ സവര്‍ണവ്യവസ്ഥ നിശ്ശബ്ദമാക്കിയതിന്റെ കണക്കെടുപ്പു കൂടി ആയേക്കാം. ശബാനുവില്‍നിന്ന് ശായറ ബാനുവില്‍ എത്തിനില്‍ക്കുമ്പോഴും ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമത്തെ സംബന്ധിച്ച് മുസ്‌ലിം സമുദായത്തിന് വ്യക്തമായ ഒരു കാഴ്ചപ്പാടോ രൂപരേഖയോ മുന്നോട്ടുവെക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. 

ബില്ലിലെ സെക്ഷന്‍ മൂന്ന് പ്രകാരം ഒറ്റയിരുപ്പില്‍ മൂന്ന് ത്വലാഖും ചൊല്ലുന്ന ത്വലാഖെ ബിദ്അത്തിനെ അസാധുവും നിയമവിരുദ്ധവുമായി പ്രഖ്യാപിക്കുന്നു. സെക്ഷന്‍ നാല്,  ഇത്തരമൊരു അസാധുവായ പ്രവൃത്തി ചെയ്യുന്ന ആള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി വിഭാവന ചെയ്തിരിക്കുന്നു. സെക്ഷന്‍ അഞ്ച്, ജീവനാംശത്തെ സംബന്ധിച്ചാണ്. സെക്ഷന്‍ ആറ്, കുട്ടികളുടെ കസ്റ്റഡി മാതാവിനായിരിക്കുമെന്ന് പറയുന്നുണ്ട്.  സെക്ഷന്‍ ഏഴു പ്രകാരം മുത്ത്വലാഖ് ചൊല്ലിയ ആളെ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാം; അതൊരു ജാമ്യമില്ലാ കുറ്റമായും വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാല്‍ ബില്ലില്‍ മൊഴി ചൊല്ലപ്പെട്ട ഭാര്യക്ക് ഭര്‍ത്താവ് ജീവനാംശം കൊടുക്കാന്‍ ബാധ്യസ്ഥനാണ് എന്ന് വ്യവസ്ഥ ചെയ്തിരിക്കെ, മുത്ത്വലാഖ് ചൊല്ലിയതിന് ജയിലിലടച്ചാല്‍ അയാള്‍ പിന്നെയെങ്ങനെയാണ് ജീവനാംശം നല്‍കുക എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ മൂന്നു വര്‍ഷം വരെ തടവുള്ളത് രാജ്യദ്രോഹം, കള്ളനോട്ടടി, ആയുധമെടുത്തുള്ള കലാപം തുടങ്ങിയ ഗൗരവമേറിയ  കുറ്റകൃത്യങ്ങള്‍ക്കാണ്. സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുക, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ  കുറ്റകൃത്യങ്ങള്‍ക്ക് കേവലം രണ്ടു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ എന്നിരിക്കെ ഇപ്പോള്‍ തീര്‍ത്തും സിവിലായ ഒരു കൃത്യത്തിന് വിധിച്ചിരിക്കുന്ന ശിക്ഷ തീര്‍ത്തും അശാസ്ത്രീയവും യുക്തിക്ക് നിരക്കാത്തതുമാണ് എന്ന് പറയേണ്ടിവരുന്നു. മാത്രവുമല്ല ഇത്തരമൊരു കൃത്യത്തിനു അളവില്‍ കൂടിയ ശിക്ഷ വിധിച്ചാല്‍ ഹിന്ദു പുരുഷന്മാരെ പോലെ മുസ്‌ലിം പുരുഷന്മാരും സ്ത്രീകളെ വിവാഹ മോചനം ചെയ്യാതെ ഉപേക്ഷിച്ചു കളയാന്‍ സാധ്യത വര്‍ധിക്കുമെന്ന വിമര്‍ശനവും  ഉയര്‍ന്നിട്ടുണ്ട്. എല്ലാറ്റിനും പുറമേ മുത്ത്വലാഖ് ചൊല്ലി എന്നത് ഒരു സ്ത്രീ എങ്ങനെയാണ് തെളിയിക്കുക എന്നും ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീക്ക് പരാതി ഇല്ലെങ്കില്‍ പോലും മൂന്നാമതൊരാളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ് എടുത്ത് ജയിലില്‍ അടക്കപ്പെടുന്ന  സാഹചര്യം ഉണ്ടാകുമോ എന്നുമൊക്കെയുള്ള സന്ദേഹങ്ങളും ഉയരുന്നുണ്ട്. പത്തും ഇരുപതും വര്‍ഷങ്ങള്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വരികയും ഒടുവില്‍ നിരപരാധിയെന്നു കണ്ടു വിട്ടയക്കപ്പെടുകയും ചെയ്യുന്ന യുവാക്കള്‍ ഉള്ള ഒരു സമുദായത്തില്‍നിന്ന് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നില്ലെങ്കിലാണ് അത്ഭുതം.

മുത്ത്വലാഖ് കേസിലെ സുപ്രീം കോടതി ബെഞ്ചിലെ  മൂന്ന് ജഡ്ജിമാരുടെ  ഭൂരിപക്ഷ  വിധി പ്രകാരം ഒറ്റയിരുപ്പില്‍ മൂന്ന് ത്വലാഖും ചൊല്ലുന്നത് അസാധുവാക്കപ്പെട്ടിരിക്കുന്നതിനാല്‍, മൂന്ന് ത്വലാഖ് ചൊല്ലിയാലും ത്വലാഖ് സംഭവിക്കുകയില്ലെന്നും ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന നിയമം അനാവശ്യമാണെന്നുമാണ് നിയമജ്ഞനായ ഫൈസാന്‍ മുസ്തഫയുടെ അഭിപ്രായം. ഒറ്റയിരുപ്പില്‍ മൂന്ന് തവണ ത്വലാഖ് ചൊല്ലിയാല്‍ അതിന്റെ ഫലം എന്താവും എന്ന് കോടതി വിശദീകരിച്ചിട്ടില്ലെന്നു മാത്രമല്ല, മുത്ത്വലാഖിനെ കുറ്റകൃത്യമാക്കണമെന്ന തരത്തിലുള്ള യാതൊരു നിര്‍ദേശവും കോടതിവിധിയില്‍ ഇല്ലതാനും. ത്വലാഖ് മൂന്ന് തവണ ചൊല്ലിയാലും തിരിച്ചെടുക്കാന്‍ പറ്റുന്ന തരത്തില്‍ ഒറ്റ ത്വലാഖായി അത് പരിഗണിക്കണമെന്ന തരത്തില്‍ നിയമം പാസ്സാക്കിയാല്‍ മതിയാവുമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം മുസ്‌ലിം സമുദായം ചര്‍ച്ച ചെയ്യണം. മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചൊല്ലുന്നത് വ്യാപകമായപ്പോള്‍ മൂന്ന് ത്വലാഖിനെ മൂന്നായി എണ്ണി  ഒറ്റയടിക്ക് വിവാഹം വേര്‍പെടും എന്ന നിയമം ഒരു ശിക്ഷാ നടപടിയെന്ന രീതിയില്‍ നടപ്പാക്കിയ രണ്ടാം ഖലീഫ ഉമറി(റ)ന്റെ ഇടപെടലാണ് കാലാന്തരത്തില്‍  സ്ത്രീവിരുദ്ധമായി ദുരുപയോഗം ചെയ്യപ്പെട്ടത്. ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമത്തില്‍ മുത്ത്വലാഖിന് തടവുശിക്ഷ ജാമ്യമില്ലാ കുറ്റമായി എഴുതിച്ചേര്‍ക്കുന്നതിനേക്കാള്‍ ഇസ്‌ലാമികമായി മുന്‍തൂക്കം കൊടുക്കേണ്ടത്, ഇസ്‌ലാമിക നിയമ ചരിത്രത്തില്‍ ഉമറിന്റെ നിര്‍ദേശത്തിന് മുമ്പുള്ള അവസ്ഥ പുനഃസ്ഥാപിക്കുകയാണ് വേതെന്ന അഭിപ്രായത്തിനല്ലേ? 

ആഗസ്റ്റിലെ സുപ്രീം കോടതി വിധിക്കു ശേഷവും 67-ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന ന്യായമാണ് ധൃതി പിടിച്ചുള്ള ഇപ്പോഴത്തെ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ കാരണമായി പറയുന്നത്. എന്നാല്‍ ഷായറ ബാനു കേസിലെ കക്ഷികളിലൊന്നായ  സ്ത്രീ അവകാശ കൂട്ടായ്മയായ 'ബെബക്ക് കളക്ടീവ്' തന്നെ മുത്ത്വലാഖിന് മുസ്‌ലിം പുരുഷന് തടവ് ശിക്ഷ നിഷ്‌കര്‍ഷിക്കുന്ന ഇപ്പോഴത്തെ ബില്ലിനെ എതിര്‍ത്തിട്ടു്. ഇവ്വിഷയകമായി എന്തെങ്കിലും നിയമങ്ങള്‍ പാസ്സാക്കുന്നത് ഇതിന്റെ പ്രാഥമിക ഗുണഭോക്താക്കളായ സ്ത്രീകളുടെ  കൂട്ടായ്മകളുമായി കൂടിയാലോചിച്ചാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുത്ത്വലാഖിന്റെ പേരില്‍ മുസ്‌ലിം പുരുഷന് തടവുശിക്ഷ നിര്‍ദേശിക്കുന്നതിലൂടെ,  മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ? യഥാര്‍ഥത്തില്‍ മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ടാണോ മുസ്‌ലിം സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്നത്? മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകള്‍ക്ക് മുത്ത്വലാഖ് പോലുള്ളവ സംഭവിക്കുന്നതില്‍ എത്രത്തോളം പങ്കുണ്ട്? ഹാദിയയും ഫാത്വിമ നഫീസും ബില്‍ക്കീസ് ബാനുവും ബീയുമ്മയുമടക്കമുള്ള മുസ്‌ലിം സ്ത്രീകള്‍  എന്തുതരം നീതിയാണ് ആവശ്യപ്പെടുന്നത്? ആരാണ് അവരെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നത്? ഇത്തരം  ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുമ്പോള്‍ മാത്രമേ ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് പൂര്‍ണ ഉത്തരം ലഭിക്കൂ.

മുത്ത്വലാഖുമായി ബന്ധപ്പെട്ട് ഏറെ കൊട്ടിഘോഷിക്കപ്പെട്ട കണക്കുകള്‍ അവതരിപ്പിച്ച് ഷായറ ബാനു കേസില്‍ കക്ഷി ചേര്‍ന്ന ഭാരതീയ മുസ്‌ലിം മഹിളാ ആന്തോളന്റെ രണ്ടു റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതല്ലെന്നും അവയുടെ ഗവേഷണ രീതിശാസ്ത്രത്തില്‍ ഏറെ പാളിച്ചകളുണ്ടെന്നും  ഫൈസാന്‍ മുസ്തഫ കഴിഞ്ഞ നവംബറില്‍ എഴുതിയിരുന്നു. സച്ചാര്‍ കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയായിരുന്ന അബൂ സ്വാലിഹ് ശരീഫിന്റെ നേതൃത്വത്തില്‍ സി.ആര്‍.ഡി.ഡി.പി കഴിഞ്ഞ മേയില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേ പ്രകാരം ഇന്ത്യയിലെ മുസ്‌ലിംകളിലെ വിവാഹ മോചനങ്ങളില്‍ മുത്ത്വലാഖിലൂടെ നടപ്പിലാവുന്നതിന്റെ എണ്ണം തുലോം കുറവാണെന്ന് കണ്ടെത്തുകയുണ്ടായി. സ്ത്രീ അവകാശ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ഇന്ത്യയിലെ കുടുംബ നിയമങ്ങളും മുസ്‌ലിം വ്യക്തിനിയമവും  സംബന്ധിച്ച് അനവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുള്ള ഫ്‌ളേവിയ ആഗ്‌നസിനെ പോലുള്ളവരും  മുത്ത്വലാഖ് കേസ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട അന്ന് മുതല്‍ക്കേ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവാദമാക്കുന്നതില്‍  മീഡിയക്ക് കൃത്യമായ  അജണ്ടകളുണ്ടെന്നും  വ്യക്തമാക്കിയിരുന്നു. മാത്രമല്ല, മുത്ത്വലാഖ് അസാധുവാണെന്ന് 2002-ല്‍ തന്നെ വിധിച്ച ഷമീം ആരാ വേര്‍സസ് സ്റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് കേസിനും  തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഹൈക്കോടതികള്‍ നടത്തിയ മുസ്‌ലിം സ്ത്രീകള്‍ക്ക് അനുകൂലമായ വിധി പ്രസ്താവങ്ങള്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന അത്ര മീഡിയ ശ്രദ്ധ കിട്ടിയില്ല എന്നും അവര്‍ ചൂിക്കാണിക്കുന്നു. മുസ്‌ലിം സ്ത്രീയെ രക്ഷക മനോഭാവത്തോടെ കൈകാര്യം ചെയ്യുന്ന കോടതികള്‍ക്കും മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങളെ സംബന്ധിച്ച്  വാചാലരാകുന്ന നിയമ വിശാരദന്മാര്‍ക്കും  അടിത്തട്ടില്‍ എന്താണ് നടക്കുന്നത് എന്നതിനെ പറ്റി  തികഞ്ഞ അജ്ഞതയാണുള്ളതെന്നും  മുത്ത്വലാഖ് കേസില്‍ സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളെ വിശകലനം ചെയ്തുകൊണ്ട് അവര്‍ എഴുതി.

കൊളോണിയല്‍ ഭരണം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അന്നുവരെ വ്യക്തിനിയമ വ്യവസ്ഥകളില്‍ ഉണ്ടായിരുന്ന മാധ്യസ്ഥതയുടെയും അനുരഞ്ജനത്തിന്റെയും അടിസ്ഥാനത്തിലുള്ള ഭരണകൂടബാഹ്യമായ വ്യവസ്ഥയെ ഭരണകൂടനിയന്ത്രിതമായ  വ്യവസ്ഥയായി തകിടം മറിക്കുകയുണ്ടായി. ആംഗ്ലോ- സാക്‌സന്‍ നിയമകോണിലൂടെ  ഇന്ത്യയിലെ വ്യക്തിനിയമങ്ങള്‍ വായിക്കാനുള്ള ശ്രമങ്ങള്‍ ഒട്ടേറെ അനര്‍ഥങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തിനിയമങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷ ലഭിച്ചപ്പോഴും, കൊളോണിയല്‍ ഭരണകാലത്തിനു മുമ്പ് നിലവിലുണ്ടായിരുന്ന വ്യക്തിനിയമങ്ങളില്‍ സമുദായങ്ങളുടെ സ്വയംഭരണാവകാശമെന്ന പ്രായോഗിക രീതി ഏറക്കുറെ  ഇല്ലാതായി. വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഏറെ ഫലപ്രദമായിരുന്ന പ്രസ്തുത ആശയം ഇന്നും  പ്രായോഗികമായി  ഫലപ്രദമാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് (അനിന്ധിത ചക്രബര്‍ത്തി, സുച്ചന്ദ്ര ഘോഷ്, 2017). കാന്‍പൂരിലെ ശരീഅ സമിതി(ദാറുല്‍ ഖദാ)യില്‍ രണ്ടു വര്‍ഷത്തോളം ഫീല്‍ഡ് സ്റ്റഡി നടത്തി തയാറാക്കിയ ഈ പഠനം മുസ്‌ലിം സ്ത്രീകള്‍ കുടുംബ കോടതികളേക്കാളേറെ സമീപിക്കുന്നത് ശരീഅ സമിതികളെയാണ് എന്ന് വ്യക്തമാക്കുന്നു. 2014-ല്‍ ഇത്തരം ശരീഅ  സമിതികള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്‍പര്യ ഹരജിയില്‍  സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ചപ്പോള്‍, ശരീഅ  സമിതികളിലെ വിധികള്‍ക്ക് നിയമസാധുത ഉണ്ടാവില്ലെന്നും എന്നാല്‍ കക്ഷികള്‍ സ്വമേധയാ ഇത്തരം മാധ്യസ്ഥസമിതികളെ സമീപിക്കുന്നത് തടയാന്‍ കഴിയില്ലെന്നുമാണ് കോടതി പറഞ്ഞത്.

മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡും ബി.എം.എം.എയുമെല്ലാം മുന്നോട്ടുവെച്ച ലിംഗനീതിയില്‍ അധിഷ്ഠിതമായ നികാഹ്‌നാമകള്‍  എന്തുകൊണ്ട് ആളുകള്‍ സ്വീകരിക്കുന്നില്ല എന്ന് ഈ ഗവേഷകര്‍ ചോദിച്ചപ്പോള്‍, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ഇവിടത്തെ  ആളുകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ യാതൊരു അറിവുമില്ല എന്നായിരുന്നു ഒരു പ്രാദേശിക മുസ്‌ലിം നേതാവിന്റെ ഉത്തരം. ഇസ്‌ലാമിലെയും  ഇന്ത്യന്‍ നിയമത്തിലെയും  ലിംഗനീതിപരമായ ആശയങ്ങളെ  കുറിച്ച് പള്ളികളിലെ ഇമാമുമാരെ ബോധവാന്മാരാക്കുകയും കൂടുതല്‍ സ്ത്രീസൗഹൃദപരമാവുന്ന രീതിയില്‍ ശരീഅ അനുരഞ്ജന സമിതികള്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണ് മുസ്‌ലിം സമുദായത്തിന്റെ ബാധ്യത. പരിഷ്‌കരണങ്ങള്‍ക്കും പൗരവകാശങ്ങള്‍ക്കുമൊപ്പം തന്നെ പ്രധാനമാണ് മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായുള്ള പരിഷ്‌കരണം എന്ന് ചൂിക്കാട്ടിയും പൊടി പിടിച്ചുകിടക്കുന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ഭരണകൂടത്തെ ഓര്‍മപ്പെടുത്തിയുമാണ് ഗോഷിന്റെയും ചക്രബര്‍ത്തിയുടെയും  പഠനം അവസാനിക്കുന്നത്. മുസ്‌ലിംകള്‍ സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി  സംഘടിക്കുന്നത് വര്‍ഗീയതയുടെയും മതേതരത്വത്തിന്റെയും സൂക്ഷ്മദര്‍ശിനി വെച്ച് വിശകലനം ചെയ്യുന്നവരെ നിരാകരിച്ചുകൊണ്ടും  മുസ്‌ലിം സമുദായത്തിന് അകത്തും പുറത്തും പുലരേണ്ട സാമൂഹികനീതിക്ക് വേണ്ടിയുള്ള രാഷ്ട്രീയ ചോദ്യങ്ങള്‍ ഒരുമിച്ചുയര്‍ത്തിയും  മാത്രമേ, മുസ്‌ലിം സ്ത്രീയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് മുസ്‌ലിം രാഷ്ട്രീയത്തെ നിശ്ശബ്ദമാക്കാനും മുസ്‌ലിം സമുദായത്തിന്റെ മുന്‍ഗണനകളെ നിയന്ത്രിക്കാനുമുള്ള ഇടതും വലതുമടങ്ങുന്ന അധീശ വ്യവസ്ഥകളുടെ ശ്രമങ്ങളെ അതിജീവിക്കാനാവൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍