Prabodhanam Weekly

Pages

Search

2018 ജനുവരി 12

3034

1439 റബീഉല്‍ ആഖിര്‍ 24

ഇസ്‌ലാമിനെ പ്രതിനിധീകരിക്കേണ്ട മഹല്ല് സംവിധാനങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

ഇസ്‌ലാമിന്റെ ആത്മീയ സാമൂഹിക ദൗത്യം നിര്‍വഹിക്കുന്ന പ്രാദേശിക വേദികളാണ് മഹല്ല് സംവിധാനങ്ങള്‍. അവക്ക് നിര്‍വഹിക്കാനുള്ള ബാധ്യത വളരെ വലുതാണ്. ജാതി, മത ഭേദമന്യേ മുഴുവന്‍ മനുഷ്യരുടെയും നന്മയും ക്ഷേമവുമായിരിക്കണം മഹല്ല് സംവിധാനങ്ങളുടെ ലക്ഷ്യം. അതിലൂടെ ബന്ധപ്പെട്ട പ്രദേശത്തെ പട്ടിണിയും പ്രയാസവും ഇല്ലാതാക്കാനോ ലഘൂകരിക്കാനോ സാധിക്കണം. സമൂഹത്തിന്റെ വളര്‍ച്ചയും ശാക്തീകരണവും ബഹുമുഖ പുരോഗതിയും ലക്ഷ്യം വെച്ചായിരിക്കണം മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍. അതോടെ നാടിന്റെ നാനാവിധ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണായകമായ പങ്കുവഹിക്കുന്ന സാമൂഹിക സ്ഥാപനമായി മഹല്ല് സംവിധാനം മാറും. വ്യക്തമായ കാഴ്ചപ്പാടും ശരിയായ ആസൂത്രണവും ചിട്ടയൊത്ത പ്രവര്‍ത്തനവുമുണ്ടെങ്കില്‍ ഇത് സാധ്യമാക്കാവുന്നതേയുള്ളൂ.

 

പ്രദേശത്തെ സംബന്ധിച്ച പഠനം

മുസ്‌ലിംകള്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി നിലകൊള്ളുന്നവരാണ്; ആകണം. ആ അര്‍ഥത്തിലാണ് അവര്‍ ഉത്തമ സമുദായമെന്ന് വിശേഷിപ്പിക്കപ്പെട്ടത്. ആ നിയോഗം യഥാവിധി നിര്‍വഹിക്കുമ്പോഴാണ് മുസ്‌ലിംകള്‍ മാതൃകാ സമൂഹവും മധ്യമ സമുദായവുമാവുക. നമ്മുടേതുപോലുള്ള നാടുകളില്‍ പ്രാദേശിക തലങ്ങളില്‍ ഇത് പ്രായോഗികമാവുക മഹല്ല് സംവിധാനങ്ങളിലൂടെയാണ്. അതോടൊപ്പം ഇത് സാധ്യമാകണമെങ്കില്‍ മഹല്ല് ഭാരവാഹികള്‍ വശം തങ്ങളുടെ പ്രദേശത്തെയും അവിടത്തെ മുഴുവന്‍ നിവാസികളെയും സംബന്ധിച്ച് കൃത്യമായ അറിവും ധാരണയുമുണ്ടാകണം. അതിനാവശ്യമായ മുഴുവന്‍ വിവരങ്ങളും ശേഖരിക്കണം. ഏതു പ്രദേശത്തെയും യുവതീയുവാക്കള്‍ വിദ്യാസമ്പന്നരും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരുമായതിനാല്‍ ഇന്ന് ഇതൊട്ടും പ്രയാസകരമായ കാര്യമേയല്ല.

പ്രദേശത്തെ ആകെ വീടുകള്‍, കുടുംബങ്ങള്‍, വൃദ്ധന്മാര്‍, സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, വിവാഹിതര്‍, അവിവാഹിതര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, സ്ഥിരവരുമാനക്കാര്‍, പരാശ്രിതര്‍, നിത്യ രോഗികള്‍, വിധവകള്‍, വിവാഹമോചിതര്‍, വിവാഹ പ്രായമെത്തിയിട്ടും അവിവാഹിതരായി കഴിയുന്നവര്‍, സാമ്പത്തിക-സാമൂഹിക-സാംസ്‌കാരികാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, വായനാശാലകള്‍, പൊതുവേദികള്‍, തൊഴിലില്ലാത്ത വിദ്യാ സമ്പന്നര്‍, തൊഴില്‍ ദാതാക്കള്‍, വിവിധ കൂട്ടായ്മകള്‍, സ്വന്തമായി പാര്‍പ്പിടമില്ലാത്തവര്‍ പോലുള്ളവയൊക്കെ മനസ്സിലാക്കാന്‍ പര്യാപ്തമായ സ്ഥിതി വിവരക്കണക്കുകളാണ് സര്‍വേയിലൂടെ ശേഖരിക്കേണ്ടത്.

 

നാടിന്റെ രക്ഷകരാവുക

മുസ്‌ലിംകള്‍ ജാതീയവും സാമുദായികവുമായ എല്ലാവിധ പക്ഷപാതിത്വങ്ങള്‍ക്കും അതീതരാവണം. എല്ലാ പ്രവാചകന്മാരും തങ്ങളുടെ നാട്ടുകാരെ സ്വന്തം ജനത-ഖൗമ്- ആയാണ് ഉള്‍ക്കൊണ്ടതും സംബോധന ചെയ്തതും.

പ്രദേശത്തെ സാമുദായിക സൗഹാര്‍ദവും മതമൈത്രിയും ഉറപ്പുവരുത്തുന്നതില്‍ മഹല്ല് കമ്മിറ്റി നേതൃപരമായ പങ്കുവഹിക്കണം. മദ്യം, മയക്കുമരുന്ന്, കളവ്, ചതി, അഴിമതി, മറ്റു സാമ്പത്തിക ചൂഷണങ്ങള്‍, സാംസ്‌കാരിക ജീര്‍ണതകള്‍, അക്രമ പ്രവര്‍ത്തനങ്ങള്‍, പരിസരമലിനീകരണം, മാഫിയകള്‍ പോലുള്ളവക്കെതിരെ സഹോദര സമുദായങ്ങളുടെ സഹകരണത്തോടെ സാധ്യമാകുന്നതൊക്കെ ചെയ്യാന്‍ മഹല്ല് കമ്മിറ്റികള്‍ ശ്രമിക്കണം. ജാതി മത ഭേദമന്യേ മാരക രോഗത്തിനടിപ്പെട്ട രോഗികളെ സഹായിക്കുക, പഠിക്കാന്‍ സമര്‍ഥരായ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക, വീടില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് പാര്‍പ്പിടമൊരുക്കുക... ഇങ്ങനെ പ്രദേശത്തെ എല്ലാവരുടെയും പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് സംവിധാനങ്ങള്‍ക്ക് സാധിക്കണം.

മത, ജാതി, സമുദായ ഭേദമില്ലാതെ എല്ലാവര്‍ക്കും പങ്കാളികളാകുന്ന കളികളും കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളും മത്സരങ്ങളും മറ്റു വ്യത്യസ്ത കൂട്ടായ്മകളും സംഘടിപ്പിക്കാന്‍ മുന്‍കൈയെടുക്കണം. പൊതു ഗ്രന്ഥശാലകളും വായനശാലകളും സ്ഥാപിച്ചു നടത്തുന്നതും നല്ലതാണ്. 

 

വിദ്യാഭ്യാസ വളര്‍ച്ച

മഹല്ല് കമ്മിറ്റിയുടെ കീഴില്‍ സ്ഥിരം വിദ്യാഭ്യാസ സമിതി ഉണ്ടായിരിക്കണം. പ്രദേശത്തെ വിദ്യാഭ്യാസ വളര്‍ച്ച ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധ്യമാകണം. നാട്ടിലെ അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നതായിരിക്കണം ഈ സമിതി. തങ്ങളുടെ പ്രദേശത്ത് പന്ത്രണ്ടാം ക്ലാസെങ്കിലും പാസ്സാകാത്ത ആരുമില്ലെന്ന് ഉറപ്പുവരുത്തുക. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ ഏര്‍പ്പെടുത്തുക. പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികളെ അവാര്‍ഡ് നല്‍കി ആദരിക്കുക, വിദ്യാര്‍ഥികളെ വിവിധ കോഴ്‌സുകളും അവയുടെ സാധ്യതകളും പരിചയപ്പെടുത്തുക, സാമ്പത്തിക കാരണങ്ങളാല്‍ ആരുടെയും പഠനം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുക, അതിസമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഉന്നത പഠനത്തിന് മാര്‍ഗദര്‍ശനം നല്‍കുക, വിവിധ മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് കോച്ചിംഗ് നല്‍കുക, നാട്ടിലെ ലൈബ്രറികളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമായ പുസ്തകങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക, പരീക്ഷകള്‍ക്കാവശ്യമായ റഫറന്‍സ് പുസ്തകങ്ങള്‍ ശേഖരിച്ച് നല്‍കുക തുടങ്ങിയവയൊക്കെ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍വഹിക്കാം.

 

സാമ്പത്തിക സുരക്ഷിതത്വം

പ്രദേശവാസികളുടെ സാമ്പത്തിക വളര്‍ച്ചയിലും സുരക്ഷിതത്വത്തിലും മഹല്ല് കമ്മിറ്റികള്‍ ഊന്നല്‍ നല്‍കണം. വിദ്യാര്‍ഥികളെയും യുവാക്കളെയും തൊഴിലിന്റെ മഹത്വത്തെ സംബന്ധിച്ച് ബോധവത്കരിക്കുക, കൃഷി, അടുക്കളത്തോട്ടം, കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മത്സ്യബന്ധനം, പലഹാര നിര്‍മാണം പോലുള്ളവക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കുക, നാട്ടിലും മറുനാട്ടിലമുള്ള എല്ലാവിധ തൊഴില്‍ സാധ്യതകളെയും സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് വിവരം നല്‍കുക. തുന്നല്‍, ഫര്‍ണിച്ചര്‍ നിര്‍മാണം, സോപ്പ് നിര്‍മാണം, തേനീച്ച വളര്‍ത്തല്‍ പോലുള്ളവയില്‍ പരിശീലനം നല്‍കുക, ആവശ്യക്കാര്‍ക്ക് തൊഴിലുപകരണങ്ങള്‍ നല്‍കുക, ആരോഗ്യ സംരക്ഷണത്തിനുതകുന്ന ഭക്ഷണക്രമവും ശീലവും പഠിപ്പിക്കുക, മണ്ണും വിണ്ണും വെള്ളവും മലിനമാക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുക, സൗജന്യ ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, പാഴായിപ്പോകുന്ന മരുന്നുകളും ഡോക്ടര്‍മാര്‍ക്ക് കമ്പനികള്‍ നല്‍കുന്ന സൗജന്യ മെഡിസിനുകളും മറ്റും ഉപയോഗിച്ച് സൗജന്യ ഫാര്‍മസി നടത്തുക തുടങ്ങിയയ മഹല്ല് സംവിധാനങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

ശാരീരിക സേവനത്തിന് സന്നദ്ധതയുള്ളവരെ ഉപയോഗപ്പെടുത്തി ജാതി, മത കക്ഷി ഭേദങ്ങള്‍ക്ക് അതീതമായ സേവന വേദിക്ക് രൂപം നല്‍കാം. രോഗികളെ ആശുപത്രികളിലെത്തിക്കുക, നിത്യരോഗികളെ പരിചരിക്കുക, പ്രദേശം മാലിന്യമുക്തമാക്കുക, മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക, സര്‍ക്കാര്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് സഹായിക്കുക പോലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പങ്കാളികളാകാനും ഇത്തരം സേവന വേദിക്ക് സാധിക്കും.

അതോടൊപ്പം എല്ലാ മഹല്ല് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ പലിശരഹിത പരസ്പര സഹായനിധികള്‍ പ്രവര്‍ത്തിക്കുന്നത് ഏറെ ഫലപ്രദമായിരിക്കും. സ്ഥിരം റിലീഫ് ഫണ്ട് ഉണ്ടാകുന്നതും പരമ ദരിദ്രര്‍ പ്രദേശത്ത് ഇല്ലെന്ന് ഉറപ്പുവരുത്താന്‍ സഹായകമായിരിക്കും. സാമ്പത്തിക ശേഷിയുള്ള പ്രദേശമാണെങ്കില്‍ പരസ്പര സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് വ്യാപാര-വ്യവസായ സംരംഭങ്ങളും ചാരിറ്റബ്ള്‍ ആശുപത്രികളും നടത്താവുന്നതാണ്.

 

മതാഘോഷങ്ങള്‍, നാട്ടുത്സവങ്ങള്‍

ഇതര മതാനുയായികളെ പങ്കാളികളാക്കാന്‍ കഴിയാത്ത ആരാധനാപരവും മതപരവുമായ കര്‍മങ്ങളിലൊഴിച്ചുള്ള മഹല്ലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രദേശത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കാളികളാക്കാന്‍ നടത്തിപ്പുകാര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. സകാത്ത്, ഫിത്വ്ര്‍ സകാത്ത്, ബലിമാംസം തുടങ്ങിയവ പ്രദേശത്തെ അര്‍ഹരായ എല്ലാവര്‍ക്കും ജാതി മത കക്ഷിഭേദമന്യേ ലഭ്യമാക്കണം. അപ്പോഴാണ് മുസ്‌ലിംകളുടെ ആഘോഷങ്ങളും സന്തോഷങ്ങളും മറ്റുള്ളവര്‍ക്കു കൂടി അനുഗ്രഹവും ആഹ്ലാദകരവുമായി മാറുക.

ഇപ്രകാരം തന്നെ വര്‍ഷത്തിലൊരിക്കല്‍ പ്രദേശത്തെ മുഴുവന്‍ ആളുകളും പങ്കെടുക്കുന്ന മഹല്ല് സംഗമം സംഘടിപ്പിക്കണം. അതിനോടനുബന്ധിച്ച് ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍, ഷട്ടില്‍ പോലുള്ള കളികളിലും മറ്റു കായികത വിനോദങ്ങളിലും കലാ-സാഹിത്യങ്ങളിലും മത്സരങ്ങള്‍ നടത്തുക, വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ ആദരിക്കുക,  അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുക.

ഓണം, ക്രിസ്മസ്, പെരുന്നാള്‍ പോലുള്ള ആഘോഷവേളകള്‍ പൊതു വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കും എല്ലാവര്‍ക്കും യോജിക്കാവുന്ന വിനോദ പരിപാടികള്‍ക്കും പഠനയാത്രകള്‍ക്കും ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും സാഹോദര്യവും സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ ഇതൊക്കെയും സഹായകമാകുമെന്ന കാര്യം ഉറപ്പാണ്. 

ഇങ്ങനെ നമ്മുടെ മഹല്ല് സംവിധാനങ്ങള്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതിനിധാനം നിര്‍വഹിക്കുകയാണെങ്കില്‍ വര്‍ഗീയവാദികള്‍ക്കോ ഛിദ്രശക്തികള്‍ക്കോ നാട്ടില്‍ സ്വാധീനം നേടാന്‍ സാധിക്കുകയില്ല. അതോടൊപ്പം ഇസ്‌ലാമിന്റെ നന്മയും അനുഗ്രഹവും മുഴുവന്‍ ജനങ്ങള്‍ക്കും അനുഭവിച്ചറിയാന്‍ സാധിക്കുകയും ചെയ്യും. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങളും സാമൂഹികനീതിയും മഹദ് ഗുണങ്ങളും നാട്ടുകാര്‍ക്കൊക്കെയും അറിയാനും അനുഭവിക്കാനും ഏറ്റം പറ്റിയ മാര്‍ഗം മഹല്ല് കമ്മിറ്റികള്‍ ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനം നിര്‍വഹിക്കലാണെന്ന വസ്തുത വിസ്മരിക്കാവതല്ല. നീണ്ട നാലു നൂറ്റാണ്ടുകാലം മുസ്‌ലിംകള്‍ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ന്യൂനപക്ഷമായിരുന്നപ്പോഴും അതിനു ശേഷവും ഭരണ നിര്‍വഹണത്തിന്റെ സമസ്ത നേട്ടങ്ങളും ജാതി മത ഭേദമന്യേ മുഴുവന്‍ മനുഷ്യര്‍ക്കും ഒരേപോലെ ലഭിച്ചിട്ടുണ്ടെന്ന കാര്യം മറക്കാവതല്ല. അന്നൊക്കെയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പൊതു ഖജനാവിന്റെ മുഖ്യ വരുമാന മാര്‍ഗം സകാത്തും സ്വദഖയുമായിരുന്നുവെന്നതും അത് എല്ലാ ജനവിഭാഗങ്ങളുടെയും ആവശ്യപൂര്‍ത്തീകരണത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (65-66)
എ.വൈ.ആര്‍

ഹദീസ്‌

തവക്കുലിന്റെ യാഥാര്‍ഥ്യം
സുബൈര്‍ കുന്ദമംഗലം