Prabodhanam Weekly

Pages

Search

2018 ജനുവരി 12

3034

1439 റബീഉല്‍ ആഖിര്‍ 24

മുന്നില്‍ നടക്കുന്നുണ്ട് മാതൃകാ മഹല്ലുകള്‍

സി.എസ് ഷാഹിന്‍

ക്രൈസ്തവ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളിലും ചര്‍ച്ചിലും സേവനമനുഷ്ഠിച്ച പുരോഹിതന്‍ പിരിഞ്ഞുപോകുന്ന സന്ദര്‍ഭം. പ്രദേശത്തെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ പങ്കുവഹിച്ച അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനമായി. വ്യത്യസ്ത മതവിശ്വാസികള്‍ പങ്കെടുത്ത ആദരിക്കല്‍ ചടങ്ങ് മനോഹരമായിരുന്നു. അമ്പലത്തിലെ പൂജാരിയും പള്ളിയിലെ മൗലവിയും ചര്‍ച്ചിലെ പുരോഹിതരും ചടങ്ങിനെത്തി. നാട്ടിലെ ക്രൈസ്തവരും ഹൈന്ദവരും മുസ്‌ലിംകളും സദസ്സില്‍ നിറഞ്ഞു. സൗഹൃദം പെയ്തിറങ്ങിയ സായാഹ്നം. സന്തോഷം പരന്നൊഴുകിയ സ്‌നേഹസംഗമം. ഏതെങ്കിലും സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ആയിരുന്നില്ല അത്. നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കൈയില്‍ നടന്ന ചടങ്ങുമല്ല. പ്രദേശത്തെ മഹല്ല് കമ്മിറ്റി നടത്തിയ സംഗമമാണ്.

പറഞ്ഞുവരുന്നത് എരുമാട് ഗ്രാമത്തിലെ വിശേഷങ്ങളാണ്. കേരള-തമിഴ്‌നാട് അതിര്‍ത്തി. വയനാടിനടുത്ത് നീലഗിരി ജില്ലയിലാണ് എരുമാട് ഗ്രാമം. തമിഴ്‌നാടിന്റെ അതിര്‍ത്തിക്കുള്ളിലാണെങ്കിലും താമസക്കാര്‍ മലയാളികളാണ്. അവരിലധികപേരും കുടിയേറ്റക്കാര്‍. കോട്ടയത്തുനിന്നും മലപ്പുറത്തുനിന്നും കുടിയേറിയവര്‍. വ്യത്യസ്ത മതവിശ്വാസികള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന പ്രദേശം. വ്യവസ്ഥാപിതമായ മഹല്ല് സംവിധാനത്തിന് ഒരു നാടിന്റെ മുഖഛായ തന്നെ മാറ്റാന്‍ കഴിയും, നാട്ടുകാരുടെ ക്ഷേമവും സൗഹാര്‍ദവും ഉറപ്പുവരുത്താന്‍ സാധിക്കും. എരുമാട് ഹയാത്തുല്‍ ഇസ്‌ലാം മഹല്ല് അതിന് മികച്ച ഉദാഹരണമാണ്. ചര്‍ച്ചിലെ പുരോഹിതനെ ആദരിച്ചത് ഒരു ഉദാഹരണം മാത്രം.

വ്യത്യസ്ത മതസ്ഥര്‍ക്ക് ഒരുമിച്ചിരിക്കാനുള്ള ഒരു അവസരവും മഹല്ല് പാഴാക്കാറില്ല. മഹല്ലിന്റെ കീഴില്‍ 'മാനവികം' എന്ന പേരില്‍ പൊതുകൂട്ടായ്മ സജീവമാണ്. അതിന്റെ നേതൃത്വത്തില്‍ എല്ലാ മതവിശ്വാസികളുമുണ്ട്. 'മാനവികം' വര്‍ഷംതോറും ഗംഭീരമായ സൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. കേവലം ചടങ്ങിനു വേണ്ടി നടത്തുന്ന കൃത്രിമമായ സംഗമങ്ങളല്ല. ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും നനവുള്ള സുന്ദര മുഹൂര്‍ത്തങ്ങള്‍. മുമ്പ് മതവിശ്വാസികള്‍ തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടായ പ്രദേശമാണിത്. എന്നാല്‍ മഹല്ലിന്റെ ഇടപെടലുകളും സമീപനങ്ങളും പ്രവര്‍ത്തനങ്ങളും കാരണമായി ഇന്ന് ചിത്രം മാറിയിരിക്കുന്നു. ഇവിടെ ഇപ്പോള്‍ ജനങ്ങള്‍ സ്‌നേഹം പങ്കുവെച്ച് ജീവിക്കുന്നു.

മഹല്ല് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളില്‍ എല്ലാ മതസ്ഥരുമുണ്ട്. ഇവിടെ സേവനം ലഭിക്കുന്നതിനുള്ള മാനദണ്ഡം അര്‍ഹതയാണ്. അതില്‍ മുസ്‌ലിം-അമുസ്‌ലിം വ്യത്യാസമില്ല. മഹല്ല് സംഘടിപ്പിക്കുന്ന സമൂഹ വിവാഹം വ്യത്യസ്തമായ അനുഭവമാണ്. എല്ലാ വര്‍ഷവും സമൂഹ വിവാഹം നടക്കാറുണ്ട്. സാധാരണ ഗതിയില്‍, സമൂഹ വിവാഹത്തിനുള്ള ഫണ്ട് ശേഖരിക്കുന്നത് പുറത്തുനിന്നായിരിക്കും. അതുമല്ലെങ്കില്‍ ഏതാനും ചില സമ്പന്നരില്‍നിന്ന്. എരുമാട് മഹല്ല് ഇവിടെ വേറിട്ടുനില്‍ക്കുന്നു.

മഹല്ല് ഒരു രൂപപോലും പുറത്തുനിന്ന് പിരിക്കാറില്ല. 'ഒരു ദിനം പത്ത്, ഒരു കുടുംബം ഭദ്രം' എന്ന പദ്ധതി പ്രസക്തമാവുന്നത് ഇവിടെയാണ്. ഈ പദ്ധതി വഴി നിരവധി നിര്‍ധന യുവതികള്‍ക്ക് മംഗല്യസൗഭാഗ്യമുണ്ടായി. മഹല്ലില്‍ അംഗമായ ഓരോ കുടുംബവും ദിവസം പത്ത് രൂപ വീതം മാറ്റിവെക്കുന്നു. അങ്ങനെ ഒരു ഗ്രാം സ്വര്‍ണം വാങ്ങാനുള്ള കാശ് തികയുമ്പോള്‍ മഹല്ല് കമ്മിറ്റിയെ ഏല്‍പിക്കുന്നു. അത് ഉപയോഗിച്ച് കമ്മിറ്റി സമൂഹ വിവാഹം നടത്തുന്നു. ഇവിടെ എല്ലാം കൂട്ടുത്തരവാദിത്തത്തോടെയാണ് മുന്നോട്ടു പോകുന്നത്. മഹല്ല് നടത്തുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിനും പുറത്തുനിന്ന് ഫണ്ട് ശേഖരിക്കാറില്ല. പ്രദേശത്തെ ജനങ്ങളില്‍നിന്ന് പിരിച്ച് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നു. സമൂഹവിവാഹ സദസ്സ് എടുത്തുപറയേണ്ട മറ്റൊരു കാഴ്ചയാണ്. വിവാഹത്തിന് സാക്ഷിയാകാനും ആശംസകള്‍ നേരാനും പ്രദേശവാസികള്‍ ഒഴുകിയെത്തുന്നു. എല്ലാവരും ഒരുമിച്ചിരിക്കുന്ന സ്‌നേഹസംഗമമായി അത് മാറുന്നു.

എരുമാട് മഹല്ല് നടത്തിവരുന്ന വ്യവസ്ഥാപിതമായ മൈക്രോഫിനാന്‍സ് സംവിധാനം ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ഇത് കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. അയല്‍ക്കൂട്ട സംവിധാനം മഹല്ലില്‍ ശക്തമാണ്. ടൈലറിംഗ് യൂനിറ്റുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, തൊഴില്‍ പരിശീലനങ്ങള്‍ തുടങ്ങിയവ സ്ത്രീകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്നു. സ്ത്രീശാക്തീകരണത്തിന് പ്രത്യേകമായൊരു വേദി ആവശ്യമില്ലെന്ന് ചുരുക്കം.

ഒരുപക്ഷേ, കേരളത്തില്‍ ഡെത്ത് സെക്യൂരിറ്റി സ്‌കീം നിലനില്‍ക്കുന്ന ഏക മഹല്ലായിരിക്കും എരുമാട് മഹല്ല്. കുടുംബനാഥനോ കുടുംബനാഥയോ മരണപ്പെട്ടാല്‍ ഉടനടി ഇന്‍ഷുറന്‍സ് പോലെ ഒരു തുക വീട്ടിലെത്തിക്കുന്നു. അതില്‍ സമ്പന്നരെന്നോ ദരിദ്രരെന്നോ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വേര്‍തിരിവില്ല. പ്രസ്തുത തുക തിരിച്ചടക്കേണ്ടതില്ല. സമ്പന്നരാണെങ്കില്‍ സംഭാവനയായി വേണമെങ്കില്‍ തിരിച്ചുനല്‍കാവുന്നതുമാണ്.

മഹല്ല് നേരിട്ട് നടത്തുന്ന സ്‌കൂള്‍ വിജയകരമായി മുന്നോട്ടു പോകുന്നു. ഏതെങ്കിലും ട്രസ്റ്റിന്റെ കീഴിലല്ല സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്, പൂര്‍ണമായും മഹല്ലിന്റെ കീഴില്‍. പി.ടി.എ പ്രസിഡന്റ് മുതല്‍ വിദ്യാര്‍ഥികളില്‍ വലിയൊരു ശതമാനം വരെ ഇതര മതസ്ഥര്‍. ധാരാളം ക്രൈസ്തവ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു; ക്രൈസ്തവ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂള്‍ സമീപത്തുണ്ടായിട്ടും.

ഇത് സുന്നി മഹല്ലാണ്. എന്നാല്‍ മറ്റു മുസ്‌ലിം സംഘടനകളിലെ പ്രവര്‍ത്തകര്‍ മഹല്ല് കമ്മിറ്റിയിലുണ്ട്. മഹല്ലിന്റെ മുന്നോട്ടുപോക്കില്‍ എല്ലാവരും ഒത്തൊരുമിച്ചുനില്‍ക്കുന്നു. ഇഛാശക്തിയുള്ള കമ്മിറ്റിയുടെ സാന്നിധ്യമാണ് മഹല്ലിന്റെ അനുഗ്രഹം. അവര്‍ പ്രഫഷണല്‍ സ്വഭാവത്തില്‍ മഹല്ലിനെ നയിക്കുന്നു. ഇവിടെ മഹല്ല് ഖാദിയും കമ്മിറ്റിയും ഒറ്റക്കെട്ടാണ്. ഒരു ബാഹ്യസമ്മര്‍ദവും വിലപ്പോവില്ല. ആരും തിരിഞ്ഞുനോക്കാത്ത ബോഡി; ഇതായിരുന്നു നാലു വര്‍ഷം മുമ്പ് വരെ എരുമാട് മഹല്ല് കമ്മിറ്റിയുടെ അവസ്ഥ. എന്നാല്‍ ഇന്ന് എല്ലാ വിഭാഗം ജനങ്ങളും ആദരവോടെ കാണുന്ന പ്രൗഢമായ ബോഡിയായി അത് വളര്‍ന്നിരിക്കുന്നു. നാട്ടുകാര്‍ അംഗീകരിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന സാമൂഹിക സംവിധാനമായി അത് വികസിച്ചിരിക്കുന്നു. ഖാദിയുടെയും കമ്മിറ്റിയുടെയും ആത്മാര്‍ഥതയും ഇഛാശക്തിയും തന്നെയാണ് ഏതൊരു മഹല്ലിന്റെയും വിജയത്തിന് നിദാനമെന്ന് എരുമാട് മഹല്ല് ഖാദി റാശിദ് ഗസാലി പറയുന്നു.

* * * * *

കൊടുങ്ങല്ലൂരിലെ വെമ്പല്ലൂര്‍ പ്രദേശത്തുള്ള ഹിറാ മസ്ജിദ്. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ പള്ളിക്ക് പുറത്തേക്കിറങ്ങി. പള്ളിയുടെ കവാടത്തില്‍ ഒരുകൂട്ടം ഹൈന്ദവ സഹോദരന്മാര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കൈയില്‍ ബലൂണുകളും മിഠായിപ്പൊതികളും. മുഖത്ത് സന്തോഷം വിരിയുന്ന പുഞ്ചിരി. പുറത്തേക്ക് വരുന്ന തങ്ങളുടെ മുസ്‌ലിം സുഹൃത്തുക്കളെ അവര്‍ ആലിംഗനം ചെയ്യുന്നു. മധുരപലഹാരം വിതരണം നടത്തുന്നു. കുട്ടികള്‍ക്ക് ബലൂണ്‍ കൈമാറുന്നു. പെരുന്നാള്‍ ആശംസകള്‍ നേരുന്നു. എല്ലാ മുഖങ്ങളിലും ആനന്ദം പ്രസരിക്കുന്ന കാഴ്ച.

പള്ളിക്കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും സമീപനങ്ങളും സൃഷ്ടിച്ച ഫലങ്ങളില്‍ ഒന്നുമാത്രമാണിത്. കേരളത്തിലെ മഹല്ലുകള്‍ അനുകരിക്കേണ്ട നിരവധി മാതൃകകള്‍ ഇവിടെ കണ്ടെത്താനാവും. ഹിറാ മസ്ജിദ് ഒരു സാമൂഹിക-സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. മുസ്‌ലിംകളും അമുസ്‌ലിംകളും നിരന്തരം ബന്ധപ്പെടുന്ന സാമൂഹിക സംവിധാനം. എല്ലാ  വിഭാഗം ജനങ്ങള്‍ക്കും ഒന്നിച്ചിരിക്കാന്‍ പള്ളിക്കമ്മിറ്റി ഒരു പൊതുവേദി രൂപീകരിച്ചു. പേര് മെസേജ് വെല്‍ഫെയര്‍ സൊസൈറ്റി. സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നല്ലൊരു ശതമാനം അമുസ്‌ലിംകളാണ്. ഓണം, വിഷു, പെരുന്നാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ സൊസൈറ്റി, ചന്തകള്‍ സംഘടിപ്പിക്കാറുണ്ട്, അതും പള്ളിമുറ്റത്ത്. പ്രദേശത്തെ അമുസ്‌ലിംകളായ ഓട്ടോ ഡ്രൈവര്‍മാരാണ് ചന്തകളിലെ പ്രധാന വളണ്ടിയര്‍മാര്‍. ഓണം-വിഷു കാലങ്ങളില്‍ പച്ചക്കറിക്ക് തീപിടിച്ച വിലയാണല്ലോ. പള്ളിമുറ്റത്ത് നടക്കുന്ന വിഷു ചന്തയില്‍ കമ്മിറ്റി ജനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നു. പൊള്ളാച്ചിയില്‍നിന്ന് ഇറക്കുന്ന പച്ചക്കറികള്‍ ഹോള്‍സെയില്‍ വിലയ്ക്കു തന്നെ വില്‍ക്കുന്നു. മാര്‍ക്കറ്റ് വിലയുടെ പകുതിപോലും നല്‍കാതെ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുന്നു. സാധാരണഗതിയില്‍ മഹല്ലുകളില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ട്. നിശ്ചിത തുക അര്‍ഹതയുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാറുണ്ട്. എന്നാല്‍ ഹിറാ മസ്ജിദ് കമ്മിറ്റി റിലീഫുകള്‍ പലതും വെട്ടിച്ചുരുക്കി. പകരം സബ്‌സിഡി സംവിധാനം കൊണ്ടുവന്നു. അത് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായി.

പള്ളിക്കമ്മിറ്റിയുടെ മുഴുവന്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും മെസേജ് സൊസൈറ്റിക്ക് കീഴിലാക്കി. മലര്‍വാടി ബാലോത്സവം പോലും സൊസൈറ്റിയാണ് നടത്തുന്നത്. അതിന്റെ സംഘാടനത്തില്‍ പ്രധാന പങ്കുവഹിക്കുന്നതും അമുസ്‌ലിംകള്‍ തന്നെ.

കഴിഞ്ഞ ഓണക്കാലത്ത് പള്ളിമുറ്റത്താണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. മദ്‌റസയുടെ അകത്ത് പൂക്കളമത്സരം നടത്തി. പ്രദേശത്തെ ജനങ്ങള്‍ മുപ്പതോളം ഗ്രൂപ്പുകളായി പൂക്കള മത്സരത്തില്‍ പങ്കെടുത്തു. വിധി നിര്‍ണയിക്കാന്‍ പുറത്തുനിന്ന് ജഡ്ജസിനെ കൊണ്ടുവന്നു. പള്ളിമുറ്റത്ത് നാട്ടുകാര്‍ നിറഞ്ഞു കവിഞ്ഞു. പ്രദേശത്തെ അറുപത് കഴിഞ്ഞ എല്ലാ അമുസ്‌ലിംകള്‍ക്കും ഓണസമ്മാനമായി സ്‌നേഹപ്പുടവ നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു. സമ്പന്നരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സ്‌നേഹപ്പുടവ സ്വീകരിച്ചു. പള്ളിമുറ്റത്ത് നടന്ന സംഗമത്തില്‍ ഒരു സ്വാമിയാണ് സ്‌നേഹപ്പുടവ വിതരണം ചെയ്തത്. മനസ്സുകള്‍ നിര്‍വൃതിയിലാണ്ടുപോയ സൗഹൃദദിനം.

പള്ളിയില്‍ വാരാന്ത്യ സൗജന്യ ക്ലിനിക് പ്രവര്‍ത്തിച്ചിരുന്നു. എല്ലാ ആഴ്ചയും ഡോക്ടറെ കൂടാതെ രണ്ട് നഴ്‌സുമാരുടെ സേവനം. ക്ലിനിക്കില്‍ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍ എല്ലാവരും അമുസ്‌ലിംകള്‍. വളണ്ടിയര്‍മാരില്‍ വലിയൊരു പങ്കും അവര്‍ തന്നെ. ഒരു ഘട്ടത്തില്‍ കൊടുങ്ങല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുങ്ങി. അതുകൊണ്ടുതന്നെ സൗജന്യ ക്ലിനിക് ജനങ്ങള്‍ക്ക് അത്യാവശ്യമല്ലാതായിമാറി. ഇനി തുടരേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തു.

സൊസൈറ്റി ഒരുക്കിയ പെന്‍ഷന്‍ സംവിധാനം ആശ്വാസം നല്‍കുന്നത് നിരവധി പേര്‍ക്കാണ്. നിലവില്‍ മുസ്‌ലിംകളെ കൂടാതെ 23 അമുസ്‌ലിം സഹോദരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നു. പള്ളിയില്‍ വന്നാണ് അവര്‍ പെന്‍ഷന്‍ സ്വീകരിക്കുന്നത്. 43 അയല്‍ക്കൂട്ടങ്ങളുള്ള മൈക്രോഫിനാന്‍സ് സംവിധാനം ചിട്ടയോടെ പ്രവര്‍ത്തിക്കുന്നു. അതില്‍തന്നെ അമുസ്‌ലിംകള്‍ മാത്രമുള്ള അയല്‍ക്കൂട്ടങ്ങള്‍ ധാരാളമുണ്ട്. അമ്പലത്തിലും പള്ളിയിലും നടക്കുന്ന പരിപാടികളിലേക്ക് പരസ്പരം ക്ഷണിക്കപ്പെടുന്നു. പള്ളിക്കമ്മിറ്റിയുടെ കീഴില്‍ തഹ്ഫീള് കോഴ്‌സ് നടക്കുന്നു. അതിലെ ഒരു വിദ്യാര്‍ഥി ഹിഫ്‌ളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ അമ്പലക്കമ്മിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു.

പെന്‍ഷന്‍ വാങ്ങാന്‍ പള്ളിയിലേക്ക് വരുക, മരുന്ന് വാങ്ങാന്‍ പള്ളിയിലേക്ക് വരുക, കലാപരിപാടികള്‍ പള്ളിമുറ്റത്ത് നടക്കുക... അഥവാ ഒരു പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക കേന്ദ്രമായി പള്ളി മാറുന്ന സുന്ദരമായ കാഴ്ച. പള്ളിയെ ഒരു അന്യസ്ഥലമായി ഇവിടത്തെ അമുസ്‌ലിംകള്‍ കാണുന്നില്ല. തങ്ങളുടെ തന്നെ ഒരു ഇടമായാണ് പള്ളി അവര്‍ക്ക് അനുഭവപ്പെടുന്നത്. ഇങ്ങനെയുള്ള മതസൗഹാര്‍ദത്തിന്റെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും സാമൂഹിക-സാംസ്‌കാരിക ഇടപെടലുകളുടെയും വേറിട്ട അനുഭവങ്ങള്‍ ഹിറാ മസ്ജിദ് കമ്മിറ്റിക്ക് പങ്കുവെക്കാനുണ്ട്. കേരളത്തിലെ മഹല്ലുകള്‍ക്ക് പകര്‍ത്താവുന്ന പല മാതൃകകളും അത് മുന്നോട്ടു വെക്കുന്നു. അവ കേവലം തത്ത്വങ്ങളല്ല; പ്രായോഗിക അനുഭവങ്ങളാണ്.

 

* * * * *

കോഴിക്കോട് നഗരത്തില്‍നിന്ന് പതിനാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാട്ടിലപീടിക എത്താം. അവിടെ നാഷ്‌നല്‍ ഹൈവേയുടെ അരികില്‍ ഒരു മതില്‍ കാണാം. ഒരു നൂറ്റാണ്ട് കാലത്തെ സൗഹൃദത്തിന്റെ കഥ പറയുന്ന മതില്‍. ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തെയും ബദ്ര്‍ ജുമാമസ്ജിദിനെയും വേര്‍തിരിക്കുന്നത് ആ മതിലാണ്. അമ്പലത്തിനും പള്ളിക്കും ഒറ്റമതില്‍. ടി.ടി മുഹമ്മദ് കോയ പന്ത്രണ്ട് കൊല്ലം കാട്ടിലപീടിക മഹല്ല് സെക്രട്ടറിയായിരുന്നു. അമ്പലകമ്മിറ്റിയും പള്ളിക്കമ്മിറ്റിയും തമ്മിലുള്ള ഒരു നൂറ്റാണ്ട് പഴക്കമുള്ള സൗഹൃദം അദ്ദേഹം ഓര്‍ത്തെടുത്തു.

ഒരിക്കല്‍ ശിവരാത്രി വന്നത് റമദാന്‍ കാലത്ത്. അമ്പലകമ്മിറ്റിക്കാര്‍ വന്ന് പറഞ്ഞു: 'ഞങ്ങള്‍ ഇന്ന് ശിവരാത്രി ചടങ്ങുകള്‍ അല്‍പം വൈകിയേ തുടങ്ങുന്നുള്ളൂ. നിങ്ങളുടെ തറാവീഹ് നമസ്‌കാരം കഴിഞ്ഞോട്ടെ.' പള്ളിയില്‍നിന്ന് ബാങ്കൊലികള്‍ ഉയരുന്നു. അമ്പലത്തില്‍നിന്ന് ശംഖ്‌നാദം മുഴങ്ങുന്നു. പക്ഷേ, കഴിഞ്ഞ ഒരു നൂറ്റാണ്ടായി ബാങ്കൊലിയും ശംഖ്‌നാദവും തമ്മില്‍ കൂട്ടിമുട്ടിയിട്ടില്ല. രണ്ട് കമ്മിറ്റികളും പ്രാര്‍ഥനാ സമയങ്ങളില്‍ പരസ്പരം സഹകരിച്ചാണ് മുന്നോട്ടു പോയത്. ഇന്നും അത് തുടരുന്നു.

പുതുക്കിപ്പണിയാനായി പള്ളി പൊളിച്ച സന്ദര്‍ഭം. പള്ളിയിലെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല. മുമ്പില്‍ റോഡാണ്. അമ്പലമുറ്റത്ത് സാധനങ്ങള്‍ വെക്കാന്‍ അമ്പലക്കമ്മിറ്റി സൗകര്യമേര്‍പ്പെടുത്തിക്കൊടുത്തു എന്നാണ് ചരിത്രം. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന സന്ദര്‍ഭങ്ങളില്‍ ആനകള്‍ക്ക് തിരിയാന്‍ ക്ഷേത്ര സ്ഥലം പോരാതെ വന്നു. പള്ളിസ്ഥലത്തുനിന്ന് നാലടി വിലയ്ക്ക് നല്‍കുമോ എന്ന് ക്ഷേത്രകമ്മിറ്റി ചോദിച്ചു. പള്ളിക്കമ്മിറ്റി യോഗം കൂടി. വിഷയം ചര്‍ച്ച ചെയ്തു. ചോദിച്ചത് വിലയ്ക്കാണെങ്കിലും നല്‍കിയത് സൗജന്യമായി. ബിസ്മി ഖാദര്‍ ഹാജിയുടെ അധ്യക്ഷതയിലുള്ള കാട്ടിലപീടിക മഹല്ല് മതസൗഹാര്‍ദത്തിന്റെ പുതിയ സന്ദേശങ്ങള്‍ പകര്‍ന്ന് മുന്നോട്ടു ഗമിക്കുന്നു.

 

* * * * *

തിരൂരിലെ പുറത്തൂര്‍ മഹല്ല് കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്തയില്‍ ഇടം നേടി. പരസ്പരം സ്‌നേഹിക്കാന്‍ മതം ഒരു തടസ്സമല്ല എന്ന യാഥാര്‍ഥ്യം മഹല്ല് കമ്മിറ്റിയുടെ നിലപാടിലൂടെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞു. പുറത്തൂര്‍ ബോട്ട്‌ജെട്ടി സ്വദേശിയായ മേപ്പറമ്പത്ത് അനില്‍കുമാര്‍ സമീപത്തുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലെ പൂജാരിയാണ്. അദ്ദേഹത്തിന്റെ മകന്‍ അര്‍ജുന്റെ പ്രായം നാല് മാസം മാത്രം. ജന്മനാല്‍ ശ്വാസകോശം ചുരുങ്ങുന്ന അപൂര്‍വരോഗമു് അര്‍ജുനിന്. മകന്റെ ചികിത്സക്കായി ഭീമമായ തുക ചെലവഴിക്കേണ്ടിവന്നതോടെ കുടുംബം ദുരിതത്തിലായി. ചികിത്സക്കു വേണ്ടി വീട് വില്‍ക്കേണ്ടി വന്നു. താമസം വാടകവീട്ടിലേക്ക് മാറ്റി. പൂജാ കര്‍മങ്ങള്‍ ചെയ്ത് ലഭിച്ചിരുന്ന ചെറിയ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. മകന് ചികിത്സ നല്‍കുന്നതിനായി ഓടുന്നതിനിടയില്‍ അനിലിന് ജോലിക്ക് പോകാന്‍ കഴിയാതെയായി. ഈ സാഹചര്യത്തിലാണ് അനില്‍കുമാറിന്റെ അയല്‍വാസികള്‍ പുറത്തൂര്‍ മഹല്ല് കമ്മിറ്റിയെ സമീപിക്കുന്നത്. വിഷയം ബോധ്യപ്പെട്ടപ്പോള്‍ മഹല്ല് ഭാരവാഹികള്‍ തന്നെ അര്‍ജുന്റെ ചികിത്സാ സഹായത്തിനായി രംഗത്തുവന്നു. മലപ്പുറം ജില്ലയിലെ വിവിധ മഹല്ല് കമ്മിറ്റികള്‍ക്കും സമീപത്തെ പള്ളി ഖത്വീബുമാര്‍ക്കും സഹായം അഭ്യര്‍ഥിച്ച് പുറത്തൂര്‍ മഹല്ല് കമ്മിറ്റി കത്ത് കൈമാറി. വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാര ശേഷം അര്‍ജുന്‍ ചികിത്സാ സഹായ പിരിവും നടത്തി. മഹല്ല് കമ്മിറ്റിക്ക് എല്ലാ പിന്തുണയും അറിയിച്ച് ജനങ്ങള്‍ മുന്നോട്ടു വന്നു. ഒരു മഹത്തായ കര്‍മത്തിന് നേതൃത്വം നല്‍കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് മഹല്ല് കമ്മിറ്റി.

 

* * * * *

ഗ്രാമീണം-2016. ഒരു പ്രദേശം ഒന്നടങ്കം നെഞ്ചേറ്റിയ സംരംഭം. രണ്ട് മാസം നീണ്ടുനിന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍. ചേന്ദമംഗല്ലൂരിലെ ഒതയമംഗലം ജുമഅത്ത് പള്ളി മഹല്ലിന്റെ മുന്‍കൈയിലാണ് ഗ്രാമീണം-2016 നടന്നത്. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു അത്. കലാ-കായിക മത്സരങ്ങള്‍, സാംസ്‌കാരിക സംഗമം, എക്‌സിബിഷന്‍, ഓണച്ചന്ത... ഗ്രാമം ഒന്നടങ്കം സൗഹൃദത്തിന്റെ തണലില്‍ കഴിഞ്ഞ ദിനരാത്രങ്ങള്‍. ഓരോ ചെറിയ പരിപാടിക്കും ഓരോ സംഘാടകര്‍. അവരിലധികവും ഇതര മതസ്ഥര്‍. നാട്ടുകാര്‍ കൃഷിചെയ്തുണ്ടാക്കിയ പച്ചക്കറികള്‍, വീടുകളില്‍ പാകം ചെയ്ത ഭക്ഷണ വിഭവങ്ങള്‍, കുടില്‍ വ്യവസായ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് ഓണച്ചന്തയില്‍ വിപണനം ചെയ്തിരുന്നത്. നാടിന് പുതിയ സന്ദേശങ്ങള്‍ കൈമാറിയാണ് ഗ്രാമീണം 2016-ന് തിരശ്ശീല വീണത്. നാട്ടുകാര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി. പൊതുകാര്യങ്ങളില്‍ എല്ലാവരും ഒന്നിച്ച് മുന്നോട്ടു പോകണം എന്ന മനസ്സ് നാട്ടുകാരില്‍ ശക്തിപ്പെട്ടു.

മഹല്ല് കമ്മിറ്റി അംഗങ്ങള്‍ ഇതര മതവിശ്വാസികളുമായി ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്നു. ഏതോ അര്‍ഥത്തില്‍ തങ്ങളും മഹല്ലിന്റെ ഭാഗമാണ് എന്ന് അവര്‍ മനസ്സിലാക്കുന്നു. മഹല്ലിന്റെ സമീപനങ്ങളും നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് അതിന് കാരണം. പല സന്ദര്‍ഭങ്ങളിലും മുസ്‌ലിംകളോടൊപ്പം അമുസ്‌ലിംകളും പള്ളിയില്‍ ഒരുമിച്ചുകൂടിയിട്ടുണ്ട്. നാട്ടിലെ എല്ലാവര്‍ക്കും പ്രിയങ്കരനായ ഒരാള്‍ മരണപ്പെട്ട സന്ദര്‍ഭമായിരുന്നു അതിലൊന്ന്. സാധാരണയായി അനുശോചനയോഗങ്ങള്‍ പുറത്താണ് നടക്കാറുള്ളത്. ഇത്തവണ പള്ളിക്കകത്തു വെച്ച് തന്നെ നടന്നു. മിമ്പറില്‍നിന്ന് തന്നെയാണ് പരേതന്റെ സുഹൃത്തുക്കള്‍ ഓര്‍മകള്‍ പങ്കുവെച്ചതും.

പള്ളിയുടെ അകത്ത് സംഘടിപ്പിക്കപ്പെട്ട ഈദ് സൗഹൃദ സംഗമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ധാരാളം അമുസ്‌ലിംകള്‍ ആവശേത്തോടെ പങ്കെടുത്തു. ആത്മനിര്‍വൃതിയോടെ പിരിഞ്ഞുപോയി. മഹല്ലുമായി പൊതുജനം അടുത്ത ബന്ധം പുലര്‍ത്തുന്നു. ഒരു സാമുദായിക സംരംഭം എന്നതിലുപരി സാമൂഹിക സംവിധാനമായി മഹല്ല് വികസിച്ചുവരുന്നു. മഹല്ലിന്റെ മുന്‍കൈയില്‍ വന്ന പൊതു സംരംഭമാണ് കാന്‍സര്‍ നിവാരണ യത്‌നം. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പദ്ധതിയാണിത്. മഹല്ല് നല്‍കിവരുന്ന സേവനങ്ങളില്‍ മുസ്‌ലിംകളും അമുസ്‌ലിംകളും തുല്യ ഗുണഭോക്താക്കളാണ്.

മഹല്ല് സംവിധാനം ഒരു പ്രതീകമാണ്. ഇസ്‌ലാം സ്വപ്‌നം കാണുന്ന ക്ഷേമ രാഷ്ട്രത്തിന്റെ കൊച്ചു മാതൃക. ആ ക്ഷേമം നാട്ടിലെ എല്ലാ ജനങ്ങളിലേക്കും ഒഴുകിപ്പരക്കണമെന്ന് ഇസ്‌ലാം താല്‍പര്യപ്പെടുന്നു. പ്രവാചകന്‍ (സ) അടിത്തറ പാകി, ഖലീഫ ഉമറി(റ)ന്റെ കാലത്ത് വളര്‍ന്നു വികസിച്ച ഇസ്‌ലാമിക വ്യവസ്ഥിതി മുഴുവന്‍ പൗരന്മാരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ വിജയിച്ചു. വിവിധ മതവിശ്വാസികള്‍ക്കിടയില്‍ പരസ്പര ബഹുമാനവും സ്‌നേഹവും സഹകരണവും സൗഹാര്‍ദവും ശക്തിപ്പെടുകയും ചെയ്തു. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മതങ്ങള്‍ക്കതീതമായി ഒരുമിച്ചുനിന്ന് മുന്നോട്ടുപോകാനുള്ള വിശാലമായ പ്ലാറ്റ്‌ഫോം ഇസ്‌ലാം തുറന്നുവെക്കുന്നു. മഹല്ലിനെ കുറിച്ച കാഴ്ചപ്പാടുകളും സങ്കല്‍പങ്ങളും ആ അര്‍ഥത്തില്‍ വികസിക്കേണ്ടതുണ്ട്. അത്തരം മഹല്ലുകള്‍ കേരളത്തില്‍ സജീവമായാല്‍ സാമൂഹിക -സാംസ്‌കാരിക മണ്ഡലങ്ങളില്‍ അത് സൃഷ്ടിക്കുന്ന പ്രതിഫലനങ്ങള്‍ ചെറുതായിരിക്കുകയില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (65-66)
എ.വൈ.ആര്‍

ഹദീസ്‌

തവക്കുലിന്റെ യാഥാര്‍ഥ്യം
സുബൈര്‍ കുന്ദമംഗലം