Prabodhanam Weekly

Pages

Search

2018 ജനുവരി 26

3036

1439 ജമാദുല്‍ അവ്വല്‍ 08

കെ.കെ റംലത്ത്

കെ.എ നിസ്താര്‍, ആലുവ

എറണാകുളം ജില്ലയിലെ എടത്തല ഗ്രാമത്തില്‍ പ്രസ്ഥാന പ്രവര്‍ത്തന രംഗത്തെ സൗമ്യ സാന്നിധ്യമായിരുന്നു കെ.കെ റംലത്ത് (62). ഒരു ഇസ്‌ലാമിക പ്രവര്‍ത്തക എങ്ങനെയായിരിക്കണമെന്നതിന് ഉത്തമ മാതൃകയായിരുന്നു അവര്‍. പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ച ശേഷം മദീനയില്‍ വെച്ച് രോഗബാധിതയായ സഹോദരി നാട്ടില്‍ ആശുപത്രി കിടക്കയിലേക്കാണ് എത്തിയത്, വീട്ടില്‍ ചേതനയറ്റ നിലയിലും. എടത്തല മര്‍വ നഗര്‍ വനിതാ ഹല്‍ഖാ നാസിമത്ത്, തണല്‍ പെയ്ന്‍ ആന്റ് പാലിയേറ്റീവ് യൂനിറ്റ് നേതൃനിരയിലെ വളന്റിയര്‍, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തന നിരതയായിരുന്നു. കൃത്രിമത്വമില്ലാത്ത വ്യക്തിത്വം, എളിമ, നിഷ്‌കളങ്കത, മിതഭാഷണം, പ്രവര്‍ത്തന സന്നദ്ധത എല്ലാം അവരെ അടുത്തറിയുന്നവരില്‍ ബഹുമാനവും ആദരവും വളര്‍ത്തി. സേവന രംഗത്ത് തിളങ്ങുന്ന മാതൃക സൃഷ്ടിച്ച അവര്‍ സ്വന്തം പ്രയാസങ്ങളേക്കാള്‍ സഹപ്രവര്‍ത്തകരുടെയും സഹജീവികളുടെയും പ്രയാസങ്ങളില്‍ ആശങ്കപ്പെടുകയും അവര്‍ക്കിടയില്‍ സാന്ത്വന സ്പര്‍ശമായി മാറുകയും ചെയ്തു. ആതുര ശുശ്രൂഷ, അഗതികള്‍ക്കും അനാഥര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, മയ്യിത്ത് പരിപാലനം എല്ലാം അവരെ ഒരു പ്രദേശം മുഴുവന്‍ ബഹുമാനിക്കുന്ന മാതൃകാ വനിതയാക്കി. മാതൃകാ കുടുംബിനിയുമായിരുന്നു അവര്‍. ഭര്‍ത്താവും മൂന്നു ആണ്‍മക്കളും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തെ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതില്‍ അവരുടെ പങ്ക് നിസ്തുലമായിരുന്നു. ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ മേമ്പൊടികളൊന്നും അവകാശപ്പെടാനില്ലാതിരുന്നിട്ടും മാതൃകാപരമായും പ്രായോഗികമായും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ അവര്‍ക്കു സാധിച്ചു. ഭര്‍ത്താവ്: അബ്ദുല്‍ഖാദര്‍. മക്കള്‍: സലീം, സമീര്‍, സുനീര്‍.

 

 

 

എ. സാഹിദ

തിരുവനന്തപുരം ജില്ലയില്‍ കാര്യവട്ടം കാര്‍കുന്‍ ഹല്‍ഖാ അംഗമായിരുന്നു എ. സാഹിദ (62). ആലപ്പുഴയിലെ ജമാഅത്ത് അംഗം അബ്ദുല്‍ ഹമീദ് സാഹിബിന്റെ മകളും തിരുവനന്തപുരം ജമാഅത്ത് അംഗം എ. ശഹാബുദ്ദീന്‍ സാഹിബിന്റെ ഭാര്യയുമാണ്.

42 വര്‍ഷം മുമ്പ് തിരുവനന്തപുരം കാര്യവട്ടത്ത് വന്നതുമുതല്‍ ദീര്‍ഘകാലം കാര്യവട്ടം വനിതാ കാര്‍കുന്‍ ഹല്‍ഖാ നാസിമത്തായും കഴക്കൂട്ടം വനിതാ ഏരിയാ സമിതിയംഗമായും പ്രവര്‍ത്തിച്ചു. പ്രസ്ഥാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വന്തം വീട്ടില്‍ ആതിഥ്യമരുളാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

കുടുംബാംഗങ്ങളുടെയും പരിസരവാസികളുടെയും പ്രസ്ഥാനവല്‍ക്കരണത്തില്‍ നിതാന്ത ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തിയിരുന്നു. പ്രദേശത്ത് നടന്നുവരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ പങ്കെടുക്കാനും ബൈത്തുല്‍മാല്‍ ഉള്‍പ്പെടെ സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മത പാലിക്കാനും ശ്രദ്ധിച്ചിരുന്നു.

പാളയത്തു നടന്ന ചാലക്കല്‍ റസിയ സാഹിബയുടെ പ്രഭാഷണം കേള്‍ക്കാന്‍ കൊണ്ടുപോകണമെന്ന് മകനോട് പറഞ്ഞേല്‍പിച്ചാണ് ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ രാത്രി മരണപ്പെട്ട വിവരം അറിഞ്ഞ് റസിയാ സാഹിബ രാവിലെ വീട്ടിലെത്തുകയുണ്ടായി.

എസ്. അമീന്‍, കഴക്കൂട്ടം

 

 

 

എം.പി മുഹമ്മദ് മാസ്റ്റര്‍ വളാഞ്ചേരി

കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിസ്ഥാപിതമായ 1950-കളില്‍ ഹാജി വി.പി മുഹമ്മദലി സാഹിബുമൊത്ത് പ്രസ്ഥാനം കെട്ടിപ്പടുത്തവരില്‍ ഒരാളായിരുന്നു വളാഞ്ചേരിയിലെ എം.പി മുഹമ്മദ് മാസ്റ്റര്‍.

സമുദായം അന്ധവിശ്വാസങ്ങളില്‍ അമര്‍ന്നുകിടന്ന അക്കാലത്ത് കേരളത്തിലെ തന്നെ അപൂര്‍വം പുരോഗമന ചിന്താഗതിക്കാരില്‍ ഒരാളായിരുന്നു മുഹമ്മദ് മാസ്റ്ററുടെ പിതാവ് ചേക്കുമാസ്റ്റര്‍. അദ്ദേഹം പ്രദേശത്തെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനുമായിരുന്നെങ്കിലും ജമാഅത്തെ ഇസ്‌ലാമിയില്‍ തന്റെ ബന്ധുക്കളാരും പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. പിതാവിന്റെയും ബന്ധുക്കളുടെയും എല്ലാവിധ എതിര്‍പ്പുകളെയും അവഗണിച്ച് മുഹമ്മദ് മാസ്റ്റര്‍ ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി കര്‍മനിരതനായി. മലയാള ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തെ എടയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രബോധനം പ്രസ്സില്‍ പ്രൂഫ് റീഡറായി ഹാജി സാഹിബ് നിയമിച്ചു.

താമസിയാതെ ജമാഅത്ത് അംഗമായ മുഹമ്മദ് മാസ്റ്റര്‍ ഈയടുത്ത് രോഗബാധിതനാകുന്നതുവരെ വളാഞ്ചേരി പ്രാദേശിക ജമാഅത്തിന്റെ സെക്രട്ടറിയായിരുന്നു. കണിശതയും സാമ്പത്തിക രംഗത്തെ സൂക്ഷ്മതയും ആത്മാര്‍ഥതയും അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന ഗുണങ്ങളാണ്. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായി വിരമിച്ചതിനുശേഷം എടയൂര്‍ ഐ.ആര്‍.എസിലെ ഓഫീസ് കാര്യങ്ങളുടെ ചുമതല അദ്ദേഹത്തെ ഏല്‍പിക്കുകയുണ്ടായി.

ഈയിടെ മരണപ്പെട്ട അദ്ദേഹത്തിന്റെ അനുജന്‍ അബ്ദു മാസ്റ്ററും കുടുംബവും പ്രസ്ഥാനത്തെ അകമഴിഞ്ഞ് സ്‌നേഹിച്ചവരായിരുന്നു. മാസ്റ്ററുടെ അനുജന്മാരായ അബ്ദുല്‍ അലി, അബ്ദുര്‍റഹീം എന്നിവര്‍ പ്രസ്ഥാനത്തിന്റെ സഹയാത്രികരും സാമൂഹിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്നവരുമാണ്.

മക്കള്‍: ഹാമിദലി, ആരിഫ, ആബിദ, ഹസീന ടീച്ചര്‍. മകന്‍ ഹാമിദലിയും മരുമകന്‍ പരീക്കുട്ടി മാസ്റ്റര്‍ ഇരിമ്പിളിയവും സജീവ ജമാഅത്ത് പ്രവര്‍ത്തകരാണ്.

അബ്ദുര്‍റഹ്മാന്‍ വളാഞ്ചേരി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ!
കെ.സി ജലീല്‍ പുളിക്കല്‍